നാവ് കൊണ്ട് നരകം വാങ്ങരുത്

ജാസിദ് ജാമിഅ അല്‍ഹിന്ദ്

2019 ജൂലായ് 06 1440 ദുല്‍ക്വഅദ് 03

അല്ലാഹു മനുഷ്യരെന്ന നിലക്ക് നമുക്ക് ധാരാളം അനുഗ്രഹങ്ങള്‍ കനിഞ്ഞരുളിയിട്ടുണ്ട്. ആ അനുഗ്രഹങ്ങള്‍ അളവറ്റതാണെന്ന് അനുഗ്രഹദാതാവ് തന്നെ പറയുന്നുണ്ട്:

''നിങ്ങളവനോട് ആവശ്യപ്പെട്ടതില്‍ നിന്നെല്ലാം നിങ്ങള്‍ക്ക് അവന്‍ നല്‍കിയിരിക്കുന്നു. അല്ലാഹുവിന്റെ അനുഗ്രഹം നിങ്ങള്‍ എണ്ണുകയാണെങ്കില്‍ നിങ്ങള്‍ക്കതിന്റെ കണക്കെടുക്കാനാവില്ല...''(ക്വുര്‍ആന്‍ 14:34).

ഈ അനുഗ്രഹങ്ങളില്‍ പ്രധാനപ്പെട്ട ഒരു അനുഗ്രഹമാണ് നാവ്. അല്ലാഹു ചോദിക്കുന്നു:

''അവന് നാം രണ്ട് കണ്ണുകള്‍ ഉണ്ടാക്കി കൊടുത്തിട്ടില്ലേ? ഒരു നാവും രണ്ടു ചുണ്ടുകളും?'' (90:8,9).

രണ്ടു താടിയെല്ലുകള്‍ക്കിടയിലുള്ള ചെറിയൊരു മാംസക്കഷ്ണമാണെങ്കിലും അതിന്റെ ധര്‍മം വലുതാണ്. മനുഷ്യന്റെ ഏറ്റവും വലിയ സവിശേഷതയാണ് സംസാരിക്കുക എന്നത്. അതിന് നാവ് കൂടിയേ തീരൂ. ഭക്ഷണത്തിന്റെ രുചിയറിയാനും നാവ് തന്നെ വേണം. ഈ മഹത്തായ അനുഗ്രഹം കൊണ്ട് നാം നന്ദി കാട്ടേണ്ടതുണ്ട്. നാവുകൊണ്ട് നന്ദികാണിക്കുക എന്നു പറഞ്ഞാല്‍ ആ നാവ് നന്മക്ക് വേണ്ടി ഉപയോഗിക്കലാണ്, നല്ലതു മാത്രം പറയലാണ്.

അജ്ഞാനകാല കവികളില്‍ പ്രസിദ്ധനായ സുഹൈറിന്റെ ഒരു കവിതാശകലം കാണുക: ''മനുഷ്യനെന്നു പറഞ്ഞാല്‍ അവന്റെ ഹൃദയവും നാവുമാണ്. ബാക്കിയുള്ളത് കേവലം ശരീരം മാത്രമാണ്.''

പരസ്പര ബന്ധം ഊട്ടിയുറപ്പിക്കുവാനും സ്‌നേഹവും സാഹോദര്യവും ഐക്യവും വളര്‍ത്തുവാനും ആവശ്യമായ നിരവധി നിര്‍ദേശങ്ങള്‍ ഇസ്‌ലാം നല്‍കിയിട്ടുണ്ട്. അതോടൊപ്പം സമൂഹത്തിന്റെ ഭദ്രതയെ ഏതെങ്കിലും തരത്തില്‍ ബാധിക്കുന്ന തിന്മകളുടെ സകല രൂപങ്ങള്‍ക്കുമെതിരില്‍ ഇസ്‌ലാം കര്‍ശനമായി താക്കീതു നല്‍കിയിട്ടുമുണ്ട്. അതില്‍ പ്രധാനമാണ് നാവിലൂടെ സമൂഹത്തില്‍ പ്രചരിപ്പിക്കപ്പെടുന്ന കുഴപ്പങ്ങളും പ്രശ്‌നങ്ങളും. അത്‌കൊണ്ടുതന്നെ ഇസ്‌ലാം നാവിന്റെ വിഷയത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ആരും കേള്‍ക്കുന്നില്ല എന്ന ഉറപ്പോടെ രഹസ്യമായി സംസാരിച്ചതും പരസ്യമായി സംസാരിച്ചതും-അത് നല്ലതാകട്ടെ, ചീത്തയാകട്ടെ-അല്ലാഹു അറിയാതിരിക്കില്ല. അതെല്ലാം രേഖപ്പെടുത്തി വെക്കുവാന്‍ അല്ലാഹു മലക്കുകളെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാവിലൂടെ പ്രചരിപ്പിക്കപ്പെടുന്ന അസത്യങ്ങളും അര്‍ധസത്യങ്ങളും സമൂഹത്തിലും കുടുംബങ്ങളിലുമൊക്കെ ഉണ്ടാക്കുന്ന ഭവിഷ്യത്തുകള്‍ ചെറുതല്ല. ആയുധംകൊണ്ട്ഉണ്ടാക്കുന്ന മുറിവ് കാലക്രമേണ മാറും. എന്നാല്‍ നാവുകൊണ്ട് മുറിവേല്‍പിക്കുന്നത് ഹൃദയത്തിലാണ്. അത് ഒരിക്കലും ഉണങ്ങില്ല.

