ഇന്ത്യ: സാമ്പത്തിക മാന്ദ്യവും രാഹുല്‍ ബജാജിന്റെ പ്രതികരണവും

സജ്ജാദ് ബിന്‍ അബ്ദു റസാക്വ്

2019 ഡിസംബര്‍ 14 1441 റബിഉല്‍ ആഖിര്‍ 17

ഫേസ്ബുക്ക് ഉപയോഗത്തിനിടയില്‍  വളരെ രസകരമായ രണ്ട് ട്രോളുകള്‍ ശ്രദ്ധയില്‍ പെട്ടു.

ഒന്ന്). ഒരിക്കല്‍ ഒാരാള്‍ പൂവന്‍ കോഴിയോടു ചോദിച്ചു:

''ആളുകള്‍ എന്തുകൊണ്ടാണ് നിന്നെ ജീവിക്കാനനുവദിക്കാത്തത്? അവര്‍ക്ക് നിന്നെ കൊല്ലാനാണല്ലോ ഇഷ്ടം!''

പൂവന്‍ കോഴി ഒരു മറുചോദ്യം ചോദിച്ചു: ''ജനങ്ങളെ ഉണര്‍ത്തുന്ന എല്ലാവരുടെയും ഗതി ഇതുതന്നെയല്ലേ?''

രണ്ട്). കൂട്ടിലടക്കപ്പെട്ട ഒരു തത്തയോട് പുറത്ത് നില്‍ക്കുന്ന ഒരു കിളി ചോദിച്ചു: ''നീ എന്താണ് എപ്പോഴും കൂട്ടില്‍ തന്നെ കിടക്കുന്നത്?''

ഇത് കേട്ട തത്ത: ''എനിക്ക് സംസാരിക്കാന്‍ അറിയാം, അത്‌കൊണ്ട് തന്നെ.''

കാര്യം ട്രോളാണെങ്കിലും ആശയം വളരെ വ്യക്തമാണ്. എഴുതാനുദ്ദേശിച്ച വിഷയവുമായി മേല്‍ പറഞ്ഞ രണ്ട് ട്രോളുകള്‍ക്കും നല്ല ബന്ധമുണ്ടെന്ന് മനസ്സിലാക്കിയത് കൊണ്ടാണ് ആമുഖമായി അവ എടുത്ത് കൊടുത്തത്.

'ഫ്രീഡം ഓഫ് എക്‌സ്പ്രഷന്‍' അഥവാ ആവിഷ്‌കാര സ്വാതന്ത്ര്യം എന്നത് ഒരു അവകാശമാണ്. (എന്നാല്‍ അതിന്റെ മറവില്‍ മതനിന്ദ പ്രചരിപ്പിക്കുന്നതും കലാപങ്ങള്‍ ഇളക്കിവിടുന്നതും വ്യക്തിഹത്യ നടത്തുന്നതും മറ്റും ഒരിക്കലും ആവിഷ്‌കാര സ്വാതന്ത്ര്യമല്ല, അവയെ ഈ ഗണത്തില്‍ ഉള്‍പ്പെടുത്താനും കഴിയില്ല).

തിരിച്ച് കരകയറാന്‍ പറ്റാത്ത ഒരു ഗര്‍ത്തത്തിലേക്കാണ് ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി വീണുകൊണ്ടിരിക്കുന്നത് എന്ന് മനസ്സിലായപ്പോഴെങ്കിലും പ്രതികരിക്കാന്‍ ചിലര്‍ സന്നദ്ധരായിത്തുടങ്ങി എന്നത് ഏറെ ആശ്വാസവും പ്രതീക്ഷയും സമ്മാനിക്കുന്നു.

