പലായനത്തിന്റെ തുടക്കം

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 മാര്‍ച്ച് 16 1440 റജബ് 11

(ലോകഗുരു: മുഹമ്മദ് നബിﷺ ഭാഗം: 14)

ഉക്വ്ബത്ബ്‌നു അബീമുഈത്വിന്റെ അവസ്ഥ ഇതിനെക്കാള്‍ കഷ്ടമായിരുന്നു. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'ഉക്വ്ബത്ബ്‌നു അബീമുഈത്വ് ഒരു യാത്ര കഴിഞ്ഞു തിരിച്ചുവന്നാല്‍ ഭക്ഷണം ഉണ്ടാക്കുകയും തന്റെ അയല്‍വാസികളായ ആളുകളെയും മക്കക്കാരെയും അങ്ങോട്ട് ക്ഷണിക്കുകയും ചെയ്യുക പതിവായിരുന്നു. നബിﷺയുടെ സദസ്സിലും പലപ്പോഴും അദ്ദേഹം പോയി ഇരിക്കാറുണ്ട്. നബിﷺയുടെ സംസാരം അദ്ദേഹത്തിന് ഏറെ ഇഷ്ടവുമായിരുന്നു. ഒരുദിവസം യാത്ര കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഉക്വ്ബത് ഭക്ഷണം ഉണ്ടാക്കുകയും ആ ഭക്ഷണം കഴിക്കാന്‍ പ്രവാചകനെ ക്ഷണിക്കുകയും ചെയ്തു. അപ്പോള്‍ പ്രവാചകന്‍ﷺ പറഞ്ഞു: 'അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ല എന്നും ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്നും നീ സാക്ഷ്യം വഹിക്കുന്നത് വരെ ഭക്ഷണം ഞാന്‍ കഴിക്കുകയില്ല.' അപ്പോള്‍ ഉക്വ്ബത് പറഞ്ഞു: 'സഹോദരപുത്രാ, ഭക്ഷണം കഴിക്കൂ.' നബിﷺ വീണ്ടും അത് ആവര്‍ത്തിച്ചു. അപ്പോള്‍ ഉക്വ്ബത് സാക്ഷ്യവാക്യങ്ങള്‍ ഉച്ചരിച്ചു. ഉബയ്യുബ്‌നു ഖലഫിന് ഈ വിവരം ലഭിച്ചു. ഉടനെ അയാള്‍ ഉക്വ്ബയുടെ അടുക്കലേക്ക് ചെന്നു കൊണ്ട് ചോദിച്ചു: 'അല്ല ഉക്വ്ബാ...നീ മതം മാറിയോ?' ഉബയ്യിന്റെ കൂട്ടുകാരനായിരുന്നു ഉക്വ്ബ. ഉക്വ്ബ പറഞ്ഞു: 'ഇല്ല, അല്ലാഹുവാണ് സത്യം! ഞാന്‍ മതം മാറിയിട്ടില്ല. പക്ഷേ, എന്റെ അടുക്കലേക്ക് ഒരാള്‍ വരുകയും ഞാന്‍ സാക്ഷ്യ വാക്യങ്ങള്‍ പറഞ്ഞാലല്ലാതെ ഭക്ഷണം കഴിക്കുകയില്ല എന്നു പറയുകയും ചെയ്തപ്പോള്‍ എന്റെ വീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ ഇറങ്ങിപ്പോകുന്നതില്‍ എനിക്ക് ലജ്ജ തോന്നി. അങ്ങനെ ഞാന്‍ സാക്ഷ്യവാക്യങ്ങള്‍ പറയുകയും മുഹമ്മദ് ഭക്ഷണം കഴിക്കുകയും ചെയ്തു.' അപ്പോള്‍ ഉബയ്യ് പറഞ്ഞു: 'മുഹമ്മദിന്റെ അടുത്തുപോയി അവന്റെ മുഖത്തേക്ക് തുപ്പുന്നതുവരെ നിന്റെ കാര്യത്തില്‍ ഞാന്‍ ഒരിക്കലും തൃപ്തിപ്പെടുകയില്ല. മാത്രവുമല്ല അവന്റെ പിരടിയില്‍ നീ ചവിട്ടുകയും വേണം.' ഉക്വ്ബത് അതുപ്രകാരം ചെയ്യുകയും നബിയുടെ ചുമലില്‍ ചവിട്ടുകയും മൃഗത്തിന്റെ കുടല്‍മാല ഇടുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ നബിﷺ പറഞ്ഞു: 'മക്കയുടെ പുറത്തുവെച്ചുകൊണ്ട് ഞാന്‍ നിന്നെ കണ്ടുമുട്ടിയാല്‍ വാളുകൊണ്ട് നിന്റെ തല ഉയര്‍ത്തപ്പെടാതിരിക്കുകയില്ല.' ഇയാള്‍ ബദ്‌റില്‍ ബന്ധിയായി പിടിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ബദ്‌റിലെ ബന്ധികളില്‍ ഇയാളല്ലാതെ ഒരാളും കൊല്ലപ്പെട്ടിട്ടില്ല. ആസിം ഇബ്‌നു സാബിത്ത് ഇബ്‌നു അഖ്‌ലഹാണ് അയാളെ കൊലപ്പെടുത്തിയത്' (അബു നഈമിന്റെ ദലാഇലുന്നുബുവ്വ എന്ന ഗ്രന്ഥത്തില്‍ നിന്ന്.2/470). 

