പഠന ബോധന മാര്‍ഗങ്ങള്‍ ക്വുര്‍ആനില്‍ നിന്ന്

ഡോ. അബ്ദുറസാഖ് സുല്ലമി

2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17

(ഭാഗം: 2 )

നിരൂപണ പഠനം

അധ്യാപകര്‍ പറയുന്നത് അപ്പടി വിഴുങ്ങുകയല്ല; അത് ഒരു റഫറന്‍സ് ആയി മാത്രം വിലയിരുത്തി പഠിക്കുകയാണ് വേണ്ടത്. വിഷയങ്ങളെ വിലയിരുത്തുമ്പോള്‍ അധ്യാപകന്റെ അതേ അഭിപ്രായം തന്നെയായിക്കൊള്ളണമെന്നില്ല വിദ്യാര്‍ഥിക്ക്. വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കണം.

നബി ﷺ  വഹ്‌യ് (ദിവ്യബോധനം) അനുസരിച്ച് പറയുന്ന കാര്യത്തില്‍ സ്വഹാബാക്കള്‍ (അനുചരന്മാര്‍) മറ്റ് അഭിപ്രായങ്ങള്‍ പറയുമായിരുന്നില്ല; അല്ലാത്ത കാര്യങ്ങളില്‍ പറയുമായിരുന്നു. ഉദാ: ബദ്‌റില്‍ മുസ്‌ലിം സൈന്യത്തോട് 'ഇവിടെ തമ്പടിക്കാം' എന്ന് നബി ﷺ  പറഞ്ഞപ്പോള്‍ സ്വഹാബിമാര്‍ ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, ഈ സ്ഥലത്ത് തന്നെ തമ്പടിക്കണമെന്ന് അല്ലാഹു പറഞ്ഞതാണോ, അതോ താങ്കള്‍ തീരുമാനിച്ചതോ?'' നബി ﷺ  പറഞ്ഞു: ''എന്റെ അഭിപ്രായമാണ്.'' അപ്പോള്‍ അവര്‍ പറഞ്ഞു: ''ഇതിനെക്കാള്‍ നല്ലത് അപ്പുറത്ത് വെള്ളമുള്ള സ്ഥലമാണ്.'' അപ്പോള്‍ നബി ﷺ  അവര്‍ പറഞ്ഞത് അംഗീകരിച്ചു.

അധ്യാപകന്‍ ഏതെങ്കിലും ഒരു പൊതുകാര്യത്തെ വിലയിരുത്തുന്നതിനോട് വിയോജിക്കാന്‍ വിദ്യാര്‍ഥിക്ക് സ്വാതന്ത്ര്യമുണ്ടാവണം. മാത്രമല്ല, ഏതൊരു കാര്യവും നാം അംഗീകരിക്കുമ്പോള്‍ അതിന് ഒരു ന്യായീകരണം നമുക്ക് ഉണ്ടായിരിക്കും; ഇന്നയിന്ന കാരണങ്ങളാല്‍ ഞാന്‍ ഈ നിലപാടുകാരനാണ് എന്ന്. ഉദാഹരണമായി, ഈജിപ്തില്‍ മുര്‍സിയെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്താക്കിയത് തെറ്റാണ് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. കാരണം അദ്ദേഹം ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റാണ്. അദ്ദേഹത്തെ പുറത്താക്കിയതില്‍ തെറ്റില്ല എന്ന് എന്റെ വിദ്യാര്‍ഥിക്ക് വിശ്വസിക്കാം. അതിനോട് എനിക്ക് വിയോജിക്കാം. പക്ഷേ, എന്നോട് വിയോജിക്കുവാനുള്ള സ്വാതന്ത്ര്യം അവനുണ്ട് എന്ന് ഞാന്‍ അംഗീകരിക്കണം.

