സ്വൂഫികളിലെ വിശ്വാസ വ്യതിയാനം

ശൈഖ് സഅദ് ബിന്‍ നാസ്വിര്‍ അശ്ശഥ്‌രി

2019 ജനുവരി 05 1440 റബീഉല്‍ ആഖിര്‍ 28

 ആരാധനകള്‍ മുഴുവനും അല്ലാഹുവിന് മാത്രം അര്‍പ്പിക്കലും ആരാധനയുടെ യാതൊരംശവും മറ്റാര്‍ക്കും അര്‍പ്പിക്കാതിരിക്കലുമാണ് തൗഹീദുല്‍ ഉലൂഹിയ്യ (അഥവാ ആരാധനയിലുള്ള ഏകത്വം) എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. അല്ലാഹു പറയുന്നു:

''നാം മുമ്പ് വേദഗ്രന്ഥം നല്‍കിയിട്ടുള്ളതാര്‍ക്കാണോ അവര്‍ നിങ്ങള്‍ക്ക് അവതരിപ്പിക്കപ്പെട്ടതില്‍ (ക്വുര്‍ആനില്‍) സന്തോഷം കൊള്ളുന്നു. ആ കക്ഷികളുടെ കൂട്ടത്തില്‍ തന്നെ അതിന്റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്. പറയുക: അല്ലാഹുവെ ഞാന്‍ ആരാധിക്കണമെന്നും അവനോട് ഞാന്‍ പങ്കുചേര്‍ക്കരുതെന്നും മാത്രമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിട്ടുള്ളത്. അവനിലേക്കാണ് ഞാന്‍ ക്ഷണിക്കുന്നത്. അവനിലേക്ക് തന്നെയാണ് എന്റെ മടക്കവും'' (ക്വുര്‍ആന്‍ 13:36).

''(നബിയേ,) പറയുക: ഹേ, വിവരംകെട്ടവരേ! അപ്പോള്‍ അല്ലാഹുവല്ലാത്തവരെ ഞാന്‍ ആരാധിക്കണമെന്നാണോ നിങ്ങള്‍ എന്നോട് കല്‍പിക്കുന്നത്?'''(ക്വുര്‍ആന്‍ 39:64).

അതുകൊണ്ട് തന്നെ പ്രവാചകന്മാര്‍ അവരുടെ ജനങ്ങളോടൊക്കെയും ഇപ്രകാരം പറഞ്ഞിരുന്നു: ''നിങ്ങള്‍ അല്ലാഹുവിനെയല്ലാതെ ആരാധിക്കക്കരുത്''(ക്വുര്‍ആന്‍ 41:14).

അല്ലാഹു പറയുന്നു: ''ആദിന്റെ സഹോദരനെ(അഥവാ ഹൂദിനെ)പ്പറ്റി നീ ഓര്‍മിക്കുക. അഹ്ക്വാഫിലുള്ള തന്റെ ജനതക്ക് അദ്ദേഹം താക്കീത് നല്‍കിയ സന്ദര്‍ഭം. അദ്ദേഹത്തിനു മുമ്പും അദ്ദേഹത്തിന്റെ പിന്നിലും താക്കീതുകാര്‍ കഴിഞ്ഞുപോയിട്ടുമുണ്ട്. അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്. നിങ്ങളുടെ മേല്‍ ഭയങ്കരമായ ദിവസത്തെ ശിക്ഷ ഞാന്‍ ഭയപ്പെടുന്നു (എന്നാണ് അദ്ദേഹം താക്കീതു നല്‍കിയത്)'' (ക്വുര്‍ആന്‍ 46:21).

എന്നാല്‍ 'തൗഹീദുല്‍ ഉലൂഹിയ്യ'യുടെ വിഷയത്തില്‍ സ്വൂഫികളുടെ ചിന്താഗതി പ്രാര്‍ഥന അല്ലാഹുവല്ലാത്തവരോടും പറ്റും എന്നാണ്. അവരുടെ കൂട്ടത്തില്‍ 'അല്ലാഹുവിന്റെ റസൂലേ, എന്നെ സഹായിക്കണേ... മഹ്ദിയേ, എന്നെ രക്ഷിക്കണേ... ബദവിയേ, എന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തരണേ...' എന്നിത്യാദി പ്രാര്‍ഥനകള്‍ നടത്തുന്നവരെ നമുക്ക് കാണാം. അല്ലാഹുവല്ലാത്തവരോടുള്ള പ്രാര്‍ഥനയാകട്ടെ വിലക്കപ്പെട്ടതാണ്. അല്ലാഹു പറയുന്നു:

''പള്ളികള്‍ അല്ലാഹുവിനുള്ളതാകുന്നു. അതിനാല്‍ നിങ്ങള്‍ അല്ലാഹുവോടൊപ്പം ആരെയും വിളിച്ചു പ്രാര്‍ഥിക്കരുത്'''(ക്വുര്‍ആന്‍ 72:18).

