അല്ലാഹുവിന്റെ കാരുണ്യം നേടാന്‍

അബൂഹംദ അലനല്ലൂര്‍

2019 ജൂണ്‍ 08 1440 ശവ്വാൽ 05

ഭൂമിയില്‍ കരയിലും വെള്ളത്തിലുമായി ലക്ഷക്കണക്കിന് ജീവിവര്‍ഗങ്ങളുണ്ടെങ്കിലും ആ ജീവികളില്‍ നിന്ന്  സംസാര ശേഷിയും ബുദ്ധിയും കൊണ്ട് മുനുഷ്യന്‍ വേറിട്ടുനില്‍ക്കുന്നു. ദയ, കാരുണ്യം, വിട്ടുവീഴ്ച, സഹകരണം... എന്നിങ്ങനെ അനേകം ഗുണങ്ങള്‍ മനുഷ്യനെ ഇതര ജീവികളില്‍നിന്ന് വ്യതിരിക്തനാക്കുന്നു. മനുഷ്യര്‍ പരസ്പരം സ്‌നേഹിച്ചും കാരുണ്യം കാണിച്ചും കൊണ്ട് വേണം ജീവിക്കാന്‍. സമൂഹത്തിന്റെ നിലനില്‍പിന് ഇത് അത്യാവശ്യമാണ്.

മനുഷ്യനെ സൃഷ്ടിച്ച അവന്റെ രക്ഷിതാവ് ഏറ്റവും കാരുണ്യം നിറഞ്ഞവനാണെന്ന് ഇസ്‌ലാം നമ്മെ പഠിപ്പിക്കുന്നു. വിശുദ്ധ ക്വുര്‍ആനിലെ 114 അധ്യായങ്ങളില്‍ 113ഉം 'ബിസ്മില്ലാഹിര്‍റ്വഹ്മാനിര്‍റ്വഹീം' (പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍) എന്ന് പറഞ്ഞുകൊണ്ടാണ് ആരംഭിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.  

അല്ലാഹു അവന്റെ ഉത്തമ നാമങ്ങളായി പറഞ്ഞതില്‍ അര്‍റ്വഹ്മാന്‍ (പരമകാരുണികന്‍), അര്‍റ്വഹീം (കരുണാനിധി) എന്നും കാണാം. അല്ലാഹു അങ്ങേയറ്റം കാരുണ്യം നിറഞ്ഞവനാണ്. അല്ലാഹു കാരുണ്യം അവന്റെ മേല്‍ ബാധ്യതയായി നിശ്ചയിച്ചിരിക്കുന്നു:

അല്ലാഹു പറയുന്നു: ''...നിങ്ങളുടെ രക്ഷിതാവ് കാരുണ്യത്തെ തന്റെ മേല്‍ (ബാധ്യതയായി) നിശ്ചയിച്ചിരിക്കുന്നു...'' (ക്വുര്‍ആന്‍ 6:54).

നബി ﷺ  പറഞ്ഞു: ''നിശ്ചയം അല്ലാഹു ആകാശ ഭൂമികളെ സൃഷ്ടിച്ച ദിവസം നൂറ് കാരുണ്യവും സൃഷ്ടിച്ചു. ഓരോ കാരുണ്യവും ആകാശ ഭൂമിയോളം വിശാലമാണ്. അതില്‍ നിന്ന് ഒരു കാരുണ്യം അവന്‍ ഭൂമിയില്‍ വെച്ചു. അതുവഴിയാണ് മാതാവ് മക്കളോട് കരുണ കാണിക്കുന്നതും ക്രൂരമൃഗങ്ങളും പക്ഷികളുമെല്ലാം പരസ്പരം കരുണ കാണിക്കുന്നതും. എന്നാല്‍ അന്ത്യനാളില്‍ (ബാക്കിവെച്ച) ഈ കാരുണ്യം കൊണ്ടവന്‍ അവരോടുള്ള കാരുണ്യം പൂര്‍ത്തീകരിക്കും'' (മുസ്‌ലിം).

