ചില സൈനിക നീക്കങ്ങളും ക്വിബ്‌ല മാറ്റവും

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജൂലായ് 13 1440 ദുല്‍ക്വഅദ് 10

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 29)

ഹിജ്‌റ രണ്ടാം വര്‍ഷം നബി ﷺ ക്ക് പലപ്പോഴും സൈന്യങ്ങളെ നിയോഗിക്കേണ്ടി വന്നിട്ടുണ്ട്. നബി ﷺ  നേരിട്ട് പങ്കെടുത്ത ചില യുദ്ധങ്ങളും ഉണ്ടായിട്ടുണ്ട്. സുപ്രധാനമായ ഇത്തരം ചരിത്ര സംഭവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില കാര്യങ്ങളെ സംബന്ധിച്ചാണ് ഇനി നാം ചര്‍ച്ച ചെയ്യുന്നത്.

അബവാഅ് യുദ്ധം

നബി ﷺ  നേരിട്ട് പങ്കെടുത്തിട്ടുള്ള, നടക്കാതെ പോയ ഒരു യുദ്ധമാണിത്. വദ്ദാന്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നു. നബി ﷺ  മദീനയില്‍ എത്തിയ ശേഷം പന്ത്രണ്ടാമത്തെ മാസത്തിന്റെ തുടക്കത്തിലായിരുന്നു ഇത് നടന്നത്. ഹംസ(റ)യാണ് പതാക വഹിച്ചിരുന്നത്. വെള്ള നിറത്തിലുള്ള പതാകയായിരുന്നു അത്. മദീനയുടെ ഉത്തരവാദിത്തം സഅ്ദ്ബ്‌നു ഉബാദ(റ)യെയാണ് നബി ﷺ  ഏല്‍പിച്ചിരുന്നത്. മുഹാജിറുകളില്‍ പെട്ട 70 ആളുകളെയും കൊണ്ടാണ് നബി ﷺ  പുറപ്പെട്ടത്. അന്‍സ്വാറുകളില്‍ പെട്ട ആരും തന്നെ ഉണ്ടായിരുന്നില്ല. ക്വുറൈശികളുടെ ഒരു കച്ചവട സംഘത്തെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. ജുഹ്ഫയുടെ വടക്കുഭാഗമായ അബവാഅ് എന്ന സ്ഥലത്തെത്തിയപ്പോള്‍ കച്ചവടസംഘം രക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. ശേഷം ബനൂളുമറക്കാരുടെ നേതാവായ മഖ്ശിയ്യുബ്‌നു അംറുദ്ദംരിയുമായി നബി ﷺ  ഒരു കരാറുണ്ടാക്കി. നിങ്ങള്‍ ഞങ്ങളോടും ഞങ്ങള്‍ നിങ്ങളോടും യുദ്ധത്തിന് വരികയില്ല, ഞങ്ങള്‍ക്കെതിരെ ആളുകളെ സംഘടിപ്പിക്കരുത്, ഞങ്ങള്‍ക്കെതിരെ ഒരു ശത്രുവിനെയും സഹായിക്കരുത് തുടങ്ങിയവയായിരുന്നു ആ കരാറിലുണ്ടായിരുന്നത്. ഈ കരാര്‍ എഴുതി രേഖപ്പെടുത്തുകയും ചെയ്തു. പതിനഞ്ചു ദിവസത്തെ യാത്രക്കു ശേഷം നബി ﷺ  മദീനയില്‍ മടങ്ങിയെത്തി.

