ഹമദാനി തങ്ങള്‍: പരിവര്‍ത്തനത്തിന്റെ പ്രഭ പരത്തിയ പ്രഭാഷകന്‍

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 മാര്‍ച്ച് 08 1440 റജബ് 02

നവോത്ഥാനത്തിന്റെ സന്ദേശവുമായി ഹമദാനി തങ്ങള്‍ നടത്തിയ പ്രഭാഷണങ്ങളും ക്ലാസുകളും ജനങ്ങളെ അതിയായി ആകര്‍ഷിച്ചിരുന്നു. പാണ്ഡിത്യവും വാക്ചാതുരിയും ശൈലീസൗന്ദര്യവും ആശയഗാംഭീര്യവും രചനാവൈഭവവും സംഘാടന മികവും എല്ലാം ഒത്തിണങ്ങിയ അദ്ദേഹം മുസ്‌ലിം കേരളത്തിന്റെ അപൂര്‍വ സൗഭാഗ്യങ്ങളിലൊന്നായിരുന്നു. 

'ഖിലാഫത്ത് പ്രസ്ഥാനത്തിലും നിസ്സഹകരണ പ്രസ്ഥാനത്തിലുമെല്ലാം ഹമദാനി തങ്ങള്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ആരെയും ആകര്‍ഷിക്കാന്‍ കെല്‍പുണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ക്ക്. ഒഴുക്കുള്ള ആ പ്രസംഗങ്ങളില്‍ അടിക്കടി ക്വുര്‍ആന്‍ വചനങ്ങളും നബിവചനങ്ങളും ഉദ്ധരിച്ചിരുന്നുവെന്നതാണ് ഇതിന് കാരണം.

ആലപ്പുഴ ലജ്‌നത്തുല്‍ മുഹമ്മദിയ്യയുടെ വളര്‍ച്ചക്കും വിജയത്തിനും ഹമദാനി തങ്ങളുടെ സഹായ സഹകരണങ്ങള്‍ വളരെയേറെ ഉപകരിച്ചിട്ടുണ്ട്.(1)

കേരള മുസ്‌ലിം ഐക്യസംഘമായി പിന്നീട് രൂപാന്തരപ്പെട്ട കൊടുങ്ങല്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന 'നിഷ്പക്ഷ സംഘ'ത്തിന്റെ രൂപീകരണയോഗം 1921ല്‍ എറിയാട് മൈതാനത്ത് ചേര്‍ന്നപ്പോള്‍ അതില്‍ ആധ്യക്ഷ്യം വഹിച്ചത് ഹമദാനിയായിരുന്നു. പ്രഥമ പ്രസിഡന്റായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 

കൊടുങ്ങല്ലൂര്‍ മുസ്‌ലിംകളുടെയിടയിലെ ഛിദ്രതമാറ്റി ഐക്യം സ്ഥാപിക്കലായിരുന്നു നിഷ്പക്ഷസംഘത്തിന്റെ ലക്ഷ്യം. പതിനൊന്ന് പേരാണ് തുടക്കത്തില്‍ സംഘത്തില്‍ ഉണ്ടായിരുന്നത്. പിന്നീട് അംഗങ്ങള്‍ അധികരിക്കുകയും അയല്‍പ്രദേശങ്ങളില്‍ ശാഖകള്‍ രൂപീകരിക്കുകയും ചെയ്തു.

ഹമദാനി തങ്ങള്‍ അനാരോഗ്യം കണക്കിലെടുക്കാതെ, സമുദായ നേതാക്കളുടെ കണ്ണ് തുറപ്പിക്കുവാന്‍ പര്യാപ്തമായ സുദീര്‍ഘവും അത്യജ്ജ്വലമായ ഒരു പ്രസംഗം എഴുതി വായിച്ചു. മുസ്‌ലിംകളുടെ പുരോഗതിക്ക് വിഘാതം സൃഷ്ടിക്കുന്നത് അനൈക്യവും അന്തഛിദ്രതയുമാണെന്ന് കൊടുങ്ങല്ലൂരിന്റെ അന്നത്തെ അവസ്ഥാവിശേഷം കണ്ടറിഞ്ഞ അദ്ദേഹം നിഷ്പക്ഷ സംഘത്തിന്റെ രൂപീകരണ യോഗത്തില്‍ അര്‍ഥശങ്കക്കിടയില്ലാത്ത വിധം നിരീക്ഷിക്കുകയുണ്ടായി.

അറബിഭാഷ പഠിക്കുന്നതോടൊപ്പം ആധുനിക വിദ്യാഭ്യാസവും നേടാന്‍ തന്റെ പ്രസംഗത്തില്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. ഈ പ്രസംഗം പിന്നീട് അല്‍ ഖുത്വ്ബതുല്‍ ഹമദാനിയ്യ എന്ന പേരില്‍ അറബി മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് കെ.എം.മൗലവി സാഹിബ് പ്രസിദ്ധപ്പെടുത്തി.

ഹമദാനി തങ്ങളെ കണ്ട ഇ.കെ.മൗലവി അദ്ദേഹത്തെക്കുറിച്ചെഴുതിയത് ഇങ്ങനെ വായിക്കാം:

''ഹമദാനി തങ്ങളുടെ പ്രവര്‍ത്തനകേന്ദ്രം തിരുവിതാംകൂറും കൊച്ചിയുമായിരുന്നു. അദ്ദേഹത്തെ നേരിട്ട് കണ്ട് പരിചയപ്പെടാന്‍ ഈ ലേഖകന് സാധിച്ചിട്ടുണ്ട്. സീതി സാഹിബിന്റെ ചെറുപ്പകാലത്തിലുള്ള ഉപദേശകന്‍ ഹമദാനി തങ്ങളായിരുന്നു. മലബാറില്‍ അദ്ദേഹം അധികമൊന്നും സഞ്ചരിച്ചതായി അറിയുന്നില്ല. 1920ല്‍ അദ്ദേഹം മലബാറിന്റെ ചില ഭാഗങ്ങളില്‍ പര്യടനം നടത്തി പ്രസംഗങ്ങള്‍ ചെയ്തതായി കേട്ടിട്ടുണ്ട്.''

ക്ഷണിക്കപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാന്‍ ശൈഖിന് കഴിഞ്ഞില്ലെങ്കില്‍ പോലും മുന്‍കൂട്ടി തയ്യാറാക്കി അയച്ചുകൊടുക്കുന്ന പ്രസംഗം അവിടെയെല്ലാം വായിച്ചുകേള്‍പിച്ചിരുന്നതിനാല്‍  അദ്ദേഹത്തിന് ജനങ്ങള്‍ക്ക് നല്‍കാനുള്ള സന്ദേശം യഥാസമയത്ത് നല്‍കാന്‍ കഴിഞ്ഞിരുന്നു. ഇ.കെ.മൗലവിയുടെ ഒരനുഭവം നോക്കുക:

''അറബി, മലയാളം, ഉറുദു എന്നീ ഭാഷകളില്‍ നന്നായി പ്രസംഗിച്ചിരുന്നു ഹമദാനി തങ്ങള്‍. ശൈഖുനാ കുഞ്ഞഹ്മദ് ഹാജി മര്‍ഹൂം വടകരയില്‍ ഒരു മദ്‌റസാ ഉദ്ഘാടന സമ്മേളനം വിളിച്ചുകൂട്ടുകയുണ്ടായി. അതിലേക്ക് ഹമദാനി തങ്ങളെയും ക്ഷണിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിന് എത്തിച്ചേരാന്‍ സാധിച്ചില്ല. അറബിയില്‍ ഒരു പ്രസംഗം എഴുതി അയക്കുകയാണ് ചെയ്തത്. മര്‍ഹൂം കെ.എം.മൗലവി സാഹിബ് ഉദ്ഘാടന സമ്മേളനത്തില്‍ അത് വായിച്ച് പരിഭാഷപ്പെടുത്തി.''(2)

മുസ്‌ലിംകള്‍ക്കു വേണ്ടി പ്രജാസഭയില്‍

തിരുവിതാംകൂറിലെ മുസ്‌ലിംകളുടെയും അമുസ്‌ലിംകളുടെയുമിടയില്‍ ഹമദാനി തങ്ങള്‍ക്ക് നല്ല സ്വാധീനമുണ്ടായിരുന്നു.രാജകൊട്ടാരത്തിലും അഗ്രഗണ്യമായ സ്ഥാനവും സ്വീകരണവുമാണ് അദ്ദേഹത്തിന് ലഭിച്ചിരുന്നത്.

