വിശുദ്ധ ക്വുര്‍ആനും ആദ്യതലമുറയും

ശമീര്‍ മദീനി

2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10

മനുഷ്യന് പലതരത്തിലുള്ള കഴിവുകളും ശേഷികളുമുണ്ട്. പറവയെപ്പോലെ അന്തരീക്ഷത്തിലൂടെ പറക്കുവാനും മത്സ്യങ്ങളെപ്പോലെ ആഴിയിലൂടെ നീന്തുവാനും പലതരത്തിലുള്ള യന്ത്രസാമഗ്രികളുടെ സഹായത്തോടെയാണെങ്കിലും മനുഷ്യന് സാധിക്കും. പലനിലയ്ക്കുള്ള പുരോഗതികളും മനുഷ്യന്‍ കൈവരിച്ചതിന് ചരിത്രം സാക്ഷിയാണ്. എന്നാല്‍ മനുഷ്യന്‍ ഒരു നിലയ്ക്കും പരിപൂര്‍ണനല്ല എന്നത് അഹങ്കാരത്തിന്റെ കറപുരളാത്ത മനസ്സിന്റെ ഉടമയായ ഒരാളും നിഷേധിക്കുമെന്ന് തോന്നുന്നില്ല. മനുഷ്യന്റെ ശേഷിയെക്കാള്‍ പതിന്മടങ്ങ് മികച്ചുനില്‍ക്കുന്ന ശേഷികളുള്ള എത്രയോ ജീവജാലങ്ങള്‍ മനുഷ്യന് ചുറ്റുമുണ്ട്. കായിക ബലത്തിലും കാഴ്ച ശക്തിയിലും ഘ്രാണശേഷിയിലും കേള്‍വി ശക്തിയിലുമൊക്കെ മനുഷ്യനെക്കാള്‍ മികവുപുലവര്‍ത്തുന്നവയാണ് ആനയും പരുന്തും നായയും ചീവീടുമൊക്കെ.

അപ്രകാരം തന്നെ നന്മ-തിന്മകളെ വ്യവഛേദിക്കുവാനോ കൃത്യമായി നിര്‍വചിക്കുവാനോ മനുഷ്യന്‍ അശക്തനാണ്. ഒരു മനുഷ്യക്കുഞ്ഞ് പിറന്നുവീഴുന്നതു മുതല്‍ മരിച്ച് പോകുന്നതുവരെയുള്ള ജീവിതത്തിലെ ഓരോ ഘട്ടത്തിലും പ്രത്യേക സന്ദര്‍ഭങ്ങളിലും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും എങ്ങനെയെല്ലാമാണ് ചെയ്യേണ്ടതെന്നും വിശദീകരിച്ചു പറയാന്‍ മനുഷ്യന്‍ അശക്തനാണ്.

അഥവാ ആരെങ്കിലും അത്തരമൊരു നിയമനിര്‍മാണത്തിനോ വിശദീകരണത്തിനോ മുതിര്‍ന്നാല്‍ തന്നെ അവരുടേതായ വ്യക്തിപരവും നാടിന്റെയും വളര്‍ന്ന സാഹചര്യങ്ങളുടെയുമൊക്കെ സ്വാധീനം അതിലുണ്ടാകുമെന്നതും ഉറപ്പാണ്. കാരണം, സ്ഥലകാല ബന്ധിതമായ ഈ ലോകത്ത് ജീവിക്കുന്ന മനുഷ്യന് അത്തരത്തിലല്ലാത്ത ഒന്ന് ആവിഷ്‌കരിക്കുക അസാധ്യമാണ്. അറിവിന്റെയും അനുഭവങ്ങളുടെയും വിസ്തൃതി കൂടുമ്പോള്‍ അനുഷ്യന്‍ ആവിഷ്‌കരിച്ച പലതും അവന് തന്നെ തിരുത്തേണ്ടതായും വരിക സ്വാഭാവികം മാത്രം. ചില മനുഷ്യനിര്‍മിത പ്രത്യയശാസ്ത്രങ്ങളുടെ ചരമ ചരിത്രങ്ങള്‍ അതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്.

