പ്രാര്‍ഥനയില്‍ ശ്രദ്ധിക്കേണ്ടത്

സയ്യിദ് സഅ്ഫര്‍ സ്വാദിക്വ് മദീനി

2019 ഫെബ്രുവരി 23 1440 ജുമാദല്‍ ആഖിര്‍ 18

പ്രാര്‍ഥനയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ നാം മനസ്സിലാക്കി. പ്രാര്‍ഥനയില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളാണ് ഈ ലക്കത്തില്‍ വിവരിക്കുന്നത്.

1. നിഷ്‌കളങ്കത: ഇഖ്‌ലാസ്വ് അഥവാ നിഷ്‌കളങ്കത (ആത്മാര്‍ഥത) ഏതൊരു ആരാധനയിലും അനിവാര്യമായും ഉണ്ടായിരിക്കേണ്ടതാണ്. പ്രാര്‍ഥിക്കുന്നത് ആത്മാര്‍ഥതയോടെയായിരിക്കണം എന്ന് അല്ലാഹു കല്‍പിക്കുന്നുണ്ട്: 

''അതിനാല്‍ കീഴ്‌വണക്കം അല്ലാഹുവിന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനോട് നിങ്ങള്‍ പ്രാര്‍ഥിക്കുക. അവിശ്വാസികള്‍ക്ക് അനിഷ്ടകരമായാലും ശരി'' (ഗ്വാഫിര്‍:14).

2. അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീര്‍ത്തിക്കുകയും പ്രവാചകന്റെ മേല്‍ സ്വലാത്ത് ചൊല്ലുകയും ചെയ്ത്‌കൊണ്ട് ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുക.

ഫളാലബ്‌നു ഉബൈദി(റ)ല്‍ നിന്ന്: ''ഞങ്ങള്‍ നബിﷺ യോടൊത്ത് ഇരിക്കുമ്പോള്‍ ഒരാള്‍ വന്ന് നമസ്‌കരിച്ച ശേഷം പറഞ്ഞു: 'അല്ലാഹുവേ, എനിക്ക് പൊറുത്തുതരികയും എന്നോട് കാരുണ്യം കാണിക്കുകയും ചെയ്യേണമേ.' അപ്പോള്‍ പ്രവാചകന്‍ﷺ  അദ്ദേഹത്തോട് പറയുകയുണ്ടായി: 'അല്ലയോ നമസ്‌കരിച്ചവനേ, നീ ധൃതികാണിക്കുകയുണ്ടായി. നീ നമസ്‌കരിച്ച് ഇരുന്നതിന് ശേഷം അല്ലാഹുവിനെ അര്‍ഹമായത് കൊണ്ട് സ്തുതിച്ച് എന്റെ പേരില്‍ സ്വലാത്ത് ചൊല്ലുകയും ചെയ്തതിന് ശേഷം നീ പ്രാര്‍ഥിക്കുക'' (തിര്‍മിദി).

നബിﷺ  പറഞ്ഞു: ''നബിﷺ യുടെ പേരില്‍ സ്വലാത്ത് ചൊല്ലാത്ത എല്ലാ പ്രാര്‍ഥനകളും തടയപ്പെടുന്നതാണ്.'' (സ്വഹീഹുല്‍ ജാമിഅ്)

3. നിരന്തരം പ്രാര്‍ഥിക്കുക. ധൃതികൂട്ടാതിരിക്കുകയും ഉത്തരം ലഭിക്കുമെന്ന് ദൃഢമായി വിശ്വസിക്കുകയും ചെയ്യുക. 

