മലബാറിലെ സ്വാതന്ത്ര്യസമര ചരിത്രം

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17

ബ്രിട്ടീഷ് അധിനിവേശത്തിനെതിരില്‍ ഇന്ത്യയില്‍നടന്ന സ്വാതന്ത്ര്യസമരത്തിലെ ഐതിഹാസിക അധ്യായമാണ് കേരളത്തിലെ മലബാര്‍ മേഖലയില്‍ നടന്ന സായുധ പോരാട്ടങ്ങള്‍. മലബാര്‍ കലാപം, മാപ്പിളലഹള എന്നിങ്ങനെ പലപേരുകളില്‍ ചരിത്രം രേഖപ്പെടുത്തിയ ഈ സ്വാതന്ത്ര്യസമരം അതിന്റെ നൂറാം വാര്‍ഷികത്തിലേക്ക് അടുക്കുകയാണ്. 1921 ഫെബ്രുവരി മുതല്‍ 1922 ഫെബ്രുവരിവരെ മലബാര്‍ ജില്ലയിലെ; പ്രധാനമായും ഏറനാട്, വള്ളുവനാട്, പൊന്നാനി, കോഴിക്കോട് താലൂക്കുകള്‍ കേന്ദ്രീകരിച്ച് നടന്ന ഈ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍, നമ്മുടെ രാജ്യത്തെ കൊള്ളയടിക്കാന്‍ വന്ന അധിനിവേശ ശക്തികള്‍ ഇന്ത്യന്‍ ജനതയില്‍നിന്ന് നേരിട്ട ഏറ്റവും വലിയ പ്രതിരോധങ്ങളില്‍ ഒന്നായിരുന്നു.

1921 ഫെബ്രുവരി 20ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന ഖിലാഫത്ത് സമ്മേളനം ബ്രിട്ടീഷ് അനുയായികളായ ഒരുവിഭാഗം അലങ്കോലപ്പെടുത്തിയ സംഭവത്തോടെയാണ് ഒരുവര്‍ഷം നീണ്ട സമരപരമ്പരകള്‍ക്ക് തുടക്കമാകുന്നത്. മാപ്പിളമാരുടെ നേതൃത്വത്തിലാണ് പോരാട്ടങ്ങള്‍ നടന്നതെങ്കിലും ഹിന്ദു സമുദായത്തില്‍ പെട്ടവരും ഇതില്‍ സജീവ പങ്കാളികളായിരുന്നു. മലബാര്‍ കലാപത്തിന്റെ ഭാഗമായ വിവിധ പോരാട്ടങ്ങളിലായി 10,000ത്തോളം പേര്‍ രാജ്യത്തിനായി വീരമൃത്യു വരിക്കുകയും 25,000ത്തിലധികം പേര്‍ തുറുങ്കിലടക്കപ്പെടുകയും ചെയ്തു.