ഇക്കഴിഞ്ഞ ശനിയാഴ്ച മുംബൈയില്‍ വെച്ച് 'ഇക്കണോമിക് ടൈംസ്' സംഘടിപ്പിച്ച അവാര്‍ഡ് വിതരണ ചടങ്ങിനിടെ നടന്ന ആശയവിനിമയ പരിപാടിയില്‍ അഭ്യന്തര മന്ത്രി അമിത്ഷായെയും കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമനെയും വാണിജ്യ-റെയില്‍വേ മന്ത്രി പിയൂഷ് ഗോയലിനെയും സ്‌റ്റേജിലിരുത്തി നല്ല ഒന്നാന്തരം പ്രകടനമാണ് നട്ടെല്ല് നിവര്‍ത്തിപ്പിടിച്ച് പ്രമുഖ വ്യവസായ ഗ്രൂപ്പായ ബജാജ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ രാഹുല്‍ ബജാജ് കാഴ്ച വെച്ചത്!

രാജ്യത്തിന്റെ സമകാലിക സ്ഥിതിഗതികളുടെ അവസ്ഥ അറിയുന്ന ഒരു രാജ്യസനേഹി പറയേണ്ട എല്ലാ കാര്യങ്ങളും അദ്ദേഹം കൃത്യമായി അക്കമിട്ട് വിശദീകരിച്ചു.

ഇന്ത്യയില്‍ നടക്കുന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളും ന്യൂനപക്ഷത്തിന് നേരെയുള്ള മര്‍ദനങ്ങളും സാമ്പത്തിക മാന്ദ്യവും നാഥുറാം വിനായക് ഗോഡ്‌സയെ ദേശഭക്തനാക്കാനുള്ള തീവ്രമായ പരിശ്രമങ്ങളുംതുടങ്ങി കശ്മീര്‍ പ്രശ്‌നം വരെ ചര്‍ച്ചയാകുന്ന രൂപത്തില്‍ കാര്യങ്ങള്‍ അദ്ദേഹം വെട്ടിത്തുറന്ന് അവതരിപ്പിക്കുകയായിരുന്നു.

അദ്ദേഹം അവതരിപ്പിച്ച ഓരോ കാര്യവും വസ്തുതകള്‍ നിറഞ്ഞതാണ് എന്ന് അതുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങള്‍ കണ്ടാല്‍ അറിയാന്‍ പറ്റും.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി താറുമാറായിക്കൊണ്ടിരിക്കുന്ന ഘട്ടത്തിലും പാര്‍ലമെന്റില്‍ വെച്ച് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ പറയുന്നു; രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച കീഴോട്ടാണെങ്കിലും മാന്ദ്യം ഇല്ല എന്ന്! ഇത് കേള്‍ക്കുമ്പോള്‍ ചിരിയാണ് വരുന്നത്! ആരെയാണ് ഇവര്‍ വിഡ്ഢികളാക്കുന്നത്?  

പെണ്ണ് കാണാന്‍ പോയ വീട്ടില്‍ വെച്ച് ചെക്കന്റെ അച്ഛന്‍ വീട്ടുകാരോട് 'പൊന്ന് അല്‍പം കൂടിയാലും സ്വര്‍ണം ഒട്ടും കുറയേണ്ടാ' എന്ന് പറഞ്ഞതായി ഒരു തമാശ കേട്ടിട്ടുണ്ട്. ധനകാര്യ മന്ത്രിയുടെ പ്രസ്താവന കേട്ടപ്പോള്‍ അത് ഇതിനോട് സമാനമാണെന്ന് തോന്നിപ്പോയി! സ്വര്‍ണം വേണ്ട എന്നാണ് ചെക്കന്റെ അച്ഛന്‍ ഉദ്ദേശിച്ചത് എന്ന് തോന്നിപ്പോകും കേള്‍ക്കുന്ന മാത്രയില്‍. എന്നാല്‍ പറഞ്ഞതാകട്ടെ അതിനെതിരും.

