ആരാണ് പ്രാര്‍ഥനക്കര്‍ഹന്‍?

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 ഫെബ്രുവരി 09 1440 ജുമാദല്‍ ആഖിര്‍ 04

നമ്മുടെ ദൃഷ്ടികള്‍കൊണ്ട് കാണുവാന്‍ കഴിയുന്നതും കഴിയാത്തതുമായ കോടാനുകോടി വസ്തുക്കളെയും ഈ പ്രപഞ്ചത്തെയാകെയും യാതൊരു മുന്‍മാതൃകയും കൂടാതെ സൃഷ്ടിച്ചത് അല്ലാഹുവാണ്. ഒരു മൊട്ടുസൂചി പോലും അത് ഉണ്ടാക്കുന്നവനില്ലാതെ തനിയെ ഉണ്ടാവുകയില്ലെങ്കില്‍ വ്യവസ്ഥാപിതമായി ചലിച്ചുകൊണ്ടിരിക്കുന്ന ഈ പ്രപഞ്ചം എങ്ങനെ തനിയെ ഉണ്ടാകും? ബുദ്ധിയുള്ളവര്‍ക്ക് അങ്ങനെ ചിന്തിക്കുവാന്‍ പോലും കഴിയില്ല. വിശുദ്ധക്വുര്‍ആന്‍ ഖണ്ഡിതമായിത്തന്നെ, ഈ പ്രപഞ്ചത്തെയും അതിലെ സര്‍വ വസ്തുക്കളെയും സൃഷ്ടിച്ചു പരിപാലിക്കുന്നവന്‍ ഏകനായ അല്ലാഹുവാണെന്ന് പ്രഖ്യാപിക്കുന്നത് കാണാം. ഈ യാഥാര്‍ഥ്യം മക്കയിലെ സത്യനിഷേധികള്‍ പോലും അംഗീകരിച്ചിരുന്നു എന്ന് ക്വുര്‍ആന്‍ വ്യക്തമാക്കുന്നുണ്ട്:

''ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും സൂര്യനെയും ചന്ദ്രനേയും കീഴ്‌പ്പെടുത്തുകയും ചെയ്തത് ആരാണെന്ന് നീ അവരോട് (ബഹുദൈവ വിശ്വാസികളോട്) ചോദിക്കുന്നപക്ഷം തീര്‍ച്ചയായും അവര്‍ പറയും; അല്ലാഹുവാണെന്ന്. അപ്പോള്‍ എങ്ങനെയാണ് അവര്‍ (സത്യത്തില്‍ നിന്ന്) തെറ്റിക്കപ്പെടുന്നത്?'' (അല്‍ അന്‍കബൂത്: 61).

