വെല്ലുവിളികളെ അവസരങ്ങളായി കാണുക

നബീല്‍ പയ്യോളി

2019 ഡിസംബര്‍ 21 1441 റബിഉല്‍ ആഖിര്‍ 24

ഈയിടെ രണ്ട് വിദ്യാര്‍ഥിനികള്‍ മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നത് നാം കണ്ടു. വയനാട് എം.പിയും കോണ്‍ഗ്രസ്സ് നേതാവുമായ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയാണ് ഇവര്‍ ശ്രദ്ധാകേന്ദ്രങ്ങളായി മാറിയത്. സാധാരണയായി ദേശീയ നേതാക്കള്‍ക്ക് പരിഭാഷകരെ മുന്‍കൂട്ടി നിശ്ചയിക്കുകയും സംസാരിക്കുന്ന വിഷയങ്ങള്‍ രേഖപ്പെടുത്തിയോ മറ്റോ പരസ്പര ധാരണയോടെ പരിഭാഷ നടത്തുകയുമാണ് ചെയ്യാറുള്ളത്. മുന്‍പരിചയമുള്ളവരും  ഭാഷാനൈപുണ്യമുള്ളവരുമായ മുതിര്‍ന്നവരാണ്  ഈ റോള്‍ ഏറ്റെടുക്കാറുള്ളത്. പ്രഭാഷകന്റെ ശൈലി, വാക്കുകള്‍, വാചക ഘടന, വാചകങ്ങളുടെ  ദൈര്‍ഘ്യം തുടങ്ങി നിരവധി ഘടകങ്ങള്‍ പരിഭാഷകന്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതിന് പ്രഭാഷകന്റെ മുന്‍കാല പ്രസംഗങ്ങള്‍ സശ്രദ്ധം കേട്ട് തയ്യാറായി വരികയാണ് പരിഭാഷകന്‍ ചെയ്യാറുള്ളത്. പരിചയ സമ്പന്നരാണെങ്കില്‍ ഇത്തരം കാര്യങ്ങളില്‍ അവര്‍ക്ക് മുന്‍ധാരണയുണ്ടാവുകയും ചെയ്യും.

ഇതില്‍ നിന്നും വിപരീതമായി അവിചാരിത പരിഭാഷകരായി എന്നതാണ് ഈ രണ്ട് വിദ്യാര്‍ഥിനികളെ വ്യത്യസ്തരാക്കുന്നത്. 'ഞാന്‍ ഇംഗ്ലീഷിലാണ് സംസാരിക്കാന്‍ പോകുന്നത്. പ്രസംഗം പരിഭാഷപ്പെടുത്താന്‍ ആരെങ്കിലും മുന്നോട്ടുവന്നെങ്കില്‍ നന്നായിരുന്നു. ഞാന്‍ പറയുന്നത് പരിഭാഷപ്പെടുത്താന്‍ വിദ്യാര്‍ഥികളില്‍ ആരെങ്കിലുമുണ്ടോ?' മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സയന്‍സ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ രാഹുല്‍ ഗാന്ധി സദസ്സിനോട് ചോദിച്ചു.

അല്‍പം നിശ്ശബ്ദമായ സദസ്സില്‍ നിന്നും ആ സ്‌കൂളിലെ പ്ലസ്‌വണ്‍ വിദ്യാര്‍ഥിനി സഫ ഫെബിന്‍ വെല്ലുവിളി ഏറ്റെടുത്തു മുന്നോട്ട് വന്നു. ഭംഗിയായി അവള്‍ ആ ദൗത്യം നിര്‍വഹിച്ചു. വയനാട് വാകേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി പി.വി. പൂജയാണ് മറ്റൊരു പരിഭാഷക. അപ്രതീക്ഷിതമായി കിട്ടിയ അവസരത്തില്‍ ഇടക്കൊന്ന് പതറിയെങ്കിലും ആ ദൗത്യം പൂജയും ഭംഗിയായി നിര്‍വഹിച്ചു. അതോടെ പത്ര,ദൃശ്യ,ശ്രാവ്യ,സാമുഹ്യ മാധ്യമങ്ങളില്‍ ഇരു പ്രതിഭകള്‍ക്കും അഭിനന്ദന പ്രവാഹമായിരുന്നു. മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ പ്രവര്‍ത്തകരും സര്‍ക്കാരും ഇവര്‍ക്ക് പ്രോത്സാഹനവുമായി രംഗത്ത് എത്തി. വളര്‍ന്ന് വരുന്ന പ്രതിഭകള്‍ക്ക് സമൂഹത്തില്‍ നിന്ന് ലഭിക്കേണ്ടത് പ്രോത്സാഹനവും പിന്തുണയുമാണ്. അത് അവരുടെ ഇളംമനസ്സുകള്‍ക്ക്  ഊര്‍ജം പകരുകയും  ഉയരങ്ങളിലേക്ക് കുതിക്കാന്‍ ആത്മവിശ്വാസം  നല്‍കുകയും ചെയ്യും.