രാജ്യത്ത് മാന്ദ്യം ഇല്ല എന്ന് എങ്ങനെയാണ് പറയാനാകുന്നത്? പ്രത്യേകിച്ചും കൃത്യമായ ചില കണക്കുകള്‍ ഇവിടെ അവശേഷിക്കെ?!

ഭീതിതമായ രൂപത്തിലുള്ള ധനക്കമ്മിയാണ് രാജ്യത്തെ ബാധിച്ചിരിക്കുന്നത് എന്ന് പറയുന്നത് കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ ഉപനേതാവ് ആനന്ദ് ശര്‍മയാണ്.

രാജ്യത്ത് 20 വര്‍ഷത്തിനിടയില്‍ കാണാത്ത പ്രതിസന്ധികളാണ് വാഹന മേഖലയില്‍ മാത്രം സംഭവിക്കുന്നത്. 2.30 ലക്ഷം ജോലികളാണത്രെ വാഹന മേഖലയില്‍ മാത്രം നഷ്ടമായത്! പിന്നെ എങ്ങനെ രാഹുല്‍ ബജാജിനെപ്പോലെയുള്ളവര്‍ പ്രതികരിക്കാതിരിക്കും?

ചര്‍ച്ചയില്‍ എന്‍.സി.പി നേതാവ് മജീദ് മേമന്‍ ഒരു കാര്യം കൂടി കൂട്ടിച്ചേര്‍ത്തു; 300 വിതരക്കാര്‍ക്കാണ് വാഹന മേഖലയില്‍ കച്ചവടം നിര്‍ത്തി പൂട്ടി പോകേണ്ടി വന്നത് എന്ന്!

ആം ആദ്മി പാര്‍ട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു: 'രാജ്യത്ത് വലിയ കമ്പനികള്‍ വളരുമ്പോള്‍ ചെറിയ കമ്പനികള്‍ മരിക്കുന്നു...!'

രാഹുല്‍ ബജാജ് പിന്നീട് പറഞ്ഞത് ആള്‍ക്കൂട്ട കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അനിഷേധ്യമായ ചില വസ്തുതകളാണ്.

ഇക്കഴിഞ്ഞ വിജയദശമി ദിവസത്തില്‍ ആര്‍.എസ്.എസ്സിന്റെ ആറാമത്തെ സര്‍സംഘ് ചാലകായ മോഹന്‍ ഭാഗവത് നാഗ്പൂരില്‍ വെച്ച് പ്രസംഗിച്ചത് 'ഇന്ത്യയില്‍ ആള്‍കൂട്ട കൊലപാതകങ്ങളില്ല, അത് വിദേശ മതങ്ങളുടെ സംഭാവനയാണ്' എന്നായിരുന്നു!

കഴിഞ്ഞ ആറോ എഴോ വര്‍ഷത്തിനിടയില്‍ ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകങ്ങളുടെ കണക്കുകള്‍ എഴുതാന്‍ നിന്നാല്‍ ഒരു ലേഖനം അതിന് മതിയാകാതെ വരും ചിലപ്പോള്‍.

പശ്ചിമ ബംഗാളില്‍ പശുവിനെ മോഷ്ടിച്ച് വാനില്‍ കടത്താന്‍ ശ്രമിച്ചു എന്നാരോപിച്ച് ചെറുപ്പക്കാരായ രണ്ട് യുവാക്കളെ (പ്രകാശ് ദാസ്, റബീഉല്‍ ഇസ്‌ലാം എന്നിവരെ) തല്ലിച്ചതച്ച് കൊന്നിട്ട് അധിക കാലമൊന്നും ആയിട്ടില്ല. എന്നിട്ടും നമ്മുടെ ആഭ്യന്തര മന്ത്രി പറയുന്നു; മാധ്യമങ്ങളും പത്രങ്ങളും കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കുകയാണ്, ഒറ്റപ്പെട്ട ചില സംഭവങ്ങള്‍ മാത്രമെ ഉണ്ടായിട്ടുള്ളൂ എന്ന്!

