ഹജ്ജ്: മാനവികതയുടെ മഹാസംഗമം

നബീല്‍ പയ്യോളി

2019 ആഗസ്ത് 10 1440 ദുല്‍ഹിജ്ജ 09

ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വിശ്വാസികള്‍ പരിശുദ്ധ ഹജജ് കര്‍മത്തിനായി മക്കയിലെത്തിക്കഴിഞ്ഞു. ഏതൊരു മുസ്ലിമും തന്റെ മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് ജീവിതത്തില്‍ ഒരിക്കലെങ്കിലും ഹജ്ജ് നിര്‍വഹിക്കുക എന്നത്. സമ്പത്തും ആരോഗ്യവും യാത്രക്കുള്ള സൗകര്യവും ഒത്തുവന്നവര്‍ക്ക് ഈ മഹത്തായ കര്‍മം അനുഷ്ഠിക്കല്‍ നിര്‍ബന്ധമാണ്. ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ പെട്ട ആരാധനാകര്‍മമായ ഹജ്ജ് വിശ്വാസിയുടെ ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യവുമാണ്.

ലോകത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നും വിശ്വാസി സമൂഹം ഒരേ ലക്ഷ്യവും ഒരേ മന്ത്രധ്വനികളുമായി മക്കയെന്ന പുണ്യനഗരം ലക്ഷ്യമാക്കി യാത്ര തിരിക്കുന്നത് മുതല്‍ ഐക്യത്തിന്റെയും മാനവികതയുടെയും മഹിത മാതൃക ലോകം കാണുകയാണ്. അല്ലാഹുവിന്റെ അതിഥികളായി എത്തുന്ന ദശലക്ഷക്കണക്കിന് വിശ്വാസികള്‍ക്ക് ആതിഥ്യമരുളാന്‍ മാസങ്ങള്‍ നീണ്ട ഒരുക്കങ്ങളാണ് സുഊദി ഭരണകൂടം നടത്തുന്നത്.

വ്യത്യസ്ത ഭാഷകള്‍, വ്യതിരിക്തമായ ശീലങ്ങള്‍, വിഭിന്ന സംസ്‌കാരങ്ങള്‍, വേറിട്ട ഭക്ഷണ രീതികള്‍, ആകാര വൈവിധ്യങ്ങള്‍... തുടങ്ങി തികച്ചും വ്യത്യസ്തരായ ലക്ഷങ്ങള്‍ ഒരേ മനസ്സും മന്ത്രവുമായി മക്കാ മരുഭൂമിയില്‍ ഒന്ന് ചേരുകയാണ്. രാജ്യം, ഭാഷ, തൊലിയുടെ നിറം, സമ്പത്ത്, കുടുംബ മഹിമ... ഇവയിലെ വൈവിധ്യങ്ങളെല്ലാം മറന്ന് അവര്‍ ഒന്നായി മാറുന്നു. നാഥന്റെ മുന്നില്‍ തങ്ങള്‍ സമന്മാരാണെന്ന് അവര്‍ മനസ്സിലാക്കുന്നു. വംശവെറിയും അതിദേശീയ ചിന്തയും അടക്കിവാഴുന്ന ലോകത്തിന് മാനവികൈക്യത്തിന്റെ മഹിതമാതൃക സമ്മാനിക്കുകയാണ് ഹജ്ജിലൂടെ വിശ്വാസിലോകം. വൈവിധ്യങ്ങളുടെ ലോകത്ത് വിശ്വാസികള്‍ക്ക് ക്വുര്‍ആന്‍ നല്‍കുന്ന ഒരു തിരിച്ചറിവുണ്ട്; അതിങ്ങനെയാണ്:

''ഹേ; മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങള്‍ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹുവിന്റെ അടുത്ത് നിങ്ങളില്‍ ഏറ്റവും ആദരണീയന്‍ നിങ്ങളില്‍ ഏറ്റവും ധര്‍മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീര്‍ച്ചയായും അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു'' (ക്വുര്‍ആന്‍ 49:13).

