ആരാധനകളുടെ ലക്ഷ്യം

സുഫ്‌യാന്‍ അബ്ദുസ്സലാം

2019 ജൂലായ് 06 1440 ദുല്‍ക്വഅദ് 03

ആരാധനകളുടെ ലക്ഷ്യം സംസ്‌കരണമാണ്. മനസ്സില്‍ നിന്നാണ് സംസ്‌കരണം ആരംഭിക്കേണ്ടത്. എത്ര തന്നെ ആരാധനകള്‍ നിര്‍വഹിക്കുന്നവര്‍ ആണെങ്കിലും മനസ്സ് നിഷ്‌കളങ്കമല്ലെങ്കില്‍ ആരാധനകള്‍ കേവലം ലോകമാന്യതയില്‍ ഒതുങ്ങും. ആത്മാര്‍ഥത തീണ്ടിയിട്ടില്ലാത്ത ഇത്തരം ആരാധനകള്‍ മനുഷ്യരില്‍ സല്‍ഫലങ്ങള്‍ക്ക് പകരം ദുസ്സ്വഭാവവും ചൂഷണ മനഃസ്ഥിതിയുമാണ് വളര്‍ത്തുക.

അത്‌കൊണ്ടുതന്നെ സംസ്‌കരണത്തിന്റെ ആദ്യപാഠങ്ങള്‍ ഹൃദയത്തില്‍ നിന്നും തുടങ്ങണമെന്നതാണ് ക്വുര്‍ആനിന്റെ കാഴ്ചപ്പാട്.

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം. എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന്‍ ബോധം നല്‍കുകയും ചെയ്തിരിക്കുന്നു. തീര്‍ച്ചയായും അതിനെ (അസ്തിത്വത്തെ) പരിശുദ്ധമാക്കിയവന്‍ വിജയം കൈവരിച്ചു. അതിനെ കളങ്കപ്പെടുത്തിയവന്‍ തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു'' (91:7-10).

മനുഷ്യരുടെ മനസ്സുകള്‍ സംസ്‌കരിക്കപ്പെടാതെ സാമൂഹിക പരിവര്‍ത്തനം സാധ്യമാവില്ല. അതുകൊണ്ടാണ് വ്യവസ്ഥിതി മാറ്റത്തെക്കാള്‍ ക്വുര്‍ആന്‍ മനഃസ്ഥിതി മാറ്റത്തിന് പ്രാധാന്യം നല്‍കുന്നത്. ഭരണകൂടങ്ങള്‍ എത്ര വലിയ ശിക്ഷാനിയമങ്ങള്‍ രൂപീകരിച്ചാലും ഭരണാധികാരികളുടെ കണ്ണുവെട്ടിച്ചും നീതിന്യായ വ്യവസ്ഥിതികളെ അതിലംഘിച്ചും മനുഷ്യരിലധികവും പ്രവര്‍ത്തിക്കുന്നത് മനഃസ്ഥിതിയില്‍ മാറ്റം വരാത്തത്‌കൊണ്ടാണ്.

'ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്. അത് ശുദ്ധമായാല്‍ ശരീരം ശുദ്ധമായി. അത് അശുദ്ധമായാല്‍ ശരീരം മുഴുവന്‍ അശുദ്ധമായി. ഹൃദയമാണ് ആ മാംസപിണ്ഡം' എന്ന് മുഹമ്മദ് നബി  ﷺ  പഠിപ്പിച്ചത് സംസ്‌കരണത്തിന്റെ പ്രഥമ പ്രക്രിയ എവിടെ നടക്കണമെന്ന കാര്യം ബോധ്യപ്പെടുത്തുന്നു.

മനുഷ്യരിലധികവും ബാഹ്യമോടികള്‍ക്ക് വലിയ പ്രാധാന്യം നല്‍കുന്നതായി കാണാം.  പാരമ്പര്യമായോ യാന്ത്രികമായോ സ്വീകരിച്ചു വന്ന മതചിഹ്നങ്ങളില്‍ മാത്രം ഇസ്‌ലാമിക വ്യക്തിത്വത്തെ പരിമിതപ്പെടുത്തുവാനാണ് പലരും ഇഷ്ടപ്പെടുന്നത്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഒഴിച്ചുകൂടാനാവാത്ത ചടങ്ങുകളാണ് പലര്‍ക്കും അവരുടെ മതം. എന്നാല്‍ ഹൃദയത്തിന്റെ ആന്തരിക സൗന്ദര്യം പൂര്‍ണമാവുമ്പോള്‍ പുറത്തേക്ക് പരിലസിക്കേണ്ട കാര്യങ്ങളാണ് മതചിഹ്നങ്ങളും വേഷവിധാനങ്ങളും എന്ന് അവര്‍ അറിയാതെ പോകുന്നു.

പ്രവാചകന്‍ ﷺ  പറഞ്ഞു: 'അല്ലാഹു നിങ്ങളുടെ ശരീരങ്ങളിലേക്കോ രൂപങ്ങളിലേക്കോ നോക്കുന്നില്ല. അവന്‍ നോക്കുന്നത് നിങ്ങളുടെ ഹൃദയങ്ങളിലേക്കാണ്.'

ഇസ്‌ലാമിലെ ആദ്യകാല സമൂഹം ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയിരുന്നു. അത്‌കൊണ്ടാണ് ഒരു ഇടയബാലന്‍ ഉമര്‍(റ)വിന് ഒരാടിനെ പോലും കൊടുക്കാതിരുന്നത്. യജമാനന്‍ അറിയില്ലെന്ന് പറഞ്ഞപ്പോള്‍ എല്ലാവരുടെയും യജമാനനായ അല്ലാഹു കാണുമെന്ന് പറയാന്‍ ആ ഇടയബാലന് സാധിച്ചത് മതത്തിന്റെ ആന്തരിക സൗന്ദര്യം തൊട്ടറിഞ്ഞതുകൊണ്ടായിരുന്നു.

