ഫുട്ബോള്‍ മീറ്റിംഗും കുട്ടികള്‍ സമൂഹത്തിന് നല്‍കുന്ന സന്ദേശവും

നബീല്‍ പയ്യോളി

2019 നവംബര്‍ 23 1441 റബിഉല്‍ അവ്വല്‍ 26

കാല്‍പന്തുകളിയെ നെഞ്ചോട് ചേര്‍ത്ത മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ഫുട്ബോള്‍ വാങ്ങാന്‍ മീറ്റിംഗ് നടത്തിയ കുട്ടികളുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത് നാം കണ്ടു. വലിയ പ്രതികരണങ്ങളാണ് ഈ വീഡിയോക്ക് സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിന്ന് ലഭ്യമായത്. അവര്‍ക്ക് ഫുട്ബോളും ജേഴ്സിയും വാങ്ങാനുള്ള സഹായഹവാഗ്ദാനങ്ങളുമായി പലരും മുന്നോട്ട് വന്നു. സമൂഹത്തിലെ നല്ല മനസ്സുകള്‍ എപ്പോഴും ഇത്തരം നന്മകളെ പ്രോത്സാഹിപ്പിക്കാനും അവര്‍ക്ക് തണല്‍ നല്‍കാനും കൂടെയുണ്ടാവാറുണ്ട്. അതിനപ്പുറം ഏവരെയും ചിന്തിപ്പിക്കുന്ന ഒരുപാട് സന്ദേശങ്ങള്‍ ആ വീഡിയോയിലൂടെ കൊച്ചു കൂട്ടുകാര്‍ ലോകത്തിന് സമ്മാനിക്കുന്നുണ്ട്. പണവും തറവാടിത്തവും കുലമഹിമയും സ്മാര്‍ട്ട്‌ഫോണുകളും തീര്‍ത്ത അപകര്‍ഷതയുടെ തടവറയില്‍ നിന്നും നിഷ്‌കളങ്ക ഗ്രാമീണ ബാല്യത്തിന്റെ നേര്‍ക്കാഴ്ചയാണ് ആ കുരുന്നുകള്‍. മണ്ണിന്റെ മണമറിഞ്ഞ് കൂട്ടുകാരുടെ ഒത്തുചേരല്‍. കാല്‍പന്തുകളിയെന്ന കായിക വിനോദത്തിനപ്പുറം സ്‌നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും മാതൃക സമ്മാനിക്കുകയാണവര്‍.

പിള്ള മനസ്സില്‍ കളങ്കമില്ലെന്ന ആപ്തവാക്യത്തിന്റെ നേര്‍ക്കാഴ്ചയാണ് അവര്‍ സമ്മാനിച്ചത്. മതവും ജാതിയും വര്‍ഗ, വര്‍ണ വെറികളും തീര്‍ത്ത മതില്‍ക്കെട്ടുകള്‍ നാടിന്റെ സമാധാനത്തിന് വെല്ലുവിളിയാകുന്ന ഇന്നിന്റെ ലോകത്ത് നാട്ടുകാര്‍, അയല്‍വാസികള്‍ എന്ന മാനുഷിക വികാരത്തെ അവര്‍ വരച്ചു കാണിക്കുന്നു. അയല്‍വാസികളും മനുഷ്യരാണ്. അവരോട് ആ നിലയ്ക്കുള്ള അടുപ്പം കാണിച്ച് ജീവിക്കേണ്ടവരാണ് നാം എല്ലാവരും. നമ്മെ വരിഞ്ഞു മുറുകിയ അപകര്‍ഷതയുടെ വേലിക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു ഗ്രാമീണ സ്‌നേഹത്തിന്റെ രുചി ആസ്വദിക്കാന്‍ അവര്‍ നമ്മോട് പറയുന്നു. വര്‍ഗീയ ശക്തികള്‍ ഇടം തിരയുന്ന വര്‍ത്തമാന സാഹചര്യത്തില്‍ നമ്മുടെ നാട് ഇത് ആവശ്യപ്പെടുന്നു. പരസ്പരം അറിഞ്ഞും കൊണ്ടും കൊടുത്തും മാനുഷിക മൂല്യങ്ങള്‍ കത്തുസൂക്ഷിക്കുന്ന ആത്മാര്‍ഥ ബന്ധങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താന്‍ ഒരു കുടില തന്ത്രജ്ഞനും സാധ്യമല്ല.