പ്രാര്‍ഥന ആരാധനയാണെന്നതിനും തെളിവ് അല്ലാഹുവിന്റെ വചനം തന്നെയാണ്: ''ദീന്‍ അല്ലാഹുവിന് നിഷ്‌കളങ്കമാക്കി അവനോട് മാത്രം നിങ്ങള്‍ പ്രാര്‍ഥിക്കുക''(ക്വുര്‍ആന്‍ 40:65).

പ്രാര്‍ഥനയെ അല്ലാഹു ദീനിന്റെ ഭാഗമാക്കി. ഇബ്‌റാഹീം നബി(അ)യുടെ വാക്കുകളും അത് അറിയിക്കുന്നു. അല്ലാഹു പറയുന്നു: ''അങ്ങനെ അവരെയും അല്ലാഹുവിനു പുറമെ അവര്‍ ആരാധിക്കുന്നവയെയും വെടിഞ്ഞ് അദ്ദേഹം പോയപ്പോള്‍ അദ്ദേഹത്തിന് നാം ഇസ്ഹാക്വിനെയും (മകന്‍) യഅ്ക്വൂബിനെയും (പൗത്രന്‍) നല്‍കി. അവരെയൊക്കെ നാം പ്രവാചകന്മാരാക്കുകയും ചെയ്തു''(ക്വുര്‍ആന്‍ 19:49).

'ദുആഇ'നെ (പ്രാര്‍ഥനയെ)കുറിച്ച് ഇവിടെ ഇബാദത്ത് (ആരാധന) എന്ന് പറഞ്ഞിരിക്കുന്നത് ശ്രദ്ധേയമണ്. പ്രാര്‍ഥന ആരാധനയാകുന്നു. അല്ലാഹുവല്ലാത്തവരെ വിളിച്ചുപ്രാര്‍ഥിക്കുന്നവര്‍ പരാജയമടഞ്ഞ അവിശ്വാസി (കാഫിര്‍) ആണെന്ന് അല്ലാഹു വിശുദ്ധ ക്വുര്‍ആനിലൂടെ ഖണ്ഡിതമായി വിവരിച്ചിരിക്കുന്നു.

''വല്ലവനും അല്ലാഹുവോടൊപ്പം മറ്റുവല്ല ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കുന്ന പക്ഷം-അതിന് അവന്റെ പക്കല്‍ യാതൊരു പ്രമാണവും ഇല്ല തന്നെ-അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കല്‍ വെച്ചു തന്നെയായിരിക്കും. സത്യനിഷേധികള്‍ വിജയം പ്രാപിക്കുകയില്ല; തീര്‍ച്ച.'' (ക്വുര്‍ആന്‍ 23:117).

ചിലപ്പോള്‍ ആരെങ്കിലും ഇങ്ങനെ ചോദിച്ചേക്കും: ''അവരുടെ പ്രാര്‍ഥന കൊണ്ട് ആവശ്യങ്ങള്‍ നിറവേറുകയും ദുരിതങ്ങള്‍ മാറുകയും ചെയ്ത ഫലസിദ്ധിയുടെ എത്രയോ അനുഭവങ്ങളുണ്ട്. എത്രയോ സംഭവങ്ങള്‍ അത് സംബന്ധമായി പറയപ്പെടുകയും ചെയ്യുന്നു. അപ്പോള്‍ അതൊക്കെയോ?''

മറുപടി: 'അങ്ങനെയുണ്ടായിട്ടുണ്ടെന്ന് സങ്കല്‍പിച്ചാല്‍ തന്നെ അവയൊന്നും ആ പ്രാര്‍ഥനയുടെ കാരണത്താലല്ല. പ്രത്യുത, അല്ലാഹുവിന്റെ വിധി (ക്വളാഅ്) ഒത്തുവന്നു എന്നു മാത്രം. കാരണം, അല്ലാഹുവല്ലാത്തവരെ ആരെങ്കിലും വിളിച്ചു പ്രാര്‍ഥിച്ചാല്‍ പ്രാര്‍ഥിക്കപ്പെടുന്നവര്‍ അയാള്‍ക്ക് ഉത്തരം ചെയ്യുകയില്ലെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്.

