വംശീയ വിദ്വേഷത്തിന്റെ സോഷ്യല്‍മീഡിയാ വൃത്താന്തം

ഡോ. ആഷിക് ഷൗക്കത്ത്

2019 സെപ്തംബര്‍ 21 1441 മുഹര്‍റം 21

ഗുജറാത്ത് കലാപത്തില്‍ നിന്ന് നാടുകടത്തപ്പെട്ട മുസ്ലിംകളുടെ ഗതിയെക്കുറിച്ച് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി ഒരു റാലിയില്‍ ചോദിച്ചത് 'നാം എന്തു ചെയ്യണം? അവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകള്‍ നടത്തണോ? കുഞ്ഞുങ്ങളെ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ തുറക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ' എന്നായിരുന്നു. ആര്‍ത്തുചിരിച്ച സദസ്സിനോടായി അദ്ദേഹം പറഞ്ഞത് 'അപകടകരമായ തോതില്‍ ജനസംഖ്യ വര്‍ധിപ്പിക്കുന്നവരെ നമ്മള്‍ ഒരു പാഠം പഠിപ്പിക്കണം' എന്നായിരുന്നു.

മുസ്ലിം ഉന്മൂലനത്തിന് പ്രത്യേകമായ ഒരു സാങ്കല്‍പിക അധികാരത്തോടെ പ്രവര്‍ത്തിച്ച ഹിന്ദുത്വ ശക്തികളുടെ തേരോട്ടമാണ് പിന്നിട്ട് ഇന്ത്യയില്‍ നമുക്ക് കാണാന്‍ സാധിച്ചത്. സാധാരണ ഹിന്ദു സമൂഹത്തില്‍ 'തങ്ങള്‍ മുസ്‌ലിംകളുടെ അധികാര ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെട്ടവരാണ്' എന്ന തെറ്റിദ്ധാരണ വളര്‍ത്തി അദ്ദേഹത്തിന് കീഴില്‍ ഹിന്ദു തീവ്രവാദികള്‍ക്ക് സജീവമായി രക്തച്ചൊരിച്ചിലില്‍ ഏര്‍പ്പെടാമെന്ന സൂചന നല്‍കി. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ കേരളത്തില്‍ നിന്നും ഈ ഉന്മൂലന പ്രഖ്യാപനങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ആത്മ വിശ്വാസത്തോടെ പറയുന്ന സ്ഥിതിവിശേഷം ഉണ്ടായി. ഇന്ത്യയുടെ പതിനാല് ശതമാനം വരുന്ന മുസ്ലിം സമൂഹത്തിനെതിരെ വംശഹത്യ പരാമര്‍ശം ഒരു പേടിയും ഇല്ലാതെ പറയാന്‍ സാധിക്കുന്ന അവസ്ഥയുണ്ടായി എന്നത് അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും, ആശങ്ക ഉണ്ടാകേണ്ടതാണ്.

അസമിലെ അന്തിമ ദേശീയ പൗരത്വ പട്ടികയില്‍ നിന്നും പത്തൊമ്പത് ലക്ഷം പേര്‍ പുറത്താക്കപ്പെട്ടതുമായി ബന്ധപ്പെടുത്തി എഴുത്തുകാരി കെ.ആര്‍ ഇന്ദിര എഴുതിയ ഫേസ്ബുക് കുറിപ്പും അതിന് പുരോഗമന- മതേത്വരത്വ കേരളം നല്‍കിയ പ്രതികരണവും മുസ്ലിം വംശീയ വിദ്വേഷത്തിന് കേരളമണ്ണില്‍ ലഭ്യമായ 'സ്വാഭാവികത' പരിവേഷം വീണ്ടും തുറന്നു കാണിക്കുന്നതാണ്. ഇന്ത്യന്‍ പൗരര്‍ അല്ലാതാകുന്നവരെ 'വോട്ടും റേഷന്‍കാര്‍ഡും ആധാര്‍കാര്‍ഡും ഇല്ലാതെ,' 'അനധികൃത കുടിയേറ്റക്കാരുടെ ക്യാമ്പില്‍ മിനിമം സൗകര്യങ്ങള്‍ നല്‍കി പാര്‍പ്പിക്കുക'യും 'പെറ്റുപെരുകാതിരിക്കാന്‍ സ്റ്റെറിലൈസ് ചെയ്യുകയും' ആവാം' എന്നാണ് കെ.ആര്‍ ഇന്ദിര കുറിപ്പില്‍ പ്രസിദ്ധീകരിച്ചത്. ഫേസ്ബുക് പോസ്റ്റിനു താഴെ തുടര്‍ന്ന് നടന്ന ചര്‍ച്ചയിലും അവര്‍ ഈ വിദ്വേഷ രീതി തുടരുകയാണ് ചെയ്തത്. 'മുസ്‌ലിം സ്ത്രീകള്‍ പന്നി പെറ്റുകൂട്ടും പോലെ പ്രസവിക്കുന്നത് നിര്‍ത്താനാണ് സ്റ്റെറിലൈസ് ചെയ്യുന്നതെന്നും പൈപ്പ് വെള്ളത്തില്‍ ഗര്‍ഭനിരോധന മരുന്ന് കലര്‍ത്തി വേണം മുസ്‌ലിംകളുടെ പ്രസവം നിര്‍ത്താനെന്നും' അവര്‍ കുറിച്ചുവെച്ചു. ഹോളോകാസ്റ്റ് പോലും ആലോചിച്ചിട്ടുണ്ടെന്ന് എഴുതാന്‍ ഇന്ദിരക്ക് പ്രയാസമുണ്ടായില്ല.