രണ്ട് വിദ്യാര്‍ഥിനികളും സമൂഹത്തിന് നല്‍കുന്ന സന്ദേശം വെല്ലുവിളികളെ അവസരങ്ങളായി കാണണം എന്നതാണ്. ഏതൊരു പ്രൊഫഷണല്‍ പരിഭാഷകനും വെല്ലുവിളിയായി നിലനില്‍ക്കുന്ന ഒരു ദൗത്യം തെല്ലും ടെന്‍ഷന്‍ ഇല്ലാതെ നിര്‍വഹിക്കാന്‍ അവര്‍ക്ക് സാധ്യമായത് വെല്ലുവിളിക്കപ്പുറം തങ്ങള്‍ക്ക് ലഭിച്ച അവസരമായി അതിനെ കണ്ടത് തന്നെയാണ്.  പ്രഭാഷകന്റെ മനസ്സറിഞ്ഞ് ആശയവും ആവേശവും ചോര്‍ന്ന് പോകാതെ സ്വതസിദ്ധമായ ശൈലിയില്‍ അവര്‍ ഭാഷാന്തരം നടത്തി. ഇത് സാധ്യമായത് തങ്ങള്‍ക്ക് ലഭിച്ച അവസരത്തെ ക്രിയാത്മകമായി ഉപയോഗിക്കാനുള്ള അവരുടെ ആത്മാര്‍ഥമായ ആഗ്രഹം കൊണ്ട് തന്നെയാണ്. വെല്ലുവിളികളെ ഭയത്തോടെ കാണുകയും അതിനെ നേരിടാന്‍ കരുത്തില്ലാതെ പകച്ചു നില്‍ക്കുകയും ചെയ്യുന്ന പുതുതലമുറക്ക് വെളിച്ചവും ഊര്‍ജവും നല്‍കാന്‍ രണ്ട്‌പേര്‍ക്കും സാധ്യമായി എന്നത് പ്രതീക്ഷ നല്‍കുന്നു.

വെല്ലുവിളികള്‍ ഏതൊരാളുടെ ജീവിതത്തിലും അപ്രതീക്ഷിതമായി വന്നെത്തുന്ന അതിഥിയാണ്. അതിന് മുന്നില്‍ ഒരു നിമിഷം നാം പകച്ചു നിന്നുപോകും; എന്ത് ചെയ്യണമെന്നറിയാതെ, പ്രതികരിക്കാന്‍ വാക്കുകളില്ലാതെ, കരുത്ത് നഷ്ടപ്പെട്ട്... ഏത് കരുത്തനായ മനുഷ്യനും ദുര്‍ബലനായിത്തീരുന്ന നിമിഷം!