വൈജാത്യങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണെന്നും അതില്‍ അഹങ്കരിക്കാനോ അന്യനെ നിന്ദിക്കാനോ ഒരാള്‍ക്കും അവകാശമില്ലെന്നുമുള്ള പ്രഖ്യാപനം വിവേചനങ്ങളുടെ അടിവേരറുക്കുന്നതാണ്. അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ആദരണീയന്‍ ധര്‍മനിഷ്ഠ പാലിക്കുന്നവനാണെന്ന് പറയുന്നതിലൂടെ ഉയര്‍ന്ന ധാര്‍മിക നിലവാരമാണ് മനുഷ്യനെ ഉത്തമനാക്കുന്നതെന്ന് ഇസ്ലാം ലോകത്തെ പഠിപ്പിക്കുന്നു. അധികാരത്തിന്റെയും സമ്പത്തിന്റെയും പിന്‍ബലത്തില്‍ തങ്ങള്‍ക്കിഷ്ടമില്ലാത്തവരെയെല്ലാം ഇല്ലാതാക്കാന്‍ കോപ്പുകൂട്ടുന്ന ആധുനിക ലോകത്തിന് അന്യൂനമായ മാനവികതയുടെ മാതൃക തീര്‍ക്കുകയാണ് വിശുദ്ധ ക്വുര്‍ആനും വിശ്വാസികളും.

ലോകത്തിന്റെ മുഴുവന്‍ വൈജാത്യങ്ങളെയും ഉള്‍ക്കൊണ്ടു കൊണ്ട് അതിനപ്പുറം അവരെല്ലാം മജ്ജയും മാംസവുമുള്ള മനുഷ്യരാണ് എന്ന തിരിച്ചറിവ് ലോകത്തെ ഒന്നായി കാണാനും വിവേചനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും അന്യവത്കരണത്തിനും എതിരെ നിലകൊള്ളാനും വിശ്വാസികളെ പ്രേരിപ്പിക്കുന്നു.

മുഹമ്മദ് നബി ﷺ  തന്റെ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ മഹിത മാതൃക പിന്തുടരുകയാണ് വര്‍ഷങ്ങള്‍ക്കിപ്പുറവും വിശ്വാസി സമൂഹം. വിജയശ്രീലാളിതനായി മക്കയിലേക്ക് തിരിച്ചെത്തി അല്ലാഹുവിന്റെ പുണ്യഭവനമായ കഅ്ബയില്‍ ആദ്യമായി ബാങ്കൊലി മുഴക്കാന്‍ കറുത്ത വര്‍ഗക്കാരനായ ബിലാല്‍(റ) എന്ന അടിമയെയാണ് പ്രവാചകന്‍ നിയോഗിച്ചത്. പണവും അധികാരവും കുലമഹിമയും സൗന്ദര്യവും വേണ്ടുവോളം ഉള്ള ലക്ഷക്കണക്കിന് അനുയായികളില്‍ നിന്ന് ബിലാലിനെ തെരഞ്ഞെടുത്തതിലൂടെ മാനവ കുലത്തിന് മുഹമ്മദ് നബി ﷺ  നല്‍കിയ സന്ദേശം വിശ്വമാനവിക ചരിത്രത്തിലെ നാഴികക്കല്ലാണ്.

