പലായനം ഒളിച്ചോട്ടമല്ല

അബ്ബാസ് ചെറുതുരുത്തി

2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17

പ്രവാചകന്‍ ﷺ  മക്കയിലേക്ക് സഞ്ചരിക്കുകയും അവിടെയെത്തിയപ്പോള്‍ ഖുസാഅയില്‍ പെട്ട ഒരു മനുഷ്യനെ മുത്ഇമ്ബ്‌നു അദിയ്യിന്റെ അടുക്കലേക്ക് അയക്കുകയും അദ്ദേഹത്തിന്റെ സംരക്ഷണത്തില്‍ മക്കയില്‍ പ്രവേശിക്കട്ടെ എന്ന് അനുവാദം തേടുകയും ചെയ്തു. മുത്ഇം അതിന് സമ്മതിക്കുകയും അദ്ദേഹം തന്റെ മക്കളെയും ജനതയെയും വിളിച്ചുകൊണ്ട് ഇപ്രകാരം പറയുകയും ചെയ്തു: ''നിങ്ങള്‍ ആയുധങ്ങള്‍ എടുക്കുക. എന്നിട്ട് അദ്ദേഹത്തിന് സൗകര്യം ഒരുക്കുക. തീര്‍ച്ചയായും ഞാന്‍ അദ്ദേഹത്തിന് സംരക്ഷണം ഉറപ്പ് നല്‍കിയിരിക്കുന്നു.''

അങ്ങനെ നബി ﷺ യും സൈദ്ബ്‌നു ഹാരിസും(റ) മക്കയില്‍ പ്രവേശിച്ചു. മുത്ഇം ഇബ്‌നു അദിയ്യ് തന്റെ വാഹനപ്പുറത്ത് ഇരുന്നുകൊണ്ട് വിളിച്ചു പറഞ്ഞു: ''ക്വുറൈശീ സമൂഹമേ, തീര്‍ച്ചയായും ഞാന്‍ മുഹമ്മദിന് സംരക്ഷണം ഉറപ്പ് നല്‍കിയിരിക്കുന്നു. അതിനാല്‍ നിങ്ങളാരും അദ്ദേഹത്തെ ആക്ഷേപിക്കരുത്.''

അങ്ങനെ പ്രവാചകന്‍ ﷺ  മസ്ജിദുല്‍ ഹറമില്‍ പ്രവേശിക്കുകയും രണ്ട് റക്അത്ത് നമസ്‌കരിക്കുകയും ചെയ്തു. പിന്നീട് വീട്ടിലേക്ക് പോയി. മുത്ഇം ഇബ്‌നു അദിയ്യും മകനും പ്രവാചകന്‍ ﷺ  വീട്ടിലേക്ക് പ്രവേശിക്കുന്നത് വരെ ആയുധങ്ങളുമായി ജാഗരൂകരായി പുറത്ത് നിന്നു.

ത്വാഇഫിലേക്കുള്ള യാത്രയില്‍ പ്രവാചകന്‍ ﷺ  സ്വീകരിച്ച ഈ നിലപാടില്‍ നിന്നും പ്രബോധന പ്രവര്‍ത്തനങ്ങളില്‍ കൃത്യവും വ്യക്തവുമായ പ്ലാനിംഗ് വേണമെന്ന് മനസ്സിലാക്കിത്തരുന്നു. പ്രബോധന പ്രവര്‍ത്തനത്തിന്റെ സുഖകരമായ നടത്തിപ്പിന് ഇത് ആവശ്യമാണ്.

നബി ﷺ യുടെ മഹത്തായ ഹിക്മത്തിന്റെ തെളിവാണ് അദ്ദേഹം ത്വാഇഫിലേക്ക് പ്രബോധനത്തിന് പോയപ്പോള്‍ അവിടുത്തെ നേതാക്കളാട് പ്രബോധനം നടത്താനുള്ള തീരുമാനം. ആ നേതാക്കള്‍ അനുകൂലമായ ഉത്തരം നല്‍കിയാല്‍ ത്വാഇഫിലെ എല്ലാ ഗോത്രങ്ങളും അനുകൂലമായ മറുപടി നല്‍കുമെന്ന് നബി ﷺ ക്ക് അറിയാമായിരുന്നു.