ഏകാധിപത്യത്തിന്റെ കരാളഹസ്തങ്ങള്‍ നമ്മുടെ നാടിനെ വരിഞ്ഞു മുറുക്കുമോ എന്ന ഭീതിയില്‍ കഴിയുമ്പോള്‍ ആ സെക്രട്ടറിയും പ്രസിഡന്റും ആവര്‍ത്തിച്ചു ചോദിക്കുന്നു; 'ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടോ, അഭിപ്രായങ്ങള്‍ ഉണ്ടോ' എന്ന്! എത്ര മനോഹരമാണ് ആ കാഴ്ച! രാഷ്ടത്തിന്റെയും സാമൂഹ്യ സംഘടനകളുടെയും സംവിധാനങ്ങളുടെയും നേതൃത്വം വഹിക്കുന്നവര്‍ ഇങ്ങനെയായെങ്കില്‍ എന്ന് നാം കൊതിച്ചു പോകുന്നു. ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായാനും അവരെ കൂടെ നിര്‍ത്തതാനും ആ കുരുന്നുകള്‍ നമ്മോട് പറയുന്നു. സാധ്യമാണെന്ന് അവര്‍ കാണിച്ചു തരുന്നു. ഐക്യകണ്ഠമായ കയ്യടി നല്‍കുന്ന കുളിര്‍മ വിവരണാതീതമാണ്.

കാല്‍പന്തു കളിയില്‍ പന്തുമായി എതിര്‍ ടീമിന് നേരെ കുതിക്കുന്ന കളിക്കാരനെ പോലെ പ്രധാനമാണ് ഗോളിയും. എതിര്‍ ടീമില്‍ നിന്ന് പറന്നു വരുന്ന പന്തിനെ തടുത്ത് നിര്‍ത്തി തങ്ങളുടെ ഗോള്‍വല കുലുങ്ങാതിരിക്കാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തുന്ന ഗോളിയെ ആദരിച്ചതും മനോഹരമായി. സമൂഹത്തിലെ ഓരോ അംഗങ്ങള്‍ക്കും അവരുടെതായ ഭാഗധേയം നിര്‍വഹിക്കാനുണ്ടെന്നും അവര്‍ പരിഗണിക്കപ്പെടേണ്ടവരും ആദരിക്കപ്പെടേണ്ടവരും ആണെന്നുമല്ലേ അത് നല്‍കുന്ന സന്ദേശം? ടീമിന്റെ ഒന്നിച്ചുള്ള പ്രയത്‌നമാണ് അവരുടെ വിജയത്തിന് നിദാനം. ഈ സന്ദേശം കുടുംബത്തിലും സമൂഹത്തിലും സംഘടനകളിലും ജോലിസ്ഥലങ്ങളിലും പൊതു ഇടങ്ങളിലും അടക്കം നാം ഇടപഴകുന്ന മുഴുവന്‍ മേഖലയിലും നടപ്പിലാക്കിയാല്‍ എത്ര നന്നായിരുന്നു!

