കെ.കെ. സകരിയ്യ സ്വലാഹി: അറിവിനെ സ്‌നേഹിച്ച പണ്ഡിതന്‍

ഫൈസല്‍ മൗലവി പുതുപ്പറമ്പ്

2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24
ആദര്‍ശരംഗത്ത് കണിശതയുടെയും കാര്‍ക്കശ്യത്തിന്റെയും ആള്‍രൂപമായിരുന്നു ഈയിടെ വിടപറഞ്ഞ കെ.കെ സകരിയ്യ സ്വലാഹി. മതവിജ്ഞാനീയത്തിലുള്ള ആഴമേറിയ പരിജ്ഞാനവും അതിനോട് അദ്ദേഹം കാത്തുസൂക്ഷിച്ച വൈജ്ഞാനിക സത്യസന്ധതയും മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തി. മൗലവിയെ കുറിച്ചുള്ള ചില ഓര്‍മകള്‍

തൗഹീദീ ആദര്‍ശം മനസ്സിലാക്കിയ ആദ്യനാളുകള്‍ മുതല്‍ ഞാനടക്കം പലര്‍ക്കും കേട്ട് പരിചയമുള്ള നാമമാണ് കെ.കെ.സകരിയ്യ സ്വലാഹി എന്നത്. അടുത്തിടപഴകുന്ന ഏതൊരാള്‍ക്കും ധാരാളമുണ്ട് അദ്ദേഹത്തെക്കുറിച്ച് പറയാന്‍. ഇക്കഴിഞ്ഞ ജൂലൈ 14, ഞായറാഴ്ച ഉച്ചയോടെ അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും പ്രദാനം ചെയ്യട്ടെ, ആമീന്‍!

എന്നാണ് സ്വലാഹിയെ ആദ്യമായി പരിചയപ്പെട്ടത് എന്ന് ഓര്‍ത്തെടുക്കാന്‍ കുറേ ശ്രമിച്ചു. പക്ഷേ, സാധിക്കുന്നില്ല. 2000ല്‍ ആണ് ഞാന്‍ തൗഹീദി പ്രസ്ഥാനത്തിന്റെ സഹയാത്രികനാകുന്നത്. ആ ആദ്യ കാലഘട്ടങ്ങളില്‍ തന്നെ അദ്ദേഹത്തെ പരിചയപ്പെടാന്‍ സാധിച്ചിട്ടുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്തില്‍ പുളിക്കല്‍ ജാമിഅ സലഫിയ്യയില്‍ സംഘടിപ്പിച്ചിരുന്ന മാസാന്ത വൈജ്ഞാനിക ദൗറകളില്‍ കൂടിയാണ് അദ്ദേഹവുമായി വ്യക്തിബന്ധം സ്ഥാപിക്കാനായത്. പിന്നീട് 2004ലെ പ്രസിദ്ധമായ മണ്ണാര്‍ക്കാട് സംവാദവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളുടെ ഭാഗമായി അദ്ദേഹവുമായി കൂടുതല്‍ അടുക്കാന്‍ സാധിച്ചു. ആ ബന്ധം അവസാനം വരെ നിലനിര്‍ത്താന്‍ ശ്രമിച്ചിട്ടുമുണ്ട്. അല്‍ഹംദുലില്ലാഹ്!