അല്ലാഹു പറയുന്നു: ''അവനോടുള്ളതു മാത്രമാണ് ന്യായമായ പ്രാര്‍ഥന. അവന്നുന്നുപുറമെ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നതല്ല. വെള്ളം തന്റെ വായില്‍ (തനിയെ) വന്നെത്താന്‍ വേണ്ടി തന്റെ ഇരു കൈകളും അതിന്റെ നേരെ നീട്ടിക്കാണിക്കുന്നവനെപ്പോലെ മാത്രമാകുന്നു അവര്‍. അത് (വെള്ളം) വായില്‍ വന്നെത്തുകയില്ലല്ലോ. സത്യനിഷേധികളുടെ പ്രാര്‍ഥന നഷ്ടത്തില്‍ തന്നെയാകുന്നു'' (ക്വുര്‍ആന്‍ 13:14).

അല്ലാഹു പറയുന്നു: ''(നബിയേ) പറയുക: അല്ലാഹുവിനു പുറമെ നിങ്ങള്‍ (ദൈവങ്ങളെന്ന്) വാദിച്ചുപോന്നവരെ നിങ്ങള്‍ വിളിച്ചുനോക്കൂ. നിങ്ങളില്‍ നിന്ന് ഉപദ്രവം നീക്കുവാനോ (നിങ്ങളുടെ സ്ഥിതിക്ക്) മാറ്റം വരുത്തുവാനോ ഉള്ള കഴിവ് അവരുടെ അധീനത്തിലില്ല''(ക്വുര്‍ആന്‍ 17:56).

''രാവിനെ അവന്‍ പകലില്‍ പ്രവേശിപ്പിക്കുന്നു. പകലിനെ രാവിലും പ്രവേശിപ്പിക്കുന്നു. സൂര്യനെയും ചന്ദ്രനെയും അവന്‍ (തന്റെ നിയമത്തിന്) വിധേയമാക്കുകയും ചെയ്തിരിക്കുന്നു. അവയോരോന്നും നിശ്ചിതമായ ഒരു പരിധിവരെ സഞ്ചരിക്കുന്നു. അങ്ങനെയുള്ളവനാകുന്നു നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവന്നാകുന്നു ആധിപത്യം. അവനു പുറമെ ആരോട് നിങ്ങള്‍ പ്രാര്‍ഥിക്കുന്നുവോ അവര്‍ ഒരു ഈത്തപ്പഴക്കുരുവിന്റെ പാടപോലും ഉടമപ്പെടുത്തുന്നില്ല''(ക്വുര്‍ആന്‍ 35:13).

''നിങ്ങള്‍ അവരോട് പ്രാര്‍ഥിക്കിന്ന പക്ഷം അവര്‍ നിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുകയില്ല. അവര്‍ കേട്ടാലും നിങ്ങള്‍ക്കവര്‍ ഉത്തരം നല്‍കുന്നതല്ല. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളിലാകട്ടെ നിങ്ങള്‍ അവരെ പങ്കാളികളാക്കിയതിനെ അവര്‍ നിഷേധിക്കുന്നതുമാണ്. സൂക്ഷ്മജ്ഞാനമുള്ളവനെ (അല്ലാഹുവെ)പ്പോലെ നിനക്ക് വിവരം തരാന്‍ ആരുമില്ല'' (ക്വുര്‍ആന്‍ 35:14).
 

ഒരു യഥാര്‍ഥ മുസ്‌ലിം തന്റെ പ്രാര്‍ഥനകള്‍ അല്ലാഹുവിനോട് നേരിട്ട് നടത്തുന്നവനാണ്. അതിന് അവന് യാതൊരു മധ്യവര്‍ത്തിയുടെയും ആവശ്യമില്ല. അല്ലാഹു പറയുന്നു: ''നിങ്ങളുടെ രക്ഷിതാവ് പറഞ്ഞിരിക്കുന്നു: നിങ്ങള്‍ എന്നോട് പ്രാര്‍ഥിക്കൂ. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കാം. എന്നെ ആരാധിക്കാതെ അഹങ്കാരം നടിക്കുന്നവരാരോ അവര്‍ വഴിയെ നിന്ദ്യരായിക്കൊണ്ട് നരകത്തില്‍ പ്രവേശിക്കുന്നതാണ്; തീര്‍ച്ച'''(ക്വുര്‍ആന്‍ 40:60).

