ക്വുര്‍ആനിന്റെ മാസം

അബ്ദുല്‍ മാലിക് സലഫി

2019 മെയ് 11 1440 റമദാന്‍ 06

അറബി മാസങ്ങളിലെ ഒമ്പതാമത്തെ മാസമാണ് റമദാന്‍. നിരവധി പ്രത്യേകതകള്‍ കൊണ്ട് സവിശേഷമായ മാസം. അതില്‍ ഏറ്റവും മുന്തിയത്, ലോകാവസാനം വരേക്കുമുള്ളവര്‍ക്ക്  മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ വിശുദ്ധ ഗ്രന്ഥമായ 'അല്‍ക്വുര്‍ആന്‍' അവതരിച്ചു തുടങ്ങിയത് റമദാനിലാണ് എന്നതാണ്. ക്വുര്‍ആനിന്ന് പുറമെയുള്ള, ക്വുര്‍ആനില്‍ പേര് പരാമര്‍ശിക്കപ്പെട്ട മറ്റു മൂന്നു വേദഗ്രന്ഥങ്ങളുടെയും അവതരണം റമദാനിലായിരുന്നു എന്ന് കാണാനാവും. 

'ഇബ്‌റാഹീമിന്റെ ഏടുകള്‍' റമദാനിന്റെ ആദ്യരാവിലും 'തൗറാത്ത്' റമദാനില്‍ നിന്ന് ആറു രാവുകള്‍ പിന്നിട്ട ശേഷവും 'ഇഞ്ചീല്‍' റമദാനില്‍ നിന്ന് 13 രാവുകള്‍ പിന്നിട്ട ശേഷവും 'സബൂര്‍' റമദാനില്‍ നിന്ന് 18 കഴിഞ്ഞ ശേഷവുമാണ് അവതരിക്കപ്പെട്ടത് എന്ന രീതിയിലുള്ള ഹദീഥുകള്‍ (സില്‍സിലതുസ്സ്വഹീഹ: 1575) കാണാനാവും. അന്തിമ വേദഗ്രന്ഥവും മുന്‍വേദങ്ങളുടെ സാരാംശവുമായ ക്വുര്‍ആനിന്റെ അവതരണവും റമദാനില്‍ തന്നെയാണല്ലോ ഉണ്ടായത്.

അല്ലാഹു പറയുന്നു: ''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്തതെളിവുകളായി കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍'' (2:185). 

അപ്പോള്‍, ക്വുര്‍ആനെന്ന മഹത്തായ അനുഗ്രഹം മാലോകര്‍ക്ക് ലഭ്യമായ മഹനീയ മാസമാണിത്. സ്വര്‍ഗവഴിയും നരകവഴിയും വേര്‍തിരിക്കപ്പെട്ടതും ഈ മാസത്തില്‍ തന്നെയാണ്. ലോകരുടെ ചിന്താമണ്ഡലത്തില്‍ വിപ്ലവത്തിന്റെ ചുഴലിക്കാറ്റുകള്‍ സൃഷ്ടിക്കപ്പെട്ടതും 'ഇക്വ്‌റഅ്' എന്നു തുടങ്ങുന്ന അക്ഷര വിപ്ലവത്തിന്റെ പ്രഥമ ദിനവും റമദാനില്‍ തന്നെയായിരുന്നു. ക്വുര്‍ആനിന്റെ അവതരണത്തിന് വിവിധ ഘട്ടങ്ങള്‍ ഉള്ളതായി കാണാനാവും. ലൈലതുല്‍ ക്വദ്‌റിന്റെ രാവില്‍, ബൈത്തുല്‍ ഇസ്സയിലേക്ക് അവതരിപ്പിക്കപ്പെട്ടുവെന്നും അവിടെനിന്ന് 23 വര്‍ഷത്തെ കാലയളവില്‍ വിവിധ ഘട്ടങ്ങളായി പ്രവാചകനിലേക്ക് അത് ഇറക്കപ്പെട്ടു എന്നുമാണ് പ്രമാണങ്ങളില്‍ നിന്ന് ഗ്രഹിക്കാനാവുന്നത്.

റമദാനിന്റെ എല്ലാ രാവിലും ജിബ്‌രില്‍(അ) റസൂലിന്റെ ﷺ  അടുക്കല്‍ വരാറുണ്ടായിരുന്നു. ക്വുര്‍ആന്‍ പാഠം നോക്കലും പഠിപ്പിക്കലും എല്ലാ രാവിലും നടക്കുകയും ചെയ്തിരുന്നു (ബുഖാരി). 

ഈ ഹദീഥ് വിശദീകരിക്കവെ ഇബ്‌നുറജബ്(റഹ്) പറയുന്നത് കാണുക:''റമദാനിലെ ക്വുര്‍ആന്‍ പഠനം പ്രത്യേകം പുണ്യമേറിയതാണെന്ന് ഈ ഹദീഥ് വിളിച്ചോതുന്നുണ്ട്. തന്നെക്കാള്‍ ക്വുര്‍ആന്‍ മനഃപ്പാഠമുള്ളവര്‍ക്ക് മുന്നില്‍ ക്വുര്‍ആന്‍ ഓതിക്കേള്‍പ്പിക്കലും അതിനായി ഒരുമിക്കലും നല്ലതാണ് എന്നും ഇതില്‍ നിന്ന് ഗ്രഹിക്കാവുന്നതാണ്. റമദാനില്‍ കൂടുതലായി ക്വുര്‍ആന്‍ പാരായണം നടത്തണം എന്നതിനും തെളിവാണ് ഈ ഹദീഥ്'' (ലത്വാഇഫുല്‍ മആരിഫ്).

മുന്‍ഗാമികള്‍ ക്വുര്‍ആനിനെ ഈ മാസത്തില്‍ വാരിപ്പുണര്‍ന്നതിന്റെ പുളകമണിയിക്കുന്ന ചരിതങ്ങള്‍ എത്രയോ ഉണ്ട്. ഇമാം അബൂഹനീഫ(റഹ്)യും ശാഫിഈ(റഹ്)യുമൊക്കെ റമദാനില്‍ ദശക്കണക്കിന് തവണ ക്വുര്‍ആന്‍ പൂര്‍ണമായി ഓതിത്തീര്‍ക്കാറുണ്ടായിരുന്നുവത്രെ! റമദാന്‍ ആഗതമായാല്‍ ഇമാം മാലിക് (റഹ്) ഹദീഥ് ക്ലാസ്സുകള്‍ അവസാനിപ്പിച്ച് ക്വുര്‍ആനിലേക്ക് മാത്രം ശ്രദ്ധതിരിക്കാറുണ്ടായിരുന്നുവെന്ന് കാണാം. റമദാനും ക്വുര്‍ആനും പരലോകത്ത് അതിന്റെ ആളുകള്‍ക്കായി സാക്ഷിപറയും എന്ന നബിവചനം (സ്വഹീഹുല്‍ ജാമിഅ്: 3882) റമദാന്‍ എത്രയാണ് ക്വുര്‍ആനിനോട് ചേര്‍ന്നു നില്‍ക്കുന്നത് എന്നതിലേക്കുള്ള ഒരു ചൂണ്ടുപലകയാണ്. അതിനാല്‍ റമദാനില്‍ ക്വുര്‍ആന്‍ പഠന-പാരായണത്തിനു വേണ്ടി ഒരു അജണ്ട നാം തയ്യാറാക്കിയേ മതിയാവൂ. ഒരു തവണയെങ്കിലും ഓതിത്തീര്‍ക്കാന്‍ നമുക്ക് സാധ്യമാവുന്നില്ല എങ്കില്‍ ഏറെ കഷ്ടം തന്നെയാണ് നമ്മുടെ കാര്യം!

മറ്റെല്ലാ കാര്യങ്ങള്‍ക്കും ഇഷ്ടംപോലെ സമയമുണ്ട്. ക്വുര്‍ആന്‍ പാരായണം ചെയ്യാന്‍ മാത്രം സമയമില്ല എന്നാണെങ്കില്‍ അതൊരു അപായ സൂചനയാണ്. ക്വുര്‍ആന്‍ പാരായണത്തില്‍ മാത്രം ഒതുങ്ങാതെ പാരാവാരം കണക്കെയുള്ള ക്വുര്‍ആനിന്റെ ചിന്താമേഖലകളിലേക്കും ഇറങ്ങേണ്ട സമയമാണ് റമദാന്‍. ആയത്തുകള്‍ കേവല പാരായണത്തിന് തന്നെ പുണ്യം ലഭിക്കും എങ്കിലും ക്വുര്‍ആനിന്റെ അവതരണ ലക്ഷ്യം പാരായണത്തില്‍ ഒതുങ്ങിനില്‍ക്കുന്നതല്ലല്ലോ.