ഇനി ആര്‍ക്കെങ്കിലും അഭിപ്രായങ്ങള്‍ പറയാനുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി എണീറ്റ് വന്ന കൊച്ചു കൂട്ടുകാരന്‍ സംസാരിക്കുവാന്‍ പ്രയാസപ്പെടുന്നു; മറ്റുള്ളവര്‍ ചിരിക്കുന്നു. അതാ, ഉടന്‍ സെക്രട്ടറിയുടെ ഇടപെടല്‍! 'അവന് സംസാരിക്കാന്‍ അല്‍പം പ്രയാസമുണ്ട്. അഭിപ്രായങ്ങള്‍ ചോദിച്ചപ്പോള്‍ അവനല്ലേ ആദ്യം വന്നത്.' ആ സന്നദ്ധതയെ പ്രോത്സാഹിപ്പിക്കണം. നോക്കൂ കൂടെയുള്ളവന്റെ പ്രയാസങ്ങള്‍ മനസ്സിലാക്കാനും അവനെ പ്രോത്സാഹിപ്പിക്കാനും ആ നിഷ്‌കളങ്ക മനസ്സിന് കഴിഞ്ഞിരിക്കുന്നു. പ്രയാസമനുഭവിക്കുന്നവരെ പ്രോത്സാഹിപ്പിക്കാനും മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്താനും അവര്‍ക്ക് താങ്ങും തണലുമാകാനും നമ്മില്‍ എത്രപേര്‍ക്ക് സാധിക്കാറുണ്ട്? അത്തരക്കാര്‍ അവഗണിക്കപ്പെടുകയോ അപമാനിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ചേര്‍ത്ത് നിര്‍ത്താന്‍ നമുക്ക് സാധ്യമാവാറുണ്ടോ? ആ കുരുന്നുകള്‍ക്ക് മുന്നില്‍ നാം ചെറുതായിപ്പോകുന്നില്ലേ? നമ്മുടെ അഹന്ത അതിനല്ലേ നമ്മെ പ്രാപ്തമാക്കിയിട്ടുള്ളത്?

ജങ്ക് ഫുഡ്‌സും സ്വീറ്റ്സും പണവും ആരോഗ്യവും കവരുമ്പോള്‍ നമുക്ക് ക്രിയാത്മകമായ മേഖലയിലേക്ക് ആ പണം മാറ്റിവയ്ക്കാന്‍ സാധിക്കണം എന്നതും അവര്‍ നല്‍കുന്ന സന്ദേശമാണ്. പണം ചെലവഴിക്കേണ്ടവര്‍ മാത്രമല്ല ന്യുജെന്‍, മറിച്ച് സമ്പാദ്യ ശീലം വളര്‍ത്തിയെടുക്കുകയും അത് ക്രിയാത്മകമായ മേഖലയില്‍ ഉപയോഗപ്പെടുത്താനും അവര്‍ക്ക് സാധിക്കേണ്ടതുണ്ടെന്ന് കുട്ടികള്‍ പറയാതെ പറയുന്നു. എത്ര മനോഹരവും ചിന്തോദ്ദീപകവുമായ നിര്‍ദേശം! കുടുംബത്തിന്റെ സാമ്പത്തിക നിലവാരം അനുസരിച്ചല്ല കൂടെയുള്ളവര്‍ പരിഗണിക്കപ്പെടേണ്ടതെന്നും മറിച്ച് എല്ലാവരുടെയും ഭാഗധേയം നിര്‍വഹിക്കാനുള്ള അവസരം നല്‍കേണ്ടതുണ്ടെന്നും അവര്‍ നമ്മോട് പറയുന്നു. കുട്ടികള്‍ക്ക് അമിതമായി പണം നല്‍കി അവരെ തിന്മകളിലേക്ക് തള്ളിവിടുന്ന മാതാപിതാക്കള്‍ക്കും ഇത് വെളിച്ചമാവേണ്ടതുണ്ട്.