ഇത്രയും മുസ്ലിം വിരുദ്ധമായ പരാമര്‍ശം നടത്തിയിട്ടും മുഖ്യധാരാ പുരോഗമന വിഭാഗങ്ങള്‍ ഒന്നും ഇതിനെതിരെ പ്രതികരണവുമായി വന്നിട്ടില്ല. സ്ത്രീ വിരുദ്ധമാന്നെന്ന് വായിക്കാവുന്ന ഈ പ്രസ്താവനക്കെതിരെ സ്ത്രീപക്ഷ ഭാഗത്ത് നിന്നും വേണ്ടത്ര പ്രതികൂല പ്രതികരണം ഉണ്ടായില്ല. സംസ്ഥാനത്തെ കീഴാള-ന്യൂനപക്ഷ വിഭാഗങ്ങള്‍ പ്രതിയാക്കപ്പെടുന്ന അവസരങ്ങളിലെല്ലാം സത്യമെന്ത് എന്ന് പോലും അന്വേഷിക്കാതെ കച്ചകെട്ടിയിറങ്ങുന്ന കേരള പൊതുബോധം ഈ വിഷയത്തില്‍ സാധാരണ പോലെ മൗനം അവലംബിക്കുകയാണ് ചെയ്തത്. പലകുറി ഇത് കണ്ടതുകൊണ്ട് ആശ്ചര്യം ഇല്ല എന്ന് മാത്രം.

കെ.ആര്‍. ഇന്ദിരയുടെ മുസ്ലിം വംശീയ വിരുദ്ധതയെ പരിശോധിക്കുമ്പോള്‍ ശ്രദ്ധ നല്‍കേണ്ട മറ്റൊരു കാര്യം ഈയടുത്ത കാലത്ത് പ്രത്യക്ഷമായ 'സ്വതന്ത്ര ചിന്തകര്‍' എന്ന് പൊതുവെ അറിയപ്പെടുന്ന നിരീശ്വരവാദ മിഷനറിമാര്‍ക്കിടയില്‍ ഇവര്‍ക്കുള്ള സ്വീകാര്യതയെ സംബന്ധിച്ചാണ്. പലപ്പോഴായി അവരുടെ സാന്നിധ്യം സ്വതന്ത്ര ചിന്തകര്‍ക്കിടയില്‍ നാം കണ്ടതാണ്. മുസ്ലിം-ന്യുനപക്ഷ വംശീയ വിരുദ്ധ പരാമര്‍ശങ്ങള്‍ പലപ്പോഴായി സ്വതന്ത്ര ചിന്ത വേദികളില്‍ നിന്ന് കേള്‍ക്കുന്നതും അത്തരം നിലപാടുകാര്‍ക്ക് വേദികളില്‍ സാന്നിധ്യം ലഭ്യമാകുന്നതും എന്തുകൊണ്ടാണ്? പഴയകാല നിരീശ്വരവാദികളില്‍ നിന്ന് വിഭിന്നമായി ഇന്നത്തെ നാസ്തികരെ 'നവനാസ്തിക' പദവിയിലേക്ക് താഴ്ത്തുന്നത് അവര്‍ മുന്നോട്ട് വെക്കുന്ന വെറുപ്പിന്റെ പ്രത്യേയശാസ്ത്രമാണെന്ന പഠനങ്ങള്‍ ഒരു പക്ഷേ, ഈ ചോദ്യത്തിന് ഉത്തരം നല്‍കുന്നവയാണ്. യൂറോപ്പ്-അമേരിക്കന്‍ നാടുകളില്‍ 'നവനാസ്തികവാദം' എന്നത് വെളുത്ത മേധാവിത്വത്തിന്റെ (white supremacy) വംശീയ യുക്തിയോട് കൂടിയ ഭ്രാന്തമായ മതേത്വരത (fanatical secularism) കാത്ത് സൂക്ഷിക്കുന്ന ലിബറല്‍ സാമ്രാജ്യത്വത്തിന്റെ പ്രത്യയശാസ്ത്രമായാണ് പല പഠനങ്ങളും മുന്നോട്ട് വെക്കുന്നത്. മതമില്ലായ്മ പറയുമെങ്കിലും ജൂത, ക്രൈസ്തവ യാഥാസ്ഥിതികതയും (Judeo  Christian Conservatism) ലിബറല്‍ സാമ്രാജ്യത്വവും (liberal imperialism) ചേര്‍ന്ന ഒന്നായാണ് നവനാസ്തികതയെ കാണാന്‍ സാധിക്കുക. വലതുപക്ഷ യാഥാസ്ഥിതികത ജൂത, ക്രൈസ്തവ നാഗരികത മറ്റുള്ളവരെക്കാള്‍ ശ്രേഷ്ഠമാണ് എന്ന് വാദിച്ചപ്പോള്‍ 'മതേതര' പാശ്ചാത്യ സമൂഹങ്ങള്‍ മറ്റെല്ലാവരെക്കാളും ശ്രേഷ്ഠമാണ് എന്ന വാദമായിരുന്നു അവിടുത്തെ ഉദാരവാദികള്‍ അവതരിപ്പിച്ചത്. ലിബറലുകളും തീവ്ര വലതുപക്ഷവും തമ്മിലുള്ള ബന്ധം സജീവമാണെന്നര്‍ഥം.