ദിവാന്‍ ബഹാദൂര്‍സര്‍ പെരുങ്കാവൂര്‍ രാജഗോപാലാചാരി തിരുവിതാംകൂര്‍ ദിവാനായിരുന്ന കാലത്ത് മുസ്‌ലിംകള്‍ക്ക് മതിയായ പ്രാതിനിധ്യം ശ്രീമൂലം പ്രജാസഭയിലനുവദിച്ച ശേഷം അതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്ന മുസ്‌ലിം പ്രതിനിധികളില്‍ ഒരാളായിരുന്നു തങ്ങള്‍. സാമൂഹിക വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് 1911ല്‍ തങ്ങളെ നോമിനേറ്റ് ചെയ്തത്. മുസ്‌ലിം വിദ്യാര്‍ഥികളെ സ്‌കൂളുകളിലേക്ക് ആകര്‍ഷിക്കാന്‍ സ്‌കൂള്‍ സിലബസില്‍ അറബി ഉള്‍പ്പെടുത്തണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇത് അംഗീകരിക്കപ്പെടുകയും ചെയ്തു.

ഹമദാനി തങ്ങള്‍ പ്രജാസഭയിലെ അംഗത്വം ഉപയോഗിച്ച് ചെയ്ത സേവനങ്ങള്‍  'മുസ്‌ലിം' മാസിക പ്രാധാന്യപൂര്‍വം റിപ്പോര്‍ട്ടു ചെയ്തു. സ്‌കൂളുകളില്‍ മുസ്‌ലിം പെണ്‍കുട്ടികളെ കൂടി ആകര്‍ഷിക്കുവാന്‍ സാധിക്കണമെങ്കില്‍ മലയാളം, ഇംഗ്ലീഷ് ഭാഷകളോടൊപ്പം അറബി പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകം സൗകര്യമേര്‍പ്പെടുത്തണമെന്ന് അദ്ദേഹം ശ്രീമൂലം പ്രജാസഭയില്‍ വാദിക്കുകയും അത് നേടിയെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ആവശ്യം കൂടി കണക്കിലെടുത്ത് മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തി. പേരിനെങ്കിലും വിദ്യാഭ്യാസമുള്ള മുസ്‌ലിംകള്‍ക്ക് ഉദേ്യാഗം നല്‍കുക, ജുമുഅയില്‍ പങ്കെടുക്കാന്‍ മുസ്‌ലിം ഉദേ്യാഗാര്‍ഥികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും വെള്ളിയാഴ്ച ഒഴിവു കൊടുക്കുക തുടങ്ങിയ നേട്ടങ്ങളും ഹമദാനി തങ്ങളുടെ നേതൃത്വത്തില്‍ നിര്‍വഹിച്ച മുസ്‌ലിംകളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തിന്റെ വിസ്മരിക്കാനാകാത്ത നേട്ടങ്ങളില്‍ ചിലത് മാത്രമാണ്. തിരുവിതാംകൂറില്‍ മുസ്‌ലിം വിദ്യാഭ്യാസ മേഖലക്ക് പൊതുവായും മുസ്‌ലിം സ്ത്രീ വിദ്യാഭ്യാസ മേഖലക്ക് പ്രത്യേകമായും ഈ സൗകര്യങ്ങള്‍ വലിയ പ്രചോദനമായിത്തീര്‍ന്നു.

മലബാറിലെ മുസ്‌ലിം വിദ്യാഭ്യാസ സ്ഥിതി പരിതാപകരമായിരുന്ന അക്കാലത്ത് പ്രാഥമിക പാഠശാലകളില്‍നിന്നു മുഹമ്മദീയ എലിമെന്ററി സ്‌കൂളുകളെ വേര്‍തിരിച്ചു മുഹമ്മദീയ ഇന്‍സ്‌പെക്ടര്‍മാരുടെ കീഴിലാക്കുക, സബ് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍മാരെ വര്‍ധിപ്പിക്കുക, മുസ്‌ലിം ട്രെയിനിങ് സ്‌കൂളുകള്‍ സ്ഥാപിക്കുക, മുസ്‌ലിം പാഠശാലകള്‍ക്കു വേണ്ടി പുസ്തകങ്ങള്‍ എഴുതുന്നതിന് സമ്മാനങ്ങള്‍ നല്‍കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് കേരളത്തിലെ മുസ്‌ലിം പ്രതിനിധികള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണകൂടത്തിന് നല്‍കിയ നിവേദനത്തില്‍ ഉള്‍ക്കൊള്ളിച്ചിരുന്നത്. 1913ല്‍ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് 57ാം വകുപ്പ് പ്രകാരം 301ാം നമ്പര്‍ ആയി മുസ്‌ലിം വിദ്യാഭ്യാസത്തെ സംബന്ധിച്ചയച്ച സര്‍ക്കുലറിലും മുസ്‌ലിംകളോടുള്ള പ്രത്യേക സമീപനത്തെപ്പറ്റി പ്രതിപാദിച്ചിരുന്നു. അത്തരം പ്രത്യേകമായ ആനുകൂല്യങ്ങളും പ്രോത്സാഹനവും മുസ്‌ലിംകളുടെ പിന്നാക്കാവസ്ഥയും ആധുനിക വിദ്യാഭ്യാസത്തോട് അവര്‍ പുലര്‍ത്തിയിരുന്ന വിമുഖതയും പരിഗണിക്കുമ്പോള്‍ അവശ്യവും അവസരോചിതവുമായിരുന്നു.

സാമൊരിയന്‍സ് കോളേജ് പ്രിന്‍സിപ്പലായിരുന്ന ബസീല്‍ എം.ബറൊ 1881-1883ലെ വിദ്യാഭ്യാസ കമ്മീഷന്റെ മുമ്പില്‍ മാപ്പിളമാരുടെ വിദ്യാഭ്യാസപരമായ പിന്നാക്ക നിലയ്ക്കുള്ള ചില കാരണങ്ങള്‍ വിശദീകരിക്കുകയുണ്ടായി. അതില്‍ മുല്ലമാര്‍ ക്വര്‍ആന്‍ ഓതിക്കഴിയുന്നതുവരെ കുട്ടികളെ വിദ്യാലയങ്ങളിലേയക്കയക്കില്ലെന്നും കോഴിക്കോട്ടെ ഒരു പ്രാഥമിക പാഠശാലയില്‍ വളര പ്രായംചെന്ന കുട്ടികളെ കാണുകയുണ്ടായെന്നും പ്രസ്താവിച്ചിരുന്നു.(3)

രോഗത്തിലും തളരാത്ത ഐക്യയത്‌നങ്ങള്‍

''വിശ്രമമില്ലാത്ത ജീവിതം അദ്ദേഹത്തിന്റെ ആരോഗ്യം കാര്‍ന്നുതിന്നുകൊണ്ടിരുന്നു.''(4)

അനാരോഗ്യം കാരണം പില്‍ക്കാലത്ത് ശൈഖിന് ജന്മനാടായ വടുതലയില്‍ കഴിയേണ്ടിവന്നു. എന്നാല്‍ അക്കാലത്തെ കൊടുങ്ങല്ലൂരിലെ  കൊടും ക്രൂരതകളില്‍ കൊടിയ വിഷമം പ്രകടിപ്പിച്ച അദ്ദേഹം വീണ്ടും അവിടേക്ക് യാത്ര തിരിച്ചു.

ബന്ധുക്കളും സ്വന്തക്കാരുമായവര്‍ കക്ഷിതിരിഞ്ഞ് വഴക്ക് കൂടുന്ന കരാളദൃശ്യം ആരെയും കരളലിയിക്കുന്നതായിരുന്നു. പഴകിയ അറേബ്യന്‍ ഗോത്ര ദുര്‍മേദസ്സുകളെ അപ്പാടെ വിഴുങ്ങിയിരുന്ന കൊടുങ്ങല്ലൂരിലെ അനവധി ധനിക കുടുംബങ്ങള്‍ കക്ഷിവഴക്കുകളും കുടിപ്പകകളും മൂലം അവരവരുടെ ജീവിതം മാത്രമല്ല, പൊതുസമൂഹ ജീവിതംവരെ ദുസ്സഹമാക്കിയിരുന്നു. സാമൂഹിക ജീവിതത്തിന്റെ അധഃപതനത്തോടൊപ്പം ഒട്ടനവധി അനിസ്‌ലാമിക ആചാരങ്ങളും നാട്ടില്‍ നടമാടിയിരുന്നു. കൊടികുത്ത്, ചന്ദനക്കുടം നേര്‍ച്ചാഘോഷങ്ങള്‍, അക്രമകരവും അരുതാത്തതുമായ റാത്തീബുകള്‍ നടത്തല്‍, സ്തുതിമാലകള്‍ ചൊല്ലല്‍ തുടങ്ങി ചെപ്പടിപ്പണികളിലൂടെ പൗരോഹിത്യം ജനഹൃദയങ്ങളില്‍ നിന്നും ഏകദൈവ വിശ്വാസത്തെ ഏകദേശം തുടച്ചു മാറ്റിയിരുന്നു. 