നബി ﷺ യുടെ കാലില്‍ മുറിവു പറ്റി രക്തമൊഴുകിയ സംഭവത്തില്‍ പ്രബോധകര്‍ക്ക് പാഠമുണ്ട്. മഹാനായ പ്രവാചകന് പോലും ഇത്തരം പീഡനങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റാര്‍ക്കും പീഡനങ്ങളും ത്യാഗങ്ങളും സഹിക്കേണ്ടിവരും എന്ന പാഠം.

തന്റെ ജനതക്കും ത്വാഇഫുകാര്‍ക്കും എതിരില്‍ പ്രാര്‍ഥിക്കാത്തതിലും പര്‍വതങ്ങളുടെ മലക്കിനോട് തന്റെ ജനതയെ നശിപ്പിക്കരുതെന്ന് പറഞ്ഞതിലും പ്രബോധകര്‍ക്ക് ഏറെ പഠിക്കാനുണ്ട്. തങ്ങളുടെ പ്രബോധനത്തെ തള്ളിക്കളയുകയോ എതിര്‍ക്കുകയോ ചെയ്യുന്നവരോട് ക്ഷമിക്കാന്‍ കഴിയണം;  നിരാശയുണ്ടാകരുത്. ഇന്നല്ലെങ്കില്‍ നാളെ അവരില്‍ മാറ്റമുണ്ടായേക്കാം എന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തേണ്ടതുണ്ട്.

പൊതുസ്ഥലങ്ങളിലെ യുക്തിപൂര്‍ണമായ പ്രബോധനം

പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ദുല്‍ക്വഅദ് മാസത്തില്‍ (ത്വാഇഫില്‍ നിന്നും മടങ്ങിവന്നതിന് ശേഷം) ജനങ്ങള്‍ ഒരുമിച്ച് കൂടുന്ന, ഹജ്ജിന് വേണ്ടി ജനങ്ങള്‍ എത്തിച്ചേരുന്ന ഉക്കാള, മജന്ന, ദുല്‍മജാസ് തുടങ്ങിയ അങ്ങാടികളില്‍ കച്ചവടത്തിനും കവിത പാടുന്നതിനും മറ്റുമൊക്കെ വരുന്ന ജനങ്ങളെ പ്രവാചകന്‍ ﷺ  അല്ലാഹുവിലേക്ക് ക്ഷണിച്ചു തുടങ്ങി. അതേ വര്‍ഷത്തില്‍ തന്നെ ഹജ്ജ് കര്‍മത്തിന് വന്ന വിവിധ ഗോത്രക്കാരെയെല്ലാം നബി ﷺ  സത്യപാതയിലേക്ക് ക്ഷണിച്ചു. അതിന് പുറമെ, വ്യക്തികളെ പ്രത്യേകമായും ക്ഷണിച്ചു.

പ്രവാചകത്വത്തിന്റെ പന്ത്രണ്ടാം വര്‍ഷത്തില്‍ ജനങ്ങള്‍ ഹജ്ജ് കര്‍മത്തിനായി വന്നു. അവരില്‍ യഥ്‌രിബില്‍ (മദീന) നിന്നുള്ള പന്ത്രണ്ടോളം ആളുകള്‍ ഉണ്ടായിരുന്നു. അവരില്‍ അഞ്ചോളം പേര്‍ കഴിഞ്ഞ വര്‍ഷം പ്രവാചകനെ കണ്ട ആറംഗ സംഘത്തില്‍ പെട്ടവരായിരുന്നു. മിനായിലെ അക്വബയില്‍ കരാര്‍ ചെയ്തതിനനുസരിച്ച് നബി ﷺ യുമായി അവര്‍ കണ്ടുമുട്ടി. അവിടെ വെച്ച് അവര്‍ ഇസ്‌ലാം സ്വീകരിക്കുകയും സത്രീകളുടെ ബൈഅത്ത് (അനുസരണ പ്രതിജ്ഞ) സ്വീകരിക്കുകയും ചെയ്തു.

