വഹ്‌യിന്റെ തുടക്കം ‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജനുവരി 26 1440 ജുമാദുല്‍ അവ്വല്‍ 19

നബിﷺയുടെ നിയോഗമനത്തിന്റെ സമയമടുത്തപ്പോള്‍ ഈ കാലഘട്ടത്തില്‍ ഒരു നബിയെ അല്ലാഹു നിയോഗിക്കുമെന്നും ആ നബിയുടെ ആഗമനത്തിന് സമയമായിട്ടുണ്ട് എന്നുമുള്ള വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങി. വേദക്കാര്‍ (അഹ്ലുല്‍ കിതാബുകാര്‍) അവരുടെ വേദഗ്രന്ഥങ്ങളിലൂടെ ഈ യാഥാര്‍ഥ്യം മനസ്സിലാക്കിയവരായിരുന്നു. ശാമില്‍ നിന്നും മദീനയിലേക്ക് പ്രവാചക നിയോഗത്തിന് മുമ്പ് വന്ന ഇബ്‌നുല്‍ ഹൈബാന്‍ ജൂതന്മാരോട് പറയുകയുണ്ടായി: 'ഒരു നബി പ്രത്യക്ഷപ്പെടാനുണ്ട്. ആ നബിയെ പിന്‍പറ്റാന്‍ വേണ്ടിയാണ് ഞാന്‍ ഇങ്ങോട്ട് വന്നിട്ടുള്ളത്.' എന്നുമാത്രമല്ല ജൂതന്മാരെ നബിയെ പിന്‍പറ്റാന്‍ വേണ്ടി അദ്ദേഹം ക്ഷണിക്കുകയും ചെയ്തു. തൗറാത്തിലൂടെ ആ കാലഘട്ടത്തില്‍ പ്രത്യക്ഷപ്പെടാനുള്ള നബിയുടെ വിശേഷണങ്ങളും ജൂതന്മാര്‍ മനസ്സിലാക്കിയിരുന്നു. സത്യദീനിനെ അന്വേഷിച്ചുകൊണ്ട് പേര്‍ഷ്യന്‍ രാജ്യങ്ങളില്‍ നിന്നും വന്ന സല്‍മാനുല്‍ ഫാരിസിയുടെ സംഭവവും ഇതിന് തെളിവാണ്. അദ്ദേഹം വന്ന് ശാമില്‍ താമസമാക്കി. എന്നിട്ട് മുഹമ്മദ് നബിﷺയുടെ ആഗമനത്തിന്റെ സ്ഥലത്തെക്കുറിച്ചും മുഹമ്മദ് നബിയുടെ ആഗമനം അടുത്തു എന്നതിനെക്കുറിച്ചും അവിടത്തെ പുരോഹിതന്മാര്‍ക്ക് പറഞ്ഞുകൊടുത്തു. വേദക്കാരല്ലാത്തയാളുകള്‍ ചില പ്രത്യേകമായ അടയാളങ്ങളിലൂടെയാണ് നബിയുടെ ആഗമനത്തെക്കുറിച്ച് മനസ്സിലാക്കിയത്.

 തനിച്ചിരിക്കുന്നത് നബിﷺ ഇഷ്ടപ്പെട്ടിരുന്നു എന്നും ആളുകളില്‍ നിന്ന് മാറിനിന്നുകൊണ്ട് അദ്ദേഹംതാമസിച്ചിരുന്നു എന്നും മുമ്പ് നമ്മള്‍ മനസ്സിലാക്കിയല്ലോ.

