പങ്കുവയ്ക്കാം പകുത്ത് നല്‍കാം

നബീല്‍ പയ്യോളി

2019 ആഗസ്ത് 17 1440 ദുല്‍ഹിജ്ജ 16

മനുഷ്യന്‍ ഒരു സാമൂഹ്യ ജീവിയാണ്. ചുറ്റുമുള്ളതിനെ ആശ്രയിച്ചു കഴിയുക എന്നതാണ് മനുഷ്യ പ്രകൃതി. ഞാന്‍ ഒന്നിനെയും ആശ്രയിക്കാതെ ജീവിക്കും എന്ന് പറയാന്‍ മനുഷ്യര്‍ക്ക് സാധ്യമല്ല. ലോകത്തിന്റെ സ്രഷ്ടാവും സംരക്ഷകനുമായ അല്ലാഹു മനുഷ്യനെയും ഇതര ജീവികളെയും സൃഷ്ടിച്ചത് അങ്ങനെയാണ്.

''ഭൂമി മുളപ്പിക്കുന്ന സസ്യങ്ങളിലും അവരുടെ സ്വന്തം വര്‍ഗങ്ങളിലും അവര്‍ക്കറിയാത്ത വസ്തുക്കളിലും പെട്ട എല്ലാ ഇണകളെയും സൃഷ്ടിച്ചവന്‍ എത്ര പരിശുദ്ധന്‍!'' (യാസീന്‍: 36).

പരസഹായം ഇല്ലാതെ ജീവിതം അസാധ്യമാണ് എന്നതാണ് യാഥാര്‍ഥ്യം. സര്‍വത്ര സ്വാര്‍ഥത വാഴുന്ന ലോകത്ത് പരസ്പര സഹായങ്ങള്‍ യാന്ത്രികമാകുന്നു എന്ന് വേണം കരുതാന്‍. ഞാന്‍, എനിക്ക് എന്നതിനപ്പുറം നമുക്ക് എന്ന് പറയാനും ചിന്തിക്കാനും ലോകം മടിക്കുന്ന കാലം. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ഏതറ്റം വരെ പോകാനും എന്ത് ക്രൂരതകള്‍ ചെയ്യാനും മടിയില്ലാത്തവരായി മനുഷ്യര്‍ മാറിയിരിക്കുന്നു. ചില വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമുക്ക് അത്ഭുതം തോന്നാറുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ സ്‌നേഹം ആര്‍ക്ക് ആരോടാണെന്ന് ചോദിച്ചാല്‍ ഒരു നിമിഷം പോലും പകച്ചു നില്‍ക്കാതെ നാം പറയും മാതാവിന് കുഞ്ഞിനോടാണെന്ന്. മതത്തിന്റെയും ജാതിയുടെയും നിറത്തിന്റെയും സംസ്‌കാരത്തിന്റെയും ഭാഷാവേഷ വ്യത്യാസങ്ങളുടെയും നഗര ഗ്രാമ വൈജാത്യങ്ങളുടെയും അതിര്‍വരമ്പുകള്‍ ഭേദിക്കുന്നതാണ് മാതാവും കുഞ്ഞും തമ്മിലുള്ള സ്‌നേഹം. സ്‌നേഹം എന്ന് പറയുമ്പോള്‍ നമ്മുടെ മനസ്സില്‍ മിന്നിമറയുന്നത് ആ ചിത്രമാണ്.

പക്ഷേ, വിജ്ഞാന വിപ്ലവത്തിന്റെ ആധുനിക കാലത്ത് അത് അത്രയുറപ്പിച്ച് പറയുക അസാധ്യമായിക്കഴിഞ്ഞു.

