പ്രൊഫ്‌കോണ്‍ ക്യാമ്പസിന് ബാക്കി വെക്കുന്നത്

ഷഹബാസ് കെ. അബ്ബാസ്

2019 മാര്‍ച്ച് 16 1440 റജബ് 11

ഒരു പ്രൊഫ്‌കോണ്‍ കൂടി നമ്മില്‍ നിന്ന് വിട പറയുകയാണ്. ദൈവചിന്തയും ധാര്‍മികബോധവും പകര്‍ന്ന് നല്‍കേണ്ട കലാലയങ്ങള്‍ ആഭാസങ്ങളെയും അശ്ലീലതകളെയും ആഗോളവല്‍ക്കരിക്കുന്ന അഴുക്കുചാലുകളായി മാറുന്ന ആധുനികലോകത്ത്, മാറ്റമില്ലാത്ത ആദര്‍ശവും മാറ്റ് കൂടിയ പ്രമാണങ്ങളുമായി വിസ്ഡം സ്റ്റുഡന്‍സ് ഓര്‍ഗനൈസേഷന്‍ എന്ന വിദ്യാര്‍ഥി പ്രസ്ഥാനം കലാലയങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്.

പ്രതിഷേധം, അക്രമം, ക്യാമ്പസ് ഈ മൂന്നു പദങ്ങള്‍ എക്കാലത്തും ചര്‍ച്ചാവിഷയങ്ങളാണ്. ജനാധിപത്യത്തിനും മനുഷ്യാവകാശങ്ങള്‍ക്കും നേരെയുള്ള കടന്നുകയറ്റങ്ങള്‍ മറ്റെന്തിനെക്കാളുമേറെ സമൂഹത്തില്‍ വര്‍ധിച്ചുവരികയാണിന്ന്. പൊതുസമൂഹത്തില്‍ ഇതിനെതിരായ ജാഗ്രവത്തായ പ്രതിഷേധങ്ങള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്ന വര്‍ത്തമാനകാലത്ത് ജനാധിപത്യമൂല്യങ്ങള്‍ക്കും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും മതേതരത്വത്തിനും വേണ്ടിയുള്ള സമൂഹത്തിന്റെ ഇഛാശക്തി യഥാര്‍ഥത്തില്‍ പ്രകടമാകുന്നത് ക്യാമ്പസുകളിലാണ്. വിദ്യാര്‍ഥി സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന ജനാധിപത്യത്തിനുവേണ്ടിയുള്ള സമരങ്ങളുടെയും ഫാസിസ്റ്റ് വിരുദ്ധ പ്രതിരോധങ്ങളുടെയും വ്യത്യസ്തമായ മുഖങ്ങള്‍ ജെ.എന്‍.യുവിലും ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും നാം ദര്‍ശിക്കുകയുണ്ടായി.

എന്നാല്‍, മാധ്യമശ്രദ്ധ ഒരുപാടൊന്നും ലഭിച്ചിട്ടില്ലാത്ത, ക്യാമ്പസിന്റെ ഏതോ ഒഴിഞ്ഞ മൂലകളില്‍ നിന്ന് കേള്‍ക്കുന്ന ചില പ്രതിഷേധസ്വരങ്ങളുമുണ്ട്. ചുംബനസമരച്ചൂടും കാറ്റാടിത്തണലും പ്രണയക്കുളിരും കഴിഞ്ഞ് ഗൗരവതരമായ ചിന്തകള്‍ക്കും പ്രതികരണങ്ങള്‍ക്കും സമയം മെനക്കെടുത്താത്ത ഒരുകൂട്ടം വിദ്യാര്‍ഥികളുടെ ശബ്ദങ്ങള്‍.

ക്യാമ്പസില്‍ കഞ്ചാവടിച്ചു വന്നതിന് പുറത്താക്കിയ ഗ്യാംഗ് നേതാവിനെ തിരിച്ചെടുപ്പിക്കാനും, രാത്രി ലേഡീസ് ഹോസ്റ്റലിലേക്ക് പ്രവേശനം നിഷേധിച്ചതിനെതിരെയും, ക്യാമ്പസ് മുറ്റത്ത് വിദ്യാര്‍ഥികളുടെ ബൈക്കുകള്‍ നിര്‍ത്താന്‍ വിസമ്മതിച്ച മാനേജ്‌മെന്റുകള്‍ക്കെതിരെയും, ക്യാമ്പസിലെ വൈഫൈ കണക്ഷനില്‍ ഫില്‍ട്ടര്‍ മോഡ് ഒഴിവാക്കുന്നതിനായും ശബ്ദിക്കുന്ന അവരും പ്രതിഷേധത്തൊഴിലാളികള്‍ തന്നെയാണ്.

നന്മ-തിന്മകള്‍ വ്യവഛേദിക്കാതെ, മാറി മാറി വരുന്ന ട്രെന്‍ഡിന്റെയും പെണ്ണുടലിനെ കച്ചവടവല്‍ക്കരിച്ച് ലാഭം കൊയ്യുന്ന സിനിമക്കാരുടെയും പിറകെപോയി 'ചേരയെ തിന്നുന്ന നാട്ടില്‍ പോയാല്‍ നടുക്കഷ്ണം തിന്നുന്ന' കൗമാരക്കാരാണവര്‍! 

എന്റെ പ്രതിഷേധങ്ങള്‍ക്ക്, എന്റെ സംസാരങ്ങള്‍ക്ക്, എന്റെ മൗനങ്ങള്‍ക്ക് എന്റെതെന്നു പറയാവുന്ന എല്ലാത്തിനും കൃത്യമായ കണക്ക് ബോധിപ്പിക്കേണ്ടവനാണ് ഞാനെന്ന് തിരിച്ചറിയാത്തിടത്തോളം കാലം, ലക്ഷ്യബോധമില്ലാത്ത യാത്രയിലാണ് ഞന്‍ എന്ന് തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേവലം ഉണ്ടും ഉറങ്ങിയും കലഹിച്ചും പ്രണയിച്ചും രസിച്ചും രമിച്ചും ജീവിച്ച് മരിച്ച് അവസാനം മണ്ണ് തിന്നാനുള്ളതല്ല മനുഷ്യജന്മം എന്ന് നാം മനസ്സിലാക്കണം.

അതുകൊണ്ട്, അവകാശങ്ങളെ പോലെത്തന്നെ ഉത്തരവാദിത്തത്തെ കുറിച്ചുള്ള ബോധവും കൈമുതലാക്കി സ്വപ്‌നാടനത്തില്‍ നിന്ന് ഉണര്‍ന്നെണീറ്റ് യാഥാര്‍ഥ്യബോധത്തോടെ, ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാന്‍ നമ്മെയും നമ്മുടെ ക്യാമ്പസിനെയും പ്രാപ്തമാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ട് പോകാം. നാഥന്‍ അനുഗ്രഹിക്കട്ടെ!