ഖബറുല്‍ ആഹാദ്: വിമര്‍ശനങ്ങളും വസ്തുതകളും

ശമീര്‍ മദീനി

2019 ജൂലായ് 06 1440 ദുല്‍ക്വഅദ് 03

നബിചര്യ അഥവാ സുന്നത്ത് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാണ്. നബി ﷺ യുടെ വാക്ക്, പ്രവൃത്തി, അംഗീകാരം എന്നിവയാണ് സുന്നത്ത്‌കൊണ്ട് പ്രധാനമായും വിവക്ഷിക്കുന്നത്. ക്വുര്‍ആനിന്റെ ശരിയായ വിവരണവും ഇസ്‌ലാമിന്റെ പ്രായോഗികരൂപവും വിശ്വാസികള്‍ക്ക് കിട്ടുന്നത് സുന്നത്തിലൂടെയാണ്. മൊത്തത്തില്‍ സുന്നത്ത് പ്രമാണമാണെന്ന് അംഗീകരിക്കുന്നവരില്‍തന്നെ ചിലര്‍ക്ക് ആഹാദായ ഹദീസുകളെ സംബന്ധിച്ച് വ്യത്യസ്തമായ വീക്ഷണഗതികള്‍ ഉള്ളതായി കാണാം. ആഹാദായ ഹദീഥുകള്‍കൊണ്ട് ദൃഢമായ ഒരറിവ് ലഭിക്കുകയില്ലെന്നും കേവല നിഗമനങ്ങളേ അതിലൂടെ കിട്ടുകയുള്ളൂ എന്നും അതിനാല്‍ ആഹാദായ ഹദീസുകള്‍കൊണ്ട് അക്വീദ (വിശ്വാസകാര്യങ്ങള്‍) സ്ഥിരപ്പെടുകയില്ലെന്നും അത്‌കൊണ്ടുതന്നെ വിശ്വാസ കാര്യങ്ങള്‍ക്ക് ആഹാദായ ഹദീസുകള്‍ തെളിവാക്കാന്‍ പറ്റുകയില്ലെന്നുമാണ് ഇത്തരക്കാരുടെ വാദങ്ങളും വിമര്‍ശനങ്ങളും.

എന്താണ് ഖബര്‍ ആഹാദ്?

നബി ﷺ യുടെ ഹദീസുകള്‍ അഥവാ സുന്നത്തുകള്‍ നമുക്ക് എത്തിപ്പെട്ട റിപ്പോര്‍ട്ടുകളുടെയും നിവേദനങ്ങളുടെയും എണ്ണത്തെ അടിസ്ഥാനമാക്കി പണ്ഡിതന്മാര്‍ മൊത്തത്തില്‍ ഹദീസുകളെ രണ്ടായി തിരിച്ചിട്ടുണ്ട്:

1. കളവില്‍ ഏകോപിക്കാന്‍ സാധ്യമല്ലാത്തവിധം അസംഖ്യം പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍. 2. ഒന്നോ രണ്ടോ മൂന്നോ എന്നിങ്ങനെ നിര്‍ണിതമായ പരമ്പരകളിലൂടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍. ഒന്നാമത്തേതിന് മുതവാതിറായ ഹദീസുകള്‍ എന്ന് സാങ്കേതിമായി പറയുമ്പോള്‍, മുതവാതിറല്ലാത്ത മറ്റെല്ലാ ഹദീസുകളെയും ഉദ്ദേശിച്ചുകൊണ്ട് രണ്ടാമത്തെ ഇനത്തിന് ആഹാദായ ഹദീസുകള്‍ എന്ന് പറയുന്നു. അഥവാ മുതവാതിറല്ലാത്ത എല്ലാ ഹദീസുകള്‍ക്കും പൊതുവില്‍ പറയുന്ന പേരാണ് 'ഖബറുല്‍ ആഹാദ്', അല്ലെങ്കില്‍ 'ഖബറുല്‍ വാഹിദ്' എന്നത്.

ഈ വസ്തുത അറിയാത്തതുകൊണ്ടോ ശ്രദ്ധിക്കാത്തതുകൊണ്ടോ മലയാളത്തില്‍ എഴുതപ്പെട്ട പല വിമര്‍ശനഗ്രന്ഥങ്ങളിലും തെറ്റായ വിവരണമാണ് ഖബറുല്‍ ആഹാദിനെക്കുറിച്ച് കാണാന്‍ സാധിക്കുന്നത്.

''ഒരാളോ രണ്ടാളോ ആയിക്കൊണ്ട് റിപ്പോര്‍ട്ട് ചെയ്യുന്ന ഹദീസുകള്‍ക്കാണ് ഏക റാവി റിപ്പോര്‍ട്ട് (ഖബറുല്‍ ആഹാദ്)'' എന്ന് ചിലപ്പോള്‍ പറഞ്ഞും മറ്റു ചിലപ്പോള്‍ ''പരമ്പരയില്‍ ഒറ്റയാള്‍ മാത്രമെ ഓരോ കണ്ണിയിലും ഉള്ളൂ''എന്നും പറഞ്ഞ് ആഹാദായ ഹദീസുകളുടെ ബലത്തില്‍ സംശയം ജനിപ്പിക്കുന്ന രീതിയാണ് പലരും സ്വീകരിച്ചു കാണുന്നത്.

പരമ്പരയിലെ ഏതെങ്കിലുമൊരു ഘട്ടത്തില്‍ ഒരു റിപ്പോര്‍ട്ടറെ മാത്രം ആശ്രയിച്ചു നില്‍ക്കുന്ന ഹദീസുകള്‍ ആഹാദായ ഹദീസുകളുടെ വിവിധ രൂപങ്ങളില്‍ ഒന്നു മാത്രമാണ്. മുതവാതിറിന്റെ പരിധിയെത്താത്ത ഹദീസുകളുടെ കൂട്ടത്തില്‍ താരതമ്യേന ബലംകുറഞ്ഞ ഈ ഒരിനത്തെ എടുത്തു കാണിച്ച് അതാണ് ഖബറുല്‍ ആഹാദ് എന്ന് വിശദീകരിക്കല്‍ വസ്തുതകളെ വളച്ചൊടിക്കലോ വക്രീകരിക്കലോ ആണ്. ഇത്തരം ഹദീസുകള്‍ക്ക് ഗ്വരീബായ ഹദീസുകള്‍ എന്നാണ് പറയുന്നത്. ഗ്വരീബ് എന്നത് ആഹാദായ ഹദീസുകളിലെ താരതമ്യേന ബലംകുറഞ്ഞ ഒരിനം മാത്രമാണെന്നര്‍ഥം. അതുതന്നെയും പലരും പറയാറുള്ളതുപോലെ, നബി ﷺ യില്‍ നിന്ന് ഒരു സ്വഹാബി മാത്രം റിപ്പോര്‍ട്ട് ചെയ്യുക; അദ്ദേഹത്തില്‍ നിന്ന് ഒരു താബിഈ മാത്രം... ഇങ്ങനെ ഓരോ കണ്ണിയിലും ഒരാള്‍ മാത്രം വരുന്ന രീതിയുമല്ല. അതു വളരെ വിരളമാണ് ആഹാദായ ഹദീസുകളില്‍. അപ്പോള്‍ ആഹാദായ ഹദീസുകള്‍ക്ക് 'ഏകസാക്ഷി റിപ്പോര്‍ട്ടുകള്‍' എന്ന് വിവര്‍ത്തനം നല്‍കുന്നതും 'പരമ്പരയില്‍ ഒറ്റ ആള്‍ മാത്രമെ ഓരോ കണ്ണിയിലും ഉള്ളൂ' എന്ന് വിശദീകരിക്കുന്നതും വസ്തുതാപരമോ സത്യസന്ധമോ അല്ല എന്ന് സാരം.

 

ആഹാദായ ഹദീസുകൊണ്ട് ഖണ്ഡിതമായ അറിവ് കിട്ടുമോ?

ആഹാദായ ഹദീസുകളിലൂടെ ഒരു ഖണ്ഡിതമായ അറിവ് കിട്ടുകയില്ലെന്നും ദൃഢമല്ലാത്ത ഒരറിവ് അഥവാ നിഗമനം മാത്രമെ ലഭിക്കുകയുള്ളൂ എന്നുമാണ് ഇത്തരക്കാരുടെ ഒരു ആരോപണം. അതില്‍ സ്വഹാബത്തിന്റെ ഇജ്മാഅ്  ഉണ്ടെന്നുവരെ വാദിക്കുന്നു! അക്വീദക്ക് ദൃഢമായ അറിവ് വേണം. കര്‍മങ്ങള്‍ക്ക് അത് വേണ്ടതില്ല എന്നും ഇക്കൂട്ടര്‍ പറയുന്നു!

കര്‍മ കാര്യങ്ങളെയും വിശ്വാസ കാര്യങ്ങളെയും ഇങ്ങനെ വേര്‍തിരിച്ചതാരാണ്? എന്താണ് അതിന്റെ മാനദണ്ഡം? സത്യവിശ്വാസികള്‍ ആഹാദായ ഹദീസുകള്‍കൊണ്ട് ചെയ്യുന്ന ഏതൊരു കര്‍മത്തിനും വിശ്വാസം അടിസ്ഥാനപരമായി ഉണ്ടെന്നല്ലേ വസ്തുത? നബി ﷺ  അല്ലാഹുവില്‍നിന്നുള്ള വഹ്‌യിന്റെ അടിസ്ഥാനത്തില്‍ പഠിപ്പിച്ച ഒരു കാര്യമാണിതെന്നും അത് അനുസരിച്ചാല്‍ സ്രഷ്ടാവ് പ്രതിഫലം നല്‍കുമെന്നും വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യാത്ത ആരാണ് സത്യവിശ്വാസികളില്‍ ഉള്ളത്?

വാസ്തവത്തില്‍ ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളില്‍ ആശങ്കകളുയര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിക്കാനും ഇസ്‌ലാമിന്റെ അടിത്തറ തകര്‍ക്കാനുമുള്ള ഗൂഢാലോചനയുടെ ഫലമാണ് ഇത്തരം പുത്തന്‍വാദങ്ങളെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. ആ വാദഗതിയുടെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും പ്രസ്തുത വാദഗതി ആരുടെ ഉല്‍പന്നമാണ് എന്നതും ഒരുപക്ഷേ, അത് പേറിനടക്കുന്നവര്‍ മനസ്സിലാക്കിയിട്ടുണ്ടാവില്ല. തങ്ങളുടെ ഈ ചിന്താഗതിക്കാരായിരുന്നു സലഫുകളില്‍ പലരുമെന്ന് വരുത്തിത്തീര്‍ക്കും വിധം സച്ചരിതരായ മുന്‍ഗാമികളില്‍ ചിലരിലേക്ക് ഈ പുത്തനാശയം ചേര്‍ത്തു പറയല്‍ ഗൂഢതന്ത്രവും ആരോപണങ്ങളും മാത്രമാണ്. ഈ വിഷയകമായ ചര്‍ച്ചക്കിടയില്‍ നിലവിലുള്ള വ്യത്യസ്ത വീക്ഷണങ്ങളെ അവതരിപ്പിക്കുമ്പോള്‍ അതില്‍നിന്ന് തങ്ങള്‍ക്കനുകൂലമായ ഭാഗം മാത്രം അടര്‍ത്തിയെടുക്കല്‍ വൈജ്ഞാനിക സത്യസന്ധതയും വിശ്വാസ്യതയും വെച്ചുപുലര്‍ത്തുന്നവര്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. ഇത്തരത്തിലുള്ള കൃത്രിമത്വത്തിന് ഒരു ഉദാഹരണമാണ് ചിലര്‍ മുഹമ്മദുല്‍ അമീന്‍ ഇബ്‌നുല്‍ മുഖ്താര്‍ അശ്ശന്‍ക്വീതിയുടെ(റ) പേരില്‍ എഴുതിവിട്ടത്. 'മുദക്കിറതു ഉസ്വൂലില്‍ ഫിക്വ്ഹ്' എന്ന ഗ്രന്ഥത്തില്‍ (പേജ് 102) അദ്ദേഹം ഈ വിഷയത്തിലെ വ്യത്യസ്ത അഭിപ്രായങ്ങളില്‍ ഒന്ന് എടുത്തു പറഞ്ഞതാണ്. തുടര്‍ന്ന് മറ്റു അഭിപ്രായങ്ങളും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. ശേഷം ആ ചര്‍ച്ച അവസാനിപ്പിക്കുന്നിടത്ത് ശൈഖ് ശന്‍ക്വീതി പറയുന്നത് കാണുക:

''അറിയുക; നിശ്ചയം ഈ വിഷയത്തില്‍ മാറ്റമില്ലാത്തതും സൂക്ഷ്മമായി സ്ഥിരീകരിച്ചതും സ്ഥിരപ്പെട്ട (സ്വഹീഹായ) ഖബറുല്‍ ആഹാദുകള്‍ മതത്തിന്റെ അടിസ്ഥാന കാര്യങ്ങളിലും സ്വീകാര്യമാണ് എന്നുതന്നെയാണ്. അതിനാല്‍ അല്ലാഹുവിന്റെ സ്വിഫാതുകളായി (ഗുണവിശേഷണങ്ങള്‍) നബി ﷺ യില്‍നിന്ന് സ്വഹീഹായ പരമ്പരകളിലൂടെ സ്ഥിരപ്പെട്ട എല്ലാം തന്നെ അല്ലാഹുവിന്റെ പൂര്‍ണതക്കും മഹത്ത്വത്തിനും യോജ ിക്കുന്ന വിധത്തില്‍ സ്ഥിരീകരിക്കല്‍ അനിവാര്യമാണ്. 'അവനെ പോലെ യാതൊന്നുമില്ല. അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമാണ്' എന്ന് അല്ലാഹു പറഞ്ഞതുപോലെ അവയെയും മനസ്സിലാക്കണം.

ഇതിലൂടെ ഇല്‍മുല്‍ കലാമിന്റെ ആളുകളും അവരെ അനുഗമിച്ചവരുമൊക്കെ വെച്ചുപുലര്‍ത്തുന്ന, ഖബറുല്‍ ആഹാദ് വിശ്വാസകാര്യങ്ങളില്‍ സ്വീകാര്യമല്ലെന്നും അത്തരം ഹദീസുകള്‍ കൊണ്ട് അല്ലാഹുവിന്റെ സ്വിഫാത്തുകളായി യാതൊന്നും സ്ഥിരപ്പെടുകയില്ലെന്നും ആഹാദായ ഹദീസുകള്‍ ദൃഢമായ അറിവ് പ്രദാനം ചെയ്യുന്നില്ലെന്നും അക്വീദക്ക് ദൃഢമായ അറിവ് അനിവാര്യമാണെന്നുമൊക്കെയുള്ള അവരുടെ ജല്‍പിത വാദങ്ങള്‍ അവലംബിക്കാന്‍ പറ്റാത്ത നിരര്‍ഥകവാദമാണെന്ന് നിനക്ക് മനസ്സിലാക്കാം'' ('മുദക്കിറതു ഉസ്വൂലില്‍ ഫിക്വ്ഹ്,' പേജ് 105).

വാസ്തവത്തില്‍ അഹ്‌ലുസ്സുന്നയുടെ ഭൂരിഭാഗം പണ്ഡിതന്മാരും ആഹാദായ ഹദീസുകളിലൂടെ ദൃഢമായ അറിവ് ലഭിക്കും എന്ന വീക്ഷണക്കാരാണ്. മറിച്ചുള്ള ആശയം സ്വഹാബികളിലോ താബിഈങ്ങളിലോ പെട്ട ഒരാളില്‍ നിന്നുപോലും ഉദ്ധരിക്കപ്പെടുന്നില്ല. പ്രസിദ്ധരായ ഇമാമീങ്ങളില്‍ ഒരാളും ആ നിലപാടുകാരായിരുന്നില്ല. ഇമാം മാലിക്, ഇമാം അബൂഹനീഫ, ഇമാം ശാഫിഈ, ഇമാം അഹ്മദ്, ഇമാം ഇസ്ഹാക്വ്, ഇമാം ദാവൂദ്, ഇമാം ബുഖാരി, ഇമാം മുസ്‌ലിം, ഇമാം അബൂദാവൂദ് തുടങ്ങിയ ഒരു പണ്ഡിതനും ഇത്തരം ഒരാശയം പറഞ്ഞിട്ടില്ല.

അബുല്‍ മുളഫ്ഫര്‍ അസ്സംആനി പറയുന്നു: ''സ്വഹീഹായ പരമ്പരയിലൂടെ നബി ﷺ യില്‍നിന്നും ഒരു കാര്യം റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ഇസ്‌ലാമിക സമൂഹം അത് സ്വീകരിച്ചുവരികയും ചെയ്തിട്ടുണ്ടെങ്കില്‍ അതിലൂടെ ഖണ്ഡിതമായ അറിവ് തന്നെ കിട്ടുമെന്നാണ് സൂക്ഷ്മാലുക്കളായ ഹദീഥ് പണ്ഡിതന്മാര്‍ ഒന്നടങ്കം വ്യക്തമാക്കിയിട്ടുള്ളത്. മറിച്ചുള്ള വാദഗതി ക്വദ്‌രിയ്യാക്കളും മുഅ്തസിലിയാക്കളും പടച്ചുണ്ടാക്കിയ പുത്തന്‍ വാദമാണ്'' (അല്‍ ഇന്‍തിസ്വാര്‍ ലി അഹ്‌ലില്‍ ഹദീഥ് എന്ന ഗ്രന്ഥത്തില്‍ നിന്ന്).

എന്നാല്‍ ആഹാദായ ഹദീസുകളിലൂടെ 'ള്വന്നാ'ണ് (ഊഹം) ലഭിക്കുക എന്ന് അഹ്‌ലുസ്സുന്നയുടെ ചില പണ്ഡിതന്മാര്‍  പറഞ്ഞത് ഖണ്ഡിതമല്ലാത്ത നിഗമനം എന്ന അര്‍ഥത്തിലല്ല എന്ന് അവരുടെ വാക്കുകളും നിലപാടുകളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും. ഇമാം ഇബ്‌നു അബ്ദില്‍ ബര്‍റും ഇമാം നവവിയുമൊക്കെ പലപ്പോഴും ആഹദായ ഹദീസുകളെ അക്വീദക്ക് തെളിവാക്കിയത് അവരുടെ തന്നെ ഗ്രന്ഥങ്ങളിലൂടെ വ്യക്തമാണ്. (വിശദ വിവരത്തിന് ശൈഖ് സുലൈമാനുബ്‌നു സ്വാലിഹിന്റെ  'മുഹമ്മദ് അമ്മാറ ഫീ മീസാനി അഹ്‌ലുസ്സുന്നഃ എന്ന ഗ്രന്ഥം, പേജ്  566 മുതല്‍ 590 വരെ കാണുക).

'ആഹാദായ ഹദീസുകളില്‍നിന്നും 'ള്വന്ന്' (ഊഹം-നിഗമനം) മാത്രമെ ലഭിക്കുകയുള്ളൂ. വിശ്വാസ കാര്യങ്ങൡ അത് പിന്‍പറ്റാന്‍ പാടിെല്ലന്ന് ക്വുര്‍ആന്‍ പ്രത്യേകം ഉണര്‍ത്തിയിട്ടുണ്ട്' എന്നു പറഞ്ഞ് തടിതപ്പാന്‍ ശ്രമിക്കുന്നവര്‍ വാസ്തവത്തില്‍ യാഥാര്‍ഥ്യങ്ങളെ തമസ്‌കരിക്കുകയാണ് ചെയ്യുന്നത്.

ക്വുര്‍ആനും സുന്നത്തും വിലക്കിയ 'ള്വന്ന്' പ്രബലമല്ലാത്ത കേവല ഊഹാപോഹങ്ങളാണ്. അത് വിശ്വാസ കാര്യങ്ങളില്‍ മാത്രമല്ല യാതൊന്നിലും സ്വീകരിക്കാന്‍ പറ്റില്ലതാനും. എന്നാല്‍ ക്വുര്‍ആന്‍ പല സ്ഥലങ്ങളിലും പ്രശംസിച്ചു പറഞ്ഞതും ഊഹാേപാഹങ്ങള്‍ക്കപ്പുറം അറിവും ദൃഢബോധ്യവും നല്‍കുന്ന 'ള്വന്നി'നെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്. അഥവാ രണ്ടുതരം 'ള്വന്നു'കളെ കുറിച്ച് വിശുദ്ധ ക്വുര്‍ആന്‍ പ്രതിപാദിച്ചിട്ടുണ്ട്. ഒന്ന് കേവലം നിഗമനങ്ങളും ഊഹാപോഹങ്ങളും മാത്രമാണെങ്കില്‍ രണ്ടാമത്തേത് െതളിവുകളുടെ അടിസ്ഥാനത്തിലുള്ള ദൃഢബോധ്യവും സ്ഥിരീകരണവുമാണ്. അറബി ഭാഷയിലും ഈ രണ്ടു പ്രേയാഗങ്ങളും സുപരിചിതമാണ്. ആദ്യത്തേതിന് പ്രബലമല്ലാത്ത നിഗമനം (ള്വന്ന് മര്‍ജൂഹ്) എന്ന് പറയുമ്പോള്‍ രണ്ടാമത്തേതിന് പ്രബലവും ആധികാരികവുമായ നിഗമനം അഥവാ ദൃഢബോധ്യം (ള്വന്നുര്‍റാജിഹ്) എന്നാണ് പറയുക.

ദൃഢബോധ്യം എന്ന അര്‍ഥത്തില്‍ 'ള്വന്ന്' എന്ന പദം പ്രേയാഗിച്ചതിന് ക്വുര്‍ആനില്‍നിന്ന് ചില ഉദാഹരണങ്ങള്‍ കാണുക:  ''തീര്‍ച്ചയായും ഞാന്‍ വിചാരിച്ചിരുന്നു (ള്വനന്‍തു); ഞാന്‍ എന്റെ വിചാരണയെ നേരിടേണ്ടിവരുമെന്ന്. അതിനാല്‍ ഞാന്‍ തൃപ്തികരമായ ജീവിതത്തിലാകുന്നു. ഉന്നതമായ സ്വര്‍ഗത്തില്‍'' (അല്‍ഹാക്ക്വ: 20-22).

''പിന്നേക്ക് മാറ്റിവെക്കപ്പെട്ട ആ മൂന്ന് പേരുടെ നേരെയും (അല്ലാഹു കനിഞ്ഞ് മടങ്ങിയിരിക്കുന്നു). അങ്ങനെ ഭൂമി വിശാലമായിട്ടുകൂടി അവര്‍ക്ക് ഇടുങ്ങിയതായിത്തീരുകയും തങ്ങളുടെ മനസ്സുകള്‍ തന്നെ അവര്‍ക്ക് ഞെരുങ്ങിപ്പോകുകയും അല്ലാഹുവിങ്കല്‍ നിന്ന് രക്ഷതേടുവാന്‍ അവങ്കലല്ലാതെ അഭയസ്ഥാനമില്ലെന്ന് അവര്‍ മനസ്സിലാക്കുകയും (ള്വന്നൂ) ചെയ്തപ്പോള്‍. അവന്‍ വീണ്ടും അവരുടെനേരെ കനിഞ്ഞു മടങ്ങി...''(അത്തൗബ: 118).

''തങ്ങളുടെ രക്ഷിതാവുമായി കണ്ടുമുട്ടേണ്ടിവരുമെന്നും അവങ്കലേക്ക് തിരിച്ചുപോകേണ്ടിവരുമെന്നും വിചാരിച്ചുകൊണ്ടിരിക്കുന്നവരത്രെ (യള്വുന്നൂന) അവര്‍ (ഭക്തന്‍മാര്‍)'' (അല്‍ബക്വറ: 146).

ഇവിടങ്ങളിലൊന്നും കേവല നിഗമനങ്ങള്‍, ഊഹാേപാഹങ്ങള്‍ എന്ന തരത്തില്‍ 'ള്വന്നി'ന് അര്‍ഥകല്‍പന നടത്തുവാന്‍ സാധിക്കുകയില്ല തന്നെ. അതുകൊണ്ടാണ് ഭാഷയും പ്രമാണങ്ങളും മനസ്സിലാക്കിയ പണ്ഡിതന്മാര്‍ അവ രണ്ടും വേര്‍തിരിച്ച് പറഞ്ഞത്. (വിശദ വിവരത്തിന് സലീം അല്‍ഹിലാലിയുടെ 'അല്‍അദില്ലതു വശ്ശവാഹിദ് അലാ വുജൂബില്‍ അക്വ്ദി ബി ഖബരില്‍ വാഹിദ്' എന്ന ഗ്രന്ഥം കാണുക).

നിഷേധത്തിലെ അപകടങ്ങള്‍

സ്വഹീഹായ പരമ്പരകളിലൂടെ ഉദ്ധരിക്കപ്പെടുന്ന ആഹാദായ ഹദീസുകള്‍കൊണ്ട് അക്വീദ സ്ഥിരപ്പെടുകയില്ലെന്നും അതിനാല്‍ അത്തരം ഹദീസുകള്‍ വിശ്വാസകാര്യങ്ങള്‍ക്ക് തെളിവാക്കാന്‍ പറ്റുകയില്ലെന്നുമുള്ള വാദഗതിയിലൂടെ അപകടകരമായ പലതും വന്നുചേരുന്നു എന്നത് പലരും ചിന്തിക്കാറില്ല.

അല്ലാഹുവിനെക്കുറിച്ച് നമുക്ക് വ്യക്തമായ അറിവും വിവരണവും നല്‍കുന്ന അല്ലാഹുവിന്റെ നാമങ്ങളും ഗുണവിശേഷണങ്ങളും അവന്റെ പ്രവര്‍ത്തനങ്ങളുമൊന്നും പ്രവാചക വചനങ്ങളിലൂടെ ലഭ്യമല്ലാതാക്കുന്ന ഒരു സ്ഥിതിവിശേഷമാണ് ഇതിലൂടെ വന്നുചേരുക. അതിന് പകരം ഇത്തരം ചിന്താഗതിക്കാര്‍ക്ക് സമര്‍പ്പിക്കാനുള്ളതോ പലരുടെയും മസ്തിഷ്‌കത്തില്‍ ഉരുത്തിരിയുന്ന പലതരത്തിലുള്ള ഊഹങ്ങളും നിഗമനങ്ങളും ഭാവനകളും മാത്രമാണ്. അതാണ് വാസ്തവത്തില്‍ ക്വുര്‍ആനും സുന്നത്തും ആക്ഷേപിച്ച നടേസൂചിപ്പിച്ച 'അള്ള്വന്നുല്‍ മര്‍ജൂഹ്' അഥവാ കേവല ഊഹാപോഹങ്ങള്‍.

അപ്രകാരം തന്നെ ഇസ്‌ലാമിക ലോകം സ്വഹാബത്തിന്റെ കാലം മുതല്‍ക്കേ തലമുറകളായി വിശ്വസിച്ചു േപാന്ന പലതും ഈ വാദക്കാര്‍ ഈയൊരു ന്യായം പറഞ്ഞ് തള്ളിക്കളയുകയും ഇസ്‌ലാമിക വിശ്വാസ കാര്യങ്ങളില്‍ ആശങ്കകളുയര്‍ത്തി ആശയക്കുഴപ്പം സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത് കാണാം.

സച്ചരിതരായ സലഫുകളാരും ഈയൊരു ചിന്താഗതി വെച്ചുപുലര്‍ത്തിയിരുന്നില്ല, പ്രത്യുത ക്വദ്‌രിയാക്കളും മുഅ്തസിലിയാക്കളുമടങ്ങളുന്ന പില്‍ക്കാല ബിദ്ഈ ചിന്താഗതിക്കാരാണ് ഇതിന്റെ ഉപജ്ഞാതാക്കള്‍ എന്നത് മാത്രം മതി ഈ വാദഗതിയുടെ നിരര്‍ഥകത മനസ്സിലാക്കാന്‍.

ഈ വാദഗതിയുടെ പൊള്ളത്തരങ്ങള്‍

വൈരുധ്യങ്ങളും അബദ്ധങ്ങളും നിറഞ്ഞതാണീ വാദഗതി. നബി ﷺ യുടെ അധ്യാപനങ്ങള്‍ സ്വീകരിക്കണമെന്ന് പലവുരു ആവര്‍ത്തിക്കുന്ന വിശുദ്ധ ക്വുര്‍ആന്‍ വിശ്വാസ-കര്‍മ കാര്യങ്ങളെ തമ്മില്‍ വേര്‍തിരിക്കുകയോ സ്വീകാര്യതയുടെ വെവ്വേറെ മാനദണ്ഡങ്ങള്‍ വ്യക്തമാക്കുകയോ ചെയ്യുന്നില്ല. മറിച്ച് പ്രവാചകാധ്യാപനങ്ങള്‍ മുഴുവനും സ്വീകരിക്കുവാനാണ് ക്വുര്‍ആനിന്റെ ആഹ്വാനം. ഉദാഹരണത്തിന് 33: 36; 59:7 സൂക്തങ്ങള്‍ കാണുക.

അപ്രകാരം തന്നെ നബി ﷺ  മതത്തിന്റെ പല സുപ്രധാന കാര്യങ്ങളും (വിശ്വാസ കാര്യങ്ങളടക്കം) മറ്റുള്ളവരെ അറിയിക്കാന്‍ ഒന്നോ രണ്ടോ പേരെ മാത്രം പറഞ്ഞയച്ച നിരവധി സംഭവങ്ങള്‍ ഹദീഥിന്റെയും ചരിത്രത്തിന്റെയും ഗ്രന്ഥങ്ങളില്‍ കാണാം.

മതപരമായ കാര്യങ്ങള്‍ പഠിക്കുവാനും മറ്റുള്ളവരെ അതനുസരിച്ച് ഉദ്‌ബോധിപ്പിക്കുവാനും ക്വുര്‍ആന്‍ നിര്‍ദേശിക്കുമ്പോഴും ഈ രീതിതന്നെയാണ് അനുവര്‍ത്തിക്കുന്നത്.

അല്ലാഹു പറയുന്നു: ''സത്യവിശ്വാസികള്‍ ആകമാനം (യുദ്ധത്തിന്ന്) പുറപ്പെടാവതല്ല. എന്നാല്‍ അവരിലെ ഓരോ വിഭാഗത്തില്‍ നിന്നും ഓരോ സംഘം (ത്വാഇഫത്) പുറപ്പെട്ട് പോയിക്കൂടേ? എങ്കില്‍ (ബാക്കിയുള്ളവര്‍ക്ക് നബിയോടൊപ്പം നിന്ന്) മതകാര്യങ്ങളില്‍ ജ്ഞാനം നേടുവാനും തങ്ങളുടെ ആളുകള്‍ (യുദ്ധരംഗത്ത് നിന്ന്) അവരുടെ അടുത്തേക്ക് തിരിച്ചുവന്നാല്‍ അവര്‍ക്ക് താക്കീത് നല്‍കുവാനും കഴിയുമല്ലോ. അവര്‍ സൂക്ഷ്മത പാലിച്ചേക്കാം'' (9:122).

അറബി ഭാഷയില്‍ 'ത്വാഇഫത്' എന്ന പദം ഒരാള്‍ക്കും പ്രയോഗിക്കാറുണ്ട്. ഇബ്‌നുല്‍ അഥീര്‍ തന്റെ അന്നിഹായയിലും ഇമാം ബുഖാരി തന്റെ സ്വഹീഹിലും ഇക്കാര്യം പ്രത്യേകം ചേര്‍ത്തിട്ടുണ്ട്. വിശുദ്ധ ക്വുര്‍ആനിലെ 49:9 വാക്യവും ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

ഇക്കൂട്ടര്‍ കര്‍മങ്ങളനുഷ്ഠിക്കുവാന്‍ പറ്റുമെന്ന് പറയുന്ന ആഹാദായ ഹദീസുകളില്‍ വിശ്വാസകാര്യങ്ങളും കര്‍മകാര്യങ്ങളും ഉള്‍ക്കൊള്ളുന്നവയുണ്ട്. ഉദാഹരണത്തിന് നമസ്‌കാരത്തിലെ തശഹ്ഹുദിലും മറ്റും ക്വബ്‌റിലെയും നരകത്തിലെയും ശിക്ഷ, ദജ്ജാലിന്റെ ഫിത്‌ന തുടങ്ങിയ പലതില്‍ നിന്നും രക്ഷ തേടുവാന്‍ നബി ﷺ  നിര്‍ദേശിക്കുന്ന ഹദീസുകള്‍. അവയനുസരിച്ച് കര്‍മം ചെയ്യാം; എന്നാല്‍ അവയില്‍ പറയുന്ന കാര്യങ്ങളില്‍ വിശ്വസിക്കുവാന്‍ അവ പര്യാപ്തമല്ല എന്ന വിചിത്രമായ വാദമാണ് ഇക്കൂട്ടര്‍ക്കുള്ളത്.