അല്ലാഹുവല്ലാത്തവരോട് വിളിച്ചു പ്രാര്‍ഥിക്കല്‍ ശിര്‍ക്കും (ബഹുദൈവാരാധന) കുഫ്‌റുമാണെന്ന് (അവിശ്വാസം) വ്യക്തമാക്കുന്ന ഒന്നാണ് മലക്കുകളെക്കുകുറിച്ച് അല്ലാഹു പറഞ്ഞ വാക്കുകള്‍:

''അപ്പോള്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമക്കുകയോ, അവന്റെ തെളിവുകളെ നിഷേധിച്ചു തള്ളുകയോ ചെയ്യുന്നവനെക്കാള്‍ കടുത്ത അക്രമി ആരുണ്ട്? (അല്ലാഹുവിന്റെ) രേഖയില്‍ തങ്ങള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഓഹരി അത്തരക്കാര്‍ക്ക് ലഭിക്കുന്നതാണ്. അവസാനം അവരെ മരിപ്പിക്കുവാനായി നമ്മുടെ ദൂതന്മാര്‍ (മലക്കുകള്‍) അവരുടെ അടുത്ത് ചെല്ലുമ്പോള്‍ അവര്‍ പറയും: അല്ലാഹുവിനു പുറമെ നിങ്ങള്‍ വിളിച്ചു പ്രാര്‍ഥിച്ചുകൊണ്ടിരുന്നവരൊക്കെ എവിടെ? അവര്‍ പറയും: അവരൊക്കെ ഞങ്ങളെ വിട്ടു പോയിക്കളഞ്ഞു. തങ്ങള്‍ സത്യനിഷേധികളായിരുന്നുവെന്ന് അവര്‍ക്കെതിരായി അവര്‍ തന്നെ സാക്ഷ്യം വഹിക്കുകയും ചെയ്യും'''(ക്വുര്‍ആന്‍ 7:37).

''അല്ലാഹുവോട് മാത്രം പ്രാര്‍ഥിക്കപ്പെട്ടാല്‍ നിങ്ങള്‍ അവിശ്വസിക്കുകയും അവനോട് പങ്കാളികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടാല്‍ നിങ്ങള്‍ വിശ്വസിക്കുകയും ചെയ്തിരുന്നത് നിമിത്തമത്രെ അത്. എന്നാല്‍ ഇന്ന് വിധി കല്‍പിക്കുവാനുള്ള അധികാരം ഉന്നതനും മഹാനുമായ അല്ലാഹൂവിന്നാകുന്നു'' (ക്വുര്‍ആന്‍ 40:12).

''എന്നാല്‍ അവര്‍ (ബഹുദൈവാരാധകര്‍) കപ്പലില്‍ കയറിയാല്‍ കീഴ്‌വണക്കം അല്ലാഹുവിന്ന് നിഷ്‌കളങ്കമാക്കിക്കൊണ്ട് അവനെ വിളിച്ചു പ്രാര്‍ഥിക്കും. എന്നിട്ട് അവരെ അവന്‍ കരയിലേക്ക് രക്ഷപ്പെടുത്തിയപ്പോഴോ അവരതാ അവനോട് പങ്കു ചേര്‍ക്കുന്നു'' (ക്വുര്‍ആന്‍ 29:65).

''അല്ലാഹുവിനു പുറമെ നിനക്ക് ഉപകാരം ചെയ്യാത്തതും, നിനക്ക് ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്കരുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും'' (ക്വുര്‍ആന്‍ 10:106).

നബി(സ്വ) പറയുന്നു: ''അല്ലാഹുവിനു പുറമെ മറ്റു വല്ലവരെയും വിളിച്ചു പ്രാര്‍ഥിക്കുന്നവനായിക്കൊണ്ട് ആരെങ്കിലും മരണപ്പെട്ടാല്‍, തീര്‍ച്ചയായും അയാള്‍ നരകത്തില്‍ പ്രവേശിക്കുന്നതാണ്'' (ബുഖാരി).

ഈ വിഷയകമായി ഒട്ടനവധി വചനങ്ങള്‍ വേറെയും വന്നിട്ടുണ്ട്. 