ഉബാദത്ത് ഇബ്‌നു സ്വാമിത്ത്(റ)വില്‍ നിന്ന് നിവേദനം: ''തീര്‍ച്ചയായും റസൂല്‍ ﷺ  പറഞ്ഞു: (അദ്ദേഹത്തിനു ചുറ്റും അനുചരന്മാരില്‍ പെട്ട കൊച്ചു സംഘം ഉണ്ടായിരുന്നു) ''നിങ്ങള്‍ വരൂ, എന്നിട്ട് എനിക്ക് ബൈഅത്ത് ചെയ്യൂ. അതായത് അല്ലാഹുവില്‍ യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്, മോഷ്ടിക്കുകയും വ്യഭിചരിക്കുകയുമരുത്, നിങ്ങളുടെ സന്താനങ്ങളെ നിങ്ങള്‍ കൊല്ലരുത്, നിങ്ങള്‍ ആരോപണങ്ങള്‍ കെട്ടിച്ചമക്കരുത്, ഒരു നന്മയിലും നിങ്ങളെന്നെ ധിക്കരിക്കരുത്. നിങ്ങളില്‍നിന്ന് ആരെങ്കിലും പൂര്‍ത്തീകരിച്ചാല്‍ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ അടുക്കലാണ്. ആരെങ്കിലും പ്രവര്‍ത്തിക്കുകയും അതിനാല്‍ ഇഹലോകത്ത് ശിക്ഷിക്കപ്പെടുകയും ചെയ്താല്‍ അതവനുള്ള പ്രായച്ഛിത്തമാണ്. ഇനി ആരെങ്കിലും പ്രവര്‍ത്തിക്കുകയും അല്ലാഹു അത് മറച്ചുവെക്കുകയും ചെയ്താല്‍ അവന്റെ കാര്യം അല്ലാഹുവിലേക്കാണ്. അവന്‍ ഉദ്ദേശിച്ചാല്‍ ശിക്ഷിക്കും. അവനുദ്ദേശിച്ചാല്‍ വിട്ട് കൊടുക്കും. ആ വിഷയത്തില്‍ ഞങ്ങള്‍ ബൈഅത്ത് ചെയ്തു'' (ബുഖാരി).

ബൈഅത്ത് അവസാനിച്ചപ്പോള്‍, അവരുടെ കൂടെ മുസ്അബ് ഇബ്‌നു ഉമൈറി(റ)നെ ഇസ്‌ലാമിക ശരീഅത്ത് പഠിപ്പിക്കാന്‍ വേണ്ടി നിയോഗിച്ചു. ഇസ്‌ലാം പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹം ഉറച്ച് നിന്നു. യഥ്‌രിബില്‍ നിന്നും പ്രവാചകത്വത്തിന്റെ പതിമൂന്നാം വര്‍ഷത്തില്‍ വന്ന ഹജ്ജ് സംഘത്തില്‍ 73 പുരുഷന്മാരും രണ്ട് സ്ത്രീകളുമുണ്ടായിരുന്നു. അവരെല്ലാവരും ഇസ്‌ലാം സ്വീകരിച്ചു.

മക്കയിലേക്ക് പുറപ്പെട്ടപ്പോള്‍ അവര്‍ പ്രവാചകന് വാഗ്ദത്തം നല്‍കിയിരുന്നു; അക്വബയില്‍ വെച്ച് കണ്ടുമുട്ടാമെന്ന.് അവിടേക്ക് അവര്‍ എത്തുകയും പ്രവാചകന്‍ ﷺ  അവരോട് സംസാരിക്കുകയും ചെയ്തു. അവര്‍ പറഞ്ഞു: ''അല്ലാഹുവിന്റെ ദൂതരേ, ഞങ്ങള്‍ താങ്കള്‍ക്ക് ബൈഅത്ത് തരട്ടെയോ?'' പ്രവാചകന്‍ ﷺ  പറഞ്ഞു: ''നിങ്ങള്‍ എനിക്ക് ബൈഅത്ത് ചെയ്യുക; ഉന്മേഷത്തിന്റെയും മടിയുടെയും അവസരത്തില്‍ അനുസരണയും കീഴൊതുങ്ങലും ഉണ്ടാകുമെന്നും, എളുപ്പത്തിന്റെയും പ്രയാസത്തിന്റെയും സന്ദര്‍ഭത്തില്‍ ചെലവഴിക്കുമെന്നും, നന്മ കല്‍പിക്കുമെന്നും തിന്മ വിരോധിക്കുമെന്നും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങള്‍ പറയുകയും ഒരു ആക്ഷേപകന്റെയും ആക്ഷേപത്തെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ പറയുന്നതിനെ ഭയപ്പെടില്ലെന്നും നിങ്ങളുടെ അടുക്കലേക്ക് ഞാന്‍ വന്നാല്‍ എന്നെ സഹായിക്കുകയും, നിങ്ങളുടെ സ്വന്തം ശരീരത്തെക്കാളും ഇണകളെക്കാളും മക്കളെക്കാളും എന്നെ പ്രതിരോധിക്കുകയും ചെയ്യുമെന്നും. എങ്കില്‍ നിങ്ങള്‍ക്ക് സ്വര്‍ഗമുണ്ട്.'' അവരെല്ലാം എഴുന്നേറ്റ് കൊണ്ട് പ്രവാചകന് ബൈഅത്ത് ചെയ്തു.