നബിﷺയെ ഏറെ പ്രയാസപ്പെടുത്തിയ മറ്റൊരു പ്രമാണിയായിരുന്നു അഖ്‌നസ് ഇബ്‌നു ശുറൈഖ്. നാട്ടുകാര്‍ക്കിടയില്‍ വലിയ കീര്‍ത്തിയും സ്ഥാനമാനവും ഉണ്ടായിരുന്ന വ്യക്തിയായിരുന്നു ഇയാള്‍. ഈ വ്യക്തിയെ സംബന്ധിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്: 

''അധികമായി സത്യം ചെയ്യുന്നവനും നീചനുമായിട്ടുള്ള യാതൊരാളെയും നീ അനുസരിച്ചു പോകരുത്. കുത്തുവാക്ക് പറയുന്നവനും ഏഷണിയുമായി നടക്കുന്നവനുമായ. നന്മക്ക് തടസ്സം നില്‍ക്കുന്നവനും, അതിക്രമിയും മഹാപാപിയുമായ. ക്രൂരനും അതിനു പുറമെ ദുഷ്‌കീര്‍ത്തി നേടിയവനുമായ'' (അല്‍ക്വലം: 10-13).

ക്വുറൈശി നേതാക്കന്മാരില്‍ പെട്ട ഒരാളായിരുന്ന വലീദുബ്‌നു മുഗീറയോട് എപ്പോഴും ഇയാള്‍ തര്‍ക്കിക്കുമായിരുന്നു. ഞാന്‍ ക്വുറൈശികളുടെ നേതാവും വലിയ സമ്പന്നനുമാണ്. എന്നിട്ടും എന്നെ അവഗണിച്ച് മുഹമ്മദിന്റെ കൂടെ ആളുകള്‍ നില്‍ക്കുന്നുവോ എന്നൊക്കെ അഹങ്കാരത്തോടു കൂടി പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു. 

''ഈ രണ്ട് പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്റെ മേല്‍ എന്തുകൊണ്ട് ഈ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു. അവരാണോ നിന്റെ രക്ഷിതാവിന്റെ അനുഗ്രഹം പങ്ക് വെച്ചു കൊടുക്കുന്നത്? നാമാണ് ഐഹികജീവിതത്തില്‍ അവര്‍ക്കിടയില്‍ അവരുടെ ജീവിതമാര്‍ഗം പങ്ക് വെച്ചുകൊടുത്തത്. അവരില്‍ ചിലര്‍ക്ക് ചിലരെ കീഴാളരാക്കി വെക്കത്തക്കവണ്ണം അവരില്‍ ചിലരെ മറ്റു ചിലരെക്കാള്‍ ഉപരി നാം പല പടികള്‍ ഉയര്‍ത്തുകയും ചെയ്തിരിക്കുന്നു. നിന്റെ രക്ഷിതാവിന്റെ കാരുണ്യമാകുന്നു അവര്‍ ശേഖരിച്ചു വെക്കുന്നതിനെക്കാള്‍ ഉത്തമം'' (അസ്സുഖ്‌റുഫ്: 31,32). 

