ശൈശവത്തിലെ അത്ഭുത സംഭവങ്ങള്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജനുവരി 19 1440 ജുമാദല്‍ അവ്വല്‍ 13

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 6)

മുലകുടി

നബി ﷺ ക്ക് ആദ്യമായി മുലയൂട്ടിയത് ഉമ്മ ആമിനയായിരുന്നു. ശേഷം അബൂലഹബിന്റെ ഭൃത്യയായ സുവൈബയും. അബൂലഹബ് സുവൈബയെ മോചിപ്പിച്ചിട്ടുണ്ടായിരുന്നു.

അതിന് ശേഷമാണ് മുലയൂട്ടുന്ന സ്ത്രീകള്‍ കുട്ടികളെ അന്വേഷിച്ച് വരുന്നത്. ഹലീമതുസ്സഅ്ദിയ്യയും ആ കൂട്ടത്തിലുണ്ടായിരുന്നു. നബി ﷺ യതീമാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും അകന്നുപോയി. ഓരോരുത്തരും തനിക്ക് ലഭിച്ച കുഞ്ഞുമായി മടങ്ങുമ്പോള്‍ ഹലീമക്ക് ആരെയും കിട്ടിയിരുന്നില്ല. അവര്‍ ഈ യതീമിനെ സ്വീകരിച്ചു. കുട്ടിയില്ലാതെ മടങ്ങാന്‍ അവര്‍ ഇഷ്ടപ്പെട്ടിരുന്നില്ല. മറ്റാരെയും കിട്ടാത്തതുകൊണ്ടാണ് നബി ﷺ യെ അന്ന് അവര്‍ സ്വീകരിച്ചത്. അനുഗ്രഹം ലഭിക്കാനായി അല്ലാഹുവോട് ഹലീമ പ്രാര്‍ഥിച്ചു.

ത്വാഇഫിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള താഴ്‌വരയിലാണ് ഹലീമയുടെ വീട്. ത്വാഇഫില്‍ നിന്നു തന്നെ ഏതാണ്ട് നൂറു കിലോമീറ്ററോളം ദൂരമുണ്ട്. ഹലീമ കുഞ്ഞിനെ എടുത്ത് മടിയില്‍ വെച്ചപ്പോഴേക്കും അവരുടെ മാറിടങ്ങള്‍ നിറഞ്ഞുവന്നു. കുഞ്ഞ് മതിവരുവോളം കുടിച്ചു. ശേഷം രണ്ടുപേരും ഉറങ്ങി. പ്രായം ചെന്ന ഒരു ആടും അവരുടെ വീട്ടിലുണ്ടായിരുന്നു. അതിന്റെ അകിടില്‍ പാല്‍ നിറഞ്ഞു. അവര്‍ പാല്‍ കറന്നെടുത്തു. ഇഷ്ടാനുസരണം കുടിച്ചു. സുന്ദരമായ രാത്രിയുടെ അനുഭൂതിയില്‍ അവര്‍ കഴിച്ചുകൂട്ടി.

നേരം പുലര്‍ന്നപ്പോള്‍ ഭര്‍ത്താവ് ഹാരിസ് (അബൂകബ്ശ) ഹലീമയോടായി പറഞ്ഞു: ''ഹലീമാ, അനുഗൃഹീതമായ ഒരു കുഞ്ഞിനെയാണ് നീ സ്വീകരിച്ചിട്ടുള്ളത്.'' ഹലീമ പറഞ്ഞു: ''അല്ലാഹുവാണ് സത്യം! ഞാനും അത് ആഗ്രഹിക്കുന്നു.'' 

വീട്ടിലേക്കുള്ള വഴിയില്‍ അവരുടെ മെലിഞ്ഞ ഒട്ടകം മറ്റുള്ളവരുടെ ഒട്ടകങ്ങളെയെല്ലാം മറികടന്ന് വേഗതയില്‍ നടന്നു. അവര്‍ ത്വാഇഫിലെ സ്വകുടുംബങ്ങളില്‍ എത്തിയ സമയത്ത് ഭൂമിയെല്ലാം വരള്‍ച്ചബാധിച്ച് വരണ്ടതായിരുന്നു. എന്നിട്ടും ഹലീമയുടെ ആടുകള്‍ തടിച്ചുകൊഴുത്തു. അകിടില്‍ പാല്‍ നിറഞ്ഞു. ഇഷ്ടം പോലെ പാല്‍ അവര്‍ക്ക് ലഭിച്ചു. മറ്റുള്ളവരുടെ ആടുകള്‍ക്ക് ഇല്ലാത്ത പ്രത്യേകത! ഹലീമക്കും ഭര്‍ത്താവ് ഹാരിസിനും അല്ലാഹുവില്‍ നിന്നും ലഭിച്ച മഹാ അനുഗ്രഹമായിരുന്നു ഇത്.

