ഒന്നാം അക്വബ ഉടമ്പടി

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ഏപ്രില്‍ 20 1440 ശഅബാന്‍ 15

(ലോകഗുരു: മുഹമ്മദ് നബി ﷺ  ഭാഗം: 16)

പ്രവാചകത്വത്തിന്റെ പതിനൊന്നാം വര്‍ഷം കടന്നുവന്നു. മുഹമ്മദ് നബി ﷺ  അല്ലാഹുവിലേക്കുള്ള ക്ഷണവുമായി മുന്നോട്ടുപോകുകയാണ്. ക്വുറൈശികളുടെ പ്രയാസപ്പെടുത്തലുകളെ അദ്ദേഹം വകവച്ചില്ല. അവര്‍ പ്രചരിപ്പിക്കുന്ന കുപ്രചരണങ്ങളെ നബി ﷺ  ശ്രദ്ധിച്ചതേയില്ല. കാരണം അല്ലാഹുവില്‍ നിന്നും കൊണ്ടുവന്നതിനെ ജനങ്ങള്‍ക്ക് മുമ്പില്‍ തടയലായിരുന്നു അവരുടെ ലക്ഷ്യം. 

ഹജ്ജിന്റെ സമയം വന്നപ്പോള്‍ അല്ലാഹു തന്റെ ദീനിനെ പ്രകടമായി പരസ്യപ്പെടുത്താനും മുഹമ്മദ് നബിയെ ശക്തിപ്പെടുത്തുവാനും അദ്ദേഹത്തിന് നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുവാനും ഉദ്ദേശിച്ചു. നബി ﷺ  തന്റെ വീട്ടില്‍ നിന്നും പുറപ്പെട്ടു. അക്വബയുടെ അടുത്തെത്തിയപ്പോള്‍ ഖസ്‌റജില്‍ നിന്നുള്ള ഒരു വിഭാഗത്തെ കണ്ടുമുട്ടി. അല്ലാഹു അവരുടെ കാര്യത്തില്‍ നന്മ ഉദ്ദേശിച്ചിട്ടുണ്ടായിരുന്നു. 

നബി അവരോട് ചോദിച്ചു: ''നിങ്ങളാരാണ്?'' 

അവര്‍ പറഞ്ഞു: ''ഞങ്ങള്‍ ഖസ്‌റജ് ഗോത്രത്തില്‍ നിന്നുള്ളവരാണ്.'' 

നബി ﷺ  ചോദിച്ചു: ''യഹൂദികളുള്ള പ്രദേശത്തുനിന്നാണോ?'' 

അവര്‍ പറഞ്ഞു: ''അതെ.'' 

നബി ﷺ  ചോദിച്ചു: ''നിങ്ങള്‍ അല്‍പസമയം ഇരിക്കുമോ? ഞാന്‍ നിങ്ങളോട് ഒന്ന് സംസാരിക്കട്ടെ?'' അവര്‍ പറഞ്ഞു: ''തീര്‍ച്ചയായും.'' 

നബി ﷺ  അവരോടൊപ്പം ഇരുന്നു. അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അവര്‍ക്ക് മുമ്പില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തി. ക്വുര്‍ആന്‍ വചനങ്ങള്‍ അവര്‍ക്ക് ഓതിക്കൊടുത്തു.

ജൂതന്മാരായ ആളുകള്‍ ഇവരോടൊപ്പം ഇവരുടെ രാജ്യങ്ങളില്‍ ഉണ്ടായിരുന്നു. ജൂതന്മാര്‍ അറിവുള്ളവരും വേദഗ്രന്ഥത്തിന്റെ ആളുകളും ആയിരുന്നു. ഇവരാകട്ടെ വിഗ്രഹാരാധകരും ശിര്‍ക്കിന്റെ ആളുകളും ആയിരുന്നു. ഇവരുടെ രാജ്യത്തോട് ജൂതന്മാര്‍ യുദ്ധം ചെയ്യുമ്പോള്‍ അവര്‍ ഇപ്രകാരം പറയാറുണ്ടായിരുന്നു: ''വളരെ വൈകാതെ തന്നെ ഒരു പ്രവാചകന്‍ നിയോഗിക്കപ്പടാനുണ്ട്. ആ പ്രവാചകന്റെ കാലം അടുത്തിരിക്കുന്നു. ആ പ്രവാചകന്‍ വന്നാല്‍ ഞങ്ങള്‍ അദ്ദേഹത്തെ പിന്‍പറ്റും. ആ പ്രവാചകന്റെ കൂടെ ഞങ്ങള്‍ നിങ്ങളോടു ചെയ്യും. ആദ് ഗോത്രവും ഇറം ഗോത്രവും നശിപ്പിക്കപ്പെട്ടത് പോലെ നിങ്ങള്‍ നശിപ്പിക്കപ്പെടുകയും ചെയ്യും.''