അപ്രകാരം തന്നെ, അല്ലാഹുവിനു പുറമെ ഔലിയാക്കളുടെയും മറ്റും പേരില്‍ അറവു നടത്തലും ബഹുദൈവാരാധന(ശിര്‍ക്ക്)യില്‍ പെട്ടതാണ്. 

അല്ലാഹു പറയുന്നു: ''പറയുക: തീര്‍ച്ചയായും എന്റെ പ്രാര്‍ഥനയും എന്റെ ആരാധനാകര്‍മങ്ങളും എന്റെ ജീവിതവും എന്റെ മരണവും ലോകരക്ഷിതാവായ അല്ലാഹുവിനുള്ളതാകുന്നു'''(ക്വുര്‍ആന്‍ 6:162).

''അവന്ന് പങ്കുകാരേയില്ല. അപ്രകാരമാണ് ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നത്. (അവന്ന്) കീഴ്‌പ്പെടുന്നവരില്‍ ഞാന്‍ ഒന്നാമനാണ്'' (ക്വുര്‍ആന്‍ 6:163).

നബി(സ്വ) പറയുന്നു: ''അല്ലാഹുവല്ലാത്തവര്‍ക്ക് ബലിയറുത്തവനെ അല്ലാഹു ശപിച്ചിരിക്കുന്നു''(മുസ്‌ലിം).

നേര്‍ച്ചവഴിപാടുകള്‍ അല്ലാഹുവല്ലാത്തവര്‍ക്ക് സമര്‍പ്പിക്കലും അവരില്‍ കാര്യങ്ങള്‍ ഭരമേല്‍പിക്കലും മറഞ്ഞ രീതിയിലുള്ള ഗുണം പ്രതീക്ഷിക്കലും ദോഷം ഭയക്കലും സഹായാര്‍ഥന നടത്തലും തുടങ്ങിയുള്ള കാര്യങ്ങളൊന്നും അല്ലാഹു അല്ലാത്തവരോട് പാടുള്ളതല്ല. അപ്രകാരം തന്നെ സൃഷ്ടികളുടെ മുമ്പില്‍സുജൂദ് ചെയ്യലും ക്വബ്‌റിനെ ത്വവാഫ് ചെയ്യലുമൊന്നും പാടുള്ളതല്ല. ഔലിയാക്കള്‍ക്കെന്നല്ല, അല്ലാഹുവല്ലാത്ത ഒരാള്‍ക്കും ഇത്തരം ആരാധനകള്‍ അര്‍പ്പിച്ചുകൂടാ. കാരണം, മുമ്പ് പറഞ്ഞതു പോലെ ആരാധന അല്ലാഹുവിനു മാത്രം അവകാശപ്പെട്ടതാണ്. അത് അല്ലാഹുവല്ലാത്തവര്‍ക്കായാല്‍ ഗുരുതരപാതകമായ ബഹുദൈവാരാധന (ശിര്‍ക്ക്) ആയി.

തൗഹീദുല്‍ ഉലൂഹിയ്യയുടെ ചര്‍ച്ചയില്‍ തന്നെ വരുന്ന മറ്റൊന്നാണ് ശൈഖിനെ അന്ധമായി അനുസരിക്കുന്ന ചില സ്വൂഫീ-ത്വരീഖത്തുകാരടെ ചിന്താഗതി. അല്ലാഹു നിഷിദ്ധമാക്കിയത് അനുവദനീയമാക്കിക്കൊണ്ടോ, അനുവദിച്ചത് നിഷിദ്ധമാക്കിക്കൊണ്ടോ ആയാലും ഇക്കൂട്ടര്‍ തങ്ങളുടെ ശൈഖുമാരെ അന്ധമായി പിന്‍പറ്റുന്നു. ക്വുര്‍ആനും സുന്നത്തും പിന്‍പറ്റണമെന്ന് കല്‍പിക്കുന്ന, മതത്തിന്റെ വ്യക്തമായ വാക്യങ്ങള്‍ക്ക് തികച്ചും കടകവിരുദ്ധമായ ഒന്നാണിത്. അല്ലാഹു പറയുന്നു:

''നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത് നിങ്ങള്‍ പിന്‍പറ്റുക. അവനു പുറമെ മറ്റു രക്ഷാധികാരികളെ നിങ്ങള്‍ പിന്‍പറ്റരുത്. വളരെ കുറച്ച് മാത്രമെ നിങ്ങള്‍ ആലോചിച്ച് മനസ്സിലാക്കുന്നുള്ളൂ'''(ക്വുര്‍ആന്‍ 7:3).