അവിടെയാണ് സ്രഷ്ടാവില്‍ നിന്നുള്ള സന്ദേശങ്ങള്‍ അഥവാ ദിവ്യബോധനം (വഹ്‌യ്) പ്രസക്തമാകുന്നത്. സൃഷ്ടികളെക്കുറിച്ച് ഏറ്റവും നന്നായി അറിയുന്ന, സര്‍വജ്ഞാനിയും സര്‍വശക്തനും അളവറ്റ ദയാപരനുമായ അല്ലാഹുവിന്റെ സന്ദേശങ്ങളാണ് മനുഷ്യന് ദിശകാണിക്കുന്ന ഏറ്റവും ഉന്നതമായ മാര്‍ഗദര്‍ശി.

''അലിഫ് ലാം റാ, മനുഷ്യരെ അവന്റെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്'' (ക്വുര്‍ആന്‍ 14:1).

''നിങ്ങളെ ഇരുട്ടില്‍ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി തന്റെ ദാസന്റെ മേല്‍ വ്യക്തമായ ദൃഷ്ടാന്തങ്ങള്‍ ഇറക്കിക്കൊടുക്കുന്നവനാണ് അവന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് വളരെയധികം ദയാലുവും കാരുണ്യവാനും തന്നെയാണ്'' (ക്വുര്‍ആന്‍ 57:9).

മുഹമ്മദ് നബി ﷺ യുടെ നാല്‍പതാമത്തെ വയസ്സുമുതല്‍ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ വിവിധ സന്ദര്‍ഭങ്ങളിലും സാഹചര്യങ്ങളിലുമായി മലക്ക് ജിബ്‌രീല്‍(അ) മുഖേന അല്ലാഹു ഇറക്കിക്കൊടുത്ത ദിവ്യസന്ദേശങ്ങളാണ് (വഹ്‌യ്) വിശുദ്ധ ക്വുര്‍ആന്‍.

''തീര്‍ച്ചയായും ഇത് (ക്വുര്‍ആന്‍) ലോകരക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു. വിശ്വസ്താത്മാവ് (ജിബ്‌രീല്‍) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു'' (ക്വുര്‍ആന്‍ 26:192,193).

ക്വുര്‍ആനിക വചനങ്ങള്‍ അവതരിച്ചുകിട്ടിയാല്‍ അത് നന്നായി ഉരുവിട്ടു പഠിക്കുവാന്‍ നബി ﷺ അത്യുത്സാഹം കാണിച്ചിരുന്നു. പ്രസ്തുത ദൈവിക വചനങ്ങളില്‍ നിന്നും വല്ലതും മറന്നുപോകുമോ എന്ന ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നു. അതിനാല്‍ പ്രവാചകനെ ആശ്വസിപ്പിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു:

''സാക്ഷാല്‍ രാജാവായ അല്ലാഹു അത്യുന്നതനായിരിക്കുന്നു. ക്വുര്‍ആന്‍- അത് നിനക്ക് ബോധനം നല്‍കപ്പെട്ടുകഴിയുന്നതിനുമുമ്പായി- പാരായണം ചെയ്യുന്നതിനു നീ ധൃതികാണിക്കരുത്. എന്റെ രക്ഷിതാവേ, എനിക്കു നീ ജ്ഞാനം വര്‍ധിപ്പിച്ചു തരേണമേ എന്ന് നീ പറയുകയും ചെയ്യുക'' (ക്വുര്‍ആന്‍ 20:114).

''നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല.'' (ക്വുര്‍ആന്‍ 87:6)

അതിന്റെ സംരക്ഷണ ചുമതല അല്ലാഹു ഏറ്റതായി അറിയിച്ചു:

''നീ അത് (ക്വുര്‍ആന്‍) ധൃതിപ്പെട്ട് ഹൃദിസ്ഥമാക്കാന്‍ വേണ്ടി അതും കൊണ്ട് നിന്റെ നാവ് ചലിപ്പിക്കേണ്ട. തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആനിന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു'' (ക്വുര്‍ആന്‍ 75:16,17).

ജിബ്‌രീല്‍(അ) ദിവ്യസന്ദേശങ്ങളുമായി എത്തിയാല്‍ നബി ﷺ അത് ശ്രദ്ധിച്ചുകേള്‍ക്കും. ജിബ്‌രീല്‍(അ) പോയാല്‍ ജിബ്‌രീല്‍ ഓതിക്കൊടുത്തപോലെ നബി ﷺ ആ വചനങ്ങള്‍ ഓതുമായിരുന്നു'' (ബുഖാരി, മുസ്‌ലിം).