എല്ലാറ്റിനും ഉപരി ഒരു മനുഷ്യന്റെ വളര്‍ച്ചയും വികാസവും സാമൂഹിക, ബൗദ്ധിക, വൈകാരിക തലങ്ങളില്‍ ഉള്ളതാണ്. ഇത് മൂന്നും ഒരേപോലെ പരിഗണിക്കപ്പെടുകയും പ്രോത്സാഹിപ്പിക്കപ്പെടുകയും വേണ്ടതണ്. ഏതെങ്കിലും ഒരു ഘടകത്തോട് നാം പുലര്‍ത്തുന്ന അമിത പരിഗണന അയാളുടെ വ്യക്തിവൈകല്യത്തിന് കാരണമാകും. പലപ്പോഴും നമ്മുടെ സമൂഹം കുട്ടികളുടെ ബൗദ്ധിക നിലവാരത്തെ കുറിച്ചു മാത്രമാണ് ആശങ്കപ്പെടാറുള്ളത്. അതിന്റെ വളര്‍ച്ചക്ക് വേണ്ടി കിണഞ്ഞു പരിശ്രമിക്കും. ഫലമോ അവന്റെ വൈകാരിക സാമൂഹിക തലങ്ങള്‍ ദുര്‍ബലമാവും. അത്‌കൊണ്ട് തന്നെ അവന്റെ വൈകല്യങ്ങള്‍ സമൂഹത്തിന് വലിയ നഷ്ടങ്ങള്‍ വരുത്തിവയ്ക്കും. അയാള്‍ വിദ്യാസമ്പന്നനല്ലേ, എന്നിട്ടും എങ്ങനെയീ ക്രൂരത ചെയ്തു എന്ന് നാം പലപ്പോഴും ചോദിക്കാറുണ്ട്. ഉത്തരം ലളിതം. അവന്റെ വൈകാരിക, സാമൂഹിക വളര്‍ച്ചയില്‍ ചുറ്റുമുള്ളവര്‍ ശ്രദ്ധിച്ചില്ല. അല്ലെങ്കില്‍ ആ തലങ്ങള്‍ അവഗണിക്കപ്പെട്ടു. വിദ്യാസമ്പന്നര്‍ ചെയ്യുന്ന അഴിമതിയും ക്രൂരകൃത്യങ്ങളും സമൂഹദ്രോഹ നടപടികളും ഈ അവഗണനയുടെ പരിണിത ഫലമാണ്. നടേ സൂചിപ്പിച്ച മൂന്ന് തലങ്ങളും ഒരേപോലെ പരിഗണിക്കുക മാത്രമാണ് ഇത്തരം ദുരന്തങ്ങള്‍കുളള പരിഹാരം. അതിനുള്ള അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സമൂഹം തയ്യാറാവണം. മാര്‍ക്ക് ഷീറ്റുകളിലെ സംഖ്യാവലിപ്പം അഭിമാനമായി കാണുന്നവരാണ് മലയാളികള്‍. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ പോരായ്മയും അത് തന്നെ. ഒരു വിദ്യാര്‍ഥിയുടെ കഴിവുകള്‍ വളര്‍ത്തിയെടുക്കാനും അവന്റെ വൈകാരിക, സാമൂഹിക തലങ്ങളിലെ വളര്‍ച്ചക്ക് ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കനും ഭരണകൂടവും സമൂഹവും തയ്യാറാവണം. വ്യത്യസ്ത കഴിവുകളുള്ളവരെ തങ്ങളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് കെട്ടിയിട്ടു കളയാം എന്ന ചിന്ത നന്നല്ല. അവരുടെ കഴിവുകള്‍ കണ്ടെത്താനും അത് വളര്‍ത്തിയെടുക്കാനുമാണ് അധ്യാപകരും രക്ഷിതാക്കളും അടക്കമുള്ളവരും സമൂഹവും ചെയ്യേണ്ടത്. ക്ലാസ്മുറികളെക്കാള്‍ മനോഹരമായ കളിയിടങ്ങളും സാമൂഹ്യ പരിസരവും അറിവിന്റെ കേദാരമാണ്. അത് ഉപയോഗപ്പെടുത്തിന്നിടത്താണ് നാം വിജയിക്കുന്നത്. പുസ്തകത്താളുകള്‍ക്കപ്പുറം അനുഭവങ്ങള്‍ സമ്മാനിക്കുന്ന പാഠങ്ങളാണ് കുട്ടികളുടെ ബുദ്ധിപരമായ വളര്‍ച്ചയെ സ്വാധീനിക്കുക.