തുല്യമല്ലെങ്കിലും (ചിലരില്‍ അതിലേറെയും) സമാനമായ ഒരു സാഹചര്യം ഇന്ത്യയിലെ തീവ്ര വലതുപക്ഷത്തിനും 'സ്വതന്ത്ര ചിന്ത' ലിബറലുകള്‍ക്കിടയില്‍ ഉണ്ട്. വെളുത്ത മേധാവിത്വത്തിന്റെ സ്ഥാനത്ത് തീവ്ര വലതുപക്ഷ ഹിന്ദുത്വമാണ് ഇന്ത്യയില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിന് നേതൃത്വം നല്‍കുന്നത്. മുസ്ലിം സമൂഹത്തെ അകത്തും പുറത്തും അപരവല്‍ക്കരിച്ച് അവര്‍ക്കെതിരെയുള്ള അതിക്രമങ്ങളെ നിസ്സാരമായി കാണാന്‍ ഹിന്ദുത്വം പ്രത്യേകമായ പദ്ധതികള്‍ തയ്യാറാക്കി. നൂറ്റാണ്ടുകളായി സമാധാനാന്തരീക്ഷത്തില്‍ ജീവിച്ച ഹിന്ദു സമൂഹത്തിന് മേല്‍ അധിനിവേശം നടത്തി ഭരണം പിടിച്ചടക്കിയ, ഇന്ത്യയെ രണ്ടായി പിളര്‍ന്ന ശത്രുവാണ് ഹിന്ദുത്വത്തിന്റെ ഭാഷയില്‍ മുസ്ലിംകള്‍. ഈ പ്രചാരണങ്ങള്‍ ഏറെക്കുറെ വിജയിക്കുന്നു എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

ഈയൊരു ആഖ്യാനം തന്നെ മറ്റൊരു ഭാഷയിലും യുക്തിയിലും ലിബറല്‍ ഇടങ്ങളിലും നമുക്ക് കാണാന്‍ സാധിക്കും. 'മതം ഉപേക്ഷിച്ച് മനുഷ്യനാകൂ' എന്ന് ഇവര്‍ പറയുമ്പോള്‍ മതങ്ങള്‍ മാനവവിരുദ്ധവും മതവിശ്വാസികള്‍ ബുദ്ധിപരമായി അധഃപതിച്ചവരുമാണ് എന്നാണ് ഈ വിഭാഗം സൂചിപ്പിക്കുന്നത്.മുസ്ലിംകളില്‍ ഇവര്‍ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിക്കുന്നു എന്നത് അവരുടെ നിരീശ്വരവാദ 'പരിവര്‍ത്തന' യത്‌നങ്ങളില്‍ നിന്ന് മനസ്സിലാക്കാം. മുസ്ലിം പെണ്ണുങ്ങള്‍ പെറ്റുകൂട്ടുന്നത് രാജ്യത്തെ സാമ്പത്തിക മേഖലക്കുണ്ടാക്കാനിടയുള്ള നഷ്ടത്തെക്കുറിച്ചുള്ള ഇവരുടെ ആശങ്കയും ജിഹാദിന് വേണ്ടി ഹിജ്റ പോകാന്‍ തയാറായി നില്‍ക്കുന്ന മുസ്ലിം യുവതി-യുവാക്കളെക്കുറിച്ചുള്ള സാങ്കല്‍പിക കഥകളും ഒക്കെ സജീവമാകുന്നത് ഈയൊരു കാരണം കൊണ്ടാണ്. ചുരുക്കത്തില്‍ മുസ്ലിം വിരുദ്ധത തീവ്രഹിന്ദുത്വം പോലെ തന്നെ നവനാസ്തിക വാദത്തിന്റെയും ആന്തരിക പ്രകൃതിയാണ്.