മുഹമ്മദ് നബി ﷺ  അവരോട് സംസാരിക്കുകയും അവരെ അല്ലാഹുവിലേക്ക് ക്ഷണിക്കുകയും ചെയ്തപ്പോള്‍ അവര്‍ പരസ്പരം പറഞ്ഞു: ''ജനങ്ങളേ, നിങ്ങള്‍ക്കറിയാമല്ലോ; അല്ലാഹുവാണ് സത്യം! ജൂതന്മാര്‍ വാഗ്ദാനം ചെയ്ത പ്രവാചകന്‍ തന്നെയാണ് ഇത്. അതുകൊണ്ട് ജൂതന്മാര്‍ക്ക് മുമ്പ് നമുക്ക് ഈ പ്രവാചകനില്‍ വിശ്വസിച്ചു കൂടേ?'' അങ്ങനെ അവര്‍ അത് അംഗീകരിക്കുകയും മുഹമ്മദ് നബി അവര്‍ക്ക് മുമ്പില്‍ സമര്‍പ്പിച്ച ഇസ്‌ലാമിനെ അവര്‍ സ്വീകരിക്കുകയും ചെയ്തു. ശേഷം അവര്‍ നബി ﷺ യോട് പറഞ്ഞു: ''ഞങ്ങളുടെ സമൂഹം പരസ്പരം യുദ്ധം ചെയ്യുന്നവരും പരസ്പരം ശത്രുതയിലുമാണ്. അല്ലാഹുവിന് നിങ്ങളെക്കൊണ്ട് അവരെ ഒന്നിപ്പിക്കുവാനും സാധിക്കും. അതുകൊണ്ട് ഞങ്ങള്‍ അവരിലേക്ക് പോവുകയാണ്. എന്തൊരു കാര്യത്തിലാണ് നിങ്ങളില്‍ നിന്ന് ഞങ്ങള്‍ വിശ്വസിച്ചത് അതിലേക്ക് ഞങ്ങള്‍ അവരെയും ക്ഷണിക്കും. അല്ലാഹു അവരെ നിങ്ങളുടെ പേരില്‍ ഒരുമിച്ചുകൂട്ടിത്തന്നാല്‍ അവരെ സംബന്ധിച്ചിടത്തോളം നിങ്ങളെക്കാള്‍ പ്രതാപവാനായ മറ്റൊരു വ്യക്തി വേറെ ഉണ്ടാവുകയില്ല.'' 

ഇതു പറഞ്ഞ ശേഷം അവര്‍ തങ്ങളുടെ രാജ്യത്തേക്ക് മടങ്ങി. അല്ലാഹുവിലും അവന്റെ പ്രവാചകനിലും അവര്‍ വിശ്വസിച്ചിരുന്നു. ഖസ്‌റജ് ഗോത്രത്തില്‍നിന്നുള്ള 6 വ്യക്തികളായിരുന്നു അവര്‍. അസ്അദ് ഇബ്‌നു സുറാറ, ഔഫ് ഇബ്‌നുല്‍ ഹാരിസ്, റാഫിഉബ്‌നു മാലിക്, ഖുത്ബത് ഇബ്‌നു ആമിര്‍, ഉക്വ്ബത് ഇബ്‌നു ആമിര്‍, ജാബിറുബ്‌നു അബ്ദില്ലാഹിബിനുരിആബ് തുടങ്ങിയവരായിരുന്നു അവര്‍. ഈ ആറു പേര്‍ മദീനയിലേക്ക് മടങ്ങി. ഇസ്‌ലാമിലേക്കുള്ള പ്രബോധകരായിക്കൊണ്ടാണ് അവര്‍ മദീനയിലേക്ക് തിരിച്ചു ചെന്നത്. അവരിലൂടെ ഇസ്‌ലാം പ്രചരിച്ചു. മദീനയിലെ എല്ലാ വീടുകളിലും മുഹമ്മദ് നബി ﷺ യെക്കുറിച്ചുള്ള സംസാരങ്ങളും ചര്‍ച്ചകളുമായി. 

