രണ്ടാം അക്വബ ഉടമ്പടി

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ഏപ്രില്‍ 27 1440 ശഅബാന്‍ 22

(ലോകഗുരു: മുഹമ്മദ് നബി ﷺ  ഭാഗം: 19)

മദീനയില്‍ ഇസ്‌ലാം ഏറെ പ്രചരിച്ചു. പ്രവാചകത്വത്തിന്റെ പതിമൂന്നാം വര്‍ഷം; ഹജ്ജിന് സമയമായപ്പോള്‍ അന്‍സ്വാറുകളില്‍ നിന്നുള്ള 73 ആളുകള്‍ ഒരുമിച്ചുകൂടി. മുഹമ്മദ് നബി ﷺ യെ മക്കയുടെ മലയിടുക്കുകളിലൂടെ ആട്ടിയോടിക്കപ്പെട്ടുകൊണ്ടും ഭയത്തോടുകൂടിയുള്ള ജീവിതം നയിച്ചുകൊണ്ടുംഎത്രകാലമാണ് നമ്മള്‍ വിട്ടേക്കുക എന്ന് അന്‍സ്വാറുകള്‍ ചിന്തിച്ചു. എല്ലാവരും ഒന്നിച്ച് ഹജ്ജിനു വേണ്ടി പുറപ്പെടുകയും മുഹമ്മദ് നബി ﷺ യെ അവിടെ വെച്ച് കണ്ടുമുട്ടുകയും ചെയ്യാമെന്ന് അവര്‍ തീരുമാനിച്ചു. 

അങ്ങനെ ശിര്‍ക്കിന്റെ ആളുകള്‍ ഉള്‍പ്പെടെ 500 ഓളം പേര്‍ മക്കയിലേക്ക് പുറപ്പെട്ടു. തങ്ങള്‍ മുസ്‌ലിംകളാണ് എന്നുള്ള കാര്യം രഹസ്യമാക്കി വെച്ചുകൊണ്ടാണ് അവര്‍ മക്കയിലേക്ക് പ്രവേശിച്ചത്. അവരുടെ കൂടെ മിസ്വ്അബ് ഇബ്‌നു ഉമൈറും ഉണ്ടായിരുന്നു. മക്കയിലെത്തിയ ഉടനെ അദ്ദേഹം ആദ്യമായി നബി ﷺ യുടെ വീട്ടിലേക്ക് ചെന്നു. എന്നിട്ട് അന്‍സ്വാറുകളെ കുറിച്ചുള്ള വിവരങ്ങള്‍ നബിയെ അറിയിച്ചു. അവര്‍ ഇസ്‌ലാമിലേക്ക് കാണിക്കുന്ന ധൃതിയെക്കുറിച്ചും വ്യത്യസ്ത ഗോത്രങ്ങളുടെ കാര്യങ്ങളെക്കുറിച്ചും അവരുടെ ശക്തിയെക്കുറിച്ചും കഴിവിനെക്കുറിച്ചുമെല്ലാം അദ്ദേഹം നബി ﷺ ക്ക് വിശദീകരിച്ചുകൊടുത്തു. ഇതെല്ലാം കേട്ട നബി ﷺ ക്ക് ഏറെ സന്തോഷമാവുകയും അവര്‍ക്കുവേണ്ടി അദ്ദേഹം പ്രാര്‍ഥിക്കുകയും ചെയ്തു. അതിനുശേഷം നബി ﷺ ക്കും അന്‍സ്വാരികള്‍ക്കും ഇടയില്‍ രഹസ്യമായ ബന്ധങ്ങള്‍ നടന്നു. ഈ രഹസ്യ ബന്ധങ്ങളിലൂടെ അയ്യാമുത്തശ്‌രീക്വിന്റെ രാത്രിയില്‍ രണ്ടു വിഭാഗവും ഒരു സ്ഥലത്ത് ഒരുമിച്ച് കൂടുവാനുള്ള തീരുമാനത്തിലെത്തി. മിനായില്‍ നിന്നും വരുമ്പോള്‍ ഒന്നാമത്തെ ജംറയുടെ അടുത്തുള്ള മലയിടുക്ക് ആയിരുന്നു അത്. ഇസ്‌ലാമിക ചരിത്രത്തിലെ ഏറ്റവും മുഖ്യമായ ഒരു കരാര്‍ അവിടെ വെച്ചു നടക്കാന്‍ പോവുകയാണ്. രാത്രിയില്‍ പൂര്‍ണമായും രഹസ്യമായിക്കൊണ്ടായിരിക്കണം ഇത് ഉണ്ടായിരിക്കേണ്ടത് എന്നുള്ള തീരുമാനവും അവരിലുണ്ടായിരുന്നു. മദീനയില്‍ നിന്നും വന്ന ആളുകളുടെ കൂടെ മുശ്‌രിക്കുകളും ഉണ്ടായിരുന്നു എന്ന് സൂചിപ്പിച്ചുവല്ലോ. അത്‌കൊണ്ടു തന്നെ അവര്‍ ആരും കാണാതെ രാത്രിയുടെ അവസാന സമയമായപ്പോള്‍ അതീവ രഹസ്യമായി അക്വബയുടെ അടുക്കലേക്ക് പോവുകയാണ്. അവര്‍ 70 പേരുണ്ടായിരുന്നു. കൂട്ടത്തില്‍ രണ്ട് സ്ത്രീകളും ഉണ്ടായിരുന്നു. നസ്വീബ ബിന്‍ത് കഅ്ബ് ആയിരുന്നു അതിലൊന്ന്. ഉമ്മു അമ്മാറ എന്ന പേരിലായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്. അസ്മാഅ് ബിന്‍ത് അംറ് ഇബ്‌നു അദിയ്യ്ബ്‌നു സാബിത് ആയിരുന്നു രണ്ടാമത്തെ സ്ത്രീ. ഉമ്മു മനീഅ് എന്നപേരിലായിരുന്നു അവര്‍ അറിയപ്പെട്ടിരുന്നത്.