പാല്‍ക്കാരി മകളോട് പാലില്‍ വെള്ളം ചേര്‍ക്കാന്‍ പറഞ്ഞപ്പോള്‍ ഖലീഫ ഉമര്‍ അത് നിരോധിച്ച കാര്യം മകള്‍ സൂചിപ്പിച്ചു. ഉമര്‍ ഇത് അറിയാന്‍ പോകുന്നില്ലല്ലോ എന്ന് പറഞ്ഞ ഉമ്മയോട് മകള്‍ പറഞ്ഞു: 'ഉമര്‍ കാണുന്നില്ലെങ്കിലും അല്ലാഹു ഇത് കാണുമല്ലോ.'

ഇത്തരത്തിലുള്ള സംഭവങ്ങള്‍ ചരിത്രത്തില്‍ ധാരാളം കാണുവാന്‍ സാധിക്കും.

മനസ്സിനെ സംസ്‌കരിക്കാന്‍ ഒരുപാട് മാര്‍ഗങ്ങള്‍ പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനം സ്രഷ്ടാവുമായുള്ള ഹൃദയ ബന്ധമാണ്. സ്രഷ്ടാവിന്റെ നാമവിശേഷണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അല്‍അലീം (എല്ലാം അറിയുന്നവന്‍), അല്‍ബസ്വീര്‍ (എല്ലാം കാണുന്നവന്‍), അസ്സമീഅ്(എല്ലാം കേള്‍ക്കുന്നവന്‍), അര്‍റ്വഹ്മാന്‍ (പരമകാരുണികന്‍), ശദീദുല്‍ ഇക്വാബ് (അതി കഠിനമായി ശിക്ഷിക്കുന്നവന്‍) തുടങ്ങിയവയുടെ ആശയവും ഉള്‍ക്കനവും മനസ്സിലാക്കിയാല്‍ ഭക്ത്യാദരവും ഭയപ്പാടും വര്‍ധിക്കും. അതുവഴി മനസ്സുകള്‍ വിനയപ്പെടുകയും സംസ്‌കരിക്കപ്പെടുകയും ചെയ്യും.

മറ്റൊരു മാര്‍ഗം അസൂയ, കുശുമ്പ്, ഏഷണി, പരദൂഷണം, വിദ്വേഷം, അത്യാഗ്രഹം, ഗര്‍വ്, താന്‍പോരിമ തുടങ്ങിയ ചീത്ത ഗുണങ്ങള്‍ സ്വാധീനിക്കാതിരിക്കാന്‍ ശ്രമിക്കലാണ്. പകരം എല്ലാവര്‍ക്കും ഗുണമുണ്ടാവണമെന്നും ആര്‍ക്കും ദോഷം സംഭവിക്കരുതെന്നുമുള്ള ആത്മാര്‍ഥമായ പ്രാര്‍ഥന മനസ്സില്‍ സൂക്ഷിക്കുകയും ചെയ്യുക.

സാധുജനങ്ങളോടുള്ള സഹവാസവും അവരിലൊരാളായി അവര്‍ക്കായി പ്രവര്‍ത്തിക്കലും മനസ്സിന്റെ സംസ്‌കരണത്തിന് ഉപയുക്തമാണ്. പാവപ്പെട്ടവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച ശേഷമെ ധനികര്‍ പ്രവേശിക്കൂ എന്ന് പ്രവാചകന്‍ ﷺ  പറഞ്ഞതില്‍ വലിയ ആശയങ്ങളുണ്ട്. ധനം വര്‍ധിക്കുക വഴി മനസ്സ് അല്ലാഹുവില്‍ നിന്ന് അകലുകയും അങ്ങനെ അത് മലീമസമാകുകയും ചെയ്‌തേക്കാം. സാധുജനങ്ങളുടെ കൂടെ കഴിയുമ്പോള്‍ മനസ്സ് ആര്‍ദ്രമാവുകയും നന്മ നിറയുകയും ചെയ്യും. അതോടൊപ്പം അല്ലാഹു നല്‍കിയ അനുഗ്രഹം ബോധ്യപ്പെടുകയും ചെയ്യും.

മറ്റുള്ളവര്‍ കാണുകയോ കേള്‍ക്കുകയോ ചെയ്യുന്നതില്‍ യാതൊരു കാര്യവുമില്ലെന്നും അത്തരം ചിന്തകള്‍ ആത്മാര്‍ഥതയെ നശിപ്പിക്കുമെന്നുമുള്ള ബോധം നമ്മെ ഭരിക്കണം. ആരാധനകള്‍ നിര്‍വഹിക്കുന്നത് അല്ലാഹുവിന്റെ ഇഷ്ടം സമ്പാദിക്കുവാനും അവനില്‍ നിന്നുള്ള പ്രതിഫലം നേടുവാനും വേണ്ടിയാണെന്ന് ചിന്തിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തനം പോലുള്ള പുണ്യകര്‍മങ്ങളിലൂടെ അതിന്റെ ആളുകള്‍ക്ക് ഗുണമുണ്ടാവണമെന്ന് ആഗ്രഹിക്കുകയും വേണം. ഇഖ്‌ലാസ്വ് അഥവാ ആത്മാര്‍ഥത വര്‍ധിപ്പിക്കുക. മനസ്സ് സംസ്‌കരിക്കപ്പെടും.