സമീപപ്രദേശങ്ങളെ അപേക്ഷിച്ച് കൊടുങ്ങല്ലൂരിലെ ഭൂരിപക്ഷ സമുദായത്തിലും കടുത്ത അനാചാരങ്ങള്‍ നിലനിന്നിരുന്നു. അയിത്താചരണം കൊടുങ്ങല്ലൂരില്‍ കര്‍ശനമായിരുന്നു.  20ാം നൂറ്റാണ്ടിലെ ആദ്യദശകങ്ങളില്‍ കൊടുങ്ങല്ലൂരില്‍ നിലനിന്നിരുന്ന ഈ സാഹചര്യത്തിലേക്കാണ് പരിഷ്‌കര്‍ത്താക്കള്‍ കാലെടുത്തു വെച്ചത്. സമൂഹത്തിന്റെ ഈ ദുരവസ്ഥ മാറണമെങ്കില്‍ ഭൗതികവും മതപരവുമായ ഒരു ഉയിര്‍ത്തെഴുന്നേല്‍പ് അനിവാര്യമാണെന്ന് സല്‍ബുദ്ധിയുളളവരെല്ലാം തിരിച്ചറിഞ്ഞു.

അനാരോഗ്യം വകവെക്കാതെ കേരള മുസ്‌ലിം ഐക്യസംഘത്തിന്റെ രൂപികരണ യോഗത്തിലും ഹമദാനി തങ്ങള്‍ ഹാജരായി. കേരളത്തില്‍ മുസ്‌ലിം നവോത്ഥാനത്തിന്റെ ദീപശിഖ കൊളുത്തിയ ഹമദാനി ശൈഖിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണ നല്‍കിയിരുന്ന രണ്ട് വ്യക്തികളായിരുന്നു കൊടുങ്ങല്ലൂരില്‍ കോട്ടപ്പുറത്ത് നമ്പൂരിമഠത്തില്‍ ശീതിമുഹമ്മദ് സാഹിബും മണപ്പാട്ട് കുഞ്ഞുമുഹമ്മദ് ഹാജിയും.  മുസ്‌ലിം ഐക്യസംഘത്തിന്റെ (1922-34) സാരഥികളായിരുന്നു ഇവര്‍. തന്റെ മരണം വരെ ശീതി മുഹമ്മദ് സാഹിബ് ഐക്യസംഘത്തിന്റെ പ്രസിഡന്റും സംഘത്തിന്റെ ജനനം മുതല്‍ മരണം വരെ മണപ്പാടന്‍ അതിന്റെ ഏക ജനറല്‍ സെക്രട്ടറിയുമായിരുന്നു. 

പരിഷ്‌കര്‍ത്താക്കള്‍ വളര്‍ന്ന ഹമദാനിയുടെ പാഠശാലകള്‍

1922ല്‍ വടുതലയില്‍ വെച്ച് ആ യുഗപ്രഭാവന്‍ ഇഹലോകവാസം വെടിഞ്ഞു. എങ്കിലും അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഒന്നുകൊണ്ട് മാത്രം അദ്ദേഹം ഉഴുതുമറിച്ച കര്‍മഭൂമികകളില്‍ ക്വുര്‍ആനിക നവോത്ഥാനത്തിന്റെ വിത്തുമുളച്ച് ശാഖോപശാഖകളായി വളര്‍ന്നു പരിലസിച്ച് ദശാബ്ദങ്ങള്‍ നിലനിന്നു. സര്‍വശക്തന് സര്‍വ സ്തുതികളും! മരണശേഷവും നിലനില്‍ക്കുന്ന മഹാന്റെ പ്രവര്‍ത്തനങ്ങളുടെ സദ്ഫലങ്ങളുടെ സഞ്ചയം നാടുനീളെ കാണാം! അതില്‍ ചിലത് മാത്രം ഇവിടെ സൂചിപ്പിക്കാം.

ശ്രീമൂലം തിരുനാള്‍ മഹാരാജാവ് തിരുവിതാംകൂര്‍ ഭരിച്ചിരുന്ന കാലത്ത്, അദ്ദേഹത്തിന്റെ ദിവാനായിരുന്ന ശ്രീ.പി.രാജഗോപാലാചാരി കൊച്ചിയില്‍ നിന്നും കായല്‍മാര്‍ഗം ആലപ്പുഴയിലേക്ക് പോവുകയായിരുന്നു. ശൈഖ് മാഹിന്‍ ഹമദാനി അദ്ദേഹത്തെ കാണാനിടയാവുകയും ദിവാനുമായുള്ള പരിചയത്തിന്റെ പിന്‍ബലത്തില്‍, അരൂക്കുറ്റി കരയിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഹമദാനി ശൈഖിന്റെ ആഗ്രഹപ്രകാരം, ദിവാന്‍ വടുതല ജെട്ടിക്ക് സമീപം ഒരു വിദ്യാലയത്തിന് തറക്കല്ലിട്ടു. ഈ പ്രദേശത്തെ പ്രമുഖ ഭൂവുടമകളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ തല്‍പരരുമായ ഇടിമണലുങ്കല്‍ കുടുംബമാണ് സ്‌കൂള്‍ സ്ഥാപിക്കുന്നതിനായി സ്ഥലം സംഭാവനയായി നല്‍കിയത്. പ്രാരംഭകാലത്ത് ഒന്നു മുതല്‍ മൂന്നുവരെ ക്ലാസ്സുകളാണ് ഈ വിദ്യാലയത്തിലുണ്ടായിരുന്നത്. ഇന്ന് സ്‌കൂള്‍ സ്ഥിതിചെയ്യുന്നിടത്തേക്ക് മാറ്റിയത് 1944ലാണ്. പിന്നീട് അഞ്ചാം ക്ലാസ്സ് വരെ ഉയര്‍ത്തുകയും ചെയ്തു. പില്‍കാലത്ത്, വിദ്യാലയം ഗവണ്‍മെന്റ് ഏറ്റെടുത്ത് മറ്റത്തില്‍ ഭാഗം ഗവ: എല്‍.പി.സ്‌കൂള്‍ എന്ന് നാമകരണം ചെയ്തു(5) ആലപ്പുഴ ജില്ലയിലെ മികച്ച പൊതുവിദ്യാലയങ്ങളില്‍ ഒന്നായി ഈ വിദ്യാലയം ഇന്ന് മാറിയിട്ടുണ്ട്.

കെ.എം. സീതി സാഹിബിന്റെ പിതാവായിരുന്ന കോട്ടപ്പുറത്ത് ശീതി മുഹമ്മദ് സാഹിബിന്റെ ക്ഷണപ്രകാരം പിന്നീട് കൊച്ചിയില്‍ നിന്ന് അദ്ദേഹം കൊടുങ്ങല്ലൂരിലെത്തി. ആ അവസരത്തിലാണ് അഴീക്കോട്ട് ലജ്‌നത്തുല്‍ ഹമദാനി സമാജവും എറിയാട്ട് ലജ്‌നത്തും ഇസ്‌ലാം സംഘവും സ്ഥാപിച്ചത്. ഇവ സമൂഹത്തില്‍ അളവറ്റ മാറ്റങ്ങള്‍ സൃഷ്ടിച്ചു.

ലജ്‌നത്തുല്‍ ഹമദാനി സമാജത്തിന്റെ ഒന്നാം വാര്‍ഷികവും ആ സംഘത്തിന്റെ സ്വാധീനഫലങ്ങളും കെ.എം.സീതി സാഹിബിന്റെ തൂലികയില്‍ നിന്ന് ഇവിടെ വായിക്കാം:

''അഴീക്കോട് ലജ്‌നത്തുല്‍ ഹമദാനിയ്യ എന്ന പേരിലും  ഓരോ സാമുദായിക സംഘങ്ങള്‍ പരേതനായ ശൈഖ് മുഹമ്മദ് ഹമദാനി തങ്ങള്‍ അവര്‍കളുടെ ഉപദേശവും മാര്‍ഗദര്‍ശനവും അനുസരിച്ച് സ്ഥാപിക്കപ്പെട്ടു. മുസ്‌ലിമീങ്ങളുടെ സാമൂഹ്യവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് വഴി തെളിയിച്ചു. ലജ്‌നത്തുല്‍ ഹമദാനിയ സംഘത്തിന്റെ പ്രഥമ വാര്‍ഷികയോഗം അഴീക്കോട് കടവത്തുകടവില്‍ തയ്യാര്‍ ചെയ്യപ്പെട്ടിരുന്ന ഒരു പന്തലില്‍ വെച്ച് കേമമായി കൊണ്ടാടപ്പെട്ടു. പരേതനായ വക്കം മുഹമ്മദ് അബ്ദുല്‍ ഖാദിര്‍ മൗലവി സാഹിബ് അവര്‍കളും സ്വദേശാഭിമാനി കെ.രാമകൃഷ്ണപിള്ള അവര്‍കളും സുപ്രസിദ്ധ പ്രാസംഗികനായിരുന്ന പാലിയത്ത് ചെറിയ കുഞ്ഞുണ്ണി അച്ഛന്‍ മുതലായ പ്രധാനികളും പ്രസ്തുത യോഗത്തില്‍ സംബന്ധിച്ചത് ഞാന്‍ ഓര്‍ക്കുന്നുണ്ട്. അഴീക്കോട് മുസ്‌ലിം യുവജനസംഘം എന്ന പേരിലും ഒരു സംഘം കുറച്ചുകാലം മുസ്‌ലിം യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രാത്സാഹനം നല്‍കിക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്നതായി ഓര്‍ക്കുന്നുണ്ട്. 1921ല്‍ രൂപീകരിച്ച കൊച്ചി സംസ്ഥാന മുസ്‌ലിം വിദ്യാഭ്യാസ സംഘവും മുസ്‌ലിംകളുടെ വിദ്യാഭ്യാസ വളര്‍ച്ചയെ വളരെയധികം സഹായിച്ചിട്ടുണ്ട്.''(6)

ഇന്ന് വ്യാപകമായി കണ്ടുവരുന്ന രൂപത്തിലുള്ള മുസ്‌ലിം സ്വകാര്യ അണ്‍ എയ്ഡഡ് സ്‌കൂളുകളുടെ തുടക്കം കൊടുങ്ങല്ലൂരിലെ അഴീക്കോടാണ്. കെ.എം സീതി സാഹിബിന്റെ പിതാവായ നമ്പൂരിമഠത്തില്‍ ശീതി മുഹമ്മദാണ് 1909ല്‍ തന്റെ നാടായ അഴീക്കോട് മതവിദ്യാഭ്യാസത്തോട് കൂടിയ ഒരു മുസ്‌ലിം സ്‌കൂളിന് തുടക്കം കുറിക്കുന്നത്.

ഹമദാനി ശൈഖിന്റെ ചിന്തകളാണ് ഇതിന് ബീജാവാപം നല്‍കിയത്. പിന്നീട് സര്‍ക്കാരിനു വിട്ടുകൊടുത്ത ആ സ്‌കൂളാണ് ഇന്നത്തെ അഴീക്കോട് ഗവണ്‍മെന്റ് യു.പി.സ്‌കൂള്‍. പില്‍ക്കാലത്ത് കേരള നിയമസഭാ സ്പീക്കറായ കെ.എം സീതി സാഹിബ്, കെ.പി.സി.സി പ്രസിഡന്റായിരുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബ് തുടങ്ങിയ നിരവധി പരിഷ്‌കര്‍ത്താക്കളാണ് ഈ പാഠശാലയിലൂടെ വളര്‍ന്നുവന്നത്.

ഇ.കെ.മൗലവി ചോദിച്ചതു പോലെ; 'സാമുദായിക പരിഷ്‌കരണത്തിനു വേണ്ടി മുസ്‌ലിം യുവാക്കളെ പ്രോല്‍സാഹിപ്പിച്ചും ഇസ്‌ലാമിക സംഘങ്ങളെ സ്ഥാപിച്ചും പ്രയത്‌നിച്ച ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങളെ ആര്‍ക്ക് മറക്കുവാന്‍ കഴിയും?'(7)

കേരള മുസ്‌ലിം നവോത്ഥാന പ്രസ്ഥാനത്തിന്റെ അമരത്തിരിക്കുന്നവര്‍ക്ക് ദിശാബോധം നല്‍കുന്നതില്‍ ശൈഖ് ഹമദാനിയുടെ പങ്ക് വളരെ വ്യക്തമാണ്. ഇ.കെ.മൗലവി അത് എടുത്തു പറയുകയും ചെയ്തിട്ടുണ്ട്. ആ വരികള്‍ കാണുക:

''ഹാജി സാഹിബിന്റെ(8) പരിശ്രമഫലമായി 1912ല്‍ (1087) അഴീക്കോട് ലജ്‌നത്തുല്‍ ഹമദാനിയ്യ എന്ന പേരില്‍ ഒരു സംഘം സ്ഥാപിക്കപ്പെട്ടു. അതിന്റെ സ്ഥിരം അധ്യക്ഷന്‍ അദ്ദേഹം തന്നെയായിരുന്നു. കൊടുങ്ങല്ലൂര്‍ മുസ്‌ലിംകളുടെ ഇടയില്‍ ഒരു സാമുദായിക ഉണര്‍വുണ്ടാക്കിത്തീര്‍ക്കുന്നതിന് പ്രസ്തുത സംഘം ഏറെക്കുറെ ഉപകരിച്ചിട്ടുണ്ട്. ഈ സംഘത്തിന്റെ നടത്തിപ്പില്‍, പരിഷ്‌കൃതാശയനും പണ്ഡിതനുമായ ഒരു ഉപദേഷ്ടാവിനെ ഹാജി സാഹിബിന് ലഭിച്ചിരുന്നുവെന്നുള്ളത് പ്രത്യേകം സ്മരണീയമാണ്.ആ ഉപദേഷ്ടാവ് അശ്ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി അവര്‍കളല്ലാതെ മറ്റാരുമായിരുന്നില്ല. സാമുദായികരോഗങ്ങളെ മനസ്സിലാക്കി ഉചിതമായ ചികിത്സ നിശ്ചയിക്കുവാനുള്ള പാടവം സിദ്ധിച്ചിട്ടുള്ള ശൈഖവര്‍കളുടെ സാഹചര്യം ഹാജി സാഹിബിന്റെ ആത്മീയമായ വളര്‍ച്ചക്കും മതബോധത്തിനും സമുദായ സേവന തൃഷ്ണക്കും സാധുസംരക്ഷണ ശക്തിക്കും വളരെയധികം സഹായമായിത്തീര്‍ന്നു. വിത്തിന്റെ നന്മയും സ്ഥലത്തിന്റെ ഗുണവും കര്‍ഷകന്റെ സാമര്‍ഥ്യവും കൂടി സമ്മേളിച്ചപ്പോള്‍ വിള നന്നായിത്തീര്‍ന്നുവെന്നതില്‍ അല്‍ഭുതപ്പെടുവാനെന്തുള്ളൂ? ഒരു ഉത്തമനായ പിതാവിന്റെ കീഴില്‍ ഏത് നന്മയും സ്വീകരിക്കുവാനുള്ള സന്നദ്ധതയോടുകൂടി വളര്‍ന്നുവന്ന ഹാജി സാഹിബിന് വിദഗ്ധനായ ഒരാത്മീയ ഗുരുവിന്റെ സാഹചര്യം കൂടി ലഭിച്ചപ്പോള്‍ അദ്ദേഹം ഒരനുകരണീയനും അനുഗൃഹീതനുമായിത്തീര്‍ന്നതില്‍ അത്ഭുതപ്പെടുവാനവകാശമില്ല.(9)

ആധാര സൂചിക:

1) കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം 3, ഹമദാനി തങ്ങള്‍  ഇ.കെ.മൗലവി, അല്‍മുര്‍ശിദ് മലയാള മാസികഗ 1966 സെപ്റ്റംബര്‍, താള്‍ 6.

2) അതേ അവലംബം.

3) 'മുസ്‌ലിമീങ്ങളും കേരള സംസ്‌കാരവും,' പി.കെ.മുഹമ്മദ് കുഞ്ഞി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍. മൂന്നാം പതിപ്പ്. ഡിസംബര്‍ 2018, താള്‍ 157,158.

4) കേരള മുസ്‌ലിം ഡയരക്ടറി; ചരിത്രം, സ്ഥിതിവിവര കണക്ക്, മൂന്നാം സഞ്ചിക. ഡോ.സി.കെ.കരീം, ചരിത്രം പബ്ലിക്കേഷന്‍സ്, ഇടപ്പള്ളി. മൂന്നാം പതിപ്പ്. ഒക്ടോബര്‍ 1991, താള്‍ 418.

5) സ്‌കൂള്‍ ചരിത്രം, സ്‌കൂള്‍ വെബ്‌സൈറ്റ്.

6) 'മുസ്‌ലിംകള്‍ അന്നും ഇന്നും.' കെ.എം.സീതി സാഹിബ്. അല്‍ ഇര്‍ശാദ് പ്രത്യേക പതിപ്പ്, 1950.

7) കേരളത്തിലെ ഇസ്വ്‌ലാഹീ പ്രസ്ഥാനം 3, ഹമദാനി തങ്ങള്‍, ഇ.കെ.മൗലവി, അല്‍മുര്‍ശിദ് മലയാള മാസിക, 1966 സെപ്റ്റംബര്‍, താള്‍ 7.

8) കേരള നിയമസഭാ സ്പീക്കറായിരുന്ന കെ.എം.സീതി സാഹിബിന്റെ പിതാവ് കൊടുല്ലൂര്‍ കോട്ടപ്പുറത്ത് ഹാജി.കെ. സീതി മുഹമ്മദ് സാഹിബ്.

9) സീതി മുഹമ്മദ് ജീവചരിത്രം (1938), ഇ.കെ. മൗലവി, അവലംബം: നവോത്ഥാനത്തിന്റെ സ്മൃതിപഥങ്ങള്‍ എന്ന ഗ്രന്ഥം. എഡി.പ്രൊഫ.എം. അബ്ദുല്‍ അലി, പ്രസാധകര്‍: സംസ്‌കൃതി, ജിദ്ദ. താള്‍ 25,26.