മൊബൈല്‍ ഫോണ്‍ ചതിക്കുവാനുള്ളതോ?

ശമീര്‍ മദീനി

2019 ഫെബ്രുവരി 16 1440 ജുമാദല്‍ ആഖിര്‍ 11

ചതിയും വഞ്ചനയും സത്യവിശ്വാസിയുടെ സ്വഭാവമായിക്കൂടാ. മറ്റുള്ളവരെ ഉപദ്രവിക്കലും വഞ്ചിക്കലും കുറ്റകരവും ദൈവിക ശിക്ഷക്കുള്ള നിമിത്തവുമാണ്. സ്വന്തം നന്മകള്‍ പോലും അത്തരം തിന്മകളിലൂടെ നഷ്ടപ്പെടുമാണ് നബിﷺ പഠിപ്പിച്ചിട്ടുള്ളത്. തമാശകളുടെ പേരിലാണെങ്കിലും നന്മയുടെ പരിധിവിട്ടുകൊണ്ടുള്ള അത്തരം ക്രൂര വിനോദങ്ങളെ ഇസ്‌ലാം അനുവദിക്കുന്നില്ല. നബിﷺ പറയുന്നു:

''ആരുടെ നാവില്‍ നിന്നും കയ്യില്‍ നിന്നും മറ്റുള്ളവര്‍ രക്ഷപ്പെട്ടുവോ അവനാണ് യഥാര്‍ഥ മുസ്‌ലിം. അല്ലാഹു വിലക്കിയത് ഒഴിവാക്കിയവനാണ് യഥാര്‍ഥ പരിത്യാഗി (മുഹാജിര്‍)'' (ബുഖാരി).

രഹസ്യം പറഞ്ഞാല്‍ അത് മറ്റുള്ളവരോട് പറയലും റെക്കോര്‍ഡ് ചെയ്ത് മറ്റുള്ളവരെ കേള്‍പ്പിക്കലുമൊക്കെ വഞ്ചനയും കുറ്റവുമാണ്. 'ആരോടും പറയരുത്' എന്ന് പറഞ്ഞവയാണെങ്കിലും അല്ലെങ്കിലും അന്യന്റെ രഹസ്യങ്ങളും ന്യൂനതകളും പരസ്യമാക്കുന്നത് കുറ്റകരമായിട്ടാണ് ഇസ്‌ലാം കാണുന്നത്. നബിﷺ പറയുന്നു:

''ഒരാള്‍ മറ്റൊരാളോട് (മറ്റാരും കേള്‍ക്കരുതെന്ന് കരുതി) സ്വകാര്യമായി പറഞ്ഞ കാര്യം രഹസ്യമായി സൂക്ഷിക്കേണ്ട അമാനത്ത് (ഉത്തരവാദിത്തം) ആണ്'' (അഹ്മദ്, അബൂദാവൂദ്, തിര്‍മിദി).

സ്വന്തം സ്വകാര്യതകള്‍ പരസ്യപ്പെടുത്തുന്നതിനെക്കാള്‍ മോശവും കുറ്റകരവുമാണ് മറ്റുള്ളവരുടെ സ്വകാര്യതകള്‍ പ്രചരിപ്പിക്കല്‍. വിശ്വസിച്ച് പറഞ്ഞ കാര്യങ്ങളാണെങ്കില്‍ അത് പരസ്യമാക്കുന്നതിലൂടെ വിശ്വാസവഞ്ചനയാണ് നടത്തുന്നത്. അല്ലെങ്കില്‍ ഏഷണി, പരദൂഷണം തുടങ്ങിയ പല തിന്മകളിലേക്കുമായിരിക്കും അത് ചെന്നെത്തുന്നത്. അതൊക്കെയും ഇസ്‌ലാം വിരോധിച്ച തിന്മകളാണ്. അതിനാല്‍ രഹസ്യങ്ങളും കുറവുകളും പ്രചരിപ്പിക്കാതെ മറച്ചുവെക്കാന്‍ ഒരു സത്യവിശ്വാസി ബാധ്യസ്ഥനാണ്. 

ഇമാം റാഗിബ് പറയുന്നു: ''രഹസ്യം പറയല്‍ രണ്ട് വിധമുണ്ട്. ഒന്ന്, ആരോടും പറയരുതെന്ന് പറഞ്ഞുകൊണ്ട് തന്നെ പറയുന്ന കാര്യങ്ങള്‍. രണ്ട്, സന്ദര്‍ഭവും സാഹചര്യവും വ്യക്തമാക്കുന്നത്. അതായത് ശബ്ദം കുറച്ച് മറ്റാരും കേള്‍ക്കാതിരിക്കാന്‍ ശ്രദ്ധിച്ചുകൊണ്ട് അല്ലെങ്കില്‍ ഒറ്റക്ക് വിളിച്ച് രഹസ്യമായി പറയുന്നത്'' (ശൈഖ് ബകര്‍ അബ്ദുല്ലാ അബൂസൈദിന്റെ 'അദബുല്‍ ഹാതിഫ്,' പേജ് 29) ഇതാണ് മുമ്പ് സൂചിപ്പിച്ച ഹദീഥിന്റെയും താല്‍പര്യം.

ഒരാളുടെ ഫോണ്‍ സംഭാഷണം അയാളുടെ അറിവും സമ്മതവുമില്ലാതെ റെക്കോര്‍ഡ് ചെയ്യുന്നത് ചതിയും വഞ്ചനയുമാണ്. എന്നിരിക്കെ അത് പിന്നീട് പ്രചരിപ്പിക്കുകകൂടി ചെയ്താലോ? അതിന്റെ കുറ്റവും ഗൗരവവും അധികരിക്കുന്നു. എന്നാല്‍ അതും വിട്ട് ആ സംഭാഷണം സന്ദര്‍ഭത്തില്‍ നിന്നും സാഹചര്യത്തില്‍ നിന്നുമൊക്കെ അടര്‍ത്തിമാറ്റി കോട്ടിമാട്ടുകയും ദുരുപയോഗം ചെയ്യുകയുമൊക്കെയാണെങ്കിലോ? അതിന്റെ കുറ്റവും ഗൗരവവും ഒന്നുകൂടി അധികരിക്കുന്നു. ഇത്തരം ക്രൂരവിനോദങ്ങളില്‍ ഏര്‍പ്പെട്ട് മറ്റുള്ളവരെ ഉപദ്രവിക്കുന്നവര്‍ അല്ലാഹുവിന്റെ താക്കീത് ഓര്‍ക്കുകയും അവന്റെ വിചാരണയെ ഭയക്കുകയും ചെയ്തുകൊള്ളുക:

''അന്ന് നാം അവരുടെ വായകള്‍ക്കു മുദ്രവെക്കുന്നതും അവരുടെ കൈകള്‍ നമ്മോട് സംസാരിക്കുന്നതും അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനെപ്പറ്റി അവരുടെ കാലുകള്‍ സാക്ഷ്യം വഹിക്കുന്നതുമാണ്'' (36: 65).

''തങ്ങളുടെ തൊലികളോട് അവര്‍ പറയും: നിങ്ങളെന്തിനാണ് ഞങ്ങള്‍ക്കെതിരായി സാക്ഷ്യം വഹിച്ചത്? അവ (തൊലികള്‍) പറയും: എല്ലാ വസ്തുക്കളെയും സംസാരിപ്പിച്ച അല്ലാഹു ഞങ്ങളെ സംസാരിപ്പിച്ചതാകുന്നു. ആദ്യതവണ നിങ്ങളെ സൃഷ്ടിച്ചത് അവനാണല്ലോ. അവങ്കലേക്കുതന്നെ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യുന്നു. നിങ്ങളുടെ കാതോ നിങ്ങളുടെ കണ്ണുകളോ നിങ്ങളുടെ തൊലികളോ നിങ്ങള്‍ക്ക് എതിരില്‍ സാക്ഷ്യം വഹിക്കുമെന്ന് കരുതി നിങ്ങള്‍ (അവയില്‍ നിന്നും) ഒളിഞ്ഞിരിക്കാറുണ്ടായിരുന്നില്ലല്ലോ. എന്നാല്‍ നിങ്ങള്‍ വിചാരിച്ചത് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ മിക്കതും അല്ലാഹു അറിയില്ലെന്നാണ്'' (41:21-22).

ഓരോ വ്യക്തിയുടെയും ഇരു വശങ്ങളിലുമായി അവന്റെ വാഗ്‌വിചാര കര്‍മങ്ങള്‍ രണ്ടു മലക്കുകള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നുണ്ട്. അല്ലാഹു പറയുന്നു.

''വലതുഭാഗത്തും ഇടതുഭാഗത്തും ഇരുന്നു കൊണ്ട് ഏറ്റുവാങ്ങുന്ന രണ്ടുപേര്‍ ഏറ്റുവാങ്ങുന്ന സന്ദര്‍ഭം. അവന്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയ്യാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാവാതിരിക്കുകയില്ല'' (50:17-18).

ചുരുക്കത്തില്‍ ഫോണിംഗിലൂടെയോ അല്ലാതെയോ ആയ സംസാരങ്ങള്‍ അനുവാദമില്ലാതെ റെക്കോര്‍ഡ് ചെയ്യലും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുകയും ചെയ്യലും കുറ്റകരമാണ്. അത് മാന്യന്മാര്‍ക്ക് ചേര്‍ന്നതല്ല. വിശ്വാസികളെ അവയില്‍നിന്ന് അല്ലാഹു വിലക്കിയിട്ടുണ്ട്. 

''സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങള്‍ വിശ്വസിച്ചേല്‍പിക്കപ്പെട്ട കാര്യങ്ങളില്‍ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്'' (8:27).

മറ്റുള്ളവരുടെ ഫോണ്‍ ചോര്‍ത്തി അതിലൂടെ ആസ്വാദനം കണ്ടെത്തുന്ന വേറെ ചിലയാളുകളുണ്ട്. ഭാര്യാഭര്‍ത്താക്കന്‍മാരുടെ സംഭാഷണങ്ങളടക്കമുള്ള പലതും കട്ട് കേള്‍ക്കുകയും ആസ്വദിക്കുകയുമൊക്കെ ചിലരുടെ 'ഹോബി'യാണ്. ഉറക്കമൊഴിച്ച് വരെ അത്തരം ക്രൂര വിനോദങ്ങളിലേര്‍പ്പെടുന്നവരുണ്ട്. ഒരുതരം മാനസികരോഗമാണത്. ഉപരിസൂചിത താക്കീതുകള്‍ അത്തരക്കാര്‍ ഒന്നുകൂടി ഓര്‍ത്തുകൊള്ളട്ടെ. അതോടൊപ്പം തന്നെ ഇങ്ങനെയൊക്കെ തനിക്ക് ചുറ്റും നടക്കുന്നുണ്ട് എന്ന് തിരിച്ചറിഞ്ഞ് ഫോണിലൂടെയുള്ള സംസാരങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും സൂക്ഷ്്മതയും പാലിക്കാന്‍ വിവേകികള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പക്ഷേ, ചിലര്‍ക്ക് അവയിലൊന്നും യാതൊരു ശ്രദ്ധയുമില്ല. അല്ലെങ്കില്‍ മറ്റുള്ളവര്‍ തങ്ങളുടെ കിന്നാരങ്ങളും ശൃംഗാരങ്ങളും കേള്‍ക്കുന്നതില്‍ ഇക്കൂട്ടര്‍ സ്വയം ആനന്ദം കണ്ടെത്തുകയാണോ എന്നറിയില്ല. എങ്കില്‍ അത് ഏറെ ഗുരുതരം തന്നെ. സ്വന്തം ഇണയോടൊത്ത് ശയിക്കുകയും എന്നിട്ട് അത് മറ്റുള്ളവരോട് പങ്കുവെക്കുകയും ചെയ്യുന്നതിനെ നബിﷺ ശക്തമായി ആക്ഷേപിച്ചതാണ്. ആളുകളുടെ സംസാരങ്ങള്‍ കട്ടുകേള്‍ക്കുന്നതിനെ കുറിച്ചും അതിന് പരലോകത്ത് കിട്ടാനിരിക്കുന്ന ശിക്ഷയെ കുറിച്ചും നബിﷺ താക്കീത് ചെയ്തിട്ടുമുണ്ട്:

''മറ്റുള്ളവര്‍ കേള്‍ക്കാന്‍ ആളുകള്‍ ഇഷ്ടപ്പെടാത്ത സംസാരങ്ങള്‍ കട്ട് കേള്‍ക്കുന്നവരുടെ കാതുകളില്‍ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ നാളില്‍ ഈയം ഉരുക്കി ഒഴിക്കുന്നതാണ്'' (ബുഖാരി).

കബളിപ്പിക്കല്‍

ശബ്ദം മാറ്റി സംസാരിച്ചുകൊണ്ടും മറ്റും ചിലര്‍ മറ്റുള്ളവരെ ഫോണ്‍ ചെയ്ത് കബളിപ്പിക്കാറുണ്ട്. അന്വേഷണ ഉദ്യോഗസ്ഥനാണെന്നോ പോലീസ് സ്റ്റേഷനില്‍ നിന്നാണെന്നോ അതുമല്ലെങ്കില്‍ അയാള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വല്ല കോളുകളുമാണെന്നോ പരിചയപ്പെടുത്തിക്കൊണ്ട് പേടിപ്പിക്കുകയും കബളിപ്പിക്കുകയുമൊക്കെ ചെയ്യല്‍ ചിലര്‍ക്ക് ഒരു തരം കളിയും തമാശയുമാണ്. ഏപ്രില്‍ ഒന്നാം തീയതിക്ക് 'വിഡ്ഢി ദിനം' എന്നു ഓമനപ്പേരിട്ട് അല്ലാഹു വിരോധിച്ച ഇത്തരം ക്രൂര വിനോദങ്ങള്‍ക്ക് ന്യായീകരണം നല്‍കുന്നത് ഏറെ ഗുരുതരമാണ്. അല്ലാഹു നിഷിദ്ധമാക്കിയ ഒരു കാര്യം സ്വന്തം ഇഷ്ടപ്രകാരമോ അല്ലെങ്കില്‍ മറ്റുള്ളവരുടെ പ്രേരണയാലോ അനുവദനീയമായി കാണല്‍ ഒരു വിശ്വാസിക്ക് പാടുള്ളതല്ല. ജീവിതത്തിന്റെ ഏതേത് മേഖലകളിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കാന്‍ ബാധ്യസ്ഥനാണ് ഒരു യഥാര്‍ഥ മുസ്‌ലിം. അതിനാല്‍ ഇത്തരത്തിലുള്ള ക്രൂരവിനോദങ്ങള്‍ വിശ്വാസികള്‍ക്ക് ചേര്‍ന്നതല്ല. നബിﷺ പറയുന്നു:

''ഒരു മുസ്‌ലിമിനെ ഭീതിപ്പെടുത്താന്‍ ഒരു മുസ്‌ലിമിന് പാടുള്ളതല്ല'' (അഹമദ്, അബൂദാവൂദ്).

ഇത്തരം മര്യാദകളും മാന്യമായ പെരുമാറ്റങ്ങളും ഫോണിംഗിന്റെ കാര്യത്തിലും പാലിക്കേണ്ടതാണ്. വ്യാജ ഫോണ്‍ സന്ദേശങ്ങളിലൂടെ ജനങ്ങളെ കഷ്ടപ്പെടുത്തുന്ന (ബോംബു ഭീഷണി പോലുള്ള) സംഭവങ്ങള്‍ പതിവായി മാറിയിരിക്കുന്നു. ആളുകളെ ബുദ്ധിമുട്ടിക്കുന്ന, സ്വസ്ഥതയും സമാധാനവും നഷ്ടപ്പെടുത്തി എല്ലാം അവതാളത്തിലാക്കുന്ന ഇത്തരം ക്രൂരകൃത്യങ്ങളില്‍ ഒരു കാരണവശാലും സത്യവിശ്വാസികള്‍ പങ്കുചേരാവതല്ല. മറ്റുള്ളവരുടെ വിഷമങ്ങളില്‍ ആനന്ദം കണ്ടെത്തുന്ന ഇത്തരം 'സാഡിസ്റ്റുകള്‍' അല്ലാഹുവിന്റെയും മലക്കുകളുടെയും  മനുഷ്യരുടെയും ശാപകോപങ്ങള്‍ക്ക് അര്‍ഹരാണ്. നീചവും നികൃഷ്ടവുമായ ഇത്തരം ക്രൂരതകളെ കേവലം അക്രമമെന്നോ തെമ്മാടിത്തമെന്നോ പറഞ്ഞാല്‍ പോരാ. അത്തരക്കാരെ പിടികൂടി മാതൃകാപരമായ ശിക്ഷ നല്‍കല്‍ നിയമപാലകരുടെയും നീതിപീഠങ്ങളുടെയും കടമയാണ്. സമൂഹത്തിന്റെ സുരക്ഷക്കും സമാധാനത്തിനും അത് അനിവാര്യമാണ് താനും. വഴിതെറ്റി സഞ്ചരിക്കുന്ന ഇത്തരക്കാരുടെ കെടുതികളില്‍ നിന്ന് എല്ലാവരെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ. അത്തരക്കാര്‍ക്ക് അല്ലാഹു നല്ലത് തോന്നിപ്പിക്കട്ടെ എന്ന് നമുക്ക് പ്രാര്‍ഥിക്കാം. 

ഫോണ്‍ എന്ന അനുഗ്രഹം ദുരുപയോഗം ചെയ്യുന്ന മറ്റൊരു രീതിയാണ് തന്റെ ഫോണിന്റെ സൗകര്യങ്ങളും മഹത്ത്വങ്ങളും മറ്റുള്ളവര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ച് മേനിനടിക്കല്‍. അഹന്തയും പെരുമനടിക്കലും ഇസ്‌ലാം വിലക്കിയിട്ടുണ്ട്. അത്തരം ദുഷ്പ്രവര്‍ത്തനങ്ങളിലൂടെ നന്മയായി ഒന്നും നേടാനില്ല എന്ന് തിരിച്ചറിയുക. പെരുമനടിക്കുക എന്ന ഈ രോഗം മനുഷ്യരെ പല ലക്ഷ്യങ്ങളില്‍ നിന്നും നന്മകളില്‍ നിന്നും പാടെ അശ്രദ്ധരാക്കിയിരിക്കുകയാണ് എന്ന ക്വുര്‍ആനിക താക്കീത് എന്തുമാത്രം അര്‍ഥവത്താണ്.

''നിങ്ങള്‍ ക്വബ്‌റുകള്‍ സന്ദര്‍ശിക്കുന്നതുവരേക്കും (അഥവാ മരണം വരെയും) പരസ്പരം പെരുമ നടിക്കുക എന്ന കാര്യം നിങ്ങളെ അശ്രദ്ധയിലാക്കിയിരിക്കുന്നു'' (102:1-2). 

അനുഗ്രഹങ്ങള്‍ ശാപവും അപകടവുമായി മാറുന്ന ഇത്തരം അവസ്ഥകളുണ്ടാക്കാതിരിക്കാന്‍ നാം പ്രത്യേകം ശ്രദ്ധിക്കുക. സര്‍വശക്തനായ അല്ലാഹു അതിന് നമ്മെ അനുഗ്രഹിക്കട്ടെ!