സമൂഹത്തില്‍ നടക്കുന്ന വിഗ്രഹാരാധനയും വഴിപിഴച്ച പല മാര്‍ഗങ്ങളും കണ്ടപ്പോഴാണ് ഇതില്‍ നിന്നും മാറി താമസിക്കണമെന്ന് നബിﷺക്ക് തോന്നിയത്. അങ്ങനെയാണ് ശാന്തമായ അന്തരീക്ഷത്തിലേക്ക് മാറിനിന്നുകൊണ്ട് അല്ലാഹുവിന്റെ ആധിപത്യത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടും അവന്റെ കഴിവുകളെക്കുറിച്ചും സൃഷ്ടിപ്പിന്റെ മഹത്ത്വത്തെക്കുറിച്ചും ആലോചിച്ചുകൊണ്ടും നബി സമൂഹത്തില്‍ നിന്നും മാറിനിന്നത്. ഓരോ വര്‍ഷവും റമദാന്‍ മാസത്തില്‍ ഹിറാ ഗുഹയില്‍ നബി തനിച്ചിരിക്കാറുണ്ടായിരുന്നു. അല്ലാഹു നല്‍കാന്‍ പോകുന്ന ആത്മീയ ജീവനിലേക്ക് നബിﷺ അടുത്തു തുടങ്ങിയപ്പോള്‍ തനിച്ചിരിക്കാനുള്ള താല്‍പര്യം വീണ്ടും വീണ്ടും ശക്തിപ്പെടാന്‍ തുടങ്ങി. അവിടെ നിന്ന് തിരിച്ചുവന്നാല്‍ കഅ്ബ ത്വവാഫ് ചെയ്യുകയും ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്യും. പ്രവാചകത്വത്തിന് മുമ്പ് ഹിറാഗുഹയില്‍ തനിച്ചിരുന്നുകൊണ്ട് അല്ലാഹു തോന്നിപ്പിക്കുന്ന രൂപത്തിലുള്ള ആരാധനകള്‍ ചെയ്യുകയായിരുന്നു നബിയുടെ പതിവ്. എന്നാല്‍ പ്രവാചകത്വത്തിന് ശേഷം മറ്റുള്ള ആളുകളില്‍ നിന്ന് വ്യത്യസ്തമായിക്കൊണ്ട് നബിﷺ തന്റെ ജീവിതം രാത്രിനമസ്‌കാരത്തിലൂടെ മുന്നോട്ടുകൊണ്ടുപോയി. അല്ലാഹു പറയുന്നു: ''രാത്രിയില്‍ നിന്ന് അല്‍പസമയം നീ ഉറക്കമുണര്‍ന്ന് അതോടെ (ക്വുര്‍ആന്‍ പാരായണത്തോടെ)നമസ്‌കരിക്കുകയും ചെയ്യുക. അത് നിനക്ക് കൂടുതലായുള്ള ഒരു പുണ്യകര്‍മമാകുന്നു. നിന്റെ രക്ഷിതാവ് നിന്നെ സ്തുത്യര്‍ഹമായ ഒരു സ്ഥാനത്ത് നിയോഗിച്ചേക്കാം'' (അല്‍ഇസ്‌റാഅ്: 79).

40 വയസ്സ് പൂര്‍ത്തിയായ സന്ദര്‍ഭത്തില്‍ സാധാരണ റമദാന്‍ മാസത്തില്‍ ഹിറയിലേക്ക് പുറപ്പെടാറുള്ളതുപോലെ നബിﷺ പുറപ്പെട്ടു. അല്ലാഹുവിന്റെ കല്‍പനപ്രകാരം ജിബ്‌രീല്‍ അവിടെ കടന്നുവന്നു. പ്രവാചകത്വത്തിന്റെ വെളിച്ചം പ്രകാശിക്കുവാന്‍ തുടങ്ങി. പ്രവാചകത്വം കൊണ്ട് അല്ലാഹു പ്രവാചകനെ ആദരിച്ചു. അന്ത്യദിനം വരെയുള്ള ആളുകള്‍ക്ക് മുഴുവനായി കാരുണ്യത്തിന്റെ തിരുദൂതനായി മുഹമ്മദ് നബിയെ അല്ലാഹു നിയോഗിച്ചു. റമദാന്‍ മാസം ഒരു തിങ്കളാഴ്ച ദിവസമായിരുന്നു അത്. ക്വുര്‍ആനിന്റെ അവതരണത്തിന് തുടക്കം കുറിക്കുന്നത് പരിശുദ്ധ റമദാന്‍ മാസത്തിലായിരുന്നു എന്ന് വ്യക്തം. അല്ലാഹു പറയുന്നു: ''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍...''(അല്‍ബക്വറ: 185).

അബൂക്വതാദ(റ) പറയുന്നു: ''തിങ്കളാഴ്ച ദിവസത്തെ നോമ്പിനെക്കുറിച്ച് നബിﷺയോട് ചോദിക്കപ്പെട്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: 'അത് ഞാന്‍ ജനിച്ച ദിവസമാണ്. ആ ദിവസമാണ് ഞാന്‍ പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അന്നാണ് എനിക്ക് വഹ്‌യ് ഇറങ്ങിയത്'' (മുസ്‌ലിം: 1162).