അല്ലാഹു പറയുന്നു: ''നിനക്ക് നാം അവതരിപ്പിച്ചു തന്ന അനുഗൃഹീത ഗ്രന്ഥമാണിത്. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.''

നബി ﷺ യില്‍ ഇക്കാര്യത്തിലും നമുക്ക് മാതൃകയുണ്ട്. ഒരൊറ്റ ആയത്ത് ആവര്‍ത്തിച്ചോതി രാത്രിനമസ്‌കാരങ്ങള്‍ പൂര്‍ത്തീകരിച്ച സംഭവങ്ങള്‍ എമ്പാടുമുണ്ട്. പ്രസ്തുത വചനത്തിന്റെ ആഴങ്ങളിലേക്ക് മനസ്സിനെ നയിച്ച് അതിലെ ആത്മീയമായ ഊര്‍ജവും അനുഭവങ്ങളും അടുത്തറിഞ്ഞ് ഒരു സഞ്ചാരം തന്നെയായിരിക്കും പ്രവാചകന്റെ രാത്രിനമസ്‌കാരങ്ങള്‍ എന്നത്. ക്വുര്‍ആനിന്റെ ആഴങ്ങളിലേക്കിറങ്ങുന്നവര്‍ക്കുണ്ടാകുന്ന ആത്മീയ രംഗത്തെ ഉണര്‍വും ഉയര്‍ച്ചയും ഇത് അടയാളപ്പെടുത്തുന്നുണ്ട്. സ്വഹാബത്തിന്റെ ക്വുര്‍ആന്‍ പഠനവും ക്രമപ്രവൃദ്ധമായിരുന്നല്ലോ.

ക്വുര്‍ആനിനനുസരിച്ചുള്ള കര്‍മങ്ങളാണ് ക്വുര്‍ആന്‍ പഠനത്തെ അര്‍ഥപൂര്‍ണമാക്കുന്നത്. ഇബ്‌നു മസ്ഊദ്(റ) പറഞ്ഞത് ശ്രദ്ധേയമാണ്: ''ഞങ്ങള്‍ക്ക് ക്വുര്‍ആനിന്റെ അക്ഷരങ്ങള്‍ മനഃപാഠമാക്കുന്നതിലാണ് പ്രയാസമുണ്ടായിരുന്നത്. അതനുസരിച്ചുള്ള പ്രവര്‍ത്തനം ലളിതമായിരുന്നു. എന്നാല്‍ ഞങ്ങള്‍ക്കു ശേഷമുള്ളവര്‍ക്ക് മനഃപാഠം എളുപ്പമായിരിക്കും. അതനുസരിച്ചുള്ള പ്രവര്‍ത്തനം കഠിനവുമായിരിക്കും'' (തഫ്‌സീര്‍ ക്വുര്‍തുബി). എത്ര ആഴമുള്ള വാക്കുകളാണിത്!

ക്വുര്‍ആനിലേക്ക് അടുക്കുമ്പോഴാണ് നാം അല്ലാഹുവിലേക്കടുക്കുന്നത്. റമദാനിന്റെ പുണ്യരാവുകളില്‍ പടച്ചവനിലേക്ക് അടുക്കാന്‍ കൊതിക്കുന്നവരുടെ മുന്നിലുള്ള പ്രയാസരഹിതമായ വഴിയാണ് ക്വുര്‍ആന്‍ എന്നത്. അത് അല്ലാഹുവിന്റെ സംസാരമാണ്. നമ്മെയാണ് അല്ലാഹു 'വിശ്വാസികളേ' എന്ന് വിളിച്ചത്. നമ്മെയാണ്  'മനുഷ്യരേ'  എന്ന് അല്ലാഹു അഭിസംബോധന നടത്തിയത്. അതിനാല്‍ റമദാന്‍ ക്വുര്‍ആനിന്റെതാണ്. ക്വുര്‍ആന്‍ റമദാനിന്റെതുമാണ്.