മദീനക്കാര്‍ മലയിടുക്കില്‍ നബി ﷺ യെ കാത്തിരുന്നു. അവസാനം നബി ﷺ  അവരിലേക്ക് വന്നു. അന്ന് നബിയുടെ പിതൃവ്യന്‍ അബ്ബാസുബ്‌നു അബ്ദുല്‍ മുത്ത്വലിബും കൂടെയുണ്ടായിരുന്നു. അബ്ദുല്‍ മുത്ത്വലിബ് തന്റെ ജനതയുടെ മതത്തില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. പക്ഷേ, തന്റെ സഹോദര പുത്രന്റെ കൂടെ സന്നിഹിതനാകാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു എന്നു മാത്രം. മദീനയില്‍ നിന്ന് വന്നവരും നബിയും ഒന്നിച്ചിരുന്നു. ആദ്യമായി സംസാരിച്ചത് അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ് ആയിരുന്നു. അദ്ദേഹം പറഞ്ഞു: 

'അല്ലയോ ഖസ്‌റജ് ഗോത്രക്കാരേ, (അറബികള്‍ മദീനയിലുള്ള ഖസ്‌റജുകാരെയും ഔസുകാരെയും ഖസ്‌റജുകാര്‍ എന്ന് ഒന്നിച്ചായിരുന്നു വിളിച്ചിരുന്നത്. അതുകൊണ്ടാണ് അബ്ബാസ് ഇബ്‌നു അബ്ദുല്‍ മുത്ത്വലിബ് ഇങ്ങനെ അഭിസംബോധന ചെയ്തത്). മുഹമ്മദിന്റെ അവസ്ഥ നിങ്ങള്‍ക്ക് അറിയാമല്ലോ. ഈ സമൂഹത്തില്‍ നിന്നും മുഹമ്മദിനെ ഞങ്ങള്‍ സംരക്ഷിച്ചിട്ടുണ്ട്. മുഹമ്മദിന് ഇപ്പോള്‍ സുരക്ഷിതത്വം ലഭിക്കുന്നു എന്നുള്ള കാര്യം നിങ്ങള്‍ക്ക് അറിയാമല്ലോ.' 