കര്‍ഷകര്‍ തിരികൊളുത്തിയ പോരാട്ടങ്ങള്‍

1792ല്‍ ടിപ്പുസുല്‍ത്താന്റെ പതനത്തോടെ മലബാര്‍ പ്രദേശം ബ്രിട്ടീഷുകാരുടെ അധീനതയില്‍ വന്നു. ടിപ്പു സുല്‍ത്താന്‍ മലബാറില്‍ നടപ്പാക്കിയ ഭൂപരിഷ്‌ക്കരണ, സാമൂഹിക പരിഷ്‌ക്കരണ നടപടികള്‍ ബ്രിട്ടീഷുകാര്‍ റദ്ദാക്കി. അന്ന് നാടുഭരിച്ച പലരാജാക്കന്മാരും ഭൂപ്രഭുക്കന്മാരും ബ്രിട്ടീഷ് ആധിപത്യത്തിന് വഴങ്ങിക്കൊടുക്കുകയോ അവരുടെ നിയമവ്യവസ്ഥകള്‍ അംഗീകരിക്കുകയോ ചെയ്തു. ബ്രിട്ടീഷ് ഭരണം മലബാര്‍ ഉള്‍പ്പെടെ കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ആകെ തകിടംമറിച്ചു. കര്‍ഷകരാണ് ഇതില്‍ കൊടിയ ദുരിതം അനുഭവിച്ചത്. അവരുടെ ജീവിത സാഹചര്യം തികച്ചും പരിതാപകരമായി മാറി. പാട്ടത്തിനെടുത്ത് കൃഷിചെയ്തും തുച്ഛമായ കൂലിക്ക് ജോലിചെയ്തും അവര്‍ക്ക് കുടുംബം പുലര്‍ത്തേണ്ടി വന്നു. അടിക്കടി നേരിടേണ്ടി വന്ന കുടിയൊഴിപ്പിക്കല്‍, അന്യായമായ നികുതിപിരിവ്, ഉയര്‍ന്ന പാട്ടം തുടങ്ങിയവ ബ്രിട്ടീഷുകാരും ഭൂപ്രഭുക്കന്മാരും കര്‍ഷകര്‍ക്ക് മേല്‍ അടിച്ചേല്‍പിച്ചു. കടുത്ത ശാരീരിക പീഡനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. ഇതില്‍ സഹികെട്ട കര്‍ഷകരും മറ്റു ജനങ്ങളുമൊരുമിച്ച് ബ്രിട്ടീഷ് അധിനിവേശത്തിനെതിരെയും ജന്മിത്വ ചൂഷണത്തിനെതിരെയും പോരാടാന്‍ തീരുമാനിച്ചു.

1836മുതല്‍ 1853വരെ 22 സംഘടിത സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ ബ്രിട്ടീഷ് രാജിനെതിരെ നടന്നു. 1843ലെ ചേരൂര്‍ വിപ്ലവവും 1849ലെ മഞ്ചേരി കലാപവുമെല്ലാം ഇതില്‍ ശ്രദ്ധേയമാണ്. ഇതിനെ തുടര്‍ന്നാണ് ബ്രിട്ടീഷുകാര്‍ 1859ല്‍ 'മാപ്പിള ഔട്ട് റേജസ് ആക്റ്റ്' എന്ന നിയമം മലബാറില്‍ നടപ്പിലാക്കുന്നത്. ചെറുതും വലുതുമായ പോരാട്ടങ്ങളായി വളര്‍ന്ന ഈ സായുധ സമരങ്ങള്‍ ഏറ്റവും സജീവമായത് 1921ലാണ്.

ഖിലാഫത്ത് പ്രസ്ഥാനവും സമരങ്ങളും

മഹാത്മാ ഗാന്ധിയുടെ ആശിര്‍വാദത്തോടെ അലിസഹോദരന്മാരുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ രൂപംകൊണ്ട ഖിലാഫത്ത് പ്രസ്ഥാനത്തോട് മലബാറിലെ സ്വാതന്ത്ര്യമോഹികള്‍ കണ്ണിചേര്‍ന്നു. ലോക മുസ്‌ലിംകളുടെ ആഗോള നേതൃത്വമായി അന്ന് അറിയപ്പെട്ടിരുന്ന തുര്‍ക്കി ഖിലാഫത്തിനെ ബ്രിട്ടീഷുകാര്‍ അട്ടിമറിച്ചതിനോടുള്ള ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതികരണം കൂടിയായിരുന്നു ഖിലാഫത്ത് പ്രസ്ഥാനം. 1920 ജൂണ്‍ 14ന് മഹാത്മാ ഗാന്ധിയും മൗലാനാ ശൗക്കത്തലിയും കോഴിക്കോട് കടപ്പുറത്ത് പ്രസംഗിച്ചതോടെ ഖിലാഫത്ത് പ്രസ്ഥാനം മലബാറില്‍ ശക്തിപ്രാപിച്ചു. ഏറനാട്, വള്ളുവനാട് താലൂക്കുകള്‍ ഉള്‍പ്പെടെ മിക്കപ്രദേശങ്ങളിലും ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ താലൂക്ക് സമിതിയും പ്രാദേശിക കമ്മിറ്റികളും രൂപവത്കരിക്കപ്പെട്ടു. ഭൂപ്രഭുക്കളില്‍നിന്നും ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍നിന്നും കൊടിയപീഡനം നേരിടുന്ന വെറും പാട്ടകുടിയാന്മാരുടെ മനുഷ്യാവകാശങ്ങള്‍ക്കായി ഖിലാഫത്ത് പ്രസ്ഥാനം ശക്തമായി നിലകൊണ്ടു.