അങ്ങനെ ക്വുര്‍ആന്‍ ഒന്നാമതായി പ്രവാചക ഹൃദയത്തില്‍ സുരക്ഷിതമായി നിന്നു. അല്ലാഹു പറയുന്നു:

''നിനക്ക് നാം ഓതിത്തരാം; നീ മറന്നുപോകുകയില്ല'' (ക്വുര്‍ആന്‍ 87:6).

അത് നബി ﷺ അനുചരന്മാര്‍ക്ക് ഓതിക്കൊടുക്കും. അവരത് അത്യുത്സാഹത്തോടെ കേട്ട് പഠിക്കും. മിക്കവരും അത് ഹൃദിസ്ഥമാക്കിയിരുന്നു. ജീവിതത്തിരക്കുകള്‍ക്കിടയിലും ദൈവിക സന്ദേശങ്ങള്‍ അറിയുവാനും ജീവിതത്തില്‍ പകര്‍ത്തുവാനും സ്വഹാബത്ത് കാണിച്ച ഉത്സാഹം സുവിദിതമാണ്. അതിനൊരു ഉദാഹരണമാണ് ഉമര്‍(റ) പറഞ്ഞ ഈ വാക്കുകള്‍:

''ഞാനും ബനൂ ഉമയ്യയില്‍ പെട്ട അന്‍സ്വാരിയായ എന്റെ അയല്‍വാസിയും ഊഴം നിശ്ചയിച്ച് നബി ﷺ യുടെ സന്നിധിയില്‍ ചെല്ലുമായിരുന്നു. ഞാന്‍ ഒരു ദിവസം ചെല്ലും; അടുത്ത ദിവസം അദ്ദേഹവും. ഞാന്‍ ചെല്ലുന്ന ദിവസത്തെ വഹ്‌യിന്റെയും മറ്റും വിവരങ്ങളുമായി ഞാന്‍ എന്റെ അയല്‍വാസിയുടെ അടുക്കല്‍ ചെന്ന് പറഞ്ഞ് കൊടുക്കും. അദ്ദേഹം പോകുന്ന ദിവസത്തില്‍ അദ്ദേഹവും അപ്രകാരം ചെയ്യും'' (ബുഖാരി).

ക്വുര്‍ആന്‍ അല്‍പാല്‍മായി ഇറങ്ങിയത് അവര്‍ക്ക് അത് പഠിക്കുവാനും ഹൃദിസ്ഥമാക്കുവാനും ജീവിതത്തില്‍ പകര്‍ത്തുവാനുമൊക്കെ വളരെയേറെ സഹായകമായിരുന്നു. അല്ലാഹു പറയുന്നു:

''സത്യത്തോടുകൂടിയാണ് നാം അത് (ക്വുര്‍ആന്‍) അവതരിപ്പിച്ചത്. സത്യത്തോട് കൂടിത്തന്നെ അത് അവതരിക്കുകയും ചെയ്തിരിക്കുന്നു. സന്തോഷവാര്‍ത്ത അറിയിക്കുന്നവനും താക്കീത് നല്‍കുന്നവനുമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല. നീ ജനങ്ങള്‍ക്ക് സാവകാശത്തില്‍ ഓതിക്കൊടുക്കേണ്ടതിനായി ക്വുര്‍ആനിനെ നാം (പല ഭാഗങ്ങളായി) വേര്‍തിരിച്ചിരിക്കുന്നു. നാം അതിനെ ക്രമേണയായി ഇറക്കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 17:105,106).

പല വിഷയങ്ങളിലും അവതരിക്കുന്ന ദൈവിക വചനങ്ങള്‍ നബി ﷺ ക്കും സത്യവിശ്വാസികള്‍ക്കും ആശ്വാസവും ആത്മധൈര്യവും പകരുന്നതായിരുന്നു. സ്രഷ്ടാവിന്റെ ഇടപെടല്‍ അവര്‍ക്ക് നല്‍കുന്ന നിര്‍വൃതി വാക്കുകള്‍ക്കതീതമാണ്.