മദീനക്കാര്‍ പറഞ്ഞു: 'നിങ്ങള്‍ പറഞ്ഞതെല്ലാം ഞങ്ങള്‍ കേട്ടു. ഇനി പ്രവാചകരേ, താങ്കള്‍ സംസാരിക്കുക. അതുകൊണ്ട് താങ്കള്‍ക്കും താങ്കളുടെ റബ്ബിനും വേണ്ടി താങ്കള്‍ ഇഷ്ടപ്പെടുന്ന നയം സ്വീകരിക്കുക.' 

നബി ﷺ  സംസാരിക്കാന്‍ തുടങ്ങി . അവര്‍ക്ക് ക്വുര്‍ആന്‍ ഓതിക്കേള്‍പിച്ചു. അവരെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. ഇസ്‌ലാമിന്റെ കാര്യത്തില്‍ അവരില്‍ താല്‍പര്യം ഉണ്ടാക്കി. എന്നിട്ട് പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ ഭാര്യമാരെയും നിങ്ങളുടെ മക്കളെയും സംരക്ഷിക്കുന്നത് പോലെ എന്നെയും സംരക്ഷിക്കുമെന്നതില്‍ ഞാന്‍ നിങ്ങളോട് ഉടമ്പടി ചെയ്യുന്നു.' 

ഇത് കേട്ടയുടനെ ബര്‍റാഉബ്‌നു മഅ്‌റൂര്‍ നബി ﷺ യുടെ കൈ പിടിച്ചുകൊണ്ട് പറഞ്ഞു: 'അതെ, അല്ലാഹുവാണ് സത്യം! ഞങ്ങള്‍ ഞങ്ങളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന വിഷയത്തിലെല്ലാം നിങ്ങളെയും സംരക്ഷിക്കാം. അതുകൊണ്ട് അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങളോട് ഉടമ്പടി ചെയ്യുക. ഞങ്ങള്‍ യുദ്ധത്തിന്റെയും സത്യത്തിന്റെയും ആളുകളാണ്. മുന്‍ഗാമികളില്‍ നിന്ന് പകര്‍ന്നുകിട്ടിയ ആവേശമാണത്.' 

സംസാരത്തിനിടയില്‍ കയറിക്കൊണ്ട് അബുല്‍ ഹൈസം ഇബ്‌നുത്തൈഹാന്‍ പറഞ്ഞു: 'അല്ലാഹുവിന്റെ പ്രവാചകരേ, ഞങ്ങള്‍ക്കും മദീനയിലുള്ള മറ്റാളുകള്‍ക്കും ഇടയില്‍ ചില കരാറുകള്‍ ഉണ്ട്; അതായത് ജൂതന്മാരുമായി. ആ കരാറുകള്‍ അവര്‍ ലംഘിച്ചിരിക്കുന്നു. ഇപ്പോള്‍ എനിക്ക് ചോദിക്കുവാനുള്ളത് നിങ്ങള്‍ ഞങ്ങളിലേക്ക് വരികയും അങ്ങനെ അല്ലാഹു നിങ്ങള്‍ക്ക് വിജയം നല്‍കുകയും ചെയ്താല്‍ ഞങ്ങളെ ഉപേക്ഷിച്ചുകൊണ്ട് നിങ്ങള്‍ തിരിച്ചു പോകുമോ എന്നാണ്.' 

ഇത് കേട്ടപ്പോള്‍ പുഞ്ചിരിച്ചുകൊണ്ട് നബി ﷺ  പറഞ്ഞു: 'രക്തത്തിനു പകരം രക്തം. തകര്‍ച്ചക്കു പകരം തകര്‍ച്ച. ഞാന്‍ നിങ്ങളില്‍ പെട്ടവനാണ.് നിങ്ങള്‍ എന്നില്‍ പെട്ടവരുമാണ്. നിങ്ങള്‍ യുദ്ധം ചെയ്യുന്നവരോട് ഞാനും യുദ്ധം ചെയ്യും. നിങ്ങള്‍ സന്ധിയില്‍ ഏര്‍പ്പെടുന്നവരുമായി ഞാനും സന്ധിയില്‍ ഏര്‍പ്പെടും.'

അങ്ങനെ പരസ്പരമുള്ള ചര്‍ച്ചകള്‍ക്കു ശേഷം നബി ﷺ യും മദീനക്കാരും തമ്മില്‍ ഉടമ്പടി നടന്നു. ആദ്യമായി നബി ﷺ യുടെ കൈ പിടിച്ചുകൊണ്ട് ഉടമ്പടി ചെയ്തത് ബര്‍റാഅ് ബ്‌നു മഅ്‌റൂര്‍(റ) ആയിരുന്നു. അതിനെ തുടര്‍ന്ന് മറ്റുള്ള ആളുകളും ഉടമ്പടി ചെയ്തു. മദീനക്കാര്‍ നബിയുമായി ഉടമ്പടി നടത്തിയപ്പോള്‍ കഅ്ബയുടെ മുകള്‍ഭാഗത്തുനിന്നും പിശാച് അലറി: 'അല്ലയോ മക്കക്കാരേ, ഇതാ നിങ്ങളുടെ നാശം. ഇവര്‍ നിങ്ങള്‍ക്കെതിരെ യുദ്ധത്തിന് ഒരുങ്ങിയിരിക്കുന്നു.' 

നബി ﷺ  അവിടെ കൂടിയവരോട് പറഞ്ഞു: 'ഇത് അല്ലാഹുവിന്റെ ശത്രുവിന്റെ ശബ്ദമാണ്.' ശേഷം നബി ﷺ  പറഞ്ഞു: 'നിങ്ങള്‍ നിങ്ങളുടെ താമസ സ്ഥലങ്ങളിലേക്ക് പോയിക്കൊള്ളുക.' 

ഈ സന്ദര്‍ഭത്തില്‍ അബ്ബാസ് ഇബ്‌നു ഉബാദ(റ) പറഞ്ഞു: 'സത്യവുമായി നിങ്ങളെ നിയോഗിച്ചവന്‍ തന്നെയാണ് സത്യം! താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം ഞങ്ങളുടെ വാളുകള്‍ കൊണ്ട് മിനായില്‍ ഉള്ള ആളുകളെ ഒന്നിച്ച് ഞങ്ങള്‍ നേരിടാം.' 

അപ്പോള്‍ നബി ﷺ  പറഞ്ഞു: 'അതിനുവേണ്ടി കല്‍പിക്കപ്പെട്ടവനല്ല ഞാന്‍.' 

അങ്ങനെ നബി ﷺ യുടെ അനുചരന്മാര്‍ അവിടെ നിന്നും പോയി. നേരം പുലരുവോളം അവര്‍ ഉറങ്ങി. നേരം പുലര്‍ന്നപ്പോള്‍ ക്വുറൈശികളില്‍ പെട്ട ചില ആളുകള്‍ ഇവരുടെ താമസ സ്ഥലങ്ങളിലേക്ക് ചെന്നു കൊണ്ടു പറഞ്ഞു: 'അല്ലയോ ഖസ്‌റജ് ഗോത്രക്കാരേ, ഞങ്ങളുടെ നാട്ടുകാരനായ മുഹമ്മദിന്റെ അടുക്കലേക്ക് നിങ്ങള്‍ വരികയും എന്നിട്ട് ഞങ്ങള്‍ക്കിടയില്‍ നിന്ന് മുഹമ്മദിനെ നിങ്ങള്‍ കൊണ്ടുപോകുകയും ചെയ്യുകയാണെന്ന വിവരം ഞങ്ങള്‍ക്ക് കിട്ടി. ഏത് പേരിലാണ് ഞങ്ങള്‍ മുഹമ്മദിനോട് യുദ്ധം ചെയ്തിരുന്നത;് ആ കാര്യത്തില്‍ നിങ്ങള്‍ മുഹമ്മദിനോട് ഉടമ്പടി ചെയ്യുകയും ചെയ്തിരിക്കുന്നു എന്ന് ഞങ്ങള്‍ കേട്ടു' (അഹ്മദ്). 