1921 ആഗസ്റ്റ് 19ന് ഖിലാഫത്ത് പ്രവര്‍ത്തകരെ അടിച്ചമര്‍ത്താനും നേതാക്കളെ പിടികൂടാനും ലക്ഷ്യംവെച്ച്, ജില്ലാമജിസ്ട്രേട്ട് ഒപ്പിട്ട 24 അറസ്റ്റ് വാറണ്ടുകളുമായി കളക്ടര്‍ തോമസിന്റെയും ക്യാപ്റ്റന്‍ മെക്കന്റോയുടെയും ഡി.വൈ.എസ്.പി ഹിച്ച്‌കോക്കിന്റെയും സൂപ്രണ്ട് ആമുവിന്റെയും നേതൃത്വത്തില്‍ പട്ടാളക്കാരുടെ സംഘം ട്രെയിനില്‍ മലബാറിലേക്ക് പുറപ്പെട്ടു. 500ലധികമുള്ള ഈ പട്ടാളസംഘം പരപ്പനങ്ങാടിയില്‍ ഇറങ്ങി. തിരൂരങ്ങാടിയിലേക്ക് മാര്‍ച്ച് ചെയ്തു.

20ന് പുലര്‍ച്ചയോടേ തിരൂരങ്ങാടി കിഴക്കേപള്ളിയും ചില ഖിലാഫത്ത് പ്രവര്‍ത്തകരുടെ വീടും ഇവര്‍ വളഞ്ഞു. രാവിലെ പള്ളിയും ഖിലാഫത്ത് കമ്മറ്റി ഓഫീസും റെയ്ഡുചെയ്തു. മൂന്നുപേരെ അറസ്റ്റ് ചെയ്തു. മമ്പുറം പള്ളിയില്‍നിന്നും മൂന്ന്‌പേരെ അറസ്റ്റ് ചെയ്തു. മമ്പുറം പള്ളി ബ്രിട്ടീഷുകാര്‍ കയ്യേറിയെന്ന വാര്‍ത്ത നാടാകെ പടര്‍ന്നതോടെ മാപ്പിളമാര്‍ പലയിടങ്ങളിലായി സായുധരായി ബ്രിട്ടീഷുകാര്‍ക്കെതിരെ സംഘടിച്ചു. തിരൂരങ്ങാടിയില്‍ സംഘടിച്ച 2000ത്തോളം സമരക്കാര്‍ക്ക് നേരെ പട്ടാളം വെടിവെച്ചു. മുന്നൂറോളം പേര്‍ രക്തസാക്ഷികളായി. തിരൂരങ്ങാടി പള്ളിക്ക് നേരെയും ബ്രിട്ടീഷ് പട്ടാളം ആക്രമണം അഴിച്ചുവിട്ടു. ഇതേസമയം, ആഗസ്റ്റ്22ന് പാണ്ടിക്കാട് വളരാടുള്ള പാണ്ടിയാട് നാരായണന്‍ നമ്പീശന്റെ തെക്കേക്കളം തറവാട്ടുമുറ്റത്ത് നൂറ്റമ്പതോളം ഖിലാഫത്ത് സമരനേതാക്കളുടെ സുപ്രധാനയോഗം ചേര്‍ന്നു.

