പ്രതിരോധത്തിന്റെ വഴിയില്‍

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ജൂലായ് 06 1440 ദുല്‍ക്വഅദ് 03

(ലോകഗുരു: മുഹമ്മദ് നബി ﷺ ഭാഗം: 28)

ഏറ്റവും അനുയോജ്യമായ സന്ദര്‍ഭത്തിലാണ് അല്ലാഹു ജിഹാദിനുള്ള അനുമതി നല്‍കുന്നത്. മുസ്‌ലിംകളോട് ക്വുറൈശികള്‍ കാണിച്ചിരുന്ന അന്യായങ്ങളും അക്രമങ്ങളും ഇല്ലായ്മ ചെയ്യല്‍ കൂടിയായിരുന്നു ജിഹാദിലൂടെ ലക്ഷ്യമിട്ടിരുന്നത്. ജിഹാദിനുള്ള അനുമതി നല്‍കി എന്നു മാത്രം; അവര്‍ക്കത് നിര്‍ബന്ധമായിരുന്നില്ല.

മൂന്നാം ഘട്ടം: മുസ്‌ലിംകളോട് യുദ്ധം ചെയ്യുവാന്‍ വരുന്ന ആളുകളോട് മാത്രം യുദ്ധം ചെയ്യുവാന്‍ കല്‍പിച്ചു കൊണ്ട് അല്ലാഹു മതവിധി ഇറക്കി.

''നിങ്ങളോട് യുദ്ധം ചെയ്യുന്നവരുമായി അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ നിങ്ങള്‍ പരിധിവിട്ട് പ്രവര്‍ത്തിക്കരുത്. പരിധിവിട്ട് പ്രവര്‍ത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല തന്നെ'' (അല്‍ബക്വറ: 190).

എന്നാല്‍ നിഷേധികളുടെയും മുശ്‌രിക്കുകളുടെയും ജൂതന്മാരുടെയും കപടന്മാരുടെയും അക്രമങ്ങളും പീഡനങ്ങളും ശക്തി പ്രാപിക്കുകയും മുസ്‌ലിംകളോട് അവര്‍ യുദ്ധം ചെയ്യുവാന്‍ ഒരുങ്ങുകയും ചെയ്തപ്പോള്‍ അതിക്രമികളായ ആളുകളുടെ ശത്രുതയെ തടയാനുള്ള കല്‍പനയും അല്ലാഹു നല്‍കി.

നാലാം ഘട്ടം: മുശ്‌രിക്കുകളോട് പൊതുവായി യുദ്ധം ചെയ്യുവാനുള്ള കല്‍പനയായിരുന്നു നാലാമത്തെ ഘട്ടം.

''...ബഹുദൈവവിശ്വാസികള്‍ നിങ്ങളോട് ആകമാനം യുദ്ധം ചെയ്യുന്നത് പോലെ നിങ്ങള്‍ അവരോടും ആകമാനം യുദ്ധം ചെയ്യുക. അല്ലാഹു സൂക്ഷ്മത പാലിക്കുന്നവരുടെ കൂടെയാണെന്ന് നിങ്ങള്‍ മനസ്സിലാക്കുകയും ചെയ്യുക''(അത്തൗബ: 36).

ഇതോടു കൂടി അവരെ സംബന്ധിച്ചിടത്തോളം മുശ്‌രിക്കുകളോടുള്ള യുദ്ധം നിര്‍ബന്ധമായി. അതായത്, ആദ്യം യുദ്ധം നിഷിദ്ധമായിരുന്നു. പിന്നീട് അനുവദനീയമായി. ശേഷം ഇങ്ങോട്ട് യുദ്ധം ചെയ്യുന്നവരോട് അങ്ങോട്ട് യുദ്ധം ചെയ്യുവാനുള്ള കല്‍പനയുണ്ടായി. അവസാനം യുദ്ധം ചെയ്യല്‍ നിര്‍ബന്ധം ആകുന്ന കല്‍പനയും ലഭിച്ചു:

''അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാല്‍ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക. അവരെ പിടികൂടുകയും വളയുകയും അവര്‍ക്കുവേണ്ടി പതിയിരിക്കാവുന്നിടത്തെല്ലാം പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം നിങ്ങള്‍ അവരുടെ വഴി ഒഴിവാക്കികൊടുക്കുക. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാണ്'' (അത്തൗബ: 5).

മതം മുഴുവന്‍ അല്ലാഹുവിന് മാത്രമാവുക, ഫിത്‌നകള്‍ അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ജിഹാദിന്റെ ലക്ഷ്യം. അതല്ലാതെ മനുഷ്യകുലത്തെ ഉന്മൂലനം ചെയ്യലോ ഭൂമിയില്‍ ഔന്നത്യം നടിക്കലോ സമ്പത്ത് കൊള്ളയടിക്കലോ ദുര്‍ബലരെ ആക്രമിക്കലോ ആയിരുന്നില്ല:

''മര്‍ദനം ഇല്ലാതാവുകയും മതം അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങളവരോട് യുദ്ധം നടത്തിക്കൊള്ളുക. എന്നാല്‍ അവര്‍ (യുദ്ധത്തില്‍ നിന്ന്) വിരമിക്കുകയാണെങ്കില്‍ (അവരിലെ) അക്രമികള്‍ക്കെതിരിലല്ലാതെ പിന്നീട് യാതൊരു കയ്യേറ്റവും പാടുള്ളതല്ല'' (അല്‍ബക്വറ: 193).

ഇസ്‌ലാമില്‍ പ്രവേശിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതില്‍ പ്രവേശിക്കുവാനുള്ള സ്വാതന്ത്ര്യം തരപ്പെടുത്തിക്കൊടുക്കലായിരുന്നു ജിഹാദിന്റെ മറ്റൊരു ഉന്നതമായ ലക്ഷ്യം. അതില്‍ നിന്നും തടയുന്ന ആരും തന്നെ ഉണ്ടാകുവാന്‍ പാടില്ല. മാത്രവുമല്ല ഇസ്‌ലാമിലേക്ക് ഒരു വ്യക്തി പ്രവേശിച്ചു കഴിഞ്ഞാല്‍ അതില്‍ നിന്നും തടയാന്‍ ഉദ്ദേശിക്കുന്ന ആളുകള്‍ക്കെതിരെയുള്ള സുരക്ഷിതത്വവും നിര്‍ബന്ധിച്ചുകൊണ്ട് താന്‍ വെറുക്കുന്ന മതത്തിലേക്ക് തന്നെ കൊണ്ടുപോകുന്നതിനെതിരെയുള്ള മാര്‍ഗം കാണലും ജിഹാദിന്റെ ലക്ഷ്യമായിരുന്നു. വിശ്വാസ സ്വാതന്ത്ര്യം മനുഷ്യര്‍ക്ക് വകവെച്ചു കൊടുക്കലും ജിഹാദിന്റെ ലക്ഷ്യങ്ങളില്‍ പെട്ടതായിരുന്നു:

''പറയുക: സത്യം നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ളതാകുന്നു. അതിനാല്‍ ഇഷ്ടമുള്ളവര്‍ വിശ്വസിക്കട്ടെ. ഇഷ്ടമുള്ളവര്‍ അവിശ്വസിക്കട്ടെ. അക്രമികള്‍ക്ക് നാം നരകാഗ്‌നി ഒരുക്കി വെച്ചിട്ടുണ്ട്...''(അല്‍കഹ്ഫ്: 29).

