ചാവേറാക്രമണം: ഇസ്‌ലാമിന് പറയാനുള്ളത്

അബ്ദുല്‍ മാലിക് സലഫി

2019 മാര്‍ച്ച് 02 1440 ജുമാദല്‍ ആഖിര്‍ 25

ചാവേറാക്രമണങ്ങള്‍ ഇന്ന് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ചാവേറുകള്‍ പലരാജ്യങ്ങളിലും വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കുന്നത്. ഇസ്‌ലാമിക രാജ്യങ്ങളില്‍ വരെ ചാവേറാക്രമണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. മുസ്‌ലിം പള്ളികള്‍ പോലും ഇന്നതില്‍ നിന്നൊഴിവല്ല. മദീനാ ഹറമിനടുത്തു വരെ ചാവേറാക്രമണം നടന്നത് ഈയടുത്ത കാലത്താണ്. മുസ്‌ലിം പേരുള്ളവരും അല്ലാത്തവരും ഇത്തരം ആക്രമണങ്ങളില്‍ പങ്കാളിയാകുന്നുണ്ട്. അതേസമയം ഒരു ചാവേറിന്റെ പേര് അറബിയാണെങ്കില്‍ അവന്റെ ചെയ്തികളെ ഇസ്‌ലാമിന്റെ തലയില്‍ വച്ചുകെട്ടുവാനും മൊത്തം മുസ്‌ലിംകളെ പ്രതിക്കൂട്ടില്‍ നിര്‍ത്തുവാനും പലപ്പോഴും പല ഭാഗത്തുനിന്നും ശ്രമങ്ങള്‍ നടന്നുവരാറുണ്ട്. അമേരിക്കയിലും ബ്രിട്ടനിലുമൊക്കെ നടന്നിട്ടുള്ള പല ചാവേറാക്രമണങ്ങളും നടത്തിയത് മുസ്‌ലിം പേരുള്ളവര്‍ ആയിരുന്നില്ല എങ്കിലും അതിനെ ക്രിസ്ത്യന്‍ മതത്തിലേക്കോ ജൂതമതത്തിലേക്കോ ചേര്‍ത്ത് പറയാന്‍ മാധ്യമങ്ങള്‍ തുനിഞ്ഞിട്ടില്ല. മുസ്‌ലിം പേരുള്ളവര്‍ എന്ത് നെറികേടുകള്‍ കാണിച്ചാലും ഇസ്‌ലാം അതിനു പഴികേള്‍ക്കേണ്ടി വരുന്ന അവസ്ഥ അത്ര ശുഭകരമല്ല. 

ചാവേറാക്രമണത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിംകളല്ല ഈയൊരു ആത്മഹത്യാ രീതി കണ്ടുപിടിച്ചത് എന്ന് കാണാനാവും. ക്രിസ്ത്യന്‍ പേരുള്ളവരാണ് ഇതിന്റെ തുടക്കക്കാര്‍. ശേഷം എല്ലാ മതവിഭാഗത്തില്‍ പെട്ട ആളുകളും ചാവേറുകളായി രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍ ചാവേറുകള്‍ മുസ്‌ലിം നാമധാരികള്‍ ചാവേറുകളാകുമ്പോള്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് ചാവേറുകളുടെ മതം പരിശോധിക്കുന്ന രീതിയുള്ളത്!

ചാവേറാക്രമണം എന്ന രീതി നൂറു ശതമാനവും തെറ്റാണ് എന്ന് മാത്രമല്ല നരകാവകാശിയായിത്തീരുന്ന വന്‍പാപമായിട്ടാണ് ഇസ്‌ലാം അതിനെ പഠിപ്പിക്കുന്നത്. ഇസ്‌ലാമിനെ കുറിച്ച് ശരിയായ രീതിയില്‍ മനസ്സിലാക്കിയിട്ടില്ലാത്തവരോ തെറ്റായ രീതിയില്‍ ബോധനം നല്‍കപ്പെട്ടവരോ മാത്രം ആയിരിക്കും ഇത്തരം ക്രൂരതകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ചാവേറാക്രമണം എന്തുകൊണ്ട് ഇസ്‌ലാമികമല്ല എന്നതിന്റെ തെളിവുകള്‍ നമുക്ക് പരിശോധിക്കാം.

ഒരു മനുഷ്യന്‍ സ്വന്തത്തെയോ മറ്റുള്ളവരെയോ വധിക്കാന്‍ പാടില്ല എന്നത് ഇസ്‌ലാമിക പ്രമാണങ്ങള്‍ വ്യക്തമാക്കുന്ന കണിശമായ താക്കീതാണ്. വധിക്കുന്നത് പോയിട്ട് ദേഹോപദ്രവം പോലും  വരുത്താന്‍ പാടില്ല. അല്ലാഹു പറയുന്നു:

''നിങ്ങള്‍ നിങ്ങളെത്തന്നെ കൊലപ്പെടുത്തുകയും ചെയ്യരുത്. തീര്‍ച്ചയായും അല്ലാഹു നിങ്ങളോട് കരുണയുള്ളവനാകുന്നു'' (ക്വുര്‍ആന്‍ 4:29).

സ്വന്തം ശരീരത്തെ അല്ലാഹുവിന്റെ വരദാനമായി മനസ്സിലാക്കുകയും അതിനെ പൂര്‍ണമായ അര്‍ഥത്തില്‍ സംരക്ഷിക്കുകയുമാണ് ഒരു യഥാര്‍ഥ വിശ്വാസി ചെയ്യേണ്ടത്. ശരീരത്തിന് ഹാനികരമാകുന്ന ഒരു പ്രവര്‍ത്തനവും വിശ്വാസികളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുത്. അതുകൊണ്ടാണ് മദ്യം, മയക്കുമരുന്ന്, മറ്റു ലഹരിപദാര്‍ഥങ്ങള്‍, ശരീരത്തിന് ദോഷകരമാകുന്ന വിഷാംശങ്ങള്‍... മുതലായവയൊന്നും ഒരു വിശ്വാസിക്ക് ഉപയോഗിക്കാന്‍ പാടില്ല എന്ന് മതം പഠിപ്പിച്ചിട്ടുള്ളത്. സ്വന്തം ശരീരത്തിന്റെ വിഷയത്തില്‍ തികഞ്ഞ ജാഗ്രത കൈക്കൊള്ളുന്നവനായിരിക്കും വിശ്വാസി. എങ്കില്‍ ഒരു യഥാര്‍ഥ വിശ്വാസിക്ക് എങ്ങനെയാണ് സ്വന്തം ശരീരത്തെ തന്നെ കുരുതി കൊടുക്കാന്‍ കഴിയുക? എങ്ങനെയാണത് വിശ്വാസപരമായി ശരിയാവുക? അനിവാര്യമായ ഘട്ടത്തില്‍ നടത്തുന്ന യുദ്ധവേളയില്‍ പോലും സ്വന്തം ശരീരത്തെ സംരക്ഷിക്കുവാനാവശ്യമായ ഒരുക്കവും ജാഗ്രതയും പാലിക്കണമെന്നാണ് ഇസ്‌ലാം നിര്‍ദേശിക്കുന്നത്. അത്‌കൊണ്ടുതന്നെ പടയങ്കി, പടച്ചട്ട എന്നിവ (ലഭ്യമാണെങ്കില്‍) സ്വീകരിച്ചുകൊണ്ടേ യുദ്ധത്തിനു പോകാന്‍ പാടുള്ളൂ. ചാവേറായി മരിക്കല്‍ ആണ് യുദ്ധം കൊണ്ടുള്ള ലക്ഷ്യമെങ്കില്‍ ബദ്‌റിലേക്ക് പോയ ആരും തിരിച്ചു വരികയില്ലായിരുന്നു.

സ്വന്തം ശരീരത്തെ കുരുതികൊടുക്കുന്ന പ്രവര്‍ത്തനമാണ് അഥവാ ആത്മഹത്യയാണ് യഥാര്‍ഥത്തില്‍ ചാവേറാക്രമണം. ആത്മഹത്യ തിന്മയാണ് എന്ന കാര്യത്തില്‍ സംശയമില്ല. ആത്മഹത്യ ചെയ്തവര്‍ക്കുള്ള ശിക്ഷ പ്രവാചകന്‍ ﷺ പഠിപ്പിച്ചത് ഇപ്രകാരമാണ്:

''ആരെങ്കിലും ഒരു കത്തികൊണ്ട് തന്റെ ശരീരത്തെ ഹനിച്ചാല്‍ അവന്‍ നരകത്തില്‍ ആ കത്തി പിടിച്ചുകൊണ്ട് തന്റെ വയറ്റില്‍ കുത്തിക്കൊണ്ടിരിക്കും. ഈ അവസ്ഥയില്‍ അവന്‍ നരകത്തില്‍ ശാശ്വതമായിരിക്കും'' (സ്വഹീഹുല്‍ ബുഖാരി: 5442).