ഉമ്മയും ബാപ്പയും ഒത്ത സഹോദരന്മാരായിരുന്നു ഔസ്, ഖസ്‌റജ് ഗോത്രക്കാര്‍. ഔസ് ഗോത്രം ഔസ്ബ്‌നു ഹാരിസയിലേക്കും ഖസ്‌റജ് ഗോത്രം ഖസ്‌റജ്ബ്‌നു ഹാരിസയിലേക്കും ചേര്‍ത്തപ്പെട്ടവരായിരുന്നു. ഇതിനു മുമ്പ് അവര്‍ അവരുടെ ഉമ്മയായ 'ഖൈലത്തി'ന്റെ പേരിലാണ് അറിയപ്പെട്ടിരുന്നത്. പില്‍ക്കാലത്ത് നബി ﷺ  അവര്‍ക്ക് അന്‍സ്വാറുകള്‍ എന്ന് പേരിടുകയും ചെയ്തു. ജൂതന്മാര്‍ അവരുടെ ശക്തിയെ ഛിന്നഭിന്നമാക്കിയിരുന്നു. അവരുടെ ഐക്യത്തെ തകര്‍ത്തിരുന്നു. അവര്‍ക്കിടയില്‍ ശത്രുതയും യുദ്ധങ്ങളും ഉണ്ടാക്കിയിരുന്നു. 125 ഓളം വര്‍ഷം വരെ നീണ്ടു നിന്ന യുദ്ധം അവര്‍ക്കിടയില്‍ ഉണ്ടായിട്ടുണ്ട്. അങ്ങനെ അല്ലാഹു ഇസ്‌ലാം കൊണ്ട് അതിനെയെല്ലാം അണച്ചുകളഞ്ഞു. മുഹമ്മദ് നബിയിലൂടെ അവര്‍ക്കിടയില്‍ പരസ്പര സ്‌നേഹം ഉണ്ടാക്കി.

''നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെ പിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി'' (ആലു ഇംറാന്‍ 103).

ഈ ആറുപേര്‍ മദീനയില്‍ ജനങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടിരുന്നു. ഒരു വര്‍ഷം പിന്നിട്ടു . പ്രവാചകത്വത്തിന്റെ 12ാം വര്‍ഷം കടന്നുവന്നു. ഹജ്ജിനു വേണ്ടി മദീനയില്‍ നിന്നും 12 ആളുകള്‍ പുറപ്പെടുകയാണ്. രണ്ടുപേര്‍ ഔസ് ഗോത്രത്തില്‍ നിന്നും പത്ത് പേര്‍ ഖസ്‌റജ് ഗോത്രത്തില്‍ നിന്നും ആയിരുന്നു. അതില്‍ അഞ്ചുപേര്‍ കഴിഞ്ഞവര്‍ഷം നബി ﷺ യിലൂടെ ഇസ്‌ലാമിലേക്ക് കടന്നുവന്നവരായിരുന്നു. ഖസ്‌റജ് ഗോത്രത്തില്‍നിന്ന് അസ്അദ് ഇബ്‌നു സുറാറ, ഔഫ് ഇബ്‌നുല്‍ ഹാരിസ്, മുആദ് ഇബ്‌നു ഹാരിസ്, റാഫിഇബ്‌നു മാലിക്, ഉബാദത്ത് ഇബ്‌നു സ്വാമിത്, യസീദ് ഇബ്‌നു സഅ്‌ലബ, അബ്ബാസ് ഇബ്‌നു ഇബാദ, ഖുത്ബത് ഇബ്‌നു ആമിര്‍, ഉക്വ്ബത് ഇബ്‌നു ആമിര്‍ തുടങ്ങിയവരായിരുന്നു ഉണ്ടായിരുന്നത്. അബുല്‍ ഹൈസം ഇബ്‌നു തൈഹാന്‍, ഉവൈം ഇബ്‌നു സാഇദ തുടങ്ങിയവരായിരുന്നു ഔസ് ഗോത്രത്തില്‍നിന്നും ഉണ്ടായിരുന്നത്. ഇവര്‍ മക്കയിലെത്തിയപ്പോള്‍ മിനയില്‍ വെച്ച് അക്വബയുടെ സമീപത്ത് നബി ﷺ  അവരെ കണ്ടുമുട്ടി. അങ്ങനെയാണ് അവരുമായി ഒന്നാം അക്വബ ഉടമ്പടി ഉണ്ടാകുന്നത്. 