പക്ഷേ, മുശ്‌രിക്കുകളുടെ ഇത്തരം സംസാരങ്ങള്‍ക്ക് ചെവികൊടുക്കാതെ അവര്‍ ഏറ്റെടുത്ത തങ്ങളുടെ ദൗത്യവുമായി മുന്നോട്ടു പോകുവാന്‍ തന്നെ ശക്തമായ തീരുമാനത്തിലേക്ക് എത്തിയിരുന്നു. ഒന്നാമത്തെയും രണ്ടാമത്തെയും ഈ അക്വബ ഉടമ്പടി അന്‍സ്വാറുകളെ സംബന്ധിച്ചിടത്തോളം അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള വലിയ അനുഗ്രഹമായിരുന്നു. 

അല്ലാഹു പറയുന്നത് കാണുക: ''അതായത് സ്വന്തം വീടുകളില്‍ നിന്നും സ്വത്തുക്കളില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെട്ട മുഹാജിറുകളായ ദരിദ്രന്‍മാര്‍ക്ക് (അവകാശപ്പെട്ടതാകുന്നു ആ ധനം). അവര്‍ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹവും പ്രീതിയും തേടുകയും അല്ലാഹുവെയും അവന്റെ റസൂലിനെയും സഹായിക്കുകയും ചെയ്യുന്നു. അവര്‍ തന്നെയാകുന്നു സത്യവാന്‍മാര്‍. അവരുടെ (മുഹാജിറുകളുടെ) വരവിനു മുമ്പായി വാസസ്ഥലവും വിശ്വാസവും സ്വീകരിച്ചുവെച്ചവര്‍ക്കും (അന്‍സ്വാറുകള്‍ക്ക്). തങ്ങളുടെ അടുത്തേക്ക് സ്വദേശം വെടിഞ്ഞു വന്നവരെ അവര്‍ സ്‌നേഹിക്കുന്നു. അവര്‍ക്ക് (മുഹാജിറുകള്‍ക്ക്) നല്‍കപ്പെട്ട ധനം സംബന്ധിച്ചു തങ്ങളുടെ മനസ്സുകളില്‍ ഒരു ആവശ്യവും അവര്‍ (അന്‍സ്വാറുകള്‍) കണ്ടെടത്തുന്നുമില്ല. തങ്ങള്‍ക്ക് ദാരിദ്ര്യമുണ്ടായാല്‍ പോലും സ്വദേഹങ്ങളെക്കാള്‍ മറ്റുള്ളവര്‍ക്ക് അവര്‍ പ്രാധാന്യം നല്‍കുകയും ചെയ്യും. ഏതൊരാള്‍ തന്റെ മനസ്സിന്റെ പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍'' (അല്‍ഹശ്ര്‍:8,9).

ബര്‍റാഅ്(റ) പറയുന്നു: ''നബി ﷺ  പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്: 'വിശ്വാസിയല്ലാതെ അന്‍സ്വാറുകളെ സ്‌നേഹിക്കുകയില്ല. കപടവിശ്വാസിയല്ലാതെ അന്‍സ്വാറുകളെ വെറുക്കുകയില്ല. ആരെങ്കിലും അവരെ സ്‌നേഹിച്ചാല്‍ അല്ലാഹു അവനെ സ്‌നേഹിച്ചു. ആരെങ്കിലും അവരെ വെറുത്താല്‍ അല്ലാഹു അവനെ വെറുക്കും'' (ബുഖാരി:3783, മുസ്‌ലിം:75). 

നബി ﷺ  പറഞ്ഞതായി അനസ്(റ) പറയുന്നു: ''അന്‍സ്വാറുകളോടുള്ള സ്‌നേഹം ഈമാനിന്റെ അടയാളമാണ്. അന്‍സ്വാറുകളോടുള്ള വെറുപ്പ് കാപട്യത്തിന്റെ അടയാളമാണ്'' (ബുഖാരി:3784, മു

സ്‌ലിം: 74). 