വര്‍ണ വിവേചനത്തിന്റെ വൃത്തികെട്ട മനസ്സിന് മുന്നില്‍ തന്റെ ലോകനേട്ടങ്ങള്‍ പോലും നിഷ്പ്രഭമാകുന്നു എന്ന തിരിച്ചറിവിലൂടെയായിരുന്നു കാഷ്യസ് മേര്‍സിലസ് ക്ലേ ജൂനിയര്‍ എന്ന കാഷ്യസ് ക്ലേ മുഹമ്മദ് അലി ആയി മാറിയത്. ക്ലേയുടെ കുട്ടിക്കാലത്ത്അമേരിക്കയില്‍ വര്‍ണ വിവേചനം രൂക്ഷമായിരുന്നു. കറുത്തവര്‍ക്കും വെളുത്തവര്‍ക്കും വെവ്വേറെ ഹോട്ടലുകള്‍, പാര്‍ക്കുകള്‍, പള്ളികള്‍ തുടങ്ങി ദൈനം ദിന ജീവിതത്തിലെ എല്ലാ മേഖലകളിലും അസമത്വം കൊടികുത്തി വാണു. 'വെള്ളക്കാര്‍ക്ക് മാത്രം' എന്നെഴുതിയ ബോര്‍ഡുകള്‍ എല്ലായിടത്തും കാണാമായിരുന്നു. കറുത്ത വര്‍ഗക്കാരായ എല്ലാ കുട്ടികളിലും എന്ന പോലെ ക്ലേയുടെ മനസ്സില്ലും വര്‍ണ വിവേചനം മുറിവുകള്‍ സൃഷ്ടിച്ചു. കറുത്തവര്‍ഗക്കാരനായത് കൊണ്ട് ഒരു റെസ്റ്റോറന്റിലെ ഭക്ഷണം നിഷേധിച്ചതിന് തന്റെ ഒളിമ്പിക് സ്വര്‍ണമെഡല്‍ ഒഹിയോ നദിയിലേക്ക് വലിച്ചെറിഞ്ഞ് അദ്ദേഹം പ്രതിഷേധിച്ചതും ചരിത്രത്തിന്റെ ഭാഗം. വര്‍ണവിവേചനത്തിന്റെ ഇരകളായി ഇന്നും കഴിയുന്ന ആയിരങ്ങള്‍ക്ക് മുന്നില്‍ ഉത്തരമില്ലാതെ സ്തംഭിച്ചു നില്‍ക്കുന്ന മനുഷ്യാവകാശ സംഘടനകള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രതീക്ഷയുടെ കിരണങ്ങള്‍ സമ്മാനിക്കുകയാണ് വിശ്വാസി സമൂഹം.

താന്‍ സത്യമെന്ന് വിശ്വസിക്കുന്ന സന്ദേശം സമൂഹത്തോട് വിളിച്ചു പറഞ്ഞതിന്റെ പേരില്‍ പിറന്ന നാട്ടില്‍ നിന്നും ആട്ടിയോടിച്ച, തന്നെയും അനുയായികളെയും കൊടിയ പീഡനങ്ങള്‍ക്ക് വിധേയമാക്കിയ, ചിലരെ കുടുംബത്തോടൊപ്പം ക്രൂരമായി കൊലപ്പെടുത്തിയ ഒരു സമൂഹത്തിന് മാപ്പ് നല്‍കി പ്രവാചകന്‍ ലോകചരിത്രത്തില്‍ തുല്യതയില്ലാത്ത മാതൃക സൃഷ്ടിച്ചു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ലോകം മുഴുവന്‍ കലാപങ്ങള്‍ സൃഷ്ടിക്കുന്ന ആധുനിക അധികാരി വര്‍ഗത്തിനും സാമ്രാജ്യത്വ ശക്തികള്‍ക്കും മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന ഇരകള്‍ക്ക് ഹജ്ജിലൂടെ വിശ്വാസി സമൂഹം നല്‍കുന്ന സന്ദേശം അതുല്യമാണ്.

പ്രവാചകന്‍ ﷺ  തന്നോടൊപ്പം വന്ന ലക്ഷക്കണക്കിന് അനുയായികളെ സാക്ഷി നിര്‍ത്തി തന്റെ ആദ്യത്തെതും അവസാനത്തെതുമായ ഹജ്ജ് വേളയില്‍ അറഫാ മൈതാനിയില്‍ ലോകത്തോട് നടത്തിയ പ്രഖ്യാപനങ്ങള്‍ ചരിത്രത്താളുകളില്‍ തങ്കലിപികളാല്‍ ഉല്ലേഖനം ചെയ്യപ്പെട്ടവയാണ്.

''മനുഷ്യരേ, ഇത് സശ്രദ്ധം ശ്രവിക്കുക. ഈ കൊല്ലത്തിനു ശേഷം ഈ സ്ഥാനത്ത് വെച്ച് ഇതുപോലെ ഇനി നാം കണ്ടുമുട്ടുമോ എന്ന് അറിഞ്ഞുകൂടാ. മനുഷ്യരേ, ഈ പ്രദേശത്തിന്റെ, ഈ മാസത്തിന്റെ, ഈ സുദിനത്തിന്റെ പവിത്രത പോലെ നിങ്ങള്‍ നിങ്ങളുടെ രക്തത്തിനും അഭിമാനത്തിനും സമ്പത്തിനും പരസ്പരം ആദരവ് കല്‍പിക്കേണ്ടതാണ്...''

മനുഷ്യന്റെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ അഥവാ രക്തം, അഭിമാനം, സമ്പത്ത് എന്നിവ പവിത്രമാണെന്നും അവയോട് എന്നും ആദരവ് കല്‍പിക്കണമെന്നുമുള്ള പ്രഖ്യാപനം മാനവികതയുടെ ഉദ്‌ഘോഷണമാണ്. ഇന്ന് ലോകം തിരിച്ചറിയാതെ പോയത് ഈ ഘടകങ്ങളുടെ പവിത്രതയാണെന്നത് വസ്തുതയാണ്. മറ്റുള്ളവരുടെ അഭിമാനത്തിനും സമ്പത്തിനും രക്തത്തിനും വിലകല്‍പിക്കാതെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ക്രൂരരായി മനുഷ്യര്‍ മാറിക്കൊണ്ടിരിക്കുന്നതിന്റെ ദുരന്തമാണ് ഇന്ന് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂട ഭീകരതകളും തീവ്രവാദങ്ങളും ഇതിന്റെ അനന്തര ഫലമാണ്. തങ്ങളുടെ കേവല താല്‍പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യനെ കൊന്നൊടുക്കുന്നവര്‍, പണത്തിന്റെയും അധികാരത്തിന്റെയും മറവില്‍ മനുഷ്യരെ ക്രൂരമായി ആക്രമണങ്ങള്‍ക്കും പീഡനങ്ങള്‍ക്കും വിധേയരാക്കുന്നവര്‍, ശാസ്ത്ര പരീക്ഷണങ്ങളുടെ പേരില്‍ തലമുറകളോളം അനുഭവിക്കേണ്ടിവരുന്ന വലിയ ദുരന്തങ്ങള്‍ വരുത്തിവെക്കുന്നവര്‍, രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി കലാപങ്ങളും അക്രമങ്ങളും ആസൂത്രം ചെയ്യുന്നവര്‍... പ്രവാചകന്‍ ﷺ  പഠിപ്പിച്ച മൂന്ന് കാര്യങ്ങളുടെ പവിത്രത ഇവര്‍ തിരിച്ചറിയാതെ പോകുകയാണ്; അവയെ പിച്ചിച്ചീന്തുകയാണ്.  

ഇന്നും പ്രവാചക മാതൃക പിന്തുടര്‍ന്ന് ഹജ്ജിനായി പുണ്യനഗരിയില്‍ എത്തിച്ചേര്‍ന്ന മുഴുവന്‍ വിശ്വാസികളെയും സാക്ഷിനിര്‍ത്തി ഇസ്ലാമിക പണ്ഡിതര്‍ പ്രസ്തുത പ്രഖ്യാപനം ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. ലോക സമാധാനത്തിനും മാനവ ഐക്യത്തിനും തുല്യതയില്ലാത്ത മാതൃക തീര്‍ത്ത പ്രവാചകന്റെ ജീവിത സന്ദേശങ്ങള്‍ നിത്യപ്രസക്തമാണെന്നതിന് തെളിവ് കൂടിയാണ് ആണ്ടിലൊരിക്കല്‍ വിശ്വാസി സമൂഹത്തിന്റെ ഒത്ത് ചേരലും അത് ലോകത്തിന് കൈമാറുന്ന സന്ദേശവും. തല്‍പര കക്ഷികളുടെ തീവ്രവാദ ആരോപണങ്ങള്‍ക്ക് ഇസ്‌ലാമുമായി ബന്ധമില്ലെന്നും അത്തരം ക്രൂരതകള്‍ക്കെതിരെ മുസ്ലിം സമൂഹം ശക്തമായ പ്രതിരോധം തീര്‍ക്കണമെന്നും അറഫാ സംഗമത്തിലൂടെ മുസ്ലിം ലോകം ആഹ്വാനം ചെയ്യുന്നു.