പരിഗണിക്കപ്പെടേണ്ടതിനെ അവഗണിച്ചാല്‍ അതുണ്ടാക്കുന്ന ദുരന്തങ്ങളാണ് ദിനേന പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ നേടുവീര്‍പ്പോടെ നാം വായിച്ചും കണ്ടും കേട്ടും തള്ളുന്നത്. അതിന്റെ ഇരകള്‍ നമ്മളൊക്കെയാണല്ലോ എന്നത് നമ്മെ ആശങ്കപ്പെടുത്താറുമില്ല. പരിഹാരങ്ങളെ കുറിച്ച് ആലോചിക്കാന്‍ പൊതു സമൂഹം കാണിക്കുന്ന വൈമനസ്യം വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകും. നാം വീട്ടില്‍ തീര്‍ത്ത തടവറകളില്‍ നിന്നും പുതുതലമുറയെ മോചിപ്പിക്കണം. അവര്‍ക്ക് സൗഹൃദം കൂടാനും കളിക്കാനും നാടിനെയും നാട്ടുകാരെയും അയല്‍പക്കങ്ങളെയും കൂട്ടുകാരെയും അറിയാനും അനുഭവിക്കാനും ആസ്വദിക്കാനും അവസരങ്ങള്‍ ഉണ്ടാവണം. പുസ്തകപ്പുഴുക്കളായി ജീവിച്ചാല്‍ അവര്‍ സമൂഹത്തിലേക്ക് ഇറങ്ങുമ്പോള്‍ യാഥാര്‍ഥ്യങ്ങളുടെ മുന്നില്‍ വിറങ്ങലിച്ചു പോകും. അന്തര്‍മുഖരായി മാറും. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കായി എന്തും ചെയ്യാന്‍ തയ്യാറാകും. അതിന്റെ കാരണക്കാരായി നാം മാറരുത്.  

നാട്ടിന്‍ പുറങ്ങളിലെ നന്മയും സഹവര്‍ത്തിത്വവും നിഷ്‌കളങ്ക സ്‌നേഹവും ഈ കുഞ്ഞുങ്ങള്‍ നമുക്ക് മുന്നില്‍ വരച്ചു കാണിക്കുന്നു. മൊബൈല്‍ ഫോണുകളും സാമ്പത്തിക ഭദ്രതയും ന്യുജെന്‍ എന്ന ഓമനപ്പേരില്‍ നാം വിളിക്കുന്ന പുതുതലമുറയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ടിക്‌ടോക്കും മൊബൈല്‍ ഗൈമുകളും പോണോഗ്രഫിയും ലഹരിവസ്തുക്കളുമൊക്കെ അവരുടെ സമയവും സമ്പത്തും ആരോഗ്യവും കവര്‍ന്നെടുക്കുകയാണ്. ക്രിയാത്മകമായ ഇടപെടലുകള്‍ക്ക് മാത്രമെ ഇത്തരം ദുരന്തങ്ങളില്‍ നിന്ന് അവരെ മോചിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. കളിയും വിനോദവും ആത്മാര്‍ഥ സൗഹൃദങ്ങളുടെ ഇടങ്ങളും വീണ്ടെടുക്കേണ്ടതുണ്ട്.

കുട്ടികള്‍ മണ്ണിലിറങ്ങട്ടെ. ആളുകളുമായി ഇടപഴകട്ടെ. മൊബൈലില്‍നിന്നും തലയുയര്‍ത്തി മുഖത്തുനോക്കി സംസാരിക്കട്ടെ. ആയിരങ്ങള്‍ കൊടുത്ത് പങ്കെടുക്കുന്ന മോട്ടിവേഷന്‍ ക്ലാസുകളെക്കാള്‍ എത്രയോ ഇരട്ടി ഗുണം അതിലൂടെ ലഭിക്കും. ആ കൊച്ചു കാല്‍പന്തുകളിക്കാരുടെ മീറ്റിംഗ് ഉയര്‍ത്തിവിട്ട ചിന്തകള്‍ പുതലമുറക്ക് ഗുണകരമായി ഭവിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു.