പ്രശസ്തി ആഗ്രഹിക്കുന്നവരോട്

സമീര്‍ മുണ്ടേരി

2019 മാര്‍ച്ച് 23 1440 റജബ് 16

പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുമ്പോള്‍ വന്നുചേരുന്ന പ്രശസ്തിയും സ്ഥാനവും പലപ്പോഴും പലര്‍ക്കും വലിയ പരീക്ഷണങ്ങളാവാറുണ്ട്. ഒരാള്‍ക്ക് അയാളുടെ പ്രവര്‍ത്തനങ്ങള്‍ മൂലം പ്രശസ്തി വന്നുചേരുന്നതിനെ മതം എതിര്‍ക്കുന്നില്ല. എന്നാല്‍ ഒരാള്‍ പ്രശസ്തി മാത്രം ആഗ്രഹിച്ചു കൊണ്ട് പ്രവര്‍ത്തിച്ചാല്‍ അത് അവനെ അപകടത്തിലേക്ക് എത്തിക്കും. 

പ്രശസ്തി ആഗ്രഹിക്കാത്തര്‍

പ്രമുഖ പണ്ഡിതനായ ഫുളൈല്‍ ഇബ്‌നു ഇയാദ്(റഹി) പറഞ്ഞു: 'ആരെങ്കിലും പ്രശസ്തനാകുവാന്‍ ആഗ്രഹിച്ചാല്‍ അവനൊരിക്കലും പ്രശസ്തനാവുകയില്ല. എന്നാല്‍ പ്രശസ്തനാകുന്നതിനെ വല്ലവനും വെറുത്താല്‍ അവന്‍ പ്രശസ്തനാവുകയും ചെയ്യും.' 

ഇസ്‌ലാമിക ചരിത്രത്തിലെ പ്രശസ്തരായവരെ എടുത്തു നോക്കൂ, അവരാരും ഇഹലോകത്തെ സ്ഥാനമാനങ്ങള്‍ക്കും പ്രശസ്തിക്കും വേണ്ടി പ്രവര്‍ത്തിച്ചവരായിരുന്നില്ല. അബൂബക്കര്‍ ബിന്‍ ഹയ്യാശിനോട് ചോദിച്ചു: 'ചിലര്‍ ജനങ്ങളെ പഠിപ്പിക്കാന്‍ വേണ്ടി പള്ള ിയില്‍ ഇരിക്കുന്നു. അപ്പോള്‍ ജനങ്ങള്‍ അവര്‍ക്കു ചുറ്റും ഇരിക്കും. എന്തു കൊണ്ടാണത്?' അദ്ദേഹം പറഞ്ഞു: 'ആരെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി ഇരുന്നാല്‍ ജനങ്ങള്‍ അയാള്‍ക്ക് ചുറ്റും ഇരിക്കും. അത് സ്വാഭാവികമാണ്. എന്നാല്‍ (അങ്ങനെ ദീന്‍ പഠിപ്പിക്കുന്ന) അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ മരണപ്പെട്ടാല്‍ അവരുടെ മരണ ശേഷം അവരെ ജനങ്ങള്‍ ഓര്‍ത്തു കൊണ്ടിരിക്കും. അതു പോലെ ബിദ്അത്തിന്റെ ആളുകളും മരണപ്പെടും. അതോടെ അവരെക്കുറിച്ചുള്ള സ്മരണകളും മരിക്കും.'

ശൈഖുല്‍ ഇസ്‌ലാം ഇബ്‌നുതൈമിയ്യ(റഹി) ഇതിനെ വിശദീകരിച്ചുകൊണ്ട് പറഞ്ഞു: ''അഹ്‌ലുസ്സുന്നയുടെ പണ്ഡിതന്മാര്‍ നബി ﷺ കൊണ്ടുവന്നത് ജീവിപ്പിക്കാന്‍ വേണ്ടി പരിശ്രമിച്ചവരാണ്. അതുകൊണ്ട് തന്നെ നബി ﷺ യോട് അല്ലാഹു പറഞ്ഞ 'താങ്കളുടെ കീര്‍ത്തിയെ ഞാന്‍ ഉയര്‍ത്തിയിരിക്കുന്നു'എന്ന വാഗ്ദാനം ഈ പണ്ഡിതന്മാര്‍ക്കും ലഭിക്കും.(അവര്‍ക്ക് പ്രശസ്തി ലഭിക്കും). ബിദ്അത്തിന്റെ ആളുകള്‍ നബി ﷺ കൊണ്ടുവന്നതിനെ എതിര്‍ത്തവരാണ്. അതുകൊണ്ട് തന്നെ അല്ലാഹു നബി ﷺ യോട് പറഞ്ഞതിന്റെ ഒരു വിഹിതം ഇവര്‍ക്കും ലഭിക്കും: 'തീര്‍ച്ചയായും അവര്‍ തന്നെയാണ് വാലറ്റവര്‍...'' (അവരെ ആരും ഓര്‍ക്കണെമന്നില്ല).