ഹലീമയുടെ അടുക്കല്‍ രണ്ട് വര്‍ഷം പൂര്‍ത്തിയായി മുലകുടി അവസാനിപ്പിച്ചു. മറ്റു കുട്ടികളില്‍ നിന്നും വ്യത്യസ്തമായി വയസ്സിനെക്കാള്‍ വളര്‍ച്ച നബി ﷺ ക്ക് ഉണ്ടായി. രണ്ടു വയസ്സ് പൂര്‍ത്തിയായപ്പോള്‍ ഹലീമ കുഞ്ഞിനെയും കൊണ്ട് ആമിനയുടെ അടുക്കലേക്ക് മടങ്ങി. നബി ﷺ വന്നതു മുതല്‍ വീട്ടിലുണ്ടായ അനുഗ്രഹങ്ങള്‍ കാരണത്താല്‍ കുഞ്ഞ് തന്റെ കൂടെത്തന്നെ നില്‍ക്കണമെന്ന് അവര്‍ ആശിച്ചിരുന്നു. ആമിനക്ക് കുഞ്ഞിനെ കണ്ടപ്പോള്‍ സമാധാനമായി. ഹലീമയുടെ ആവര്‍ത്തിച്ചുള്ള ആവശ്യപ്പെടല്‍ കാരണം കുഞ്ഞിനെ മടക്കി കൊണ്ടുപോകുവാന്‍ അനുവാദം നല്‍കുകയും ചെയ്തു. ഹലീമ കുഞ്ഞിനെയും കൊണ്ട് ത്വാഇഫിലേക്ക് തന്നെ മടങ്ങി.

അറബികളുടെ പതിവനുസരിച്ച് കുഞ്ഞിനെ മുലയൂട്ടിവളര്‍ത്താന്‍ ഗ്രാമപ്രദേശത്തേക്ക് പറഞ്ഞയച്ചതില്‍ പല ലക്ഷ്യങ്ങളും ഗുണങ്ങളും ഉണ്ടായിരുന്നു.

1. നല്ല അറബിഭാഷ സംസാരിക്കുന്നതിനുള്ള പരിശീലനം. അതില്‍ ന്യൂനത വരുന്നതില്‍ നിന്നുള്ള സുരക്ഷ. വിശുദ്ധ ക്വുര്‍ആന്‍ അറബി ഭാഷയിലാണ് ഇറങ്ങാനുള്ളത്. അത് നന്നായി മനസ്സിലാക്കാന്‍ നബി ﷺ യെ തയ്യാറാക്കുകയായിരുന്നു പ്രപഞ്ചസ്രഷ്ടാവ്.  

''വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു. നിന്റെ ഹൃദയത്തില്‍. നീ താക്കീത്നല്‍കുന്നവരുടെ കൂട്ടത്തിലായിരിക്കുവാന്‍ വേണ്ടിയത്രെ അത്. സ്പഷ്ടമായ അറബി ഭാഷയിലാണ് (അത്അവതരിപ്പിച്ചത്'' (അശ്ശുഅറാഅ് 193-195).

2. ചെറുപ്പം മുതല്‍ തന്നെ ആരോഗ്യത്തോടെ വളരാനും ക്ഷമയിലും കഠിനാധ്വാനത്തിലുമുള്ള പരിശീലനം ലഭിക്കുവാനും.  

ഹൃദയം പിളര്‍ത്തല്‍

രണ്ടു തവണ നബി ﷺ യുടെ ഹൃദയം പിളര്‍ത്തല്‍ സംഭവം ഉണ്ടായിട്ടുണ്ട്.