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ, കാര്യത്തെ സംബന്ധിച്ച് സ്വന്തമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനെയും അവന്റെ ദൂതനെയും ധിക്കരിക്കുന്നപക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു'' (ക്വുര്‍ആന്‍ 33:36).

അല്ലാഹു പറയുന്നു: ''ഭോഷത്വം കാരണമായി ഒരു വിവരവുമില്ലാതെ സ്വന്തം സന്താനങ്ങളെ കൊല്ലുകയും, തങ്ങള്‍ക്ക് അല്ലാഹു നല്‍കിയത് അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചുകൊണ്ട് നിഷിദ്ധമാക്കുകയും ചെയ്തവര്‍ തീര്‍ച്ചയായും നഷ്ടത്തില്‍ പെട്ടിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പിഴച്ചുപോയി. അവര്‍ നേര്‍മാര്‍ഗം പ്രാപിക്കുന്നവരായില്ല'' (ക്വുര്‍ആന്‍ 6:140).

''പറയുക: അല്ലാഹു നിങ്ങള്‍ക്കിറക്കിത്തന്ന ആഹാരത്തെപ്പറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? എന്നിട്ട് അതില്‍ (ചിലത്) നിങ്ങള്‍ നിഷിദ്ധവും (വേറെ ചിലത്) അനുവദനീയവുമാക്കിയിരിക്കുന്നു. പറയുക: അല്ലാഹുവാണോ നിങ്ങള്‍ക്ക് (അതിന്) അനുവാദം തന്നത്? അതല്ല, നിങ്ങള്‍ അല്ലാഹുവിന്റെ പേരില്‍ (കളവു) കെട്ടിച്ചമക്കുകയാണോ?'''(ക്വുര്‍ആന്‍ 10:59).

ഈ ചിന്താഗതി ചിലരെ മഹാനും പ്രതാപിയുമായ അല്ലാഹുവിനെ വഴിപ്പെടുത്തുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുക വരെ ചെയ്തു. എത്രത്തോളമെന്നാല്‍ മഹാന്മാര്‍ക്ക് ഇബാദത്ത് (ആരാധന) തന്നെ ആവശ്യമില്ലെന്നും അല്ലാഹുവിന്റെയടുക്കലുള്ള ഉന്നതസ്ഥാനം കാരണത്താല്‍ മതത്തിലെ വിധിവിലക്കുകള്‍ അവര്‍ക്ക് ബാധകമല്ലെന്നും വരെ അവരില്‍ ചിലര്‍ പറഞ്ഞു. യക്വീനിന്റെ(ദൃഢവിശ്വാസം) പദവിയിലെത്തിയവരാണ് അവരെന്നതിനാല്‍ ആരാധനകള്‍ ചെയ്യേണ്ടുന്ന ആവശ്യമില്ലത്രെ അവര്‍ക്ക്! 

എന്നാല്‍ ഏറ്റവും ഉല്‍കൃഷ്ടനായ പ്രവാചകന്‍ മുഹമ്മദ് നബി(സ്വ)ക്ക് പോലും വിധിവിലക്കുകള്‍ പാലിക്കേണ്ടതില്ലാത്ത വിധം അവ ഒഴിവാക്കപ്പെട്ടിരുന്നില്ല. എന്നിരിക്കെ അദ്ദേഹത്തിന് താഴെയുള്ളവരുടെ കാര്യത്തില്‍ എങ്ങനെയാണ് അതുണ്ടാവുക?! അല്ലാഹുവിന് വഴിപ്പെട്ട് ആരാധനകള്‍ നിര്‍വഹിക്കുന്ന വിഷയത്തില്‍ പ്രയാസങ്ങള്‍ വരെ സഹിക്കാന്‍ അവിടുന്ന് സന്നദ്ധനാകുകയായിരുന്നു. അങ്ങനെ തന്റെ ഇരു കാലുകളിലും നീരുകെട്ടുവോളം നബി(സ്വ) രാത്രി നിന്ന് നമസ്‌കരിക്കുമായിരുന്നു. അതിനെക്കുറിച്ച് ചോദിക്കപ്പെട്ടപ്പോള്‍ അവിടുന്ന് നല്‍കിയ മറുപടിയാകട്ടെ, ''ഞാന്‍ നന്ദിയുള്ള അടിമയാകേതില്ലേ?'' എന്നായിരുന്നു.