അധ്വാനശീലം വളര്‍ത്തല്‍

വിദ്യാര്‍ഥികളെ സ്വയം പര്യാപ്തരാക്കുക. പക്ഷേ, വിദ്യാര്‍ഥികളില്‍ മഹാഭൂരിപക്ഷവും ഇഷ്ടപ്പെടുന്നത് Spoon feeding education ആണ്. കുറിപ്പുകള്‍ തയ്യാറാക്കി പരീക്ഷക്കുള്ള ചോദ്യങ്ങളും ഉത്തരങ്ങളും കൊടുത്ത് കാണാതെ പഠിപ്പിക്കുകയല്ല ചെയ്യേണ്ടത്.

വിദ്യാര്‍ഥികേന്ദ്രീകൃത പഠന രീതിയില്‍ വിദ്യാര്‍ഥികള്‍ കൂടുതല്‍ അന്വേഷിച്ച് പഠിക്കേണ്ടിവരും. സ്വാഭാവികമായും മടിയുണ്ടാവും. പക്ഷേ, അധ്വാനത്തിനും പ്രയാസത്തിനും ശേഷമാണ് വിജയം എന്ന് അവരെ ബോധ്യപ്പെടുത്തിയാല്‍ അവര്‍ കൂടുതല്‍ ഊര്‍ജസ്വലരാകും.

ക്വുര്‍ആന്‍ പറയുന്നു: ''എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ എളുപ്പമുണ്ടായിരിക്കും. തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും''(94:5,6).

''എന്നാല്‍ നിങ്ങള്‍ ഒരു കാര്യം വെറുക്കുകയും (യഥാര്‍ഥത്തില്‍) അത് നിങ്ങള്‍ക്ക് ഗുണകരമായിരിക്കുകയും ചെയ്യാം. നിങ്ങള്‍ ഒരു കാര്യം ഇഷ്ടപ്പെടുകയും അത് നിങ്ങള്‍ക്ക് ദോഷകരമാകുകയും ചെയ്‌തെന്നും വരാം. അല്ലാഹു അറിയുന്നു നിങ്ങള്‍ അറിയുന്നില്ല''(2:216).

കഠിനാധ്വാനം ചെയ്ത് പഠിക്കുക. ഭാവിയിലെ നേട്ടത്തിന് വേണ്ടി ഇപ്പോള്‍ പ്രയാസം സഹിക്കേണ്ടി വരും. പൂര്‍ണ ഗര്‍ഭിണിയും സമൂഹത്തില്‍ നിന്ന് അകറ്റപ്പെട്ടവളുമായി ശാരീരികവും മാനസികവുമായ പ്രയാസം അനുഭവിക്കുന്ന മര്‍യം ബീവിയോട് ഈത്തപ്പന പിടിച്ച് കുലുക്കുക, എങ്കില്‍ പാകമായ ഈത്തപ്പഴം നിനക്ക് വീഴ്ത്തിത്തരുമെന്ന് സൂറതുല്‍ മര്‍യം 25ാം വചനത്തില്‍ അല്ലാഹു പറഞ്ഞു. പുരുഷന്‍മാര്‍ പിടിച്ചുകുലുക്കിയാലും ഈത്തപ്പഴം വീഴുകയില്ല. എന്നിട്ടും എന്തിനാണിത് പറഞ്ഞത്? നിങ്ങള്‍ക്ക് ചെയ്യാനുള്ളത് ചെയ്യൂ, ബാക്കി അല്ലാഹു ചെയ്ത് തരും എന്ന ഗുണപാഠം പഠിപ്പിക്കാന്‍ വേണ്ടിയാണിത്. നബി ﷺ യെയും അനുചരന്‍മാരെയും കഠിനാധ്വാനം ചെയ്യിപ്പിച്ച് ഖന്‍ദക്വില്‍ കിടങ്ങ് കുഴിപ്പിച്ചതില്‍ നിന്നും ഈ ഗുണപാഠമാണ് നമുക്ക് കിട്ടുന്നത്.

