റമദാനിലെ നന്മയുടെ കവാടങ്ങള്‍

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 മെയ് 18 1440 റമദാന്‍ 13

അനുഗൃഹീതവും മഹത്തരവും സല്‍കര്‍മങ്ങള്‍ക്ക് വര്‍ധിച്ച പ്രതിഫലം ലഭിക്കുന്നതുമായ മാസമാണ് വിശുദ്ധ റമദാന്‍. വിശ്വാസികള്‍ക്ക് പുണ്യങ്ങള്‍ വാരിക്കൂട്ടാനായി അല്ലാഹു അനുഗ്രഹിച്ചു നല്‍കിയ മാസം. വിശുദ്ധി നേടിയ മനസ്സുകള്‍ക്ക് കുളിരും സന്തോഷവും കളിയാടാനായി ലോകരക്ഷിതാവിന്റെ ദാനം. വിശ്വാസികളായ നാം വിശുദ്ധ റമദാനിനെ എങ്ങനെ ഉപയോഗപ്പെടുത്തണമെന്ന് മനസ്സിലാക്കേണ്ടതുണ്ട്. റമദാനിലെ നന്മയുടെ കവാടങ്ങള്‍ ഇതാ മലര്‍ക്കെ തുറന്നിട്ടിരിക്കുന്നു; അനുഗൃഹീതര്‍ക്ക് അതില്‍ പ്രവേശിച്ച് സൗഭാഗ്യവാന്മാരായിത്തീരാന്‍ പരിശ്രമിക്കാം.

ഉദ്ദേശം നന്നാക്കുക

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും റമദാനില്‍ നോമ്പനുഷ്ഠിക്കുകയാണെങ്കില്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളില്‍ നിന്ന് പൊറുത്തു കൊടുക്കുന്നതാണ്'' (ബുഖാരി).

ഖത്വാബി(റ) പറയുന്നു: ''വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും (ഈമാനന്‍ വഹ്തിസാബന്‍) എന്ന് പറഞ്ഞാല്‍ ദൃഢമായ ഉദ്ദേശത്തോടെ, സത്യപ്പെടുത്തി, പ്രതിഫലം ആഗ്രഹിച്ച്, സന്മനസ്സോടെ, ആരുടെയും നിര്‍ബന്ധത്തിലല്ലാതെ, ഒരു ഭാരമാണെന്ന മനോഭാവമില്ലാതെ, ദൈര്‍ഘ്യമുള്ള ദിവസമാണെന്ന തോന്നലില്ലാതെ,  നോമ്പിന്റെ സമയം മുഴുവനും മഹത്തായ പ്രതിഫലം പ്രതീക്ഷിക്കുകയെന്ന് വിവക്ഷ.''

ബഗ്‌വി(റഹ്) പറയുന്നു: ''(ഇഹ്തിസാബന്‍) എന്നതുകൊണ്ട് ഉന്നതനായ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും ആവശ്യപ്പെടുകയെന്നാണ് ഉദ്ദേശിക്കുന്നത്'' (സ്വഹീഹുത്തര്‍ഗീബ്, പേജ്: 582). 

ബിദ്അത്തുകള്‍ വെടിയുക

ആഇശ(റ) നിവേദനം; അല്ലാഹുവിന്റെ ദൂതന്‍ ﷺ  പറഞ്ഞു: ''നാം കല്‍പിച്ചതല്ലാത്ത വല്ല കര്‍മവും ആരെങ്കിലും ചെയ്താല്‍ അത് തള്ളപ്പെടേണ്ടതാണ്'' (മുസ്‌ലിം)

രാത്രിനമസ്‌കാരം 

അബൂഹുറയ്‌റ(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''ആരെങ്കിലും വിശ്വാസത്തോടെ, പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ട് റമദാനില്‍ ക്വിയാമുല്ലൈല്‍ നമസ്‌കരിക്കുകയാണെങ്കില്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളില്‍ നിന്ന് പൊറുത്തു കൊടുക്കുന്നതാണ്'' (ബുഖാരി).

ക്വുര്‍ആന്‍ പാരായണവും പഠനവും

''ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ക്വുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍' (അല്‍ബക്വറ: 185).