അബ്ബാസ്(റ) പറയുന്നു: ''നാല്‍പതാമത്തെ വയസ്സിലാണ് മുഹമ്മദ് നബിﷺ പ്രവാചകനായി നിയോഗിക്കപ്പെട്ടത്. മക്കയില്‍ 13 വര്‍ഷത്തോളം വഹ്‌യ് നല്‍കപ്പെടുന്ന അവസ്ഥയില്‍ അദ്ദേഹം ജീവിച്ചു. ശേഷം ഹിജ്‌റക്കുള്ള കല്‍പന നല്‍കപ്പെട്ടു. പത്തുവര്‍ഷം മദീനയില്‍ ജീവിക്കുകയും അറുപത്തിമൂന്നാമത്തെ വയസ്സില്‍ മരണപ്പെടുകയും ചെയ്തു'' (ബുഖാരി 3902, മുസ്‌ലിം: 351).

നബിﷺക്ക് വഹ്‌യ് (ദിവ്യബോധനം) ലഭിച്ചതിന്റെ തുടക്കവുമായി ബന്ധപ്പെട്ടുകൊണ്ടുള്ള കാര്യങ്ങള്‍ ആഇശ(റ) ഇപ്രകാരം വിവരിക്കുന്നു: ''ഉറക്കത്തിലുള്ള നല്ല നല്ല സ്വപ്‌നങ്ങളായിരുന്നു നബിയുടെ വഹ്‌യിന്റെ തുടക്കം. നബിﷺ ഏതൊരു സ്വപ്‌നം കണ്ടാലും പ്രഭാതം പോലെ അത് വെളിപ്പെടാറുണ്ടായിരുന്നു. ശേഷം നബിക്ക് തനിച്ചിരിക്കാന്‍ ഇഷ്ടമായി തോന്നി. അങ്ങനെ ഹിറാഗുഹയില്‍ പോയി ഇരിക്കാന്‍ തുടങ്ങി. അവിടെ വെച്ചുകൊണ്ട് ഒരുപാട് രാത്രികളില്‍ ആരാധനകളില്‍ മുഴുകി. അവിടെനിന്ന് ഖദീജയുടെ അടുക്കലേക്ക് മടങ്ങുകയും വീണ്ടും അങ്ങോട്ട് ആവശ്യമായ യാത്രാ സന്നാഹങ്ങള്‍ എടുത്തുകൊണ്ട് തിരിച്ചു പോകുകയും ചെയ്യും. അങ്ങനെയിരിക്കെയാണ് ഹിറാഗുഹയില്‍ നബിയുടെ അടുക്കലേക്ക് സത്യം കടന്നുവരുന്നത്. മലക്ക് വന്നു കൊണ്ട് പറഞ്ഞു: 'വായിക്കുക.' നബിﷺ പറഞ്ഞു: 'ഞാന്‍ വായിക്കുന്നവനല്ല.' നബി പറയുന്നു: 'അപ്പോള്‍ മലക്ക് എന്നെ പിടിക്കുകയും എന്നെ ഞെരുക്കുകയും ചെയ്തു. എനിക്ക് പ്രയാസം അനുഭവപ്പെട്ടു. ശേഷം എന്നെ വിട്ടു. അപ്പോള്‍ വീണ്ടും പറഞ്ഞു: 'വായിക്കുക.' ഞാന്‍ പറഞ്ഞു: 'ഞാന്‍ വായിക്കുന്നവനല്ല.' രണ്ടാമതും എന്നെ പിടിക്കുകയും ഞെരുക്കുകയും ചെയ്തു. എനിക്ക് പ്രയാസം അനുഭവപ്പെട്ടു. അങ്ങനെ എന്നെ വിടുകയുണ്ടായി. വീണ്ടും പറഞ്ഞു: 'വായിക്കൂ.' അപ്പോള്‍ ഞാന്‍ പറഞ്ഞു: 'ഞാന്‍ വായിക്കുന്നവല്ല.' അങ്ങനെ മൂന്നാമതും എന്നെ പിടിക്കുകയും ഞെരുക്കുകയും ചെയ്തു. ശേഷം എന്നെ വിട്ടു. എന്നിട്ട് ഇപ്രകാരം ഓതിത്തന്നു: 

''സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ നീ വായിക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. നീ വായിക്കുക; നിന്റെ രക്ഷിതാവ് ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട് പഠിപ്പിച്ചവന്‍. മനുഷ്യന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു'' (അല്‍അലക്വ്: 1-5).

 ഹൃദയം പിടക്കുന്ന അവസ്ഥയില്‍ നബിﷺ അവിടെ നിന്നും മടങ്ങി ഖദീജ ബിന്‍ത് ഖുവൈലിദിന്റെ അടുക്കലേക്കു ചെന്നു. എന്നിട്ട് പറഞ്ഞു: 'എനിക്കു പുതച്ചു താ, എനിക്ക് പുതച്ചു താ.' അപ്പോള്‍ നബിയുടെ ഭയം പോകുന്നതുവരെ ഖദീജ അവര്‍ക്ക് പുതച്ചുകൊടുത്തു. നബിﷺ ഖദീജയോട് കാര്യങ്ങളെല്ലാം പറഞ്ഞു. എന്റെ കാര്യത്തില്‍ എനിക്ക് ഭയം തോന്നുകയാണ് എന്നും പറഞ്ഞു. ആ സന്ദര്‍ഭത്തില്‍ ഖദീജ(റ) ഇപ്രകാരം പറഞ്ഞു: 'ഇല്ല, അല്ലാഹുവാണ് സത്യം! അല്ലാഹു ഒരിക്കലും നിങ്ങളെ അപമാനിക്കുകയില്ല. നിങ്ങള്‍ കുടുംബ ബന്ധം പുലര്‍ത്തുന്ന ആളാണ്. ഭാരം വഹിക്കുന്ന വ്യക്തിയാണ്. നിരാലംബരെ സഹായിക്കുന്ന ആളാണ്. അതിഥികളെ സല്‍ക്കരിക്കുന്ന വ്യക്തിയാണ്. സത്യമാര്‍ഗത്തില്‍ സഹായിക്കുന്ന ആളാണ്.' അങ്ങനെ ഖദീജ(റ) നബിﷺയെയും കൊണ്ട് വറക്വതുബിനു നൗഫലുബിനു അസദ്ബിനു അബ്ദുല്‍ ഉസ്സയുടെ അടുക്കലേക്ക് കൊണ്ട് പോയി. ഖദീജ(റ)യുടെ പിതൃവ്യപുത്രനായിരുന്നു അദ്ദേഹം.

ജാഹിലിയ്യാ കാലഘട്ടത്തില്‍ ക്രിസ്തുമതം സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഇന്‍ജീലിന്റെ വചനങ്ങള്‍ ഇബ്‌റാനീ ഭാഷയില്‍ അദ്ദേഹം എഴുതുമായിരുന്നു. അന്ധത ബാധിച്ച; പ്രായംചെന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഖദീജ(റ) അദ്ദേഹത്തോട് പറഞ്ഞു: 'അല്ലയോ പിതൃവ്യപുത്രാ! നിങ്ങളുടെ സഹോദര പുത്രനില്‍ നിന്ന് കാര്യങ്ങള്‍ കേള്‍ക്കുക.' അപ്പോള്‍ വറക്വത് ചോദിച്ചു: 'അല്ലയോ സഹോദരപുത്രാ! എന്താണ് നീ കണ്ടത്?' നബിﷺ താന്‍ കണ്ട കാര്യങ്ങള്‍ എല്ലാം വിവരിച്ചു. അപ്പോള്‍ വറക്വത് നബിﷺയോട് പറഞ്ഞു: 'മൂസായുടെ അടുക്കലേക്ക് അല്ലാഹു നിയോഗിച്ച നാമൂസ് ആകുന്നു ഇത്. നിന്റെ സമൂഹം നിന്നെ പുറത്താക്കുന്ന സന്ദര്‍ഭത്തില്‍ ഞാന്‍ ജീവിച്ചിരുന്നെങ്കില്‍!' അപ്പോള്‍ നബി ചോദിച്ചു: 'അവര്‍ എന്നെ പുറത്താക്കുമെന്നോ?' വറക്വത് പറഞ്ഞു: 'അതെ! നീ കൊണ്ടുവന്നത് പോലുള്ളത് കൊണ്ടുവന്ന ഒരാള്‍ക്കും ശത്രുക്കള്‍ ഇല്ലാതിരുന്നിട്ടില്ല. നിന്റെ ആ കാലഘട്ടത്തില്‍ ഞാന്‍ ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഞാന്‍ നിന്നെ ശക്തമായി സഹായിക്കുമായിരുന്നു.' അധികം വൈകാതെ വറക്വത് മരണപ്പെട്ടു. ശേഷം കുറച്ചുകാലം വഹ്‌യ് നിലയ്ക്കുകയും ചെയ്തു'' (ബുഖാരി: 3, മുസ്‌ലിം: 160)

എണ്ണപ്പെട്ട ചില ദിവസങ്ങള്‍ പിന്നീട് വഹ്‌യ് ഉണ്ടായില്ല. അല്ലാഹുവിന്റെ അനുഗ്രഹത്തിന്റെ ഭാഗമായിരുന്നു അത്. നബിﷺയെ പിടികൂടിയ ഭയം ഒഴിഞ്ഞു പോകുവാനും വീണ്ടും വഹ്‌യ് ലഭിക്കാന്‍ താല്‍പര്യപ്പെടുവാന്‍ കൂടിയായിരുന്നു അത്. മാത്രവുമല്ല വഹ്‌യ് അല്ലാഹുവിന്റെ കയ്യില്‍ മാത്രം നിക്ഷിപ്തമായ കാര്യമാണ് എന്നും അവന്‍ ഉദ്ദേശിക്കുന്ന സന്ദര്‍ഭത്തില്‍ അത് ഇറക്കുന്നു എന്നും മുഹമ്മദ് നബിﷺക്ക് ആ വിഷയത്തില്‍ ഒരു കൈകാര്യവും ഇല്ല എന്നുമുള്ള ഒരു അധ്യാപനവും ഇതിലൂടെ അല്ലാഹു നല്‍കുകയായിരുന്നു. 

അല്ലാഹു പറയുന്നു: ''പൂര്‍വാഹ്‌നം തന്നെയാണ് സത്യം! രാത്രി തന്നെയാണ് സത്യം; അത് ശാന്തമാവുമ്പോള്‍. (നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല; വെറുത്തിട്ടുമില്ല'' (ദ്വുഹാ: 1-3).

ജാബിര്‍ബിന്‍ അബ്ദുല്ല(റ) പറയുന്നു: ''ആദ്യകാലങ്ങളില്‍ അല്‍പദിവസങ്ങള്‍ നബിﷺക്ക് വഹ്‌യ് വരാതെയായി. അങ്ങനെ വീണ്ടും തനിച്ചിരിക്കാന്‍ നബിﷺക്ക് ഇഷ്ടമായി തോന്നി. ആദ്യത്തേതു പോലെ ത്തന്നെ നബിﷺ ഹിറാ ഗുഹയിലേക്ക് പോയി. നബിﷺ പറയുന്നു: 'അങ്ങനെയിരിക്കെ ഞാന്‍ ഹിറയില്‍ നിന്നും തിരിച്ചു വരുന്ന സന്ദര്‍ഭത്തില്‍ എന്തോ ഒന്ന് മുകള്‍ഭാഗത്ത് എനിക്ക് അനുഭവപ്പെട്ടു. അപ്പോള്‍ ഞാന്‍ തല ഉയര്‍ത്തി നോക്കി. ആ സന്ദര്‍ഭത്തില്‍ ഹിറയില്‍ എന്റെ അടുക്കലേക്ക് വന്ന അതേ വ്യക്തി എന്റെ തലക്കുമുകളില്‍ ഒരു കസേരയില്‍ ഇരിക്കുന്നു. അതുകണ്ട വേളയില്‍ ഞാന്‍ ഭൂമിയിലേക്ക് വീണു പോയി. എന്റെ ബോധം തെളിഞ്ഞപ്പോള്‍ കുടുംബത്തിന്റെ അടുക്കലേക്ക് ഞാന്‍ ഓടിവന്നു. ഞാന്‍ പറഞ്ഞു: എനിക്ക് പുതച്ചു താ, എനിക്ക് പുതച്ചു താ. ആ സന്ദര്‍ഭത്തില്‍ ജിബ്‌രീല്‍ എന്റെ അടുക്കലേക്ക് വന്നു കൊണ്ട് പാരായണം ചെയ്തു: 'ഹേ, പുതച്ചു മൂടിയവനേ, എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. നിന്റെ രക്ഷിതാവിനെ മഹത്ത്വപ്പെടുത്തുകയും നിന്റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുകയും പാപം വെടിയുകയും ചെയ്യുക''(അല്‍മുദ്ദഥിര്‍: 1- 5)(അഹ്മദ്: 15033).

നബിﷺയില്‍ നിന്നും ഭയം പോയതിനുശേഷം വഹ്‌യ് ഇറങ്ങിത്തുടങ്ങി. പ്രവാചകത്വത്തിന്റെ യാഥാര്‍ഥ്യം ബോധ്യപ്പെട്ടു. അതിനുശേഷം നബിﷺ വഹ്‌യിനെ പ്രതീക്ഷിക്കുകയും അതിന് വേണ്ടി ഒരുങ്ങിയിരിക്കുകയും ചെയ്യുക പതിവായി. വഹ്‌യിന്റെ ഇടവേളകളിലെല്ലാം നബിﷺ ഹിറാ ഗുഹയില്‍ പോയി ഇരിക്കലും പതിവായിരുന്നു. ഒരുദിവസം നബിﷺ നടന്നുകൊണ്ടിരിക്കെ ആകാശത്തുനിന്നും ഒരു ശബ്ദം കേട്ടു. അപ്പോഴതാ ജിബിരീല്‍ അല്ലാഹു തആലാ സൃഷ്ടിച്ച അതേ രൂപത്തില്‍! ചക്രവാളങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ് ജിബ്രീല്‍! നബിﷺക്ക് ഭയം തോന്നി. ഖദീജയുടെ അടുക്കലേക്ക് ഓടിച്ചെന്നു. പുതച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. അങ്ങനെയാണ് 'യാ അയ്യുഹല്‍ മുദ്ദഥ്ഥിര്‍' എന്ന് തുടങ്ങുന്ന സൂറഃഅല്‍മുദ്ദഥ്ഥിറിലെ ആദ്യ വചനങ്ങള്‍ അവതരിക്കുന്നത്'' (ബുഖാരി:3238, മുസ്‌ലിം:161). 

വഹ്‌യ്‌ന്റെ ഇടവേളക്ക് ശേഷം ആദ്യമായി ഇറങ്ങിയ വചനങ്ങളായിരുന്നു ഇത്. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള ക്ഷണം തുടങ്ങുവാനുള്ള കല്‍പനകളും നിര്‍ദേശങ്ങളുമാണ് അല്‍പാല്‍പമായി ഈ വചനങ്ങളില്‍ അടങ്ങിയിട്ടുള്ളത്. നബിﷺ പ്രബോധനം ആരംഭിച്ചു. മരണം വരെ (23 വര്‍ഷം) ഈ ദൗത്യം തുടര്‍ന്നുകൊണ്ടിരുന്നു. സൂറഃ അല്‍മുദ്ദസ്സഥ്ഥിറിന്റെ തൊട്ടുപിറകെയായി സൂറഃ അല്‍മുസ്സമ്മിലും അവതരിച്ചു: 

''ഹേ, വസ്ത്രം കൊണ്ട് മൂടിയവനേ! രാത്രി അല്‍പസമയം ഒഴിച്ച് എഴുന്നേറ്റ് നിന്ന് പ്രാര്‍ഥിക്കുക. അതിന്റെ (രാത്രിയുടെ) പകുതി, അല്ലെങ്കില്‍ അതില്‍ നിന്നു (അല്‍പം) കുറച്ചു കൊള്ളുക. അല്ലെങ്കില്‍ അതിനെക്കാള്‍ വര്‍ധിപ്പിച്ചു കൊള്ളുക. ക്വുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക'' (അല്‍മുസ്സമ്മില്‍:1-4). 

'ഇക്വ്‌റഅ്' എന്ന കല്‍പനയിലൂടെ നബിയും 'എഴുന്നേല്‍ക്കൂ, താക്കീത് ചെയ്യൂ' എന്ന കല്‍പനയിലൂടെ റസൂലും ആയി മാറി എന്നര്‍ഥം. ക്വിയാമുല്ലൈല്‍ (രാത്രി നമസ്‌കാരം) ആദ്യകാലങ്ങളില്‍ നബിയെ സംബന്ധിച്ചടത്തോളം നിര്‍ബന്ധമായ കാര്യം ആയിരുന്നു. കാലില്‍ നീരുവരുമാറ് നബിﷺ ആ നമസ കാരം തുടരുകയും ചെയ്തിട്ടുണ്ട്. പിന്നീടാണ് അത് ഐഛികമായി നിശ്ചയിക്കപ്പെട്ടത്:

''നീയും നിന്റെ കൂടെയുള്ളവരില്‍ ഒരു വിഭാഗവും രാത്രിയുടെ മിക്കവാറും മൂന്നില്‍ രണ്ടു ഭാഗവും (ചിലപ്പോള്‍) പകുതിയും (ചിലപ്പോള്‍) മൂന്നിലൊന്നും നിന്നു നമസ്‌കരിക്കുന്നുണ്ട് എന്ന് തീര്‍ച്ചയായും നിന്റെ രക്ഷിതാവിന്നറിയാം. അല്ലാഹുവാണ് രാത്രിയെയും പകലിനെയും കണക്കാക്കുന്നത്. നിങ്ങള്‍ക്ക് അത് ക്ലിപ്തപ്പെടുത്താനാവുകയില്ലെന്ന് അവന്നറിയാം. അതിനാല്‍ അവന്‍ നിങ്ങള്‍ക്ക് ഇളവ് ചെയ്തിരിക്കുന്നു...'' (അല്‍മുസ്സമ്മില്‍: 20).

സഅ്ദുബ്‌നു ഹിശാം(റ) നബിﷺയുടെ നമസ്‌കാരത്തെ കുറിച്ച് ചോദിച്ചപ്പോള്‍ ആഇശ(റ) ഇപ്രകാരം മറുപടി പറഞ്ഞു: ''സൂറതു മുസ്സമ്മില്‍ നീ ഓതാറില്ലേ?'' അദ്ദേഹം പറഞ്ഞു: ''അതെ, ഓതാറുണ്ട്.'' അപ്പോള്‍ ആഇശ(റ) പറഞ്ഞു: ''ഈ സൂറത്ത് ഇറങ്ങിയ ആദ്യ സന്ദര്‍ഭത്തില്‍ അല്ലാഹു നബിക്ക് ക്വിയാമുല്ലൈല്‍ നിര്‍ബന്ധമാക്കിയിരുന്നു. അങ്ങനെ ഒരുവര്‍ഷത്തോളം നബിയും സ്വഹാബികളും അത് നിര്‍വഹിച്ചു. അതിനുശേഷം ഈ സൂറത്തിന്റെ അവസാനത്തില്‍ ലഘൂകരണ വചനങ്ങള്‍ അല്ലാഹു അവതരിപ്പിച്ചു. അതോടുകൂടി നിര്‍ബന്ധത്തിനു ശേഷം ഐഛികമായി അത് മാറി'' (മുസ്ലിം: 746).

ചുരുക്കത്തില്‍, വ്യത്യസ്ത ഘട്ടങ്ങളിലൂടെ പ്രവാചകത്വത്തിന്റെ തുടക്കം കടന്നുപോയി. മുഹമ്മദ് നബിﷺക്ക് പ്രവാചകത്വം എന്ന വലിയ ഉത്തരവാദിത്തം ലോകത്തിന് താക്കീത് നല്‍കുവാന്‍ വേണ്ടി അല്ലാഹു തആലാ ഏല്‍പിച്ചു: 

''തന്റെ ദാസന്റെമേല്‍ സത്യാസത്യവിവേചനത്തിനുള്ള പ്രമാണം (ക്വുര്‍ആന്‍) അവതരിപ്പിച്ചവന്‍ അനുഗ്രഹപൂര്‍ണനാകുന്നു. അദ്ദേഹം (റസൂല്‍) ലോകര്‍ക്ക് ഒരു താക്കീതുകാരന്‍ ആയിരിക്കുന്നതിനു വേണ്ടിയത്രെ അത്'' (അല്‍ഫുര്‍ക്വാന്‍: 1). (അവസാനിച്ചില്ല)