നബിﷺയെ വളരെയേറെ പ്രയാസപ്പെടുത്തുകയും ശത്രുത പ്രകടിപ്പിക്കുകയും ചെയ്ത മറ്റൊരു വ്യക്തിയായിരുന്നു ആസ്വുബ്‌നു വാഇല്‍. നബിﷺയുടെ മകന്‍ അബ്ദുല്ല മരണപ്പെട്ടപ്പോള്‍ ആസ്വ് പറഞ്ഞു: 'ഇതോടു കൂടി മുഹമ്മദിന്റെ പരമ്പര അവസാനിച്ചിരിക്കുന്നു.' മുഹമ്മദ് നബിയെക്കുറിച്ച് പറയപ്പെട്ടാല്‍ ഇയാള്‍ പറയും: 'മുഹമ്മദിനെ വിട്ടേക്കൂ. അവന്‍ വാലറ്റവനാണ്. അവന് പിന്‍ഗാമികള്‍ ഇല്ല. ഇനി മുഹമ്മദ് മരണപ്പെട്ടാല്‍ മുഹമ്മദിനെക്കുറിച്ചുള്ള സ്മരണകളും അവസാനിക്കും. അതോടെ ആ ശല്യത്തില്‍ നിന്ന് നിങ്ങള്‍ക്ക് രക്ഷപ്പെടുവാനും സാധിക്കും.' ഇയാളെ സംബന്ധിച്ചാണ് അല്ലാഹു തആല ഇപ്രകാരം അവതരിപ്പിച്ചത്: 

''തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ച് പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍)'' (അല്‍കൗഥര്‍: 1-3). 

ഖബ്ബാബ്(റ) പറയുന്നു: ''എനിക്ക് ആസ്വുബ്നു വാഇല്‍ കുറച്ച് പണം തരാനുണ്ടായിരുന്നു. അത് ചോദിക്കാന്‍ വേണ്ടി ഞാന്‍ അയാളെ സമീപിച്ചപ്പോള്‍ എന്നോട് പറഞ്ഞു: 'നീ മുഹമ്മദിനെ നിഷേധിക്കുന്നതുവരെ നിന്റെ കടം ഞാന്‍ വീട്ടുകയില്ല.' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'നീ മരിക്കുകയും അതിനു ശേഷം ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയും ചെയ്യുന്നതുവരെ മുഹമ്മദ് നബിയെ ഞാന്‍ നിഷേധിക്കുകയില്ല.' അപ്പോള്‍ ആസ്വ് ചോദിച്ചു: 'ഞാന്‍ മരണശേഷം ഉയര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയോ? എങ്കില്‍ നിനക്ക് തരാനുള്ളത് എന്റെ സമ്പത്തിലേക്കും എന്റെ മക്കളിലേക്കും മടങ്ങിച്ചെന്നതിനുശേഷം ഞാന്‍ നല്‍കാം.' (മരിച്ചു പരലോകത്ത് എത്തിയാല്‍ തരാം എന്ന് അര്‍ഥം). അങ്ങനെയാണ് അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിക്കുന്നത്: ''എന്നാല്‍ നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ അവിശ്വസിക്കുകയും എനിക്ക് സമ്പത്തും സന്താനവും നല്‍കപ്പെടുക തന്നെ ചെയ്യും എന്ന് പറയുകയും ചെയ്തവനെ നീ കണ്ടുവോ? അദൃശ്യകാര്യം അവന്‍ കണ്ടറിഞ്ഞിട്ടുണ്ടോ? അതല്ലെങ്കില്‍ പരമകാരുണികന്റെ അടുത്ത് അവന്‍ വല്ല കരാറുമുണ്ടാക്കിയിട്ടുണ്ടോ? അല്ല, അവന്‍ പറയുന്നത് നാം രേഖപ്പെടുത്തുകയും അവന്നു ശിക്ഷ കൂട്ടിക്കൊടുക്കുകയും ചെയ്യും. അവന്‍ ആ പറയുന്നതിനെല്ലാം (സ്വത്തിനും സന്താനത്തിനുമെല്ലാം) നാമായിരിക്കും അനന്തരാവകാശിയാകുന്നത്. അവന്‍ ഏകനായിക്കൊണ്ട് നമ്മുടെ അടുത്ത് വരികയും ചെയ്യും (മര്‍യം: 77-80)'' (ബുഖാരി: 2091, മുസ്‌ലിം: 2795).

നബിﷺയെയും സ്വഹാബികളെയും അങ്ങേയറ്റം പ്രയാസപ്പെടുത്തിയ മറ്റൊരു ശത്രുവായിരുന്നു അബൂജഹല്‍ ബിന്‍ ഹിശാം. അബൂജഹല്‍ ഒരിക്കല്‍ നബിﷺയെ കണ്ടുമുട്ടിയപ്പോള്‍ ഇപ്രകാരം പറഞ്ഞു: 'അല്ലാഹുവാണ് സത്യം, മുഹമ്മദ് ഞങ്ങളുടെ ആരാധ്യ വസ്തുക്കളെ ചീത്ത പറയുന്നത് നിര്‍ത്തുക തന്നെ വേണം. അല്ലാത്തപക്ഷം നീ ആരാധിക്കുന്ന നിന്റെ ആരാധ്യനെയും ഞാന്‍ അസഭ്യം പറയും.' അങ്ങനെ അല്ലാഹു ഈ സൂക്തം അവതരിപ്പിച്ചു: 'അല്ലാഹുവിനു പുറമെ അവര്‍ വിളിച്ച് പ്രാര്‍ഥിക്കുന്നവരെ നിങ്ങള്‍ ശകാരിക്കരുത്. അവര്‍ വിവരമില്ലാതെ അതിക്രമമായി അല്ലാഹുവെ ശകാരിക്കാന്‍ അത് കാരണമായേക്കും. അപ്രകാരം ഓരോ വിഭാഗത്തിനും അവരുടെ പ്രവര്‍ത്തനം നാം ഭംഗിയായി തോന്നിച്ചിരിക്കുന്നു. പിന്നീട് അവരുടെ രക്ഷിതാവിങ്കലേക്കാണ് അവരുടെ മടക്കം. അവര്‍ ചെയ്തുകൊണ്ടി രുന്നതിനെപ്പറ്റിയെല്ലാം അപ്പോള്‍ അവന്‍ അവരെ അറിയിക്കുന്നതാണ്' (അല്‍ അന്‍ആം: 108). 

ഇസ്‌ലാമിക പ്രബോധന മേഖലയില്‍ നബിﷺക്ക് അനുഭവിക്കേണ്ടി വന്ന ചില പ്രയാസങ്ങളും പരിഹാസങ്ങളുമാണ് നാം മനസ്സിലാക്കിയത്. പക്ഷേ, അല്ലാഹു തആല മുഹമ്മദ് നബിﷺയെ ശക്തിപ്പെടുത്തുകയും സംരക്ഷിക്കുകയും സമാധാനിപ്പിക്കുകയും വിജയത്തെക്കുറിച്ചുള്ള സന്തോഷവാര്‍ത്ത അറിയിച്ചുകൊണ്ടിരിക്കുകയും ചെയ്തു. 

''നിനക്ക് മുമ്പ് പല ദൂതന്‍മാരും പരിഹസിക്കപ്പെട്ടിട്ടുണ്ട്. എന്നിട്ട് അവരെ കളിയാക്കിയിരുന്നവര്‍ക്ക് അവര്‍ പരിഹസിച്ചു കൊണ്ടിരുന്നതെന്തോ അത് വന്നുഭവിക്കുക തന്നെ ചെയ്തു'' (അല്‍അന്‍ആം: 10). 

''അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക.  ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക'' (അല്‍ഹിജ്ര്‍: 97-99).

''(നബിയേ,) അവര്‍ പറയുന്നത് നിനക്ക് വ്യസനമുണ്ടാക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നമുക്ക് അറിയാം. എന്നാല്‍ (യഥാര്‍ഥത്തില്‍) നിന്നെയല്ല അവര്‍ നിഷേധിച്ചു തള്ളുന്നത്, പ്രത്യുത, അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെയാണ് ആ അക്രമികള്‍ നിഷേധിക്കുന്നത്''(അല്‍അന്‍ആം: 33).

''ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ'' (അര്‍റൂം: 60). 

''ആകയാല്‍ ദൃഢമനസ്‌കരായ ദൈവദൂതന്‍മാര്‍ ക്ഷമിച്ചത് പോലെ നീ ക്ഷമിക്കുക. അവരുടെ (സത്യനിഷേധികളുടെ) കാര്യത്തിന് നീ ധൃതി കാണിക്കരുത്. അവര്‍ക്ക് താക്കീത് നല്‍കപ്പെടുന്നത് (ശിക്ഷ) അവര്‍ നേരില്‍ കാണുന്ന ദിവസം പകലില്‍ നിന്നുള്ള ഒരു നാഴിക നേരം മാത്രമേ തങ്ങള്‍ (ഇഹലോകത്ത്) താമസിച്ചിട്ടുള്ളു എന്ന പോലെ അവര്‍ക്കു തോന്നും. ഇതൊരു ഉല്‍ബോധനം ആകുന്നു. എന്നാല്‍ ധിക്കാരികളായ ജനങ്ങളല്ലാതെ നശിപ്പിക്കപ്പെടുമോ?'' (അല്‍അഹ്ക്വാഫ്: 35).

അബിസീനിയയിലേക്കുള്ള ഹിജ്‌റ

തന്റെ അനുചരന്മാര്‍ക്ക് ബാധിക്കുന്ന ശിക്ഷകളും പരീക്ഷണങ്ങളും കാണുകയും അവരെ തടയാന്‍ കഴിയാതെ വരികയും ചെയ്തപ്പോള്‍ നബിﷺ അവരോട് പറഞ്ഞു: 'നിങ്ങള്‍ അബിസീനിയയിലേക്ക് പോയിക്കൊള്ളുക. അവിടെ ഒരു രാജാവ് ഉണ്ട്. അദ്ദേഹത്തിന്റെ അടുക്കല്‍ ആരും ആക്രമിക്കപ്പെടുകയില്ല. അതുകൊണ്ട് അദ്ദേഹത്തിന്റെ രാജ്യത്തേക്ക് നിങ്ങള്‍ ചേര്‍ന്നുകൊള്ളുക. ഇപ്പോള്‍ നിങ്ങള്‍ ഉള്ള അവസ്ഥയില്‍ നിന്നും അല്ലാഹു നിങ്ങള്‍ക്ക് ഒരു വിശാലതയും രക്ഷാമാര്‍ഗവും നല്‍കിയേക്കാം' (ബൈഹഖക്വി: 9/7). 

അതോടെ നബിﷺയുടെ അനുചരന്മാര്‍ അബിസീനിയന്‍ പ്രദേശത്തേക്ക് പുറപ്പെട്ടു. ശിക്ഷയില്‍ നിന്നുള്ള രക്ഷക്കും ദീനിനെ നിലനിര്‍ത്താനും വേണ്ടിയായിരുന്നു ആ യാത്ര. ഇസ്‌ലാമിലെ ഒന്നാമത്തെ ഹിജ്‌റയായി അബിസീനിയന്‍ ഹിജ്‌റ കണക്കാക്കപ്പെടുന്നു. ഉഥസ്മാനുബ്‌നു അഫ്ഫാന്‍, അദ്ദേഹത്തിന്റെ ഭാര്യയായ (നബിയുടെ മകള്‍) റുഖിയ(റ), അബ്ദുറഹ്മാന്‍ ഇബ്‌നുഔഫ്(റ), അബൂഹുദൈഫ(റ), ഉത്ബത്ബ്‌നു റബീഅ(റ), അദ്ദേഹത്തിന്റെ ഭാര്യയായ സഹല ബിന്‍തു സുഹൈലുബ്‌നു അംറ്(റ), അബൂസലമ ഇബ്‌നു അബ്ദുല്‍ അസദ്(റ), അദ്ദേഹത്തിന്റെ ഭാര്യ ഉമ്മുസലമ(റ), ഉഥ്മാനുബ്‌നു മള്ഊന്‍(റ), ആമിര്‍ ഇബ്‌നു റബീഅ(റ), അദ്ദേഹത്തിന്റെ ഭാര്യ ലൈലാ ബിന്‍തു അബീഹസ്മ(റ) തുടങ്ങിയവരാണ് ആദ്യമായി അബിസീനിയയിലേക്ക് ഹിജ്‌റ പോയത്. 

കപ്പല്‍വഴി യാത്ര ചെയ്യാന്‍ വേണ്ടി ശുഐബ എന്ന് പറയുന്ന സ്ഥലത്തേക്ക് അവര്‍ എത്തി. അവരില്‍ ചിലര്‍ നടന്നും മറ്റു ചിലര്‍ ഒട്ടകപ്പുറത്തും ആണ് എത്തിച്ചേര്‍ന്നത്. അല്ലാഹുവിന്റെ അനുഗ്രഹം എന്നോണം രണ്ട് കച്ചവടച്ചരക്കുകളുമായി പോകുന്ന കപ്പലുകള്‍ അബിസീനിയയിലേക്ക് അവര്‍ക്ക് ലഭിച്ചു. 15 പേരാണ് സംഘത്തിലുണ്ടായിരുന്നത്;11 പുരുഷന്മാരും 4 സ്ത്രീകളും. പ്രവാചകത്വത്തിന്റെ അഞ്ചാം വര്‍ഷം റജബ് മാസത്തിലായിരുന്നു അവര്‍ പുറപ്പെട്ടത്. അബിസീനിയയില്‍ എത്തിച്ചേര്‍ന്നപ്പോള്‍ ഏറ്റവും നല്ല അയല്‍വാസിയായി അവരെ അവര്‍ കണ്ടു. തങ്ങളുടെ ദീനിന്റെ കാര്യത്തില്‍ അവര്‍ നിര്‍ഭയരാവുകയും അല്ലാഹുവിനെ ആരാധിച്ചുകൊണ്ട് ആരാലും ആക്രമിക്കപ്പെടാതെ, വെറുപ്പുളവാക്കുന്ന ഒരു വാക്കും കേള്‍ക്കാതെ അവിടെ അവര്‍ താമസമാക്കി. പക്ഷേ, അധികകാലം അബിസീനിയയില്‍ അവര്‍ താമസിച്ചില്ല. തൊട്ടടുത്ത റമദാന്‍ മാസത്തില്‍ തന്നെ അവര്‍ മക്കയിലേക്ക് മടങ്ങി. 

അബിസീനിയയിലേക്ക് ഹിജ്‌റ പോയ ആളുകള്‍ മക്കയിലേക്ക് മടങ്ങി വന്നപ്പോള്‍ മുശ്‌രിക്കുകളുടെ പീഡനങ്ങള്‍ വീണ്ടും ശക്തമാകുവാന്‍ തുടങ്ങി. അതോടെ നബിﷺ അവരോടു രണ്ടാംതവണയും അബിസീനീയയിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു. രണ്ടാം തവണ അബിസീനിയയിലേക്ക് പോകുമ്പോള്‍ ഏതാണ്ട് 83 പുരുഷന്മാരും 18 സ്ത്രീകളുമുണ്ടായിരുന്നു. അബിസീനിയയിലേക്കുള്ള മുസ്‌ലിംകളുടെ യാത്രയെ കുറിച്ച് അറിഞ്ഞപ്പോള്‍ ക്വുറൈശികള്‍ അവരുടെ കൂട്ടത്തില്‍ നിന്ന് അംറുബ്‌നുല്‍ ആസ്, അബ്ദുല്ലാഹിബ്‌നു അബീ റബീഅ തുടങ്ങിയവരെ അങ്ങോട്ട് അയച്ചു. നജ്ജാശി രാജാവിനും അദ്ദേഹത്തിന്റെ കൂടെയുള്ള നേതാക്കന്മാര്‍ക്കും ഒട്ടനവധി സമ്മാനങ്ങളുമായിട്ടാണ് ഇവര്‍ പോയത്. 

നജ്ജാശിയുടെ അടുത്ത ആളുകള്‍ക്ക് കൈക്കൂലി എന്നോണം പലതും അവര്‍ നല്‍കുകയും ചെയ്തു. നജ്ജാശിയുമായി സംസാരിക്കുമ്പോള്‍ തങ്ങളുടെ കൂടെ നില്‍ക്കാന്‍ വേണ്ടിയും മുഹാജിറുകളായി വന്നിട്ടുള്ളവരെ മക്കയിലേക്കുതന്നെ തിരിച്ചയക്കാനും വേണ്ടിയായിരുന്നു ഈ പണികളെല്ലാം. പക്ഷേ, പെട്ടെന്ന് ഒരു അഭിപ്രായം പറയാന്‍ നജ്ജാശി തയ്യാറായില്ല. മക്കയില്‍ നിന്നും വന്ന, നബിﷺയുടെ അനുചരന്മാരെ തന്റെ മുമ്പില്‍ ഹാജരാക്കുവാന്‍ നജ്ജാശി ആവശ്യപ്പെട്ടു. അവര്‍ നജ്ജാശിയുടെ മുമ്പില്‍ വന്നു. ക്വുറൈശികള്‍ നിയോഗിച്ച രണ്ട് വ്യക്തികളും അവിടെ സന്നിഹിതരായിരുന്നു. നജ്ജാശിയുടെ മുമ്പില്‍ അവര്‍ സമ്മാനങ്ങള്‍ സമര്‍പ്പിച്ചു. മുസ്‌ലിംകള്‍ തങ്ങളുടെ കൂട്ടത്തില്‍ നിന്ന് ജഅ്ഫര്‍ ഇബ്‌നു അബീത്വാലിബ്‌നെയാണ് സംസാരിക്കാന്‍ വേണ്ടി തെരഞ്ഞെടുത്തത്.

നജ്ജാശി അവരോട് കാര്യങ്ങള്‍ ചോദിച്ചറിയുവാന്‍ തുടങ്ങി. അവരുടെ മതത്തെ കുറിച്ച് ചോദിച്ചു. ഈ സന്ദര്‍ഭത്തില്‍ ജഅ്ഫര്‍(റ) മറുപടി പറഞ്ഞു: ''അല്ലയോ രാജാവേ, ഞങ്ങള്‍ ജാഹിലിയ്യത്തിലായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുന്നവന്നവരായിരുന്നു. ശവം ഭക്ഷിക്കുന്നവരായിരുന്നു. എല്ലാ തിന്മകളും ഞങ്ങള്‍ ചെയ്തിരുന്നു. ഞങ്ങള്‍ കുടുംബ ബന്ധങ്ങള്‍ മുറിച്ചിരുന്നു. അയല്‍വാസികളോട് മോശമായി പെരുമാറിയിരുന്നു. ഞങ്ങളിലെ ശക്തന്മാര്‍ ദുര്‍ബലരെക്കൊണ്ട് ഭക്ഷിച്ചിരുന്നു. ഈ അവസ്ഥയിലാണ് അല്ലാഹു ഞങ്ങളിലേക്ക് ഞങ്ങളില്‍ നിന്നു തന്നെയുള്ള ഒരു പ്രവാചകനെ നിയോഗിക്കുന്നത്. ആ പ്രവാചകന്റെ പരമ്പരയും സത്യസന്ധതയും വിശ്വാസ്യതയും ചരിത്രവും എല്ലാം ഞങ്ങള്‍ക്കറിയാം. അദ്ദേഹം ഞങ്ങളെ അല്ലാഹുവിന്റെ ഏകത്വത്തിലേക്ക് ക്ഷണിച്ചു. അവനെ മാത്രം ഞങ്ങള്‍ ആരാധിക്കണമെന്ന് ഞങ്ങളോട് പറഞ്ഞു. ഞങ്ങളുടെ പൂര്‍വ പിതാക്കള്‍ ആരാധിച്ചുവന്നിരുന്ന കല്ലുകളെയും വിഗ്രഹങ്ങളെയും വെടിയണമെന്ന് പറഞ്ഞു...'' 