ആദര്‍ശ ധീരനായ പ്രബോധനകന്‍

സ്വലാഹിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഏതൊരാള്‍ക്കും ഒന്നാമതായി പറയാനുണ്ടാകുക അദ്ദേഹത്തിന്റെ ആദര്‍ശ പ്രബോധന രംഗത്തെ ധീരമായ ഇടപെടല്‍ തന്നെയായിരിക്കും. എത്ര വലിയ എതിരാളിയുടെ മുമ്പിലും ഒരല്‍പം പോലും പതറാതെ ധീരമായി ഉറച്ചുനില്‍ക്കുകയും തനിക്ക് ബോധ്യപ്പെട്ട കാര്യം ഒരാളുടെയും മുഖം നോക്കാതെ വെട്ടിത്തുറന്ന് പറയുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. എത്ര വലിയ എതിര്‍പ്പുള്ള പ്രദേശങ്ങളിലും നിസ്സങ്കോചം നിന്ന് പ്രഭാഷണം നടത്താന്‍ അദ്ദേഹം കാണിച്ച ധീരത പ്രത്യേകം പ്രസ്താവ്യമാണ്. പല വേദികളും കയ്യേറ്റം ചെയ്യപ്പെടുകയും പലപ്പോഴും ശാരീരിക മര്‍ദനങ്ങള്‍ക്ക് ഇരയാകേണ്ടി വരികയും ചെയ്തു. അല്ലാഹു എല്ലാം സ്വീകരിക്കുകയും പരിപൂര്‍ണമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ.

വിനയാന്വിതനായ വിദ്യാര്‍ഥി

അറിവിനോടും അറിവുള്ളവരോടും അറിവ് അന്വേഷിക്കുന്നവരോടും അദ്ദേഹത്തിന് വലിയ സ്‌നേഹമായിരുന്നു. ധാരാളമായി അദ്ദേഹം വായിക്കുമായിരുന്നു. മാത്രമല്ല, വായിക്കുന്നത് പലപ്പോഴും കൃത്യമായി നോട്ട് ചെയ്ത് വെക്കുകയും ചെയ്യും. ആദ്യകാലം മുതല്‍ അദ്ദേഹം രേഖപ്പെടുത്തിവെച്ച ഡയറികള്‍ വിഷയ ക്രമത്തില്‍ തരംതിരിച്ച് രേഖപ്പെടുത്തിയ നോട്ടുകള്‍ പലപ്പോഴും അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. എന്ന് സംഗമിക്കുമ്പോഴും വായിക്കാനും എഴുതാനും അദ്ദേഹം പ്രോത്സാഹിപ്പിക്കുമായിരുന്നു. എത്ര ചെറിയവരോടും സംശയം ചോദിക്കാന്‍ അദ്ദേഹം വൈമനസ്യം കാണിച്ചിരുന്നില്ല. വായിച്ചുകൊടുക്കാന്‍ കഴിയുന്ന ആരുടെ മുന്നിലും വിനയാന്വിതനായ വിദ്യാര്‍ഥിയെപ്പോലെ ഇരുന്ന് വായിച്ച് പഠിക്കാന്‍ അദ്ദേഹം കാണിച്ചിരുന്ന താല്‍പര്യം മാതൃകാപരം തന്നെയാണ്. തുറക്കല്‍ അബ്ദുല്‍ ജബ്ബാര്‍ മൗലവിയുടെ വീട്ടിലും ജാമിഅ സലഫിയ്യയിലും വേങ്ങര മനാറുല്‍ ഹുദയിലും സ്വലാഹിയുടെ വീട്ടില്‍ തന്നെ ഒരുക്കിയ ഖിദ്മത്തുസ്സുന്ന ലൈബ്രറിയിലുമൊക്കെയായി അബ്ദുല്‍ ജബ്ബാര്‍ മൗലവിയുടെ അറിവിന്‍ സാഗരത്തില്‍ നിന്ന് സ്വലാഹിയോടൊപ്പം അറിവ് നുകരാന്‍ പലപ്പോഴും അവസരം കിട്ടിയിട്ടുണ്ട്. സ്വലാഹിക്ക് ഏറ്റവും പ്രിയപ്പെട്ട ഗുരുനാഥന്‍ അബ്ദുല്‍ ജബ്ബാര്‍ മൗലവി തന്നെയായിരുന്നു. അല്ലാഹു രണ്ട് പേര്‍ക്കും മഗ്ഫിറത്ത് പ്രദാനം ചെയ്യട്ടെ. ആമീന്‍!