''അഥവാ, ആകാശങ്ങളും ഭൂമിയും സൃഷ്ടിക്കുകയും നിങ്ങള്‍ക്ക് ആകാശത്തു നിന്ന് വെള്ളം ചൊരിഞ്ഞ് തരികയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?). എന്നിട്ടത് (വെള്ളം) മൂലം കൗതുകമുള്ള ചില തോട്ടങ്ങള്‍ നാം മുളപ്പിച്ചുണ്ടാക്കി തരികയും ചെയ്തു. അവയിലെ വൃക്ഷങ്ങള്‍ മുളപ്പിക്കുവാന്‍ നിങ്ങള്‍ക്ക് കഴിയുമായിരുന്നില്ല. അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ, അല്ല അവര്‍ വൃതിചലിച്ച് പോകുന്ന ഒരു ജനതയാകുന്നു. അഥവാ, ഭൂമിയെ നിവാസയോഗ്യമാക്കുകയും അതിനിടയില്‍ നദികളുണ്ടാക്കുകയും അതിന് ഉറപ്പുനല്‍കുന്ന പര്‍വതങ്ങളുണ്ടാക്കുകയും രണ്ടുതരം ജലാശയങ്ങള്‍ക്കിടയില്‍ ഒരു തടസ്സം ഉണ്ടാക്കുകയും ചെയ്തവനോ? (അതോ അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവവുമുണ്ടോ? അല്ല, അവരില്‍ അധികപേരും അറിയുന്നില്ല- അഥവാ, കഷ്ടപ്പെട്ടവന്‍ വിളിച്ച് പ്രാര്‍ഥിച്ചാല്‍ അവന്നു ഉത്തരം നല്‍കുകയും വിഷമം നീക്കിക്കൊടുക്കുകയും നിങ്ങളെ ഭൂമിയില്‍ പ്രതിനിധികളാക്കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?). അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ. അഥവാ, കരയിലെയും കടലിലേയും അന്ധകാരങ്ങളില്‍ നിങ്ങള്‍ക്ക് വഴി കാണിക്കകയും തന്റെ കാരുണ്യത്തിന് മുമ്പില്‍ സന്തോഷ സൂചകമായി കാറ്റുകള്‍ അയക്കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? അവര്‍ പങ്കുചേര്‍ക്കുന്നതിനെല്ലാം അല്ലാഹു അതീതനായിരിക്കുന്നു. അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അതാവര്‍ത്തിക്കുകയും ആകാശത്തു നിന്നും ഭൂമിയില്‍ നിന്നും നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ദൈവങ്ങളോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ദൈവവുമുണ്ടോ? (നബിയേ,) പറയുക: നിങ്ങള്‍ സത്യവാന്മാരാരാണെങ്കില്‍ നിങ്ങള്‍ക്കുള്ള തെളിവ് നിങ്ങള്‍ കൊണ്ടുവരിക'' (അന്നംല്: 60-64).

പ്രപഞ്ചവും അതിലെ സര്‍വ വസ്തുക്കളും സൃഷ്ടിക്കുവാന്‍ കഴിവുള്ളവന്‍ ആരാണോ അവനോട് മാത്രമെ നാം പ്രാര്‍ഥിക്കാവൂ. അതായത് സ്രഷ്ടാവ് ആരാണോ അവനോട് മാത്രമെ സൃഷ്ടികള്‍ പ്രാര്‍ഥിക്കുവാന്‍ പാടുള്ളൂ. 

നാം പ്രാര്‍ഥിക്കേണ്ടത് ആരോട്?

നമ്മുടെ അര്‍ഥനകള്‍ കേള്‍ക്കുകയും അതിന് ഉത്തരം നല്‍കുകയും ചെയ്യുന്നവനോടാണ് നാം പ്രാര്‍ഥിക്കേണ്ടത്. കേള്‍ക്കുകയോ കാണുകയോ ഉത്തരം നല്‍കുകയോ ചെയ്യാത്തവരെ വിളിച്ച് നാം പ്രാര്‍ഥിച്ചിട്ട് എന്ത് ഫലം? ഇബ്‌റാഹീം(അ) തന്റെ പിതാവിനോട് ഈ കാര്യം പറയുന്നത് വിശുദ്ധക്വുര്‍ആന്‍ നമുക്ക് അറിയിച്ച് തരുന്നുണ്ട്:

'''(അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദര്‍ഭം (ശ്രദ്ധേയമാകുന്നു:) ''എന്റെ പിതാവേ, കേള്‍ക്കുകയോ കാണുകയോ ചെയ്യാത്ത; താങ്കള്‍ക്ക് യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന് ആരാധിക്കുന്നു?'' (മര്‍യം: 42).

ഉത്തരം നല്‍കുന്നവരോടേ പ്രാര്‍ഥിച്ചിട്ട് കാര്യമുള്ളൂ. അല്ലാഹുവല്ലാത്ത ആരോട് പ്രാര്‍ഥിച്ചാലും നമുക്ക് ഉത്തരം ലഭിക്കുകയില്ല തന്നെ. എന്നാല്‍ അല്ലാഹു പറയുന്നത് നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം എന്നാണ്. 

''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ; ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം'' (അല്‍ഗാഫിര്‍: 60). 