അതിനാല്‍ നാവിനെ നാം സൂക്ഷിച്ച് ഉപയോഗിക്കുക. പരലോകത്ത് നാവിനാല്‍ ശിക്ഷ ഏറ്റുവാങ്ങേണ്ട അവസ്ഥയുണ്ടായിക്കൂടാ. 'ആദം സന്തതികളില്‍ ഏറ്റവും കുടുതല്‍ വരുന്ന തെറ്റുകള്‍ അവരുടെ നാവിനാലാണ്' എന്ന നബിവചനം നമ്മുടെ ഓര്‍മയില്‍ എപ്പോഴും ഉണ്ടായിരിക്കണം.  

വായവിട്ട വാക്കുകള്‍ തിരിച്ചെടുക്കാന്‍ സാധിക്കില്ല. അതുകൊണ്ട് ഓരോ വാക്കും സൂക്ഷിച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. കുടുംബ ബന്ധം, സുഹൃദ് ബന്ധം, ഗുരുശിഷ്യ ബന്ധം, സാമൂഹ്യബന്ധം തുടങ്ങിയ ഏത് ബന്ധവും മുറിയുവാനും വന്‍കലാപങ്ങള്‍ തന്നെ ഉണ്ടാകുവാനും ഒരാളുടെ നാവ് നിമിത്തമായേക്കാം.

ഒരുവന്റെ നാവ് അവന്റെ തന്നെ നാശഹേതുവായിത്തീരുന്ന ദുരവസ്ഥ എത്ര വലുതാണ്! ആരാണ് മുസ്‌ലിംകളില്‍ ഏറ്റവും ശ്രേഷ്ഠന്‍ എന്ന് ചോദിച്ചപ്പോള്‍ റസൂല്‍ ﷺ  പറഞ്ഞു: 'ആരുടെ കയ്യില്‍ നിന്നും നാവില്‍ നിന്നും മറ്റു മുസ്‌ലിംകള്‍ സുരക്ഷിതരാണോ അയാള്‍.'

ഓരോ വിശ്വാസിയുടെയും അഭിമാനം പവിത്രമാണെന്ന് റസൂല്‍ ﷺ  തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. ആയതിനാല്‍ ഒരാളെയും നാം നമ്മുടെ നാവുകൊണ്ട് മനപ്പൂര്‍വം ദ്രോഹിക്കില്ലെന്ന് ഉറപ്പുവരുത്തണം.

നമ്മില്‍ പലരും വെറുതെ തര്‍ക്കിക്കുന്നവരാണ്. എന്നാല്‍ ന്യായമുണ്ടായിട്ടും തര്‍ക്കം ഒഴിവാക്കുന്നവന് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ച് നബി ﷺ  സന്തോഷവാര്‍ത്ത അറിയിച്ചിട്ടുണ്ട്. ആയതിനാല്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ഒരു നന്മയും ഇല്ലാത്ത സംസാരങ്ങളില്‍ നിന്നും വിശ്വാസികള്‍ മാറിനില്‍ക്കേണ്ടതുണ്ട്.  

റസൂല്‍ ﷺ  പറഞ്ഞു: 'അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാരോ അവര്‍ നല്ലതു പറയട്ടെ, അല്ലെങ്കില്‍ മൗനം പാലിച്ചുകൊള്ളട്ടെ.'

'ഒരു അടിമ അവന്റെ സംസാരം അല്ലാഹുവിന് ഇഷ്ടപ്പെട്ടതാക്കുക. എന്നാല്‍ അല്ലാഹു നമ്മുടെ പദവികള്‍ ഉയര്‍ത്തും.'

ഒരിക്കല്‍ ആഇശ(റ) നബി ﷺ യോട് സഫിയ(റ)യെ കുറിച്ച് 'നിങ്ങള്‍ക്ക് അവളെത്തന്നെ മതിയല്ലോ. അവള്‍ കുള്ളത്തിയാണ്' എന്നിങ്ങനെ പറഞ്ഞപ്പോള്‍ അവിടുന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: 'നീ ഈ പറഞ്ഞ വാക്ക് സമുദ്ര ജലത്തില്‍ ലയിപ്പിക്കുകയാണെങ്കില്‍ സമുദ്രജലത്തെ അത് മലിനമാക്കിത്തീര്‍ക്കും.'