ആത്മവിശ്വാസമുണ്ടാക്കല്‍

വ്യക്തിത്വ വികസന (Personality development)ത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമാണ് ആത്മ വിശ്വാസം. അതില്ലെങ്കില്‍ അപകര്‍ഷതാ ബോധമായിരിക്കും ഫലം. അത് മുഖേന സമൂഹത്തില്‍ നിന്ന് ഉള്‍വലിയുന്നു. ഒരു അധ്യാപകന്റെ പ്രോത്സാഹനജനകമായ ഒരു വാക്കായിരിക്കാം ഒരു കുട്ടിയിലോ ഒരു ക്ലാസ്സിലോ വഴിത്തിരിവിന് കാരണമാകുന്നത്. ''നിങ്ങള്‍ വിചാരിച്ചാല്‍ പഠിക്കാനും ഉയരാനും കഴിയും. നിങ്ങള്‍ കഴിവുള്ളവരാണ്. അധ്വാനിച്ചാല്‍ നേടിയെടുക്കാന്‍ കഴിയാത്തതല്ല ഇതൊന്നും...'' ഇങ്ങനെയുള്ള വാചകങ്ങള്‍ അധ്യാപകന്‍ കരുതുന്നതിന്റെ എത്രയോ അപ്പുറം കുട്ടികള്‍ക്ക് ആത്മവിശ്വാസത്തിന് കാരണമാകും. വിദ്യാര്‍ഥികള്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുമ്പോള്‍ ''മിടുക്കന്‍!,It is the best answer, congratulations...! തുടങ്ങിയ കമന്റുകള്‍ പറയാന്‍ മറക്കരുത്. വിദ്യാര്‍ഥികള്‍ വിഡ്ഢിത്തം പറഞ്ഞാലും ക്ലാസ്സില്‍ വെച്ച് അവരെ ചമ്മിക്കരുത്; മാനക്കേടാക്കരുത്.

'നീ നന്നാവില്ലെടാ, നീയൊന്നും പഠിച്ചിട്ട് എവിടെയും എത്തില്ല' തുടങ്ങിയ കമന്റുകള്‍ വിദ്യാര്‍ഥികളെ പിന്നാക്കം നയിക്കും; ആത്മവിശ്വാസം ഇല്ലാതാക്കും.

ക്വുര്‍ആനില്‍ നിന്നുള്ള മാതൃക

ഉഹ്ദ് യുദ്ധത്തില്‍ പരാജയപ്പെട്ട ശേഷം മനഃപ്രയാസവും ദുഃഖവുമായി കഴിഞ്ഞുകൂടിയ മുസ്‌ലിംകളെ ഉന്നതമായ ആത്മവിശ്വാസത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ അല്ലാഹു അവതരിപ്പിച്ച ക്വുര്‍ആന്‍ വചനങ്ങള്‍ നോക്കൂ:

''നിങ്ങള്‍ ദൗര്‍ബല്യം കാണിക്കുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉന്നതന്‍മാര്‍. നിങ്ങള്‍ക്കിപ്പോള്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ (മുമ്പ്) അക്കൂട്ടര്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. ആ (യുദ്ധ)ദിവസങ്ങളിലെ ജയാപജയങ്ങള്‍ ആളുകള്‍ക്കിടയില്‍ നാം മാറ്റിമറിച്ച് കൊണ്ടിരിക്കുന്നതാണ്. വിശ്വസിച്ചവരെ അല്ലാഹു തിരിച്ചറിയുവാനും നിങ്ങളില്‍ നിന്ന് രക്തസാക്ഷികളെ ഉണ്ടാക്കിത്തീര്‍ക്കുവാനും കൂടിയാണത്. അല്ലാഹു അക്രമികളെ ഇഷ്ടപ്പെടുകയില്ല''(3:139,140).

''രാത്രിയും പകലും നിങ്ങള്‍ ഉറങ്ങുന്നതും അവന്റെ അനുഗ്രഹത്തില്‍ നിന്ന് നിങ്ങള്‍ ഉപജീവനം തേടുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ കേട്ടുമനസ്സിലാക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങള്‍ ഉണ്ട്''(30:23).