നിലവില്‍ ഭോപാലിലെ ബി.ജെ.പി എം.പിയായ, രാജ്യദ്രോഹ കുറ്റത്തിന് നിലവില്‍ കേസുമുള്ള പ്രജ്ഞ സിങ് ഠാക്കൂര്‍ നടത്തിയ ഒരു പ്രസ്താവനയുമായി ബന്ധപ്പെട്ട വിഷയമാണ് രാഹുല്‍ ബജാജ് മുന്നോട്ട് വെച്ച മറ്റൊരു വിഷയം. ഗാന്ധിയുടെ ഘാതകനായ നാഥൂറാം വിനായക് ഗോഡ്‌സയെ പറ്റി പാര്‍ലമെന്റില്‍ വെച്ച് ഠാക്കൂര്‍ നടത്തിയ ദേശഭക്തന്‍ എന്ന അഭിസംബോധന രീതിയുമായി ബന്ധപ്പെട്ട വിഷയം.

'How the Modi' തലക്കെട്ടില്‍ നടന്ന പ്രോഗ്രാമില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പരാമര്‍ശവും ഠാക്കൂറിന്റെ ഗാന്ധി വൈരാഗ്യവും ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യങ്ങള്‍ക്ക് ഒന്നുകൂടി ഒരു വ്യക്തത കിട്ടും. ട്രംപ് പറഞ്ഞു; ഇന്ത്യക്കൊരു രാഷ്ട്രപിതാവിനെ ആവശ്യമുണ്ട് എന്ന്...!

ഈ വിഷയങ്ങള്‍ കേവലം ഠാക്കൂറില്‍ ഒതുങ്ങുന്ന ഒന്നല്ല. സ്വല്‍പം പിന്നോട്ട് പോയാല്‍ ചില കാര്യങ്ങള്‍ കൂടി കാണാം.

2014 ജൂലായ് മാസത്തില്‍ ഗാന്ധിയുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട 15000ല്‍ അധികം രേഖകള്‍ അഭ്യന്തര മന്ത്രാലയത്തില്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ വിഷയത്തില്‍ 2014 സെപ്തംബര്‍ മാസത്തില്‍ വെങ്കിടേഷ് നായിക് വിവരാവകാശ രേഖ പ്രകാരം നടത്തിയ അന്വേഷണത്തിന് ലഭിച്ച മറുപടിയില്‍ പറയുന്നത് ഇങ്ങനെ: 'രേഖകള്‍ നശിപ്പിച്ചിട്ടുണ്ട്. പക്ഷേ, അവയുടെ വിശദാംശങ്ങള്‍ രേഖപ്പെടുത്തിയിട്ടില്ല...'

എന്ത് മനസ്സിലായി നമുക്ക്? ഗാന്ധിയെക്കുറിച്ചുള്ള രേഖകള്‍ വലിയ പ്രാധാന്യമുള്ളവയല്ല എന്നും ആ വിവരങ്ങളെല്ലാം ഇനിയൊരു പാഴ്‌വിവരമാണ് എന്നുമുള്ള അവസ്ഥ വന്നിരിക്കുന്നു നമ്മുടെ മോടി(ദി)ഫൈഡ് ഇന്ത്യയില്‍!

ഇതില്‍ നമ്മള്‍ മനസ്സിലാക്കേണ്ട വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യമുണ്ട്. ഗാന്ധിയെക്കുറിച്ചുള്ള രേഖകള്‍ നശിപ്പിക്കപ്പെട്ട അതേ മാസം തന്നെയാണ് അഥവാ 2014 ജൂലൈ മാസം തന്നെയാണ് ഗ്ലോബല്‍ ഹിന്ദു ഫൗണ്ടേഷന്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് കത്തയച്ച് 'നാഥുറാം വിനായക് ഗോഡ്‌സെയെ ദേശീയ പുരുഷനായി വാഴ്ത്തുകയും അപ്രകാരം തന്നെ പ്രസ്തുത വിവരങ്ങള്‍ പാഠപുസ്തകങ്ങളില്‍ ചേര്‍ക്കുകയും ചെയ്യണം' എന്ന് പറഞ്ഞത്.