അന്യരെ ചിരിപ്പിക്കുവാന്‍ വേണ്ടി കളവു പറയല്‍ ഇന്ന് ഒരു കലയാണ്. തമാശക്കായാലും കളവു പറയരുതെന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. സമൂഹത്തിന്റെ കയ്യടി ലഭിക്കാനും ആളുകള്‍ ചിരിക്കാനും സുഹൃത്തിന്റെ പരിഗണനക്കു വേണ്ടിയും ഏതെങ്കിലും തരത്തിലുള്ള പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാനും മറ്റും മനുഷ്യര്‍ കളവിനെ കൂട്ടുപിടിക്കുന്നു.

അബ്ദുല്ലാഹിബ്‌നു ആമിര്‍(റ) പറയുന്നു: ''എന്റെ ഉമ്മ ഒരിക്കല്‍ എന്നെ വിളിച്ചു. തദവസരം നബി ﷺ  വീട്ടിലുണ്ടായിരുന്നു. ഉമ്മ പറഞ്ഞു: 'വരൂ. നിനക്ക് ഞാനൊരു സാധനം തരാം.' അപ്പോള്‍ നബി ﷺ  ചോദിച്ചു: 'നിങ്ങള്‍ അവന് എന്താണ് നല്‍കാന്‍ ഉദ്ദേശിക്കുന്നത്?' ഉമ്മ പറഞ്ഞു: 'അവന് ഞാന്‍ കാരക്ക കൊടുക്കാന്‍ ഉദ്ദേശിക്കുന്നു.' തദവസരം റസൂല്‍ ﷺ  പറഞ്ഞു: 'നിങ്ങള്‍ അവന് ഒരു വസ്തുവും നല്‍കുന്നില്ലെങ്കില്‍ നിങ്ങളുടെ മേല്‍ കളവ് രേഖപ്പെടുത്തപ്പെടും.'  

ഈ ഹദീസ് കൂടുതല്‍ വിശദീകരിക്കേണ്ട ആവശ്യമില്ല. കുട്ടികളോടായാല്‍ കളവു പറയാം എന്ന ധാരണ ചിലര്‍ക്കുണ്ട്. അത് മാറ്റേണ്ട ധാരണയാണ്.

ഒരിക്കല്‍ നബി ﷺ  രണ്ട് ക്വബ്‌റുകള്‍ക്കരികിലൂടെ നടന്നു പോകുമ്പോള്‍ പറഞ്ഞു: 'ഈ രണ്ടു മനുഷ്യന്മാര്‍ അവരുടെ ക്വബ്‌റുകളില്‍ അതിശക്തമായ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കുകയാണ്.' എന്തിന്റെ പേരിലാണ് എന്ന സ്വഹാബിമാരുടെ അന്വേഷണത്തോട് പ്രവാചകന്‍ ﷺ  പ്രതികരിച്ചു: 'ഒരാള്‍ മുത്രത്തില്‍ നിന്ന് ശുദ്ധിവരുത്താത്തവനും മറ്റെയാള്‍ മറ്റുള്ളവരെ ദുഷിച്ചു പറയുന്നവനും ഏഷണിയുമായി മനുഷ്യര്‍ക്കിടയില്‍ ചുറ്റിത്തിരിയുന്നവനുമായിരുന്നു.'

അല്ലാഹുവിന്റെ അടിമകളില്‍ ഏറ്റവും ഉത്തമര്‍ അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുന്നവരും അവരിലെ ഏറ്റവും നികൃഷ്ടര്‍ ഏഷണിയുമായി കറങ്ങിത്തിരിയുന്നവരുമാണെന്ന് പ്രവാചകന്‍ ﷺ  വ്യക്തമാക്കുകയുണ്ടായി.

നാവിനെ നിയന്ത്രിക്കുവാന്‍ സാധിച്ചാല്‍ നമ്മുടെ ദൈനംദിന ജീവിതത്തിലും ഭാവിജീവിതത്തിലും ഉണ്ടായേക്കാവുന്ന വ്രണങ്ങളെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ കഴിയും. അതിനാല്‍ നമ്മുടെ നാവെന്ന അനുഗ്രഹത്തെക്കൊണ്ട് അല്ലാഹുവിന് നന്ദികാണിക്കുക. അല്ലാഹുവിനെ സ്മരിക്കുവാനും നന്മ കല്‍പിക്കുവാനും തിന്മ വിരോധിക്കുവാനുമെല്ലാം അതിനെ ഉപയോഗിക്കുക. നമ്മള്‍ എന്തൊന്ന് ഉരുവിടുമ്പോഴും അത് നമുക്ക് ഇഹത്തിലും പരത്തിലും ഉപകാരമാണോ ഉപദ്രവമാണോ ഉണ്ടാക്കുക എന്ന് ചിന്തിക്കണം. എത്ര ശ്രമിച്ചാലും ചില സമയങ്ങളില്‍ നാവിന്റെ നിയന്ത്രണം നമ്മില്‍ നിന്നും നഷ്ടപ്പെട്ടേക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ അല്ലാഹുവിനെയും അന്ത്യദിനത്തെയും ഓര്‍ത്ത് മൗനം ദീക്ഷിക്കുകയാണ് ഒരു മുസ്‌ലിം ചെയ്യേണ്ടത്.