പ്രവാചകന്‍ﷺ  പറഞ്ഞു: ''നിങ്ങളാരെങ്കിലും ചോദിക്കുകയാണെങ്കില്‍ ചോദിക്കുന്നത് അധികരിപ്പിക്കട്ടെ. കാരണം അവന്‍ തന്റെ രക്ഷിതാവിനോടാണ് ചോദിക്കുന്നത്.'' (സില്‍സിലത്തു സ്വഹീഹ)

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകതിരുമേനിﷺ  പറഞ്ഞു: ''ഞാന്‍ പ്രാര്‍ഥിച്ചു, പക്ഷേ, എനിക്ക് ഉത്തരം ലഭിച്ചില്ലെന്ന് പറഞ്ഞ് ധൃതിപ്പെടാത്ത ഏതൊരുവന്റെയും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുന്നതാണ്'' (ബുഖാരി, മുസ്‌ലിം).

4. ഐശ്വര്യത്തിലും ബുദ്ധിമുട്ടുള്ള വേളകളിലും പ്രാര്‍ഥിക്കുക. അല്ലാഹുവിനോട് മാത്രം പ്രാര്‍ഥിക്കുക.

അബൂഹുറയ്‌റ(റ)യില്‍ നിന്ന്: പ്രവാചകന്‍ﷺ  പറഞ്ഞു: ''ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഉള്ളപ്പോള്‍ ആര്‍ക്കെങ്കിലും പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കണമെന്ന് ആഗ്രഹമുണ്ടെങ്കില്‍ ഐശ്വര്യമുള്ളപ്പോള്‍ അവന്‍ പ്രാര്‍ഥന അധികരിപ്പിക്കട്ടെ'' (തിര്‍മിദി. അല്‍ബാനി ഈ ഹദീഥ് ഹസനാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്).

അബ്ദുല്ലാഹിബ്‌നു അബ്ബാസി(റ)ല്‍ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു: ''നബിﷺ യുടെ പിന്നിലായിരിക്കെ ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു: 'അല്ലയോ കുട്ടീ, നിനക്ക് ഞാന്‍ ചില വാചകങ്ങള്‍ പഠിപ്പിച്ച് തരട്ടെയോ? നീ അല്ലാഹുവിനെ സൂക്ഷിക്കുക, എന്നാല്‍ അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിച്ചാല്‍ നിനക്കവനെ നിന്റെ മുമ്പില്‍ കാണാവുന്നതാണ്. നീ വല്ലതും ചോദിച്ചാല്‍ അല്ലാഹുവിനോട് ചോദിക്കുക. നീ സഹായം തേടുകയാണെങ്കില്‍ അല്ലാഹുവിനോട് സഹായം തേടുക. നീ മനസ്സിലാക്കുക; ലോകത്തുള്ള മുഴുവനാളുകളും ഒരുമിച്ച് നിനക്ക് വല്ല ഉപകാരവും ചെയ്യുവാന്‍ ഉദ്ദേശിച്ചാലും അല്ലാഹു നിനക്ക് വിധിച്ചതല്ലാതെ ഒന്നും സംഭവിക്കുകയില്ല. അത്‌പോലെ നിനക്ക് വല്ല ഉപദ്രവം വരുത്താന്‍ അവര്‍ മുഴുവനും ഒരുമിച്ചാലും നിനക്ക് അല്ലാഹു വിധിച്ചതല്ലാതെ ഒരുപദ്രവത്തിനും അവര്‍ക്ക് സാധ്യമല്ല തന്നെ. പേനകള്‍ ഉയര്‍ത്തപ്പെടുകയും പേജുകള്‍ ഉണങ്ങുകയും ചെയ്തിരിക്കുന്നു'' (തിര്‍മിദി, ഈ ഹദീഥ് സ്വഹീഹാണെന്ന് അല്‍ബാനി വ്യക്തമാക്കിയിട്ടുണ്ട്).

5. കുടുംബത്തിനും സമ്പത്തിനും സന്താനങ്ങള്‍ക്കും സ്വന്തത്തിനും എതിരെ പ്രാര്‍ഥിക്കാതിരിക്കുക.

