മൂല്യം നഷ്ടപ്പെട്ട പരീക്ഷാ മൂല്യനിര്‍ണയം

സജ്ജാദ് ബിന്‍ അബ്ദു റസാക്വ്

2019 ഡിസംബര്‍ 28 1441 ജുമാദല്‍ അവ്വല്‍ 2

'ചലനം നിലച്ച ക്ലോക്ക് പോലും വെറുതെയല്ല. കാരണം ദിവസത്തിലത് രണ്ട് തവണയെങ്കിലും കൃത്യസമയം കാണിച്ച് തരുന്നുണ്ട്.'

പറഞ്ഞുവരുന്നത് ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ചും അവയുടെ ചില രീതിയെക്കുറിച്ചുമാണ്. വീട്ടില്‍ നിന്ന് പ്രാതല്‍ കഴിഞ്ഞ് വന്ന കുട്ടിയെ സ്‌കൂളിലെ നാല് ചുമരുകള്‍ക്കുള്ളിലിട്ട് വീണ്ടും വീണ്ടും സിലബസ് തീറ്റിക്കുന്നു എന്നത് എത്ര വിരോധാഭാസമല്ല!

സ്‌കൂളെന്നാല്‍ വെറും പാഠം തീര്‍ക്കാന്‍ മാത്രമുള്ള ഒരു കെട്ടിടമാണെങ്കില്‍ അവിടെ ശമ്പളം കൊടുത്ത് അധ്യാപകരെ നിയമിക്കുന്നത് ഭോഷ്‌കായിരിക്കും. ഒരു സ്റ്റുഡിയോയില്‍ ചെന്ന് പാഠങ്ങളെല്ലാം വീഡിയോ ആയി റെക്കോര്‍ഡ് ചെയ്ത് അവ ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് മുന്നില്‍ ഒരു വീതം രണ്ട് നേരം എന്ന നിലക്ക് പ്രദര്‍ശിപ്പിച്ചാല്‍ മതിയാകും.

മാര്‍ക്ക് കുറയുക, തോല്‍ക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം പലപ്പോഴും ഒരു വലിയ പാപം എന്ന നിലക്ക് നോക്കിക്കാണുന്ന ദുരവസ്ഥയാണ് പുറംലോകവുമായി ബന്ധമില്ലാത്ത ചില അധ്യാപകരില്‍ നിന്ന് കാണാനിടയാവുന്നത്.

ഒരു സ്‌കൂളിലെ എല്ലാ കുട്ടികളും ഫുള്‍ A+ നേടിയാല്‍ ചില അധ്യാപകര്‍ക്ക് ബഹു സന്തോഷമായിരിക്കും. എന്തിനാണ് തോല്‍വികളെ ഇത്ര ഭയപ്പെടുന്നത്? കുട്ടികളിലെ റിസല്‍ട്ട് കുറവ് ഒരു വന്‍ പരാജയമാണെന്ന് ആരാണ് ഇവരുടെ മനസ്സില്‍ കൊത്തിവെച്ചത്? ഉത്തര പേപ്പറില്‍ മാര്‍ക്ക് കുറഞ്ഞു എന്നത് കൊണ്ട് ഒരു കുട്ടിക്ക് ഭാവിയില്ല എന്നും അവന്‍ കഴിവ് കുറഞ്ഞ പയ്യനാണ് എന്നും അധ്യാപകനും മാനേജ്‌മെന്റിനും എങ്ങനെ പറയാനൊക്കും? പിഴവുകളെയും അബദ്ധങ്ങളെയുമെല്ലാം ഒരു വന്‍പാപമെന്ന നിലക്കാണ് ചില അധ്യാപകര്‍ കാണുന്നത്. കുട്ടികളിലേക്കും അവരത് കുത്തിവെക്കുന്നു.

അറിയുമോ? ഇന്റര്‍നെറ്റിലെ ആഗോള ഭീമന്‍ ഗൂഗിളെന്ന സെര്‍ച്ച് എന്‍ജിന്‍ പോലും ഒരു 'പിഴവിന്റെ' ഉത്പന്നമാണ്. 1997 സെപ്റ്റംബര്‍ മാസം 15ന് ഒരു രാത്രിയിലാണ് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ രണ്ട് വിദ്യാര്‍ഥികള്‍ ഇന്റര്‍നെറ്റില്‍ ഒരു സെര്‍ച്ച് എന്‍ജിന്‍ തുടങ്ങിയാലോ എന്നാലോചിക്കുന്നത്. അതിനെന്ത് പേര് കൊടുക്കും എന്നായി ചിന്ത. ഒന്നെന്ന അക്കത്തിന് ശേഷം നൂറ് പൂജ്യമുള്ള ഒരു സംഖ്യയുടെ പേര് കൊടുക്കാം എന്ന് തീരുമാനിച്ചു. ഒറ്റ ക്ലിക്കില്‍ തന്നെ അത്രയും വിവരങ്ങള്‍ ലഭിക്കുന്നതായിരിക്കണം എന്ന നിലക്കാണ് അങ്ങനെ ഒരു പേര് ഉദ്ദേശിച്ചത്. ഗൂഗ്ള്‍ (google) എന്നവര്‍ അതിന് പേരിട്ടു. അതിന്റെ ഡൊമൈന്‍ വെച്ചവര്‍ രജിസ്റ്റര്‍ ചെയ്തു. പിന്നെയാണ് അവരറിഞ്ഞത് ഒന്നിന് ശേഷം നൂറ് പൂജ്യം വരുന്ന സംഖ്യക്ക് ഗൂഗ്ള്‍ എന്നല്ല മറിച്ച് ഗൂഗോള്‍(googol) എന്നാണ് പറയുക എന്ന്. ഇന്നാ പിഴവ് സംഭവിച്ച പേരാണ് ലോകമെമ്പാടും അറിയപ്പെടുന്ന ഗൂഗ്ള്‍ (google).