''സത്യനിഷേധികള്‍ പറഞ്ഞു; ഇദ്ദേഹത്തിന് ക്വുര്‍ആന്‍ ഒറ്റത്തവണയായി ഇറക്കപ്പെടാത്തതെന്താ ണെന്ന്. അത് അപ്രകാരം (ഘട്ടങ്ങളിലായി അവതരിപ്പിക്കുക) തന്നെയാണ് വേണ്ടത്. അത് കൊണ്ട് നിന്റെ ഹൃദയത്തെ ഉറപ്പിച്ച് നിര്‍ത്തുവാന്‍ വേണ്ടിയാകുന്നു. ശരിയായ സാവകാശത്തോടെ നാമത് പാരായണം ചെയ്ത് കേള്‍പിക്കുകയും ചെയ്തിരിക്കുന്നു'' (ക്വുര്‍ആന്‍ 25:32).

സ്രഷ്ടാവില്‍ നിന്നുള്ള വചനങ്ങള്‍ പാരായണം ചെയ്യുന്നതിന്റെയും മനഃപാഠമാക്കുന്നതിന്റെയും നിരവധി മഹത്ത്വങ്ങളും നേട്ടങ്ങളും നബി ﷺ യില്‍ നിന്നും അവര്‍ മനസ്സിലാക്കി. ക്വുര്‍ആന്‍ മനഃപാഠമാക്കുവാനുള്ള പ്രോത്സാഹനങ്ങള്‍ നല്‍കിയും ക്വുര്‍ആന്‍ കൂടുതല്‍ ഹൃദിസ്ഥമാക്കിയവരെ പ്രത്യേകം ആദരിച്ചും നബി ﷺ ഈ പ്രക്രിയക്ക് ശക്തി പകര്‍ന്നു. നിവേദക സംഘങ്ങളെ അയക്കുമ്പോള്‍ ക്വുര്‍ആന്‍ കൂടുതല്‍ മനഃപാഠമാക്കിയവര്‍ക്കായിരുന്നു നേതൃസ്ഥാനം നല്‍കിയിരുന്നത്. നമസ്‌കാരത്തിന് നേതൃത്വം കൊടുക്കേണ്ടതും കൂട്ടത്തില്‍ ഏറ്റവും ക്വുര്‍ആന്‍ മനഃപാഠമുള്ളവരായിരിക്കണമെന്ന് നബി ﷺ നിര്‍ദേശിച്ചിരുന്നു. ഒന്നിലധികം ആളുകള്‍ ഒന്നിച്ച് മരിക്കുകയും അവരെ ഒന്നിച്ച് ക്വബറടക്കം ചെയ്യേണ്ടിയും വരുന്ന സാഹചര്യങ്ങളില്‍ ക്വുര്‍ആന്‍ കൂടുതല്‍ ഹൃദിസ്ഥമാക്കിയവര്‍ക്ക് മുന്‍ഗണന നല്‍കിയിരുന്നു. ക്വുര്‍ആന്‍ ആത്മാര്‍ഥമായി മനഃപാഠമാക്കിയവര്‍ക്ക് പാരത്രിക ജീവിതത്തിലും ഉന്നതമായ പദവികളുണ്ടെന്നും അവര്‍ വിശുദ്ധരായ മാന്യന്മാരായ ദൂതന്മാരോടൊപ്പമായിരിക്കും എന്നുമെല്ലാം നബി ﷺ ഉണര്‍ത്തിയിട്ടുണ്ട്.

ഇങ്ങനെ ഹൃദിസ്ഥമാക്കിയ ക്വുര്‍ആനിക വചനങ്ങള്‍ സ്വഹാബികള്‍ അവരുടെ നമസ്‌കാരങ്ങളിലും അല്ലാതെയും നിത്യേന പാരായണം ചെയ്തിരുന്നു. രാത്രി കാലങ്ങളില്‍ ദീര്‍ഘമായി ക്വുര്‍ആന്‍ പാരായണം ചെയ്തുകൊണ്ട് ഉറക്കമിളച്ച് അവര്‍ നമസ്‌കരിക്കുമായിരുന്നു; റമദാനിന്റെ രാവുകളില്‍ പ്രത്യേകിച്ചും.