ജാബിര്‍(റ)വില്‍ നിന്ന്: തന്റെ മൃഗത്തെ ശപിച്ച ഒരാളുടെ കാര്യത്തില്‍ പ്രവാചകന്‍ﷺ  ചോദിച്ചു: 'ആരാണ് തന്റെ മൃഗത്തെ ശപിച്ചത്?' അദ്ദേഹം പറഞ്ഞു: 'ഞാനാകുന്നു റസൂലേ!' പ്രവാചകന്‍ﷺ  പറഞ്ഞു: 'നീ അതിന്റെ പുറത്ത് നിന്ന് ഇറങ്ങുക. ശപിക്കപ്പെട്ട ഒന്നിനെയും നീ ഞങ്ങളോടൊപ്പം കൂട്ടരുത്. നിങ്ങള്‍ സ്വന്തത്തിനെതിരിലും സന്താനങ്ങള്‍ക്കെതിരിലും സമ്പത്തിനെതിരിലും പ്രാര്‍ഥിക്കരുത്. അല്ലാഹുവിന്റെയടുത്ത് ഒരു സമയമുണ്ട്, ആ സമയത്ത് നിങ്ങള്‍ എന്തെങ്കിലും ചോദിക്കുകയാണെങ്കില്‍ അല്ലാഹു നിങ്ങള്‍ക്കത് നല്‍കാതിരിക്കില്ല' (മുസ്‌ലിം). 

അബൂസഈദി(റ)ല്‍ നിന്ന് നിവേദനം: നബിﷺ  പറഞ്ഞു: ''പാപവും കുടുംബ ബന്ധം മുറിക്കലും ഇല്ലാത്ത ഏതെങ്കിലുമൊരു കാര്യത്തിനായി ഒരു മുസ്‌ലിം പ്രാര്‍ഥിച്ചാല്‍ മൂന്നില്‍ ഒരു കാര്യം അല്ലാഹു അവന് നല്‍കുന്നതാണ്. ഒന്നുകില്‍ അവന്‍ പ്രാര്‍ഥിച്ച കാര്യം പെട്ടെന്ന് നല്‍കുന്നു, അല്ലെങ്കില്‍ പരലോകത്തേക്ക് നീട്ടിവെക്കുന്നു. അതുമല്ലെങ്കില്‍ അതുപോലെയുള്ള തിന്മ അവനില്‍നിന്ന് തടയുന്നു.'' സ്വഹാബികള്‍ ചോദിച്ചു: ''അപ്പോള്‍ ഞങ്ങള്‍ പ്രാര്‍ഥന അധികരിപ്പിക്കുകയോ?'' പ്രവാചകന്‍ അരുളി: ''അല്ലാഹു തന്നെയാണ് സത്യം, അധികരിപ്പിക്കൂ'' (അഹ്മദ്).

 6. തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ അത് തിരിച്ചറിഞ്ഞ് അല്ലാഹുവിനോട് പശ്ചാത്തപിക്കുകയും ലഭിച്ച അനുഗ്രഹങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് നന്ദി കാണിക്കുകയും ചെയ്യുക.