ക്വുര്‍ആന്‍ പഠനം, ദാനധര്‍മം

ഇബ്‌നു അബ്ബാസ്(റ) നിവേദനം: ''ജനങ്ങളില്‍ വെച്ച് ഏറ്റവും ദാനധര്‍മം ചെയ്തിരുന്ന വ്യക്തി നബി ﷺ യായിരുന്നു. റമദാനില്‍ ജിബ്‌രീല്‍(അ) തിരുമേനി ﷺ യെ കണ്ടുമുട്ടുമ്പോഴായിരുന്നു തിരുദൂതര്‍ ഏറ്റവും കൂടുതല്‍ ദാനധര്‍മം ചെയ്തിരുന്നത്. റമദാനിലെ എല്ലാ രാത്രികളിലും ജിബ്‌രീല്‍(അ) നബി ﷺ ക്ക് ക്വുര്‍ആന്‍ പഠിപ്പിച്ചിരുന്നു. നബി ﷺ  അടിച്ചുവീശുന്ന കാറ്റിനെ പോലെ ദാനധര്‍മം ചെയ്തിരുന്നു'' (ബുഖാരി). 

നോമ്പും ക്വുര്‍ആനും ശുപാര്‍ശ ചെയ്യും

അബ്ദുല്ലാഹിബ്‌നു അംറ്(റ) നിവേദനം; പ്രവാചകന്‍ ﷺ  പറയുന്നു: ''നോമ്പും ക്വുര്‍ആനും അടിമകള്‍ക്ക് വേണ്ടി ശുപാര്‍ശ പറയുന്നതാണ്. നോമ്പ് പറയും: 'എന്റെ രക്ഷിതാവേ, പകലില്‍ ഞാന്‍ അവന്റെ ഭക്ഷണവും ആഗ്രഹങ്ങളും തടഞ്ഞിരുന്നു. ആയതിനാല്‍ അവന് വേണ്ടി എന്റെ ശുപാര്‍ശ നീ സ്വീകരിക്കേണമേ.' ക്വുര്‍ആന്‍ പറയും: 'രാത്രിയില്‍ അവന്റെ ഉറക്കം ഞാന്‍ തടഞ്ഞിരുന്നു. ആയതിനാല്‍ അവന് വേണ്ടി എന്റെ ശുപാര്‍ശ സ്വീകരിക്കേണമേ.' അങ്ങനെ അവ രണ്ടും ശുപാര്‍ശ ചെയ്യുന്നതാണ്'' (ഇമാം അഹ്മദ് ഉദ്ധരിച്ചതും ശൈഖ് അല്‍ബാനി സ്വഹീഹാണെന്ന് പ്രസ്താവിച്ചതുമായ ഹദീഥ്).

നോമ്പു തുറപ്പിക്കല്‍

സൈദ്ബ്‌നു ഖാലിദ് അല്‍ ജുഅനി(റ) നിവേദനം; റസൂല്‍ ﷺ  പറയുന്നു: ''നോമ്പു തുറപ്പിക്കുന്നവന് ആ നോമ്പുകാരന്റെ അത്ര തന്നെ പുണ്യം നേടാനാകും. എന്നാല്‍ അയാളുടെ പ്രതിഫലത്തില്‍ നിന്ന് യാതൊന്നും കുറവ് വരികയുമില്ല'' (തിര്‍മിദി, ഇബ്‌നുമാജ, അഹ്മദ്, ഇബ്‌നു ഹിബ്ബാന്‍).

അവസാനത്തെ പത്തില്‍ കൂടുതല്‍ പരിശ്രമിക്കുക

ആഇശ(റ) പറയുന്നു: ''അവസാനത്തെ പത്ത് കടന്നുവന്നാല്‍ നബി ﷺ  രാത്രിയെ ജീവിപ്പിക്കുകയും തന്റെ വീട്ടുകാരെ വിളിച്ചുണര്‍ത്തുകയും മുണ്ട് മുറുക്കിയുടുക്കു(ആരാധനാനുഷ്ഠാനങ്ങള്‍ക്കായി കഠിന പരിശ്രമം നടത്തു)കയും ചെയ്യുമായിരുന്നു'' (ബുഖാരി, മുസ്‌ലിം). 

ലൈലതുല്‍ ക്വദ്‌റിനെ പ്രതീക്ഷിക്കുക

ഉയെയ്‌നബ്‌നു അബ്ദുര്‍റഹ്മാന്‍(റ) തന്റെ പിതാവില്‍ നിന്നും: ''ഞാന്‍ അബൂബകര്‍(റ)വിന്റെ സാന്നിധ്യത്തില്‍ ലൈലതുല്‍ ക്വദ്‌റിനെ സംബന്ധിച്ച് പറഞ്ഞു. അപ്പോള്‍ അബൂബകര്‍(റ) പറഞ്ഞു: 'അത് അവസാനപത്തിലെ ഒറ്റ രാവിലായിരിക്കും വരികയെന്ന് നബി ﷺ  യില്‍ നിന്ന് ഞാന്‍ കേട്ടു. അങ്ങനെ പ്രവാചകന്‍ ﷺ യില്‍ നിന്ന് കേട്ടത് മുതല്‍ ഞാനതിനെ അവസാന പത്തിലല്ലാതെ അന്വേഷിക്കാറില്ല'' (അഹ്മദ്).

ലൈലതുല്‍ ക്വദ്‌റിലെ രാത്രിനമസ്‌കാരം 

അബൂഹുറയ്‌റ(റ) നിവേദനം; റസൂലുല്ലാഹ് ﷺ  പറഞ്ഞു: ''ആരെങ്കിലും വിശ്വാസത്തോടെയും പ്രതിഫലം പ്രതീക്ഷിച്ചുകൊണ്ടും ലൈലതുല്‍ ക്വദ്‌റില്‍ ക്വിയാമുല്ലൈല്‍ നിര്‍വഹിക്കുകയാണെങ്കില്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങളില്‍ നിന്ന് പൊറുത്തുകൊടുക്കപ്പെടുന്നതാണ്'' (ബുഖാരി).

ഉംറ നിര്‍വഹിക്കല്‍

ഇബ്‌നു അബ്ബാസ്(റ) നിവേദനം; നബി ﷺ  പറഞ്ഞു: ''റമദാനിലെ ഒരു ഉംറ ഹജ്ജിന് തുല്യമാകുന്നു'' (ബുഖാരി, മുസ്‌ലിം). മറ്റൊരു റിപ്പോര്‍ട്ടില്‍''എന്നോടൊപ്പം  ഹജ്ജ് ചെയ്യുന്നതു പോലെയാണ്' എന്നാണുള്ളത്.

അവസാനത്തെ പത്തില്‍ ഇഅ്തികാഫിരിക്കുക

ആഇശ(റ) നിവേദനം: ''നബി ﷺ  റമദാനിലെ അവസാനത്തെ പത്തില്‍-അല്ലാഹു അദ്ദേഹത്തെ മരിപ്പിക്കുന്നത്‌വരെ-ഇഅ്തികാഫിരിക്കാറുണ്ടായിരുന്നു''(ബുഖാരി, മുസ്‌ലിം). 

അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുക

അല്ലാഹു പറയുന്നു: ''...നിങ്ങള്‍ അല്ലാഹുവെ ധാരാളമായി ഓര്‍ക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'' (ജുമുഅ: 10).

അബൂഹുറയ്‌റ(റ) നിവേദനം; റസൂലുല്ലാഹ് ﷺ  പറഞ്ഞു: ''മുഫ്‌രിദുകള്‍ മുന്‍കടന്നിരിക്കുന്നു.'' അവര്‍ ചോദിച്ചു: ''അല്ലാഹുവിന്റെ റസൂലേ, ആരാണ് മുഫ്‌രിദുകള്‍?'' നബി ﷺ  പറഞ്ഞു: ''അല്ലാഹുവിനെ ധാരാളമായി ഓര്‍ക്കുന്ന പുരുഷന്മാരും സ്ത്രീകളും'' (മുസ്‌ലിം).

ധാരാളമായി പ്രാര്‍ഥിക്കുക

നബി ﷺ  പറഞ്ഞു: ''പ്രാര്‍ഥന, അത് തന്നെയാണ് ആരാധന'' (അബൂദാവൂദ്, തിര്‍മിദി, ഹസനായ ഹദീഥ്).

അബൂഹുറയ്‌റ(റ) നിവേദനം; റസൂലുല്ലാഹ് ﷺ  പറഞ്ഞു: ''മൂന്ന് പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുന്നതാണ്; നോമ്പുകാരന്റെ പ്രാര്‍ഥന, അക്രമിക്കപ്പെട്ടവന്റെ പ്രാര്‍ഥന, യാത്രക്കാരന്റെ പ്രാര്‍ഥന എന്നിവയാണവ'' (ബൈഹക്വി).

സമയമായാല്‍ പെട്ടെന്ന് നോമ്പു തുറക്കുക

സഹ്‌ലുബ്‌നു സഅദ് അസ്സാഇദി(റ) നിവേദനം; റസൂല്‍ ﷺ  പറഞ്ഞു: ''അത്താഴം കഴിക്കുന്നത് പിന്തിപ്പിക്കുകയും നോമ്പു തുറക്കാന്‍ ധൃതി കാണിക്കുകയും ചെയ്യുന്നേടത്തോളം ജനങ്ങള്‍ നന്മയില്‍ തന്നെയായിരിക്കും'' (ബുഖാരി, മുസ്‌ലിം).

അത്താഴം കഴിക്കുകയും അത് പിന്തിപ്പിക്കുകയും ചെയ്യുക

അബൂസഈദുല്‍ ഖുദ്‌രി(റ) നിവേദനം; റസൂലുല്ലാഹി ﷺ  പറഞ്ഞു: ''അത്താഴം മുഴുവനും അനുഗൃഹീതമാണ്. അത് നിങ്ങള്‍ ഒഴിവാക്കരുത്. നിങ്ങളിലൊരാള്‍ക്ക് ഒരു കവിള്‍ വെള്ളമാണ് സാധിക്കുന്നതെങ്കില്‍ ഒരു കവിള്‍ വെള്ളമെങ്കിലും കഴിക്കുക. കാരണം ഉന്നതനും പ്രതാപവാനുമായ അല്ലാഹുവും അവന്റെ മലക്കുകളും അത്താഴം കഴിക്കുന്നവര്‍ക്ക് വേണ്ടി സ്വലാത്ത് ചൊല്ലുന്നുണ്ട്'' (അഹ്മദ്).

വിട്ടുവീഴ്ച ചെയ്യുക

നബി ﷺ  പറയുന്നു: ''നിങ്ങളിലാരെങ്കിലും നോമ്പുകാരനാണെങ്കില്‍ അവന്‍ ചീത്ത പറയുകയോ, തിന്മ പ്രവര്‍ത്തിക്കുകയോ ചെയ്യരുത്. അവനെ ആരെങ്കിലും വഴക്കു പറയുകയോ അക്രമിക്കുകയോ ചെയ്യുകയാണെങ്കില്‍ ഞാന്‍ നോമ്പുകാരനാണെന്ന് അവന്‍ പറയട്ടെ'' (ബുഖാരി, മുസ്‌ലിം).

തിന്മകള്‍ വെടിയുക

നബി ﷺ  പറയുന്നു: ''ഒരാള്‍ ചീത്ത വര്‍ത്തമാനങ്ങളും മ്ലേഛമായ പ്രവര്‍ത്തനങ്ങളും വെടിയാതെ ഭക്ഷണ പാനീയങ്ങള്‍ മാത്രം വെടിയുന്നതില്‍ അല്ലാഹുവിന് യാതൊരു ആവശ്യവുമില്ല'' (ബുഖാരി).

നന്മകള്‍ അറിയിച്ചുകൊടുക്കുക

നബി ﷺ  പറഞ്ഞു:'''ആരെങ്കിലും ഒരു നന്മ അറിയിച്ചു കൊടുക്കുകയാണെങ്കില്‍ അവന് അത് ചെയ്യുന്നവന് ലഭിക്കുന്നതിന് തുല്യമായ പ്രതിഫലം ലഭിക്കുന്നതാണ്.''

റമദാന്‍ മാസം സമാഗതമാകുന്നതോടെ നബി ﷺ  അനുചരന്മാര്‍ക്ക് റമദാനിന്റെ ശ്രേഷ്ഠതയും പ്രത്യേകതയും വ്യക്തമാക്കിക്കൊടുക്കുകയും നന്മകള്‍ ചെയ്യാന്‍ അവരെ പ്രേരിപ്പിക്കുകയും റമദാനിലെ സമയം മുഴുവനും പ്രയോജനപ്പെടുത്താന്‍ ഉണര്‍ത്തുകയും ചെയ്തിരുന്നു.

അബൂഹുറയ്‌റ(റ) നിവേദനം: നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ക്ക് റമദാന്‍ മാസം സമാഗതമായിരിക്കുന്നു. അനുഗൃഹീതമായ മാസം; അതില്‍ നോമ്പനുഷ്ഠിക്കല്‍ അല്ലാഹു നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയിരിക്കുന്നു. അതില്‍ ആകാശ കവാടങ്ങള്‍ തുറക്കപ്പെടുകയും നരകകവാടങ്ങള്‍ ബന്ധിക്കപ്പെടുകയും ചെയ്യുന്നതാണ്. ഈ മാസത്തില്‍ പിശാചുക്കളെ ബന്ധിക്കുകയും ചെയ്യുന്നതാണ്. അതില്‍ അല്ലാഹു ആയിരം മാസത്തെക്കാള്‍ ഉത്തമമായ ഒരു രാവ് അനുഗ്രഹിച്ചിരിക്കുന്നു. ആരെങ്കിലും അതിന്റെ നന്മയെ സ്വയം നിഷിദ്ധമാക്കിയാല്‍ അവനത് നിഷിദ്ധമാക്കപ്പെടുന്നതാണ്'' (നസാഈ).

(അവസാനിച്ചില്ല)