ക്വുര്‍ആനിന്റെ ഓരോ അക്ഷരം പാരായണം ചെയ്യുന്നതിനും ദശക്കണക്കിന് നന്മകള്‍ പ്രതിഫലമുണ്ടെന്ന് പറഞ്ഞ നബി ﷺ 'നിങ്ങളിലേറ്റവും ഉത്തമന്‍ ക്വുര്‍ആന്‍ പഠിക്കുകയും അത് മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്യുന്നവരാണ്' എന്നും ഉണര്‍ത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ക്വുര്‍ആനിന്റെ പ്രഥമ അഭിസംബോധിതരായിരുന്ന പ്രവാചകാനുചരന്മാര്‍ ക്വുര്‍ആന്‍ പഠിക്കുവാനും പാരായണം ചെയ്യുവാനും ഉത്സാഹിച്ചിരുന്നു.

അങ്ങനെ ക്വുര്‍ആന്‍ വിജ്ഞാനീയങ്ങളിലെ ഒന്നാമത്തെ വിജ്ഞാനമായ മനഃപാഠമാക്കല്‍ നബി ﷺ തുടങ്ങുകയും സ്വഹാബത്ത് ഏറ്റെടുക്കുകയും തലമുറകളായി തുടരുകയും ചെയ്തുപോന്നു. ആ മഹല്‍ പ്രക്രിയ മഹാത്ഭുതമായി ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. ക്വുര്‍ആന്‍ മൊത്തം ഹൃദിസ്ഥമാക്കിയ ലക്ഷക്കണക്കിന് മനുഷ്യന്മാര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്നുണ്ട്! ലോകത്തുള്ള മുഴുവന്‍ ക്വുര്‍ആനിന്റെ കോപ്പികളും കണ്ടുകെട്ടി ചുട്ടുകരിക്കാന്‍ ആര്‍ക്കെങ്കിലും സാധിക്കുമെന്ന് സങ്കല്‍പിച്ചാല്‍ പോലും നിമിഷങ്ങള്‍ക്കുള്ളില്‍ ആ ക്വുര്‍ആന്‍ പകര്‍ത്തിയെഴുതി വീണ്ടെടുക്കാന്‍ സാധിക്കുംവിധത്തില്‍ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ അത് സജീവമായി നിലനില്‍ക്കുന്നു. ഇത് വിശുദ്ധ ക്വുര്‍ആനിന്റെ മാത്രം പ്രത്യേകതയാണ്. ലോകാവസാനം വരെയുള്ള മനുഷ്യരാശിക്ക് മാര്‍ഗദര്‍ശനമായ ക്വുര്‍ആന്‍ അല്ലാഹു സംരക്ഷിച്ചുപോരുന്നതിന്റെ ഒരു നേര്‍ക്കാഴ്ചയാണിത്.

കേവലമായ പഠന പാരായണങ്ങള്‍ക്കുപരിയായി ക്വുര്‍ആനിനെ സ്വജീവിതത്തിലേക്ക് അവര്‍ ചേര്‍ത്തുവെച്ചു. ഇബ്‌നു മസ്ഊദ്(റ) പറയുന്നു: ''ഞങ്ങള്‍ നബി ﷺ യില്‍ നിന്ന് പത്ത് ക്വുര്‍ആനിക വചനങ്ങള്‍ കേട്ടുകഴിഞ്ഞാല്‍ അത് പഠിക്കാതെയും അവയനുസരിച്ച് പ്രവര്‍ത്തിക്കാതെയും അത് മറ്റുള്ളവര്‍ക്ക് പഠിപ്പിക്കാതെയും മുന്നോട്ട് പോകുമായിരുന്നില്ല. ഞങ്ങള്‍ ആ വചനങ്ങളില്‍ നിന്നും അനുവദനീയ കാര്യങ്ങളും (ഹലാല്‍) നിഷിദ്ധ കാര്യങ്ങളും (ഹറാം) മനസ്സിലാക്കുമായിരുന്നു. അങ്ങനെ വിജ്ഞാനവും കര്‍മവും ഞങ്ങള്‍ക്ക് കിട്ടി'' (ബൈഹക്വി, ഇബ്‌നുജരീര്‍).

ക്വുര്‍ആന് മാത്രം അവകാശപ്പെടാന്‍ കഴിയുന്ന സവിശേഷതകള്‍:

നബി ﷺ യും സ്വഹാബത്തും തുടക്കം കുറിച്ച ക്വുര്‍ആന്‍ മനഃപാഠമാക്കല്‍ പ്രക്രിയ ലോക മുസ്‌ലിംകള്‍ ഇന്നും ആവേശത്തോടെ തുടര്‍ന്നുവരുന്നു.