സംവാദങ്ങളും ഖണ്ഡനങ്ങളുമെല്ലാം ഉണ്ടാകുമ്പോള്‍ അബ്ദുല്‍ ജബ്ബാര്‍ മൗലവിയോടൊപ്പം ഞങ്ങള്‍ ഒന്നിച്ച് ദിവസങ്ങള്‍ കഴിച്ചുകൂട്ടാറുണ്ട്. ഓരോ വിഷയവും എങ്ങനെ കൈകാര്യം ചെയ്യണമെന്നും ആ രംഗത്ത് ആദര്‍ശ എതിരാളികളുടെ ആയുധം ഏതൊക്കെയാണെന്നും അവയെ ചെറുക്കേണ്ടത് എങ്ങനെയെന്നും മൗലവി പകര്‍ന്നുതന്നിരുന്ന അറിവുകള്‍ തന്നെയാണ് ഇന്നും ഈ രംഗത്ത് ഞങ്ങള്‍ക്കെല്ലാം കൈമുതല്‍ ആയിട്ടുള്ളത്.

വിനയാന്വിതന്‍

വിനയം എന്നത് ഒരു പണ്ഡിതന്റെ നിലവാരം ഉയര്‍ത്തുന്ന മുഖ്യഘടകമാണ്. സ്വലാഹിയില്‍ അത് വേണ്ടുവോളം ഉണ്ടായിരുന്നു. വലിപ്പ ചെറുപ്പം ഇല്ലാതെ ആരുമായും അദ്ദേഹം അടുത്ത് ഇടപഴകും. അസൗകര്യങ്ങള്‍ വകവെക്കാതെ ഏത് വീട്ടിലും അന്തിയുറങ്ങും. ഏത് തരം വാഹനത്തിലും യാത്ര ചെയ്യും. മരണ കാരണമായ അപകടം സംഭവിച്ചത് അദ്ദേഹം തന്നെ ഓടിച്ചിരുന്ന ഇരുചക്ര വാഹനത്തിനായിരുന്നു എന്നത് തന്നെ ആ വിനയത്തിന്റെ തെളിവാണല്ലോ. ഏത് സാധാരണക്കാരന്റെ ബൈക്കിന്റെ പിറകിലുമിരുന്ന് അദ്ദേഹം യാത്ര ചെയ്യുമായിരുന്നു. ഭക്ഷണത്തിന്റെ വിഷയത്തിലും പിടിവാശിയുണ്ടായിരുന്നില്ല.

താനുമായി ബന്ധമുള്ള ഏതൊരാളുടെയും ക്ഷേമകാര്യങ്ങള്‍ അറിയാന്‍ ശ്രമിക്കുകയും ചെയ്യാന്‍ കഴിയുന്ന പരമാവധി സഹായങ്ങള്‍ ഏതെങ്കിലും മാര്‍ഗത്തില്‍ കണ്ടെത്തി ലഭ്യമാക്കുകയും ചെയ്യുന്നതില്‍ അദ്ദേഹം പ്രത്യേകം താല്‍പര്യം കാണിച്ചിരുന്നു. വീടില്ലാത്തവന് വീട്, ജോലിയില്ലാത്തവന് ജോലി, വിവാഹം തുടങ്ങി എല്ലാ രംഗത്തും അദ്ദഹത്തിന്റെതായ ഇടപെടല്‍ ലഭിച്ചവര്‍ ധാരാളമാണ്. പല പള്ളികള്‍ക്കും അദ്ദേഹം സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയും അദ്ദേഹത്തിന്റെ കൂടി ശ്രമഫലമായി ധാരാളം പള്ളികള്‍ പടുത്തുയര്‍ത്തപ്പെടുകയും ചെയ്തിട്ടുണ്ട്. എല്ലാം അല്ലാഹു സ്വീകരിക്കട്ടെ.

പ്രഭാഷണങ്ങളിലോ നയനിലപാടുകളിലോ വല്ല അബദ്ധവും ശ്രദ്ധയില്‍ പെട്ടാല്‍ വളരെ ഗുണകാംക്ഷയോടെ അദ്ദേഹം അത് തിരുത്തിത്തരുമായിരുന്നു. ആ വിഷയം ഈ ഗ്രന്ഥത്തില്‍ ചര്‍ച്ചചെയ്യുന്നുണ്ടെന്നും അതിന്റെ വാള്യവും പേജുമെല്ലാം ഇത്രയാണെന്നും പറഞ്ഞുതന്ന് വായിക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു. വല്ലവരുടെയും ഭാഗത്ത് കാണുന്ന തെറ്റുകള്‍ ചൂണ്ടിക്കാണിക്കുക മാത്രമല്ല അതിന് വൈജ്ഞാനികമായ വിശദീകരണം നല്‍കുകയും ചെയ്യുമായിരുന്നു.

