മുസ്‌ലിംകള്‍ ഉഹ്ദിലേക്ക്

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 സെപ്തംബര്‍ 28 1441 മുഹര്‍റം 28

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 40)

നബി ﷺ  കൊടികള്‍ കെട്ടി. ഔസിന്റെ കൊടി സൈദ്ബ്‌നു ഖുളൈറിന്റെ കയ്യിലും ഖസ്‌റജ് ഗോത്രത്തിന്റെ കൊടി ഹുബാബ്ബ്‌നുല്‍ മുന്‍ദിറിന്റെ കയ്യിലും മുഹാജിറുകളുടെ കൊടി മിസ്അബ്ബ്‌നു ഉമൈറിന്റെ കയ്യിലും നല്‍കി. മദീനയുടെ ഉത്തരവാദിത്തം ഇബ്‌നു ഉമ്മി മഖ്തൂമിനെ ഏല്‍പിച്ചു. മദീനയില്‍ ബാക്കിയുള്ള ആളുകളെക്കൊണ്ട് നമസ്‌കാരം നിര്‍വഹിക്കുവാന്‍ വേണ്ടിയായിരുന്നു ഇത്. ശേഷം നബി ﷺ  തന്റെ ആയിരം അനുചരന്മാരെയും കൊണ്ട് പുറപ്പെട്ടു. രണ്ട് സഅ്ദുകള്‍ നബിയുടെ മുമ്പിലായിരുന്നു ഉണ്ടായിരുന്നത്. (സഅ്ദുബ്‌നു മുആദും സഅ്ദുബ്‌നു ഉബാദയും). അവര്‍ രണ്ടുപേരും പടയങ്കി ധരിച്ചവരായിരുന്നു. പടയങ്കി ഇല്ലാതെയാണ് ഹംസതുബ്‌നു അബ്ദുല്‍ മുത്ത്വലിബ്(റ) പുറപ്പെട്ടത്. നബി ﷺ  തന്റെ സൈന്യത്തെയും കൊണ്ട് ഇറങ്ങി. അവരുടെ കൂടെ രണ്ടു കുതിരപ്പടയാളികളും 100 പടയങ്കി ധാരികളും ഉണ്ടായിരുന്നു. ഉഹ്ദിന്റെ ഭാഗത്ത് അവര്‍ എത്തി. ശൈഖൈന്‍ എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. അവിടെ അവര്‍ തമ്പടിച്ചു. ശേഷം തന്റെ സൈന്യത്തെ മൊത്തത്തില്‍ ഒന്നു വീക്ഷിച്ചു. പ്രായപൂര്‍ത്തി ആകാത്തവരെ തിരിച്ചയച്ചു. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ), സൈദുബ്‌നു സാബിത്(റ), ഉസാമത്ബ്‌നു സൈദ്(റ), സൈദുബ്‌നു അര്‍ഖം(റ), ബര്‍റാഉബ്‌നു ആസിബ്(റ), അബൂസഈദില്‍ ഖുദ്‌രി(റ) തുടങ്ങിയവരായിരുന്നു അവര്‍.

വൈകുന്നേരമായി. നബി ﷺ  തന്റെ അനുയായികളെയും കൊണ്ട് മഗ്‌രിബ് നമസ്‌കരിച്ചു. ശേഷം ഇശാഉം നമസ്‌കരിച്ചു. രാത്രി അവിടെ കഴിച്ചു കൂട്ടി. സൈന്യത്തെ സംരക്ഷിക്കുന്നതിനു വേണ്ടി അമ്പത് ആളുകളെ തിരഞ്ഞെടുത്തു. സൈന്യത്തെ ചുറ്റി നടക്കുകയായിരുന്നു അവര്‍. മുഹമ്മദ്ബ്‌നു മസ്‌ലമ(റ)ക്കായിരുന്നു അവരുടെ നേതൃത്വം. നബി ﷺ  രാത്രിയില്‍ കിടന്നുറങ്ങി. ദക്‌വാന്‍ ഇബ്‌നു അബ്ദില്‍ ഖൈസ്(റ) ആയിരുന്നു നബി ﷺ യുടെ പാറാവിന്റെ ചുമതല ഏറ്റെടുത്തത്. നബിയില്‍ നിന്നും വേര്‍പിരിയാതെ അവിടെത്തന്നെ അദ്ദേഹം നിലക്കൊണ്ടു. പാതിരാ സമയത്തു തന്നെ നബി ﷺ  അവിടെ നിന്നും നീങ്ങി. മദീനയുടെയും ഉഹ്ദിന്റെയും ഇടയില്‍ ശൗത്വ് എന്ന് പേരുള്ള സ്ഥലത്തെത്തി. സ്വുബ്ഹി നമസ്‌കാരത്തിന് സമയമായപ്പോള്‍ ബിലാലി(റ)നോട് ബാങ്ക് വിളിക്കുവാനും ശേഷം ഇക്വാമത്ത് വിളിക്കുവാനും കല്‍പിച്ചു. നബി ﷺ  സ്വഹാബികളെയും കൊണ്ട് സ്വുബ്ഹി നമസ്‌കാരം നിര്‍വഹിച്ചു.

ഇതിനിടയില്‍ അബ്ദുല്ലാഹിബ്‌നു ഉബയ്യ്ബ്‌നു സലൂല്‍ യുദ്ധത്തില്‍ നിന്നും പിന്മാറിത്തുടങ്ങി. മുന്നൂറോളം കപടവിശ്വാസികളും അബ്ദുല്ലയുടെ കൂടെ നിന്നു. മുഹമ്മദ് എന്നെ അനുസരിക്കാതിരിക്കുകയും രണ്ടു കുട്ടികളെ അനുസരിക്കുകയും ചെയ്തു എന്നായിരുന്നു അബ്ദുല്ല പറഞ്ഞിരുന്നത്. 'അഭിപ്രായം പറയാന്‍ പോലും കഴിവില്ലാത്തവരായിരുന്നു ആ കുട്ടികള്‍. പിന്നെ എന്തിനാണ് ഞങ്ങള്‍ ഞങ്ങളെ കൊലക്കു കൊടുക്കുന്നത്. അതുകൊണ്ട് ജനങ്ങളേ, എല്ലാവരും മടങ്ങിക്കൊള്ളുക' എന്ന് അബ്ദുല്ല വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. 300 ആളുകള്‍ അയാളുടെ കൂടെ മടങ്ങിപ്പോയി. അങ്ങനെ നബിയും 700 സ്വഹാബിമാരും ബാക്കിയായി. ഈ മുനാഫിക്വുകളെ കുറിച്ചാണ് അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചത്:

''രണ്ട് സംഘങ്ങള്‍ ഏറ്റുമുട്ടിയ ആ ദിവസം നിങ്ങള്‍ക്ക് ബാധിച്ച വിപത്ത് അല്ലാഹുവിന്റെ അനുമതിയോടെത്തന്നെയാണുണ്ടായത്. സത്യവിശ്വാസികളാരെന്ന് അവന് തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. നിങ്ങള്‍ വരൂ. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ, അല്ലെങ്കില്‍ ചെറുത്ത് നില്‍ക്കുകയെങ്കിലും ചെയ്യൂ എന്ന് കല്‍പിക്കപ്പെട്ടാല്‍ യുദ്ധമുണ്ടാകുമെന്ന് ഞങ്ങള്‍ക്ക് ബോധ്യമുണ്ടായിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെ വരുമായിരുന്നു എന്ന് പറയുന്ന കാപട്യക്കാരെ അവന്‍ തിരിച്ചറിയുവാന്‍ വേണ്ടിയുമാകുന്നു അത്. അന്ന് സത്യവിശ്വാസത്തോടുള്ളതിനെക്കാള്‍ കൂടുതല്‍ അടുപ്പം അവര്‍ക്ക് അവിശ്വാസത്തോടായിരുന്നു. തങ്ങളുടെ വായ്‌കൊണ്ട് അവര്‍ പറയുന്നത് അവരുടെ ഹൃദയങ്ങളിലില്ലാത്തതാണ്. അവര്‍ മൂടിവെക്കുന്നതിനെപ്പറ്റി അല്ലാഹു കൂടുതല്‍ അറിയുന്നവനാകുന്നു'' (ക്വുര്‍ആന്‍ 3:166,167).

ഉഹ്ദില്‍ ശത്രുക്കളുമായി ഏറ്റുമുട്ടുന്നതിനു മുമ്പുതന്നെ അല്ലാഹു വിശ്വാസികളെയും കപടവിശ്വാസികളെയും വേര്‍തിരിച്ചു:

''നല്ലതില്‍ നിന്ന് ദുഷിച്ചതിനെ വേര്‍തിരിച്ചു കാണിക്കാതെ, സത്യവിശ്വാസികളേ നിങ്ങളിന്നുള്ള അവസ്ഥയില്‍ അല്ലാഹു വിടാന്‍ പോകുന്നില്ല. അദൃശ്യജ്ഞാനം അല്ലാഹു നിങ്ങള്‍ക്ക് വെളിപ്പെടുത്തിത്തരാനും പോകുന്നില്ല...''(ക്വുര്‍ആന്‍ 3:179).

ഇബ്‌നു സലൂല്‍ 300 ആളുകളെയും കൊണ്ട് പിരിഞ്ഞു പോയപ്പോള്‍ ചില സ്വഹാബിമാര്‍ പറഞ്ഞു: 'നമുക്ക് അവരോട് യുദ്ധം ചെയ്യാം'. മറ്റു ചിലര്‍ പറഞ്ഞു: 'വേണ്ട, അവരോട് യുദ്ധം ചെയ്യേണ്ടതില്ല.' അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു:

''എന്നാല്‍ കപടവിശ്വാസികളുടെ കാര്യത്തില്‍ നിങ്ങളെന്താണ് രണ്ട് കക്ഷികളാകുന്നത്? അവര്‍ സമ്പാദിച്ചുണ്ടാക്കിയത് (തിന്മ) കാരണം അല്ലാഹു അവരെ തലതിരിച്ചു വിട്ടിരിക്കുകയാണ്. അല്ലാഹു പിഴപ്പിച്ചവരെ നിങ്ങള്‍ നേര്‍വഴിയിലാക്കാന്‍ ഉദ്ദേശിച്ചിരിക്കുകയാണോ? അല്ലാഹു ഒരുവനെ പിഴപ്പിച്ചാല്‍ പിന്നെ അവന്ന് ഒരു വഴിയും നീ കണ്ടെത്തുന്നതല്ല'' (ക്വുര്‍ആന്‍ 4:88).

അബ്ദുല്ലയും അനുയായികളും സൈന്യത്തിന്റെ മൂന്നിലൊരു ഭാഗവുമായി പിരിഞ്ഞു പോയപ്പോള്‍ ബനൂസലമക്കാരും ബനൂഹാരിസയും മടങ്ങിപ്പോകുവാന്‍ ഉദ്ദേശിച്ചു. പക്ഷേ, അല്ലാഹു അവരെ സംരക്ഷിക്കുകയും ഉറപ്പിച്ചുനിര്‍ത്തുകയും ചെയ്തു. രണ്ടു ഗോത്രക്കാരും നബിയോടൊപ്പം ചേര്‍ന്നു. അവരെക്കുറിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

''നിങ്ങളില്‍ പെട്ട രണ്ട് വിഭാഗങ്ങള്‍ ഭീരുത്വം കാണിക്കാന്‍ ഭാവിച്ച സന്ദര്‍ഭം (ശ്രദ്ധേയമാണ്). എന്നാല്‍ അല്ലാഹുവാകുന്നു ആ രണ്ടു വിഭാഗത്തിന്റെയും രക്ഷാധികാരി. അല്ലാഹുവിന്റെ മേലാണ് സത്യവിശ്വാസികള്‍ ഭരമേല്‍പിക്കേണ്ടത്'' (ക്വുര്‍ആന്‍ 3:122).

അവിടെ നിന്നും നബി ﷺ  ക്വുറൈശികള്‍ക്ക് നേരെ ചലിച്ചുതുടങ്ങി. ക്വുറൈശി സൈന്യം നബിയുടെയും ഉഹ്ദിന്റെയും ഇടയിലായിരുന്നു. നബി ﷺ  ചോദിച്ചു: 'ക്വുറൈശികളിലേക്ക് എത്താതെ ഞങ്ങളെയും കൊണ്ട് ആരാണ് ഉഹ്ദിന്റെ ഭാഗത്തേക്ക് പോകുക?' അപ്പോല്‍ അബൂഖൈസമതുല്‍ ഹാരിസി(റ) പറഞ്ഞു: 'ഞാന്‍ തയ്യാറാണ് പ്രവാചകരേ.' അങ്ങനെ ഉഹ്ദിലേക്ക് ഒരു ചെറിയവഴി അവര്‍ തിരഞ്ഞെടുത്തു. ബനൂഹാരിസയുടെ പ്രദേശങ്ങളിലൂടെയും അവരുടെ കൃഷിയിടങ്ങളിലൂടെയുമാണ് അവര്‍ പോയത്. അങ്ങനെ ഉഹ്ദിന്റെ താഴ്ഭാഗത്ത് അവര്‍ എത്തി. ഉഹ്ദു മലയിലേക്കുള്ള താഴ്‌വര തുടങ്ങുന്ന ഭാഗമായിരുന്നു അത്. മദീനയിലേക്ക് അഭിമുഖീകരിച്ചു കൊണ്ട് തന്റെ സൈന്യത്തെ നബി ﷺ  ക്രമീകരിച്ചു. നബിയുടെ മുതുക് ഉഹ്ദ് മലയുടെ ഭാഗത്തേക്കായിരുന്നു. ഇടതു ഭാഗത്ത് അമ്പെയ്ത്തുകാരെ നിര്‍ത്തിയ മലയും.

ഹിജ്‌റ മൂന്നാം വര്‍ഷം ശവ്വാല്‍15ന് ശനിയാഴ്ച രാവിലെ തന്റെ അനുയായികളെ യുദ്ധത്തിനു വേണ്ടി നബി ﷺ  ഒരുക്കി. സൈന്യത്തിന്റെ വലതുഭാഗത്ത് മുന്‍ദിറുബ്‌നു അംറിനെയും ഇടതുഭാഗത്ത് സുബൈറുബ്‌നുല്‍ അവ്വാമിനെയും നിര്‍ത്തി. സുബൈറിനോട് ചേര്‍ത്തിക്കൊണ്ട് മിഖ്ദാദുബ്‌നു അംറിനെയും നിര്‍ത്തുകയുണ്ടായി. ഒരു ചെറിയ മലയുടെ മുകളില്‍ അബ്ദുല്ലാഹിബ്‌നു ജുബൈറുല്‍അന്‍സ്വാരിയെ നബി ﷺ  ഏല്‍പിച്ചു. 50 അമ്പെയ്ത്തുകാരെയും കൂടെ നിര്‍ത്തി. ഖനാത്ത് എന്ന് പേരുള്ള താഴ്‌വരയുടെ തെക്ക് വശത്തായിരുന്നു ഈ മല സ്ഥിതി ചെയ്തിരുന്നത്. പില്‍കാലത്ത് ഈ മല ജബലുര്‍റുമാത്  (അമ്പെയ്ത്തുകാരുടെ മല) എന്ന പേരില്‍ അറിയപ്പെട്ടു. ആ മലയെ കേന്ദ്രീകരിച്ചു കൊണ്ട് തന്നെ നിങ്ങള്‍ നില്‍ക്കണമെന്ന പ്രത്യേക നിര്‍ദേശവും നബി ﷺ  അവര്‍ക്കു നല്‍കി. അവരുടെ അമീറിനോടായി നബി ഇപ്രകാരം പറഞ്ഞു: ''ഞങ്ങളില്‍ നിന്നും അമ്പുകളെ നിങ്ങള്‍ സംരക്ഷിക്കണം. മലയുടെ പിന്നില്‍ നിന്നും ശത്രുക്കള്‍ അമ്പുമായി വരരുത്. യുദ്ധം നമുക്ക് അനുകൂലമാണെങ്കിലും ശരി പ്രതികൂലമാണെങ്കിലും ശരി നിങ്ങള്‍ അവിടെത്തന്നെ നില്‍ക്കണം.'' ശേഷം നബി ﷺ  അമ്പെയ്ത്തുകാരെ ഇപ്രകാരോട് പറഞ്ഞു: ''പക്ഷികള്‍ ഞങ്ങളെ റാഞ്ചിയെടുക്കുന്നത് കണ്ടാലും നിങ്ങളോട് പറയുന്നത് വരെ ആ സ്ഥാനത്ത് തന്നെ നിങ്ങള്‍ നില്‍ക്കണം. ഇനി ശത്രുക്കളെ ഞങ്ങള്‍ പരാജയപ്പെടുത്തി അവരെ ചവിട്ടി മെതിച്ചാലും ഞാന്‍ പറയുന്നത് വരെ നിങ്ങള്‍ അവിടെത്തന്നെ നില്‍ക്കണം'' (ബുഖാരി: 3039).

''(നബിയേ,) സത്യവിശ്വാസികള്‍ക്ക് യുദ്ധത്തിനുള്ള താവളങ്ങള്‍ സൗകര്യപ്പെടുത്തികൊടുക്കുവാനായി നീ സ്വന്തം കുടുംബത്തില്‍ നിന്ന് കാലത്തു പുറപ്പെട്ടുപോയ സന്ദര്‍ഭം ഓര്‍ക്കുക. അല്ലാഹു എല്ലാം കേള്‍ക്കുന്നവനും അറിയുന്നവനുമാകുന്നു'' (ക്വുര്‍ആന്‍ 3:121).

ഇതോടെ യുദ്ധക്കളത്തില്‍ ഏറ്റവും ശ്രേഷ്ഠമായ സ്ഥലത്താണ് നബി ﷺ  നിന്നത്. നബി ﷺ  തന്റെ സ്വഹാബിമാര്‍ക്ക് ധൈര്യത്തിന്റെയും ആവേശത്തിന്റെയും സന്ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു. ശത്രുവിനെ കണ്ടുമുട്ടുമ്പോള്‍ ക്ഷമയോടെ നിലകൊള്ളുവാന്‍ അവരെ പ്രേരിപ്പിച്ചു. ശേഷം നബി ﷺ  ഒരു വാള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ചോദിച്ചു: ''ഇത് ആരാണ് എന്നില്‍ നിന്നും വാങ്ങുക?'' ഞാന്‍, ഞാന്‍ എന്നു പറഞ്ഞു കൊണ്ട് എല്ലാ സ്വഹാബിമാരും കൈ നീട്ടി. 'ഈ വാളിനോടുള്ള ബാധ്യത നിര്‍വഹിക്കുന്ന രൂപത്തില്‍ ആരാണ് ഇത് വാങ്ങുക' എന്ന് നബി ﷺ  വീണ്ടും ചോദിച്ചു. അപ്പോള്‍ ആളുകളില്‍ ചിലര്‍ പിന്മാറി. ഈ സന്ദര്‍ഭത്തില്‍ സമ്മാകുബ്‌നു ഖര്‍ശ(റ) (അബുദുജാന) പറഞ്ഞു: 'ഞാന്‍ തയ്യാറാണ് പ്രവാചകരേ.'' അങ്ങനെ അദ്ദേഹം ആ വാള്‍ വാങ്ങുകയും മുശ്‌രിക്കുകളുടെ തലകള്‍ പിന്നീട് പിളര്‍ത്തുകയും ചെയ്തു (മുസ്‌ലിം: 2470).

സൈന്യത്തെ ഒരുക്കുന്ന വിഷയത്തില്‍ ക്വുറൈശി നേതാക്കന്മാര്‍ കൂടിയാലോചന നടത്തി. സാധാരണ അണികളെ നിര്‍ത്തുന്ന രൂപത്തില്‍ ക്വുറൈശികള്‍ അവരുടെ സൈന്യത്തെ തയ്യാറാക്കിത്തുടങ്ങി. സൈന്യത്തിന്റെ പൊതു നേതൃത്വം അബൂസുഫ്‌യാനിനായിരുന്നു. വലതുഭാഗം ഖാലിദ് ബ്‌നുല്‍വലീദും ഇടതുഭാഗം ഇക്‌രിമതുബ്‌നു അബീജഹലുമായിരുന്നു ഏറ്റെടുത്തത്. സ്വഫ്‌വാനു ഉമയ്യക്കായിരുന്നു കാലാള്‍പ്പടയുടെ നേതൃത്വം. അമ്പെയ്ത്തുകാരുടെ നേതൃത്വം അബ്ദുല്ലാഹിബ്‌നു അബീ റബീഅക്കായിരുന്നു. നൂറു പേരാണ് അമ്പെയ്ത്തുകാരായി ഉണ്ടായിരുന്നത്. ബനൂഅബ്ദുദ്ദാറില്‍ പെട്ട ത്വല്‍ഹത്ബ്‌നു അബീത്വല്‍ഹയായിരുന്നു പതാക വഹിച്ചത്. പതാകവാഹകരായിരുന്ന ബനൂഅബ്ദിദ്ദാറിന്റെ അടുക്കലേക്ക് അബൂസുഫ്‌യാന്‍ വന്നുകൊണ്ട് യുദ്ധത്തിന് പ്രേരിപ്പിച്ചു. കൊടി സംരക്ഷിച്ചു മുന്നേറുവാനുള്ള പ്രോത്സാഹനം നല്‍കി. അബൂസുഫ്‌യാന്‍ അവരോട് ഇപ്രകാരം പറഞ്ഞു: 'ബദ്‌റിലും നമ്മുടെ കൊടി വഹിച്ചത് ബനൂഅബ്ദുദ്ദാറുകാരായിരുന്നു. അന്ന് നമുക്ക് ബാധിച്ചതൊക്കെ നിങ്ങള്‍ കണ്ടവരാണ്. അതുകൊണ്ട് ഒന്നുകില്‍ ഞങ്ങളുടെ കൊടി സംരക്ഷിക്കണം. അല്ലെങ്കില്‍ കൊടി ഞങ്ങള്‍ക്കു വിട്ടു തരണം.' ഇതു കേട്ടതോടെ അവര്‍ക്ക് ദേഷ്യം വന്നു. അവര്‍ പറഞ്ഞു: 'നാളെ ഞങ്ങള്‍ ഏറ്റുമുട്ടിയാല്‍ ഞങ്ങള്‍ എന്തു ചെയ്യും എന്ന് നിനക്ക് അപ്പോള്‍ കാണാം.' യുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ അവര്‍ ഉറച്ചുനിന്നു. കൊടി സംരക്ഷിക്കുന്നതിനു വേണ്ടി അവരെ ചൂടുപിടിപ്പിക്കുന്ന വിഷയത്തില്‍ അബൂസുഫ്‌യാന്‍ വിജയിച്ചു.

യുദ്ധം തുടങ്ങുന്നതിനു മുമ്പ് മുസ്‌ലിം സൈന്യത്തിനിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള ശ്രമം ക്വുറൈശികള്‍ നടത്തി. അതായത്, അബൂസുഫ്‌യാന്‍ അന്‍സ്വാറുകളിലേക്ക് ഒരു ദൂതനെ അയച്ചുകൊണ്ട് ഇപ്രകാരം പറയാന്‍ ആവശ്യപ്പെട്ടു: 'അല്ലയോ ഔസ്, ഖസ്‌റജ് ഗോത്രമേ! ഞങ്ങളുടെ പിതൃവ്യപുത്രനെ ഞങ്ങള്‍ക്ക് വിട്ടുതരിക. എങ്കില്‍ യുദ്ധം ചെയ്യാതെ ഞങ്ങള്‍ നിങ്ങളില്‍ നിന്നും പിരിഞ്ഞുപോകാം. കാരണം ഞങ്ങള്‍ക്ക് നിങ്ങളുമായി യുദ്ധം ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല.' പക്ഷേ, സന്തോഷിക്കാന്‍ വകുപ്പുള്ള മറുപടിയായിരുന്നില്ല അബൂസുഫ്‌യാന് അന്‍സ്വാറുകളില്‍ നിന്നും കേള്‍ക്കേണ്ടി വന്നത്. ശക്തമായ ഖണ്ഡനം തന്നെ അവര്‍ നല്‍കി. നീചനായ അബൂആമിര്‍ അന്‍സ്വാറുകളിലേക്ക് ചെന്നു. ക്വുറൈശികളില്‍ മുസ്‌ലിംകള്‍ക്കെതിരെ പ്രതികാരദാഹം ഉണ്ടാക്കാനുള്ള ശ്രമം നടത്തിയിരുന്നത് ഇയാളായിരുന്നു. അബൂആമിര്‍ തന്റെ ആളുകളായ ഔസ് ഗോത്രക്കാരെ വിളിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: 'ഞാന്‍ അബൂആമിര്‍.' ഇത് കേട്ടപാടെ ഔസുകാര്‍ ഇപ്രകാരം പറഞ്ഞു: 'അല്ലാഹു നിനക്ക് ഒരു അനുഗ്രഹവും ചെയ്യാതിരിക്കട്ടെ.' അവര്‍ അബൂആമിറിനെ കല്ലെടുത്തെറിഞ്ഞ് ആട്ടി. രക്ഷയില്ലാതെ അബൂആമിര്‍ അവരില്‍ നിന്നും ഓടിപ്പോയി. ഇതോടെ മുസ്‌ലിം സൈന്യത്തിനിടയില്‍ ഭിന്നത ഉണ്ടാക്കുക എന്ന ക്വുറൈശികളുടെ ഗൂഢതന്ത്രം പാളിപ്പോയി. യുദ്ധം തുടങ്ങുന്നതിനു മുമ്പ് കുറെ സ്ത്രീകള്‍ യുദ്ധത്തിന് പ്രേരിപ്പിച്ചു കൊണ്ട് മുന്നോട്ടു വന്നു. അബൂസുഫ്‌യാന്റെ ഭാര്യ ഹിന്ദുബിന്‍ത് ഉത്ബ ചില സ്ത്രീകളെയും കൊണ്ട് സൈന്യങ്ങള്‍ക്കിടയിലൂടെ നടന്നു. ദഫ്മുട്ടിക്കൊണ്ടായിരുന്നു അവര്‍ നടന്നിരുന്നത്. യുദ്ധത്തിനു പ്രേരിപ്പിച്ചുകൊണ്ട് അവര്‍ പാട്ടും പാടിയിരുന്നു.