ബ്രിട്ടീഷുകാര്‍ക്കെതിരെ രാജ്യത്തെ ഹിന്ദുക്കളും മുസ്‌ലിംകളും ഒന്നിക്കണമെന്ന നാഗ്പൂര്‍ കോണ്‍ഗ്രസ്സ് സമ്മേളന തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായിരുന്നു ആ യോഗം. ഈ സമ്മേളനമാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ സായുധസമരത്തിന് തീരുമാനമെടുക്കുന്നത്. ഇത് ജനങ്ങളെ അറിയിക്കാന്‍ അന്നേദിവസം വൈകിട്ട് പാണ്ടിക്കാട് അങ്ങാടിയില്‍ 4000ല്‍ അധികംപേര്‍ പങ്കെടുത്ത പൊതുസമ്മേളനവും സംഘടിപ്പിച്ചു. അധിനിവേശ ശക്തികളെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ച് മലബാറിന്റെ വിവിധ ഭാഗങ്ങളില്‍ മുന്നേറിയ മാപ്പിളമാരുടെ പോരാട്ടങ്ങളെ ബ്രിട്ടീഷുകാര്‍ ശക്തമായിത്തന്നെ നേരിടുകയുണ്ടായി. നിരവധി കൂട്ടക്കൊലകളാണ് ഇക്കാലയളവില്‍ ബ്രിട്ടീഷ് പട്ടാളം നടത്തിയത്. നിരവധി ഗ്രാമങ്ങള്‍ അവര്‍ ചുട്ടെരിച്ചു. സ്ത്രീകളെയും കുട്ടികളെയും പോലും അവര്‍ കൂട്ടക്കൊലക്കിരയാക്കി.

പൂക്കോട്ടൂര്‍ യുദ്ധം

1921 ഓഗസ്റ്റ് 26ന് മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ മാപ്പിള പോരാളികളും ബ്രിട്ടീഷ് സൈന്യവും തമ്മില്‍നടന്ന ഐതിഹാസിക പോരാട്ടമാണ് പൂക്കോട്ടൂര്‍ യുദ്ധം. 1857ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ശേഷം ഇന്ത്യക്കാരുമായി ബ്രിട്ടീഷുകാര്‍ നടത്തിയ ഏറ്റവും വലിയ യുദ്ധമായിരുന്നു ഇത്. 1921 ആഗസ്റ്റ് 20ന് കണ്ണൂരില്‍നിന്ന് തങ്ങളെ നേരിടാന്‍ പട്ടാളം പുറപ്പെട്ടുവെന്ന വാര്‍ത്തയെ തുടര്‍ന്ന് പൂക്കോട്ടൂരില്‍ മാപ്പിളമാര്‍ സായുധരായി സംഘടിച്ചു. കോഴിക്കോട്-പാലക്കാട് റൂട്ടില്‍ നിരവധി സ്ഥലങ്ങളില്‍ പാലംപൊളിച്ചും മരങ്ങള്‍ മുറിച്ചിട്ടും ലഹളക്കാര്‍ റോഡ് തടസ്സപ്പെടുത്തി. പട്ടാളം ഈ തടസ്സങ്ങള്‍ മാറ്റി പൂക്കോട്ടൂരില്‍ ആഗസ്റ്റ് 26ന് എത്തി. ഇവര്‍ക്കെതിരെ ഗറില്ലാ പോരാട്ടമാണ് മാപ്പിള ലഹളക്കാര്‍ കാഴ്ചവെച്ചത്.