അബൂഹുറയ്‌റ(റ) നബി ﷺ യില്‍ നിന്നും നിവേദനം ചെയ്യുന്നു: ''അന്‍സ്വാറുകള്‍ ഒരു താഴ്‌വരയിലൂടെയും മറ്റുള്ള ആളുകള്‍ മറ്റൊരു താഴ്‌വരയിലൂടെയും പ്രവേശിച്ചാല്‍ അന്‍സ്വാറുകള്‍ പ്രവേശിച്ച താഴ്‌വരയിലൂടെ ഞാന്‍ പ്രവേശിക്കും. ഹിജ്‌റ ഇല്ലായിരുന്നെങ്കില്‍ ഞാനും അന്‍സ്വാറുകളുടെ കൂട്ടത്തിലൊരാള്‍ ആകുമായിരുന്നു.'' 

നബി ﷺ യുടെ പ്രബോധനം അന്‍സ്വാറുകള്‍ സ്വീകരിച്ചതിലും നബിയെ സഹായിക്കാന്‍ അവര്‍ തയ്യാറായതും അദ്ദേഹത്തിന്റെ ജനത ഇസ്‌ലാമിലേക്ക് കടന്നുവരുന്നതില്‍ വൈകിയതിലും എല്ലാം അറിയുന്ന അല്ലാഹുവിന്റെ വലിയ യുക്തി ഉണ്ടായിരുന്നു. നബി ﷺ യുടെ കുടുംബക്കാരും സ്വന്തക്കാരും സമൂഹവും ഈമാനിലേക്ക് ആദ്യമായി കടന്നുവന്നിരുന്നെങ്കില്‍ നേതൃത്വവും അഭിമാനവും ആഗ്രഹിക്കുന്ന ഒരാളെ ജനങ്ങള്‍ പിന്‍പറ്റി എന്ന് മറ്റുള്ളവര്‍ പറയുന്ന സാഹചര്യം വന്നെത്തുമായിരുന്നു. എന്നാല്‍ അകലത്തിലുള്ള ആളുകള്‍ വിശ്വസിക്കുകയും ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തപ്പോള്‍ അത് അവരുടെ ഈമാനിനോടുള്ള സത്യസന്ധതയും പ്രവാചകന്‍ കൊണ്ടുവന്ന ആദര്‍ശത്തോടുള്ള സ്‌നേഹവുമാണെന്ന് ബോധ്യപ്പെടുത്തി. മാത്രവുമല്ല ആ പ്രവാചകനില്‍ ആരൊക്കെ വിശ്വസിക്കുന്നുവോ അവര്‍ക്കെല്ലാം ഇതിലൂടെ അഭിമാനം ലഭിക്കുമെന്നുള്ള കാര്യവും യാഥാര്‍ഥ്യമായി. അല്ലാഹു തന്റെ കാരുണ്യം കൊണ്ട് താന്‍ ഉദ്ദേശിക്കുന്നവരെ തിരഞ്ഞെടുക്കുന്നു. രണ്ടാം അക്വബ ഉടമ്പടി ഇസ്‌ലാമിക ചരിത്രത്തിലെ ഒരു സുപ്രധാനമായ സംഭവമായിരുന്നു. കാരണം അതിലൂടെയാണ് നബി ﷺ യുടെ അനുചരന്മാര്‍ക്ക് മദീനയിലേക്ക് ഹിജ്‌റക്ക് വേണ്ടിയുള്ള പാത തുറക്കപ്പെട്ടത്. അങ്ങനെ മദീനയില്‍ എത്തിയതോടുകൂടി ഇസ്‌ലാമിന്റെ നിയമങ്ങള്‍ പഠിപ്പിക്കപ്പെടുകയും ജിഹാദിന്റെ കവാടങ്ങള്‍ തുറക്കപ്പെടുകയും ഇസ്‌ലാം പ്രചരിക്കുകയും വിജയിക്കുകയും ചെയ്തു. പല രാഷ്ട്രങ്ങളും ഇസ്‌ലാമിന്റെ കീഴില്‍ വരികയും ചെയ്തു. 

''നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍'' (അന്നൂര്‍: 55).