ഹദീഥ് വിജ്ഞാനീയങ്ങളോട് പ്രത്യേക താല്‍പര്യം അദ്ദേഹത്തിനുണ്ടായിരുന്നു. ആ താല്‍പര്യമായിരുന്നു തന്റെ പി.എച്ച്.ഡി ഗവേഷണ വിഷയമായി 'ശൈഖ് നാസിറുദ്ദീന്‍ അല്‍ബാനിയുടെ സേവനങ്ങള്‍' അദ്ദേഹം തെരഞ്ഞെടുത്തത്. ദുര്‍ബലങ്ങളും നിര്‍മിതങ്ങളുമായ ഹദീഥുകള്‍ നബി(സ്വ)യിലേക്ക് ചേര്‍ത്തിപ്പറയുന്നത് കേട്ടാല്‍ ഉടന്‍ അതില്‍ പണ്ഡിതോചിതമായി ഇടപെടുകയും കാര്യകാരണ സഹിതം അതിന്റെ അസ്വീകാര്യത ബോധ്യപ്പെടുത്തുകയും ചെയ്യുമായിരുന്നു. അറിഞ്ഞോ അറിയാതെയോ സമൂഹത്തില്‍ പ്രചരിക്കുന്ന അന്ധവിശ്വാസ, അനാചാരങ്ങള്‍ക്കെതിരെ സമയാസമയങ്ങളിൽ മുഖം നോക്കാതെ അദ്ദേഹം പ്രതികരിക്കുമായിരുന്നു. സ്ഥിരപ്പെട്ട സുന്നത്തുകള്‍ പരിഹസിക്കപ്പെടുന്നതും ജീവിതത്തില്‍ പാലിക്കപ്പെടാതിരിക്കുന്നതും വലിയ ഗൗരവത്തില്‍ അദ്ദേഹം ശ്രദ്ധയില്‍പെടുത്തുമായിരുന്നു. താടിവടിക്കല്‍, പുരുഷന്മാര്‍ നെരിയാണിക്ക് താഴെയിറക്കി വസ്ത്രം ധരിക്കല്‍ തുടങ്ങിയ വിഷയങ്ങളെ അദ്ദേഹം അതീവ ഗൗരവത്തോടെ എപ്പോഴും ശ്രദ്ധയില്‍ പെടുത്തുമായിരുന്നു.

മുജാഹിദുകളില്‍ ചിലര്‍ സുന്നത്തുകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നതും ചില തിന്മകളെ നിസ്സാരവല്‍കരിക്കുന്നതും ശ്രദ്ധയില്‍ പെട്ടപ്പോള്‍ 'മുജാഹിദുകളോട് ഗൗരവ പൂര്‍വം,' 'മുജാഹിദുകളോട് സ്‌നേഹപൂര്‍വം' എന്നീ വിഷയങ്ങളില്‍ അദ്ദേഹം പ്രത്യേകം പ്രഭാഷണം സംഘടിപ്പിച്ചു.

2002ല്‍ മുജാഹിദ് പ്രസ്ഥാനത്തില്‍ ഹദീഥ് നിഷേധ പ്രവണതയെ ഔദ്യോഗിക പരിവേഷം നല്‍കി ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ സന്ദര്‍ഭോചിതം ഇടപെടുകയും സ്റ്റേജിലും പേജിലും ശക്തമായി അതിനെതിരെ ആഞ്ഞടിക്കുകയും ചെയ്തു. ഹദീഥ് നിഷേധികള്‍ ദുരുദ്ദേശപരമായി എടുത്തിട്ട ജിന്ന്, സിഹ്‌റ്, കണ്ണേറ് വിഷയങ്ങള്‍ അടക്കമുള്ള മേഖലകളില്‍ പ്രാമാണിക നിലപാട് മുജാഹിദുകളെ പഠിപ്പിക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചത് അദ്ദേഹം തന്നെയായിരുന്നു.