ശദ്ദാദ്ബ്‌നു ഔസി(റ)ല്‍ നിന്ന്: പ്രവാചകന്‍ﷺ  പറഞ്ഞു: ''പാപമോചനത്തിന്റെ നേതാവ് (ഇനി പറയുന്ന പ്രാര്‍ഥനയാകുന്നു): 'അല്ലാഹുവേ, നീയാണെന്റെ നാഥന്‍. യഥാര്‍ഥത്തില്‍ നീയല്ലാതെ മറ്റൊരു ആരാധ്യനില്ല. നീയാണെന്നെ സൃഷ്ടിച്ചത്. ഞാന്‍ നിന്റെ ദാസനാകുന്നു. നിന്നോടുള്ള കരാറും ഉടമ്പടിയും എനിക്ക് സാധ്യമാവുന്നിടത്തോളം ഞാന്‍ പാലിക്കുന്നതാണ്. നീ എനിക്ക് ചെയ്തുതന്ന അനുഗ്രഹങ്ങളും ഞാന്‍ ചെയ്ത പാപങ്ങളും ഞാന്‍ നിന്നോട് സമ്മതിക്കുന്നു. അതിനാല്‍ നീ എനിക്ക് പൊറുത്തു തരേണമേ. നിശ്ചയം നീയല്ലാതെ പാപങ്ങള്‍ പൊറുക്കുന്നവനില്ല.' എന്നിട്ട് അവിടുന്ന് പറഞ്ഞു: 'ആരെങ്കിലും ഇത് മനസ്സറിഞ്ഞുകൊണ്ട് പകലില്‍ പറയുകയാണെങ്കില്‍ വൈകുന്നേരമാകുന്നതിന് മുമ്പ് അവന്‍ മരിക്കുകയാണെങ്കില്‍ അവന്‍ സ്വര്‍ഗവാസിയായിരിക്കും. ആരെങ്കിലും രാത്രി മനസ്സറിഞ്ഞ് കൊണ്ട് പറഞ്ഞതിന് ശേഷം പ്രഭാതമാകുന്നതിന് മുമ്പ് അവന്‍ മരിക്കുകയാണെങ്കില്‍ അവന്‍ സ്വര്‍ഗ വാസിയായിരിക്കും.'' (ബുഖാരി) 

7. ക്വിബ്‌ലയിലേക്ക് മുന്നിടുക: പ്രവാചകന്‍ﷺ  തന്റെ വിടവാങ്ങള്‍ ഹജ്ജില്‍ സ്വഫയിലും മര്‍വയിലും അറഫയിലും മശ്ഹറുല്‍ഹറമിലും ജംറതുസ്സ്വുഗ്‌റയിലും ജംറതുല്‍ വുസ്ത്വയിലും ഖിബ്‌യിലേക്ക് തിരിഞ്ഞ് നിന്ന് കൊണ്ടാണ് പ്രാര്‍ഥിച്ചിരുന്നത്.

അബ്ദുല്ലാഹിബ്‌നു സൈദി(റ)ല്‍ നിന്ന്: ''നബിﷺ  മഴക്ക് വേണ്ടി പ്രാര്‍ഥിക്കുന്ന മുസ്വല്ലയിലേക്ക് പുറപ്പെടുകയും മഴക്ക് വേണ്ടിയുള്ള നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്തു. പിന്നീട് ക്വിബ്‌ലക്ക് അഭിമുഖമായി നില്‍ക്കുകയും തന്റെ തട്ടം തിരിച്ചിടുകയും ചെയ്തു'' (ബുഖാരി).

ഇമാം അഹ്മദ് പറയുന്നതായി നമുക്ക് കാണാനാവും: ആരെങ്കിലും മദീനയില്‍ പ്രവാചകന്റെ ഖബറിനടുത്ത് നിന്ന് പ്രവാചകനും, അദ്ദേഹത്തിന്റെ രണ്ട് കൂട്ടുകാരനും സലാം പറഞ്ഞതിന് ശേഷം ആരെങ്കിലും പ്രാര്‍ഥിക്കുവാന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവന്‍ അവിടെ നിന്നും പിന്‍തിരിഞ്ഞ് ഖിബ്‌ലക്കഭിമുഖമായി നില്‍ക്കട്ടെ. (അല്‍ബാനി അഹ്കാമുല്‍ ജനാഇസില്‍ ഉദ്ധരിച്ചത്)

8. ഒരു കാര്യം തന്നെ മൂന്ന് പ്രാവശ്യം ആവര്‍ത്തിക്കുക: ''പ്രവാചകന്‍ﷺ  പ്രാര്‍ഥിക്കുകയാണെങ്കില്‍ മൂന്ന് പ്രാവശ്യം പ്രാര്‍ഥിക്കുമായിരുന്നു. ചോദിക്കുകയാണെങ്കില്‍ മൂന്ന് പ്രാവശ്യം ചോദിക്കുമായിരുന്നു'' (മുസ്‌ലിം).

