പ്രവാസത്തിന് ഇത് അവധിക്കാലം

അബൂ അബ്ദുല്ല

2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24

വേനലവധിക്ക് ഗള്‍ഫ് മേഖലയിലെ സ്‌കൂളുകള്‍ അടക്കുകയാണ്. മൂന്ന് മാസം നീണ്ട അവധി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് പ്രവാസി വിദ്യാര്‍ഥികളും കുടുംബങ്ങളും.

രണ്ടോ മൂന്നോ മുറികളുള്ള ഫ്‌ളാറ്റിലോ വില്ലയിലോ ആണ് മിക്കവാറും പ്രവാസികള്‍ കുടുംബത്തോടൊപ്പം ജീവിക്കുന്നത്. അതിനാല്‍ തന്നെ സമൂഹവുമായുള്ള ഇടപെടലുകള്‍ക്ക് ഇത്തരം ആളുകള്‍ക്ക് അവസരങ്ങള്‍ കുറവാണ്; പ്രത്യേകിച്ച് കുട്ടികള്‍ക്ക്. ഫ്ളാറ്റ് ജീവിതവും സ്മാര്‍ട്ട് ഫോണും മാനുഷിക ബന്ധങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നതിനും അത് പുലര്‍ത്തിപ്പോരുന്നതിനും തടസ്സമാണ് എന്നത് ഒരു യാഥാര്‍ഥ്യം. പ്രവാസ ലോകത്ത് നൂറുകണക്കിന്  മത, സാമൂഹ്യ, സാംസ്‌കാരിക സംഘടനകള്‍ ഉണ്ട്. അത്തരം സംഘടനകള്‍ ഒരുക്കുന്ന വിവിധ പരിപാടികളില്‍ മാസത്തില്‍ ഒരിക്കലോ മറ്റോ പങ്കാളികളാകുന്നു എന്നതാണ് മിക്കവാറും പ്രവാസി കുടുംബങ്ങളിലെ സാമൂഹ്യ ഇടപെടലുകള്‍. ആഴ്ചയില്‍ 6 ദിവസവും തങ്ങളുടെ താമസ സ്ഥലവും വിദ്യാലയവും പള്ളിയും തൊട്ടടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റും ഹോട്ടലുകളുമാണ് പ്രവാസി വിദ്യാര്‍ഥികളുടെ ലോകം. സ്മാര്‍ട്ട് ഫോണുകളില്‍ ഗെയിമും സാമൂഹ്യ മാധ്യമങ്ങളും തീര്‍ത്ത കെണിയില്‍ ചുറ്റിത്തിരിയുകയാണ് മിക്കവാറും വിദ്യാര്‍ഥികള്‍.

താങ്ങാവുന്നതിനപ്പുറമുള്ള സിലബസ് പഠിപ്പിച്ച് തീര്‍ക്കുന്നതും നല്ല നിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ആധിക്യവും പലപ്പോഴും വിദ്യാര്‍ഥികള്‍ക്ക് തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരങ്ങള്‍ നന്നേ ചുരുക്കുന്നു.

അല്‍പം ഭേദപ്പെട്ട സാമ്പത്തിക സാഹചര്യമുള്ളതിനാല്‍ തങ്ങളുടെ മക്കള്‍ പ്രയാസങ്ങള്‍ അനുഭവിക്കരുത് എന്ന മാതാപിതാക്കളുടെ തീരുമാനം ഗുണത്തെക്കാള്‍ ഏറെ ദോഷം ചെയ്യുന്നു എന്ന് തിരിച്ചറിയാതെ പോകരുത്. മക്കള്‍ക്ക് മറ്റുള്ളവരോട് ഇടപഴകാനും ചെറിയ കാര്യങ്ങളില്‍ സ്വയം തീരുമാനമെടുക്കാനും പ്രായത്തിനനുസരിച്ച് പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള അവസരങ്ങള്‍ നല്‍കാനും മാതാപിതാക്കള്‍ തയ്യാറായില്ലെങ്കില്‍ അത് വലിയ ദുരന്തങ്ങള്‍ വിളിച്ചു വരുത്തും.

മിക്കവാറും പത്താം ക്ലാസ്സ് വരെയോ അല്ലെങ്കില്‍ പ്ലസ്ടു വരെയോ ആണ് പ്രവാസലോകത്തെ വിദ്യാഭ്യാസം. അത് കഴിഞ്ഞാല്‍ മിക്കവാറും കേരളത്തിലോ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലോ തുടര്‍പഠനം നടത്തുക എന്നതാണ് പൊതുവായി കണ്ടുവരുന്ന രീതി. ഇത്തരത്തില്‍ ഉപരിപഠനത്തിനായി നാട്ടില്‍ എത്തുന്ന വിദ്യാര്‍ഥികളുടെ മാതാപിതാക്കള്‍ പലപ്പോഴും വിദേശത്ത് തന്നെയായിരിക്കും.

പ്രവാസ ലോകത്ത് നിന്നും തികച്ചും വ്യത്യസ്തമായ അന്തരീക്ഷത്തിലേക്കാണ് ഇവര്‍ പറന്നിറങ്ങുന്നത്. ഇത്തരം കുട്ടികള്‍ക്കിടയില്‍ വലിയതോതിലുള്ള പ്രശ്‌നങ്ങള്‍ ഉള്ളതായി പഠനങ്ങള്‍ പറയുന്നു. നാട്ടിലെ സാഹചര്യങ്ങളും ചതിക്കുഴികയും മനസ്സിലാക്കാതെ പ്രവാസത്തിന്റെ ഓര്‍മയില്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുന്ന ഇവരെ കാത്ത് അധാര്‍മികതയുടെ വക്താക്കള്‍ പതിയിരിക്കുന്നുണ്ടെന്നത് മറന്നുകൂടാ. സമ്പത്ത് വിനിയോഗിക്കുന്നതിലും മറ്റുള്ളവരോട് ഇടപഴകുന്നതിലും ഒക്കെയുള്ള അപക്വത ഇത്തരം കുട്ടികളെ ചൂഷണം ചെയ്യുന്നതിന് വേട്ടക്കാര്‍ക്ക് കൂടുതല്‍ എളുപ്പമാകും.

കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു മാസമോ നാല്‍പത് ദിവസമോ മാത്രമായിരിക്കും മിക്കവാറും അവധി ലഭിക്കുക. അതുകൊണ്ട് നാട്ടിലേക്ക് പോകുന്നില്ല എന്ന തീരുമാനമെടുക്കുന്നവരുണ്ട്. അല്‍പം പ്രയാസപ്പെട്ടാലും പുതു തലമുറക്ക് വേണ്ടി നാം ബോധപൂര്‍വം ചില തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. കഴിയുമെങ്കില്‍ അവധിക്ക് നാട്ടിലെത്തുക. നാടിന്റെ നന്മയും കുടുംബബന്ധങ്ങളുടെ കുളിര്‍മയും മക്കള്‍ അനുഭവിക്കട്ടെ. കുടുംബ സന്ദര്‍ശനങ്ങളിലൂടെ ബന്ധം നിലനിര്‍ത്തട്ടെ. ഫ്‌ളാറ്റ് ജീവിതത്തില്‍ അനുഭവിക്കാന്‍ കഴിയാത്ത മഴയും വെയിലും അവര്‍ അനുഭവിക്കട്ടെ. മണ്ണിന്റെ മണമറിയട്ടെ. കുട്ടികളുമായി കൂട്ടുകൂടി കളിച്ചു രസിക്കട്ടെ. നമ്മെ നാമാക്കിയ നമ്മുടെ മാതാപിതാക്കളുടെ സ്‌നേഹവും തലോടലും അവര്‍ അനുഭവിക്കട്ടെ. വല്ലിമ്മയും വല്ലിപ്പയും തീര്‍ക്കുന്ന സ്‌നേഹ വലയത്തില്‍ അവര്‍ ഉല്ലസിക്കട്ടെ. നാളെ നമ്മെയും നാട്ടിലാക്കി വിദേശത്ത് താമസിച്ച് മാസാമാസം ചെലവിനുള്ള കാശ് അയക്കുന്ന മെഷീനുകളായി അവര്‍ മാറാതിരിക്കണമെങ്കില്‍ അവര്‍ക്ക് അനുഭവങ്ങള്‍ ഉണ്ടാവണം. അത് അവരുടെ വ്യക്തിത്വ രൂപീകരണത്തില്‍ നിര്‍ണായക പങ്ക് വഹിക്കും എന്ന് തീര്‍ച്ച.

സ്‌കൂള്‍ അവധിക്കാലത്ത് സാമ്പത്തിക ലാഭം മാത്രം നോക്കി നാട്ടില്‍ പോകാതെ പ്രവാസത്തില്‍ തന്നെ കഴിച്ച്കൂട്ടുന്നവര്‍ തങ്ങളുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ തകര്‍ക്കുന്നത് ഭാവി തലമുറയെയാണെന്ന് മറക്കരുത്. നാട്ടില്‍ മഴയാണ്, ചൂട് സഹിക്കാന്‍ വയ്യ, ട്രാഫിക്ക് ബ്ലോക്ക് അസഹ്യമായതിനാല്‍ കാറുമായി പുറത്തിറങ്ങാന്‍ കഴിയില്ല,  ഇടക്കിടക്ക് വൈദ്യുതി പോകും, നെറ്റ്‌വര്‍ക്ക് ക്ലിയര്‍ അല്ല...ഇങ്ങനെയുള്ള ന്യായങ്ങള്‍ നിരത്തുന്നവരുണ്ട്. കുടുംബത്തെയും നമ്മെ നാമാക്കിയ നാടിനെയും അവഗണിക്കലാണത്. തങ്ങളെ പോറ്റിവളര്‍ത്തി വലുതാക്കിയ മാതാപിതാക്കളും കുടുംബക്കാരും ഇപ്പറഞ്ഞ പ്രയാസങ്ങള്‍ സഹിച്ചുകൊണ്ട് തന്നെയാണ് നാട്ടില്‍ ജീവിക്കുന്നത് എന്നത് മറന്നുകൂടാ.

പുതു തലമുറ സുഖസൗകര്യങ്ങള്‍ മാത്രം അനുഭവിച്ച് വളര്‍ന്നു കൂടാ. ജീവിത പ്രയാസങ്ങളുടെ അനുഭവങ്ങളും അവര്‍ക്ക് അനുഭവിക്കാന്‍ കഴിയണം. മൊബൈല്‍ ഗെയിമുകള്‍ക്കും സാമൂഹ്യ മാധ്യമങ്ങള്‍ക്കും അപ്പുറം ഒരു ലോകമുണ്ട് എന്ന് അവര്‍ അറിയണം. ചുറ്റുമുള്ള ചതിക്കുഴികളെക്കുറിച്ചും അവയില്‍ അകപ്പെടാതിരിക്കാനുള്ള വഴികളെക്കുറിച്ചും അവര്‍ ബോധവാന്മാവാകണം. താന്‍ ഒരു സാമൂഹ്യ ജീവിയാണെന്നുള്ള തിരിച്ചറിവ് അവര്‍ക്ക് ലഭിക്കണം. അല്ലാത്ത പക്ഷം ചെറിയ പ്രതിസന്ധികള്‍ക്ക് മുന്നില്‍ പോലും പിടിച്ച് നില്‍ക്കാനാവാതെ അവര്‍ മനോരോഗികളായി മാറും. ഒരുവേള ജീവിതം തന്നെ അവസാനിപ്പിച്ചേക്കാം.