അല്ലാഹു പറയുന്നു: ''...മറ്റൊരാളെ കൊന്നതിന് പകരമായോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിന്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാല്‍, അത് മനുഷ്യരെ മുഴുവന്‍ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവന്‍ വല്ലവനും രക്ഷിച്ചാല്‍, അത് മനുഷ്യരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ചതിന് തുല്യമാകുന്നു...'' (ക്വുര്‍ആന്‍: 5:32).

ഈ ക്വുര്‍ആനിന്റെ അനുയായികള്‍ക്കെങ്ങനെ തീവ്രവാദികളാകാന്‍ കഴിയും?

'ഹറം' എന്നാല്‍ 'പരിശുദ്ധം' എന്നാണ് അര്‍ഥം. അല്ലാഹുവിനെ മാത്രം ആരാധിക്കുവാന്‍ വേണ്ടി പ്രവാചകന്‍ ഇബ്‌റാഹീമും(അ) മകന്‍ ഇസ്മാഈലും(അ) കൂടി പടുത്തുയര്‍ത്തിയ കഅ്ബയും പരിസരവും എന്നും പവിത്രമാണ്.

അല്ലാഹു പറയുന്നു: 'സത്യവിശ്വാസികളേ, അല്ലാഹുവിന്റെ മതചിഹ്നങ്ങളെ നിങ്ങള്‍ അനാദരിക്കരുത്. പവിത്രമായ മാസത്തെയും (കഅ്ബത്തിങ്കലേക്ക് കൊണ്ടുപോകുന്ന) ബലിമൃഗങ്ങളെയും, (അവയുടെ കഴുത്തിലെ) അടയാളത്താലികളെയും നിങ്ങളുടെ രക്ഷിതാവിന്റെ അനുഗ്രഹവും പൊരുത്തവും തേടിക്കൊണ്ട് വിശുദ്ധ മന്ദിരത്തെ ലക്ഷ്യമാക്കിപ്പോകുന്ന തീര്‍ഥാടകരെയും (നിങ്ങള്‍ അനാദരിക്കരുത്). എന്നാല്‍ ഇഹ്റാമില്‍ നിന്ന് നിങ്ങള്‍ ഒഴിവായാല്‍ നിങ്ങള്‍ക്ക് വേട്ടയാടാവുന്നതാണ്. മസ്ജിദുല്‍ ഹറാമില്‍ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിന്റെ പേരില്‍ ഒരു ജനവിഭാഗത്തോട് നിങ്ങള്‍ക്കുള്ള അമര്‍ഷം അതിക്രമം പ്രവര്‍ത്തിക്കുന്നതിന്ന് നിങ്ങള്‍ക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധര്‍മനിഷ്ഠയിലും നിങ്ങള്‍ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങള്‍ അന്യോന്യം സഹായിക്കരുത്. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു'' (ക്വുര്‍ആന്‍ 5:2).

തങ്ങളുടെ ചുറ്റും കൂടിയ ലക്ഷക്കണക്കിന് ആളുകളില്‍ ഒരാള്‍ക്ക് പോലും ഏതെങ്കിലും തരത്തിലുള്ള പ്രയാസം ഉണ്ടാകരുതെന്ന ആത്മാര്‍ഥമായ കരുതലും സൂക്ഷ്മതും ഏതൊരു വിശ്വാസിയും പാലിക്കേണ്ട മര്യാദയാണ്. ഹജ്ജിനോടും അത് നിര്‍വഹിക്കുന്ന പരിസരങ്ങളോടും അവനുള്ള ബാധ്യതയാണത്. നോക്കൂ! ശാന്തവും സമാധാനപരവുമായി ആരാധന കര്‍മങ്ങള്‍ നിര്‍വഹിക്കുവാന്‍ തന്നെപ്പോലെ മറ്റുള്ളവര്‍ക്കും അവകാശമുണ്ടെന്നും ആ അവകാശം വകവെച്ചുകൊടുക്കേണ്ടത് തന്റെ ബാധ്യതയാണെന്നുമുള്ള തിരിച്ചറിവ് ഓരോ വിശ്വാസിയുടെയും മനസ്സിനെ പരിശീലിപ്പിക്കുന്നത് സഹജീവി സ്‌നേഹത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും ക്ഷമയുടെയും വിട്ടുവീഴ്ചയുടെയും ഉത്തമ പാഠങ്ങളാണ്. തനിക്ക് ചുറ്റുമുള്ള സാഹചര്യങ്ങള്‍ തീര്‍ക്കുന്ന പ്രലോഭനങ്ങള്‍ക്ക് മുന്നില്‍ കീഴടങ്ങാതെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ആത്മധൈര്യത്തോടെ മുന്നേറാന്‍ വിശ്വാസിയെ ഇത് പരിശീലിപ്പിക്കുന്നു.

ഭൗതിക തിരക്കുകകള്‍ മാറ്റിവെച്ച് അതികഠിനമായ ചൂടില്‍ അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നല്‍കി ഹജ്ജിന് പുറപ്പെടുന്ന വിശ്വാസി ത്യാഗങ്ങള്‍ സഹിക്കാനും അത് നാളെയുടെ ലോകത്ത് ഉപകാരപ്പെടാനും മാനസികമായി തയ്യാറെടുക്കുന്നു. പ്രവാചകന്മാരുടെ ത്യാഗ സുരഭിലമായ ജീവിത ചരിത്രമുണ്ട് ഹജ്ജിന് പിന്നില്‍. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അതുല്യമായ പരീക്ഷണങ്ങള്‍ക്ക് വിധേയനായ പ്രവാചകന്‍ ﷺ  തന്റെ ഉറച്ച വിശ്വാസത്തിന്റെ ബലത്തില്‍ പരീക്ഷണങ്ങളെ അതിജയിച്ച ചരിത്രം ലോകത്തിന് തന്നെ മാതൃകയാണ്. അല്ലാഹു തന്റെ കൂട്ടുകാരായി വിശേഷിപ്പിച്ച ഇബ്‌റാഹീം നബി(അ)യുടെയും മുഹമ്മദ് നബി ﷺ യുടെയും ജീവിതസന്ദേശം ലോകത്തിന് എന്നും വെളിച്ചമാണ്. തങ്ങള്‍ക്ക് ലഭിച്ച സത്യസന്ദേശം ജനങ്ങളോട് വിളിച്ചു പറഞ്ഞ സന്ദര്‍ഭത്തില്‍ നാട്ടുകാരും കുടുംബക്കാരും എതിര്‍ത്തപ്പോഴും സത്യത്തിന്റെ മാര്‍ഗത്തില്‍ ഉറച്ച് നില്‍ക്കാന്‍ ഈ പ്രവാചകന്‍മാര്‍ക്ക് സാധ്യമായത് വിശ്വാസത്തിന്റെ കരുത്ത് കൊണ്ടാണ്. ആരൊക്കെ എതിര്‍ത്താലും സത്യത്തിന് വേണ്ടി നിലകൊള്ളാന്‍ സാധിക്കണം എന്ന സന്ദേശമാണ് മാനവ സമൂഹത്തിന് ഇരു പ്രവാചകന്മാരുടെയും ജീവിതം നല്‍കുന്നത്.

ജീവിത സായാഹ്നത്തില്‍ ലഭിച്ച സന്താനത്തെയും തന്നെയും മരുഭൂമിയില്‍ തനിച്ചാക്കി പോകുന്ന പ്രിയതമന്‍ അല്ലാഹുവിന്റെ നിര്‍ദേശം അനുസരിച്ചാണ് പോകുന്നത് എന്നത് ഉള്‍കൊണ്ട് അതില്‍ സംതൃപ്തി കാണിച്ച ഹാജറ എന്ന ധീര വനിത വിശ്വാസിനികള്‍ക്ക് ഉദാത്തമായ മാതൃകയാണ്. ചുട്ടുപൊള്ളുന്ന മരുഭൂമിയില്‍ വെള്ളത്തിനായി ഓടുന്നതും അല്ലാഹു ലോകര്‍ക്ക് സമ്മാനവും അത്ഭുതവുമായി സംസം നല്‍കുന്നതും ഹജ്ജില്‍ നാം അനുസ്മരിക്കുന്ന ചരിത്ര മുഹൂര്‍ത്തങ്ങളാണ്. ഏത് പ്രതിസന്ധി ഘട്ടത്തിലും തന്റെ ഇണയെ അറിഞ്ഞ് കൂടെ നില്‍ക്കാനും പ്രിയതമന്റെ സന്തോഷ, സന്താപ ഘട്ടങ്ങളില്‍ കൂടെയുണ്ടാകാനും കുടുംബിനികള്‍ക്ക് ഹാജറ ബീവി നല്‍കുന്ന മാതൃക വെളിച്ചമാവണം.

ദീര്‍ഘകാലത്തെ കാത്തിരിപ്പിനും പ്രാര്‍ഥനക്കും ഒടുവില്‍ ജീവിത സായാഹ്നത്തില്‍ സന്താനത്തെ ലഭിച്ച ആ ദമ്പതികളില്‍ നമുക്ക് മാതൃകയുണ്ട്. സന്താനത്തെ ചോദിക്കേണ്ടത് അല്ലാഹുവിനോടാണ്. കാരണം അതിന് കഴിയുന്നവന്‍ അല്ലാഹു മാത്രമാണ്. അല്ലാഹു പറയുന്നു: ''അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം. അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തി കൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വജ്ഞനും സര്‍വശക്തനുമാകുന്നു'' (ക്വുര്‍ആന്‍ 42:49,50).

ആളുകള്‍ വിശ്വാസ വൈകല്യങ്ങളിലേക്ക് വഴുതിപ്പോകുന്നതില്‍ പ്രധാനപ്പെട്ട ഒരു കാരണം സന്താന സൗഭാഗ്യം ലഭിക്കാതിരിക്കുക എന്നതാണ്. ലക്ഷങ്ങള്‍ ചെലവാക്കി, ലോകത്ത് ലഭ്യമായ മുഴുവന്‍ ചികിത്സകളും നടത്തി നിരാശരായ പലരും പിന്നീട് തിരിയുന്നത് സൃഷ്ടികളിലേക്കാണ്; ജാറങ്ങളിലേക്കും മക്വാമുകളിലേക്കുമാണ്. ഏത് കാര്യത്തിലും ഭൗതികമായി ചെയ്യാനുള്ളത് ചെയ്ത് അല്ലാഹുവില്‍ ഭരമേല്‍പിച്ചും നിരന്തരമായി അവനോട് പ്രാര്‍ഥിച്ചും മുന്നോട്ട് പോകാന്‍ വിശ്വാസികള്‍ക്ക് സാധിക്കേണ്ടതുണ്ട്. ചൂഷകരുടെ വലയില്‍ പെട്ട് ഇഹപരലോകങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഹതഭാഗ്യരുടെ കൂട്ടത്തില്‍ നാം ഉള്‍പ്പെട്ടു പോകരുത്.

തന്നെ ബലി നല്‍കുവാന്‍ അല്ലാഹുവിന്റെ കല്‍പനയുണ്ടെന്ന് പിതാവ് പറഞ്ഞപ്പോള്‍ ഇസ്മാഈല്‍ സസന്തോഷം അതിന് സമ്മതം മൂളിയതില്‍ വിശ്വാസികളായ എല്ലാ സന്താനങ്ങള്‍ക്കും അതുല്യമായ മാതൃകയുണ്ട്. അല്ലാഹു പറയുന്നു: ''എന്നിട്ട് ആ ബാലന്‍ അദ്ദേഹത്തോടൊപ്പം പ്രയത്‌നിക്കാനുള്ള പ്രായമെത്തിയപ്പോള്‍ അദ്ദേഹം പറഞ്ഞു: എന്റെ കുഞ്ഞുമകനേ! ഞാന്‍ നിന്നെ അറുക്കണമെന്ന് ഞാന്‍ സ്വപ്‌നത്തില്‍ കാണുന്നു. അതുകൊണ്ട് നോക്കൂ: നീ എന്താണ് അഭിപ്രായപ്പെടുന്നത്? അവന്‍ പറഞ്ഞു: എന്റെ പിതാവേ, കല്‍പിക്കപ്പെടുന്നതെന്തോ അത് താങ്കള്‍ ചെയ്തുകൊള്ളുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം ക്ഷമാശീലരുടെ കൂട്ടത്തില്‍ താങ്കള്‍ എന്നെ കണ്ടെത്തുന്നതാണ്'' (37:102).