നജ്ജാശിയും സ്വഹാബികളും തമ്മിലുള്ള സംസാരം തുടര്‍ന്നു കൊണ്ടിരുന്നു. ഈ ചര്‍ച്ച മക്കയില്‍ നിന്നും വന്ന മുശ്‌രിക്കുകളുടെ തന്ത്രങ്ങളെല്ലാം പാളിപ്പോകാന്‍ കാരണമായി. നഷ്ടക്കാരായിക്കൊണ്ട് അവര്‍ക്ക് തിരിച്ചു പോകേണ്ടിവന്നു. മുസ്‌ലിംകളാകട്ടെ സമാധാനത്തോടെ അവിടെ താമസമാക്കുകയും ചെയ്തു. ഈ ഹിജ്‌റയിലൂടെയും അല്ലാഹു സ്വഹാബിമാരെ പരീക്ഷിക്കുകയായിരുന്നു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രാജ്യവും സമ്പത്തും സന്താനങ്ങളും ഒഴിവാക്കുവാന്‍ അവര്‍ തയ്യാറുണ്ടോ എന്നുള്ള പരീക്ഷണമായിരുന്നു അത്. ആ പരീക്ഷണത്തില്‍ അവര്‍ വിജയിച്ചു. ദീനിനുവേണ്ടി അല്ലാഹുവിന്റെ മാര്‍ഗത്തെ അവര്‍ തിരഞ്ഞെടുത്തു. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ അബിസീനിയയിലേക്ക് തങ്ങളുടെ ദീനുമായി അവര്‍ ഹിജ്‌റ പോവുകയും ചെയ്തു. മുസ്‌ലിംകളുടെ അബിസീനിയയിലേക്കുള്ള ഹിജ്‌റ മക്കാ മുശ്രിക്കുകളുടെ ഇടയില്‍ വലിയ കുലുക്കം ഉണ്ടാക്കി. അല്ലാഹു ഉദ്ദേശിച്ച അത്രയും കാലം മുഹാജിറുകള്‍ അബിസീനിയയില്‍ താമസിച്ചു. നബിﷺയുടെ മദീനയിലേക്കുള്ള ഹിജ്‌റക്ക് ശേഷമാണ് അവരില്‍ ചിലര്‍ മടങ്ങിവന്നത്. ബദ്ര്‍ യുദ്ധത്തിന് തൊട്ടു മുമ്പായിരുന്നു അത്. 33 പുരുഷന്മാരും 8 സ്ത്രീകളുമാണ് അന്ന് മദീനയിലേക്ക് മടങ്ങിയത്. ബാക്കിയുള്ള ആളുകള്‍ ജഅ്ഫറുബ്‌നു അബീത്വാലിബിന്റെ കൂടെ ഖൈബര്‍ യുദ്ധ വിജയത്തിനുശേഷം ഹിജ്‌റ ഏഴാം വര്‍ഷമാണ് മടങ്ങിയത്. ആ വര്‍ഷത്തിലാണ് നജ്ജാശി മരണപ്പെടുന്നതും. നജ്ജാശിയുടെ മരണത്തിനു മുമ്പ് അല്ലാഹു അദ്ദേഹത്തിന് ഇസ്‌ലാമിലേക്ക് വഴി കാണിച്ചു കൊടുത്തിരുന്നു. നബിﷺയും അനുയായികളും മദീനയില്‍വെച്ച് അദ്ദേഹത്തിന് വേണ്ടി മ യ്യിത്ത് നമസ്‌കാരം നിര്‍വഹിക്കുകയുണ്ടായി. (ബുഖാരി: 1245, മുസ്‌ലിം: 951).