വിശുദ്ധ ക്വുര്‍ആന്‍ സമ്പൂര്‍ണമായും ഹൃദിസ്ഥമാക്കിയ ദശലക്ഷക്കണക്കിനാളുകള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നു.

ലോകത്തെവിടെയുമുള്ള മുസ്‌ലിംകളുടെ കൈകളിലുള്ള ക്വുര്‍ആനിലെ അധ്യായങ്ങളും വചനങ്ങളും നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഒരുപോലെ തന്നെ നിലനില്‍ക്കുന്നു.

ക്വുര്‍ആനിലെ ഒരു വചനമോ ഒരു പദമോ പോലും തെറ്റി പാരായണം ചെയ്താല്‍ ഉടനടി തിരുത്തിക്കൊടുക്കാന്‍ കഴിയുന്ന പിഞ്ചുകുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെ ധാരാളമാളുകള്‍ എക്കാലത്തും ലോകത്തുണ്ടായിട്ടുണ്ട്.

ക്വുര്‍ആന്‍ ഒരാളും എഴുതി സൂക്ഷിക്കുകയോ ഗ്രന്ഥരൂപത്തിലാക്കുകയോ ചെയ്തില്ല എന്ന് സങ്കല്‍പിച്ചാല്‍ പോലും അത് ക്വുര്‍ആനിന്റെ വിശ്വാസ്യതയ്‌ക്കോ ആധികാരികതയ്‌ക്കോ ഒരുനിലയ്ക്കും എതിരാകുന്നില്ല.

നബി ﷺ യുടെ ഹൃദയത്തില്‍ അല്ലാഹു ക്വുര്‍ആന്‍ സുരക്ഷിതമായി നിലനിര്‍ത്തി: ''നിനക്ക് നാം ഓതിത്തരാം. നീ മറന്നുപോകുകയില്ല'' (87:6). ''തീര്‍ച്ചയായും അതിന്റെ (ക്വുര്‍ആന്റെ) സമാഹരണവും അത് ഓതിത്തരലും നമ്മുടെ ബാധ്യതയാകുന്നു. അങ്ങനെ നാം അത് ഓതിത്തന്നാല്‍ ആ ഓത്ത് നീ പിന്തുടരുക'' (75:17,18).

സ്വഹാബത്ത് ക്വുര്‍ആന്‍ സൂക്തങ്ങള്‍ അത്യുത്സാഹത്തോടെ പഠിക്കുകയും മനഃപാഠമാക്കുകയും ചെയ്തു. നിത്യജീവിതത്തില്‍ ക്വുര്‍ആനുമായി അവര്‍ ബന്ധം പുലര്‍ത്തി.

ക്വുര്‍ആന്‍ മുഴുവനായും ഹൃദിസ്ഥമാക്കിയ നൂറുകണക്കിന് സ്വഹാബിമാരുണ്ടായിരുന്നു. അവരില്‍ പ്രമുഖരായ ചിലര്‍:

1. അബൂബക്കര്‍ സ്വിദ്ദീഖ്(റ).

2. ഉമറുബ്‌നുല്‍ ഖത്വാബ്(റ).

3. ഉസ്മാനുബ്‌നു അഫ്ഫാന്‍(റ).

4. അലിയ്യ്ബ്‌നു അബീത്വാലിബ്(റ).

5. ഉബയ്യ്ബ്‌നു കഅ്ബ്(റ).

6. അബൂദര്‍ദ്ദാഅ്(റ).

7. ത്വല്‍ഹത്ത്(റ).

8. സഅ്ദ്(റ).

9. ഇബ്‌നു മസ്ഊദ്(റ).

10. ഹുദൈഫത്തുല്‍ യമാന്‍(റ).

11. സാലിം മൗലാ അബീഹുദൈഫ(റ).

12. അബൂഹുറയ്‌റ(റ).

13. അബ്ദുല്ലാഹ്ബ്‌നുസാഇബ്(റ).

14. മുആദ് ബ്‌നുജബല്‍(റ).

15. തമീമുദ്ദാരി(റ).

ക്വുര്‍ആന്‍ പൂര്‍ണമായും ഹൃദിസ്ഥമാക്കിയ സ്വഹാബാവനിതകളില്‍ ചിലര്‍:

1. ആഇശ(റ).

2. ഹഫ്‌സ(റ).

3. ഉമ്മുസലമ(റ).