പ്രൊഫ്‌കോണ്‍: നന്മയുടെ വീഥിയിലെ നാഴികക്കല്ലുകള്‍

അബ്ദുല്‍ റഷീദ് കുട്ടമ്പൂര്‍

2019 മാര്‍ച്ച് 16 1440 റജബ് 11

ഏതൊരു സമൂഹത്തിലെയും ദിശാസൂചകങ്ങളായ പ്രകാശഗോപുരങ്ങളാണ് അവിടുത്തെ ക്യാമ്പസുകള്‍. സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും ഗതി നിര്‍ണയിക്കുന്ന കേന്ദ്രങ്ങളാണവ. പ്രതികരണശേഷിയുള്ള യുവതയുടെ നിലപാടുകള്‍ക്ക് ചൂടുപകരുന്നിടം. അറിവിനായുള്ള ദാഹം തീര്‍ത്ത്, അന്വേഷണങ്ങള്‍ക്ക് പരിഹാരമേകി പുതുതലമുറയെ വൈജ്ഞാനിക പുരോഗതിയിലേക്ക് നയിക്കുന്ന മികവിന്റെ കേന്ദ്രങ്ങളാണ് ക്യാമ്പസുകള്‍.

ലോകഗതിയെ നിയന്ത്രിക്കുന്നതില്‍ ക്യാമ്പസുകള്‍ വഹിച്ച പങ്ക് നിസ്തുലമാണ്. അറിയപ്പെട്ട വിപ്ലവങ്ങളുടെയെല്ലാം പ്രഭവകേന്ദ്രമായി വര്‍ത്തിച്ചത് ക്യാമ്പസുകളാണ്. ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയര്‍ സംഭവവും റഷ്യയിലെയും ഫ്രാന്‍സിലെയും വിപ്ലവങ്ങള്‍ക്ക് കാരണമായിത്തീര്‍ന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളും ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടവയാണ്. 

ഇസ്‌ലാമിക പ്രബോധനത്തിന്റെ കര്‍മമാര്‍ഗത്തില്‍ ക്യാമ്പസുകള്‍ക്ക് മുന്തിയ പരിഗണന നല്‍കണമെന്ന തിരിച്ചറിവിന്റെ ഫലമായാണ് വിദ്യാര്‍ഥി വിഭാഗത്തിനുവേണ്ടി മാത്രമായി ഒരു വിംഗ് രൂപീകരിക്കാനുള്ള തീരുമാനം മുജാഹിദ് പ്രസ്ഥാനം എടുത്തത്. അങ്ങനെ 1970ല്‍ എം.എസ്.എം രൂപീകൃതമായി.

തുടര്‍ന്നുള്ള സംഭവങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ വിദ്യാര്‍ഥി സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി വേറിട്ട ലക്ഷ്യവും കര്‍മപരിപാടികളുമായാണ് എം.എസ്.എം മുന്നേറിയത്. ശാസ്ത്ര വസ്തുതകളെ നിരീശ്വരവാദത്തിന് പിന്തുണയേകാന്‍ ഉപയോഗിക്കുന്നതിനെതിരെ 'ശാസ്ത്രം ദൈവത്തിലേക്ക്' എന്ന കാമ്പയ്ന്‍, ഇന്ത്യയിലെ വര്‍ഗീയ ഫാഷിസത്തിന്റെ വേരുകള്‍ കിടക്കുന്നത് ഭിന്നിപ്പിന്റെ വിത്തുപാകാന്‍ ശ്രമിച്ച ചരിത്രകാരന്മാരുടെ രചനകളിലാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് അതിനെതിരെ സംഘടിപ്പിച്ച 'വര്‍ഗീയത വളര്‍ത്തുന്ന ചരിത്ര പഠനത്തിനെതിരെ' എന്ന കാമ്പയിന്‍, ധാര്‍മിക വിദ്യാഭ്യാസത്തിന്റെ പ്രസക്തി വിളിച്ചറിയിക്കുന്ന നിരവധി പ്രചാരണ പ്രവര്‍ത്തനങ്ങള്‍, ക്യാമ്പസുകളില്‍ പിടിമുറുക്കുന്ന ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണ പരിപാടികള്‍, ജീവകാരുണ്യ മേഖലയില്‍ ബുക്ക് ബാങ്ക്, ഡ്രസ്സ് ബാങ്ക്, രക്തദാന കാമ്പയ്‌നുകള്‍ തുടങ്ങി സമൂഹ നന്മയെ ലക്ഷ്യം വെച്ചുള്ള ബഹുമുഖങ്ങളായ കര്‍മ പദ്ധതികളാണ് എം.എസ്.എം ആവിഷ്‌കരിച്ചു നടപ്പാക്കിയത്.