ലോകത്തിന്റെ നാനാ ഭാഗത്തും അല്ലാഹുവിന്റെ ദീന്‍ എത്തിക്കുവാനുള്ള സൗകര്യമൊരുക്കലും ജിഹാദിന്റെ ഉന്നതമായ ലക്ഷ്യങ്ങളില്‍ പെട്ടതാകുന്നു. മനുഷ്യന്റെ ഇഹപര വിജയത്തിനു വേണ്ടിയാണ് അല്ലാഹുവിന്റെ സന്ദേശം അവരിലേക്ക് എത്തിച്ചുകൊടുക്കുന്നത്:

''ഇത് മനുഷ്യര്‍ക്ക് വേണ്ടി വ്യക്തമായ ഒരു ഉല്‍ബോധനമാകുന്നു. ഇതു മുഖേന അവര്‍ക്കു മുന്നറിയിപ്പ് നല്‍കപ്പെടേണ്ടതിനും അവന്‍ ഒരേയൊരു ആരാധ്യന്‍ മാത്രമാണെന്ന് അവര്‍ മനസ്സിലാക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനും വേണ്ടിയുള്ള (ഉല്‍ബോധനം)''(ഇബ്‌റാഹീം: 52).

വിശ്വാസ സ്വാതന്ത്ര്യത്തിന്റെ കവാടങ്ങള്‍ തുറന്നു കൊടുക്കുന്നതിന് വേണ്ടിയായിരുന്നു ജിഹാദ്. അതല്ലാതെ നിര്‍ബന്ധിച്ചുകൊണ്ട് ജനങ്ങളെ ഇസ്‌ലാമിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ആയിരുന്നില്ല:

''മതത്തിന്റെ കാര്യത്തില്‍ ബലപ്രയോഗമേ ഇല്ല. സന്മാര്‍ഗം ദുര്‍മാര്‍ഗത്തില്‍ നിന്ന് വ്യക്തമായി വേര്‍തിരിഞ്ഞ് കഴിഞ്ഞിരിക്കുന്നു...'' (അല്‍ബക്വറ: 256).

ഇസ്‌ലാം കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും മതമാണ്. ജിഹാദിന്റെ വ്യത്യസ്തങ്ങളായ ഘട്ടങ്ങള്‍ പരിശോധിക്കുമ്പോള്‍ തന്നെ ഇസ്ലാം പ്രചരിച്ചത് വാളുകൊണ്ടല്ല എന്ന് നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. ജിഹാദ് നിര്‍ബന്ധമാകുന്നതിനു മുമ്പ് 14 കൊല്ലത്തോളം യുക്തിദീക്ഷയോടു കൂടിയും സദുപദേശത്തോടെയും അല്ലാഹുവിലേക്ക് ക്ഷണിച്ചുകൊണ്ടാണ് നബി ﷺ  തന്റെ ജീവിതം നയിച്ചത്. ആ കാലഘട്ടത്തില്‍ തന്നെയാണ് ഏറ്റവും ഉത്തമരും പ്രഗത്ഭരുമായിട്ടുള്ള സ്വഹാബികള്‍ ഇസ്‌ലാമിലേക്ക് കടന്നുവന്നത്.

നബി ﷺ  നിയോഗിച്ച സൈന്യങ്ങള്‍

ജിഹാദിന്റെ നിയമം ഇറങ്ങുകയും നിഷേധികളോടുള്ള യുദ്ധത്തിന്റെ കല്‍പന ഉണ്ടാകുകയും ചെയ്തതിനു ശേഷം ക്വുറൈശികളുടെ ശക്തി തകര്‍ക്കുക, അവരുടെ ധിക്കാരം അവസാനിപ്പിക്കുക എന്ന നയമാണ് നബി ﷺ  ആദ്യമായി സ്വീകരിച്ചത്. എങ്കിലേ മക്കയില്‍ നിന്നും ശാമിലേക്കുള്ള കച്ചവട യാത്ര മുസ്‌ലിംകള്‍ക്ക് സൗകര്യപ്രദമാകും വിധം ഉപയോഗിക്കാന്‍ പറ്റുകയുള്ളൂ. രണ്ട് സുപ്രധാനമായ പദ്ധതികളാണ് നബി ﷺ  ഇതിനുവേണ്ടി സ്വീകരിച്ചത്.