ബൈഅത്തിന് ശേഷം പ്രവാചകന്‍ ﷺ  അവരില്‍ നിന്ന് പന്ത്രണ്ട് നേതാക്കളെ തെരഞ്ഞെടുത്തു. അവര്‍ അവരുടെ ജനതയിലുള്ള നേതാക്കളായിരുന്നു. ഒമ്പത് പേര്‍ ഖസ്‌റജില്‍ നിന്നും മൂന്ന് പേര്‍ ഔസില്‍ നിന്നും. പിന്നെ അവര്‍ യഥ്‌രിബിലേക്ക് മടങ്ങി. അവര്‍ അവിടെ എത്തിയപ്പോള്‍ അവരുടെ ഇസ്‌ലാം ആശ്ലേഷണം പരസ്യമാക്കി. അല്ലാഹുവിലേക്കുള്ള പ്രബോധനത്തില്‍ അല്ലാഹു അവര്‍ക്ക് പ്രയോജനം നല്‍കി.

രണ്ടാം അക്വബ ഉടമ്പടി പൂര്‍ത്തിയായതിന് ശേഷം ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കുന്നതില്‍ പ്രവാചകന്‍ വിജയിച്ചു. ഈ വാര്‍ത്ത മക്കയില്‍ പ്രചരിച്ചു. യഥ്‌രിബുകാര്‍ പ്രവാചകന് ബൈഅത്ത് ചെയ്തിട്ടുണ്ടെന്ന് മക്കക്കാര്‍ ഉറപ്പിച്ചു. അതിനെ തുടര്‍ന്ന് മക്കയില്‍ ഇസ്‌ലാം സ്വീകരിക്കുന്നവരോടുള്ള അക്രമം വര്‍ധിപ്പിച്ചു. അപ്പോള്‍ മദീനയിലേക്ക് ഹിജ്‌റപോകാന്‍ പ്രവാചകന്‍ ﷺ  മുസ്‌ലിംകളോട് കല്‍പിച്ചു. അവര്‍ ഹിജ്‌റ പോവുകയും ചെയ്തു.

പ്രവാചകത്വത്തിന്റെ പതിനാലാം വര്‍ഷം സഫര്‍ 14ന് പ്രവാചകനെ കൊലപ്പെടുത്താന്‍ വേണ്ടി ക്വുറൈശികള്‍ യോഗം കൂടി. ഈ വിവരം വഹ്‌യ് മുഖേന അല്ലാഹു പ്രവാചകനെ അറിയിച്ചു. അതിനെ തുടര്‍ന്ന് പ്രവാചകന്‍ ﷺ  തന്റെ വിരിപ്പില്‍ കിടന്നുറങ്ങാന്‍ അലി(റ)യോട് കല്‍പിക്കുകയുണ്ടായി. മുശ്‌രിക്കുകള്‍ പ്രവാചകനെ പ്രതീക്ഷിച്ചുകൊണ്ട് വാതില്‍ തുറന്നപ്പോള്‍ അലി(റ)യെയാണ് കണ്ടത്. അതേസമയം, പ്രവാചകന്‍ ﷺ  അബൂബക്കറി(റ)നോടൊപ്പം ഹിജ്‌റ പോവുകയും ചെയ്തു.

ഇത് പ്രവാചകന്റെ വ്യക്തമായ ഹിക്മത്തിന്റെയും ക്ഷമയുടെയും ധീരതയുടെയും തെളിവാണ്. ക്വുറൈശികള്‍ ധിക്കരിക്കുകയും പ്രബോധനത്തെ നിരസിക്കുകയും  ചെയ്യുന്നത് മനസ്സിലാക്കിയ പ്രവാചകന്‍ ഇസ്‌ലാമികമായ നിലനില്‍പിന് പറ്റിയ സ്ഥലം അന്വേഷിക്കുകയും അതുകൊണ്ട് മതിയാക്കാതെ അന്നാട്ടുകാരില്‍ നിന്നും ബൈഅത്ത് സ്വീകരിക്കുകയും സഹായിക്കാമെന്ന കരാര്‍ വാങ്ങുകയും ചെയ്തു. അതാണ് അക്വബ ഒന്ന്, രണ്ട് ഉടമ്പടികളിലൂടെ ചെയ്തത്. പ്രബോധനമേഖല തെളിഞ്ഞു കാണുകയും അവിടെ സഹായികളെ കണ്ടെത്തുകയും ചെയ്തപ്പോള്‍ സ്വഹാബത്തിനെ അന്നാട്ടിലേക്ക് ഹിജ്‌റ പറഞ്ഞയച്ചു. ക്വുറൈശികള്‍ കൊല്ലാനും ഉപദ്രവിക്കാനും തീരുമാനിച്ചപ്പോള്‍ പലായനം ചെയ്തത്  ഭീരുത്വം കൊണ്ടല്ല, മരണത്തെ ഭയപ്പെട്ട് ഓടിയതുമല്ല. മറിച്ച്, അല്ലാഹുവില്‍ ഭരമേല്‍പിച്ചുകൊണ്ട് ഭൗതികമായ കാരണങ്ങളെ ഉപയോഗപ്പെടുത്തിയതാണ്. ഇത് പ്രവാചകന്റെ പ്രബോധന വിജയത്തിലെ നയപരമായ ഹിക്മത്താണ്. അതാണ് നേതൃഗുണത്തിന്റെ അടയാളം.

പ്രവാചകന്റെ നിലപാടുകള്‍ പലായനത്തിന് ശേഷം

1. വിമലീകരണത്തിലും സംസ്ഥാപനത്തിലും ഹിക്മത്തിലധിഷ്ഠിതമായ നിലപാടുകള്‍

പ്രവാചകന്‍ ﷺ  മദീനയിലെത്തിയപ്പോള്‍ അവിടുത്തെ താമസക്കാരില്‍ അധികപേരും വിശ്വാസത്തില്‍ ചേര്‍ച്ചയില്ലാത്തവരും വിഭിന്നങ്ങളായ ലക്ഷ്യങ്ങളുളളവരും കക്ഷിത്വങ്ങളുമുള്ള സമൂഹമായിരുന്നു. പുരാതനമായി അനന്തരം കിട്ടിയിരുന്ന അധികാരങ്ങളും പുതുതായി കണ്ടെത്തിയിരുന്ന അധികാരങ്ങളും അവര്‍ക്കുണ്ടായിരുന്നു. ഈ സമൂഹത്തെ മൂന്നായി വേര്‍തിരിക്കാം.

1) മുസ്‌ലിംകള്‍: അവരില്‍ പെട്ടവരാണ് ഔസ്, ഖസ്‌റജ്, മുഹാജിറുകള്‍.

2) മുശ്‌രിക്കുകള്‍: അവരില്‍ പെട്ടവരാണ് മുസ്‌ലിംകളായിട്ടില്ലാത്ത ഔസ്, ഖസ്‌റജ്.

3)ജൂതന്മാര്‍: അവര്‍ വ്യത്യസ്ത ഗോത്രങ്ങളുണ്ട്. ബനൂഖൈനുഖാഅ് ഖസ്‌റജിലെ നേതാക്കന്മാരായിരുന്നു. ബനൂനളീര്‍, ബനൂഖുറൈള- ഈ രണ്ട് ഗോത്രങ്ങളും ഔസിലെ നേതാക്കന്മാരായിരുന്നു.

ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയില്‍ തീവ്രമായ ഭിന്നതകളുണ്ടായിരുന്നു. ജാഹിലിയ്യ കാലഘട്ടത്തില്‍ അവര്‍ക്കിടയില്‍ പരസ്പരം യുദ്ധങ്ങളുണ്ടായിട്ടുണ്ട്.

പ്രവാചകന്‍ ﷺ  തന്റെ മഹത്തായ ഹിക്മത്തിലൂടെയും നല്ലതായ രാഷ്ട്രീയത്തിലൂടെയും ഈ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ചു. അദ്ദേഹം അവര്‍ക്കിടയില്‍ പ്രശ്‌ന പരിഹാരം നടത്തിയത് താഴെ പറയുന്ന രീതിയിലാണ്:

പള്ളിനിര്‍മാണം

പ്രവാചകന്‍ ﷺ  ആദ്യമായി ജനങ്ങള്‍ക്കിടയില്‍ ഇസ്വ്‌ലാഹ് നടത്തുന്നതിന്റെ ഭാഗമായി മദീനയില്‍ ചെയ്തത് പള്ളി നിര്‍മിക്കുകയാണ്. മുഴുവന്‍ മുസ്‌ലിംകളും ആ പ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. അവരുടെ നേതാവും ഇമാമും പ്രവാചകന്‍ ﷺ  ആയിരുന്നു. അതിലൂടെ പരസ്പര സഹായവും ഹൃദയങ്ങള്‍ക്കിടയില്‍ ഐക്യവും ഒരേ ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനവുമാണ് ഉദ്ദേശിച്ചത്. പ്രവാചകന്‍ വരുന്നതിന് മുമ്പ് വ്യത്യസ്ത ഗോത്രങ്ങള്‍ ഉറക്കമൊഴിച്ചും മത്സരിച്ചും കവിതകള്‍ രചിക്കുകയും പാടുകയും അതില്‍ പരസ്പരം മത്സരിച്ച് ഭിന്നിക്കുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ പള്ളി നിര്‍മിക്കപ്പെട്ടപ്പോള്‍ മുസ്‌ലിംകള്‍ക്കെല്ലാം ഒരുമിച്ചുകൂടാനുള്ള കേന്ദ്രമായി അത് മാറി. എല്ലാ സമയങ്ങളിലും അവര്‍ അവിടെ ഒരുമിച്ച് കൂടുകയും നബി ﷺ യോട് കാര്യങ്ങള്‍ ചോദിക്കുകയും അദ്ദേഹം അവരെ പഠിപ്പിക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും നേര്‍പാതയിലേക്ക് നയിക്കുകയും ചെയ്തു.

അതുകൊണ്ട് തന്നെ ജീവിതങ്ങള്‍ ഇണങ്ങുകയും ഗോത്രങ്ങള്‍ അടുക്കുകയും അനൈക്യത്തിലുണ്ടായിരുന്നവര്‍ ഐക്യത്തിലേക്ക് നീങ്ങുകയും ചെയ്തു. വ്യത്യസ്ത സംഘങ്ങളെ മദീനയില്‍ പിന്നീട് കണ്ടില്ല. ഒരു സംഘമായി അവര്‍ മാറി. ഒരുപാട് നേതാക്കളെയും കണ്ടില്ല, ഒരു നേതാവ് മാത്രം; അതാകട്ടെ നബി ﷺ യും. അദ്ദേഹം തന്റെ റബ്ബില്‍ നിന്ന് കല്‍പനകളും നിരോധങ്ങളും നിര്‍ദേശങ്ങളും സ്വീകരിക്കുകയും അത് തന്റെ ജനതയെ പഠിപ്പിക്കുകയും ചെയ്തു. അങ്ങനെ മുസ്‌ലിംകള്‍ ഒരൊറ്റ അണിയായിത്തീര്‍ന്നു.

അഞ്ച് നേരത്തെ നമസ്‌കാരം നിര്‍വഹിക്കാന്‍ മാത്രമുള്ള സ്ഥലമായിരുന്നില്ല അവര്‍ക്ക് പള്ളി. മറിച്ച്, മുസ്‌ലിംകള്‍ക്കെല്ലാം ഒരുമിച്ചിരുന്ന് വിജ്ഞാനം നേടാനും ജീവിതം കരുപ്പിടിപ്പിക്കാനുമുള്ള സര്‍വകലാശാല കൂടിയായിരുന്നു. (തുടരും)