ഇത്തരം ചര്‍ച്ചകളെ യാഥാസ്ഥിതികര്‍ മുതലെടുക്കാന്‍ ശ്രമിക്കുകയും അതിനായി അമ്പലക്കടവ് ഫൈസിയെപ്പോലുള്ളവര്‍ തങ്ങളുടെ തൂലികയെ ദുരുപയോഗം ചെയ്യുകയുമുണ്ടായ സാഹചര്യത്തില്‍ അതിന്നെതിരെയും ശക്തമായ ഭാഷയില്‍ അദ്ദേഹം ഖണ്ഡനങ്ങള്‍ എഴുതി. ശരിയായ സലഫിയ്യതിനെ ഗള്‍ഫ് സലഫിസം എന്നു പറഞ്ഞ് വിമര്‍ശിച്ച് തള്ളാന്‍ ശ്രമിച്ചുകൊണ്ട് ഒരു സുല്ലമി പുസ്തകം എഴുതിയപ്പോള്‍ അതിന് അക്കമിട്ട് മറുപടി പറഞ്ഞുകൊണ്ട് അദ്ദേഹം ഗ്രന്ഥരചന നടത്തി. അങ്ങനെ ആ വിവാദങ്ങള്‍ കെട്ടടങ്ങുകയും പ്രബോധന മേഖലയില്‍ കെ.എന്‍.എമ്മിന്റെയും കെ.ജെ.യുവിന്റെയും നേതൃത്വത്തില്‍ അതിശക്തമായ പ്രവര്‍ത്തനങ്ങളുമായി മുജാഹിദുകള്‍ മുന്നേറുകയും ചെയ്തു.

എന്നാല്‍ ഇതൊന്നും ദഹിക്കാത്ത ചിലര്‍ പ്രസ്ഥാനത്തില്‍ 2007 മുതല്‍ ഇതേ വിഷയങ്ങള്‍ വീണ്ടും ദുരുദ്ദേശപരമായി വിവാദമാക്കിയപ്പോഴും അതിനെയും നേരിടാന്‍ അദ്ദേഹം രംഗത്തിറങ്ങി.

അഹ്‌ലുസ്സുന്നയുടെ ആദ്യകാല നേതാക്കളുടെയും മുജാഹിദ് പ്രസ്ഥാനത്തിന്റെ കഴിഞ്ഞകാല പണ്ഡിതരുടെയുമെല്ലാം ഉദ്ധരണികള്‍ വെച്ചുകൊണ്ട് വ്യത്യസ്തങ്ങളായ പ്രബന്ധങ്ങളും കൊച്ചുകൃതികളും അദ്ദേഹം തയ്യാറാക്കി. അവസാനം തല്‍പര കക്ഷികളുടെ താല്‍പര്യാര്‍ഥം 2012ല്‍ പ്രസ്ഥാനം വീണ്ടും ഒരു പിളര്‍പ്പിന് കൂടി സാക്ഷ്യം വഹിച്ചപ്പോള്‍ വളരെ വേദനയോടെ കെ.എന്‍.എം സംഘടനാ സംവിധാനങ്ങളില്‍ നിന്ന് അദ്ദേഹം പുറത്ത് പോവുകയും ദഅ്‌വാ സമിതി എന്ന പേരില്‍ താല്‍ക്കാലിക കൂട്ടായ്മയുണ്ടാക്കാന്‍ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ അതിന്റെ സംസ്ഥാന ചെയര്‍മാന്‍ സ്വലാഹി തന്നെയായിരുന്നു. ദഅ്‌വാ സമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രബോധന പ്രവര്‍ത്തനങ്ങള്‍ കേരളത്തില്‍ വ്യാപകമായി സംഘടിപ്പിക്കപ്പെടുകയും ചെയ്തു. ജിന്ന്, സിഹ്‌റ്, റുക്വ്‌യ ശറഇയ്യ, സലഫി മന്‍ഹജ് തുടങ്ങിയ വിഷയങ്ങളില്‍ പ്രാമാണിക കാഴ്ചപ്പാട് സമൂഹത്തെ പഠിപ്പിക്കുകയും അതിന് വലിയ സ്വാധീനമുണ്ടാകുകയും ചെയ്തു.