''ഭയവും ആഗ്രഹവും ഉളവാക്കികൊണ്ട് നിങ്ങള്‍ക്ക് മിന്നല്‍ കാണിച്ചുതരുന്നതും ആകാശത്തു നിന്ന് വെള്ളം ചൊരിയുകയും അത് മൂലം ഭൂമിക്ക് അതിന്റെ നിര്‍ജീവാവസ്ഥക്ക് ശേഷം ജീവന്‍ നല്‍കുകയും ചെയ്യുന്നതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിച്ചു മനസ്സിലാക്കുന്നവര്‍ക്ക്  ദൃഷ്ടാന്തങ്ങളുണ്ട്''(30:24).

അടിവരയിട്ട വാചകങ്ങള്‍ തീര്‍ച്ചയായും പഠനത്തെയും ഗവേഷണത്തെയും പ്രോത്സാഹിപ്പിക്കുന്നു. ഇത് ചില ഉദാഹരണങ്ങള്‍ മാത്രമാണ്. ലേഖന ദൈര്‍ഘ്യം ഭയന്ന് കൂടുതല്‍ ഉദ്ധരിക്കുന്നില്ല.

ക്വുര്‍ആനിലൂടെ തട്ടിയുണര്‍ത്തപ്പെട്ട ബുദ്ധിയും ഗവേഷണവും പടിഞ്ഞാറ് അറ്റ്‌ലാന്റിക് സമുദ്രത്തിന്റെ തീര രാഷ്ട്രങ്ങള്‍ മുതല്‍ കിഴക്ക് ചൈനയുടെ അതിരുകള്‍ വരെയും വടക്ക് ആല്‍പ്‌സ് പര്‍വത നിരകള്‍ മുതല്‍ തെക്ക് മധ്യാഫ്രിക്ക വരെയും വിജ്ഞാനത്തിന്റെ ഉന്നതമായ ഒരു സാമ്രാജ്യത്തിന് അടിത്തറ പാകി. അതാണ് അബ്ബാസിയ്യ കാലത്തെ ശാസ്ത്രവിജ്ഞാന നവോത്ഥാനം എന്ന പേരില്‍ ലോക ചരിത്രത്തില്‍ കാണപ്പെട്ട തുല്യതയില്ലാത്ത മുന്നേറ്റം. ക്വുര്‍ആന്‍ പരലോകത്ത് മാത്രമല്ല, ഈ ലോകത്തിലെ ജീവിതത്തിലും വ്യക്തമായ മാര്‍ഗദര്‍ശക ഗ്രന്ഥമാണ്. ഗവേഷണ ബുദ്ധി വിദ്യാര്‍ഥികളില്‍ വളര്‍ത്താന്‍ അധ്യാപകന്‍ കഠിനാധ്വാനം ചെയ്യണം. മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പ്രവര്‍ത്തിക്കണം.

അന്ധവിശ്വാസത്തില്‍ നിന്ന് മോചനം

ഒരു അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ രക്ഷപ്പെടാന്‍ ആവശ്യമായ വിവരങ്ങള്‍ മാത്രമല്ല നല്‍കേണ്ടത്. വ്യക്തിത്വ വികസനത്തിന് അത്യാവശ്യമായ കാര്യമാണ് അന്ധവിശ്വാസത്തില്‍ നിന്നുള്ള മോചനം.

ക്വുര്‍ആനിന്റെ അവതരണം തന്നെ മനുഷ്യരെ ദുര്‍മാര്‍ഗങ്ങളുടെ കൂരിരുട്ടുകളില്‍ നിന്ന് സത്യവിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കലാണ്. സൂറഃ ഇബ്‌റാഹീം തുടങ്ങുന്നത് തന്നെ ഇപ്രകാരമാണ്:

''...മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത് പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്. ആകാശത്തിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്''(14:1).

വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെടുന്നത് മാത്രം അവരോട് പറഞ്ഞുകൊടുക്കുകയല്ല; അവര്‍ക്ക് ഏറ്റവും ഗുണകരമായത് അവര്‍ക്ക് നല്‍കുക എന്നതാണ് അധ്യാപകന്‍ ചെയ്യേണ്ടത്.

സാമൂഹ്യബോധം വര്‍ധിപ്പിക്കല്‍

ഒരു അധ്യാപകന്‍ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ രക്ഷപ്പെടാന്‍ ആവശ്യമായ വിവരങ്ങള്‍ മാത്രമല്ല നല്‍കേണ്ടത്. വ്യക്തിത്വ വികസനത്തിന് അത്യാവശ്യമായ കാര്യമാണ് അന്ധവിശ്വാസത്തില്‍ നിന്നുള്ള മോചനം.

ക്വുര്‍ആനിന്റെ അവതരണം തന്നെ മനുഷ്യരെ ദുര്‍മാര്‍ഗങ്ങളുടെ കൂരിരുട്ടുകളില്‍ നിന്ന് സത്യവിശ്വാസത്തിന്റെ വെള്ളിവെളിച്ചത്തിലേക്ക് നയിക്കലാണ്. സൂറഃ ഇബ്‌റാഹീം തുടങ്ങുന്നത് തന്നെ ഇപ്രകാരമാണ്:

''...മനുഷ്യരെ അവരുടെ രക്ഷിതാവിന്റെ അനുമതി പ്രകാരം ഇരുട്ടുകളില്‍ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ വേണ്ടി നിനക്ക് അവതരിപ്പിച്ചുതന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത് പ്രതാപിയും സ്തുത്യര്‍ഹനും ആയിട്ടുള്ളവന്റെ മാര്‍ഗത്തിലേക്ക്. ആകാശത്തിലുള്ളതിന്റെയും ഭൂമിയിലുള്ളതിന്റെയും ഉടമയായ അല്ലാഹുവിന്റെ മാര്‍ഗത്തിലേക്ക്''(14:1).

വിദ്യാര്‍ഥികള്‍ ഇഷ്ടപ്പെടുന്നത് മാത്രം അവരോട് പറഞ്ഞുകൊടുക്കുകയല്ല; അവര്‍ക്ക് ഏറ്റവും ഗുണകരമായത് അവര്‍ക്ക് നല്‍കുക എന്നതാണ് അധ്യാപകന്‍ ചെയ്യേണ്ടത്.

ഗ്രെയ്ഡല്ല; മാര്‍ക്ക്

നിരവധി വിദ്യാഭ്യാസ വിദഗ്ധര്‍ ചര്‍ച്ച ചെയ്ത് നടപ്പാക്കിയ വിഷയമാണെങ്കിലും ഗ്രെയ്ഡ് സിസ്റ്റത്തിന് വലിയ പോരായ്മയും അനീതിയും ഉണ്ട്. ഉദാഹരണമായി, 80 മാര്‍ക്ക് മുതല്‍ 89 മാര്‍ക്ക് വരെ ഒരു ഗ്രെയ്ഡിന്റെ പരിധിയാണെന്ന് സങ്കല്‍പിക്കുക. 10 വിഷയങ്ങള്‍ ഉള്ള ഒരു പരീക്ഷയില്‍ എല്ലാ പേപ്പറിലും ഒരു വിദ്യാര്‍ഥിക്ക് 80 വീതവും മറ്റൊരു വിദ്യാര്‍ഥിക്ക് 89 വീതവും ആണെങ്കില്‍ ആകെ മാര്‍ക്ക് 800ഉം 890ഉം ആയിരിക്കും. ഒരാള്‍ക്ക് 90 മാര്‍ക്കിന്റെ മേന്‍മയുണ്ടായിട്ടും അവന് അതിന്റെ ഗുണമോ അംഗീകാരമോ കിട്ടുന്നില്ല.

അനീതിയില്ലാതെ ഓരോരുത്തരുടെയും ഉത്തരത്തിനനുസരിച്ച് മുല്യനിര്‍ണയം നടക്കണമെങ്കില്‍ മാര്‍ക്ക് തന്നെയാണ് നല്‍കേണ്ടത്. അല്ലാഹുവിന്റെ നടപടിക്രമത്തില്‍ മാര്‍ക്ക് സിസ്റ്റം പോലെ കൃത്യമായ പ്രതിഫലം നല്‍കലാണുള്ളത്, ഗ്രെയ്ഡ് സിസ്റ്റം പോലുള്ളതല്ല എന്ന് ക്വുര്‍ആനില്‍ നിന്ന് മനസ്സിലാക്കാം:

''അപ്പോള്‍ ആര് ഒരണുമണിത്തൂക്കം നന്മ ചെയ്തിരുന്നുവോ അവനത് കാണും. ആര് ഒരണുവിന്റെ തൂക്കം തിന്മ ചെയ്തിരുന്നുവോ അവന്‍ അതും കാണും''(99:7,8).

ഇഹലോകത്ത് മനുഷ്യന്‍ ചെയ്ത ഏത് നിസ്സാരമായ പ്രവൃത്തിക്കും കണിശവും കൃത്യവുമായ പ്രതിഫലം പരലോകത്ത് അല്ലാഹു നല്‍കുന്നതാണ് എന്നര്‍ഥം.

പതറാത്ത നിശ്ചയദാര്‍ഢ്യം

ഒരു അധ്യാപകന്റെ അല്ലെങ്കില്‍ സ്ഥാപന മേധാവിയുടെ ക്വാളിറ്റിയാണ് എടുത്ത തീരുമാനത്തില്‍ ഉറച്ച് നില്‍ക്കല്‍. പക്ഷേ, തീരുമാനം എടുക്കുന്നതിനു മുമ്പ് പലവട്ടം ആലോചിക്കണം. 100 ശതമാനം ശരിയാണോ എന്ന് ആലോചിക്കണം. ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കണം. തീരുമാനം എടുത്താല്‍ ശേഷം വരാനിരിക്കുന്ന പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കാം എന്നെല്ലാം പഠിച്ച് കഴിഞ്ഞ ശേഷം ഉറച്ച തീരുമാനമെടുക്കുക. തെറ്റാണ് എന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തണം. സമ്മര്‍ദങ്ങള്‍ക്ക് വിധേയമായി പതറിക്കൊണ്ടിരുന്നാല്‍ പിന്നീട് എപ്പോഴും പതറിക്കൊടുക്കേണ്ടിവരും.

നബി ﷺ യെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നത് എങ്ങനെയാണെന്ന് നോക്കൂ: ''നിന്നെ നാം ഉറപ്പിച്ച് നിറുത്തിയിട്ടില്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും നീ അവരിലേക്ക് അല്‍പമൊക്കെ ചാഞ്ഞു പോകുമായിരുന്നു. എങ്കില്‍ ജീവിത്തിലും ഇരട്ടിശിക്ഷ, മരണത്തിലും ഇരട്ടിശിക്ഷ; അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്. പിന്നീട് നമുക്കെതിരില്‍ നിനക്ക് സഹായം നല്‍കാന്‍ യാതൊരാളെയും നീ കണ്ടെത്തുകയില്ല''(17:74,75).

ഏകദൈവ വിശ്വാസത്തിന്റെ കാര്യത്തിലാണ് പ്രവാചകനെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നത്. പക്ഷേ, അതില്‍ നിന്നുള്ള 'ദൃഢത' എന്ന ഗുണപാഠമാണ് ഈ ഭാഗത്ത് ഇത് ഉദ്ധരിക്കുവാന്‍ കാരണം.

ഗവേഷണ താല്‍പര്യമുണ്ടാക്കല്‍

മനുഷ്യബുദ്ധിയെ തളച്ചിടുന്ന ഗ്രന്ഥമാണ് ക്വുര്‍ആന്‍ എന്നും പുരോഗതിയെ പുറകോട്ട് വലിക്കുകയാണ് ഇസ്‌ലാം എന്നുമുള്ള പ്രചാരണങ്ങള്‍ തികച്ചും തെറ്റാണ്, യാഥാര്‍ഥ്യവിരുദ്ധമാണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാം.