സ്വന്തം കാമുകന്റെ കൂടെ ജീവിക്കാന്‍ പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ കൊലക്ക് കൊടുക്കുന്ന അമ്മമാര്‍ നമുക്ക് ചുറ്റും കൂടി വരുന്നു. തന്റെ ആസ്വാദനങ്ങള്‍ക്ക് സ്വന്തം കുഞ്ഞ് തടസ്സം നിന്നാല്‍ അത് വെട്ടിമാറ്റാന്‍ പോലും മടിക്കാത്തവിധം ഘനീഭവിച്ചിരിക്കുന്നു ചില മാതൃമനസ്സുകള്‍! ലോകം വികസിക്കുമ്പോഴും മനസ്സ് ചുരുങ്ങിപ്പോകുന്നല്ലോ കണ്ണിന് അപ്രാപ്യമായ കാഴ്ചകള്‍ സമ്മാനിക്കുന്ന ആധുനിക ശാസ്ത്ര കാലത്തും അരികിലുള്ളതിനെ കാണാന്‍ നമുക്കാവുന്നില്ല.

ജീവിതാസ്വാദനത്തിനപ്പുറം ഒന്നുമില്ലെന്ന് മനുഷ്യന്‍ ചിന്തിച്ചുകൊണ്ടിരിക്കുന്ന കാലം! ഭീതിജനകമായ അന്തരീക്ഷം! അല്ലേ? ഇത്തരം വാര്‍ത്തകള്‍ നാം കേട്ടിരുന്നത് അങ്ങകലെ നിന്നായിരുന്നെങ്കില്‍ ഇന്നതെല്ലാം നമ്മുടെ അടുക്കളയിലും എത്തിയിരിക്കുന്നു. വിവര സാങ്കേതിക വിപ്ലവം ലോകത്തെ വിരല്‍തുമ്പിലേക്ക് ചുരുക്കി എങ്കില്‍ അരുതായ്മകളും അതിലൂടെ നമ്മെ തേടിയെത്തിയെന്നതാണ് വസ്തുത.

ഇന്ന് ഏറ്റവും കൂടുതല്‍ അവസരം ഉള്ള കോഴ്സ് ഏതെന്ന് ചോദിച്ചാല്‍ ആദ്യത്തെ ഓപ്ഷനില്‍ സൈക്കോളജി സ്ഥാനം പിടിച്ചുകഴിഞ്ഞിരിക്കുന്നു. ഏതാനും വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ മാറ്റമാണിത്. ഒരു കൗണ്‍സിലര്‍ ചെയ്യുന്നത് കേള്‍ക്കുക എന്നത് മാത്രമാണ്. അഥവാ ഒരാളുടെ വേദനകള്‍ പങ്കുവയ്ക്കാന്‍ ഉള്ള അവസരം നല്‍കുകയാണ് കൗസിലര്‍മാര്‍ ചെയ്യുന്നത്. ഇന്ന് കലാലയം മുതല്‍ കൗണ്‍സിലര്‍ സേവനം ലഭ്യമാക്കാനാണ് ഭരണകൂടവും സമൂഹവും പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. തൊലിപ്പുറത്തുളള ചികിത്സ എന്ന് പറയുന്നതാവും നന്നാവുക.

മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള ഒറ്റമൂലി പങ്കുവയ്ക്കല്‍ മാത്രമാണ്. മനുഷ്യര്‍ തമ്മിലും അവനും അവന്റെ ദൈവവും തമ്മിലുള്ള പങ്കുവയ്ക്കല്‍ കൃത്യമായി നടന്നാല്‍ ഒരു കൗണ്‍സിലറുടെയും സേവനം നമുക്കാവശ്യമായി വരില്ല.

അല്ലാഹു പറയുന്നു: ''നിന്നോട് എന്റെ ദാസന്‍മാര്‍ എന്നെപ്പറ്റി ചോദിച്ചാല്‍ ഞാന്‍ (അവര്‍ക്ക് ഏറ്റവും) അടുത്തുള്ളവനാകുന്നു (എന്ന് പറയുക). പ്രാര്‍ഥിക്കുന്നവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിച്ചാല്‍ ഞാന്‍ ആ പ്രാര്‍ഥനയ്ക്ക് ഉത്തരം നല്‍കുന്നതാണ്. അതുകൊണ്ട് എന്റെ ആഹ്വാനം അവര്‍ സ്വീകരിക്കുകയും എന്നില്‍ അവര്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ നേര്‍വഴി പ്രാപിക്കുവാന്‍ വേണ്ടിയാണിത്'' (അല്‍ബക്വറ: 186).