(1) നബി ﷺ ഹലീമയുടെ കൂടെ താമസിക്കുന്ന കാലത്താണ് ആദ്യസംഭവം. നബി ﷺ ക്ക് അന്ന്  നാല് വയസ്സ് പൂര്‍ത്തിയായിട്ടുണ്ട്. ഹലീമയുടെ കൂടെയുള്ള കുട്ടികളോടൊപ്പം നബി ﷺ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അനസ്(റ) പറയുന്നു: ജിബ്‌രീല്‍ നബി ﷺ യുടെ അടുക്കലേക്ക് വന്നു. നബി ﷺ യെ പിടിക്കുകയും മലര്‍ത്തിക്കിടത്തുകയും ചെയ്തു. ശേഷം അവിടുത്തെ നെഞ്ച് പിളര്‍ത്തി ഹൃദയം പുറത്തെടുത്തു. അതില്‍ നിന്നും ഒരു കഷ്ണം പുറത്തേക്കെടുത്തിട്ടു. എന്നിട്ട് പറഞ്ഞു: 'ഇതു നിന്നിലുള്ള പൈശാചിക അംശമാണ്.' ശേഷം ഒരു സ്വര്‍ണ പാത്രത്തില്‍ സംസം കൊണ്ടുവന്ന് കഴുകുകയും എന്നിട്ട് ഹൃദയം തല്‍സ്ഥാനത്ത് വെക്കുകയും ചെയ്തു. ഇത് കണ്ട കുട്ടികള്‍ ഹലീമയുടെ അടുക്കലേക്ക് ഓടിച്ചെന്നുകൊണ്ട് പറഞ്ഞു: 'മുഹമ്മദ് കൊല്ലപ്പെട്ടിരിക്കുന്നു.' അവര്‍ പരിഭ്രാന്തയായി അങ്ങോട്ട് ഓടിച്ചെന്നു. അനസ്(റ) പറയുന്നു: 'നബി ﷺ യുടെ നെഞ്ചത്ത് തുന്നിയ അടയാളം ഞാന്‍ കാണാറുണ്ടായിരുന്നു.' (മുസ്‌ലിം:162).

ഇമാം അഹ്മദിന്റെ 17648-ാം ഹദീസിലും ഈ സംഭവം വിശദമായി കാണാന്‍ സാധിക്കും.

(2) ഇസ്‌റാഉം മിഅ്‌റാജും ഉണ്ടായ സന്ദര്‍ഭത്തിലാണ് രണ്ടാമത്തെ സംഭവം നടക്കുന്നത്. അനസ്(റ) പറയുന്നു: അബൂദര്‍റ്(റ) പറഞ്ഞു തരാറുണ്ടായിരുന്നു: നബി ﷺ പറഞ്ഞിരിക്കുന്നു: 'ഞാന്‍ മക്കയിലായിരിക്കെ എന്റെ വീടിന്റെ മേല്‍ക്കൂര പിളര്‍ന്നു. അങ്ങനെ ജിബ്‌രീല്‍ ഇറങ്ങിവന്ന് എന്റെ നെഞ്ച് പിളര്‍ത്തി. എന്നിട്ട് സംസം വെള്ളം കൊണ്ട് കഴുകി. ശേഷം ഈമാനും വിജ്ഞാനവും നിറക്കപ്പെട്ടു. സ്വര്‍ണത്തിന്റെ പാത്രം കൊണ്ട് വന്ന് എന്റെ ഹൃദയത്തിലേക്ക് ചൊരിഞ്ഞു. ശേഷം നെഞ്ച് മൂടിക്കെട്ടുകയും ചെയ്തു. ശേഷം എന്റെ കൈപിടിച്ച് ഒന്നാനാകശത്തേക്കു കൊണ്ടുപോയി.' (ബുഖാരി 349, മുസ്‌ലിം 162).

പ്രവാചകത്വത്തിന് വേണ്ടിയുള്ള ഒരുക്കലായിരുന്നു ഈ ഹൃദയം പിളര്‍ത്തല്‍. വഹ്‌യിനെ സ്വീകരിക്കാനുള്ള മുന്നൊരുക്കമായിരുന്നു. ചെറുപ്പം മുതലേ നബി ﷺ യുടെ ഇസ്വ്മത്തിനെ (പാപ സുരക്ഷിതത്വം) ഈ ശുദ്ധീകരണം അറിയിക്കുന്നു. പിശാചിന്ന് ഒരു വിഹിതവും ഇല്ലാത്ത വിധത്തില്‍ പൈശാചികാംശം എടുത്തുമാറ്റി. 