 ലോകനാഗരികതയിലോ ശാസ്ത്രരംഗത്തോ യാതൊരു പുരോഗതിയും ഉണ്ടാക്കിയിട്ടില്ലാത്ത, മരുപ്പച്ചകളില്‍ നിന്ന് മരുപ്പച്ചകളിലേക്ക് നീങ്ങി യുദ്ധം, മദ്യം, സ്ത്രീ എന്നിവയില്‍ ആനന്ദം കണ്ടെത്തിയിരുന്ന നാടോടികളായിരുന്നു പുരാതന അറേബ്യന്‍ സമൂഹം.

എന്നാല്‍ ഹിജ്‌റ 2ാം നൂറ്റാണ്ടായപ്പോഴേക്കും അബ്ബാസിയ്യ സാമ്രാജ്യം ലോകചരിത്രത്തില്‍ അതുല്യമായ പുരോഗതിയിലേക്ക് എത്തിയിരുന്നു. എഴുതപ്പെട്ട നാലു ലക്ഷം പുസ്തകങ്ങളായിരുന്നു അന്ന് ബാഗ്ദാദ് ലൈബ്രറിയില്‍ ഉണ്ടായിരുന്നത്! ശാസ്ത്രത്തിന്റെ എല്ലാ ശാഖകളിലേക്കും ഗവേഷണബുദ്ധി പരന്നൊഴുകുകയായിരുന്നു.

ബാഗ്ദാദ് യൂണിവേഴ്‌സിറ്റി വിജ്ഞാനത്തിന്റെ അന്താരാഷ്ട്ര കേന്ദ്രമായിത്തീര്‍ന്നു. ബുദ്ധിയെ തളച്ചിടുന്ന ഒരു ഗ്രന്ഥത്തിന്റെ സ്വാധീനമാണോ ഇത്? ജവഹര്‍ലാല്‍ നെഹ്‌റുവിനെ പോലെയുള്ള നിഷ്പക്ഷരായ അമുസ്‌ലിം ചരിത്രകാരന്‍മാര്‍ പോലും അംഗീകരിച്ചതാണിത്.

My choice of muhammed to lead the list of the world’s most influential persons may surprise some readers and may be questioned by others, but he was the only man in history who was supremely successful on both the religious and secular levels... The majority of the persons in this book had the advantage of being born and raised in centres of civilization, highly cultured of politically pivotal nations. Muhammed however was born in the year 570 in the city of mecca, in southern arabia. At that time a back ward area of the world far from centres.

''ഞാന്‍ മുഹമ്മദിനെ ലോകചരിത്രത്തില്‍ ഏറ്റവും നല്ല സ്വഭാവമുള്ള വ്യക്തിയായി തെരഞ്ഞെടുത്തതിനെ ചിലര്‍ ചോദ്യം ചെയ്യുകയോ മറ്റു ചിലരെ അത്ഭുതപ്പെടുത്തുകയോ ചെയ്‌തേക്കാം. എന്നാല്‍ മത ജീവിതത്തിലും മതേതര ജീവിതത്തിലും സമ്പൂര്‍ണമായി വിജയിച്ച, ചരിത്രത്തിലെ ഏക വ്യക്തി അദ്ദേഹമാണ്. ഈ പുസ്തകത്തില്‍ അധികം പേരും സംസ്‌കാരത്തിന്റെയും നാഗരികതയുടെയും രാഷ്ട്രീയത്തിന്റെയും കേന്ദ്രങ്ങളിലായിരുന്നു. എന്നാല്‍ 570ല്‍ ദക്ഷിണ അറേബ്യയിലെ മക്കയില്‍ ജനിക്കുമ്പോള്‍ ലോകത്തെ വളരെ പിന്നാക്ക പ്രദേശമായിരുന്നു. വാണിജ്യം, കല, വിജ്ഞാനം മുതലായ എല്ലാറ്റിന്റെയും കേന്ദ്രങ്ങളില്‍ നിന്നെല്ലാം വളരെ ദൂരെയായിരുന്നു അറേബ്യ.''

