വീടു നിര്‍മാണം പ്രവാസികള്‍ ലക്ഷ്യം മറക്കുന്നുവോ?

നബീല്‍ പയ്യോളി

2019 ആഗസ്ത് 24 1440 ദുല്‍ഹിജ്ജ 22

ഒരുദിവസം കമ്പനി മാനേജര്‍ പറഞ്ഞു: ''വീട്ടില്‍ ചിതല്‍ കയറിത്തുടങ്ങി. അമ്മ മരിച്ചപ്പോള്‍ പിന്നെ വീടിന്റെ കാര്യങ്ങള്‍ നോക്കാന്‍ ആരുമില്ല. ഏല്‍പിച്ച വേലക്കാരിയാണെങ്കില്‍ വല്ലപ്പോഴും വന്നു പോകും.''

അദ്ദേഹം സൗദിയില്‍ വര്‍ഷങ്ങളായി കുടുംബ സമേതം താമസിക്കുകയാണ്. രണ്ട് ആണ്‍മക്കളും വിദേശത്ത് ജോലി ചെയ്യുന്നു. ശരാശരി പ്രവാസിയുടെ വീടിന്റെ അവസ്ഥായാണിത്.

അന്തിയുറങ്ങാന്‍ സ്വന്തമായൊരിടം എന്നത് ഏതൊരാളുടെയും സ്വപ്നമാണ്; പലപ്പോഴും അഭിമാനവും. ജീവിതത്തിരക്കുകള്‍ക്കിടയില്‍ സ്വസ്ഥമായൊന്ന് വിശ്രമിക്കാനും സമാധാനത്തോടെ അന്തിയുറങ്ങാനും വീട് അനിവാര്യമാണ്. സമ്പാദ്യത്തിലെ നല്ലൊരു ഭാഗം വീട് പണിയാന്‍ ചെലവഴിക്കുന്നവരാണ് മലയാളികള്‍, പ്രത്യേകിച്ചും പ്രവാസികള്‍. അഞ്ച് ലക്ഷം മുതല്‍ അന്‍പത് ലക്ഷം രൂപ വരെയാണ് ഇതിനായി ചെലവഴിക്കുന്നത്. അതിലേറെ ചെലവഴിക്കുന്നവരുമുണ്ട്. കാലം മാറിയപ്പോള്‍ നമ്മുടെ സങ്കല്‍പങ്ങള്‍ക്കും കാതലായ മാറ്റങ്ങള്‍ സംഭവിച്ചു. മുമ്പ് വീട് അന്തിയുറങ്ങാനായിരുന്നെങ്കില്‍ ഇന്നത് ആര്‍ഭാടത്തിന് വഴിമാറി. തന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും വേണ്ടിയായിരുന്നു വീടിന്റെ പ്ലാന്‍ തയ്യാറാക്കിയിരുന്നതെങ്കില്‍ മറ്റുള്ളവരുടെ വീട്ടിലെ സൗകര്യവും അതിന്റെ ഭംഗിയുമാണ് ഇന്ന് നമ്മുടെ പ്ലാനുകളെ സ്വാധീനിക്കുന്നത്.

അയല്‍ വീട്ടിലെ മുറികളുടെ എണ്ണത്തിലും കൂടുതല്‍ മുറികള്‍ എന്റെ വീട്ടില്‍ ഉണ്ടാകണം. അവന്റെ വീടിനെക്കാള്‍ ഭംഗിയുള്ളതാവണം പെയിന്റ്. രാവിനെ പകലാക്കും വിധം പ്രകാശപൂരിതമാവണം ലൈറ്റ് സംവിധാനങ്ങള്‍. ഗസ്റ്റ് റൂമും വിശാലമായ ലിവിങ് റൂമും ഡൈനിങ് ഹാളും ഇല്ലാതെ വീടാകില്ലല്ലോ. ഒരു വശത്ത്‌നിന്ന് ശബ്ദമുണ്ടാക്കിയാല്‍ മറുവശത്ത് കേള്‍ക്കാത്തവിധം വിശാലമായിരിക്കണം വീട്. പിന്നെ ഇന്റീരിയര്‍ വര്‍ക്കുകള്‍ കണ്ണഞ്ചിപ്പിക്കുന്നതാകണം. അത്യാധുനിക അടുക്കള, മനോഹരമായ ടൈല്‍സും മാര്‍ബിളും കൊണ്ട് അലങ്കരിച്ചതാവണം നിലം. വീടിന് ചുറ്റും ബാക്കിയുള്ള മുഴുവന്‍ സ്ഥലത്തും ഒരുതുള്ളി വെള്ളംപോലും ഭൂമിയിലേക്ക് ഇറങ്ങാത്തവിധം ടൈല്‍സുകള്‍ വിരിക്കണം. വാതിലും ജനലുകളും അലമാരകളും ഫര്‍ണിച്ചറുകളും വീട്ടുപകരണങ്ങളും കൊത്തുപണികളാല്‍ മനോഹരമാകണം. വിശാലമായ കാര്‍ പോര്‍ച്ചും അലങ്കാര ചെടികളും വീടിന്റെ ലുക്കാണ്. മനോഹരമായ മതിലും രാജകീയമായ ഗെയിറ്റും അനിവാര്യം.

ലക്ഷ്യത്തില്‍ നിന്ന് ബഹുദൂരം നമ്മള്‍ അകന്നു. സമാധാനത്തോടെ അന്തിയുറങ്ങാന്‍ ഉണ്ടാക്കിയിരുന്ന വീടുകള്‍ അസമാധാനത്തിന്റെ കേന്ദ്രങ്ങളായി മാറി. കുടുംബവും കൂടെയുള്ളവരും തീര്‍ത്ത മാസ്മരികലോകത്തെ സങ്കല്‍പങ്ങള്‍ക്കനുസരിച്ച് വീടുപണി തുടങ്ങിയപ്പോള്‍ കയ്യിലുള്ള പണം മതിയാവാതെ വന്നു. മോഹന വാഗ്ദാനങ്ങളുമായി നിരന്തരം ശല്യപ്പെടുത്തിയ ബാങ്ക് ഉദ്യോഗസ്ഥന്‍ വിരിച്ച വലയില്‍ വീണ് ലോണെടുക്കാന്‍ നിര്‍ബന്ധിതനായി. പലിശയെന്ന ദുരന്തം ഇഹലോകവും പരലോകവും തകര്‍ക്കുന്നതാണെന്ന ബോധ്യം നഷ്ടമായി.

അബൂഹുറയ്‌റ(റ) ഉദ്ധരിച്ചക്കുന്നു; നബി ﷺ  പ്രസ്താവിച്ചു: ''പലിശ 70 വിഭാഗമുണ്ട്. അവയില്‍ ഏറ്റവും ലഘുവായത് ഒരാള്‍ തന്റെ മാതാവിനെ വ്യഭിചരിക്കുന്നതിനു തുല്യമാണ്'' (ഇബ്‌നുമാജ).

ജാബിര്‍(റ) പറയുന്നു: ''പലിശ ഭക്ഷിക്കുന്നവനെയും അത് ഭക്ഷിപ്പിക്കുന്നവനെയും അത് രേഖപ്പെടുത്തി വെക്കുന്നവനെയും അതിന്റെ സാക്ഷികളെയും അല്ലാഹുവിന്റെ തിരുദൂതര്‍ ﷺ  ശപിച്ചിട്ടുണ്ട്. അവര്‍ കുറ്റത്തില്‍ സമന്മാരാണെന്ന് അവിടന്ന് പറയുകയും ചെയ്തിട്ടുണ്ട്'' (മുസ്‌ലിം, തുര്‍മുദി).

ലോണ്‍ തിരിച്ചടവും ഭീമമായ വൈദ്യുതി ബില്ലും വലിയ ഭാരമായി മാറുന്നു. വലിയ വീട് വൃത്തിയാക്കാന്‍ വീട്ടുകാരിയെ കൊണ്ട് സാധ്യമല്ല. അവളെ സഹായിക്കാന്‍ ഒരു വേലക്കാരിയെ വെക്കണം. വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ വീണുടഞ്ഞ ഡൈനിങ്ങ് ടേബിളിന്റെ ഗ്‌ളാസ്സ് മാറ്റാന്‍ പതിനായിരങ്ങള്‍ വേണം. വീടു കാണാന്‍ വരുന്ന ഓരോരുത്തരും അത് അങ്ങനെയല്ല ഇങ്ങനെയാണ് വേണ്ടിയിരുന്നത്, അത് അവിടെയുള്ളതിനെക്കാള്‍ മറ്റേ ഭാഗത്തതായിരുന്നു കൂടുതല്‍ ഭംഗി തുടങ്ങിയ കമന്റുകള്‍ വേറെയും.എല്ലാം കൂടിയാകുമ്പോള്‍ കൊട്ടാര സമാനമായ വീട്ടില്‍ സ്വസ്ഥത നഷ്ടപ്പെട്ട് കഴിയേണ്ടിവരികയാണ് പലര്‍ക്കും.  

ഈ അവസ്ഥക്ക് കാരണം അവനവന്‍ തന്നെയല്ലേ? എന്താണ് വീടുണ്ടാക്കുന്നതിന്റെ ലക്ഷ്യം? എന്റെ സാമ്പത്തിക സ്ഥിതി എന്താണ്? വീട്ടില്‍ എത്ര അംഗങ്ങള്‍ ഉണ്ട്? വീട്ടില്‍ എന്തൊക്കെ അത്യാവശ്യമായി വേണം? ആവശ്യമില്ലാത്തത് എന്തെല്ലാ? വീട് നിര്‍മിച്ചാല്‍ അത് വൃത്തിയായി സൂക്ഷിക്കാന്‍ എന്റെ കുടുംബത്തിന് സാധിക്കുമോ? ഇതൊക്കെ അനിവാര്യമായ ചിന്തകളാണ്.  ഈ ആലോചനകളുടെ അഭാവമാണ് അടിസ്ഥാന പ്രശ്‌നം. അത് പരിഹരിക്കേണ്ടത് നമ്മളാണ്. നമ്മുടെ അത്യാവശ്യങ്ങളും ആവശ്യങ്ങളും തീരുമാനിക്കേണ്ടത് നാം തന്നെയാണ്; മറ്റുള്ളവരല്ല. എല്ലാറ്റിനും എന്ന പോലെ വീട് പണിയുടെ പേരിലും നമ്മെ ചൂഷണം ചെയ്യാന്‍ തക്കംപാര്‍ത്തിരിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ടെന്നത് മറക്കരുത്. ഗള്‍ഫുകാരനെ ചുഷണം ചെയ്യാനും അവന്റെ സമ്പാദ്യം കൈക്കലാക്കാനുമുള്ള മനോഹര പ്ലാനുകളുമായി സമീപിക്കുന്നവരെ തിരിച്ചറിയാതെ പോകരുത്.

തനിക്കും കുടുംബത്തിനും സ്വസ്ഥമായും സമാധാനത്തോടെയും അന്തിയുറങ്ങാനുള്ള ഇടമാണ് വീട് എന്ന തിരിച്ചറിവ് ആദ്യം നമുക്കുണ്ടാവണം. പൊങ്ങച്ചം കാണിക്കാനും പണം ധൂര്‍ത്തടിക്കാനും ഉള്ളതല്ല വീട്. തന്റെ ആവശ്യങ്ങള്‍ക്കനുസരിച്ചാവണം പ്ലാന്‍; അന്യന്റെ സങ്കല്‍പങ്ങള്‍ക്കനുസരിച്ചല്ല. വര്‍ഷത്തിലൊരിക്കല്‍ വരാനിരിക്കുന്ന അതിഥികള്‍ക്ക് വേണ്ടി വിശാലമായ മുറികള്‍ പണിത് ലക്ഷങ്ങള്‍ പാഴാക്കേണ്ടതുണ്ടോ? അങ്ങനെ ഓരോ കാര്യത്തിലും കൃത്യമായ കാഴ്ചപ്പാട് ഉണ്ടാവണം. തനിക്കുള്ള മുഴുവന്‍ സ്ഥലത്തും വിശാലമായ വീട് എന്നതിന് പകരം മക്കള്‍ക്ക് കളിച്ചു വളരാനും ആവശ്യത്തിന് വെള്ളം ലഭിക്കാനും വീട്ടുകാര്‍ക്ക് അല്‍പം കൃഷി ചെയ്യാനും ഒക്കെയുള്ള സ്ഥലം വീടിന് ചുറ്റും ഉണ്ടാകണം എന്ന ചിന്ത വേണം.

ഓരോരുത്തരും അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച വീടിനെക്കുറിച്ചേ സ്വപ്‌നം കാണാവൂ, ആഗ്രഹിക്കാവൂ, പരിശ്രമിക്കാവൂ. കയ്യിലുള്ള സമ്പാദ്യത്തിനനുസരിച്ചാവണം നിര്‍മാണത്തിന് ഒരുങ്ങേണ്ടത്. നാളെ വരാനിരിക്കുന്ന ലാഭം കണക്ക് കൂട്ടി ബാധ്യതകള്‍ ഉണ്ടാക്കി വെക്കരുത്. ജീവിതത്തില്‍ എന്തും എപ്പോഴും സംഭവിക്കാം. നമ്മുടെ അലംഭാവം കാരണം ഉള്ളതെല്ലാം നഷ്ടപ്പെട്ട് നാളെ നാട്ടുകാരുടെ മുമ്പില്‍  കൈനീട്ടുന്ന അവസ്ഥയിലേക്ക് കുടുംബത്തെ തള്ളിവിടരുത്. കാര്യങ്ങള്‍ അവധാനതയോടെ കൈകാര്യം ചെയ്യാനുമുള്ള വിവേകം നാം കാണിക്കണം.

വീടുപണി നടക്കുന്ന കാരണത്താല്‍ പല പ്രവാസികളും വര്‍ഷങ്ങളോളം നാട്ടില്‍ പോകാറില്ല. ഒരു പക്ഷേ, കുടുംബം അതിന് സമ്മതിക്കാറില്ല. വീടുപണി കഴിയട്ടെ എന്ന് അവര്‍ പറയും. ഒരു ചെറിയ മുറിയില്‍ ആറും എട്ടും ആളുകള്‍ ഇരുനില കട്ടിലില്‍ ഞെങ്ങി ജീവിതം തള്ളി നീക്കുന്നു. അതാണ് പ്രവാസികളുടെ അവസ്ഥ. എന്നാല്‍ നാട്ടില്‍ അവര്‍ക്ക് സ്വന്തമായി ഇരുനില വീടു തന്നെ വേണം. വീടുകള്‍ക്ക് വലിപ്പം കൂടുമ്പോള്‍ അത് നമുക്ക് കൂടുതല്‍ ഭാരമാവുകയും സമാധാനവും സ്വസ്ഥതയും നഷ്ടപ്പെടുകയും ചെയ്യുന്നു എന്നത് യാഥാര്‍ഥ്യമല്ലേ?

ഒരിക്കലും നമുക്ക് ലാഭം തരാത്ത നിക്ഷേപമാണ് വീട്. അത് ഏറ്റവും കുറഞ്ഞ ചെലവില്‍ നിര്‍മിക്കാന്‍ നമുക്ക് കഴിയണം. ജീവിതയാത്രക്കിടയില്‍ വീണുപോയാല്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടുന്ന അവസ്ഥ ഇല്ലാതിരിക്കാന്‍ ആവശ്യമായ വരുമാന സ്രോതസ്സുകള്‍ ഉണ്ടാക്കാന്‍ നിക്ഷേപത്തിന് പ്രാധാന്യം നല്‍കണം. ജീവിത സായാഹ്നത്തില്‍ നിത്യച്ചെലവിനായ് മറ്റുള്ളവരെ ആശ്രയിക്കുന്ന അവസ്ഥ ഉണ്ടാവരുത്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കാന്‍ പണം ചെലവഴിച്ചാല്‍ അത് നാളെ നമുക്ക് ഇരുലോകത്തും ഉപകാരപ്പെടും. വീടുണ്ടാക്കാന്‍ വേണ്ടി മാത്രമായല്ല നമ്മള്‍ ജനിച്ചത് എന്ന തിരിച്ചറിവുണ്ടാവണം. പണിതീരാത്ത വീട്ടിലേക്ക് ചേതനയറ്റ ശരീരവുമായി മടങ്ങിവരുന്ന പ്രവാസികളുടെ കദനകഥ ഇന്ന് ഒരു വാര്‍ത്തയേ അല്ല. ജീവിത ലക്ഷ്യം മറന്ന് കൊണ്ടുള്ള മുന്നോട്ട് പോക്ക് നമ്മെയും കുടുംബത്തെയും തീരാദുഖങ്ങളിലേക്ക് തള്ളിവിട്ടേക്കാം.

വീട് നിര്‍മാണവുമായി ബന്ധപ്പെട്ട നിരവധി അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നമ്മുടെ നാട്ടില്‍ നിലവിലുണ്ട്. ഇരു ലോകവും നഷ്ടപ്പെടുത്തുന്ന അത്തരം വ്യതിയാനങ്ങളിലേക്ക് വഴുതിവീഴാതെ നാം ശ്രദ്ധിക്കണം. കുടുംബത്തെ ബോധവല്‍കരിക്കണം.

കേരളത്തില്‍ അഞ്ച് ലക്ഷത്തിലധികം ഭവനരഹിതര്‍ ഉണ്ടെന്ന് സര്‍ക്കാര്‍ കണക്കുകള്‍ പറയുന്നു. ധനം ചെലവഴിക്കുന്നിടത്ത് വിശ്വാസി സൂക്ഷ്മത കാണിക്കണം. അല്ലാഹു പറയുന്നു:

''ചെലവുചെയ്യുകയാണെങ്കില്‍ അമിതവ്യയം നടത്തുകയോ പിശുക്കിപ്പിടിക്കുകയോ ചെയ്യാതെ അതിനിടക്കുള്ള മിതമായ മാര്‍ഗം സ്വീകരിക്കുന്നവരുമാകുന്നു അവര്‍'' (ക്വുര്‍ആന്‍ 25:67).

റസൂല്‍ ﷺ  അരുള്‍ ചെയ്തു: ''തന്റെ ആയുസ്സ് എന്തിലാണ് നശിപ്പിച്ചതെന്നും എന്തെന്തു പ്രവര്‍ത്തനത്തിലാണ് തന്റെ അറിവു വിനിയോഗിച്ചതെന്നും തന്റെ സമ്പത്ത് എവിടെ നിന്നു സമ്പാദിച്ചെന്നും എന്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നും തന്റെ ശരീരം എന്തൊന്നിലാണ് ഉപയോഗപ്പെടുത്തിയതെന്നും ചോദ്യം ചെയ്യപ്പെടാതെ അന്ത്യദിനത്തില്‍ ഒരു അടിമയ്ക്കും സ്വന്തം പാദങ്ങള്‍ മുന്നോട്ടു വെക്കുക സാധ്യമല്ല'' (തുര്‍മുദി).

ലക്ഷങ്ങള്‍ ചെലവഴിച്ച് പണിയുന്ന മണിമാളികള്‍ നല്‍കുന്നതിനെക്കാള്‍ വലിയ സമാധാനവും സന്തോഷവും പാവങ്ങളുടെ കണ്ണീരൊപ്പുമ്പോള്‍ നമുക്ക് ലഭിക്കും. വന്‍ പ്രളയത്തിന്റെ കെടുതിയിലാണ് ഈ വര്‍ഷവും നമ്മുടെ സംസ്ഥാനം. കുത്തിയൊലിച്ചു വന്ന വെള്ളത്തില്‍ ഒഴുകിപ്പോയ നൂറുകണക്കിന് വീടുകളുംമണ്ണിനടിയിലായ വീടുകളും ആളുകളും നമ്മെ ചിന്തിപ്പിക്കണം. ജീവിതത്തിന്റെ നൈിമിഷികതയെ തിരിച്ചറിയാന്‍ ഇതൊരു പാഠമാകണം.  

''എന്റെ ജനങ്ങളേ, ഈ ഐഹികജീവിതം ഒരു താല്‍ക്കാലിക വിഭവം മാത്രമാണ്. തീര്‍ച്ചയായും പരലോകം തന്നെയാണ് സ്ഥിരവാസത്തിനുള്ള ഭവനം'' (ക്വുര്‍ആന്‍ 40:39).