പ്രവാചകന്മാരുടെ പ്രാര്‍ഥനകള്‍ വിശുദ്ധ ക്വുര്‍ആനില്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08

അല്ലാഹുവിന്റെ മതം ജനങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുവാനായി അല്ലാഹു ഈ ലോകത്തേക്ക് അനേകം പ്രവാചകന്മാരെ നിയോഗിച്ചിട്ടുണ്ട്. അവര്‍ തങ്ങളുടെ ജീവിതത്തില്‍ അനുഭവിച്ച യാതനകളുടെയും വേദനകളുടെയും സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനോട് നേരിട്ട് മാത്രമാണ് പ്രാര്‍ഥിച്ചിട്ടുള്ളത്. ക്വുര്‍ആനിലൂടെ അല്ലാഹു അവരുടെ ചില പ്രാര്‍ഥനകള്‍ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അവരുടെ മാര്‍ഗം പിന്തുടരുവാനാണ് അല്ലാഹു നമ്മോട് കല്‍പിക്കുന്നത്. അത്‌കൊണ്ട് നമ്മുടെ പ്രാര്‍ഥനകള്‍ അല്ലാഹുവിനോട് മാത്രമായിരിക്കാന്‍ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ക്വുര്‍ആന്‍ പഠിപ്പിച്ചു തരുന്ന പ്രവാചകന്മാരുടെ ചില പ്രാര്‍ഥനകളുടെ അര്‍ഥം താഴെ കൊടുക്കുന്നു. ക്വുര്‍ആനില്‍ നിന്നും ആ പ്രാര്‍ഥനകള്‍ കണ്ടെത്തി അറബിയില്‍ തന്നെ മനഃപാഠമാക്കുവാനും പ്രാര്‍ഥിക്കുവാനും നാം ശ്രമിക്കേണ്ടതുണ്ട്. 

ആദം നബി(അ)യും ഇണയും നടത്തിയ പ്രാര്‍ഥന

''...ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടം പറ്റിയവരുടെ കൂട്ടത്തിലായിരിക്കും'' (അല്‍അഅ്‌റാഫ്: 23).

ഈ പശ്ചാത്താപത്തോടെയുള്ള പ്രാര്‍ഥനക്ക് ഉത്തരം നല്‍കിയതായി അല്ലാഹു പറയുന്നു: 

''അനന്തരം ആദം തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ചില വചനങ്ങള്‍ സ്വീകരിച്ചു. (ആ വചനങ്ങള്‍ മുഖേന പശ്ചാത്താപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്‍കി. അവന്‍ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമാകുന്നു'' (അല്‍ബക്വറ: 37).

നൂഹ് നബി(അ) 

''നൂഹ് നമ്മെ വിളിക്കുകയുണ്ടായി. അപ്പോള്‍ ഉത്തരം നല്‍കിയവന്‍ എത്ര നല്ലവന്‍. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആളുകളെയും നാം വമ്പിച്ച ദുരന്തത്തില്‍ നിന്ന് രക്ഷപ്പെടുത്തി'' (അസ്‌സ്വാഫ്ഫാത്ത്:75-76).

''നൂഹിനെയും (ഓര്‍ക്കുക). മുമ്പ് അദ്ദേഹം വിളിച്ചു പ്രാര്‍ഥിച്ച സന്ദര്‍ഭം. അദ്ദേഹത്തിന് നാം ഉത്തരം നല്‍കി. അങ്ങനെ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ കുടുംബത്തെയും നാം മഹാദുഃഖത്തില്‍ നിന്ന് രക്ഷപ്പെടുത്തി. നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചു തള്ളിയ ജനങ്ങളില്‍ നിന്ന് അദ്ദേഹത്തിന് നാം രക്ഷ നല്‍കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ദുഷിച്ച ഒരു ജനവിഭാഗമായിരുന്നു. അതിനാല്‍ അവരെ മുഴുവന്‍ നാം മുക്കി നശിപ്പിച്ചു കളഞ്ഞു'' (അല്‍ അന്‍ബിയാഅ് 76-77).

ഇബ്‌റാഹീം നബി(അ) 

''എന്റെ രക്ഷിതാവെ, എനിക്ക് നീ തത്ത്വജ്ഞാനം നല്‍കുകയും എന്നെ നീ സജ്ജനങ്ങളോടൊപ്പം ചേര്‍ക്കുകയും ചെയ്യേണമേ. പില്‍ക്കാലക്കാര്‍ക്കിടയില്‍ എനിക്ക് നീ സല്‍കീര്‍ത്തി ഉണ്ടാക്കേണമേ. എന്നെ നീ സുഖസമ്പൂര്‍ണമായ സ്വര്‍ഗത്തിന്റെ അവകാശികളില്‍ പെട്ടവനാക്കേണമേ'' (അശ്ശുഅറാഅ് 83-85).

കഅ്ബയുടെ നിര്‍മാണ വേളയില്‍ ഇബ്‌റാഹീം നബി(അ)യും ഇസ്മാഈല്‍ നബി(അ)യും പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളില്‍ നിന്ന് നീയിത് സ്വീകരിക്കേണമേ. തീര്‍ച്ചയായും നീ എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (അല്‍ബക്വറഃ 126).

''എന്റെ രക്ഷിതാവേ, എന്നെ നീ നമസ്‌കാരം മുറപ്രകാരം നിര്‍വഹിക്കുന്നവനാക്കേണമേ. എന്റെ സന്തതികളില്‍ പെട്ടവരെയും (അപ്രകാരം ആക്കേണമേ). ഞങ്ങളുടെ രക്ഷിതാവേ, എന്റെ പ്രാര്‍ഥന നീ സ്വീകരിക്കുകയും ചെയ്യേണമേ. ഞങ്ങളുടെ രക്ഷിതാവേ, വിചാരണ നിലവില്‍ വരുന്ന ദിവസം എനിക്കും എന്റെ മാതാപിതാക്കള്‍ക്കും സത്യവിശ്വാസികള്‍ക്കും നീ പൊറുത്തുതരേണമേ'' (ഇബ്‌റാഹീം 40,41).

അയ്യൂബ് നബി(അ) 

''...എനിക്കിതാ കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച് ഏറ്റവും കരുണയുള്ളവനാണല്ലോ...''(അല്‍അന്‍ബിയാഅ് 83).

നീണ്ട കാലത്തെ പരീക്ഷണത്തിന് ശേഷം അദ്ദേഹത്തിന്റെ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി: ''അപ്പോള്‍ അദ്ദേഹത്തിന് നാം ഉത്തരം നല്‍കുകയും അദ്ദേഹത്തിന് നേരിട്ട കഷ്ടപ്പാട് നാം അകറ്റിക്കളയുകയും ചെയ്തു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും അവരോടൊപ്പം അത്രയും പേരെ വെറേയും നാം അദ്ദേഹത്തിന് നല്‍കുകയും ചെയ്തു. നമ്മുടെ പക്കല്‍നിന്നുള്ള ഒരു കാരുണ്യവും ആരാധനാ നിരതരായിട്ടുള്ളവര്‍ക്ക് ഒരു സ്മരണയുമാണത്'' (അല്‍അന്‍ബിയാഅ് 84).

യൂനുസ് നബി(അ) 

''...നീയല്ലാതെ യാതൊരു ദൈവവമില്ല. നീ എത്ര പരിശുദ്ധന്‍! തീര്‍ച്ചയായും ഞാന്‍ അക്രമികളുടെ കൂട്ട ത്തില്‍ പെട്ടവനായിരിക്കുന്നു'' (അന്‍ബിയാ:87).

മത്സ്യത്തിന്റെ വയറ്റില്‍വെച്ച് യൂനുസ് നബി(അ) നടത്തിയ പ്രാര്‍ഥനക്ക് അല്ലാഹു ഉത്തരം നല്‍കി: 

''അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും ദുഃഖത്തില്‍ നിന്ന് നാം അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു. സത്യവിശ്വാസികളെ അപ്രകാരം നാം രക്ഷിക്കുന്നു'' (അല്‍അന്‍ബിയാഅ് 88).

സകരിയ്യാ നബി(അ) 

വാര്‍ധക്യവേളയിലെത്തിയിട്ടും നിരാശനാകാതെ ഒരു സന്താനത്തിനായി സകരിയ്യാനബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: 

''...എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കല്‍ നിന്ന് ഒരു ഉത്തമ സന്താനത്തെ നല്‍കേണമേ. തീര്‍ച്ചയായും നീ പ്രാര്‍ഥന കേള്‍ക്കുന്നവനാണല്ലോ...'' (ആലുഇംറാന്‍ 38).

''...എന്റെ രക്ഷിതാവേ, നീ എന്നെ ഏകനായി (പിന്തുടര്‍ച്ചക്കാരില്ലാതെ) വിടരുതേ. നീയാണല്ലോ അനന്തരാവകാശമെടുക്കുന്നവരില്‍ ഏറ്റവും ഉത്തമന്‍'' (അല്‍അന്‍ബിയാഅ് 89). 

അദ്ദേഹത്തിന്റെ പ്രാര്‍ഥന അല്ലാഹു സ്വീകരിച്ചു:

''അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്ന്) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്‍) ഉത്തമ കാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ച്‌കൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണി ക്കുന്നവരുമായിരുന്നു'' (അല്‍അന്‍ബിയാഅ് 90).

സുലെമാന്‍ നബി(അ)

''...എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്ത് തന്നിട്ടുള്ള നിന്റെ അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം ചെയ്യുവാനും എനിക്ക് നീ പ്രചോദനം നല്‍കേണമേ. നിന്റെ കാരുണ്യത്താല്‍ നിന്റെ സദ്‌വൃത്തരായ ദാസന്‍മാരുടെ കൂട്ടത്തില്‍ എന്നെ നീ ഉള്‍പെടുത്തുകയും ചെയ്യേണമേ'' (അന്നംല് 19).

യഅ്ക്വൂബ് നബി(അ)

അങ്ങേയറ്റത്തെ പ്രയാസഘട്ടത്തിലും യഅ്ക്വൂബ് നബി(അ) സഹായം തേടിയത് അല്ലാഹുവിനോട് മാത്രം: ''യൂസുഫിന്റെ കുപ്പായത്തില്‍ കള്ളച്ചോരയുമായാണ് അവര്‍ വന്നത്. പിതാവ് പറഞ്ഞു: അങ്ങനെയല്ല, നിങ്ങളുടെ മനസ്സ് നിങ്ങള്‍ക്ക് ഒരു കാര്യം ഭംഗിയായി തോന്നിച്ചിരിക്കുകയാണ്. അതിനാല്‍ നല്ല ക്ഷമ കൈകൊള്ളുക തന്നെ. നിങ്ങളീ പറഞ്ഞുണ്ടാക്കുന്ന കാര്യത്തില്‍ (എനിക്ക്) സഹായം തേടാനുള്ളത് അല്ലാഹുവോടത്രെ'' (യൂസുഫ് 18).

യൂസുഫ് നബി(അ) 

''...എന്റെ രക്ഷിതാവേ, ഇവര്‍ എന്നെ ഏതൊന്നിലേക്ക് ക്ഷണിക്കുന്നുവോ അതിനെക്കാളും എനിക്ക് കൂടുതല്‍ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെവിട്ട് നീ തിരിച്ച് കളയാത്തപക്ഷം ഞാന്‍ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങിനെ ഞാന്‍ അവിവേകികളുടെ കൂട്ടത്തില്‍ ആയിപ്പോകുകയും ചെയ്യും''(യൂസുഫ് 33).

അല്ലാഹു ഈ പ്രാര്‍ഥന സ്വീകരിക്കുകയും യൂസുഫ് നബി(അ)യെ സഹായിക്കുകയും ചെയ്തു: ''അപ്പോള്‍ അവന്റെ പ്രാര്‍ഥന തന്റെ രക്ഷിതാവ് സ്വീകരിക്കുകയും അവരുടെ കുതന്ത്രം അവനില്‍ നിന്ന് അവന്‍ തട്ടിത്തിരിച്ചുകളയുകയും ചെയ്തു. തീര്‍ച്ചയായും അവന്‍ എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ'' (യൂസുഫ് 34).

മൂസാ നബി(അ) 

''രക്ഷിതാവേ, നീ എനിക്ക് ഹൃദയ വിശാലത നല്‍കേണമേ. എനിക്ക് എന്റെ കാര്യം നീ എളുപ്പമാക്കി തരേണമേ. ജനങ്ങള്‍ എന്റെ സംസാരം മനസ്സിലാക്കേണ്ടതിന്നായി എന്റെ നാവില്‍ നിന്ന് നീ കെട്ടഴിച്ച് തരേണമേ. എന്റെ കുടുംബത്തില്‍ നിന്ന് എനിക്ക് നീ ഒരു സഹായിയെ ഏര്‍പ്പെടുത്തുകയും ചെയ്യേണമേ. അതായത് എന്റെ സഹോദരന്‍ ഹാറൂനെ. അവന്‍ മുഖേന എന്റെ ശക്തി നീ ദൃഢമാക്കുകയും എന്റെ കാര്യത്തില്‍ അവനെ നീ പങ്കാളിയാക്കുകയും ചെയ്യേണമേ. ഞങ്ങള്‍ ധാരാളമായി നിന്റെ പരിശുദ്ധിയെ വാഴ്ത്തുവാനും ധാരാളമായി നിന്നെ ഞങ്ങള്‍ സ്മരിക്കുവാനും വേണ്ടി. തീര്‍ച്ചയായും നീ ഞങ്ങളെപ്പറ്റി കണ്ടറിയുന്നവനാകുന്നു. അവന്‍ (അല്ലാഹു) പറഞ്ഞു: ഹേ, മൂസാ, നീ ചോദിച്ചത് നിനക്ക് നല്‍കപ്പെട്ടിരിക്കുന്നു''' (ത്വഹാ:25-36).

''അദ്ദേഹം പറഞ്ഞു: എന്റെ രക്ഷിതാവേ, തീര്‍ച്ചയായും ഞാന്‍ എന്നോട് തന്നെ അന്യായം ചെയ്തിരിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്ത് തരേണമേ...''  (അല്‍ക്വസ്വസ്വ്:16)

''...അപ്പോള്‍ അദ്ദേഹത്തിന് അവന്‍ പൊറുത്ത് കൊടുത്തു. തീര്‍ച്ചയായും അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു''  (അല്‍ക്വസ്വസ്വ് 16).

മുഹമ്മദ് നബി ﷺ യുടെയും അനുചരന്മാരുടെയും പ്രാര്‍ഥന

ശത്രുക്കളില്‍നിന്ന് പ്രയാസങ്ങള്‍ ഏല്‍ക്കേണ്ടി വന്നപ്പോളും ജീവിതത്തിലെ മറ്റു വിപല്‍ഘട്ടങ്ങളിലുമെല്ലാം നബി ﷺ യും അനുചരന്മാരും അല്ലാഹുവിനോട് മാത്രമാണ് പ്രാര്‍ഥിച്ചിട്ടുള്ളത്. അല്ലാഹു അവരുടെ പ്രാര്‍ഥനയെക്കുറിച്ച് പറയുന്നത് കാണുക:

''നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട് സഹായം തേടിയിരുന്ന സന്ദര്‍ഭം (ഓര്‍ക്കുക). തുടരെ തുടരെയായി ആയിരം മലക്കുകളെ അയച്ചുകൊണ്ട് ഞാന്‍ നിങ്ങള്‍ക്ക് സഹായം നല്‍കുന്നതാണ് എന്ന് അവന്‍ അപ്പോള്‍ നിങ്ങള്‍ക്ക് മറുപടി നല്‍കി. ഒരു സന്തോഷവാര്‍ത്തയായി കൊണ്ടും നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് സമാധാനം നല്‍കുന്നതിന് വേണ്ടിയും മാത്രമാണ് അല്ലാഹു അത് ഏര്‍പ്പെടുത്തിയത്. അല്ലാഹുവിങ്കല്‍ നിന്നല്ലാതെ യാതൊരു സഹായവും ഇല്ല. തീര്‍ച്ചയായും അല്ലാഹു പ്രതാപിയും യുക്തിമാനുമാകുന്നു'' (അല്‍അന്‍ഫാല്‍ 9,10).

''ആ ജനങ്ങള്‍ നിങ്ങളെ നേരിടാന്‍ (സൈന്യത്തെ) ശേഖരിച്ചിരിക്കുന്നു. അവരെ ഭയപ്പെടണം എന്ന് ആളുകള്‍ അവരോട് പറഞ്ഞപ്പോള്‍ അത് അവരുടെ വിശ്വാസം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. അവര്‍ പറഞ്ഞു: ഞങ്ങള്‍ക്ക് അല്ലാഹു മതി. ഭരമേല്‍പിക്കുവാന്‍ ഏറ്റവും നല്ലത് അവനത്രെ. അങ്ങനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും ഔദാര്യവും കൊണ്ട് യാതൊരു ദോഷവും ബാധിക്കാതെ അവര്‍ മടങ്ങി. അല്ലാഹുവിന്റെ പ്രീതിയെ അവര്‍ പിന്തുടരുകയും ചെയ്തു. മഹത്തായ ഔദാര്യമുള്ളവനത്രെ അല്ലാഹു'' (ആലുഇംറാന്‍173,174).