പ്രാര്‍ഥന സര്‍വശക്തനോട് മാത്രം

സര്‍വശക്തനോടാണ് നാം പ്രാര്‍ഥിക്കേണ്ടത്. അല്ലാഹു പറയുന്നു:

''തീര്‍ച്ചയായും അല്ലാഹു എല്ലാത്തിനും കഴിവുള്ളവനാകുന്നു'' (അന്നഹ്ല്‍: 77).

പ്രാര്‍ഥന എല്ലാം കാണുകയും കേള്‍ക്കുകയും ചെയ്യുന്നവനോട് മാത്രം

എല്ലാം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവനോട് മാത്രമേ നാം പ്രാര്‍ഥിക്കാവൂ. അല്ലാഹു പറയുന്നു:

''അവനു തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും കേള്‍ക്കുന്നവനുമാകുന്നു'' (അശ്ശൂറാ: 11).

 ''നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കുന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളിയാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ(അല്ലാഹുവെ) പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല'' (അല്‍ ഫാത്വിര്‍:14).

പ്രാര്‍ഥന സ്രഷ്ടാവിനോട് മാത്രം

സൃഷ്ടികള്‍ തന്റെ വേവലാതികളും വ്യസനങ്ങളും എല്ലാം തന്നെ തുറന്ന് വെക്കേണ്ടത് ഇല്ലായ്മയില്‍ നിന്ന് സൃഷ്ടിക്കുവാന്‍ കഴിയുവുള്ള സര്‍വശക്തന്റെ മുമ്പിലാണ്. ഇസ്‌ലാം സൃഷ്ടിപൂജയെ ശക്തമായ ഭാഷയില്‍ എതിര്‍ക്കുന്നത് കൊണ്ടുതന്നെ ഒരു സൃഷ്ടിയും ആരാധിക്കപ്പെടാന്‍ പാടില്ല. ആരാധിക്കപ്പെടേണ്ടത് സ്രഷ്ടാവ് മാത്രം. വിശുദ്ധ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത് ശ്രദ്ധിക്കുക:

''(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ച് പ്രാര്‍ഥിക്കുന്നതിനെ പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ അവര്‍ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചുതരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയില്‍ വല്ല പങ്കും അവര്‍ക്കുണ്ടോ? നിങ്ങള്‍ സത്യവാന്മാരാണെങ്കില്‍ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ അറിവിന്റെ വല്ല അംശമോ നിങ്ങള്‍ എനിക്ക് കൊണ്ടുവന്നു തരുവിന്‍'' (അല്‍ അഹ്ക്വാഫ്: 4).

''നീ പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയില്‍ എന്തൊന്നാണവര്‍ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങള്‍ എനിക്ക് കാണിച്ചു തരിക. അതല്ല, ആകാശങ്ങളില്‍ അവര്‍ക്ക് വല്ല പങ്കുമുണ്ടോ? അതല്ല, നാം അവര്‍ക്ക് വല്ല ഗ്രന്ഥവും നല്‍കിയിട്ട് അതില്‍ നിന്നുള്ള തെളിവിനനുസരിച്ചാണോ അവര്‍ നിലകൊള്ളുന്നത്? അതല്ല അക്രമകാരികള്‍ അന്യോന്യം വാഗ്ദാനം ചെയ്യുന്നത് വഞ്ചന മാത്രമാകുന്നു'' (അല്‍ഫാത്വിര്‍: 40)

''മനുഷ്യരേ, ഒരു ഉദാഹരണമിതാ വിവരിക്കപ്പെടുന്നു. നിങ്ങള്‍ അത് ശ്രദ്ധിച്ചു കേള്‍ ക്കുക. തീര്‍ച്ചയായും അല്ലാഹുവിന് പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിക്കുന്നവര്‍ ഒരു ഈച്ചയെ പോലും സൃഷ്ടിക്കുകയില്ല. അതിന്നായി അവരെല്ലാവരും ഒത്തു ചേര്‍ന്നാല്‍ പോലും. ഈച്ച അവരുടെ പക്കലില്‍ നിന്ന് വല്ലതും തട്ടിയെടുത്താല്‍ അതിന്റെ പക്കല്‍നിന്ന് അത് മോചിപ്പിച്ചെടുക്കാനും അവര്‍ക്ക് കഴിയില്ല. അപേക്ഷിക്കുന്ന വനും അപേക്ഷിക്കപ്പെടുന്നവനും ദുര്‍ബലര്‍ തന്നെ!'' (അല്‍ഹജ്ജ്: 73)

