മനുഷ്യന്‍ എന്ന വിസ്മയ സൃഷ്ടി

മുഹമ്മദ് അമല്‍

2019 ജൂണ്‍ 22 1440 ശവ്വാല്‍ 19

അല്ലാഹുവിന്റെ സൃഷ്ടികളില്‍ ഏറെ സവിശേഷതകളുള്ള ഒരു സൃഷ്ടിയാണ് മനുഷ്യന്‍. മറ്റു സൃഷ്ടികള്‍ക്കില്ലാത്ത പല കഴിവുകളും മനുഷ്യനുണ്ട്. ചിന്താശേഷിയും സത്യവും അസത്യവും നന്മയും തിന്മയും  വേര്‍തിരിച്ച് മനസ്സിലാക്കാനുള്ള വിവേചന ബുദ്ധിയും കൊണ്ട് അനുഗൃഹീതനാണ് മനുഷ്യന്‍. ഈ അനുഗ്രഹങ്ങളെല്ലാം നല്‍കി അല്ലാഹു മനുഷ്യനെ ഭൂമിയിലേക്കയച്ചത് അല്ലാഹുവിനെ മാത്രം ആരാധിക്കുവാനും അവന് സമ്പൂര്‍ണമായി കീഴൊതുങ്ങി ജീവിക്കുവാനുമാണ്.

മനുഷ്യന്റെ പ്രത്യേകത

മനുഷ്യന്‍ ജന്മനാ ജിജ്ഞാസുവാണ്. കുട്ടിക്കാലത്ത് തന്നെ കളിപ്പാട്ടം തല്ലിയുടച്ച് അതിനുള്ളിലെന്താണുള്ളതെന്ന് അറിയാനുള്ള താല്‍പര്യം അവന്‍ കാണിക്കുന്നു. ശരീരം വളരുന്നതിനനുസരിച്ച് അവന്റെ ചിന്തകളും വളരുന്നു. തനിക്ക് ചുറ്റുമുള്ള ജീവജാലങ്ങളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും സൃഷ്ടിവൈഭവങ്ങളെക്കുറിച്ചും അവന്‍ ചിന്തിക്കാന്‍ തുടങ്ങുന്നു.

മനുഷ്യന്‍ തന്നെക്കുറിച്ച് പഠിക്കാന്‍ ശ്രമിച്ചാല്‍ സ്രഷ്ടാവിന്റെ വൈഭവം കണ്ടെത്താന്‍ സാധിക്കുന്നതാണ്. തന്റെ ശരീരത്തിലെ അതിസൂക്ഷ്മവും സങ്കീര്‍ണവുമായ ആന്തരിക പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്ന നാഥനെ അവന്‍ നമിച്ചുപോകും. ഏത് സൃഷ്ടിയെക്കുറിച്ച് ചിന്തിച്ചാലും സ്രഷ്ടാവിന്റെ ഈ സൃഷ്ടിവൈഭവം കണ്ടെത്താന്‍ കഴിയും. അത്‌കൊണ്ടു തന്നെ അല്ലാഹു ജൈവ-അജൈവ വസ്തുക്കളെക്കുറിച്ച് ചിന്തിക്കുവാന്‍ ക്വുര്‍ആനിലൂടെ മനുഷ്യനെ പ്രേരിപ്പിക്കുന്നത് കാണാം:''

''ഒട്ടകത്തിന്റെ നേര്‍ക്ക് അവര്‍ നോക്കുന്നില്ലേ? അത് എങ്ങനെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന്.  ആകാശത്തേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ ഉയര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. പര്‍വതങ്ങളിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അവ എങ്ങനെ നാട്ടിനിര്‍ത്തപ്പെട്ടിരിക്കുന്നു എന്ന്. ഭൂമിയിലേക്ക് (അവര്‍ നോക്കുന്നില്ലേ?) അത് എങ്ങനെ പരത്തപ്പെട്ടിരിക്കുന്നുവെന്ന്'' (ക്വുര്‍ആന്‍ 88:17-20).

''ദൃഢവിശ്വാസമുള്ളവര്‍ക്ക് ഭൂമിയില്‍ പലദൃഷ്ടാന്തങ്ങളുണ്ട്. നിങ്ങളില്‍ തന്നെയും (പല ദൃഷ്ടാന്തങ്ങളുണ്ട്). എന്നിട്ട് നിങ്ങള്‍ കണ്ടറിയുന്നില്ലേ?'' (ക്വുര്‍ആന്‍ 51: 20,21).

മനുഷ്യശരീര ഘടന

''തീര്‍ച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു'' (ക്വുര്‍ആന്‍ 95:4).

മനുഷ്യശരീരത്തിന്റെ നിസ്തുലമായ ഘടനയും അതിന്റെ സങ്കീര്‍ണമായ പ്രവര്‍ത്തനങ്ങളും വിസ്മയകരമാണ്. അല്ലാഹു ചോദിക്കുന്നു:

''ഹേ; മനുഷ്യാ, ഉദാരനായ നിന്റെ രക്ഷിതാവിന്റെ കാര്യത്തില്‍ നിന്നെ വഞ്ചിച്ചു കളഞ്ഞതെന്താണ്? നിന്നെ സൃഷ്ടിക്കുകയും നിന്നെ സംവിധാനിക്കുകയും നിന്നെ ശരിയായ അവസ്ഥയിലാക്കുകയും ചെയ്തവനത്രെ അവന്‍. താന്‍ ഉദ്ദേശിച്ച രൂപത്തില്‍ നിന്നെ സംഘടിപ്പിച്ചവന്‍'' (ക്വുര്‍ആന്‍ 82:6-8).

നമ്മുടെ ആരുടെയും അഭിപ്രായ പ്രകാരമല്ല നാം ഇവിടെ ജനിച്ചതും ഇനി ഇവിടെ നിന്ന് വിടപറഞ്ഞ് പോകുന്നതും. ഒരു കുട്ടിയായി പിറന്ന് വാര്‍ധക്യത്തില്‍ എത്തി മരിക്കുന്ന ഒരു മനുഷ്യന്റെ ശരീര ഘടനയില്‍ വരുന്ന മാറ്റങ്ങളില്‍ ആ വ്യക്തിക്ക് യാതാരു പങ്കുമില്ല. എല്ലാം തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും അല്ലാഹു മാത്രം.

ഭൂമിയിലെ വര്‍ണാഭമായ കാഴ്ചകള്‍ കാണാന്‍ കണ്ണുകളും ഇമ്പമാര്‍ന്ന സ്വരങ്ങള്‍ ശ്രവിക്കാന്‍ കാതുകളും ആശയവിനിമയത്തിന് നാവും ചുണ്ടുകളും വിശ്രമമില്ലാതെ മിടിക്കുന്ന ഹൃദയവും അടക്കം എണ്ണിയാല്‍ ഒടുങ്ങാത്ത അനുഗ്രഹങ്ങള്‍ നല്‍കപ്പെട്ടവനാണ് മനുഷ്യന്‍.

എന്തില്‍നിന്ന്?

'ഹേ, മനുഷ്യരേ, തീര്‍ച്ചയായും നിങ്ങളെ നാം ഒരു ആണില്‍ നിന്നും ഒരു പെണ്ണില്‍നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു''(49:13)

''തീര്‍ച്ചയായും കൂടിച്ചേര്‍ന്നുണ്ടായ ഒരു ബീജത്തില്‍ നിന്ന് നാം മനുഷ്യനെ സൃഷ്ടിച്ചു'' (ക്വുര്‍ആന്‍ 76:2).

''അപ്പോള്‍ നിങ്ങള്‍ സ്രവിക്കുന്ന ശുക്ലത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? നിങ്ങളാണോ അത് സൃഷ്ടിച്ചുണ്ടാക്കുന്നത്? അതല്ല നാമാണോ സൃഷ്ടികര്‍ത്താവ്''(ക്വുര്‍ആന്‍ 56:58,59).

''ഏതൊരു വസ്തുവില്‍ നിന്നാണ് അല്ലാഹു അവനെ സൃഷ്ടിച്ചത്? ഒരു ബീജത്തില്‍ നിന്ന് അവനെ സൃഷ്ടിക്കുകയും എന്നിട്ട് അവനെ (അവന്റെ കാര്യം) വ്യവസ്ഥപ്പെടുത്തുകയും ചെയ്തു'' (ക്വുര്‍ആന്‍ 80:18,19).

സ്രവിക്കപ്പെടുന്ന മുഴുവന്‍ ശുക്ലത്തില്‍നിന്നല്ല, മറിച്ച് ശുക്ലത്തിലടങ്ങിയിരിക്കുന്ന അനേകം കോടി ബീജങ്ങളിലൊന്നില്‍നിന്നാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെടുന്നതെന്ന വസ്തുത വ്യക്തമാക്കുന്ന ഒരു ക്വുര്‍ആന്‍ സൂക്തം കാണുക:

''അവന്‍ സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍നിന്നുള്ള ഒരു കണമായിരുന്നില്ലേ?'' (ക്വുര്‍ആന്‍ 75:37).

എന്നാല്‍ ശാസ്ത്രലോകം ആദ്യകാലങ്ങളില്‍ ഇതില്‍നിന്ന് വിഭിന്നമായ അഭിപ്രായങ്ങളാണ് മുന്നോട്ട് വെച്ചിരുന്നത്. പിതാവിന്റെ ശുക്ലത്തിലോ മാതാവിന്റെ രക്തത്തിലോ കുഞ്ഞിന്റെ ഒരു ചെറുരൂപം ഒളിഞ്ഞിരിക്കുന്നു; അതാണ് പിന്നീട് കുഞ്ഞായിമാറുന്നതെന്നും ആര്‍ത്തവരക്തം കട്ടപിടിച്ചാണ് കുഞ്ഞിന്റെ അവയവങ്ങളുണ്ടാക്കുന്നതെന്നുമായിരുന്നു അരിസ്റ്റോട്ടിലിന്റെ വാദം. 17ാം നൂറ്റാണ്ടില്‍ വില്ല്യം ഹാര്‍വി എന്ന ശാസ്ത്രജ്ഞന്‍ പറഞ്ഞത് സ്ത്രീയുടെ അണ്ഡാശയത്തില്‍ ഒരു ചെറിയ കുഞ്ഞുണ്ട്. ശുക്ലം ചേരുമ്പോള്‍ ആ കുഞ്ഞ് വളരുന്നു എന്നാണ്. ഇതേ ആശയവുമായി വോണ്‍ഹലാം എന്ന ശാസ്ത്രജ്ഞനും രംഗത്തുവന്നു. എന്നാല്‍ പുരുഷ ശുക്ലത്തിലാണ് ചെറിയ മനുഷ്യരൂപമുള്ളതെന്നും അത് മാതാവിന്റെ ഗര്‍ഭപാത്രത്തില്‍ വളര്‍ന്ന് കുട്ടിയാകുന്നു എന്ന് വാദിച്ച് ഇതിനെതിരെ പല ശാസ്ത്രജ്ഞരും മുന്നോട്ട് വന്നു. ഇതോടെ ഭ്രൂണശാസ്ത്രജ്ഞന്മാര്‍ രണ്ട് ചേരികളായി മാറി. ഹാന്‍സ് അഡോള്‍ഫ് എഡ്വാര്‍ഡ് ഡ്രീഷ് എന്ന ഭ്രൂണശാസ്ത്രജ്ഞന്‍, ബീജവും അണ്ഡവും സംയോജിച്ചാണ് കുഞ്ഞുണ്ടാകുന്നതെന്ന് സാങ്കേതികമായി തെളിയിച്ചതോടെയാണ് ഈ തര്‍ക്കങ്ങള്‍ക്ക് വിരാമമായത്.

ഒരു യഹൂദിയുടെ ചോദ്യത്തിന് നബി ﷺ  നല്‍കിയ മറുപടിയില്‍ പുരുഷബീജവും സ്ത്രീബീജവും കൂടിച്ചേര്‍ന്നാണ് കുഞ്ഞുണ്ടാകുന്നതെന്ന കാര്യം വ്യക്തമായി പ്രസ്താവിച്ചതായി കാണാം:

യഹൂദി ചോദിച്ചു: 'ഹേ, മുഹമ്മദ്, എന്തുകൊണ്ടാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്?' നബി ﷺ  മറുപടി പറഞ്ഞു: 'ഹേ, യഹൂദാ, (മനുഷ്യന്‍) സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് രണ്ടില്‍ നിന്നും കൂടിയാകുന്നു; പുരുഷബീജത്തില്‍നിന്നും സ്ത്രീബീജത്തില്‍ നിന്നും'(അഹ്മദ്).

ഭ്രൂണവളര്‍ച്ച

വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു: ''തീര്‍ച്ചയായും മനുഷ്യനെ കളിമണ്ണിന്റെ സത്തില്‍ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു. പിന്നീട് ഒരു ബീജമായി(നുത്വ്ഫത്)ക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്തേക്ക് വച്ചു. പിന്നീട് ആ ബീജത്തെ നാം ഒരു ഭ്രൂണമായി (അലക്വത്) രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡ(മുദ്ഗത്)മായി രൂപപ്പെടുത്തി. തുടര്‍ന്ന് ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു'' (ക്വുര്‍ആന്‍: 12-14).

മാതാവിന്റെ ഗര്‍ഭപാത്രത്തില്‍വെച്ച് നടക്കുന്ന ഭ്രൂണ വളര്‍ച്ചയെക്കുറിച്ച് ഗവേഷണം നടത്തുകയും പിന്നീട് ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്ത പ്രമുഖ ശാസ്ത്രജ്ഞന്‍ ഡോ. കെയ്ത് മൂര്‍, അദ്ദേഹത്തിന്റെ ഒരു ഗ്രന്ഥത്തില്‍ ക്വുര്‍ആനില്‍ സൂചിപ്പിച്ച ഭ്രൂണവളര്‍ച്ചയുടെ 5 ഘട്ടങ്ങളെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്.

പിതാവിന്റെ കോടിക്കണക്കിന് ബീജങ്ങള്‍ മാതാവിന്റെ അണ്ഡാശയവാഹിനിയിലൂടെ കടന്ന് അണ്ഡത്തെ കണ്ടെത്തുന്നു. 20 കോടിയില്‍ പരം ബീജങ്ങളില്‍ ഒന്ന് മാത്രമാണ് മാതാവിന്റെ അണ്ഡാവരണത്തെ തുളച്ച് ഉള്ളില്‍ കടക്കുന്നത്. ശേഷം മാതാവിന്റെ ബീജവുമായി ചേര്‍ന്ന് സിക്താണ്ഡമായി രൂപപ്പെടുന്നു. ഇതാണ് 'നുത്വ്ഫത്' കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. 30 മണിക്കൂര്‍ കൊണ്ട് അണ്ഡം 2 കോശങ്ങളായും 40 മണിക്കൂര്‍കൊണ്ട് 4 കോശങ്ങളായും പിന്നീട് 4ഃ4 എന്ന അനുപാദത്തിലും കോശങ്ങള്‍ പെരുകും. 6ാം ദിവസത്തില്‍ ഗര്‍ഭാശയത്തില്‍ ഒട്ടിപ്പിടിക്കുന്ന അട്ടയെപ്പോലെ ഇതിന്റെ രൂപം മാറും. ബീജസങ്കലനം മുതല്‍ 21ാം ദിവസം വരെയാണ് ഇതിന്റെ കാലഘട്ടം. മനുഷ്യ വളര്‍ച്ചയുടെ ഈ രൂപമാണ് ഭ്രൂണം. പിന്നീട് ഭ്രൂണം ചവയ്ക്കപ്പെട്ട മാംസരൂപം പ്രാപിക്കുന്നു. ചവയ്ക്കുക എന്ന പദത്തില്‍ നിന്നാണ് ഇതിന് 'മുദ്ഗത്'എന്നപേര് ലഭിച്ചത്. പല്ലുകള്‍ പതിഞ്ഞ പോലുള്ള ഭാഗത്തിന് സോമൈറ്റ്‌സ് എന്നാണ് പറയുക. ഇതിന് 3 ഭാഗങ്ങളുണ്ട്. ഒന്നാമത്തേത് സെര്‍മെറ്റോം, ഇതാണ് മനുഷ്യന്റെ തൊലിയായി രൂപപ്പെടുന്നത്. രണ്ടാമത്തേത് സ്‌ക്ലിയറോട്ടോം; ഇത് അസ്ഥികളായും രൂപം പ്രാപിക്കുന്നു. 36 മുതല്‍ 56 ദിവസം വരെയാണ് ഈ വളര്‍ച്ചകള്‍ നടക്കുന്നത്. അല്ലാഹു മറ്റൊരു സൃഷ്ടിയായി വളര്‍ത്തിയെടുക്കുമെന്ന് പറയാന്‍ കാരണം അത് വരെ കുട്ടിക്ക് ജീവന്‍ മാത്രമേയുള്ളൂ; ആത്മാവില്ല. കുട്ടിയുടെ വളര്‍ച്ചയുടെ 40-45 ദിവസങ്ങളിലാണ് ലൈംഗികാവയവം രൂപം കൊള്ളുന്നത്. ബീജസങ്കലം കഴിഞ്ഞ് 265 ദിവസം പിന്നിടുമ്പോള്‍ ഭ്രൂണം പൂര്‍ണ വളര്‍ച്ചയില്‍ എത്തുകയും പ്രസവിക്കപ്പെടുകയും ചെയ്യുന്നു. മരണവേദനയ്ക്ക് തുല്യമായ വേദന സഹിച്ച് കൊണ്ട് ഒാരോ മാതാവും പ്രസവിക്കുമ്പോള്‍ അല്ലാഹുവിന്റെ ഉല്‍കൃഷ്ടമായ സൃഷ്ടിയായ മനുഷ്യന്‍ പിറന്ന് വീഴുന്നു.

''ഗര്‍ഭാശയത്തില്‍ താനുദ്ദേശിക്കുന്ന വിധത്തില്‍ നിങ്ങളെ രൂപപ്പെടുത്തുന്നത് അവനത്രെ. അവനല്ലാതെ ഒരു ആരാധ്യനുമില്ല. അവന്‍ പ്രതാപിയും യുക്തിമാനുമത്രെ'' (ക്വുര്‍ആന്‍ 3:6)

ചിന്തിച്ച് നോക്കുക; ഗര്‍ഭാശയത്തിലുള്ള കുഞ്ഞിന്റെ വളര്‍ച്ചയില്‍ മനുഷ്യര്‍ക്ക് എന്ത് പങ്കാണുള്ളത്? എല്ലാം സര്‍വശക്തന്റെ നിയന്ത്രണത്തിലാണ് നടക്കുന്നത്. അതിനാല്‍ അഹങ്കരിക്കാതിരിക്കുക. വിനയാന്വിതരായി ജീവിക്കുക. സ്രഷ്ടാവിനെ അനുസരിച്ച് നന്ദിയുള്ള ദാസന്മാരാവുക.