(1) ഒന്നിനു പിറകെ മറ്റൊന്നായിക്കൊണ്ട് ചെറിയ ചെറിയ സൈന്യങ്ങളെ അയക്കുക. ക്വുറൈശികളുടെ കച്ചവട സംഘങ്ങളെ പിടികൂടാന്‍ വേണ്ടിയായിരുന്നു അത്. കാരണം അവരാണ് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് ഇന്ന് ഇവരെ തടഞ്ഞിരുന്നത്. അവരാണ് സത്യവിശ്വാസികളെ അവരുടെ വീടുകളില്‍ നിന്നും പുറത്താക്കിയതും ദീനിന്റെ പേരില്‍ പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കിയതും.

(2) സത്യനിഷേധത്തിന്റെയും വഴികേടിന്റെയും നേതാക്കന്മാര്‍ ഉള്‍ക്കൊള്ളുന്ന ക്വുറൈശികളുടെ ശക്തി ഇല്ലാതാക്കലായിരുന്നു രണ്ടാമത്തെ മാര്‍ഗം. ഒരു പ്രതിരോധ കരാര്‍ അവരുമായി ഉണ്ടാക്കുക എന്നതാണ് ഇതിനു വേണ്ടി സ്വീകരിച്ച വഴി. മദീനയെ ചുറ്റിക്കിടക്കുന്ന ഗോത്രങ്ങളോട് ചേര്‍ന്നുകൊണ്ട് അതിക്രമം കാണിക്കാന്‍ വരരുത് എന്നതായിരുന്നു കരാര്‍. 19 യുദ്ധങ്ങളാണ് നബി ﷺ  തന്റെ അനുചരന്‍മാരോടൊപ്പം നയിച്ചത്. അതില്‍ 9 യുദ്ധങ്ങളിലാണ് നബി ﷺ  പങ്കെടുത്തത്. ബദ്ര്‍, ഉഹ്ദ്, അഹ്‌സാബ്, ക്വുറൈള, മുസ്വ്ത്വലഖ്, ഖൈബര്‍, ഫത്ഹു മക്ക, ഹുനൈന്‍, ത്വാഇഫ് എന്നിവയാണ് ആ യുദ്ധങ്ങള്‍.

 അബ്ദുല്ലാഹിബ്‌നു യസീദ്(റ) പറയുന്നു: ''നബി ﷺ  ജനങ്ങളെയും കൊണ്ട് മഴക്കു വേണ്ടിയുള്ള നമസ്‌കാരത്തിന് ഇറങ്ങി. അവരെയും കൊണ്ട് രണ്ട് റക്അത്ത് നമസ്‌കരിച്ചു. ശേഷം മഴക്ക് വേണ്ടി പ്രാര്‍ഥിച്ചു.'' അബ്ദുല്ല(റ) പറയുന്നു: ''ഞാന്‍ ആ ദിവസം സൈദുബ്‌നു അര്‍ക്വമിനെ കണ്ടു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു: 'നബി ﷺ  എത്ര യുദ്ധങ്ങള്‍ നയിച്ചിട്ടുണ്ട്?' അദ്ദേഹം പറഞ്ഞു: 'പത്തൊന്‍പത്.' ഞാന്‍ ചോദിച്ചു: 'നബിയോടൊപ്പം എത്ര യുദ്ധങ്ങളില്‍ നിങ്ങള്‍ പങ്കെടുത്തിട്ടുണ്ട്?' അദ്ദേഹം പറഞ്ഞു: 'പതിനെട്ട്.' ഞാന്‍ വീണ്ടും ചോദിച്ചു: 'നബി ﷺ  ആദ്യമായി നയിച്ച യുദ്ധം ഏതായിരുന്നു?' അദ്ദേഹം പറഞ്ഞു: 'ദാതുല്‍ ഉസൈര്‍' അല്ലെങ്കില്‍ 'ദാതുല്‍ ഉശൈര്‍' (ബുഖാരി: 4949, മുസ്‌ലിം: 1254).

നബി ﷺ  നയിച്ച യുദ്ധങ്ങളില്‍ ഉഹ്ദില്‍ മാത്രമാണ് അദ്ദേഹത്തിനു മുറിവേറ്റത്. ബദ്‌റില്‍ നബിയോടൊപ്പം മലക്കുകള്‍ പങ്കെടുത്തിട്ടുണ്ട്. ഖന്തക്ക് ദിവസം മലക്കുകള്‍ ഇറങ്ങി വന്നിട്ടുണ്ട്. മുശ്‌രിക്കുകളെ പ്രകമ്പനം കൊള്ളിക്കുകയും അവരെ പരാജയപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ബദ്‌റിലും ഉഹ്ദിലും നബി ﷺ  ചരല്‍ക്കല്ലുകള്‍ എറിയുകയും മുശ്‌രിക്കുകളുടെ മുഖത്ത് അത് പതിക്കുകയും ചെയ്തു. അതിന്റെ ഭാഗമായി അവര്‍ പരാജയപ്പെടുന്ന സാഹചര്യവും ഉണ്ടായിട്ടുണ്ട്. ത്വാഇഫില്‍ വെച്ചുണ്ടായ യുദ്ധത്തില്‍ മാത്രമാണ് അവര്‍ പീരങ്കി ഉപയോഗിച്ചത്. അഹ്‌സാബ് യുദ്ധത്തില്‍ മാത്രമാണ് കിടങ്ങു കുഴിച്ചുകൊണ്ട് സുരക്ഷാവലയം തീര്‍ത്തത്.

ഹിജ്‌റ ഒന്നാം വര്‍ഷം പല ചെറു സൈന്യങ്ങളെയും നബി ﷺ  നിയോഗിച്ചിട്ടുണ്ട്:

സീഫുല്‍ ബഹ്ര്‍

ഹിജ്‌റ ഒന്നാം വര്‍ഷം റമദാനിലാണ് ഈ സൈന്യത്തെ നിയോഗിക്കുന്നത്. ഹംസത് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബായിരുന്നു സൈനികമേധാവി. 30 മുഹാജിറുകളാണ് കൂടെയുണ്ടായിരുന്നത്. വെള്ള നിറത്തിലുള്ള ഒരു പതാക നബി ﷺ  കെട്ടിക്കൊടുത്തു. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ഒന്നാമതായി കെട്ടപ്പെട്ട പതാകയായിരുന്നു അത്. ശാമില്‍ നിന്നും മക്കയിലേക്ക് വരുന്ന ക്വുറൈശി കച്ചവട സംഘത്തെ തടയലായിരുന്നു ഇതിന്റെ ലക്ഷ്യം. അക്കൂട്ടത്തില്‍ അബൂജഹ്ല്‍ ഇബ്‌നു ഹിശാമും ഉണ്ടായിരുന്നു. മക്കക്കാരായ മുന്നൂറോളം ആളുകളാണ് അവരുടെ കൂടെ ഉണ്ടായിരുന്നത്. ഹീസ്വ് എന്ന പ്രദേശത്തിലൂടെ അവര്‍ സീഫുല്‍ ബഹ്‌റില്‍ എത്തിച്ചേര്‍ന്നു. രണ്ടു കൂട്ടരും തമ്മില്‍ കണ്ടുമുട്ടുകയും യുദ്ധത്തിനു വേണ്ടി ഒരുങ്ങി നില്‍ക്കുകയും ചെയ്തു. പക്ഷേ, രണ്ടുപേര്‍ക്കുമിടയില്‍ മറയായിക്കൊണ്ട് മുജ്ദിയ്യുബ്‌നു അംറുല്‍ ജുഹനി കടന്നുവന്നു. രണ്ട് വിഭാഗത്തോടും സഖ്യത്തില്‍ ഏര്‍പ്പെട്ട വ്യക്തിയായിരുന്നു അദ്ദേഹം. അക്കാരണത്താല്‍ തന്നെ യുദ്ധം ഉണ്ടായില്ല. രണ്ടു വിഭാഗവും അവരവരുടെ നാടുകളിലേക്ക് മടങ്ങിപ്പോയി. എന്നാല്‍ ഹംസ(റ)വിന്റെ നേതൃത്വത്തിലുള്ള ഈ ഒരു വരവ് ക്വുറൈശികളുടെ മനസ്സില്‍ ഭീതിയുളവാക്കുക തന്നെ ചെയ്തു.

ഉബൈദതുബ്‌നുല്‍ ഹാരിസിന്റെ സൈന്യം

നബി ﷺ  തന്റെ പിതൃവ്യ പുത്രന്‍ ഉബൈദത് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബിനെ ഒരു സൈന്യവുമായി റാബിഗിലേക്ക് അയച്ചു. ഹിജ്‌റയുടെ എട്ടാം മാസം ശവ്വാലിലായിരുന്നു ഇത്. അദ്ദേഹത്തിനും ഒരു വെള്ളക്കൊടിയാണ് നബി ﷺ  കെട്ടിക്കൊടുത്തത്. 60 മുഹാജിറുകള്‍ കൂടെയുണ്ടായിരുന്നു. ജുഹ്ഫയിലുള്ള ഒരു തടാകത്തിന്റെ അടുത്ത് വെച്ച് മക്കക്കാരായ ഇരുന്നൂറോളം വരുന്ന ആളുകളോടൊപ്പമായിരുന്ന അബൂസുഫ്‌യാന്‍ ഇബ്‌നു ഹര്‍ബിനെ ഉബൈദ(റ) കണ്ടുമുട്ടി. രണ്ടു വിഭാഗവും പരസ്പരം അമ്പെയ്തു. യുദ്ധത്തിനു സ്വഫ്ഫ് കെട്ടുകയോ വാള്‍ ഊരുകയോ ചെയ്തിരുന്നില്ല. പരസ്പര വാക്ക് തര്‍ക്കങ്ങളും ചെറിയ ഏറ്റുമുട്ടലും മാത്രമാണുണ്ടായത്. സഅ്ദുബ്‌നു അബീ വക്വാസ്(റ) അന്ന് അമ്പ് എയ്യുകയുണ്ടായി. ഇസ്‌ലാമിന്റെ മാര്‍ഗത്തില്‍ ആദ്യമായി അമ്പെയ്തത് അദ്ദേഹമായിരുന്നു. ശേഷം രണ്ട് ടീമുകളും പിരിഞ്ഞുപോയി പോയി. മുശ്‌രിക്കുകളുടെ കൂട്ടത്തില്‍ നിന്ന് മിക്വ്ദാദുബ്‌നു അംറും ഉത്ബത്ബ്‌നു ഗസ്വാനും മുസ്ലിംകളിലേക്ക് ഓടിച്ചെന്നു. കാരണം അവര്‍ രണ്ടു പേരും മുസ്ലിംകളായിരുന്നു. മുസ്ലിംകളിലേക്ക് എത്തിച്ചേരുവാന്‍ വേണ്ടിയാണ് അവര്‍ ഇറങ്ങിപ്പുറപ്പെട്ടിരുന്നത്.

സഅ്ദുബ്‌നു അബീവക്വാസിന്റെ സൈന്യം

ശേഷം നബി ﷺ  സഅ്ദുബ്‌നു അബീവക്വാസ്(റ)വിനെ ഖര്‍റാര്‍ എന്ന സ്ഥലത്തേക്ക് നിയോഗിച്ചു. ഹിജ്‌റയുടെയുടെ ഒമ്പതാം മാസം ദുല്‍ക്വഅ്ദയിലായിരുന്നു ഇത്. അദ്ദേഹത്തിനും ഒരു വെള്ളക്കൊടി കെട്ടിക്കൊടുത്തു. മിക്വ്ദാദുബ്‌നു അംറ്(റ) ആണ് പതാക വഹിച്ചത്. മുഹാജിറുകളില്‍ നിന്ന് 20 ആളുകള്‍ കൂടെയുണ്ടായിരുന്നു. ക്വുറൈശികളുടെ കച്ചവട സംഘത്തെ പിടികൂടുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെ ഖര്‍റാര്‍ എന്ന സ്ഥലത്ത് പ്രഭാത സന്ദര്‍ഭത്തില്‍ അവര്‍ എത്തി. ജുഹ്ഫയുടെ സമീപ പ്രദേശമായിരുന്നു ഇത്. പക്ഷേ, അവര്‍ അവിടെ എത്തിയപ്പോഴേക്കും തലേ ദിവസം തന്നെ കച്ചവടസംഘം പോയിക്കഴിഞ്ഞിരുന്നു. അതോടെ അവര്‍ മദീനയിലേക്ക് മടങ്ങി.

ഹിജ്‌റ ഒന്നാം വര്‍ഷത്തില്‍ മരണപ്പെട്ട പ്രധാനികള്‍

ഹിജ്‌റക്കു ശേഷം അന്‍സ്വാറുകളില്‍ നിന്ന് ആദ്യമായി മരിക്കുന്നത് കുല്‍സൂം ഇബ്‌നു ഹദം ആണ്. അങ്ങേയറ്റം പ്രായം ചെന്ന വ്യക്തിയായിരുന്നു അദ്ദേഹം. മാത്രമല്ല തന്റെ ഗോത്രത്തിലെ വലിയ ആളുമായിരുന്നു. നബി ﷺ  മദീനയിലേക്ക് വരുന്നതിന് മുമ്പു തന്നെ അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നു. നബി ആദ്യമായി ആയി ക്വുബായില്‍ എത്തിയപ്പോള്‍ ഇദ്ദേഹത്തിന്റെ വീട്ടിലാണ് താമസിച്ചത്. ഇദ്ദേഹത്തിനു ശേഷം മരണപ്പെടുന്നത് അസ്അദ്ബ്‌നു സുറാറ അല്‍ അന്‍സ്വാരി(റ) എന്ന സ്വഹാബിയാണ്. ഹിജ്‌റ ആറാം മാസത്തിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ചങ്കില്‍ ഉണ്ടായ ഒരു വേദനയാണ് അദ്ദേഹത്തിന്റെ മരണത്തില്‍ കലാശിച്ചത്. കുറെ മുമ്പ് ഇസ്‌ലാം സ്വീകരിച്ച സ്വഹാബിയാണ് ഇദ്ദേഹം. ഒന്നാം അക്വബ ഉടമ്പടിയിലും രണ്ടാം അക്വബ ഉടമ്പടിയിലും ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. തന്റെ ഗോത്രത്തിന്റെ സംരക്ഷണച്ചുമതല ഇദ്ദേഹത്തിനായിരുന്നു. സംരക്ഷണച്ചുമതല ഏല്‍പിക്കപ്പെട്ടവരില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഇദ്ദേഹം. പില്‍കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്ന ആളുകളുടെ എണ്ണത്തെ അപേക്ഷിച്ച് ഒന്നാം വര്‍ഷം കടന്നുവന്ന ആളുകളുടെ എണ്ണം കുറവായിരുന്നു എന്നതാണ് ഈ വര്‍ഷത്തില്‍ മരിച്ച ആളുകളുടെ എണ്ണം കുറയുവാനുള്ള കാരണം.