9. തന്റെ ഭക്ഷണവും പാനീയവും വസ്ത്രവും അനുവദനീയമായ സമ്പത്ത് കൊണ്ടുള്ളതായിരിക്കണം. 

അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം: പ്രവാചകന്‍ﷺ  പറഞ്ഞു: ''അല്ലാഹു നല്ലവനാണ്, നല്ലതല്ലാതെ അവന്‍ സ്വീകരിക്കുകയില്ല: അല്ലാഹു പറയുന്നു: 'അല്ലയോ പ്രവാചകരേ, നിങ്ങള്‍ നല്ലത് ഭക്ഷിക്കുക, നന്മകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുക.' അല്ലാഹു പറയുന്നു; 'അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ക്ക് നാം നല്‍കിയതില്‍ നിന്ന് നല്ലത് ഭക്ഷിക്കുക.' തുടര്‍ന്ന് പ്രവാചകന്‍ﷺ  ഒരാളെ സംബന്ധിച്ച് പറയുകയുണ്ടായി: അവന്‍ ദീര്‍ഘയാത്ര ചെയ്തിട്ടുണ്ട്. അവന്റെ മുടി ജഡപിടിച്ചിട്ടുണ്ട്, പൊടിപുരണ്ടിട്ടുണ്ട്. അവന്‍ കൈകള്‍ ആകാശത്തേക്കുയര്‍ത്തി പ്രാര്‍ഥിക്കുന്നു: 'എന്റെ നാഥാ, എന്റെ നാഥാ!' എന്നാല്‍ അവന്റെ ഭക്ഷണം നിഷിദ്ധമായതാണ്. അവന്റെ വസ്ത്രം നിഷിദ്ധമാണ്. അവന്റെ പാനീയവും നിഷിദ്ധം തന്നെ. അവന്‍ നിഷിദ്ധത്തില്‍ മുങ്ങിക്കുളിച്ചിരിക്കുന്നു. എങ്ങനെയാണ് അവന്ന് ഉത്തരം ലഭിക്കുക?'' (മുസ്‌ലിം).

 10. അല്ലാഹുവിന്റെ സുന്ദരമായ നാമങ്ങള്‍,  ഉന്നതമായ വിശേഷണങ്ങള്‍ എന്നിവ കൊണ്ടോ, അല്ലെങ്കില്‍ താന്‍ നിര്‍വഹിച്ചിട്ടുള്ള സല്‍കര്‍മങ്ങള്‍ കൊണ്ടോ, അതുമല്ലെങ്കില്‍ ജീവിച്ചിരിക്കുന്ന സ്വാലിഹുകളുടെ പ്രാര്‍ഥന കൊണ്ടോ അല്ലാഹുവിലേക്ക് വസ്വീല തേടുക.

''അല്ലാഹുവിന് ഏറ്റവും നല്ല പേരുകളുണ്ട്. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ച്(പ്രാര്‍ഥിച്ചു) കൊള്ളുക'' (അല്‍അഅ്‌റാഫ്:180).

അബ്ദുല്ലാഹിബ്‌നു ബുറൈദ(റ) തന്റെ പിതാവില്‍ നിന്ന്: പ്രവാചകന്‍ﷺ  ഒരാള്‍ ഇങ്ങനെ പറയുന്നതായി കേട്ടു: 'അല്ലാഹുവേ, നിന്നോട് ഞാന്‍ ചോദിക്കുന്നു. നീയല്ലാതെ ആരും തന്നെ ആരാധനക്കര്‍ഹനായി ഇല്ല എന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നീയാണ് ഒരുവന്‍. നീ പരാശ്രയം വേണ്ടാത്തവനാണ്. നീ ജനിക്കുകയോ ജനിപ്പിക്കുകയോ ചെയ്തിട്ടില്ല. നിനക്ക് തുല്യനായി ആരും തന്നെയില്ല.' അപ്പോള്‍ പ്രവാചകന്‍ﷺ  പറഞ്ഞു: 'എന്റെ ആത്മാവ് ആരുടെ കയ്യിലാണോ അവനെക്കൊണ്ട് സ ത്യം, അദ്ദേഹം അല്ലാഹുവിന്റെ ഉന്നതമായ നാമങ്ങള്‍ കൊണ്ടാണ് ചോദിച്ചിട്ടുള്ളത്. അവകൊണ്ട് പ്രാര്‍ഥിക്കുകയാണെങ്കില്‍ ഉത്തരം നല്‍കപ്പെടും. അവകൊണ്ട് ചോദിച്ചാല്‍ നല്‍കപ്പെടുന്നതാണ്'' (അബൂദാവൂദ്. അല്‍ബാനി സ്വഹീഹാണെന്ന് പറഞ്ഞത്).

ഗുഹയില്‍ അകപ്പെട്ട മൂന്നാളുകള്‍ തങ്ങള്‍ ചെയ്തിട്ടുള്ള സല്‍കര്‍മങ്ങള്‍ മുന്‍നിര്‍ത്തി പ്രാര്‍ഥിച്ചപ്പോള്‍ അവര്‍ക്ക് അല്ലാഹു രക്ഷ നല്‍കിയതായി നബിﷺ  പറഞ്ഞ കഥ പ്രസിദ്ധമാണ്.

ഉമര്‍(റ)വിന്റെ കാലത്ത് വരള്‍ച്ചയുണ്ടായപ്പോള്‍ മഴക്ക് വേണ്ടി നബിﷺ യുടെ ജീവിച്ചിരിക്കുന്ന എളാപ്പയായ അബ്ബാസ്ബ്‌നു അബ്ദുല്‍ മുത്ത്വലിബിനെ ഇമാമാക്കിക്കൊണ്ട് പ്രാര്‍ഥിച്ചപ്പോള്‍ അല്ലാഹു ആ പ്രാര്‍ഥനക്ക് ഉത്തരമെന്നോണം മഴ വര്‍ഷിപ്പിച്ചു. ജീവിച്ചിരിക്കുന്നവരെക്കൊണ്ട് നമുക്ക് വേണ്ടി പ്രാര്‍ഥിപ്പിക്കാവുന്നതാണ് എന്ന് സാരം. നബിﷺ യുടെ ജീവിതകാലത്ത് സ്വഹാബികളാരെങ്കിലും ഉംറക്ക് പോകുമ്പോള്‍ അവിടുന്ന് തനിക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാല്‍ മരിച്ച് പോയവര്‍ എത്ര വലിയ മഹാന്മാരാണെങ്കിലും തങ്ങള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുവാന്‍ അവരോട് ആവശ്യപ്പെടാന്‍ പാടില്ല.

11. ഹൃദയത്തില്‍ തട്ടിക്കൊണ്ട് ഭയഭക്തിയോടെ, ശബ്ദം താഴ്ത്തി പ്രാര്‍ഥിക്കുക:

''അപ്പോള്‍ നാം അദ്ദേഹത്തിന് ഉത്തരം നല്‍കുകയും അദ്ദേഹത്തിന് (മകന്‍) യഹ്‌യായെ നാം പ്രദാനം ചെയ്യുകയും അദ്ദേഹത്തിന്റെ ഭാര്യയെ നാം (ഗര്‍ഭധാരണത്തിന്ന്) പ്രാപ്തയാക്കുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ (പ്രവാചകന്മാര്‍) ഉത്തമ കാര്യങ്ങള്‍ക്ക് ധൃതികാണിക്കുകയും ആശിച്ചുകൊണ്ടും പേടിച്ചുകൊണ്ടും നമ്മോട് പ്രാര്‍ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവര്‍ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു'' (അല്‍അമ്പിയാഅ്: 90).