ബുവാത്വ് യുദ്ധം

ഇതും ഒരു എറ്റുമുട്ടലില്ലാതെ കഴിഞ്ഞുപോയ സംഭവമാണ്. ഹിജ്‌റയുടെ പന്ത്രണ്ടാമത്തെ മാസം റബീഉല്‍ അവ്വലില്‍ 200 ആളുകളുമായി നബി ﷺ  പുറപ്പെട്ടു. ക്വുറൈശികളുടെ കച്ചവട സംഘത്തെ ലക്ഷ്യമിട്ടു കൊണ്ട് തന്നെയായിരുന്നു ഈ യാത്രയും. മക്കയില്‍ നബി ﷺ യെ ഏറെ പ്രയാസപ്പെടുത്തിയ ഉമയ്യത്ബ്‌നു ഖലഫ് അല്‍ജുമഹി ഈ സംഘത്തില്‍ ഉണ്ടായിരുന്നു. ഇയാള്‍ക്ക് പുറമെ ക്വുറൈശികളുടെ മറ്റു പ്രമാണിമാരായ 200 ആളുകളും അവരോടൊപ്പം 2500 ഒട്ടകങ്ങളും ഉണ്ടായിരുന്നു. യന്‍ബുഅ് പ്രദേശത്തിന് അടുത്തുള്ള ജുഹൈന മലകളിലെ ഒരു മലയായ ബുവാത്വിലേക്ക് നബി ﷺ  എത്തി. രിദവി മലയുടെ സമീപത്തായിരുന്നു ഇത്. കച്ചവട സംഘത്തെ കണ്ടു മുട്ടുകയോ യുദ്ധം ഉണ്ടാകുകയോ ചെയ്തില്ല. നബി ﷺ  മദീനയിലേക്ക് മടങ്ങി.

സഫ്‌വാന്‍ സംഭവം (ഒന്നാം ബദ്ര്‍)

കര്‍സുബ്‌നു ജാബിറുല്‍ ഫിഹ്‌രി എന്ന വ്യക്തി മേഞ്ഞുനടക്കുന്ന മൃഗങ്ങളെ ആക്രമിക്കുകയും അവയെ തെളിച്ചുകൊണ്ട് പോകുകയും ചെയ്തു. റബീഉല്‍ അവ്വല്‍ മാസത്തിലായിരുന്നു ഇത്. നബി ﷺ  ഇയാളെയും തേടി പുറപ്പെട്ടു. ബദ്‌റിന്റെ സമീപത്തുള്ള സഫ്‌വാന്‍ എന്നു പറയുന്ന താഴ്‌വരയില്‍ നബി എത്തി. പക്ഷേ, നബി ﷺ ക്ക് പിടി കൊടുക്കാതെ കര്‍സ് രക്ഷപ്പെട്ടു. നബി ﷺ  മദീനയിലേക്ക് മടങ്ങി. ഈ കര്‍സ് ഇബ്‌നു ജാബിര്‍ പിന്നീട് മുസ്‌ലിമാവുകയും മക്കാവിജയ വേളയില്‍ അദ്ദേഹം രക്തസാക്ഷിയാവുകയും ചെയ്തിട്ടുണ്ട്.

അശീറ യുദ്ധം

ഹിജ്‌റയുടെ പതിനേഴാം മാസം ജമാദുല്‍ ആഖിറിന്റെ തുടക്കത്തില്‍ മുഹാജിറുകളില്‍ നിന്നുള്ള 200 ആളുകളുമായി നബി ﷺ  പുറപ്പെട്ട യുദ്ധമാണിത്. ഈ യാത്രയിലും വെള്ള നിറത്തിലുള്ള പതാക ഹംസ ഇബ്‌നു അബ്ദുല്‍ മുത്ത്വലിബായിരുന്നു വഹിച്ചിരുന്നത്. 30 ഒട്ടകങ്ങളില്‍ മാറിമാറി യാത്ര ചെയ്തു കൊണ്ടാണ് നബി ﷺ  മുഹാജിറുകള്‍ക്കൊപ്പം പോയത്. ശാമിലേക്ക് പോകുന്ന ക്വുറൈശികളുടെ കച്ചവട സംഘത്തെ പിടികൂടലായിരുന്നു ലക്ഷ്യം. മക്കയില്‍ നിന്ന് അവര്‍ പുറപ്പെട്ടിട്ടുണ്ട് എന്ന വാര്‍ത്ത ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ദല്‍അശീറ എന്ന് പറയുന്ന സ്ഥലത്ത് അവര്‍ എത്തിച്ചേര്‍ന്നു. എന്നാല്‍ ക്വുറൈശികള്‍ ദിവസങ്ങള്‍ക്ക് മുമ്പുതന്നെ ആ സ്ഥലം വിട്ടു പോയിരുന്നു. ഈ സംഘം ശാമില്‍ നിന്നും കച്ചവടം കഴിഞ്ഞ് മടങ്ങി വരുമ്പോള്‍ അവരെ പിടികൂടുന്നതിന് വേണ്ടിയാണ് നബി ﷺ  വീണ്ടും പുറപ്പെട്ടത്. അങ്ങനെയാണ് ബദ്ര്‍ യുദ്ധം ഉണ്ടായതും. ഈ യാത്രയില്‍ നബി ﷺ  ബനൂമുദ്‌ലജ് ഗോത്രക്കാരോട് കരാറില്‍ ഏര്‍പ്പെട്ടു. ശേഷം മദീനയിലേക്ക് മടങ്ങി. യുദ്ധം ഒന്നും ഉണ്ടായില്ല.

