'ഇല്‍ഫതുല്‍ ഇസ്‌ലാം' വിശ്വാസികള്‍ക്കിടയില്‍ വെളിച്ചം വിതറിയ ഹമദാനിയുടെ ഗ്രന്ഥം

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 മെയ് 04 1440 ശഅബാന്‍ 28

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും 15

(ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍: 9)

ഹിജ്‌റ വര്‍ഷം 1334 റബീഉല്‍ ആഖര്‍, 1916 ഫെബ്രുവരിയില്‍ തിരൂര്‍ കാവുങ്ങല്‍ പറമ്പ് എന്ന സ്ഥലത്തുെവച്ച് സി.സൈതാലിക്കുട്ടി മാസ്റ്ററുടെ 'മത്വ്ബഅതുസ്സ്വലാഹിയ്യ' കല്ലച്ചുകൂടത്തില്‍ അച്ചടിക്കപ്പെട്ട പ്രൗഢമായ ഒരു ഗ്രന്ഥമാണ് ഹമദാനി തങ്ങളുടെ 'ഇല്‍ഫതുല്‍ ഇസ്‌ലാം' എന്ന പേരില്‍ അറിയപ്പെടുന്ന വൈജ്ഞാനിക രചന. മുഹ്‌യിദ്ദീന്‍ ഇബ്‌നു സഹ്ല്‍ എന്ന ഒരു അധ്യാപകന്റെ ഈ കൃതിയുടെ കയ്യെഴുത്തു പകര്‍പ്പാണ് ലിത്തോ പ്രസ്സില്‍ അച്ചടിക്ക് വിധേയമാക്കിയത്.

കുന്തിരിക്കത്തിന്റെ മണത്തോടൊപ്പം വീടുകളില്‍നിന്ന് ഉയര്‍ന്നിരുന്ന നീട്ടിവിളിച്ച മാലകളും ബൈത്തുകളും ചൊല്ലിയാര്‍ത്തിരുന്ന ഇടക്കാല കേരളീയ മുസ്ലിം സമുദായത്തിന്റെ ആനന്ദാന്തരീക്ഷത്തില്‍ നിന്നുമാറി, ത്വരീക്വത്തുകളുടെ ആധിക്യവും മത്സരവും ശത്രുതയും അനൈക്യവും സഭ്യതയുടെ സകല സീമകളും ലംഘിച്ചിരുന്ന വിനാശ കാലത്താണ് വിജ്ഞനായ ഹമദാനി തങ്ങള്‍ അവഗാഢമായ ഈ വൈജ്ഞാനിക സംഭാവന കൈരളിക്ക് മുമ്പില്‍ സമര്‍പ്പിക്കുന്നത്. പാട്ടെഴുത്തിന്റെയും പാട്ടാലാപനത്തിന്റെയും ആലസ്യത്തില്‍ അമര്‍ന്നിരുന്ന ഒരു ജനതയുടെ മേല്‍ ത്വരീക്വത്ത് തര്‍ക്കങ്ങളുടെ അക്രമണോല്‍സുകഭാവം ഇത്ര രൂക്ഷമായ വിധം മറനീക്കിയെത്തിയത് പേര്‍ഷ്യയില്‍ നിന്ന് ഉത്തരേന്ത്യ വഴി കേരളത്തിലെത്തിയ ശീഈ വേരുകളുള്ള കൊണ്ടോട്ടി തങ്ങളുടെ വരവോടുകൂടിയാണ്. അതുമായി ബന്ധപ്പെട്ട പരസ്പര കുറ്റാരോപണങ്ങളും ചേരിതിരിവും കാലങ്ങള്‍ നീണ്ടുനിന്നു. ത്വരീക്വത്തിന്റെ പേരില്‍ ആളുകളെ മയക്കിക്കിടത്തിയ ശേഷം സുജൂദ് ചെയ്യിക്കാന്‍ പ്രേരിപ്പിച്ചുകൊണ്ട് അക്കാലങ്ങളില്‍ ലഘുലേഖകള്‍ പ്രസിദ്ധീകരിച്ചിരുന്നു. അത്ഭുത സിദ്ധികളുടെ മേല്‍വിലാസത്തിലാണ് എല്ലാ ത്വരീക്വത്തുക്കളുടെയും ശൈഖുമാര്‍ പ്രസിദ്ധി നേടിയിരുന്നത്. ആത്മീയോന്നതി നേടിയവര്‍ക്ക് ആത്മാക്കളുമായി സംവദിക്കാനാകുമെന്നും അവരില്‍ നിന്ന് ഉപദേശനിര്‍ദേശങ്ങള്‍ സ്വീകരിക്കാനാകുമെന്നും അവര്‍ ജനങ്ങളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. ഇസ്‌ലാമിക ശരീഅത്ത് അനുസരിക്കാതെ വിവിധ മതങ്ങളുടെ ആരാധനാ രീതികള്‍ പിന്തുടരുന്നവരെയും ലഹരിയോ ദ്രാക്ഷാരസമോ പാനം ചെയ്തും മയക്കുമരുന്ന് ഉപയോഗിച്ചും ത്വരീക്വത്തുകളുടെ പേരില്‍ ആത്മീയാനുഭൂതി കരസ്ഥമാക്കാന്‍ ശ്രമിക്കുന്നവരെയും അക്കാലത്ത് കേരളക്കരയില്‍ പലയിടങ്ങളിലും കാണാന്‍ കഴിഞ്ഞിരുന്നു.

ശൈഖ് അബ്ദുല്‍ക്വാദിര്‍ ജീലാനിയിലേക്ക് ചേര്‍ക്കപ്പെട്ട ക്വാദിരിയ്യ, ശൈഖ് മുഈനുദ്ദീന്‍ ചിശ്തിയിലേക്ക് ചേര്‍ക്കപ്പെട്ട ചിശ്തിയ്യ, അഹ്മദുല്‍ കബീര്‍ രിഫാഇയ്യാല്‍ സ്ഥാപിതമായ രിഫാഇയ്യ, അബുല്‍ഹസനുശ്ശാദുലിയുടെ ശാദുലിയ്യ, ബഹാഉദ്ദീന്‍ നഖ്ശബന്ദിയുടെ നഖ്ശബന്ദിയ്യ, ഇമാം സുഹ്റവര്‍ദിയുടെ സുഹ്റവര്‍ദിയ്യ തുടങ്ങിയവ; ത്വരീക്വത്തുകള്‍ എന്ന പേരില്‍ കേരള മുസ്‌ലിംകള്‍ക്കിടയിലറിയപ്പെട്ട സന്യാസ സരണികളില്‍ പ്രസിദ്ധിയാര്‍ജിച്ചവയാണ്. ഈ വക ത്വരീക്വത്തുകളുടെ അതിപ്രസരമാണ് കേരള മുസ്ലിം ജനതയെ-ത്വരീക്വത്തിന്റെ സ്വാധീനത്തിന് വിധേയമായ മറ്റു പ്രദേശങ്ങളിലെപ്പോെലത്തന്നെ- ക്വുര്‍ആനും സുന്നത്തും എന്ന ശരിയായ ഇസ്ലാമിക പ്രമാണങ്ങള്‍ പഠിക്കുന്നതില്‍ നിന്നും പകര്‍ത്തുന്നതില്‍ നിന്നും മാറ്റി നിര്‍ത്തിയത്. പണ്ഡിതന്മാരെന്ന് ആളുകള്‍ വിളിച്ചിരുന്നവരിലധികപേരും ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ തങ്ങള്‍ നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കാന്‍ തയ്യാറായില്ല. അത്തരമൊരു സാഹചര്യത്തിലാണ് ശെയ്ഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ തന്റെ പ്രബോധന പ്രയാണം ആരംഭിക്കുന്നത്. പില്‍ക്കാലത്ത് പോലും കേരളത്തിലെ മതപണ്ഡിത ബിരുദം നല്‍കുന്ന രീതി എത്രമേല്‍ മാനവികവിരുദ്ധമായിരുന്നു എന്ന് ബോധ്യപ്പെടാന്‍ താഴെ പറയുന്ന ഉദ്ധരണികള്‍ മതിയാകും:

'അഞ്ചുറുപ്പിക അടച്ച് ഒരു തലപ്പാവ് തലയില്‍ കെട്ടിക്കലാണെത്ര ബിരുദദാനച്ചടങ്ങ്. പഠനം പല രൂപത്തിലാണ്. ചുരുങ്ങിയത് ഫാതിഹ, ചെറിയ സൂറത്തുകള്‍, യാസീന്‍, നമസ്‌കരിച്ചാലും ഒജീനിച്ചാലും മറ്റുമുള്ള ദുആ, തൗബ ചെയ്ത് കൊടുക്കല്‍, ഇമാമത്ത് നില്‍ക്കല്‍ മുതലായ പള്ളിച്ചട്ടങ്ങള്‍ ശീലിക്കുകയെങ്കിലും വേണം.'(1)

ഇത്തരം ദുഷ്പ്രവണതകള്‍ സമുദായാംഗങ്ങളെ വരിഞ്ഞുമുറുക്കിയിരുന്ന കാലത്താണ് വിശുദ്ധ ക്വുര്‍ആനിലെ താഴെ പറയുന്ന വചനങ്ങള്‍ വായനക്കാരുടെ മനസ്സില്‍ ഒരു ചോദ്യചിഹ്നമായി നല്‍കിക്കൊണ്ട് ഹമദാനി തങ്ങള്‍ 'ഇല്‍ഫതുല്‍ ഇസ്‌ലാം' എന്ന മഹത്തായ ഗ്രന്ഥരചന ആരംഭിക്കുന്നത്.

'സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയേക്കും. നിങ്ങള്‍ക്ക്അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചു കേള്‍പിക്കപ്പെട്ടുകൊണ്ടിരിക്കെ, നിങ്ങള്‍ക്കിടയില്‍ അവന്റെ ദൂതനുണ്ടായിരിക്കെ നിങ്ങളെങ്ങനെ അവിശ്വാസികളാകും? ആര്‍ അല്ലാഹുവെ മുറുകെ പിടിക്കുന്നുവോ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു.'(2)

ഈ രണ്ടു വചനങ്ങളുടെ വാക്കാല്‍ പരിഭാഷയും വ്യാഖ്യാനവും വിശദമായിത്തന്നെ ശൈഖ് തന്റെ ഗ്രന്ഥത്തില്‍ നല്‍കുന്നുണ്ട്. ഈ വിശുദ്ധ വചനങ്ങളുടെ പരിഭാഷ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ തന്നെ നല്‍കുക വഴി അന്നത്തെ കേരളീയ മുസ്ലിം മനസ്സുകളെ ഏതെല്ലാം തിരുത്തലുകള്‍ക്ക് ശൈഖ് നിര്‍ബന്ധിച്ചിരുന്നു എന്നത് പ്രത്യേക പഠനമര്‍ഹിക്കുന്ന ഒരു വിഷയമാണ്.

അരൂക്കുറ്റി വടുതലയിലെ ഹമദാനി ശൈഖിന്റെ ദര്‍സില്‍ മതവിദ്യാഭ്യാസമാര്‍ജിച്ച ഇ.മൊയ്തു മൗലവി പ്രസ്തുത സാഹചര്യങ്ങള്‍ വക്കം മൗലവിയുടെ 'അല്‍ഇസ്‌ലാം' മാസികയിലെ 'മലയാളത്തിലെ ശൈഖന്മാരും മുസ്‌ലിം സമുദായവും' എന്ന ലേഖനത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

'ശൈഖിയ്യ തറവാട്ടു തായ്‌വഴിയായോ(3) ചില മനുഷ്യനിര്‍മിതമായ ദിക്‌റുകള്‍(4) മാത്രം പാഠമിടുന്നതുകൊണ്ടോ കിട്ടുന്നതല്ല. നമ്മുടെ ശൈഖന്മാര്‍ മിക്കവരും എന്നു വേണ്ട സര്‍വരും ഈ വകക്കാരാണ്. ഒരുത്തന്‍ വാസ്തവമായ ശൈഖ് ആവണമെങ്കില്‍ അവന് ഫിഖ്ഹ്(5), അഖീദ(6) മുതലായവയില്‍ ഒരു സാമാന്യജ്ഞാനമെങ്കിലും ഉണ്ടായിരിക്കുകയും ആരംഭത്തില്‍ തന്റെ മുരീദിനുണ്ടാവുന്ന(7) സംശയങ്ങളെ നീക്കത്തക്ക നിലയിലുള്ള ഇത്വ്‌ലാഉം (കാര്യജ്ഞാനവും) ഖല്‍ബുകളുടെ(8) കമാലാത്തും(9) നഫ്‌സുകളുടെ(10) ആഫാത്തും(11) രോഗങ്ങളും ഔഷധങ്ങളും അവയെ ന്യായമായ വിധത്തില്‍ സൂക്ഷിക്കേണ്ടതിനുള്ള വഴിയും അറിവുള്ളവനാകേണ്ടതും സര്‍വ ജനങ്ങളോടും പ്രത്യേകം മുരീദന്മാരോടും ദയവുള്ളവനായിരിക്കേണ്ടതും നാസ്വിഹായിരിക്കേണ്ടതും(12) ആണ്. ഇങ്ങനത്തെ ശൈഖന്മാരെ മാത്രം തുടര്‍ന്നാലേ നജാത്ത്(13) കിട്ടുകയുള്ളൂ എന്ന് എല്ലാവരും എല്ലായിപ്പോഴും അറിഞ്ഞിരിക്കേണ്ടതാണ്. ഈയിനത്തില്‍പ്പെട്ട ശൈഖ് ഇല്ലാത്ത പക്ഷം ക്വുര്‍ആനോടും ഹദീസോടും(14) തുടരുക മാത്രമാണ് വേണ്ടത്.

നമ്മുടെ ശൈഖന്മാരെല്ലാം കേവലം വിദ്യാശൂന്യന്മാരും മതവിരുദ്ധമായി എന്തും പ്രവര്‍ത്തിക്കാന്‍ മടിയില്ലാത്തവരുമാണെന്നും ഏവര്‍ക്കും അറിയാം. ഇവര്‍ ദാല്ലും മുദില്ലും (വഴിപിഴച്ചവരും പിഴപ്പിക്കുന്നവരും) ആണ്. പക്ഷേ, നമസ്‌കാരം, നോമ്പ് മുതലായ ശറഇയ്യായ അഅ്മാലുകള്‍(15) തീരെ ഉപേക്ഷിക്കണമെന്ന് ഇത്തരക്കാര്‍ക്കു വാദമില്ല. അത് അങ്ങനെയിരിക്കട്ടെ. ഇനി മാനസിക പരിഷ്‌കാരം മാത്രം മതി, മറ്റൊന്നും വേണമെന്നില്ല. നമസ്‌കാരം, നോമ്പ്, സകാത്ത് എന്നീ അഅ്മാലുകള്‍ തീരെ പ്രയോജനകരമല്ല, ആദ്യമായി റബ്ബിനെ(16) അറിയുകയാണ് വേണ്ടത്. വിശുദ്ധ ഖുര്‍ആനിന്റെയും ഹദീഥിന്റെയും ദ്വാഹിര്‍ മുറാദല്ല(17) അതായത് ലഫ്ദുകള്‍(18) അറിയിക്കുന്ന അര്‍ത്ഥമല്ല അവയില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. അവയുടെ ഉള്‍സാരം അറിഞ്ഞു നടന്നാലേ മുക്തി കിട്ടുകയുള്ളു എന്നു വാദിക്കുന്നവരും സുലഭമാണ്. ഇവരാണ് വഹ്ദത്തുല്‍ വുജൂദുകാര്‍.(19) കഞ്ചാവ് മുതലായ ലഹരിപദാര്‍ത്ഥങ്ങള്‍ കൂടാതെ ജീവിച്ചിരിക്കുക എന്നുള്ളത് ഇവരില്‍ പലര്‍ക്കും അസാധ്യമാണ്. ഈ കൂട്ടരെക്കൊണ്ട് ഇസ്‌ലാം സമുദായത്തിന് ഉണ്ടായിട്ടുള്ള നാശങ്ങള്‍ക്ക് ഒരതിരും അളവുമില്ല. എത്രയോ സാധുക്കളാണ് ഇവരുടെ കെണിയില്‍ അകപ്പെട്ട്, ഇസ്ലാമിനും മുസ്‌ലിമീങ്ങള്‍ക്കും പരമവൈരികളായി തീര്‍ന്നിരിക്കുന്നത്. ഏതാനും കാലമായി ഇത്തരക്കാരുടെ ബഹളം നമ്മുടെ നാട്ടില്‍ കുറെ അധികം തന്നെയാണ്.'(20)

ലക്ഷദ്വീപ് സമൂഹങ്ങളിലെ പ്രശസ്തമായ ആന്ത്രോത്ത് ദ്വീപില്‍ നിന്ന് കടലേറി വന്നതാണ് ഇസ്ലാമുമായി യാതൊരു ബന്ധവുമില്ലാത്ത ഈ കലഹമതത്തിന്റെ കുഴലൂത്തുകാര്‍.

ഹമദാനി ഉസ്താദിന്റെ ഗ്രന്ഥം പുറത്തുവന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ത്വരീക്വത്തുകാരുടെ ഉള്ളുകള്ളികള്‍ ശിഷ്യന്‍ മൊയ്തു മൗലവി വെളിപ്പെടുത്തുന്നുണ്ട്: 'ആന്ത്രോത്ത് ദ്വീപുകാരാണ് ഈ നശീകരണ വിത്ത് ആദ്യമായി ഇവിടങ്ങളില്‍ പാകിയത്. അക്കാലം ചില എട്ടും പൊട്ടും തിരിയാത്തവര്‍ മാത്രമെ ഇവരെ അനുഗമിച്ചിരുന്നുള്ളു. (ഇവര്‍ പണ്ടേതന്നെ യാതൊരു മതവും ഇല്ലാത്തവരാണ്. 'പോകുന്ന തോണിക്ക് ഒരു ഉന്ത്' എന്നു പറഞ്ഞതുപോലെ തങ്ങള്‍ക്ക് ഇത് നല്ലൊരു ആക്കമായിത്തീര്‍ന്നു). ക്രമേണ ഈ പകര്‍ച്ചവ്യാധി ഏതാനും ധനികന്മാരിലും വ്യാപിച്ചു. പിന്നത്തെ കഥയെപ്പറ്റി എന്തുപറയാനാണ്? അപ്പോഴേക്ക് ചില മുസ്ല്യാക്കന്മാരും ഇവരുടെ സംഘത്തില്‍ ചേര്‍ന്നു പല പ്രകാരേണ ഉപദേശങ്ങള്‍ ചെയ്യാന്‍ തുടങ്ങി. അതോടുകൂടി ഇവര്‍ക്കു ചുവടുറപ്പും പ്രാബല്യവും ഏറിയേറിക്കൊണ്ടു വരുന്നു. 'പണം കണ്ടാല്‍ പിണവും വാപൊളിക്കും' എന്നുണ്ടല്ലോ. ഇക്കൂട്ടത്തില്‍പെട്ട ഒരാള്‍ ഈയിടെ തിരൂരിനടുത്തു ചിലേടങ്ങളില്‍ ചെന്ന് ഈ വക പല ഉപദേശങ്ങളും നടത്തിയതില്‍ മൂന്നൂറിനുമീതെ വീട്ടുകാര്‍ അയാളെ തുടര്‍ന്നു തങ്ങളുടെ സര്‍വസ്വത്തുക്കളും ശൈഖിനു ദാനം ചെയ്തിരിക്കുന്നു. ഇയാള്‍ക്കും സഹായി പ്രസിദ്ധനായ ഒരു മുസ്‌ല്യാര്‍ തന്നെയായിരുന്നു. മുമ്പു തിരൂരിലും മറ്റും സ്വര്‍ണവ്യാപാരത്തിനായി വന്ന ശൈഖിന്റെ ഒത്താശരനായിരുന്നതും ഈ മുസ്‌ല്യാര്‍ തന്നെയായിരുന്നു. ഇവര്‍ ത്വരീക്വത്തുകാരാണുപോല്‍! തങ്ങള്‍ക്കു ശരീഅത്തിനു വിരോധമായി പലതും പ്രവര്‍ത്തിക്കാമത്രെ!'(21)

യഥാര്‍ഥ ത്വരീക്വത്ത് എന്താണെന്നും ഹമദാനിയുടെ ശിഷ്യന്‍ അയത്‌നലളിതമായി വിവരിക്കുന്നുണ്ട്: 'ത്വരീക്വത്തും ശരീഅത്തും വാസ്തവത്തില്‍ ഒന്നുതന്നെയാണ്. ശരീഅത്ത് (മന്‍ഹിയ്യാത്തിനെ-വിരോധിക്കപ്പെട്ടവയെ-ഉപേക്ഷിക്കുകയും മഅ്മൂറാത്തിനെ-കല്‍പിക്കപ്പെട്ടവയെ-എടുക്കുകയും ചെയ്യുക), ത്വരീക്വത്ത് (നമ്മുടെ റസൂല്‍ കരീം സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ അഫ്ആലിനെ ആരാഞ്ഞ് ലവലേശം പിഴയ്ക്കാതെ അതേ പ്രകാരം തന്നെ നടക്കുക); ഇതാണ് യഥാര്‍ത്ഥമായ ത്വരീക്വത്തും ശരീഅത്തും. നേരെ മറിച്ച് റസൂലിന്റെയും സഹാബത്തിന്റെയും കാലം മുതല്‍ക്ക് ഇതേവരെ യാതൊരു ഇന്‍ഖിത്വാഉം(22) കൂടാതെ മുസ്‌ലിമീങ്ങള്‍ ഐകകണ്‌ഠ്യേന ആചരിച്ചുപോരുന്ന നമസ്‌കാരം, നോമ്പ് മുതലായ ഇബാദത്തുകള്‍(23) ത്യജിച്ച്, കള്ളും കഞ്ചാവും ഉപയോഗിച്ചു മതവിരുദ്ധമായ പല വാക്കുകളും പറഞ്ഞു തെണ്ടിത്തിരിഞ്ഞു നടക്കുന്ന ഇവര്‍ ദൈവത്തിന്റെ വിരോധികളും പിശാചിന്റെ കൂട്ടുകാരുമാണ്.'(24)

ഹമദാനി തങ്ങളുടെ തൂലികയില്‍നിന്ന് മുസ്‌ലിം സമുദായത്തിനു വേണ്ടി പുറത്തുവന്ന ഒരു മഹത്തായ രചനയാണ് 'അല്‍ ഇല്‍ഫതുല്‍ ഇസ്‌ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വത്തില്‍ ഈമാനിയ്യ' എന്ന 95 താള്‍ വരുന്ന അറബിമലയാള ഗ്രന്ഥം. 'അല്‍ ഉല്‍ഫതുല്‍ ഇസ്‌ലാമിയ്യ...'എന്നും വായിക്കാം എന്ന് ഗ്രന്ഥകാരന്‍ പറയുന്നുണ്ട്. ഈ പേരിന്റെ ഉദ്ദേശം മറ്റൊരു അറബി വാചകത്തിലൂടെ അദ്ദേഹം തന്നെ വിവരിക്കുന്നു. 

'ഇത്തിഫാക്വുല്‍ ആറാഇ ഫില്‍ മുആവനത്തി അലാ തദ്ബീരില്‍ മആശി കമാ ഫീ ഇത്ഹാഫിസ്സാദ.' അതിന്റെ പരിഭാഷ ഇങ്ങനെ വായിക്കാം: 'പരസ്പര സഹായത്തില്‍ കാലയാപനം(25) ചെയ്യുന്ന വിഷയത്തില്‍ അഭിപ്രായങ്ങളെ യോജിപ്പിച്ച് ഇണക്കിക്കൂട്ടുക.'(26)

ആത്മ സംസ്‌കരണം, സ്വഭാവ രൂപീകരണം തുടങ്ങിയ വിഷയങ്ങളില്‍ അക്കാലത്ത് ലോക മുസ്ലിംകള്‍ക്കിടയില്‍ പരിചിതമായിരുന്ന 'ഇത്ഹാഫുസ്സാദ' എന്ന ഗ്രന്ഥമാണ് ഹമദാനി ശൈഖ് മുഖ്യ അവലംബമായി സ്വീകരിച്ചിട്ടുള്ളത്. അവലംബ അറബി ഗ്രന്ഥത്തിന്റെ കര്‍ത്താവ് എ.ഡി 1732ല്‍ ഇന്ത്യയിലെ ബല്‍ഗ്രാമില്‍ ജനിച്ച് 1790 ല്‍ ഈജിപ്തിലെ കൈറോയില്‍ നിര്യാതനായ മുര്‍തദസ്സബീദിയാണ്. ഭാഷാശാസ്ത്രം, നിയമശാസ്ത്രം, ഹദീഥ് വിജ്ഞാനീയം തുടങ്ങിയ മേഖലകളില്‍ ഗ്രന്ഥങ്ങള്‍ രചിച്ച മഹാപണ്ഡിതനാണ് സബീദി. ഇമാം ഗസ്സാലിയുടെ പ്രസിദ്ധമായ 'ഇഹ്‌യാ ഉലൂമിദ്ദീന്‍' എന്ന ഗ്രന്ഥത്തിന്റെ വിവരണമാണ് സബീദിയുടെ ഈ കൃതി. ഇത്ഹാഫുസ്സാദയുടെ കര്‍ത്താവായ മുര്‍തദസ്സബീദി 'താജുല്‍ അറൂസ് മിന്‍ ജവാഹിറില്‍ ക്വാമൂസ്' എന്ന അറബി ഭാഷയിലെ ഏറ്റവും ആധികാരികമായ ശബ്ദകോശവും രചിച്ചിട്ടുണ്ട്. 11 വര്‍ഷം കൊണ്ടാണ് 10 സഞ്ചികകളിലായി ഇതിന്റെ രചന പൂര്‍ത്തിയാക്കിയിട്ടുള്ളത്. 

'മൗലവി സൈനുദ്ദീന്‍ നജ്കൂത്തി' എന്ന് അറബിയില്‍ അറിയപ്പെട്ടിരുന്ന, ഹമദാനി തങ്ങളുടെ കാലത്തെ കേരളത്തിലെ പ്രതിഭാശാലിയായ പണ്ഡിതനായിരുന്ന ഞമനേങ്ങാട് ഏനിക്കുട്ടി മുസ്‌ലിയാര്‍ ആണ് ഹമദാനിയുടെ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത്. അതില്‍ അദ്ദേഹം പറയുന്നു:

 'മദ്രാസ്, മലബാര്‍ മുതലായ ഭാഗങ്ങളില്‍ പ്രസിദ്ധപ്പെട്ട തിരുവിതാംകൂര്‍ വടുതല സ്വാഹിബ് ബഹദൂര്‍ ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി മുസ്‌ലിമീങ്ങളുടെ പരസ്പര സ്‌നേഹത്തെ ആഗ്രഹിച്ച് എഴുതിയ തര്‍ജമ ആകുന്നു ഇത്. ഇതിനെ എല്ലാ മുസ്‌ലിമീങ്ങളും വാങ്ങി വായിച്ച് അറിയേണ്ടത് അത്യാവശ്യമാകുന്നു.'(27) 

അവതാരികയില്‍ പറഞ്ഞ തര്‍ജമ എന്ന വാക്ക് പരിഭാഷ എന്ന അര്‍ത്ഥത്തിലല്ല പ്രയോഗിച്ചിരിക്കുന്നത്. ഗ്രന്ഥം എന്നതിന് പകരം തര്‍ജമ എന്നും അക്കാലത്ത് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഹ്രസ്വമായ അവതാരിക ഞമനേങ്ങാട് ഏനിക്കുട്ടി മുസ്ലിയാര്‍ അവസാനിപ്പിക്കുന്നത് സ്വന്തമായി രചിച്ച രണ്ടുവരി അറബിക്കവിതയിലൂടെയാണ്. അതിന്റെ ആശയം ഇങ്ങനെ സംഗ്രഹിക്കാം:

'അല്ലാഹുവിനാല്‍ തെരഞ്ഞെടുക്കപ്പെട്ട ദൂതനായ ഏവര്‍ക്കും പ്രിയങ്കരനായ മുഹമ്മദ് നബിയുടെ സത്യസരണി ആയ അഹ്‌ലുസ്സുന്നയുടെ പ്രധാനമായ എല്ലാ ആശയങ്ങളെയും അല്ലാഹുവിന്റെ കാരുണ്യ വചനങ്ങളുടെയും പ്രവാചക വചനങ്ങളുടെയും വെളിച്ചത്തില്‍ ഇതില്‍ അവതരിപ്പിച്ചിരിക്കുന്നു.'(28)

ഈ മഹത്തായ ഗ്രന്ഥത്തിന്റെ സന്ദേശ വചനം എന്ന നിലയ്ക്ക് ഒന്നാം താളില്‍ തന്നെ വിശുദ്ധ ക്വുര്‍ആനിലെ ഒരു വചനവും പ്രവാചകന്റെ ഒരു തിരുമൊഴിയും അറബിമൂലത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. അവയുടെ പരിഭാഷ ഇങ്ങനെയാണ്:

'നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ കയറില്‍ മുറുകെപിടിക്കുക. നിങ്ങള്‍ ഭിന്നിച്ച് പോകരുത്. നിങ്ങള്‍ അന്യോന്യം ശത്രുക്കളായിരുന്നപ്പോള്‍ നിങ്ങള്‍ക്ക് അല്ലാഹു ചെയ്ത അനുഗ്രഹം ഓര്‍ക്കുകയും ചെയ്യുക. അവന്‍ നിങ്ങളുടെ മനസ്സുകള്‍ തമ്മില്‍ കൂട്ടിയിണക്കി. അങ്ങനെ അവന്റെ അനുഗ്രഹത്താല്‍ നിങ്ങള്‍ സഹോദരങ്ങളായിത്തീര്‍ന്നു. നിങ്ങള്‍ അഗ്‌നികുണ്ഡത്തിന്റെ വക്കിലായിരുന്നു. എന്നിട്ടതില്‍ നിന്ന് നിങ്ങളെ അവന്‍ രക്ഷപ്പെടുത്തി. അപ്രകാരം അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്ക് വിവരിച്ചുതരുന്നു; നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കുവാന്‍ വേണ്ടി.'(29)

'വിശ്വാസി ഇണങ്ങുന്നവനും ഇണക്കപ്പെടുന്നവനുമാണ്. ഇണങ്ങുകയോ ഇണക്കപ്പെടുകയോ ചെയ്യാത്തവനില്‍ നന്മയില്ല. മനുഷ്യര്‍ക്ക് ഏറ്റവുമധികം പ്രയോജനം ചെയ്യുന്നവനാണ് മനുഷ്യരില്‍ ഉത്തമന്‍'(30) എന്ന നബിവചനമാണ് ദൈവിക വചനത്തോടൊപ്പം ചേര്‍ത്തിരിക്കുന്നത്.

താഴെ കൊടുത്ത പ്രാര്‍ഥനകളോടെയാണ് ശേഷം മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ തന്റെ രചന അവസാനിപ്പിക്കുന്നത്. പൂര്‍വ സമുദായങ്ങളുടെ അനാസ്ഥയെ സംബന്ധിച്ച് സത്യവിശ്വാസിക്ക് ഉള്‍ക്കിടിലമുണ്ടാക്കുന്ന തിരുവചനങ്ങളില്‍ നിന്നുള്ള പ്രാര്‍ഥനകളാണ് ഈ മഹത്തായ രചന വായനക്കാരുടെ മനസ്സില്‍ അവസാനമായി അവശേഷിപ്പിക്കുന്നത്: 

'നീ ഞങ്ങളെ മുസ്‌ലിംകളായി മരിപ്പിക്കുകയും സജ്ജനങ്ങളുടെ കൂട്ടത്തില്‍ ചേര്‍ക്കുകയും ചെയ്യേണമേ.(31) അല്ലാഹുവേ, ഇഹലോകത്തെ അപമാനത്തില്‍ നിന്നും പരലോക ശിക്ഷയില്‍ നിന്നും ഞങ്ങളെ കാത്തു രക്ഷിക്കേണമേ! ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഭാര്യമാരില്‍ നിന്നും സന്തതികളില്‍ നിന്നും ഞങ്ങള്‍ക്ക് നീ കണ്‍കുളിര്‍മ നല്‍കുകയും ധര്‍മനിഷ്ഠ പാലിക്കുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കുകയും ചെയ്യേണമേ.'(32)

'ഞങ്ങളുടെ നാഥാ, ഞങ്ങള്‍ മറന്നുപോകുകയോ ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങളുടെ മുന്‍ഗാമികളുടെ മേല്‍ നീ ചുമത്തിയതു പോലുള്ള ഭാരം ഞങ്ങളുടെ മേല്‍ നീ ചുമത്തരുതേ. ഞങ്ങളുടെ നാഥാ, ഞങ്ങള്‍ക്ക് കഴിവില്ലാത്തത്ഞങ്ങളെ നീ വഹിപ്പിക്കരുതേ. ഞങ്ങള്‍ക്ക് നീ മാപ്പുനല്‍കുകയും ഞങ്ങളോട് പൊറുക്കുകയും കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതുകൊണ്ട് സത്യനിഷേധികളായ ജനതയ്‌ക്കെതിരായി നീ ഞങ്ങളെ സഹായിക്കേണമേ.'(33)

'കാരുണ്യവാന്മാരില്‍ ഏറ്റവും കരുണയുള്ളവനേ, നിന്റെ കാരുണ്യത്താല്‍ ഞങ്ങളുടെ പ്രാര്‍ഥന നീ സ്വീകരിക്കേണമേ. അല്ലാഹു അവന്റെ സൃഷ്ടികളില്‍ ശ്രേഷ്ഠനായ മുഹമ്മദ് നബിക്കും കുടുംബത്തിനും അനുചരര്‍ എല്ലാവര്‍ക്കും അനുഗ്രഹം ചെയ്യുമാറാകട്ടെ. നാഥാ, നീ പ്രാര്‍ഥന സ്വീകരിക്കേണമേ. നാഥാ, നീ പ്രാര്‍ഥന സ്വീകരിക്കേണമേ!'(34)

ക്വുര്‍ആന്‍ പരിഭാഷ നിഷിദ്ധം എന്ന പ്രചാരണതിനു പുറമെ, പത്രത്താളുകളില്‍ അത് പ്രസിദ്ധപ്പെടുത്തുകവഴി അശുദ്ധര്‍ക്കും അമുസ്ലിംകള്‍ക്കും സ്പര്‍ശിക്കാനവസരം സൃഷ്ടിച്ചുകൊണ്ട് ക്വുര്‍ആനിനെ അക്ഷന്തവ്യമായ രീതിയില്‍ അനാദരിക്കുകയാണ് പരിഭാഷകന്മാര്‍ ചെയ്യുന്നതെന്നും പ്രചണ്ഡമായി പ്രചരിക്കപ്പെട്ട കാലത്താണ് ഈ വചനങ്ങള്‍ പരിഭാഷപ്പെടുത്തിക്കൊണ്ട് ഹമദാനി ശൈഖ് ഗ്രന്ഥമെഴുതുന്നത്. അതില്‍ തന്നെ സമകാലിക പണ്ഡിതന്മാരുടെ സാക്ഷ്യപത്രങ്ങളും എടുത്തുചേര്‍ത്തുവെന്നത് അക്കാലത്ത് വലിയ സംഭവം തന്നെയായിരുന്നു.

പുസ്തകത്തിന്റെ സമാപനമായി ഹമദാനി തങ്ങള്‍ 94,95 താളുകളില്‍ കുറിച്ച വാക്കുകള്‍ ഇന്നും പ്രസക്തമാണ്: 'ഇസ്‌ലാം സഹോദരന്മാരായ നമ്മളില്‍ പിടിപെട്ട ഭിന്നിപ്പ്, കക്ഷിത്വം, മത്സരം, അസൂയ തുടങ്ങിയ എല്ലാ ദുഃസ്വഭാവങ്ങളും നീങ്ങി ഒരുമ, ഐകമത്യം, സ്‌നേഹം, സഹായം മുതലായ സല്‍സ്വഭാവങ്ങളും ഉണ്ടായിത്തീരുവാന്‍ മോഹിച്ചും കൊണ്ട് ഇതിനെ കോര്‍വ ചെയ്യുന്നതാകയാല്‍ എല്ലാവരും ഇതിനെ വാങ്ങി വായിക്കുകയും വായിപ്പിക്കുകയും അര്‍ത്ഥം തിരിയാത്തവര്‍ അതിനെ അറിവുള്ളവരോട് ചോദിച്ചു അറിയുകയും ചെയ്യും എന്ന് വിശ്വസിച്ചു കൊള്ളുന്നു.

എന്ന് സര്‍വ്വശക്തനും വലിയവനും ആയ അല്ലാഹുവിന്റെ ആശ്രിതനും എളിയവനും ആയ മുഹമ്മദ് മാഹിന്‍ ഹമദാനി. അല്ലാഹു സ്വീകരിക്കുമാറാകട്ടെ! ആമീന്‍!'(35)

അറബിക്കവിയുടെ ഹമദാനി പ്രശംസ

ഹമദാനി ശൈഖിന്റെ നാട്ടുകാരനും കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ അറബിക്കവികളില്‍ ഒരാളുമായ മൂസ ബിന്‍ അഹ്മദ് അല്‍ബര്‍ദലിയുടെ ഒരു പ്രൗഢമായ പ്രശംസാ കാവ്യം 'ഇല്‍ഫതുല്‍ ഇസ്‌ലാം' ഗ്രന്ഥത്തിന്റെ അവസാന താളുകളില്‍ (92, 93) ചേര്‍ത്തിട്ടുണ്ട്. അതിന്റെ ഓരോ വരിയുടെയും ആശയം ഇങ്ങനെ മനസ്സിലാക്കാം: 

1. കൂരിരുട്ടില്‍ പ്രകാശം പരത്തുന്ന പൗര്‍ണിമ പോലെ പ്രൗഢമായ ഒരു ഏട് അനുഗ്രഹങ്ങളുടെ ഉദയസ്ഥാനത്തുനിന്ന് നമുക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടതില്‍ ഏവരും ആനന്ദതുന്തിലരും ആഹ്ലാദ വിജൃംഭിതരും ആകുക.

2. നിഷ്പക്ഷതയോടെയും മനക്കരുത്തോടെയും അത് ശ്രദ്ധിച്ചു വായിക്കുന്നവനെ ദുര്‍മാര്‍ഗങ്ങളില്‍ നിന്ന് അത് നേര്‍വഴി കാണിക്കും. 

3. പരസ്പര അസൂയയും വിദ്വേഷവും പുലര്‍ത്തല്‍, പാപങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ പ്രവണതകളെ വിലക്കുന്ന എത്രയോ ഉപദേശങ്ങള്‍ നമ്മുടെ സഹോദരങ്ങള്‍ക്കായി അതില്‍ നിക്ഷേപിച്ചിരിക്കുന്നു.

4. പരസ്പര കാരുണ്യത്തോടെയും സ്‌നേഹത്തോടെയും ഇണക്കത്തോടെയും വര്‍ത്തിക്കാനും ശത്രുക്കളെ സൃഷ്ടിക്കാത്ത വ്യക്തികളായിത്തീരാനുമാണ് ഈ ഗ്രന്ഥം ആഹ്വാനം ചെയ്യുന്നത്.

5. ഇതിലെ ഉപദേശങ്ങളൊക്കെയും ദൈവിക ഗ്രന്ഥമായ വിശുദ്ധ ക്വുര്‍ആനില്‍ നിന്നും പ്രവാചക വചനങ്ങളില്‍ നിന്നും മഹാന്മാരുടെ വര്‍ത്തമാനങ്ങളില്‍ നിന്നും സ്വീകരിച്ചിട്ടുള്ളവയാണ്.

6. ഏറ്റവും സംതൃപ്തമായ, മനോഹരമായ പരിഭാഷയോടു കൂടി വിശുദ്ധ ക്വുര്‍ആന്‍ വ്യാഖ്യാനങ്ങളുടെ വിശദമായ ആശയങ്ങള്‍ ഇതിലുണ്ട്.

7. അസൂയാലുക്കളില്‍ പെട്ട്, നിഷേധ നേത്രത്തോട് കൂടി, ഗ്രാഹ്യതയില്ലാതെ ഇത് പരിശോധിക്കുന്നവര്‍ക്ക് ഒഴികെ മറ്റെല്ലാവര്‍ക്കും ഇത് വളരെ ഫലപ്രദമാണ്.

8. തീര്‍ച്ചയായും രോഗിക്ക് തേനും കയ്പ്പ് രുചിയായിരിക്കും. ആ കയ്പ്പുരസം അവന്റെ വായില്‍ നേരത്തെ തന്നെ ഉള്ളതാണ്. അതിനാല്‍ സഹോദരാ, തെറ്റിദ്ധാരണകള്‍ നിമിത്തം നീ ഇതിലെ സത്യത്തെ നിഷേധിക്കരുതേ.

9. ഈ സത്യം എന്തിന് നിരാകരിക്കണം? ഇതിന്റെ കര്‍ത്താവ് മടുപ്പുളവാക്കാത്ത വിധം തന്റെ പ്രതിഭാവിലാസം കൊണ്ട് ഇതിന്റെ രചനയില്‍ മികവ് പുലര്‍ത്തിയിരിക്കുന്നു.

10. അദ്ദേഹം അതിസമര്‍ഥനാണ്. മതത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചവരുടെ നേതാവാണ് അദ്ദേഹം. തത്വോപദേശങ്ങള്‍ വഴി നന്മയിലേക്ക് ഭക്തരെ വഴികാട്ടുന്നവനുമാണ്.

11. 'സിറാജുല്‍ ആമിലീന്‍' (പ്രവര്‍ത്തകരുടെ വിളക്ക്) എന്ന നാമധേയത്തില്‍ അറിയപ്പെടുന്ന പ്രശസ്തനായ മുഹമ്മദ് ഹമദാനിക്ക് ദൈവിക സംരക്ഷണം ലഭിക്കട്ടെ.

12. ഉത്തമമായ പ്രതിഫലം അല്ലാഹു അദ്ദേഹത്തിന് നല്‍കട്ടെ. അദ്ദേഹത്തിന് പര്യാപ്തമാകുന്ന എല്ലാ അനുഗ്രഹങ്ങളും അവന്‍ നല്‍കുമാറാകട്ടെ.

13. ത്വാഹാ മുഹമ്മദ് നബി ﷺ ക്കും നബിയുടെയും കുടുംബത്തിന്റെയും അനുചരന്മാരുടെയും മേലിലും ദൈവാനുഗ്രഹത്തിന്റെയും സമാധാനത്തിന്റെയും ഇളംകാറ്റ് വീശുമാറാകട്ടെ.

14. ഇതിന്റെ രചയിതാവ് മുദ്രണവേളയില്‍ തന്നെ ഇസ്‌ലാമിക ഐക്യം എന്ന് ഇസ്‌ലാമിന്റെ സവിശേഷ സ്വഭാവങ്ങള്‍ക്ക് ചേരും വിധം നാമകരണം നിര്‍വഹിച്ചതില്‍ അദ്ദേഹത്തെ നിര്‍ലോഭം ശ്ലാഘിക്കുന്നു.'(36)