ഇത്രയും പറഞ്ഞത് A+ ഇല്ലെങ്കില്‍ കുട്ടി പരാജിതനാണെന്ന ധാരണയുമായി നടന്ന് തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പണി ചെയ്യുന്ന അധ്യാപകര്‍ ഓര്‍ക്കാന്‍ വേണ്ടിയാണ്. പാഠം തീര്‍ക്കാന്‍ വ്യഗ്രത കാണിക്കുന്ന അധ്യാപകര്‍, ക്ലാസെടുക്കുമ്പോള്‍ അബദ്ധങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്താനായി പരതുന്ന സെര്‍ച്ച് എന്‍ജിന്‍ പോലും ഒരു അബദ്ധത്തിന്റെ ഉത്പന്നമാണ് എന്ന് ഇടക്കിടക്ക് ഓര്‍ക്കുന്നത് നന്ന്.

'പരീക്ഷാ പേപ്പറില്‍ ഗുഡ് എന്ന വിശേഷണം വാങ്ങിയവരെല്ലാം ബുജികളും ടീച്ചര്‍ക്ക് വേണ്ടപ്പെട്ടവരും, അല്ലാത്തവരെല്ലാം കഴിവില്ലാത്തവരും' ഇങ്ങനെ ഒരു നിര്‍വചനം നല്‍കുക വഴി ഒരു മനഃശാസ്ത്രജ്ഞന്‍ കൂടിയായി വര്‍ത്തിക്കേണ്ട അധ്യാപകനും മാനേജ്‌മെന്റും തന്നെ കുട്ടികളെ വിഷാദരോഗികള്‍ കൂടി ആക്കി മാറ്റുന്നു എന്നതാണ് അനിഷേധ്യമായ സത്യം.

കുട്ടികളുടെ കഴിവുകളെ തിരിച്ചറിഞ്ഞ് അതിനനുസരിച്ച് അവനെ ബില്‍ഡ് ചെയ്ത് കൊണ്ട് വരികയല്ലെ ശരിക്കും ഒരു അധ്യാപകന്‍ ചെയ്യേണ്ട ഉത്തരവാദിത്തം. അതിനു പകരം സിലബസുകള്‍ക്ക് പുറമെ കുട്ടിയുടെ ബാഗില്‍ ഒരു ജനറല്‍ പുസ്തകം കൊണ്ട് നടക്കേണ്ടതില്ല എന്ന ധാരണയാണ് ചിലര്‍ക്കുള്ളത്. കുട്ടികള്‍ സിലബസുകള്‍ക്കപ്പുറത്തേക്ക് പരന്നും പറന്നും വായിക്കട്ടെ.

ദേശീയ വിദ്യാഭ്യാസ ഗവേഷണ പരിശീലന കൗണ്‍സില്‍ അഥവാ എന്‍.സി.ഇ.ആര്‍.ടി (NCERT) National Council for Education Research Training 2006 മാര്‍ച്ച് മാസത്തില്‍ പുറത്തിറക്കിയ പരീക്ഷകളുടെ നവീകരണങ്ങളെക്കുറിച്ച രേഖയില്‍ ഇങ്ങനെ രേഖപ്പെടുത്തി: 'പരീക്ഷകളുടെ മാര്‍ക്ക് ലിസ്റ്റുകളില്‍ നിന്നും പരാജയം (FAIL) എന്ന വാക്ക് ഒഴിവാക്കേണ്ടതാണ്. അതിന് പകരം തൃപ്തികരമല്ല എന്നോ ഉദ്ദേശിച്ച നിലവാരത്തിലെത്താന്‍ ഒന്ന് കൂടെ പരിശ്രമിക്കണം എന്നോ ചേര്‍ക്കാവുന്നതാണ്.'

ഇതിനൊക്കെ പകരം നല്ല മാര്‍ക്ക് സ്‌കോര്‍ ചെയ്തവരുടെ ഉത്തര പേപ്പറില്‍ ചുവന്ന മഷികൊണ്ടുള്ള പ്രോത്സാഹനങ്ങളും മാര്‍ക്ക് സ്വല്‍പം കുറഞ്ഞവന്റെ പേപ്പറില്‍ 'മെച്ചം കാണൂല' എന്ന നിലക്കുള്ള മുന്‍വിധിയും രേഖപ്പെടുത്തുന്നത് വിദ്യാര്‍ഥിയില്‍ നിഷേധാത്മക ചിന്തകള്‍ക്ക് മാത്രമെ വഴിവെക്കൂ.