12. നിര്‍ബന്ധമായ കര്‍മങ്ങള്‍ക്ക് പുറമെ ധാരാളം സുന്നത്തായ കാര്യങ്ങള്‍ ചെയ്യുന്നത് പ്രാര്‍ഥനക്ക് ഉത്തരം ലഭിക്കുവാന്‍ കാരണമാകും. ഒരു സ്വഹാബി സ്വര്‍ഗം ലഭിക്കുവാനുള്ള പ്രവര്‍ത്തനത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍ 'നീ അല്ലാഹുവിനുള്ള സുജൂദ് അധികരിപ്പിക്കുക' എന്നായിരുന്നു മറുപടി. (മുസ്‌ലിം)

13. രഹസ്യമായി പ്രാര്‍ഥിക്കുക: ''നീ വാക്ക് ഉച്ചത്തിലാക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവന്‍ (അല്ലാഹു) രഹസ്യമായതും അത്യന്തം നിഗൂഢമായതും അറിയും (എന്ന് നീ മനസ്സിലാക്കുക)'' (ത്വാഹാ: 7).

അബൂമൂസാ(റ)വില്‍ നിന്ന്: ഞങ്ങള്‍ നബിﷺ യുടെ കൂടെ യാത്രയിലായിരുന്നു. ജനങ്ങള്‍ വളരെ ശബ്ദത്തില്‍ തക്ബീര്‍ ചൊല്ലിക്കൊണ്ടിരുന്നപ്പോള്‍ നബിﷺ  പറഞ്ഞു: 'അല്ലയോ ജനങ്ങളേ, നിങ്ങള്‍ നിങ്ങളോട് തന്നെ മിതത്വം പാലിക്കുക. നിങ്ങള്‍ ബധിരനോടോ അജ്ഞനായവനോടോ അല്ല പ്രാര്‍ഥിക്കുന്നത്. നിങ്ങള്‍ പ്രാര്‍ഥിക്കുന്നത് കേള്‍ക്കുന്നവനോടും അടുത്തുള്ളവനോടുമാകുന്നു. അവന്‍ നിങ്ങളോടൊപ്പമാണ് താനും'' (ബുഖാരി).

അല്ലാഹുവെ കേള്‍പ്പിക്കുവാന്‍ വേണ്ടി പ്രാര്‍ഥനയോ ക്വുര്‍ആന്‍ പാരായണമോ അത്യുച്ചത്തിലാക്കേണ്ടതില്ല. കാരണം, അല്ലാഹു ഏത് ശബ്ദവും കേള്‍ക്കുന്നവനാണ്. എന്നാല്‍ ശബ്ദം ഉയര്‍ത്തി ചൊല്ലാന്‍ നിര്‍ദേശിക്കപ്പെട്ട കാര്യങ്ങള്‍ അങ്ങനെ തന്നെ ചൊല്ലണം. 

14. വിശുദ്ധക്വുര്‍ആനും തിരുസുന്നത്തും പഠിപ്പിച്ച് തന്നിട്ടുള്ള പ്രാര്‍ഥനകള്‍ പ്രാവര്‍ത്തികമാക്കുക. കാരണം ഇവയിലുള്ള പ്രാര്‍ഥനകള്‍ തെറ്റില്‍ നിന്ന് മുക്തവും പ്രവാചകന്മാരുടെ പ്രാര്‍ഥനകളില്‍ പെട്ടവയുമാണ്. അതിനാല്‍ തന്നെ ഉത്തരം ലഭിക്കുവാന്‍ കൂടുതല്‍ സാധ്യതയുള്ളതുമായിരിക്കും.

15. പ്രാര്‍ഥിച്ചതിന് ശേഷം തന്റെ ആവശ്യത്തിന് യോജിക്കുന്ന, അല്ലാഹുവിന്റെ വിശേഷണങ്ങള്‍ പറയുക: ഉദാ: 'അല്ലാഹുവേ, നീ എന്റെ പാപങ്ങള്‍ പൊറുത്ത് തരേണമേ. കാരണം നീ ഗഫൂറാ(എല്ലാം പൊറുക്കുന്നവന്‍)കുന്നു' എന്നിങ്ങനെ പ്രാര്‍ഥിക്കുക.