ഇഹലോക ജീവിതത്തില്‍ വിശ്വാസികള്‍ ചെയ്തുപോയ തെറ്റുകുറ്റങ്ങള്‍ പൊറുത്തുകൊടുത്ത് സുഖാനുഗ്രഹങ്ങളുടെ ഗേഹമായ സ്വര്‍ഗത്തില്‍ അവരെ പ്രവേശിപ്പിക്കുന്നതിന് വേണ്ടി അവന്‍ 99 കാരുണ്യം മാറ്റിവെച്ചിട്ടുണ്ട്. ഇതില്‍ നിന്നു തന്നെ അല്ലാഹുവിന് തന്റെ അടിമകളോടുള്ള അതിവിശാലമായ കാരുണ്യം മനസ്സിലാക്കാം.

മറ്റൊരു ഹദീഥില്‍ കാണാം. നബി ﷺ  പറഞ്ഞു: ''സൃഷ്ടികളെ സൃഷ്ടിക്കുന്നതിന് മുമ്പായി അല്ലാഹു ഇങ്ങനെ രേഖപ്പെടുത്തി: 'എന്റെ കാരുണ്യം എന്റെ കോപത്തെ മുന്‍കടന്നിരിക്കുന്നു.' ഇത് അവന്റെയടുക്കല്‍ അര്‍ശിനു മുകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു'' (ബുഖാരി, മുസ്‌ലിം).

അല്ലാഹു അവന്റെ അടിമകളുടെ തെറ്റുകള്‍ പൊറുത്ത് കൊടുക്കാനും പശ്ചാത്താപം സ്വീകരിക്കാനും അവന്റെ കോപത്തെ അതിജയിക്കുന്ന രൂപത്തില്‍ കാരുണ്യത്തെ മുന്‍കടത്തി.

ലോകത്ത് കഴിഞ്ഞുപോയ പ്രവാചകന്മാര്‍ അല്ലാഹുവിന്റെ കാരുണ്യത്തിനായി പ്രാര്‍ഥിച്ചത് വിശുദ്ധ ക്വുര്‍ആനില്‍ നമുക്ക് കാണാന്‍ സാധിക്കും.

ആദം നബി(അ) അല്ലാഹുവിനോട് പ്രാര്‍ഥിച്ചു: ''അവര്‍ രണ്ടുപേരും പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങള്‍ ഞങ്ങളോട് തന്നെ അക്രമം ചെയ്തിരിക്കുന്നു. നീ ഞങ്ങള്‍ക്ക് പൊറുത്തുതരികയും കരുണ കാണിക്കുകയും ചെയ്തില്ലെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നഷ്ടംപറ്റിയവരുടെ കൂട്ടത്തിലായിരിക്കും'' (ക്വുര്‍ആന്‍ 7:23).

നൂഹ് നബി(അ) പ്രാര്‍ഥിച്ചു: ''...എന്റെ രക്ഷിതാവേ, എനിക്ക് അറിവില്ലാത്ത കാര്യം നിന്നോട് ആവശ്യപ്പെടുന്നതില്‍ നിന്ന് ഞാന്‍ നിന്നോട് ശരണം തേടുന്നു. നീ എനിക്ക് പൊറുത്തുതരികയും നീ എന്നോട് കരുണ കാണിക്കുകയും ചെയ്യാത്ത പക്ഷം ഞാന്‍ നഷ്ടക്കാരുടെ കൂട്ടത്തിലായിരിക്കും'' (11:47).

മൂസാ നബി(അ)യുടെ പ്രാര്‍ഥന: ''...നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാല്‍ ഞങ്ങള്‍ക്ക് നീ പൊറുത്തുതരികയും ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് പൊറുക്കുന്നവരില്‍ ഉത്തമന്‍'' (7:155).

ഒരാളും അവനവന്റെ സല്‍പ്രവര്‍ത്തനങ്ങള്‍കൊണ്ട് മാത്രം സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. ശരിയായ വിശ്വാസവും സല്‍കര്‍മങ്ങളും ഉള്ളതോടൊപ്പം തന്നെ അല്ലാഹുവിന്റെ ഔദാര്യവും കാരുണ്യവും കൂടി ഉണ്ടെങ്കിലേ സ്വര്‍ഗ പ്രവേശനം സാധ്യമാകൂ.

അബൂഹുറയ്‌റ(റ) നിവേദനം: നബി  ﷺ  പറഞ്ഞു: ''ഒരാളും  തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.'' സ്വഹാബത്ത് ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, താങ്കളും?'' അവിടുന്ന് പറഞ്ഞു: ''ഞാനും പ്രവേശിക്കുകയില്ല; അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും എന്നെ മൂടിയാലല്ലാതെ'' (ബുഖാരി).

വിശ്വാസികള്‍ സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നതോടൊപ്പം തന്നെ അല്ലാഹുവിന്റെ കാരുണ്യം കൂടി കരസ്ഥമാക്കാന്‍ പരിശ്രമിക്കണം. എങ്കിലേ തങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യത്തിലേക്കെത്തിച്ചേരാന്‍ കഴിയൂ; അഥവാ സ്വര്‍ഗത്തില്‍ പ്രവേശിക്കാന്‍ കഴിയൂ.

അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്ന ഒട്ടനേകം കാര്യങ്ങള്‍ അല്ലാഹുവിന്റെ റസൂല്‍ ﷺ  നമ്മെ പഠിപ്പിച്ചിട്ടുണ്ട്. അതില്‍പെട്ട ഏതാനും ചിലത് മാത്രം ഇവിടെ സൂചിപ്പിക്കുകയാണ്.

അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക

അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കുന്നത്അല്ലാഹുവിന്റെ കാരുണ്യം ലഭിക്കാന്‍ കാരണമാകും. വിശ്വാസവും പ്രവര്‍ത്തനങ്ങളും ക്വുര്‍ആനിനും സുന്നത്തിനും യോജിച്ച് വരുമ്പോഴേ അത് സാധ്യമാവുകയുള്ളൂ.

അല്ലാഹു പറയുന്നു: ''നിങ്ങള്‍ അല്ലാഹുവെയും റസൂലിനെയും അനുസരിക്കുക. നിങ്ങള്‍ അനുഗൃഹീതരായേക്കാം''(3:132).

''നിങ്ങള്‍ നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം''(24:56).

വിശുദ്ധ ക്വുര്‍ആനുമായുള്ള ബന്ധം നിലനിര്‍ത്തുക

വിശുദ്ധ ക്വുര്‍ആനുമായുള്ള ഇടമുറിയാത്ത ബന്ധം നാളെ പരലോകത്ത് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിന് കാരണമാകുന്നു. അല്ലാഹു പറയുന്നു:

''ക്വുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത് ശ്രദ്ധിച്ച് കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം'' (7:204).

എല്ലാ ജീവികളോടും കരുണ കാണിക്കുക

ദാഹിച്ചുവലഞ്ഞ് മണ്ണ് കപ്പുന്ന നായക്ക് കിണറ്റിലിറങ്ങി താന്‍ ധരിച്ചിരുന്ന ഷൂ അഴിച്ച് അതില്‍ വെള്ളമെടുത്ത് കൊടുത്ത് ദാഹമകറ്റിയതിന്റെ പേരില്‍ ആ വ്യക്തിക്ക് സ്വര്‍ഗം ലഭിക്കുമെന്നും പൂച്ചയെ കെട്ടിയിട്ട് അതിനെ ഇരതേടാനും ഭക്ഷണം കഴിക്കാനും സമ്മതിക്കാതെ മരണത്തിലേക്ക് തള്ളിയിട്ടതിന്റെ പേരില്‍  ആ വ്യക്തി നരകാവകാശിയാണെന്നും നബി ﷺ  പറഞ്ഞുതന്നിട്ടുണ്ട്. ഏത് ജീവിയോടും കരുണ കാണിക്കേണ്ടവനാണ് മുസ്‌ലിം എന്ന് ഇത് വ്യക്തമാക്കുന്നു.  

അബ്ദുല്ലാഹിബ്‌നു അംറ്ബ്‌നു ആസ്വ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''കരുണ കാണിക്കുന്നവരോട് പരമ കാരുണികനും കരുണ കാണിക്കും. നിങ്ങള്‍ കരുണ കാണിക്കുവിന്‍. ആകാശത്തുള്ളവന്‍ നിങ്ങളോടും കരുണ കാണിക്കും'' (തിര്‍മിദി).

അബൂഹുറയ്‌റ(റ) നിവേദനം: ''നബി ﷺ യുടെ അടുക്കല്‍ അക്വ്‌റഉബ്‌നു ഹാബിസ് അത്തമീമിയ്യ് എന്നൊരാള്‍ വന്നു. ആ സമയത്ത് നബി ﷺ  തന്റെ പൗത്രന്‍ ഹസനുബ്‌നു അലിയ്യെ ചുംബിക്കുകയായിരുന്നു. ഇതു കണ്ട് അദ്ദേഹം പറഞ്ഞു: 'എനിക്ക്  പത്ത് മക്കളുണ്ട് അവരില്‍ ഒരാളെയും ഞാന്‍ ചുംബിച്ചിട്ടില്ല.' ഇതു കേട്ട റസൂല്‍ ﷺ  അദ്ദേഹത്തെ ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു: 'കാരുണ്യം കാണിക്കാത്തവന് കാരുണ്യം ലഭിക്കുകയില്ല'' (ബുഖാരി).

വിട്ടുവീഴ്ച ചെയ്യുക

പരസ്പരം വിട്ടുവീഴ്ച കാണിക്കുക എന്നത് വ്യക്തിബന്ധം നിലനിര്‍ത്തുവാനും സമൂഹത്തിന്റെ നിലനില്‍പിന്നും കെട്ടുറപ്പിനും അനിവാര്യമാണ്. മാനുഷികമായ അബദ്ധങ്ങള്‍ക്ക് മാപ്പുകൊടുക്കാനുള്ള വിശാലമനസ്‌കത സത്യവിശ്വാസികള്‍ക്കുണ്ടാകണം.

ജാബിറുബ്‌നു അബ്ദില്ല(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും വിധിക്കുമ്പോഴും വിട്ടുവീഴ്ച കാണിക്കുന്ന അടിമക്ക് അല്ലാഹു കരുണ ചെയ്യട്ടെ'' (ബുഖാരി).

കുടുംബത്തെ രാത്രി നമസ്‌കരിക്കാന്‍ വിളിച്ചുണര്‍ത്തുക

ഏറെ മഹത്ത്വമുള്ള നമസ്‌കാരമാണ് രാത്രി നമസ്‌കാരം. അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''റമദാനിന് ശേഷം ഏറ്റവും ശ്രേഷ്ഠമായ നോമ്പ് അല്ലാഹുവിന്റെ മാസമായ മുഹര്‍റത്തിലെ നോമ്പാണ്. നിര്‍ബന്ധ നമസ്‌കാരങ്ങള്‍ക്ക് ശേഷം ഏറ്റവും ശ്രേഷ്ഠമായ നമസ്‌കാരം രാത്രിയിലെ നമസ്‌കാരമാണ്'' (മുസ്‌ലിം).

മറ്റൊരു ഹദീഥ് കാണുക: അംറുബ്‌നു ആസ്വ്(റ) നിവേദനം: നബി ﷺ  പറയുന്നതായി അദ്ദേഹം കേള്‍ക്കുകയുണ്ടായി: ''രക്ഷിതാവ് (റബ്ബ്) അടിമയുമായി ഏറ്റവും കൂടുതല്‍ അടുക്കുന്ന സമയം രാത്രിയുടെ അവസാന യാമത്തിലാകുന്നു. ആയതിനാല്‍ ആ സമയം അല്ലാഹുവിനെ ഓര്‍ക്കുന്നവരില്‍ ഉള്‍പ്പെടാന്‍ നീ ആഗ്രഹിക്കുന്നുവെങ്കില്‍ നീ അപ്രകാരം ചെയ്യുക'' (തിര്‍മുദി).

വിശ്വാസിയായ ഒരാള്‍ രാത്രി നമസ്‌കരിക്കുകയും തന്റെ കുടുംബത്തെ രാത്രി നമസ്‌കാരത്തിന് വേണ്ടി ഉറക്കില്‍ നിന്ന് വിളിച്ചുണര്‍ത്തുകയും ചെയ്താല്‍ അവന് അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുമെന്ന് നബി ﷺ  പറഞ്ഞിട്ടുണ്ട്.

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''രാത്രി എഴുന്നേല്‍ക്കുകയും നമസ്‌കരിക്കുകയും ഭാര്യയെ നമസ്‌കാരത്തിന് വേണ്ടി വിളിച്ചുണര്‍ത്തുകയും ഭാര്യ വിസമ്മതം പ്രകടിപ്പിക്കുമ്പോള്‍ മുഖത്ത് വെള്ളം കുടഞ്ഞ് അവളെ ഉണര്‍ത്തുകയും ചെയ്യുന്ന ഒരാള്‍ക്ക് അല്ലാഹു കാരുണ്യം ചെയ്യട്ടെ. രാത്രി എഴുന്നേല്‍ക്കുകയും നമസ്‌കരിക്കുകയും തന്റെ ഇണയെ രാത്രി നമസ്‌കാരത്തിനായി ഉണര്‍ത്തുകയും വിസമ്മതം കാണിക്കുമ്പോള്‍ മുഖത്ത് വെള്ളം കുടയുകയും ചെയ്യുന്ന സ്ത്രീക്കും അല്ലാഹു കാരുണ്യം ചെയ്യട്ടെ'' (അഹ്മദ്).

മത പ്രബോധനം

മതം പഠിക്കുകയും അത് മറ്റുള്ളവരിലേക്ക് എത്തിച്ചു കൊടുക്കുകയും ചെയ്താലുള്ള പ്രതിഫലം വമ്പിച്ചതാണ്. അല്ലാഹുവിന്റെ മതത്തിലേക്ക് ക്ഷണിക്കുന്നവനാണ് ഏറ്റവും നല്ല വാക്ക് പറയുന്നവന്‍. അല്ലാഹുവിന്റെ സന്ദേശം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കാനാണ് അല്ലാഹു പ്രവാചകന്മാരെ നിയോഗിച്ചത്. ആ ദൗത്യം അവരുടെ കാലശേഷം നിര്‍വഹിക്കേണ്ടവര്‍ മതം പഠിച്ചവരാണ്. അല്ലാഹുവിന്റെ മതം പ്രവാചകന്‍ പഠിപ്പിച്ചതുപോലെ ഒന്നും വിട്ടുകളയാതെയും കൂട്ടിച്ചേര്‍ക്കാതെയും എത്തിച്ചുകൊടുക്കലാണ് പണ്ഡിതന്മാരുടെ ദൗത്യം. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കും നേതാക്കന്മാരെയും അനുയായികളെയും തൃപ്തിപ്പെടുത്താനും മറ്റും പ്രമാണം പഠിപ്പിക്കുന്ന കാര്യം മറച്ചുവെക്കുക എന്നത് വമ്പിച്ച അപരാധമാണ്. പ്രമാണങ്ങളിലുള്ളത് പറയുന്ന പണ്ഡിതന്മാര്‍ മതത്തിന് ജീവന്‍ നല്‍കുന്നു. അല്ലാത്തവര്‍ മതത്തെ നിര്‍ജീവമാക്കുന്നു.  

അബ്ദുല്ലാഹ് ഇബ്‌നു മസ്ഊദ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''എന്നില്‍നിന്ന് ഒരു ഹദീഥ് കേള്‍ക്കുകയും അത് കേട്ടതുപോലെ എത്തിച്ചുകൊടുക്കുകയും ചെയ്തവന് അല്ലാഹു കാരുണ്യം ചെയ്യട്ടെ. എത്രയെത്ര പ്രബോധിതരുണ്ട്; പ്രബോധകനെക്കാള്‍ നല്ലവരായി'' (ഇബ്‌നുഹിബ്ബാന്‍).

അസ്വ്‌റിന് മുമ്പ് നാല് റക്അത്ത് നമസ്‌കരിക്കുക

അബ്ദുല്ലാഹ് ഇബ്‌നു ഉമര്‍(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''അസ്വ്‌റിന് മുമ്പ് ആരെങ്കിലും നാലു റക്അത്ത് നമസ്‌കരിക്കുകയാണെങ്കില്‍ അല്ലാഹു അവനോട് കരുണ കാണിക്കുന്നതാണ്'' (അഹ്മദ്).

അല്ലാഹുവിന്റെ കാരുണ്യം ലഭിക്കുന്നതിനുവേണ്ടി നിരന്തരം പ്രാര്‍ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുക. നാഥന്‍ അനുഗ്രഹിക്കട്ടെ.