വിസ്ഡം ഡയലോഗ്: കാലം കാത്തിരുന്ന ധൈഷണിക നിയോഗം

മുഹമ്മദ് അബ്ദുല്‍ ഖാദിര്‍. എം

2019 ഒക്ടോബര്‍ 05 1441 സഫര്‍ 06

സത്യത്തിന്റെ വേഷഭൂഷാദികളണിഞ്ഞ വ്യാജത്തെ നവീനമായ വിവരവിനിമയ സങ്കേതങ്ങളുടെ സഹായത്തോടെ മസ്തിഷ്‌കങ്ങളില്‍ മുദ്രിതമാക്കുന്ന ഈ കാലത്ത് നബിചരിതത്തോളം ആക്രമിക്കപ്പെട്ട മറ്റേതൊരു ചരിത്ര നിക്ഷേപമാണ് പാരിടത്തിലുള്ളത്?

വിമര്‍ശനത്തിന്റെ സകല സീമകളും ഉല്ലംഘിച്ച്, പച്ചക്കളവുകളുടെയും കപടാത്മകമായ അവതരണ ശൈലിയുടെയും ചതിയും വഞ്ചനയും നിറഞ്ഞ പ്രയോഗപരതയുടെയും സങ്കേതങ്ങളിലൂടെയാണ് ഇസ്ലാമോഫോബിക് ഉന്‍മാദികള്‍ പേജിലും സ്റ്റേജിലും ഇ-മീഡിയകളിലും തിമര്‍ത്താടുന്നത്.

 ചരിത്ര വസ്തുതകളെന്ന വ്യാജേന ഗ്രന്ഥക്കുറിപ്പുകള്‍ പേജ് നമ്പര്‍ സഹിതം കൊടുത്ത്, തങ്ങളുടെ മനോവൈകൃതത്തിന്റെ കോണ്‍ടെക്സ്റ്റിലേക്ക് പരാവര്‍ത്തനം ചെയ്യപ്പെട്ട കൃത്രിമവും ബീഭത്സവുമായ നബിനിന്ദാ രചനകള്‍ സൈബറിടത്തില്‍ വിഷം പ്രസരിപ്പിച്ച് അല്‍പജ്ഞാനികളുടെ മസ്തിഷ്‌കങ്ങളില്‍ രോഗബീജങ്ങള്‍ വിതയ്ക്കാന്‍ തുടങ്ങിയിട്ട് കുറച്ചു നാളായി. പുണ്യദൂതന്റെ ﷺ  രിസാലത്തിന്റെ സുഗന്ധവലയത്തിലുള്ളവരെ ഈവക കോപ്രായങ്ങള്‍ കൊണ്ടൊന്നും വിരട്ടാനാവില്ലെങ്കിലും, മതവിജ്ഞാനം കൊണ്ട് ദരിദ്രവും ഇതരവിജ്ഞാനീയങ്ങള്‍ കൊണ്ട് സമ്പന്നവുമായ ധൈഷണിക ഇടങ്ങളില്‍ സന്ദേഹത്തിന്റെ നിഴല്‍പരത്താന്‍ ഇത്തരം കുത്സിത വൃത്തികള്‍ പ്രേരകമാകുന്നില്ലെന്നു പറഞ്ഞുകൂടാ.

ചിന്താമണ്ഡരി ബാധിച്ച അത്തരം രോഗ പ്രസാരകരുടെയും രോഗബാധിതരുടെയും തോറ്റം പാട്ടാണ് അക്ഷരരൂപം പ്രാപിച്ചും ട്രോളുകളായവതരിച്ചും സൈബര്‍ വോളുകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇത്തരം പ്രവണതകളെ പരിഗണിക്കാതെ അവഗണിച്ചു തള്ളുന്നത്  അവര്‍ക്ക് അഹങ്കരിച്ചു മുന്നേറാനും കൂടുതല്‍ ചിന്തകളിലേക്ക് രോഗം പ്രസരിപ്പിക്കാനുമുള്ള വഴി സുഗമമാക്കുമെന്നുറപ്പ്.

കാലത്തിന്റെ മാറ്റവും സാങ്കേതിക മികവില്‍ മനുഷ്യന്‍ എത്തിനില്‍ക്കുന്ന നിലവാരവും അവ തലച്ചോറുകളില്‍ സൃഷ്ടിക്കുന്ന അനുരണനങ്ങളും മനസ്സിലാക്കി, വേണ്ടത് വേണ്ട സമയത്ത് മുറപോലെ നിര്‍വഹിക്കാനും, സമ്പന്നമായ വൈജ്ഞാനികശേഷി കൊണ്ട് വെല്ലുവിളികളെ പ്രതിരോധിക്കാനും, വസ്തുതകള്‍ കൊണ്ട് അനുമാനങ്ങളെ അതിജയിക്കാനുമാണ് വര്‍ത്തമാന കാലത്തു ജീവിക്കുന്ന പ്രബോധകര്‍ പരിശ്രമിക്കേണ്ടത്.

ഇത്തരമൊരു ഘട്ടത്തിലാണ്, നാളെ ചരിത്രത്തിലിടം പിടിക്കേണ്ട മഹത്തരമായ ഒരു ദൗത്യത്തിന് വിസ്ഡം ഗ്ലോബല്‍ മിഷന്‍ നാന്ദി കുറിച്ചിരിക്കുന്നത്. നാന്ദി കുറിക്കുക എന്ന പ്രയോഗത്തെക്കാള്‍, 'തുടര്‍ച്ചയ്ക്ക് ഒരു പുതിയ വേര്‍ഷന്‍ നല്‍കിയിരിക്കുന്നത്' എന്ന വിശേഷണമാണു നല്ലതെന്നു തോന്നുന്നു. ഈ രംഗത്ത് ഇദംപ്രഥമമായൊരു സംരംഭമല്ലല്ലോ ഇത്. പക്ഷേ, നൂതന സങ്കേതങ്ങളുപയോഗിച്ച്, സകല വിജ്ഞാനീയങ്ങളെയും ചേര്‍ത്തുപിടിച്ച് നടത്തുന്ന മഹിതമായൊരു ധൈഷണിക കുതിച്ചുചാട്ടമാണിത്. നാളെയുടെ ചരിത്ര രചനകളില്‍ മറക്കാനാവാത്തൊരു കാലിക നിയുക്തി.

ആ പ്രൗഢമായ സദസ്സില്‍ ചെന്നിരുന്നപ്പോള്‍ തന്നെ മനസ്സില്‍ വല്ലാത്തൊരു പ്രശാന്തത! എത്ര മനോഹരം! മിഴിവാര്‍ന്ന അക്ഷരങ്ങള്‍ ബിഗ് സ്‌ക്രീനില്‍ ചരിത്രസാക്ഷ്യങ്ങളെ അടയാളപ്പെടുത്തുമ്പോള്‍, സ്ഫുടമായ പൗരുഷസൂക്തികളുടെ ഗാംഭീര്യം കര്‍ണപുടങ്ങളെ ഉണര്‍ത്തുകയും ഹൃദയങ്ങളെ ഉദ്ഫുല്ലമാക്കുകയും ചെയ്തു;  അല്‍ഹംദുലില്ലാഹ്! കാലത്തിന്റെ സൈബറെഴുത്തു വായിച്ച് ദീനീ ദഅ്‌വത്തിന്റെ നിലപാടുതറയിലൂന്നി നിന്നുകൊണ്ട്, ചിന്താ ശൈഥില്യങ്ങളോടു സംവദിക്കുവാനുള്ള കര്‍മവീര്യവും ജ്ഞാന ഗരിമയും ധൈഷണിക ഔന്നത്യവും ഈ ചെറുപ്പം ആര്‍ജിച്ചിരിക്കുന്നുവെന്ന സത്യം, കമനീയമായ വ്യാജ വൃത്താന്ത നിര്‍മിതികളില്‍ അഭിരമിച്ചിരിക്കുന്നവര്‍ക്ക് തെല്ലൊന്നുമല്ല ഉള്‍ക്കിടിലമുണ്ടാക്കുക.

പുണ്യ റസൂലിന്റെ ﷺ  പവിത്ര വിവാഹങ്ങളെ വക്രീകരിച്ചും കോട്ടി മാറ്റിയും, തങ്ങളുടെ മലീമസ ചിന്താവൈകൃത ദര്‍പ്പണത്തില്‍ നോക്കിക്കണ്ടും, സ്വയം ശീലിച്ചെടുത്ത അശ്ലീല വര്‍ത്തനങ്ങളോട് ചേര്‍ത്തു വായിച്ചും തൃപ്തി തേടുന്ന സ്വതന്ത്ര ചിന്തയുടെ ഉത്തരീയമണിഞ്ഞ സാഡിസ്റ്റുകള്‍ക്ക് വിസ്ഡം ഡയലോഗ് ഏല്‍പിച്ച ആഘാതം എത്രത്തോളമാണെന്നത് വരും നാളുകളില്‍ യുക്തി(ഹീന) വാദികളുടെ ഭാഗത്തുനിന്നു വരുന്ന പ്രതികരണങ്ങളിലൂടെ വായിച്ചെടുക്കാം. ഇതിന്റെ തുടര്‍ച്ച ഇനിയുമുണ്ടാകണം. അല്‍പജ്ഞാനികളുടെ ധൈഷണിക അഹന്തയെ, വഹ്‌യിന്റെ വെളിച്ചം കൊണ്ട് അതിജയിക്കണം.