ഒരു ഈച്ചയെ പോലും സൃഷ്ടിക്കുവാന്‍ കഴിവില്ലാത്ത സൃഷ്ടികളോട് എങ്ങനെ നാം പ്രാര്‍ഥിക്കും? അതുകൊണ്ട് എന്ത് നേട്ടം? സൃഷ്ടികളോടല്ല നാം പ്രാര്‍ഥിക്കേണ്ടത്; സ്രഷ്ടകര്‍ത്താവിനോട് മാത്രമെ നാം പ്രാര്‍ഥിക്കാവൂ, അവനെ മാത്രമെ നാം ആരാധിക്കാവൂ.

ദൃശ്യം-അദൃശ്യം, ഭൗതികം-അഭൗതികം എന്നീ അതിര്‍വരമ്പുകളില്ലാതെ എല്ലാം അറിയുന്നവനോട് മാത്രമെ പ്രാര്‍ഥിക്കാവൂ. 

''പറയുക: അല്ലാഹുവിന്റെ ഖജനാവുകള്‍ എന്റെ പക്കലുണ്ടെന്ന് ഞാന്‍ നിങ്ങളോട് പറയുന്നില്ല. അദൃശ്യകാര്യം ഞാന്‍ അറിയുകയുമില്ല. ഞാന്‍ ഒരു മലക്കാണ് എന്നും നിങ്ങളോട് പറയുന്നില്ല. എനിക്ക് ബോധനം നല്‍കപ്പെടുന്നതിനെയല്ലാതെ ഞാന്‍ പിന്തുടരുന്നില്ല. പറയുക: അന്ധനും കാഴ്ചയുള്ളവനും സമമാകുമോ? നിങ്ങളെന്താണ് ചിന്തിച്ച് നോക്കാത്തത്?'' (അല്‍അന്‍ആം: 50).

''അവന്റെ പക്കലാകുന്നു അദൃശ്യകാര്യങ്ങളുടെ ഖജനാവുകള്‍. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവന്‍ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകള്‍ക്കു ള്ളിലിരിക്കുന്ന ഒരു ധാന്യമണിയാവട്ടെ, പച്ചയോ ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ വ്യക്തമായ ഒരു രേഖയില്‍ എഴുതപ്പെട്ടതായിട്ടല്ലാതെ ഉണ്ടാവില്ല'' (അല്‍ അന്‍ആം: 59).

പ്രവാചകന്മാര്‍ക്ക് പോലും സ്വന്തത്തിന് ഒരു ഉപകാരം വരുത്തുവാനോ, തങ്ങള്‍ക്ക് വരുന്ന ബുദ്ധിമുട്ടുകളെ തടുക്കുവാനോ സാധിക്കുമായിരുന്നില്ല. ക്വുര്‍ആന്‍ പറയുന്നു:

''(നബിയേ,) പറയുക: എന്റെ സ്വന്തം ദേഹത്തിനു തന്നെ ഉപകാരമോ ഉപദ്രവമോ വരുത്തല്‍ എന്റെ അധീനത്തില്‍ പെട്ടതല്ല. അല്ലാഹു ഉദ്ദേശിച്ചതൊഴികെ. എനിക്ക് അദൃശ്യ കാര്യമറിയുമായിരുന്നുവെങ്കില്‍ ഞാന്‍ ധാരാളം ഗുണം നേടിയെടുക്കുമായിരുന്നു. തിന്മ എന്നെ ബാധിക്കുകയുമില്ലായിരുന്നു. ഞാനൊരു താക്കീതുകാരനും വിശ്വസിക്കുന്ന ജനങ്ങള്‍ക്ക് സന്തോഷമറിയിക്കുന്നവനും മാത്രമാണ്'' (അല്‍അഅ്‌റാഫ്:188).