മൂന്നു മണിക്കൂറിലധികം നീണ്ടുനിന്ന ഉഗ്രപോരാട്ടത്തില്‍ നാനൂറിലധികം മാപ്പിളമാര്‍ വീരമൃത്യു്യുവരിച്ചു. നിരവധി മാപ്പിള സ്ത്രീകളും യുദ്ധത്തില്‍ നേരിട്ട് പങ്കെടുക്കുകയും രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. നാല് ബ്രിട്ടീഷ് പട്ടാള ഓഫീസര്‍മാരും കൊല്ലപ്പെട്ടു. യുദ്ധംവിജയിച്ച ആഹ്ലാദത്തില്‍ മലപ്പുറത്തേക്ക് മടങ്ങുകയായിരുന്ന ബ്രിട്ടീഷ് പട്ടാളത്തിലെ എ.എസ്.പി ഗത്ബര്‍ഡ് ബക്സ്റ്റണ്‍ ലങ്കാസ്റ്ററിനെ സമരപോരാളികള്‍ വഴിയില്‍ ആക്രമിച്ചു കൊലപ്പെടുത്തി. ഇദ്ദേഹത്തിന്റെ ശവകുടീരം ഇപ്പോഴും മലപ്പുറം കുന്നുമ്മലിലെ സെമിത്തേരിയില്‍ കാണാം.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ തുല്യതയില്ലാത്ത ചെറുത്തുനില്‍പിനും അതിജീവന പോരാട്ട സമരങ്ങള്‍ക്കും സാക്ഷിയായ ഈ യുദ്ധത്തിന് നിലവില്‍ 98 വയസ്സ് പിന്നിടുകയാണ്. യുദ്ധശേഷം ഈ പ്രദേശത്തെയാകമാനം നാമാവശേഷമാക്കിയ ബ്രിട്ടീഷ് പട്ടാളം പോരാളികളില്‍ മിച്ചംവന്നവരെ അന്തമാനിലെ ബെല്ലാരിയിലേക്ക് നാടുകടത്തി. നിരവധിപ്പേരെ വെടിവെച്ചും കഴുമരത്തിലേറ്റിയും കൊലചെയ്തു.

ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പൂക്കോട്ടൂരിലെ സെക്രട്ടറി ആയിരുന്ന വടക്കുവീട്ടില്‍ മുഹമ്മദാണ് യുദ്ധത്തിന് നേതൃത്വം നല്‍കിയത്. വെള്ളക്കാരന്റെ കിരാതഭരണത്തില്‍നിന്ന് മാതൃരാജ്യത്തെ മോചിപ്പിക്കാന്‍ പൂക്കോട്ടൂരിലെ യോദ്ധാക്കള്‍ ഹൃദയരക്തംകൊണ്ട് ചരിത്രമെഴുതിയ സമാനതകളില്ലാത്ത ഈ പോരാട്ടത്തെ ചരിത്രപുസ്തകങ്ങള്‍ ബോധപൂര്‍വം വിസ്മരിക്കുകയാണ്. മതഭ്രാന്തന്മാരുടെ ലഹളയായും കലാപമായും ചിത്രീകരിക്കപ്പെടുമ്പോള്‍ യഥാര്‍ഥ ചരിത്രം പുറത്തുകൊണ്ടുവരിക ശ്രമകരമാണെന്നും പുതുതലമുറയിലെ ചരിത്രഗവേഷകന്മാര്‍ അഭിപ്രായപ്പെടുന്നു.