ജാമിഅ അല്‍ഹിന്ദിന്റെ ആദ്യകാല പ്രവര്‍ത്തനത്തിലും സ്വലാഹി സജീവ സാന്നിധ്യമായിരുന്നു. 2013 അവസാനത്തോടെ പരമ്പരാഗത സംഘടനാ സംവിധാനത്തോട് അദ്ദേഹം വിമുഖത പ്രകടിപ്പിക്കുകയും തന്റെ കാഴ്ചപ്പാട് ഔദ്യോഗിക വേദികളില്‍ അദ്ദേഹം പങ്കുവെക്കുകയും ചെയ്തു. എന്നാല്‍ പൊതു അഭിപ്രായം മറിച്ചായിരുന്നതിനാല്‍ അദ്ദേഹം തന്റെ വിയോജിപ്പ് രേഖപ്പെടുത്തി സംഘടനാ സംവിധാനങ്ങളില്‍ നിന്ന് മാറിനിന്നു. പിന്നീട് ചില മസ്അലകളില്‍ സംഘടനയുമായി അദ്ദേഹത്തിന് വിയോജിപ്പുണ്ടാകുകയും അത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ മാനസികമായ അകല്‍ച്ചയുണ്ടാകാന്‍ നിമിത്തമാകുകയും ചെയ്തു.

വര്‍ഷങ്ങളായി നിലനിന്ന ആഴമേറിയ ബന്ധങ്ങളില്‍ ചില വിള്ളലുകള്‍ ഇത് മൂലം ഉണ്ടായത് സ്വാഭാവികമാണ്. ആദ്യഘട്ടത്തില്‍ പരസ്യമായ ചില വിമര്‍ശനങ്ങള്‍ പരസ്പരം ഉന്നയിക്കാന്‍ ചിലര്‍ക്കെങ്കിലും അത് നിമിത്തമായെങ്കിലും അധികം വൈകാതെ അവയിലെ മതപരമായ നിലപാടുകള്‍ മനസ്സിലാക്കി ആ നിലപാട് സ്വീകരിക്കാന്‍ എല്ലാവരും തയ്യാറായതോടെ പരസ്പരമുണ്ടായ അകല്‍ച്ച വര്‍ധിക്കാതിരിക്കാന്‍ സാധിച്ചു.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ബോധപൂര്‍വവും യാദൃച്ഛികവുമായ ചില കൂടിക്കാഴ്ചകള്‍ക്ക് അവസരം കിട്ടിയതോടെ നഷ്ടപ്പെടുമായിരുന്ന ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചു. അല്‍ഹംദുലില്ലാഹ്. ശേഷം പലപ്പോഴായി പരസ്പരം ഫോണിലൂടെ ബന്ധപ്പെടാനും പല വിവരങ്ങളും കൈമാറാനും അവസരമുണ്ടായി. അബ്ദുല്‍ ജബ്ബാര്‍ മൗലവിയുടെ വിയോഗ സമയത്താണ് ഞങ്ങള്‍ അവസാനമായി പരസ്പരം കണ്ടത്. വിശേഷങ്ങള്‍ എല്ലാം പങ്കുവെച്ചു. പിന്നീട് റമദാനില്‍ ജാമിഅയുടെ കളക്ഷന്ന് വേണ്ടി കടവത്തൂരില്‍ ചെന്നപ്പോള്‍ ഫോണ്‍ ചെയ്തുവെങ്കിലും ഉംറക്ക് വേണ്ടി പോയി എന്ന വിവരമാണ് മക്കളില്‍ നിന്ന് ലഭിച്ചത്.

ശിര്‍ക്കിന്റെയും ബിദ്അത്തിന്റെയും പ്രചാരകരായ യാഥാസ്ഥിതിക പുരോഹിതര്‍ക്ക് എന്നും പേടി സ്വപ്‌നമായിരുന്നു സ്വലാഹി. ആ ഒരു അരിശം ചിലരുടെയെങ്കിലും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ അവര്‍ പ്രകടിപ്പിച്ചതില്‍ അതിശയമൊന്നുമില്ല. തൗഹീദിനോടും അതിന്റെ വക്താക്കളോടുമുള്ള അത്തരക്കാരുടെ വെറുപ്പിന്റെ ആഴം ഒന്നുകൂടെ വ്യക്തമാകാന്‍ അത് ഒരു നിമിത്തമായി എന്ന് മാത്രം. കേരളം മുഴുക്കെ ശിര്‍കിന്റെ പ്രചാരണവുമായി ഇറങ്ങിത്തിരിച്ചിരുന്ന സഖാഫികളിലെ പ്രമുഖനെ കഴിഞ്ഞ ഒന്നര പതിറ്റാണ്ട് കാലമായി പുറം ലോകത്ത് സാന്നിധ്യമറിയിക്കാന്‍ പോലും ധൈര്യമില്ലാത്ത വിധം തളച്ചിട്ട ഒരു മഹാപണ്ഡിതന്റെ പെട്ടെന്നുള്ള മരണത്തില്‍ അത്തരം ആളുകള്‍ സന്തോഷിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.

വാല്‍കഷ്ണം:

ചില മരണവാര്‍ത്തകള്‍ നമ്മെ വല്ലാതെ പിടിച്ചുകുലുക്കാറുണ്ട്. പലവിധ ചിന്തകള്‍ മനോമുകുരത്തില്‍ മാറി മാറിയാന്‍ അത് നിമിത്തമാകാറുണ്ട്. അത്തരം ചിതറിയ കുറെ ചിന്തകള്‍ പലരുടെയും മനസ്സില്‍ കോറിയിട്ടുകൊണ്ടാണ് ജനാസ നമസ്‌കാരം കഴിഞ്ഞ് പലരും മടങ്ങിയത്.

ആദര്‍ശ വിയോജിപ്പുകള്‍ നിലനില്‍ക്കുമ്പോഴും വ്യക്തിബന്ധങ്ങള്‍ മുറിഞ്ഞുപോകാതെ സൂക്ഷിക്കാനും യോജിക്കാവുന്ന മേഖലകളില്‍ അഹ്‌ലുസ്സുന്നയുടെ വക്താക്കള്‍ യോജിക്കാനും ഇനിയും നമ്മള്‍ വൈകിക്കൂടാ. നാം ഓരോരുത്തരും അവധിയെത്തി മരണത്തിന് കീഴടങ്ങുമ്പോള്‍ അത് വരെ മുഖം തിരിച്ച് നടന്നവര്‍ ജനാസക്ക് ചുറ്റും വന്ന് കുനിഞ്ഞ മുഖവുമായി നിന്നത് കൊണ്ട് പ്രത്യേകിച്ചെന്ത് പ്രയോജനം?

'അഹ്‌ലുസ്സുന്നക്കാര്‍ പരസ്പരം കരുണ കാണിക്കൂ' എന്ന അര്‍ഥം വരുന്ന 'രിഫ്ക്വന്‍ അഹ്‌ലുസ്സുന്ന ബി അഹ്‌ലിസ്സുന്ന' എന്ന ഗ്രന്ഥം ഒന്ന് വായിക്കാനെങ്കിലും നാം സമയം കണ്ടെത്തുക.

അല്ലാഹു സ്വലാഹിയുടെയും നമ്മുടെയും പാപങ്ങള്‍ പൊറുത്ത് തരികയും നന്മകള്‍ക്ക് പൂര്‍ണാര്‍ഥത്തില്‍ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ. അദ്ദേഹത്തിന്റെ ബർസഖീ ജീവിതം അല്ലാഹു പ്രകാശപൂരിതമാക്കി കൊടുക്കുമാറാകട്ടെ-ആമീന്‍.