മാനസികമായ കരുത്ത് ആര്‍ജിക്കുക തന്നെയാണ് പ്രധാനം. ആള്‍ക്കൂട്ടത്തിന് മുന്നില്‍ സത്യം വിളിച്ചു പറയാനും നീതിയുടെ പക്ഷത്ത് നില്‍ക്കാനും ഫലപ്രദമായ ആശയ സംവേദനത്തിനും ഈ മനക്കരുത്ത് അനിവാര്യമാണ്. നാലാളെ കാണുമ്പോള്‍ മുട്ട് വിറയ്ക്കുന്നവരാണ് നമ്മില്‍ പലരും. സ്വന്തക്കാരോട് വാതോരാതെ സംസാരിക്കുന്നവര്‍ ചെറിയൊരു സദസ്സില്‍ ചെന്നാല്‍ പോലും വാക്കുകള്‍ കിട്ടാതെ പ്രയാസപ്പെടുന്നത് കാണാം. സ്‌കൂള്‍ ജീവിതം മുതല്‍ നമ്മള്‍ക്ക് ലഭിച്ച അവസരങ്ങളില്‍ നിന്ന് ഒളിച്ചോടിയതിന്റെ പരിണിത ഫലമാണ് ഇത്തരം പോരായ്മകള്‍. ജനങ്ങളെ അഭിമുഖീകരിച്ച് സംസാരിക്കാന്‍ അവസരം ലഭിച്ചാല്‍ ധൈര്യസമേതം അത് ഉപയോഗപ്പെടുത്താല്‍ നമുക്ക് സാധിക്കേണ്ടതുണ്ട്. പരിശ്രമവും ആഗ്രഹവും ഉണ്ടെങ്കിലേ മാറ്റമുണ്ടാകൂ. അതിനുള്ള അവസരങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട്. അതിനെ എത്രത്തോളും ഉപയോഗപ്പെടുത്തുന്നു എന്നതാണ് ഓരോരുത്തരും പുനര്‍വിചിന്തനം നടത്തേണ്ടത്.

സ്റ്റാഫ് മീറ്റിംഗുകള്‍, അധ്യാപക രക്ഷാകര്‍തൃ സംഗമങ്ങള്‍, കുടുംബങ്ങളുടെ ഒത്ത് ചേരല്‍,  റസിഡന്റ് അസോസിയേഷനുകളുടെ സംഗമങ്ങള്‍; മത, രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളിലെ അവസരങ്ങള്‍ തുടങ്ങി സംസാരിക്കാനുള്ള വേദികള്‍ നിരവധി നമുക്ക് മുന്നിലുണ്ട്. അത് എനിക്ക് പറ്റിയ പണിയല്ല എന്ന് പറഞ്ഞ് ഓടിയൊളിക്കുകയല്ല; മറിച്ച് കഴിയും എന്ന് മനസ്സിനോട് നിരന്തരം പറയുകയും അതിനനുസരിച്ച ശ്രമങ്ങള്‍ ഉണ്ടാവുകയും ആണ് വേണ്ടത്. ഈ ആത്മവിശ്വാസവും ധൈര്യവും ഇല്ലെങ്കില്‍ സമൂഹത്തില്‍ നമുക്ക് ചെയ്യാവുന്ന പലകാര്യങ്ങളില്‍ നിന്നും പിന്തിരിയാന്‍ അത് കാരണമാകും. മറ്റുള്ളവര്‍ക്ക് പ്രേരണയും പ്രോത്സാഹനവും നല്‍കുകയും ചെയ്യേണ്ടതുണ്ട്.

വെല്ലുവിളികള്‍ക്ക് മുമ്പില്‍ പതറാതെ സധൈര്യം അവയെ നേരിടാനും അവസരമായി കണ്ട് ക്രിയാത്മകമായി ഉപയോഗപ്പെടുത്താനും സാധ്യമാകണം. വിദ്യാലയങ്ങളെ അതിനനുസരിച്ചു ഉപയോഗപ്പെടുത്താന്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും ശ്രദ്ധിക്കണം. സമൂഹത്തിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളും തങ്ങളുടെ പ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും ഇത്തരം അവസരങ്ങള്‍ മനഃപൂര്‍വം നല്‍കുകയും അവര്‍ക്ക് ധൈര്യവും ആത്മവിശ്വാസവും പ്രോത്സാഹനവും പകരാന്‍ മനസ്സ് കാണിക്കുകയും ചെയ്യണം. കൂടെയുള്ളവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അതിനെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുന്നവര്‍ക്ക് മാത്രമെ മാറ്റങ്ങള്‍ക്ക് കാരണക്കാരാവാന്‍ സാധ്യമാവുകയുള്ളൂ. തങ്ങളുടെ അവസരം നഷ്ടപ്പെടുമോ എന്ന ഭയം പലപ്പോഴും ഈ കാര്യത്തില്‍ നിന്ന് പലരെയും പിന്തിരിപ്പിക്കാറുണ്ട്. സ്വാര്‍ഥത ഏതൊരാളെയും നാശത്തിലേക്കേ നയിക്കൂ എന്നത് വസ്തുതയാണ്.