മദ്ഹബിന്റെ ഇമാമുകളായ ഇമാം മാലിക് (റഹി), ഇമാം അബൂഹനീഫ(റഹി), ഇമാം ശാഫിഈ (റഹി), ഇമാം അഹ്മദ്(റഹി), ഇമാം ബുഖാരി(റഹി), ഇമാം മുസ്‌ലിം (റഹി), പ്രമുഖ പണ്ഡിതന്മാരായ ശൈഖ് ഇബ്‌നുബാസ്(റഹി), ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനി (റഹി) തുടങ്ങിയ എത്രയോ മഹാപണ്ഡിതന്മാരെക്കുറിച്ച് ചിന്തിക്കുക. ഇവരൊന്നും പേരിനും പ്രശസ്തിക്കും വേണ്ടി ദീനീസേവനം ചെയ്തവരല്ല. എന്നാല്‍ എത്ര പ്രശസ്തരാണവര്‍!

വന്നുചേരുന്ന പ്രശസ്തി

അബൂദര്‍റ്(റ) ഉദ്ധരിക്കുന്ന ഒരു ഹദീഥില്‍ ഇങ്ങനെ കാണാം: ഒരു വ്യക്തി ഒരു പ്രവര്‍ത്തനം ചെയ്യുന്നു. അതിലൂടെ അയാള്‍ ഉദ്ദേശിക്കുന്നത് അല്ലാഹുവിന്റെ വജ്ഹ് (പ്രതിഫലം) മാത്രമാണ്. എന്നാല്‍ ആ പ്രവര്‍ത്തനം മൂലം അയാളെ ആളുകള്‍ വല്ലാതെ ഇഷ്ടപ്പെടുകയും പുകഴ്ത്തുകയും ചെയ്യുന്നു. അതിനെക്കുറിച്ച് നബി ﷺ യോട് ചോദിച്ചു. അപ്പോള്‍ നബി ﷺ പറഞ്ഞു: 'അത് സത്യവിശ്വാസിക്ക് പെട്ടെന്ന് ലഭിക്കുന്ന സന്തോഷ വാര്‍ത്തകളാണ്...'(മുസ്‌ലിം). 

ഈ ഹദീഥിനെ വിശദീകരിച്ചു കൊണ്ട് ഇമാം നവവി (റഹി) ഇപ്രകാരം പറയുന്നുണ്ട്: 'ഇത് അല്ലാഹു അദ്ദേഹത്തെ ഇഷ്ടപ്പെട്ടതിന്റെ അടയാളമാണ്. ഇതെല്ലാം അയാള്‍ക്ക് ലഭിക്കുന്നത് പ്രശസ്തിയെ ആഗ്രഹിക്കാതെ പ്രവര്‍ത്തിക്കുമ്പോഴാണ്.' 

നമ്മുടെ മുന്‍ഗാമികള്‍ അവരുടെ നന്മകള്‍ മറച്ചുവെച്ചരായിരുന്നു. പ്രശസ്തി അവര്‍ ആഗ്രഹിച്ചിരുന്നില്ല. അത് അവരുടെ ആത്മാര്‍ഥതകൊണ്ടും ലോകമാന്യത്തെ അവര്‍ ഭയപ്പെട്ടതു കൊണ്ടുമാണ്. 

മുഹമ്മദ്ബ്‌നു അലാഅ്(റഹി) പറഞ്ഞു: 'ആരെങ്കിലും അല്ലാഹുവിനെ ഇഷ്ടപ്പെട്ടാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രശസ്തനാകുന്നതിനെ അയാള്‍ ഇഷ്ടപ്പെടില്ല.' 

അയ്യൂബു സിഖ്ത്തിയാനി(റഹി) പറഞ്ഞു: 'എന്നെക്കുറിച്ച് ജനങ്ങള്‍ അവരുടെ സംസാരങ്ങളില്‍ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഞാന്‍ അതിനെ ഇഷ്ടപ്പെട്ടിട്ടില്ല.' 

മുത്‌റഫ് ഇബ്‌നു അബ്ദുല്ല അശ്ശിഖിര്‍(റഹി) പറഞ്ഞു: 'ഞാന്‍ രാത്രി മുഴുവന്‍ നമസ്‌കരിക്കുകയും നേരും പുലരുമ്പോള്‍ ജനങ്ങളെല്ലാം എന്റെ ആരാധനെയെക്കുറിച്ച് സംസാരിക്കുകയും ചെയ്യുന്നതിനെക്കാള്‍ എനിക്കിഷ്ടം രാത്രി നമസ്‌കരിക്കാതെ ഉറങ്ങുകയും നേരം പുലരുമ്പോള്‍ ആ നമസ്‌കാരം നഷ്ടപ്പെട്ടതില്‍ ഞാന്‍ ഖേദിക്കുകയും ചെയ്യുന്നതിനെയാണ്.'

പ്രശസ്തിക്ക് വേണ്ടി കര്‍മങ്ങള്‍ ചെയ്യുന്നതിലെ അപകടം തിരിച്ചറിഞ്ഞതിനാലാണ് ഈ മഹാന്മാര്‍ഇങ്ങനെ പറഞ്ഞിരിക്കുന്നത്. 

ഇത് വായിക്കുന്നവരില്‍ ഇസ്‌ലാമിക പ്രബോധകരുണ്ട്. ഇസ്‌ലാമിന് വേണ്ടി സമ്പത്ത് ചെലവഴിക്കുന്നവരുണ്ട്. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ കായികമായി അധ്വാനിക്കുന്നവരുണ്ട്. ഇസ്‌ലാമിന്റെ വളര്‍ച്ചക്ക് ബഹുമുഖമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുണ്ട്. 

നാം സ്വയം ചോദിക്കുക. എന്തിനാണ് നമ്മുടെ പ്രവര്‍ത്തനങ്ങള്‍? പ്രശസ്തി ആഗ്രഹിച്ചാണോ നാം അധ്വാനിക്കുന്നത്? പേരും പ്രശസ്തിയും ലഭിക്കാതിരിക്കുമ്പോള്‍ നിരാശ നമ്മെ പിടികൂടാറുണ്ടോ? 

തങ്ങള്‍ നടത്തുന്ന പ്രസംഗങ്ങളും ക്ലാസുകളും മറ്റും പ്രശസ്തിയിലേക്കുള്ള പടവുകളായി മാറണമെന്ന് പണ്ഡിതന്മാര്‍ ആഗ്രഹിക്കാറുണ്ടോ? മതരംഗത്ത് സമ്പത്ത് വിനിയോഗിച്ചത് എന്തു നേട്ടം ആഗ്രഹിച്ചാണ് എന്ന് സമ്പന്നര്‍ ചിന്തിക്കട്ടെ. എഴുത്തുകള്‍ കൊണ്ട് ഇസലാമിനെ സഹായിച്ചവര്‍ പേന പിടിച്ചത് ഏത് ഉദ്ദേശത്തിലാണെന്ന് ഓര്‍ത്തുനോക്കട്ടെ. തങ്ങളുടെആരോഗ്യവും ഒഴിവു സമയവും ദീനിന് വേണ്ടി മാറ്റിവെച്ചവര്‍ 'സജീവ പ്രവര്‍ത്തകര്‍' എന്ന സല്‍പേര് ലഭിക്കാന്‍ വേണ്ടിയാണോ പ്രവര്‍ത്തിച്ചത് എന്ന് ചിന്തിക്കണം. 

ആലോചിക്കുക, സ്വയം വിലയിരുത്തുക. പരലോക വിജയം നഷ്ടപ്പെടാതിരിക്കാന്‍ ബുദ്ധിപൂര്‍വം ജീവിക്കുക.

പ്രമുഖനായ ഒരു പണ്ഡിതന്റെ ലേഖനത്തെ അവലംബിച്ച് എഴുതിയതാണ് ഈ ചെറുകുറിപ്പ്. അല്ലാഹു അദ്ദേഹത്തിന് അര്‍ഹമായ പ്രതിഫലം നല്‍കട്ടെ.