അല്ലാഹു പറയുന്നു: ''നക്ഷത്രം അസ്തമിക്കുമ്പോള്‍ അതിനെ തന്നെയാണ് സത്യം. നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. ശക്തിമത്തായ കഴിവുള്ളവനാണ് (ജിബ്രീല്‍ എന്ന മലക്കാണ്) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്''(സുര്‍ഃ അന്നജ്മ്:1-5).

പ്രവാചകത്വത്തിന്റെ മുദ്ര

നബി ﷺ യുടെ ഇടത്തെ ചുമലിന്റെ ഭാഗത്ത് പ്രാവിന്റെ മുട്ടയുടെ വലുപ്പത്തില്‍ (വ്യാസം) അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന ഒരു മാംസക്കഷണം ഉണ്ടായിരുന്നു. അതിന്മേല്‍ രോമവും ഉണ്ടായിരുന്നു. ഇതാണ് പ്രവാചക മുദ്ര. മുന്‍വേദ ഗ്രന്ഥങ്ങളില്‍ ഈ മുദ്രയെപ്പറ്റി പരാമര്‍ശങ്ങള്‍ വന്നിട്ടുണ്ട്. ജനന സമയത്ത് ഈ അടയാളം ഉണ്ടായിരുന്നില്ല. ഒന്നാമത്തെ നെഞ്ച് പിളര്‍ത്തലിന് ശേഷമാണ് ഇതു പ്രത്യക്ഷപ്പെട്ടത്. സാഇബ് ഇബ്‌നു യസീദ്(റ) പറയുന്നു: ''എന്റെ മാതൃസഹോദരി എന്നെയും കൊണ്ട് നബി ﷺ യുടെ അടുക്കലേക്ക് ചെന്ന്‌കൊണ്ട് പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, എന്റെ സഹോദരീപുത്രന് രോഗമാണ്.' അപ്പോള്‍ നബി ﷺ എന്റെ തല തടവി. എനിക്ക് ബറകത്തിനായി പ്രാര്‍ഥിച്ചു. ശേഷം നബി ﷺ വുദൂഅ് എടുത്തു. ആ വെള്ളം ഞാന്‍ കുടിച്ചു. ഞാന്‍ നബി ﷺ യുടെ പിന്‍ഭാഗത്ത്‌നിന്നു. അപ്പോള്‍ അവിടുത്തെ ചുമലില്‍ പ്രവാചകത്വത്തിന്റെ മുദ്ര ഞാന്‍ കണ്ടു'' (ബുഖാരി-5670, മുസ്‌ലിം-2345).

അല്‍ഫിജാര്‍ യുദ്ധം

നബി ﷺ ക്ക് പതിനഞ്ചോ അതില്‍ അല്‍പം കുടുതലോ പ്രായമായ കാലത്ത് ക്വുറൈശികളും ഖൈസ് ഗോത്രക്കാരും തമ്മില്‍ ഒരു യുദ്ധമുണ്ടായി. ഹര്‍ബുല്‍ ഫിജാര്‍ എന്ന പേരില്‍ ഇത് അറിയപ്പെടുന്നു. തുടക്കത്തില്‍ വിജയം ഖൈസിനായിരുന്നുവെങ്കിലും അവസാന നിമിഷത്തില്‍ ക്വുറൈശികള്‍ ഖൈസിനെതിരെ വിജയം നേടി. ഈ യുദ്ധത്തില്‍ നബി ﷺ യും പങ്കെടുത്തിരുന്നു. തന്റെ പിതൃവ്യന്മാര്‍ക്ക് അമ്പ് ഒരുക്കിക്കൊടുക്കലായിരുന്നു നബി ﷺ യുടെ പണി. നബി ﷺ സ്വയം അമ്പെയ്യുകയും ചെയ്തിട്ടുണ്ട്. ചെറുപ്പം മുതലേ നബി ﷺ ധീരനും യോദ്ധാവുമായിരുന്നു എന്ന് ഈ സംഭവം അറിയിക്കുന്നു.