നഖ്‌ല സൈന്യം

ഹിജ്‌റ രണ്ടാമത്തെ വര്‍ഷം അബ്ദുല്ലാഹ് ഇബ്‌നു ജഹ്ശി(റ)ന്റെ നേതൃത്വത്തില്‍ നബി ﷺ  നഖ്‌ല എന്ന പ്രദേശത്തേക്ക് മുഹാജിറുകളില്‍ പെട്ട 8 ആളുകളെ അയക്കുകയുണ്ടായി. രണ്ട് ആളുകള്‍ വീതം ഒരു ഒട്ടകത്തില്‍ മാറിമാറി കയറിയായിരുന്നു യാത്ര ചെയ്തത്. അവരുടെ പക്കല്‍ ഒരു കത്ത് എഴുതിക്കൊടുത്തു കൊണ്ട് നബി ﷺ  പറഞ്ഞു: 'യാത്ര രണ്ടു ദിവസം കഴിയുന്നതുവരെ ഈ കത്ത് തുറന്നു നോക്കരുത്.' എവിടേക്കാണ് പോകുന്നത് എന്ന് യാത്രാ സംഘത്തില്‍ പെട്ട ആര്‍ക്കും തന്നെ അറിയുമായിരുന്നില്ല. അങ്ങനെ അബ്ദുല്ല(റ)യും അദ്ദേഹത്തിന്റെ കൂടെയുള്ളവരും യാത്ര തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞ ശേഷം അവര്‍ നബി ﷺ  കൊടുത്ത കത്ത് എടുത്തു വായിച്ചു. അതില്‍ ഇപ്രകാരമാണ് ഉണ്ടായിരുന്നത്: ''ഈ കത്ത് നിങ്ങള്‍ വായിച്ചാല്‍ മക്കക്കും ത്വാഇഫിനും ഇടയ്ക്കുള്ള നഖ്‌ലയില്‍ എത്തുന്നതു വരെ നിങ്ങള്‍ യാത്ര ചെയ്യണം. അവിടെ നിങ്ങള്‍ ക്വുറൈശികളെ കാത്തു പതിസ്ഥാനത്ത് ഇരിക്കണം. അവരുടെ കാര്യങ്ങളെക്കുറിച്ച് അറിയുകയും വേണം.''

ഇത് വായിച്ചുകൊണ്ട് അബ്ദുല്ലാഹിബ്‌നു ജഹ്ശ്(റ) പറഞ്ഞു: ''ഞങ്ങള്‍ കേട്ടിരിക്കുന്നു, അനുസരിച്ചിരിക്കുന്നു.'

ശേഷം അദ്ദേഹം ആ കത്തിലുള്ള വിഷയം തന്റെ കൂടെയുള്ള സ്വഹാബികളെ അറിയിച്ചു. ആരും ആരെയും നിര്‍ബന്ധിക്കരുത് എന്നും അദ്ദേഹം പറഞ്ഞു(കത്തില്‍ അപ്രകാരം ഉണ്ടായിരുന്നു). സ്വഹാബികള്‍ എല്ലാവരും ഈ വിഷയത്തോട് യോജിക്കുകയും നബി ﷺ  നിശ്ചയിച്ച സ്ഥാനത്തേക്ക് അവര്‍ ഒന്നിച്ചു നീങ്ങുകയും ചെയ്തു. ബഹ്‌റാന്‍ പ്രദേശത്തിന് മുകളിലുള്ള മഅ്ദിന്‍ എന്ന സ്ഥലത്തെത്തിയപ്പോള്‍ സഅ്ദ് ഇബ്‌നു അബീ വക്വാസും ഉത്ബതുബ്‌നു ഗസ്‌വാനും യാത്ര ചെയ്തിരുന്ന ഒട്ടകത്തെ കാണാതായി. അവര്‍ അതിനെയും തേടി പുറപ്പെട്ടു. അബ്ദുല്ലാഹിബിനു ജഹ്ശും ബാക്കിയുള്ള ആളുകളും മുന്നോട്ട് യാത്രയാവുകയും നഖ്‌ല വരെ അവര്‍ എത്തിച്ചേരുകയും ചെയ്തു. അപ്പോള്‍ അവര്‍ക്ക് മുമ്പിലൂടെ ഉണക്കമുന്തിരിയും റൊട്ടിയും ചുമന്നുകൊണ്ട് ഒരു ക്വുറൈശി സംഘം കടന്നുപോയി. ക്വുറൈശികളില്‍ നിന്നുള്ള ഒരു കച്ചവട സംഘവും അതിലൂടെ നടന്നുപോയി. അംറുബ്‌നുല്‍ ഖദ്‌റമി, ഉസ്മാനുബ്‌നുല്‍ മുഗീറ, നൗഫലുബ്‌നുല്‍ മുഗീറ, ഹകമുബ്‌നു കൈസാന്‍ തുടങ്ങിയവര്‍ ആ കൂട്ടത്തിലോണ്ടായിരുന്നു. ഈ സംഘവുമായി ഏറ്റുമുട്ടുന്ന വിഷയത്തെ സംബന്ധിച്ച് സ്വഹാബികള്‍ പരസ്പരം കൂടിയാലോചന നടത്തി. കാരണം പവിത്ര മാസങ്ങളില്‍ പെട്ട റജബിലെ അവസാന ദിവസത്തിലായിരുന്നു അവര്‍. എന്നാല്‍ ഈ സംഘത്തെ ഇതേ അവസ്ഥയില്‍ വിട്ടാല്‍ അവര്‍ രാത്രിയോട് കൂടി ഹറം പ്രദേശത്ത് പ്രവേശിക്കുകയും ചെയ്യും. അതും അവര്‍ക്ക് ഒരു അഭയ കേന്ദ്രമായി മാറും. അങ്ങനെ അവര്‍ സ്വയം ധൈര്യംകൊള്ളുകയും അവരുമായി ഏറ്റുമുട്ടുവാനും അവരുടെ പക്കലുള്ള സമ്പത്ത് പിടിച്ചെടുക്കുവാനും ഏകോപിച്ചു തീരുമാനിക്കുകയും ചെയ്തു. അതോടെ വാഖിദുബ്‌നു അബ്ദുല്ല(റ) അംറുബ്‌നുല്‍ ഖദ്‌റമിയെ അമ്പെയ്തു കൊലപ്പെടുത്തി. ഉസ്മാന്‍ ഇബ്‌നു മുഗീറ, ഹകമുബ്‌നു കൈസാന്‍ തുടങ്ങിയവരെ ബന്ധികളാക്കി. നൗഫല്‍ രക്ഷപ്പെടുകയും ചെയ്തു. അബ്ദുല്ലാഹിബ്‌നു ജഹ്ശ് തന്റെ അനുചരന്‍മാരോടൊപ്പം കച്ചവട ചരക്കുകളും ബന്ധികളെയും കൂട്ടി മദീനയില്‍ പ്രവാചകന്റെ അടുക്കലേക്ക് മടങ്ങിയെത്തി.

നബി ﷺ  അവരോട് പറഞ്ഞു: 'പവിത്ര മാസത്തില്‍ അവരോട് യുദ്ധം ചെയ്യാന്‍ കല്‍പിക്കപ്പെട്ടിട്ടില്ലല്ലോ.'

കച്ചവടച്ചരക്കുകളും ബന്ദികളെയും സ്വീകരിക്കാന്‍ നബി ﷺ  വിസമ്മതം കാണിച്ചു. ഇവര്‍ നാശത്തില്‍ അകപ്പെട്ടു എന്ന് ആളുകള്‍ കരുതി. അവര്‍ ചെയ്ത പ്രവര്‍ത്തനത്തിന്റെ പേരില്‍ മുസ്‌ലിംകള്‍ അവരെ ആക്ഷേപിക്കുകയും ചെയ്തു. മുഹമ്മദും അനുയായികളും പവിത്ര മാസങ്ങളെ അനുവദനീയമാക്കിയിരിക്കുന്നു എന്നും പവിത്ര മാസത്തില്‍ രക്തം ചിന്തുകയും സമ്പത്ത് കൊള്ളയടിക്കുകയും ആളുകളെ ബന്ദികളാക്കുകയും ചെയ്തിരിക്കുന്നു എന്നും ക്വുറൈശികള്‍ പറയാന്‍ തുടങ്ങി. എല്ലാവരും ഇത് ഏറ്റുപിടിക്കാന്‍ തുടങ്ങിയപ്പോള്‍ അല്ലാഹു ഈ വചനങ്ങള്‍ അവതരിപ്പിച്ചു:

 ''വിലക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ നിന്നോട് ചോദിക്കുന്നു. പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും അവനില്‍ അവിശ്വസിക്കുന്നതും മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെ അടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലയെക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍ നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായിക്കൊണ്ട് മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും. വിശ്വസിക്കുകയും സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ'' (അല്‍ബക്വറ: 217, 218).

ഇതോടെ മുസ്‌ലിംകളെ ബാധിച്ച വിഷമം അല്ലാഹു നീക്കംചെയ്തു. കച്ചവടച്ചരക്കുകളെയും ബന്ദികളെയും നബി ﷺ  സ്വീകരിച്ചു. ശേഷം സഅ്ദും ഉത്ബയും മദീനയിലേക്ക് തിരിച്ചുവന്നു. ബന്ദികളില്‍ ഒരാളായിരുന്ന ഹകമുബ്‌നു കൈസാന്‍ ഇസ്‌ലാം സ്വീകരിച്ചു. രണ്ടാമത്തെ ബന്ദിയായിരുന്ന ഉസ്മാന്‍ ഇബ്‌നു മുഗീറയെ മക്കയിലേക്ക് വിടുകയും അവിടെ വച്ച് അയാള്‍ സത്യനിഷേധിയായി മരിക്കുകയും ചെയ്തു.

നഖ്‌ലയിലേക്കുള്ള നബി ﷺ യുടെ ഈ മുന്നേറ്റത്തില്‍ സംഭവിച്ച കാര്യങ്ങള്‍ കണ്ടപ്പോള്‍ ക്വുറൈശികള്‍ക്ക് ഭയം തോന്നി. കാരണം വടക്കുഭാഗത്തുള്ള അവരുടെ കച്ചവട കേന്ദ്രമായ ശാമിലേക്കും തെക്കു ഭാഗത്തുള്ള യമനിലേക്കും കച്ചവടത്തിന് വേണ്ടിയുള്ള യാത്രകള്‍ അവര്‍ക്ക് അപകടത്തിന്റെതായി മാറി. എല്ലാ മേഖലകളിലൂടെയും കച്ചവടത്തിന് വേണ്ടിയുള്ള തങ്ങളുടെ യാത്രകളെ മുസ്‌ലിംകള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന് മക്കയിലെ നിഷേധികള്‍ക്ക് ബോധ്യപ്പെട്ടു. തങ്ങള്‍ എപ്പോഴും ഭീഷണിക്ക് വിധേയരാണ് എന്നും അവര്‍ തിരിച്ചറിഞ്ഞു. പക്ഷേ, കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായിട്ടും മുസ്‌ലിംകളുമായി സന്ധിയിലാകുന്നതിനു പകരം തങ്ങളുടെ നിഷേധങ്ങളിലും മുസ്‌ലിംകളെ അവരുടെ നാട്ടില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നതിലും അവര്‍ ശഠിച്ചു നിന്നു.

''അവര്‍ അവരുടെ വായ്‌കൊണ്ട് അല്ലാഹുവിന്റെ പ്രകാശം കെടുത്തിക്കളയാനാണ് ഉദ്ദേശിക്കുന്നത്. സത്യനിഷേധികള്‍ക്ക് അനിഷ്ടകരമായാലും അല്ലാഹു അവന്റെ പ്രകാശം പൂര്‍ത്തിയാക്കുന്നവനാകുന്നു''(അസ്സ്വഫ്ഫ്: 8).

ഉടമ്പടികള്‍

ചില ഗോത്രങ്ങളുമായി നബി ﷺ  ഉടമ്പടി ഉണ്ടാക്കി എന്ന് മുമ്പ് നാം സൂചിപ്പിച്ചുവല്ലോ. അതിനു പുറമെ വേറെയും ചില ഗോത്രങ്ങളുമായും നബി ﷺ  ഈ കാലയളവില്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ട്. കരാറിലേര്‍പെട്ട ഒരാളോടും നബി ﷺ  വഞ്ചന കാണിച്ചിട്ടില്ല. ഒരു ഭാഗത്തിലൂടെ അവര്‍ക്ക് നിര്‍ഭയത്വം ഉറപ്പുവരുത്തിക്കൊടുത്തപ്പോള്‍ മറ്റൊരു ഭാഗത്തിലൂടെ അവരെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങള്‍ക്കെതിരെ വല്ലവരും യുദ്ധത്തിനു വന്നാല്‍ നമുക്ക് ഒന്നിച്ച് പോരാടണം എന്ന കരാറും പല ഗോത്രങ്ങളുമായി നബി ﷺ  ഉണ്ടാക്കിയിട്ടുണ്ട്. പല കരാറുകളും ഗോത്രങ്ങള്‍ക്ക് എഴുതി അയക്കുകയായിരുന്നു. അതില്‍ അവര്‍ക്കുള്ള ഉപദേശ നിര്‍ദേശങ്ങളും അടങ്ങിയിരുന്നു. ഗഫ്ഫാര്‍ ഗോത്രം, നഈമുബ്‌നു മസ്ഊദ് അല്‍അശ്ജഈ, ബുദൈല്‍ ഇബ്‌നു വറഖാഅ്, ബുസ്ര്‍ തുടങ്ങിയവരാണ് നബി ﷺ  കരാര്‍ എഴുതിയ ഗോത്രങ്ങളിലെ പ്രമുഖരായ ആളുകള്‍.

ക്വിബ്‌ല മാറ്റം

മക്കയിലായിരിക്കെ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നബി ﷺ  നമസ്‌കരിച്ചിരുന്നത്. അപ്പോഴും കഅ്ബ നബിയുടെ മുന്നില്‍ തന്നെയായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴും ബൈതുല്‍ മുക്വദ്ദസ് തന്നെയായിരുന്നു ക്വിബ്‌ല. 16 മാസത്തിലധികം ഈ അവസ്ഥ തുടര്‍ന്നു. തന്റെ പൂര്‍വ പിതാവായ ഇബ്‌റാഹീം നബി(അ)യുടെ ക്വിബ്‌ലയായ കഅ്ബയിലേക്കു മാറിക്കിട്ടാന്‍ ധാരാളമായി നബി ﷺ പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം റജബിന്റെ പകുതിയില്‍ മസ്ജിദുല്‍ ഹറാമിലേക്ക് ക്വിബ്‌ല മാറ്റുവാനുള്ള അല്ലാഹുവിന്റെ കല്‍പനയുണ്ടായി. ബര്‍റാഅ്ബിന്‍ ആസിബ്(റ) പറയുന്നു: 'ഞങ്ങള്‍ നബി ﷺ യോടൊപ്പം ബൈതുല്‍ മുക്വദ്ദസിലേക്ക് മുന്നിട്ട് പതിനാറോ പതിനേഴോ മാസം നമസ്‌കരിച്ചു. ശേഷം ഞങ്ങള്‍ കഅ്ബയിലേക്ക് തിരിക്കപ്പെട്ടു' (ബുഖാരി: 40, മുസ്‌ലിം: 525).

കഅ്ബയിലേക്ക് ക്വിബ്‌ല മാറിക്കിട്ടാന്‍ നബി ﷺ  ഏറെ ഇഷ്ടപ്പെട്ടിരുന്നു. മക്കയിലായിരിക്കെ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിയുമ്പോള്‍ തന്നെയും ഇടയില്‍ കഅ്ബ ഉണ്ടായിരുന്നു. അത്‌കൊണ്ടു തന്നെ രണ്ടു ക്വിബ്‌ലയും അന്ന് ലഭിച്ചിരുന്നു.

ഇബ്‌നു അബ്ബാസ്(റ) പറയുന്നു: 'നബി ﷺ  മക്കയിലായിരിക്കെ ബൈത്തുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിച്ചിരുന്നത്. കഅ്ബ നബിയുടെ മുമ്പിലായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയതിനു ശേഷം16 മാസം അതേ അവസ്ഥ തുടരുകയും പിന്നീട് കഅ്ബയിലേക്ക് തിരിക്കപ്പെടുകയും ചെയ്തു'' (അഹ്മദ്: 2991).

മദീനയില്‍ എത്തിയതിനു ശേഷം രണ്ട് ക്വിബ്‌ലയെയും ഒന്നിപ്പിച്ച് നമസ്‌കരിക്കാന്‍ സാധിച്ചില്ല. അതു കൊണ്ടു തന്നെ നബി ﷺ  നിരന്തരമായി പ്രാര്‍ഥിക്കുകയും ക്വിബ്‌ല മാറ്റത്തില്‍ പ്രതീക്ഷിച്ച് ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് അല്ലാഹു ഈ ആയത്ത് അവതരിപ്പിക്കുന്നത്:

''(നബിയേ,) നിന്റെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ നിനക്ക് ഇഷ്ടമാകുന്ന ഒരു ക്വിബ്‌ലയിലേക്ക് നിന്നെ നാം തിരിക്കുകയാണ്. ഇനിമേല്‍ നീ നിന്റെ മുഖം മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് നിങ്ങള്‍ മുഖം തിരിക്കേണ്ടത്...''(അല്‍ബക്വറ: 144).

കഅ്ബയിലേക്ക് ക്വിബ്‌ല മാറ്റുവാനുള്ള കല്‍പന ലഭിച്ചതിനുശേഷം ആദ്യമായിക്കൊണ്ട് നബി ﷺ നമസ്‌കരിച്ചത് അസ്വ്ര്‍ ആയിരുന്നു. ക്വുബാഇലുള്ള ആളുകള്‍ക്ക് ക്വിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിക്കുന്നത് അടുത്ത ദിവസം സ്വുബ്ഹിക്കാണ്. ശാമിലേക്ക് തിരിഞ്ഞ് നമസ്‌കരിച്ചുകൊണ്ടിരിക്കെ ക്വിബ്‌ല മാറ്റത്തെ കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ അവരും കഅ്ബയിലേക്ക് തിരിയുകയുണ്ടായി.(ബുഖാരി: 403, മുസ്‌ലിം: 526).

ക്വിബ്‌ല മാറ്റം സംഭവിച്ചതിനു ശേഷം സത്യനിഷേധികളും കപട വിശ്വാസികളും ജൂതന്മാരും 'നിങ്ങള്‍ നിലവിലുണ്ടായിരുന്ന ക്വിബ്‌ലയില്‍ നിന്നും എന്തു കൊണ്ടാണ് മാറിയത്' എന്ന് ചോദിക്കും എന്ന് അല്ലാഹു പ്രവാചകനെ അറിയിച്ചു. അവര്‍ അപ്രകാരം പറയുകയും ചെയ്തു. അല്ലാഹു പറയുന്നു:

''ഇവര്‍ ഇതുവരെ (പ്രാര്‍ഥനാവേളയില്‍) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ തിരിച്ചുവിട്ട കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ,) പറയുക: അല്ലാഹുവിന്റെത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു'' (അല്‍ബക്വറ: 142).

എന്നാല്‍ മുസ്‌ലിംകള്‍ പരസ്പരം ഇപ്രകാരം പറയുകയുണ്ടായി: 'നമ്മള്‍ ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു നിര്‍വഹിച്ച നമസ്‌കാരത്തിന്റെ അവസ്ഥയെന്താണ്? ബൈതുല്‍ മുക്വദ്ദസിലേക്ക് തിരിഞ്ഞു കൊണ്ട് നമസ്‌കരിച്ച് നമ്മില്‍ നിന്നും മരണപ്പെട്ടുപോയ ആളുകളുടെ അവസ്ഥ എന്താണ്?'

അപ്പോള്‍ അല്ലാഹു ഈ ആയത്ത് അവതരിപ്പിച്ചു: ''അപ്രകാരം നാം നിങ്ങളെ ഒരു ഉത്തമ സമുദായമാക്കിയിരിക്കുന്നു. നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു നീ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ക്വിബ്‌ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ക്വിബ്‌ല മാറ്റം) ഒരു വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു'' (അല്‍ബക്വറ: 143).

ആദ്യം ബൈതുല്‍ മുക്വദ്ദസിനെ ക്വിബ്‌ലയായി നിശ്ചയിച്ചതിലും ശേഷം അത് കഅ്ബയിലേക്ക് മാറ്റിയതിലും വലിയ യുക്തി അടങ്ങിയിട്ടുണ്ട്. മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും കപട വിശ്വാസികള്‍ക്കും അതൊരു പരീക്ഷണമായിരുന്നു. നല്ലതില്‍ നിന്ന് ചീത്തയെ വേര്‍തിരിക്കുവാനും മുഹമ്മദ് നബി ﷺ യെ ആര് പിന്‍പറ്റുന്നു എന്ന് അറിയുവാനും തന്റെ അടിമകളില്‍ അല്ലാഹു നടത്തിയ പരീക്ഷണമായിരുന്നു അത്. എന്നാല്‍ ക്വിബ്‌ല മാറ്റം സംഭവിച്ചതോടു കൂടി പല തരത്തിലുള്ള സംസാരങ്ങളാണ് പ്രകടമാകാന്‍ തുടങ്ങിയത്. മുസ്‌ലിംകളായിട്ടുള്ളവര്‍ പറഞ്ഞു: 'ഞങ്ങളിതാ കേട്ടിരിക്കുന്നു. ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു.' അവരാണ് അല്ലാഹുവില്‍ നിന്നുമുള്ള നേര്‍മാര്‍ഗം ലഭിച്ചവര്‍. എന്നാല്‍ മുശ്‌രിക്കുകള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: 'മുഹമ്മദ് നമ്മുടെ ക്വിബ്‌ലയിലേക്ക് മടങ്ങിയത് പോലെ നമ്മുടെ പഴയ മതത്തിലേക്കും അവന്‍ മടങ്ങും എന്നാണ് തോന്നുന്നത്. നമ്മുടെ ക്വിബ്‌ലയാണ് സത്യം എന്നത് കൊണ്ട് തന്നെയാണ് മുഹമ്മദ് അതിലേക്ക് മടങ്ങിയത്.' ജൂതന്‍മാര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: 'മുഹമ്മദ് തനിക്ക് മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്‍മാരുടെ ക്വിബ്‌ലയില്‍ നിന്നും മാറിയിരിക്കുന്നു. മുഹമ്മദ് യഥാര്‍ഥ നബി ആയിരുന്നുവെങ്കില്‍ മുന്‍കഴിഞ്ഞ നബിമാരുടെ ക്വിബ്‌ലയിലേക്ക് തിരിഞ്ഞുകൊണ്ടായിരുന്നു നമസ്‌കരിക്കേണ്ടിയിരുന്നത്.' കപട വിശ്വാസികള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: 'എവിടേക്ക് തിരിഞ്ഞു കൊണ്ടാണ് നമസ്‌കരിക്കേണ്ടത് എന്നു തന്നെ മുഹമ്മദിന് അറിയുകയില്ല. ആദ്യം തിരിഞ്ഞിരുന്ന ഭാഗമാണ് ശരിയെങ്കില്‍ ആ ശരി ഇപ്പോള്‍ മുഹമ്മദ് ഉപേക്ഷിച്ചു. ഇനി അതല്ല ഇപ്പോള്‍ അവന്‍ തിരിഞ്ഞ ക്വിബ്‌ലയാണ് ശരിയെങ്കില്‍ ആദ്യം മുഹമ്മദ് അസത്യത്തില്‍ ആയിരുന്നു.' ഇങ്ങനെ വിവരമില്ലാത്ത പല ആളുകളും പലതും പറഞ്ഞുകൊണ്ടിരുന്നു.

മുസ്‌ലിം ലോകത്തിന് ഏറ്റവും യോജിച്ച നിലക്കുള്ള ക്വിബ്‌ല തന്നെയാണ് അല്ലാഹു നിശ്ചയിച്ചിട്ടുള്ളത്. അവര്‍ തന്നെയാണ് ആ ക്വിബ്‌ലക്ക് അര്‍ഹരായിട്ടുള്ളതും. ഏറ്റവും ഉത്തമ സമുദായത്തിന് ഏറ്റവും നല്ല ക്വിബ്‌ല തന്നെ നല്‍കണമല്ലോ.

''മനുഷ്യവംശത്തിനു വേണ്ടി രംഗത്ത് കൊണ്ടുവരപ്പെട്ട ഉത്തമസമുദായമാകുന്നു നിങ്ങള്‍. നിങ്ങള്‍ സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും അല്ലാഹുവില്‍ വിശ്വസിക്കുകയും ചെയ്യുന്നു...''(ആലു ഇംറാന്‍: 110).