2015 ല്‍ ബി.ജെ.പി  എം.പി സാക്ഷി മഹാരാജ് രാജ്യസഭയില്‍ ഗോഡ്‌സെയെ ദേശാഭിമാനിയാക്കി വിശേഷിപ്പിച്ചു!

2014 ഡിസംബര്‍ മാസത്തില്‍ അഖില ഭാരതീയ ഹിന്ദു മഹാസഭ മീറത്തില്‍ ഗോഡ്‌സെയുടെ പേരില്‍ അമ്പലം പണിയാന്‍ തീരുമാനം എടുത്തു. വിവാദങ്ങള്‍ കാരണം അത് ഒഴിവാക്കി!

അതേസമയം തന്നെയാണ് ഉത്തര്‍പ്രദേശില്‍ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കണം എന്ന് പറഞ്ഞ് ബീ.ജെ.പി അധ്യക്ഷന്‍ ലക്ഷ്മികാന്ത് ഭാജ്പയ് രംഗത്തു വന്നത്.

ഗാന്ധി ജയന്തി ദിവസത്തില്‍ പ്രതീകാത്മകമായി ഗാന്ധിയുടെ മാറിടത്തിലേക്ക് വെടിയുതിര്‍ത്ത് വീണ്ടും പ്രജ്ഞ സിങ് ഠാക്കൂര്‍ വിവാദം സൃഷ്ടിച്ചു. വീണ്ടും വീണ്ടും ഗാന്ധിയെ കൊല്ലാന്‍ അവര്‍ നോക്കുന്നത് എന്തിനാണ്? അവര്‍ക്കറിയാം ചില രാജ്യസ്‌നേഹികളിലൂടെ ഗാന്ധി ഇന്നും ജീവിക്കുന്നുണ്ട് എന്ന്!

ഗാന്ധിഘാതകനെ ദേശഭക്തനെന്ന് വിശേഷിപ്പിച്ച് വെറുപ്പിന്റെ രാഷ്ട്രീയം ഛര്‍ദിക്കുന്നവര്‍ ഒരു ഭാഗത്ത് ഉലകം ചുറ്റാന്‍ ശ്രമിക്കുമ്പോള്‍ രാഹുല്‍ ബജാജിനെപ്പോലെയുള്ള നീതിയുടെ ശബ്ദങ്ങള്‍ ഈ ഭാഗത്തും ഇല്ലെങ്കില്‍ കാര്യങ്ങളുടെ അവസ്ഥ പറയാനുണ്ടാകുമോ...?

രാജ്യത്തെ സ്‌നേഹിക്കുന്ന, നാനാത്വത്തില്‍ ഏകത്വം എന്ന ഐക്യത്തിന്റെ ആശയത്തെ ചേര്‍ത്ത് വെക്കുന്ന ഓരോ ഇന്ത്യക്കാരനും പറയാനാഗ്രഹിച്ച കാര്യങ്ങള്‍ തന്നെയാണ് വ്യവസായിയായ രാഹുല്‍ ബജാജ് പറഞ്ഞ് വെച്ചത്!

അദ്ദേഹത്തെപ്പോലെയുള്ള പ്രമുഖര്‍ വസ്തുതകള്‍ മുന്നില്‍ നിരത്തി ഇതുപോലെ പ്രതികരിക്കുമ്പോള്‍ ഹിന്ദുത്വ രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള ഫാഷിസ്റ്റുകളുടെ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിന് അല്‍പമെങ്കിലും വേഗത കുറക്കാന്‍ സാധിക്കും എന്ന് നമുക്ക് പ്രത്യാശിക്കാം.