ദാനധര്‍മങ്ങള്‍ വിശ്വാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ഹജ്ജിന്റെ കര്‍മങ്ങളില്‍ പ്രധാനമാണ് ബലികര്‍മം. ബലി മാംസം പാവങ്ങള്‍ക്ക് ഭക്ഷണമായി വിതരം ചെയ്യപ്പെടുന്നു. ലോകത്തെ 25ല്‍ അധികം രാജ്യങ്ങളിലെ പാവങ്ങള്‍ക്ക് ഈ ബലിമാംസം ലഭിക്കുന്നുണ്ട്.  

''ആകയാല്‍ നീ നിന്റെ രക്ഷിതാവിന് വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക'' (സൂറതുല്‍ കൗഥര്‍)  എന്ന ക്വുര്‍ആനിന്റെ ആഹ്വാനം അനുസരിച്ച് ലോകത്തെ വിശ്വാസി സമൂഹം പെരുന്നാള്‍ ദിനം ബലിയറുക്കുന്നു. അതിന്റെ മാംസം ദാനം ചെയ്ത് വിശ്വാസികള്‍ സ്രഷ്ടാവിനോടുള്ള വിധേയത്വം വെളിവാക്കുന്നു.

ന്യുസിലന്റ് ഭീകരാക്രമണത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളില്‍ നിന്ന് 200 പേര്‍ക്ക് സുഊദി രാജാവിന്റെ പ്രത്യേക അതിഥികളായി ഈ വര്‍ഷം ഹജ്ജിന് അവസരം ഉണ്ട്. ഫലസ്തീന്‍ രക്തസാക്ഷികളുടെ ആയിരം ബന്ധുക്കളും ദരിദ്ര രാജ്യമായ സുഡാനില്‍ നിന്ന് ആയിരം പേരും ഈ വര്‍ഷം അതിഥികളായി ഹജ്ജിനെത്തും. ഇരകളോട് ലോകം സ്വീകരിക്കേണ്ട ആദരവും അനുഭാവവും പരിഗണനയും എങ്ങനെയാവണമെന്ന് ലോകത്തെ പഠിപ്പിക്കുകയാണ് സുഊദി ഭരണകൂടം ഇത്തരം നടപടികളിലൂടെ. എന്നും അത്ഭുതത്തോടെ ലോകം നോക്കിക്കാണുന്ന, ഏറ്റവും വലിയ മാനവ സംഗമത്തിലൂടെ കൈമാറപ്പെടുന്നത് തുല്യതയില്ലാത്ത മാനവികതയുടെ മാതൃകയാണ്.

ഹജ്ജിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി ശിഷ്ടജീവിതത്തെ പ്രകാശപൂരിതമാക്കേണ്ടതുണ്ട്. അതിനായിരിക്കണം എല്ലാ ഹാജിമാരും ശ്രദ്ധിക്കേണ്ടത്.

ജീവിതയാത്രയില്‍ സംഭവിച്ച പോരായ്മകളും തെറ്റുകുറ്റങ്ങളും സ്രഷ്ടാവിനോട് ഏറ്റു പറഞ്ഞ് പുതിയ തീരുമാനങ്ങളുമായി നവജാത ശിശുവിന്റെ മനസ്സിന്റെ പവിത്രതയോടെ മടങ്ങുന്ന വിശ്വാസി-വിശ്വാസിനികള്‍ അവര്‍ണനീയമായ ഒരു അനുഭൂതിയാണ് നേടിയെടുക്കുന്നത്.