ശത്രുക്കളുടെ മുന്നില്‍ തന്റെ പ്രവാചകത്വം സ്ഥാപിക്കേണ്ട സന്ദര്‍ഭം വന്നപ്പോള്‍ പോലും പ്രവാചകന് അദൃശ്യം അറിയുന്നില്ല. അല്ലാഹുവാണ് അദൃശ്യം അറിയുന്നവന്‍. ആയതിനാല്‍ ഞാനും നിങ്ങളെ പോലെ അല്ലാഹു അറിയിച്ച് തരുന്നത്‌വരെ കാത്തിരിക്കുന്നു എന്നാണ് പ്രവാചകന്‍ﷺ തന്റെ ശത്രുക്കളോട് പറയുന്നത്. അല്ലാഹു പറയുന്നു:

''അവര്‍ പറയുന്നു: അദ്ദേഹത്തിന് (നബിക്ക്) തന്റെ രക്ഷിതാവിങ്കല്‍ നിന്ന് ഒരു തെളിവ്(നേരിട്ട്) ഇറക്കി ക്കൊടുക്കപ്പെടാത്തതെന്തുകൊണ്ട്? (നബിയേ,) പറയുക: അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ കാത്തിരിക്കൂ. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുന്നവരുടെ കൂട്ടത്തിലാകുന്നു'' (യൂനുസ്: 20).

''(നബിയേ,) പറയുക: ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരാരും അദൃശ്യകാര്യം അറിയുകയി; അല്ലാഹുവല്ലാതെ. തങ്ങള്‍ എന്നാണ് ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുക എന്നും അവര്‍ക്കറിയില്ല'' (അന്നംല്: 65).

''താനല്ലാതെ യാതൊരു ആരാധ്യനുമില്ലാത്തവനായ അല്ലാഹുവാണവന്‍. അദൃശ്യവും ദൃശ്യവും അറിയുന്നവനാകുന്നു അവന്‍. അവന്‍ പരമകാരുണികനും കരുണാനിധിയുമാകുന്നു'' (അല്‍ഹശ്ര്‍: 22). 

''കണ്ണുകളുടെ കള്ളനോട്ടവും ഹൃദയങ്ങള്‍ മറച്ചുവെക്കുന്നതും അവന്‍(അല്ലാഹു) അറിയുന്നു'' (മുഅ്മിന്‍: 19).

പ്രവാചകന്മാരുടെ നേതാവും അവസാനത്തെ പ്രവാചകനും ലോകര്‍ക്ക് കാരുണ്യമായി നിയോഗിതനുമായിട്ടുള്ള മുഹമ്മദ് നബിﷺക്ക് അദൃശ്യം അറിയേണ്ട അനിവാര്യമായ ഒട്ടനവധി സന്ദര്‍ഭങ്ങള്‍ തന്റെ പ്രവാചക ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, ആ സന്ദര്‍ഭത്തില്‍ ഒന്നുംതന്നെ മറഞ്ഞ കാര്യം പ്രവാചകന്‍ﷺ അറിഞ്ഞിട്ടില്ല. മറിച്ച് അല്ലാഹുവിന്റെ വഹ്‌യ് കാത്തിരിക്കുന്നതാണ് നമുക്ക് കാണാനാവുന്നത്. അതിന് സാക്ഷിയായിട്ട് ഒരുപാട് സംഭവങ്ങള്‍ പ്രവാചകന്‍ﷺ തന്നെ തന്റെ ചര്യയില്‍ വിവരിക്കുന്നതായി ഹദീഥ് ഗ്രന്ഥങ്ങളില്‍ കാണാന്‍ കഴിയും. ആയതിനാല്‍ നാം നമ്മുടെ പ്രാര്‍ഥനയും ആരാധനയും അദൃശ്യം അറിയുന്ന അല്ലാഹുവിന് മാത്രമെ അര്‍പ്പിക്കുവാന്‍ പാടുള്ളു.