പരസ്പര സഹകരണത്തിന്റെ ശൈലി

ഞങ്ങളുടെ തീരുമാന പ്രകാരം നിങ്ങള്‍ വിദ്യാര്‍ഥികള്‍ ഇപ്രകാരമെല്ലാം ചെയ്യണം, ഇപ്രകാരം ചെയ്യരുത് എന്ന് പറഞ്ഞാല്‍ പ്രതിഷേധമുണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ്. അതിന് പകരം നിങ്ങളുടെ രക്ഷിതാക്കള്‍ യോഗം ചേര്‍ന്ന് എടുത്ത തീരുമാനപ്രകാരം നിങ്ങള്‍ താഴെ എഴുതിയ നിയമങ്ങള്‍ അനുസരിക്കണം എന്ന് പറഞ്ഞാല്‍ അത് സ്വീകരിക്കാനുള്ള മനസ്സ് കുട്ടികളില്‍ കൂടുതല്‍ ഉണ്ടാകും.

ക്വുര്‍ആനില്‍ ജനങ്ങളോടുള്ള കല്‍പനകളിലുടനീളം ഈ സമീപനം കാണാം. നാലാം അധ്യായം സൂറതുന്നിസാഇലെ ഒന്നാം വചനത്തില്‍ പറയുന്നത് നിങ്ങളെ സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുക എന്നാണ്. അതിന് പകരം ഞങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ ആരാധിക്കുക എന്ന് പറഞ്ഞാല്‍, നിങ്ങളുടെ രക്ഷിതാവിനെ ഞങ്ങള്‍ എന്തിന് സൂക്ഷിക്കണം എന്ന ചോദ്യം അവരുടെമനസ്സില്‍ ഉയരും; സ്വീകരിക്കാനുള്ള സന്നദ്ധത കുറയും.

24:33ല്‍ ''...അല്ലാഹു നിങ്ങള്‍ക്ക് നല്‍കിയിട്ടുള്ള സമ്പത്തില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ നല്‍കി സഹായിക്കുകയും ചെയ്യുക...'' എന്ന് പറയുന്നു. നിങ്ങളുടെ സ്വത്ത് നിങ്ങള്‍ അവര്‍ക്ക് കൊടുക്കുക എന്നതിന് പകരം അല്ലാഹു നിങ്ങളെ ഏല്‍പിച്ച സമ്പത്ത് നല്‍കുക എന്ന ശൈലി എത്രമാത്രം മനഃശാസ്ത്രപരമാണ്!

നമ്മുടെ വീടും സമ്പത്തും വാഹനങ്ങളും സൗകര്യങ്ങളുമെല്ലാം അല്ലാഹുവിന്റെതാണ്. വാടകയില്ലാതെ അവ ഉപയോഗിക്കാന്‍ താല്‍ക്കാലികമായി നമുക്ക് സമ്മതം തന്നിരിക്കുന്നുവെന്ന് മാത്രം.

തിന്മ നിറഞ്ഞ ജാഹിലിയ്യ സമൂഹത്തെ നന്മയിലേക്ക് മാറ്റിയെടുക്കാന്‍ അല്ലാഹു സ്വീകരിച്ച ഈ മനഃശാസ്ത്രപരമായ സമീപനം സ്ഥാപന മേധാവികളും അധ്യാപകരും വിദ്യാര്‍ഥികളെ മാറ്റിയെടുക്കാന്‍ ശ്രമിക്കുമ്പോഴും സ്വീകരിച്ചാല്‍ കുറച്ചെങ്കിലും സംഘര്‍ഷമില്ലാതെ കാര്യങ്ങള്‍ നടപ്പാക്കാന്‍ കഴിയും.

അധ്യാപന, വിദ്യഭ്യാസ രംഗത്ത് മാത്രമല്ല; എല്ലാ രംഗത്തും ഈ Administration Psychology വളരെയേറെ ഫലപ്രദമാണ്.