''ആരെങ്കിലും സ്വന്തം ശരീരത്തെ എന്തുകൊണ്ടെങ്കിലും ഹനിച്ചാല്‍ അവന്‍ നരകത്തില്‍ അതുകൊണ്ടുതന്നെ ശിക്ഷിക്കപ്പെടുന്നതാണ്'' (സ്വഹീഹ് മുസ്‌ലിം: 110).

അപ്പോള്‍ വിഷം കഴിച്ച് മരിച്ചവനും ആയുധമുപയോഗിച്ച്  ആത്മഹത്യ ചെയ്തവനും കത്തികൊണ്ട് മുറിവുണ്ടാക്കി മരിച്ചവനും നരകാവകാശിയാണെന്നതു പോലെ ചാവേറായി മരിച്ചവനും നരകാവകാശിയായിരിക്കും. ചാവേര്‍ നിരപരാധികളെ കൂടി കൊന്നൊടുക്കുന്നു എന്നതിനാല്‍ അയാളുടെ തെറ്റിന്റെ വ്യാപ്തി വര്‍ധിക്കുകയാണ് ചെയ്യുന്നത്. അത്തരക്കാര്‍ സ്വര്‍ഗീയ സുഖജീവിതമല്ല, നരകത്തിലെ കഠിന ശിക്ഷയാണ് അനുഭവിക്കുക. 

പ്രവാചകന്റെ കാലഘട്ടത്തില്‍ നടന്ന ഒരു യുദ്ധത്തില്‍ നല്ല രീതിയില്‍ യുദ്ധം ചെയ്തുകൊണ്ടിരുന്ന ഒരു മനുഷ്യനെ നോക്കി പ്രവാചകാനുചരന്മാരില്‍ ചിലര്‍ നല്ല വാക്കുകള്‍ പറഞ്ഞപ്പോള്‍, അയാള്‍ നരകാവകാശിയാണ് എന്ന് പ്രവാചകന്‍ പ്രതിവചിച്ചു. ഇതു കേട്ട് അത്ഭുതം കൂറിയ അനുചരന്മാര്‍ക്ക് പിന്നീട് കാണാന്‍ കഴിഞ്ഞത് ആ യുദ്ധത്തില്‍ സംഭവിച്ച പരിക്കുമൂലം വേദന സഹിക്കാനാവാതെ വാള്‍ നിവര്‍ത്തിവച്ച് അതിലേക്ക് കമഴ്ന്ന് വീണ് അയാള്‍ ആത്മഹത്യ ചെയ്യുന്നതാണ്.(ബുഖാരി 6606).

 അയാളെ നരകാവകാശിയായാണ് പ്രവാചകന്‍ ﷺ പരിചയപ്പെടുത്തിയത് എന്നിരിക്കെ ചാവേറുകള്‍ ഏതു സ്വര്‍ഗം കൊതിച്ചുകൊണ്ടാണ് മരണം വരിക്കുന്നത്? ഏതു ഹൂറികളെ ആണ് സ്വര്‍ഗത്തില്‍ അവര്‍ പ്രതീക്ഷിക്കുന്നത്? ഏതു സ്വര്‍ഗത്തിലെ പരിമളമാണ് അവര്‍ക്ക് ലഭിക്കുക? ആത്മഹത്യ ചെയ്തവര്‍ക്കു വേണ്ടി പ്രവാചകന്‍ ﷺ മയ്യിത്തുനമസ്‌കാരം പോലും നിര്‍വഹിക്കാറുണ്ടായിരുന്നില്ല എന്നത് ആ തെറ്റിന്റെ ഗൗരവം സൂചിപ്പിക്കുന്നു.

സ്വര്‍ഗം കൊതിപ്പിച്ചും സ്വര്‍ഗീയ അനുഭവങ്ങളെക്കുറിച്ച് പ്രതീക്ഷ നല്‍കിയും ചെറുപ്പക്കാരെ ഇത്തരത്തിലുള്ള ആത്മഹത്യരീതിയിലേക്ക് തള്ളിവിടുന്നവരും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ശത്രുക്കളാണ് എന്നതില്‍ സംശയമില്ല. 

അസ്വ്ഹാബുല്‍ ഉഖ്ദൂദിന്റെ സംഭവത്തിലെ കുഞ്ഞിന്റെ ചരിത്രം ഇത്തരക്കാര്‍ പലപ്പോഴും വളച്ചൊടിച്ച് അവതരിപ്പിക്കാറുണ്ട്. യഥാര്‍ഥത്തില്‍ ആ കുട്ടി ആത്മഹത്യ ചെയ്തതല്ല; ഭരണാധികാരികള്‍ ആ കുഞ്ഞിനെ വധിച്ചു കളഞ്ഞതാണ് എന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. 

അല്‍ബറാഅ് ഇബ്‌നു മാലിക്(റ) യമാമ യുദ്ധത്തില്‍, എന്നെ ശത്രുക്കളുടെ കോട്ടക്കുളളിലേക്ക് നിങ്ങള്‍ എറിയണം എന്നു പറഞ്ഞതും ഈ വിഷയത്തില്‍ തെളിവല്ല. കാരണം അദ്ദേഹം കോട്ടക്കുള്ളില്‍ കയറി ശത്രുക്കളുടെ വെട്ടുകള്‍ ഏല്‍ക്കുകയുണ്ടായെങ്കിലും അദ്ദേഹം കോട്ടയുടെ വാതില്‍ തുറന്ന് മുസ്‌ലിം സൈന്യത്തിന് ഉള്ളിലേക്ക് കയറാന്‍ അവസരം ഒരുക്കിക്കൊടുത്തു. അല്ലാതെ അദ്ദേഹം ആത്മഹത്യ ചെയ്യാന്‍ കോട്ടയിലേക്ക് ചാടിയതല്ല.

തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്കുവേണ്ടി ചാവേര്‍ ആകുന്നവര്‍ ബറാഅ് ഇബ്‌നു മാലികിനെ ഉദ്ധരിക്കുന്നത് കടുത്ത അനീതിയാണ് എന്നു വ്യക്തം. പ്രവാചകന്‍ ﷺക്ക് കുറെ യുദ്ധങ്ങള്‍ ചെയ്യേണ്ടിവന്നിട്ടുണ്ട്. എമ്പാടും ശത്രുക്കളും പ്രവാചകന് ഉണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന് അനുചന്മാരും പ്രവാചകന്റെ അടുക്കല്‍ ഉണ്ടായിരുന്നു. ഒരു അനുചരനെ (സ്വഹാബിയെ) പോലും ചാവേറായി പ്രവാചകന്‍ ﷺ പറഞ്ഞയച്ചതിന് യാതൊരു രേഖയും പ്രമാണങ്ങളില്‍ കാണുക സാധ്യമല്ല.

അതുകൊണ്ടുതന്നെയാണ് ഈയൊരു വിഷയം ലോകത്ത് സംഭവിച്ചപ്പോള്‍ ഇസ്‌ലാമിക പണ്ഡിതന്മാര്‍ അതിനെതിരെ ശക്തമായ മുന്നറിയിപ്പുകളുമായി രംഗത്തുവന്നിട്ടുള്ളത്.

ശൈഖ് ഇബ്‌നുബാസ്, ശൈഖ് അല്‍ബാനി, ശൈഖ് ഉഥൈമീന്‍ എന്നിവരെ പോലുള്ള ആധുനികകാല പണ്ഡിതശ്രേഷ്ഠര്‍ ഈ വിഷയത്തില്‍ ഒരേ ഫത്‌വയാണ് നല്‍കിയിട്ടുള്ളത്. ഇത്തരത്തിലുള്ള ആത്മഹത്യ സ്‌കോഡുകളും ചാവേര്‍ ആക്രമണങ്ങളും അനിസ്‌ലാമികവും വന്‍പാപവുമാണ് എന്നാണ് അവരെല്ലാം രേഖപ്പെടുത്തിയിട്ടുള്ളത്. നാം നേരത്തെ കണ്ട ക്വുര്‍ആന്‍ സൂക്തങ്ങളും പ്രവാചക വചനങ്ങളും തന്നെയാണ് അവര്‍ ഈ വിഷയത്തില്‍ തെളിവായി ഉദ്ധരിക്കുന്നത്.

ഇബ്‌നു ഉഥൈമീന്‍(റഹ്) പറയുന്ന വാക്കുകള്‍ ഏറെ ശ്രദ്ധേയമാണ്: ''ഇസ്‌ലാമിലെ ജിഹാദ് എന്ന് പറഞ്ഞാല്‍ അത് മുസ്‌ലിംകള്‍ക്കും ഇസ്‌ലാമിനും സംരക്ഷണത്തിന് വേണ്ടി ഉള്ളതാണ്. എന്നാല്‍ ഇവര്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും മുറിവുകള്‍ ഏല്‍പിക്കുകയാണ് ചെയ്യുന്നത്. ഏതെങ്കിലും ഒരാളുടെ ആത്മഹത്യകൊണ്ട് ഒരുപാട് മുസ്‌ലിംകള്‍ക്ക് ദോഷം ഉണ്ടാകുന്നുണ്ട്. ശത്രുക്കള്‍ക്കുണ്ടാവുന്നതിനെക്കാള്‍ എത്രയോ നഷ്ടം അതിലൂടെ മുസ്‌ലിംകള്‍ക്ക് ഉണ്ടാവുകയും ചെയ്യുന്നു. ഫലസ്തീനിലും മറ്റും നാം എത്രയോ ഇത് കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഇത് അനുവദനീയമാണ് എന്ന് പറയുന്നവര്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല. ഇതുകൊണ്ട് ഉണ്ടാകുന്ന വിപത്തുകള്‍ വിവരണാതീതമാണ്'' (മജ്മഉ ഫതാവാ വ റസാഇല്‍ 25/358).

ഏതു വിഷയത്തിലുമെന്നപോലെ ഈ വിഷയത്തിലും സലഫീ പണ്ഡിതന്മാരുടെ ഫത്‌വകളും കൃതികളും തന്നെയാണ് ഈ വിഷയത്തിലും ലോകത്തിന് ശരിയായ കാഴ്ചപ്പാട് നല്‍കിയിട്ടുള്ളത്. 

ഇവ്വിഷയകമായി സലഫീ പണ്ഡിതന്മാരുടെ ഫത്‌വകള്‍ ക്രോഡീകരിച്ച് ഇറക്കിയ കൃതിയാണ് 'ഫതാവല്‍ അഇമ്മഃ ഫിന്നവാസിലില്‍ മുദ്‌ലഹിമ.' ഗള്‍ഫ് മേഖലയില്‍ ഈ കൃതി വ്യാപകമായ തോതില്‍ സൗജന്യമായി വിതരണം ചെയ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഇഖ്‌വാനുല്‍ മുസ്‌ലിമൂന്റെ തലപ്പത്തുള്ള ചിലര്‍ ഈ വിഷയത്തില്‍ നല്‍കിയ തത്ത്വദീക്ഷയില്ലാത്ത ഫത്വകള്‍ കൊണ്ട് മുസ്‌ലിംകള്‍ക്ക് പറ്റിയ പരിക്ക് ചെറുതല്ല. പ്രമാണങ്ങള്‍ പരിശോധിക്കുന്ന ആര്‍ക്കും ഇത്തരം വാദങ്ങളുടെ നിരര്‍ഥകത ബോധ്യപ്പെടും. 

ചുരുക്കത്തില്‍, ചാവേറാക്രമണം ആരു ചെയ്താലും അത് മതപരമായും സാമൂഹികമായും വലിയ തിന്മ തന്നെയാണ്. ഇസ്‌ലാമികമായി ഈ പ്രവര്‍ത്തനത്തെ ന്യായീകരിക്കാവുന്ന ഒരു തെളിവും  ഇസ്‌ലാമിക അധ്യാപനങ്ങളില്‍ കാണുവാന്‍ സാധ്യമല്ല. എന്നിരിക്കെ എവിടെയെങ്കിലും ആരെങ്കിലും ചാവേറായി പൊട്ടിത്തെറിക്കുമ്പോള്‍ അതിനെ ഇസ്‌ലാമിലേക്ക് വലിച്ചുകെട്ടാനുള്ള പ്രവണത തീര്‍ത്തും അന്യായമാണ്, അക്രമമാണ്. വികാരമല്ല വിവേകമാണ് മനുഷ്യനെ നയിക്കേണ്ടത് എന്ന തത്ത്വമാണ് ഇസ്‌ലാമിന്റെ അടിത്തറ. ചാവേറുകളുടെ പേരില്‍ മുസ്‌ലിംകളെ അധിക്ഷേപിക്കുന്നവര്‍ കാര്യം മനസ്സിലാക്കുക. മനസ്സിലാക്കിയിട്ടും ആക്ഷേപിക്കുന്നത് തീര്‍ത്തും അന്യായം തന്നെ!