സന്തോഷ ഘട്ടങ്ങളിലും പ്രയാസങ്ങളിലും ഞെരുക്കസന്ദര്‍ഭത്തിലും ആശ്വാസത്തിന്റെ സന്ദര്‍ഭത്തിലും നബി ﷺ യെ അനുസരിക്കാനും കേള്‍ക്കാനും തയ്യാറാണെന്നും നന്മ കല്‍പിക്കാനും തിന്മ വിരോധിക്കാനും ഞങ്ങള്‍ ഒരുക്കമാണ് എന്നും സത്യം പറയുവാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ് എന്നും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ഒരു ആക്ഷേപകന്റെ ആക്ഷേപവും ഭയപ്പെടുകയില്ല എന്നും മദീനയില്‍ വന്നാല്‍ നബിയെ ഞങ്ങള്‍ സഹായിക്കുകയും നബിയുമായി ബന്ധം സ്ഥാപിക്കുകയും ചെയ്യുമെന്നും സ്വന്തം മക്കളെയും കുടുംബത്തെയും ശരീരത്തെയും എന്തില്‍നിന്നെല്ലാം സംരക്ഷിക്കുമോ അതില്‍ നിന്നെല്ലാം മുഹമ്മദ് നബിയെയും സംരക്ഷിക്കുമെന്നുമായിരുന്നു ഒന്നാം അക്വബ ഉടമ്പടിയില്‍ ഉണ്ടായിരുന്ന കരാര്‍. (ഇമാം ബുഖാരിയുടെ 7199ാം നമ്പര്‍ ഹദീഥിലും മുസ്‌ലിമിന്റെ 1709ാം നമ്പര്‍ ഹദീഥിലും ഈ ആശയം കാണുവാന്‍ സാധിക്കും). 

ഹജ്ജിന്റെ സമയം കഴിഞ്ഞ് നടന്ന ഈ ഉടമ്പടിക്ക് ശേഷം അവര്‍ മദീനയിലേക്ക് മടങ്ങുകയാണ്. മുഹമ്മദ് നബി ﷺ  അവരുടെ കൂടെ മിസ്വ്അബ് ഇബ്‌നു ഉമൈര്‍(റ)വിനെയും അയച്ചു. അവരെ ഇസ്‌ലാമിനെക്കുറിച്ച് പഠിപ്പിക്കുവാനും ക്വുര്‍ആന്‍ ഓതിക്കൊടുക്കുവാനും മദീനയിലുള്ള ആളുകളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുവാനും വേണ്ടിയായിരുന്നു നബി ﷺ  അദ്ദേഹത്തെ കൂടെ പറഞ്ഞയച്ചത്. ബര്‍റാഉബ്‌നു ആസിബ്(റ) പറയുകയാണ്: 'നബി ﷺ യുടെ അനുചരന്മാരില്‍ നിന്ന് മദീനയിലേക്ക് ആദ്യമായി ഞങ്ങളിലേക്ക് വന്നത് മിസ്വ്അബ് ഇബ്‌നു ഉമൈര്‍, ഇബ്‌നു ഉമ്മിമക്തൂം എന്നിവരാണ്. അവര്‍ ഞങ്ങള്‍ക്ക് ക്വുര്‍ആന്‍ ഓതിത്തന്നു. ശേഷം അമ്മാറും ബിലാലും സഅ്ദും വന്നു. അതിനുശേഷം 20 ആളുകളോടൊപ്പം ഉമറുബ്‌നുല്‍ ഖത്ത്വാബും വന്നു. അതിനുശേഷമാണ് മുഹമ്മദ് നബി ﷺ  വരുന്നത്. ആ ദിവസം മദീനക്കാര്‍ സന്തോഷിച്ചത് പോലെ മറ്റൊന്നിലും അവര്‍ സന്തോഷിച്ചതായി ഞാന്‍ കണ്ടിട്ടില്ല. മദീനയിലെ കുട്ടികളും ചെറുപ്പക്കാരും 'അല്ലാഹുവിന്റെ പ്രവാചകന്‍ ഇതാ വന്നിരിക്കുന്നു' എന്ന് പറയുന്നത് ഞാന്‍ കാണുകയുണ്ടായി' (ബുഖാരി 4941). 