1990കളില്‍ എത്തിയപ്പോഴേക്കും ക്യാമ്പസുകളില്‍ ശ്രദ്ധേയ സാന്നിധ്യമായി എം.എസ്.എം മാറിയിരുന്നു. 1993-95 കാലയളവിലെ എം.എസ്.എം സംസ്ഥാന സമിതിയിലെ വലിയൊരു ഭാഗം ആര്‍ട്‌സ് & സയന്‍സ് കോളജുകളിലും പ്രൊഫഷണല്‍ സ്ഥാപനങ്ങളിലും പഠിക്കുന്നവരോ പഠനം പൂര്‍ത്തിയാക്കിയവരോ ആയിരുന്നു. അതുകൊണ്ടു തന്നെ ക്യാമ്പസ് പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് ഉള്‍ക്കാഴ്ചയുള്ളവരും അതിന്റെ ആവശ്യകത തിരിച്ചറിഞ്ഞവരും ഉയര്‍ന്നു ചിന്തിച്ചു. അങ്ങനെയാണ് പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി 'പ്രൊഫ്‌കോണ്‍' എന്ന പേരില്‍ ഒരു വിപുലമായ സംഗമം നടത്താന്‍ തീരുമാനമായത്.

കോഴിക്കോട് മെഡിക്കല്‍ കോളജ്, കാലിക്കറ്റ് REC (NIT), പാലക്കാട് NSS എഞ്ചിനീയറിംഗ് കോളജ് തുടങ്ങി എണ്ണപ്പെട്ട പ്രൊഫഷണല്‍ കോളജുകളിലാണ് സജീവമായ യൂണിറ്റുകള്‍ ഉണ്ടായിരുന്നത്. കേരളത്തിനു പുറത്ത് ബട്ക്കല്‍ എഞ്ചിനീയറിംഗ് കോളജ്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലെ ഏതാനും ക്യാമ്പസുകളില്‍ ആദര്‍ശധീരരായ പ്രവര്‍ത്തകരുടെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ഉയര്‍ന്ന പ്രൊഫഷണലുകള്‍ക്ക് ഇസ്‌ലാമിക പ്രബോധന രംഗത്ത് നിര്‍വഹിക്കാനുള്ള ബാധ്യതകളും അതിന്റെ സാധ്യതകളും തിരിച്ചറിഞ്ഞുകൊണ്ടുള്ളതായിരുന്നു 'പ്രൊഫ്‌കോണ്‍.' ഇത് കേരളത്തിലെ ക്യാമ്പസുകളെ മാത്രം കേന്ദ്രീകരിച്ചാകേണ്ടതില്ലെന്നും സൗത്ത് ഇന്ത്യയിലെ മുഴുവന്‍ ക്യാമ്പസുകളിലേക്കും കടന്നുചെല്ലേണ്ടതുണ്ടെന്നും തീരുമാനിച്ചു. അങ്ങനെയാണ് 1995 മെയ് മാസത്തില്‍ കോഴിക്കോടുവെച്ച് ഒന്നാമത്തെ പ്രോഫ്‌കോണ്‍ സംഘടിപ്പിക്കപ്പെട്ടത്.

South Indian Professional Meet (Profcon) എന്നായിരുന്നു പേര്. രണ്ടു ദിവസത്തെ പ്രോഗ്രാം. വിവിധ ക്യാമ്പസുകളില്‍ നിന്നുള്ള 70ഓളം പ്രതിനിധികള്‍ പങ്കെടുത്തു. അതൊരു തുടക്കമായിരുന്നു. ഏതൊരു മഹല്‍സംരംഭവും ചെറിയ തുടക്കത്തില്‍ നിന്നാണല്ലോ. മലയാളികളല്ലാത്ത വിദ്യാര്‍ഥികള്‍ ഉള്ളതിനാല്‍ പ്രഭാഷണങ്ങള്‍ പരിഭാഷപ്പെടുത്തല്‍ ഒരു പ്രശ്‌നമായിരുന്നു. കുട്ടികള്‍ക്ക് ഹെഡ് സെറ്റുകള്‍ നല്‍കി തത്സമയ പരിഭാഷ നടത്തലായിരുന്നു കണ്ടെത്തിയ പരിഹാരമാര്‍ഗം. ക്യാമ്പസ് ദഅ്‌വാ രംഗത്ത് പ്രതീക്ഷ നല്‍കുന്നതായിരുന്നു ആ പ്രോഗ്രാം. എം.എസ്.എം പ്രവര്‍ത്തനം ക്യാമ്പസുകളില്‍ പുത്തനുണര്‍വോടെ മുന്നേറുന്നതിനാണ് പിന്നീട് കേരളം സാക്ഷിയായത്. മര്‍ഹൂം കെ.പി.മുഹമ്മദ് മൗലവി, എ.പി.അബ്ദുല്‍ഖാദിര്‍ മൗലവി തുടങ്ങിയ പണ്ഡിതനേതാക്കള്‍ അന്ന് സ്ഥിരമായി ഉപദേശിക്കാറുള്ള ഒരു കാര്യമുണ്ടായിരുന്നു; ''എം.എസ്.എം പ്രവര്‍ത്തകരേ, നിങ്ങള്‍ ക്യാമ്പസുകളിലേക്ക് പോകുക. അവിടെയാണ് നിങ്ങള്‍ക്ക് ഏറെ ചെയ്യാനുള്ളത്. പൊതുസമൂഹത്തില്‍ പ്രവര്‍ത്തിക്കാന്‍ ഞങ്ങളുണ്ട്, ഇവിടെ.'' 