പങ്കുവയ്ക്കല്‍ എവിടെ എന്നതാണ് അടുത്ത ചോദ്യം. കിലോമീറ്ററുകള്‍ യാത്രചെയ്ത്, പണവും ആരോഗ്യവും ചെലവഴിച്ച് പങ്കുവയ്ക്കലിന് പോകേണ്ടതുണ്ടോ? ഇല്ല! അല്ലാഹു പറഞ്ഞത് പോലെ അവനോട് തന്റെ പ്രതിസന്ധികളും പ്രയാസങ്ങളും പങ്കുവയ്ക്കാന്‍ ഒരു നയാപൈസയുടെ ചെലവുമില്ല. എങ്ങും യാത്രചെയ്ത് ക്ഷീണിക്കേണ്ടതുമില്ല. മറിച്ച് നാം എവിടെയാണോ അവിടെനിന്ന് നമുക്കറിയുന്ന ഭാഷയില്‍ അവനോട് പറയാം.

മറ്റൊന്ന് നമുക്ക് ചുറ്റും ജീവിക്കുന്നവരോടാണ്. അവരോട് പങ്കുവയ്‌ക്കേണ്ടത് പങ്കുവയ്ക്കാന്‍ തയ്യാറായാല്‍ ഇന്ന് നാം അനുഭവിക്കുന്ന പ്രതിസന്ധികള്‍ ഭൂരിപക്ഷവും പരിഹരിക്കാം.

പലപ്പോഴും നമുക്കിടയില്‍ കണ്ടുവരുന്ന ഒരു കാര്യം പ്രശ്‌നങ്ങളെയും പ്രയാസങ്ങളെയും പ്രതിസന്ധികളെയും സ്വയം തരണം ചെയ്യണം എന്ന ദുര്‍വശിയാണ്. അത് കൂടുതല്‍ സങ്കീര്‍ണതകളിലേക്ക് നമ്മെ തള്ളിവിടുകയേ ചെയ്യൂ. നമ്മുടെ പ്രയാസങ്ങള്‍ പങ്കുവയ്‌ക്കേണ്ടത് ചുറ്റിലും ജീവിക്കുന്നവരോട് തന്നെയാണ്.

ഒന്നാമത്തേത് കുടുംബമാണ്. ഭാര്യയും ഭര്‍ത്താവും ശരീരം പങ്കുവയ്‌ക്കേണ്ടവര്‍ മാത്രമല്ല, മറിച്ച് മനസ്സും പങ്കുവയ്ക്കാന്‍ തയ്യാറാകേണ്ടവരാണ്. സ്വന്തം പ്രശ്‌നങ്ങള്‍ പരസ്പരം ചര്‍ച്ചചെയ്ത് പരിഹരിക്കാന്‍ നമുക്ക് സാധിക്കണം. ഇണകളെക്കുറിച്ച് അല്ലാഹു പറഞ്ഞത് എത്ര പ്രസക്തം:

''നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്'' (സൂറതുര്‍റൂം: 21).

മക്കളും മാതാപിതാക്കളും പങ്കുവയ്ക്കപ്പെടേണ്ടവരാണ്. തുറന്ന സംസാരങ്ങള്‍ അവര്‍ക്കിടയില്‍ നടക്കണം. അധികാരത്തിന്റെ മുഷ്ടികള്‍ അല്ല സ്‌നേഹത്തിന്റെ തലോടലാണ് ചെറിയവരും വലിയവരും ഒരുപോലെ ആഗ്രഹിക്കുന്നത്. പ്രതിസന്ധികളും പ്രയാസങ്ങളും പങ്കവയ്ക്കപ്പെടാന്‍ ആവശ്യമായ അന്തരീക്ഷം കുടുംബങ്ങളില്‍ ഉണ്ടാവണം. എങ്കില്‍ സമാധാനം നമ്മെ തേടിയെത്തും. ഒരിക്കലും കേള്‍ക്കാന്‍ തയ്യാറില്ലാത്ത മാതാപിതാക്കളുടെ മക്കള്‍ അവര്‍ക്കും സമൂഹത്തിനും ഭാരമായിത്തീരുമെന്നത് തീര്‍ച്ച.

ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകരോട് കാര്യങ്ങള്‍ പങ്കുവച്ച് പരിഹാരം തേടണം. പരസ്പര സഹകരണവും സ്‌നേഹവും നമുക്ക് നല്‍കുന്ന ആശ്വാസം ചെറുതല്ല. തങ്ങളുടെ കീഴിലുള്ളവരെ സമ്മര്‍ദത്തിലാക്കി ലാഭം കൊയ്യുന്നവര്‍ ക്രൂരതയാണ് ചെയ്യുന്നത്. അധികാരവും സ്ഥാനങ്ങളും ഒന്നും മറ്റുള്ളവരുടെ സമാധാനത്തിന് തടസ്സം നില്‍ക്കുന്നതാവരുത്. സൗഹൃദങ്ങള്‍ സൂക്ഷിക്കാന്‍ പദവികള്‍ വിലങ്ങുതടികള്‍ ആവാതിരിക്കണം. ഉദ്യോഗസ്ഥര്‍ക്കും ഭരണാധികാരികള്‍ക്കും മനുഷ്യത്വം ഉണ്ടാവണം.

യാത്രയിലെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ സഹയാത്രികര്‍ക്ക് സാധിക്കണം. സ്‌നേഹവും ചിലപ്പോള്‍ ആരോഗ്യവും പണവും പകുത്ത് നല്‍കിയാല്‍ നമുക്ക് വലിയ നന്മകള്‍ കൊയ്യാന്‍ സാധിക്കും.

സാമൂഹ്യമാധ്യമങ്ങള്‍ തീര്‍ത്ത പ്രതിസന്ധികള്‍ മറികടക്കാന്‍ നാം ഒരുമിച്ച് പരിശ്രമിക്കണം. ടെക്‌നോളജികള്‍ സൈ്വര്യജീവിതത്തിന് തടസ്സമായി മാറുമ്പോള്‍ അത് തിരുത്താന്‍ ബോധപൂര്വ്വമായ ഇടപെടലുകള്‍ ഉണ്ടാവണം.

പരസ്പരം പങ്കവയ്ക്കലും പകുത്ത് നല്‍കലും തന്നെയാണ് മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള പരിഹാരം. നാടുനീളെ കൗണ്‍സിലിംഗ് സെന്ററുകള്‍ സ്ഥാപിക്കാനല്ല ഓരോരുത്തരും തങ്ങള്‍ക്ക് ചുറ്റുമുള്ളവരെ കേള്‍ക്കാനും അവരുമായി കാര്യങ്ങള്‍ പങ്കുവയ്ക്കാനും ചിലതൊക്കെ പകുത്ത് നല്‍കാനാണ് തയ്യാറാവേണ്ടത്.

ഞാന്‍ എന്നതിന് പകരം നമ്മള്‍ എന്ന് ചിന്തക്കാനുളള മാനസിക വിശാലത നേടിയെടുക്കാന്‍ സാധിക്കണം. മറ്റുള്ളവരുടെ പ്രയാസങ്ങളില്‍ ആശ്വാസം നല്‍കുന്നതില്‍ ആസ്വാദനം കണ്ടെത്താന്‍ കഴിയണം. സാമൂഹ്യജീവിയാണെന്ന തിരിച്ചറിവുണ്ടാവണം.

സ്വാര്‍ഥത വരിഞ്ഞുമുറുക്കിയ ലോകത്തിന് നിസ്വാര്‍ഥ മനസ്സുകള്‍ നല്‍കുന്ന സേവനങ്ങള്‍ നല്‍കുന്ന സമാധാനവും പ്രതീക്ഷയും അമൂല്യമാണ്.