ചരിത്രപ്രസിദ്ധമായ മലബാറിലെ മാപ്പിള ലഹളയെക്കുറിച്ച് ചരിത്രകാരന്മാരും നിരീക്ഷകരും പലതരത്തിലുള്ള അഭിപ്രായങ്ങളാണ് നിരത്തിയിട്ടുള്ളത്. ഇസ്വ്‌ലാഹി പ്രസ്ഥാനത്തിന്റെ തലമുതിര്‍ന്ന നേതാവും പണ്ഡിതപ്രമുഖനും കാരണവരുമായിരുന്ന വെളിയങ്കോട് കെ.ഉമര്‍ മൗലവി(റഹ്)യുടെ നിരീക്ഷണം ഏറെ ശ്രദ്ധേയമാണ്. വിദൂര ഭവിഷത്തുകളെ ദീര്‍ഘവീക്ഷണം ചെയ്യാന്‍ കഴിയാതെ കേവലം ആവേശത്തിന്റെ മാത്രം പിന്‍ബലത്തില്‍ യുദ്ധക്കളത്തിലേക്ക് എടുത്തുചാടിയ മാപ്പിള മക്കളുടെ ദുരന്തപര്യവസാനത്തെക്കുറിച്ച് അദ്ദേഹത്തെ നിരീക്ഷണം ഇപ്രകാരമാണ്: 'ചുരുക്കത്തില്‍ മലബാര്‍ ലഹള മുസ്‌ലിംകള്‍ക്ക് സംഭവിച്ച ചരിത്രപരമായ വലിയൊരു തെറ്റായിരുന്നു എന്നാണ് എന്റെ ദൃഢമായ അഭിപ്രായം. തിരുത്താന്‍ കഴിയാതെപോയ വിഡ്ഢിത്തം. ആത്മവീര്യവും രാജ്യസ്‌നേഹവും നിഷ്‌കളങ്കതയും ഹൃദയത്തില്‍ ഒത്തുചേര്‍ന്ന പാവപ്പെട്ട സമുദായത്തെ ബ്രിട്ടീഷ് സൈന്യത്തിന്റെ തോക്കുകള്‍ക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുത്ത ക്രൂരവും ഭീകരവുമായ വിഡ്ഢിത്തം. നീണ്ട പതിറ്റാണ്ടുകള്‍ക്ക് ശേഷം ഈ ദുരന്തത്തിനിരയായവരുടെ കുടുംബാദികള്‍ക്ക് സര്‍ക്കാര്‍ എറിഞ്ഞുകൊടുത്ത പെന്‍ഷന്‍ പിച്ചക്കാശ് മാത്രം മിച്ചം!'

മലബാര്‍ കലാപത്തിന്റെ മറവില്‍ രൂപംകൊണ്ട കൊള്ളിവയ്പുകള്‍, കൊലപാതകങ്ങള്‍, കൊള്ളയടികള്‍ തുടങ്ങിയ ഖേദകരമായ സംഭവങ്ങളുമായി ഖിലാഫത്ത് നേതാക്കളായിരുന്ന വക്കം മൗലവി, കെ.എം.മൗലവി, ഇ.മൊയ്തു മൗലവി സാഹിബ് തുടങ്ങിവര്‍ക്ക് യാതൊരു വിധത്തിലുള്ള ബന്ധങ്ങളും ഉണ്ടായിരുന്നില്ല. മലബാര്‍ കലാപത്തെ തുടര്‍ന്ന് ബ്രിട്ടീഷ് ഗവണ്മെന്റിന്റെ കണ്ണിലെ കരടായി പ്രഖ്യാപിക്കപ്പെട്ട കെ.എം.മൗലവി സാഹിബിന് ബ്രിട്ടീഷ് അധീന പ്രദേശത്തിന് പുറത്ത് തിരുവനന്തപുരം ജില്ലയിലെ വക്കത്തുള്ള തന്റെ ഭവനത്തില്‍ സ്വീകരിച്ച് അഭയം നല്‍കിയ പാരമ്പര്യംകൂടി വക്കം മൗലവിയുടെ ജീവിതത്തില്‍ നമുക്ക് കണ്ടെടുക്കാനാകും.

പൂക്കോട്ടൂര്‍ ഖിലാഫത്ത് മെമ്മോറിയല്‍ യത്തീംഖാന, അറവാങ്കരയിലെ 1921 പൂക്കോട്ടൂര്‍ യുദ്ധസ്മാരക ഗേറ്റ്, പിലാക്കലിലെ പൂക്കോട്ടൂര്‍ യുദ്ധ രക്തസാക്ഷികളുടെ അഞ്ച് മക്വ്ബറകള്‍ എന്നിവയാണ് പൂക്കോട്ടൂരിലും പരിസരപ്രദേശങ്ങളിലും ഈ ചരിത്രസംഭവങ്ങളെ ഓര്‍മപ്പെടുത്തുന്ന സ്മാരകങ്ങള്‍.

('ഏറനാട്ടിലെ ഓര്‍മകളും ഇസ്വ്‌ലാഹി പ്രസ്ഥാനവും' എന്ന പി.വി ഉമ്മര്‍കുട്ടി ഹാജിയുടെ ലേഖനത്തിന്റെ അനുബന്ധം)