പ്രൊഫ്‌കോണിന്റെ സ്വാധീനം ക്യാമ്പസുകളില്‍ അലയടിച്ചു. തുടര്‍ വര്‍ഷങ്ങളില്‍ തൃശൂര്‍, കണ്ണൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, മലപ്പുറം തുടങ്ങി വ്യത്യസ്ത സ്ഥലങ്ങളില്‍ കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രൊഫ്‌കോണ്‍ സംഘടിപ്പിക്കപ്പെട്ടു. ഓരോ വര്‍ഷം കടന്നുപോകുമ്പോഴും വിദ്യാര്‍ഥികളുടെ സാന്നിധ്യത്താലും പ്രോഗ്രാമുകളുടെ വൈവിധ്യത്താലും പ്രൊഫ്‌കോണ്‍ ശ്രദ്ധേയമാവുകയായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പതിനായിരക്കണക്കിന് വിദ്യാര്‍ഥി യുവജനങ്ങളുടെ ജീവിതവഴിയില്‍ വെളിച്ചം ലഭിക്കാന്‍ പ്രൊഫ്‌കോണ്‍ കാരണമായിത്തീര്‍ന്നു. ഇന്നത്തെ പ്രൊഫഷണലുകളും സജീവ പ്രബോധകരുമായ ആയിരക്കണക്കിന് വ്യക്തിത്വങ്ങള്‍ ഇതിന് നിദര്‍ശനമാണ്. 

മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങിയോ, സുഹൃത്തുക്കളുടെ നിരന്തരമായ പ്രേരണയാലോ ആണ് പലരും പ്രൊഫ്‌കോണിന്റെ നഗരിയില്‍ കഴിഞ്ഞ കാലങ്ങളില്‍ വന്നുചേര്‍ന്നത്. എന്നാല്‍ അവരൊക്കെയും തിരിച്ചുപോകുന്നത് പുതിയ മനുഷ്യരായാണ്. ലഹരികള്‍ക്കടിമപ്പെട്ട, റാഗിംഗിന്റെ ഭീകരാന്തരീക്ഷം നിലനില്‍ക്കുന്ന, ഫാഷിസം പിടിമുറുക്കിക്കൊണ്ടിരിക്കുന്ന, സോഷ്യല്‍ മീഡിയകളുടെയും സീരിയലുകളുടെയും ദുഃസ്വാധീനത്താല്‍ ഗതി നഷ്ടപ്പെട്ട ആധുനിക ക്യാമ്പസുകളില്‍ മാറ്റത്തിന്റെ മാറ്റൊലി സൃഷ്ടിക്കാന്‍ ദൈവപ്രോക്തമായ ഒരാദര്‍ശത്തിനു മാത്രമെ സാധിക്കുകയുള്ളൂവെന്ന് പ്രൊഫ്‌കോണ്‍ ഇതിനകം തെളിയിച്ചു കഴിഞ്ഞു. ഇരുള്‍ മുറ്റിയ ക്യാമ്പസുകളിലേക്ക് നന്മയുടെ വെളിച്ചം പകരാനുള്ള ഈ അനല്‍പമായ പരിശ്രമങ്ങള്‍ക്ക് പിന്തുണയേകേണ്ടത് നന്മയെ സ്‌നേഹിക്കുന്ന മുഴുവന്‍ സുമനസ്സുകളുടെയും ബാധ്യതയാണ്.

കാലഘട്ടത്തിന്റെ അനിവാര്യതയെന്നോണം വിദ്യാര്‍ഥി കൂട്ടായ്മ വിസ്ഡം സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന പേരിലാണ് ഇപ്പോള്‍ പ്രവര്‍ത്തിച്ചിച്ചുകൊണ്ടിരിക്കുന്നത്. 

23ാമത് പ്രൊഫ്‌കോണ്‍ ചരിത്രമുറങ്ങുന്ന മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയില്‍ വെച്ച് നടക്കും-ഇന്‍ശാഅല്ലാഹ്. ഒരു പുതുചരിത്രം രചിക്കപ്പെടുകയാണ്. മൂന്നു ദിനരാത്രങ്ങള്‍ നീണ്ട പഠന-മനന ബൗധിക വ്യായാമങ്ങള്‍ക്കു ശേഷം, നന്മയുടെ വഴിയിലെ പുതിയ ത്യാഗ പോരാട്ടങ്ങള്‍ക്കുള്ള ഊര്‍ജവുമായി, സമാധാനത്തിന്റെ സന്ദേശവുമായി നമുക്കു കടന്നുചെല്ലാം; രക്ഷകരെ തേടുന്ന ആധുനിക ക്യാമ്പസുകളിലേക്ക്...