മിസ്വ്അബ് ഇബ്‌നു ഉമൈറിലൂടെ മദീനയിലുള്ള ഒരുപാട് ആളുകള്‍ ഇസ്‌ലാം സ്വീകരിച്ചു. സഅദ് ബ്‌നു മുആദ്(റ), ഉസൈദ് ഇബ്‌നു ഖുളൈര്‍(റ) തുടങ്ങിയവര്‍ അതില്‍ പ്രധാനികളായിരുന്നു. ഇവര്‍ ഇസ്‌ലാം സ്വീകരിച്ചതിലൂടെ ബനൂ അബ്ദുല്‍അശ്ഹല്‍ ഗോത്രത്തില്‍പെട്ട എല്ലാ ആളുകളും ഇസ്‌ലാമിലേക്ക് കടന്നുവന്നു. അംറ്ബ്‌നു സാബിത് എന്ന വ്യക്തി മാത്രമാണ് അന്ന് ഇസ്‌ലാം സ്വീകരിക്കാതെ വൈകിയത്. അദ്ദേഹം പിന്നീട് ഇസ്‌ലാം സ്വീകരിക്കുകയും ഉഹ്ദ് യുദ്ധത്തില്‍ ശഹീദാവുകയും ചെയ്തു. മദീനയില്‍ വന്ന മിസ്വ്അബ് ഇബ്‌നു ഉമൈര്‍(റ) ഇബ്‌നു സുറാറയുടെ വീട്ടിലായിരുന്നു താമസം. അല്ലാഹുവിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ട് അദ്ദേഹം മദീനയില്‍ കഴിച്ചുകൂട്ടി. അന്‍സ്വാറുകളുടെ എല്ലാ വീടുകളിലും പുരുഷനായും സ്ത്രീയായും കുട്ടികളായും മുസ്‌ലിംകള്‍ ഉണ്ടായിവന്നു. അടുത്ത സീസണ്‍ വന്നപ്പോള്‍ മിസ്വ്അബ് ഇബ്‌നു ഉമൈര്‍ മക്കയിലേക്ക് മടങ്ങി. മദീനയില്‍ ഇസ്‌ലാം പ്രചരിച്ചതിനെ സംബന്ധിച്ച് നബി ﷺ യെ അറിയിച്ചു. ഇസ്‌ലാമിലേക്ക് കടന്നുവന്ന ആളുകളുടെ ആധിക്യവും പ്രവാചകനെ തെര്യപ്പെടുത്തി. ഇതുകേട്ട് നബി ﷺ  ഏറെ സന്തോഷിച്ചു. മദീനയിലുള്ള ആളുകള്‍ വളരെ പെട്ടെന്ന് ഇസ്‌ലാം സ്വീകരിക്കാന്‍ ചില കാരണങ്ങളുണ്ടായിരുന്നു. ഔസ്, ഖസ്‌റജ് ഗോത്രങ്ങളുടെ പ്രകൃതിയില്‍ അല്ലാഹു വച്ച മൃദുലതയും നൈര്‍മല്യതയുമായിരുന്നു അത്. അഹങ്കാരം അവര്‍ക്കുണ്ടായിരുന്നില്ല. സത്യത്തെ നിഷേധിക്കുന്നവര്‍ ആയിരുന്നില്ല അവര്‍. അവര്‍ അടിസ്ഥാനപരമായി യമനില്‍ നിന്നുള്ളവരാണ്. നബി ﷺ  ഇപ്രകാരം പറഞ്ഞിട്ടുണ്ട്: 'നിങ്ങളിലേക്ക് യമനില്‍ നിന്നുള്ള ആളുകള്‍ വന്നിരിക്കുന്നു. അവര്‍ ലോലമായ ഹൃദയത്തിന്റെയും മൃദുലമായ മനസ്സിന്റെയും ഉടമകളാണ്. ഈമാന്‍ യമനിന്റെതാണ്. അറിവ് യമനിന്റെതാണ്' (ബുഖാരി 1388. മുസ്‌ലിം 52). 

120 വര്‍ഷത്തിലേറെയായി നിലനിന്നിരുന്ന ഔസ്, ഖസ്‌റജ് ഗോത്രങ്ങള്‍ക്കിടയിലുള്ള ആഭ്യന്തര യുദ്ധങ്ങള്‍ അവസാനിച്ചു. യുദ്ധങ്ങളുടെ തീയിലും കയ്പ്പുനീരിലുമാണ് അവര്‍ ജീവിച്ചിരുന്നത്. അങ്ങനെ അവര്‍ ഐക്യത്തെ ഇഷ്ടപ്പെട്ടു. യുദ്ധത്തില്‍ നിന്നുള്ള മോചനം അവര്‍ ആഗ്രഹിച്ചു. ഇസ്‌ലാമിലേക്കുള്ള അവരുടെ പ്രവേശനം വലിയ അനുഗ്രഹമായിരുന്നു അവരെ സംബന്ധിച്ചിടത്തോളം. ക്വുറൈശികളും മറ്റു അറബി ഗോത്രങ്ങളും പ്രവാചകത്വത്തില്‍ നിന്നും പ്രവാചകന്മാരില്‍ നിന്നും ഒരുപാട് വിദൂരമായിരുന്നു. വിഗ്രഹാരാധനയിലും സകലമാന തിന്മകളിലും മുങ്ങിത്താഴ്ന്നവരുമായിരുന്നു അവര്‍. അതേ സ്ഥാനത്ത് ഔസും ഖസ്‌റജും ജൂതന്മാരില്‍ നിന്ന് നബിമാരെക്കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. വരാനിരിക്കുന്ന ഒരു നബിയെക്കുറിച്ച് ജൂതന്മാര്‍ സംസാരിക്കുന്നത് അവരുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. 

''അവരുടെ കൈവശമുള്ള വേദത്തെ ശരിവെക്കുന്ന ഒരു ഗ്രന്ഥം (ക്വുര്‍ആന്‍) അല്ലാഹുവിങ്കല്‍ നിന്ന് അവര്‍ക്ക് വന്നുകിട്ടിയപ്പോള്‍ (അവരത് തള്ളിക്കളയുകയാണ് ചെയ്തത്). അവരാകട്ടെ (അത്തരം ഒരു ഗ്രന്ഥവുമായി വരുന്ന പ്രവാചകന്‍ മുഖേന) അവിശ്വാസികള്‍ക്കെതിരില്‍ വിജയം നേടികൊടുക്കുവാന്‍ വേണ്ടി മുമ്പ് (അല്ലാഹുവിനോട്) പ്രാര്‍ഥിക്കാറുണ്ടായിരുന്നു. അവര്‍ക്ക് സുപരിചിതമായ ആ സന്ദേശം വന്നെത്തിയപ്പോള്‍ അവരത് നിഷേധിക്കുകയാണ് ചെയ്തത്. അതിനാല്‍ ആ നിഷേധികള്‍ക്കത്രെ അല്ലാഹുവിന്റെ ശാപം'' (അല്‍ബക്വറ 89). 

ഹജ്ജിന്റെ സന്ദര്‍ഭത്തില്‍ നബി ﷺ  അവിടെയെത്തിയ മദീനക്കാരെ കണ്ടപ്പോള്‍ തിരിച്ചറിഞ്ഞു. അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അതോടുകൂടി അവരുടെ കണ്ണുകളിലെ എല്ലാ മൂടികളും നീങ്ങിപ്പോയി. ഈ ഒരു പ്രബോധനത്തെ ലക്ഷ്യംവെച്ചുകൊണ്ട് വന്നതുപോലെയായിരുന്നു അവര്‍. അതിനെല്ലാം ഉപരിയായി സത്യത്തെ സ്വീകരിക്കുവാനുള്ള അവരുടെ മനസ്സിനെ അല്ലാഹു അറിഞ്ഞു. അതോടെ അവരുടെ ഹൃദയങ്ങളെ അല്ലാഹു വിശാലമാക്കി. ഇസ്‌ലാമിനെ അവരുടെ ഹൃദയങ്ങളിലേക്ക് ഇട്ടുകൊടുത്തു. മറ്റുള്ള ആളുകളെക്കാള്‍ ധൃതിയില്‍ അവര്‍ ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു.