അല്ലാഹുവിന്റെ ഇഷ്ടദാസന്മാരാവുക

സിയാദ് വയനാട്, ജാമിഅ അല്‍ഹിന്ദ്

2019 ജൂലായ് 20 1440 ദുല്‍ക്വഅദ് 17

ഹിജ്‌റ ഏഴാം വര്‍ഷം, മുഹര്‍റം മാസം. മദീനയില്‍ ഖൈബര്‍ യുദ്ധത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. നബി ﷺ  ഖൈബര്‍ യുദ്ധദിവസത്തിന്റെ തലേന്ന് രാത്രി സ്വഹാബികളെയെല്ലാം വിളിച്ചുകൂട്ടി ഒരു പ്രഖ്യാപനം നടത്തി:

''നിശ്ചയം, ഞാന്‍ നാളെ ഖൈബറിലേക്കുള്ള പതാക ഒരു വ്യക്തിയെ ഏല്‍പിക്കും. അയാള്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും ഇഷ്ടപ്പെടുന്നവനാണ്. അതുപോലെ അല്ലാഹുവും അവന്റെ ദൂതനും ആ വ്യക്തിയെ ഇഷ്ടപ്പെടുന്നുണ്ട്. അല്ലാഹു ആ വ്യക്തിയുടെ കൈകളിലൂടെ വിജയം നല്‍കും.''

ഈ പ്രഖ്യാപനം കേട്ട പ്രവാചകാനുചരന്മാരില്‍ ഓരോരുത്തരും അന്ന് രാത്രി കഴിച്ചുകൂട്ടിയത് ആ വ്യക്തി താനാകണേ എന്ന പ്രാര്‍ഥനയോടെയായിരുന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം ലഭിക്കുക എന്നതിന് അത്രത്തോളം മഹത്ത്വം അവര്‍ കണ്ടിരുന്നു. അതിനായി എന്ത് ത്യാഗവും സഹിക്കുവാന്‍ അവര്‍ ഒരുക്കവുമായിരുന്നു.

പിറ്റേന്ന് രാവിലെ ഓരോരുത്തരും പതാക തന്റെ കയ്യില്‍ ലഭിക്കണമെന്ന ആഗ്രഹത്തോടെ റസൂലിന്റെ അടുക്കലേക്ക് ചെന്നു. നബി ﷺ  ആ പതാക നല്‍കിയത് അലി(റ)യുടെ കൈകളിലാണ്. ബുഖാരിയും മുസ്‌ലിമും ഉദ്ധരിച്ച ഹദീസിലാണ് ഈ സംഭവ വിവരണമുള്ളത്.

ഈ സംഭവം നടന്ന ദിവസത്തെക്കുറിച്ച് ഉമര്‍(റ) പറഞ്ഞത് ഇപ്രകാരമാണ്: ''ഞാന്‍ ആ ഒരു ദിവസം മാത്രമെ നേതൃസ്ഥാനം എന്റെ ജീവിതത്തില്‍ ആഗ്രഹിച്ചിട്ടുള്ളൂ.''

പ്രവാചകാനുചരന്മാര്‍ അത്രമാത്രം അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം കൊതിച്ചിരുന്നു എന്നതിനാല്‍ തന്നെ അവര്‍ അല്ലാഹുവിന്റെ തൃപ്തിക്ക് അര്‍ഹരായിത്തീര്‍ന്നു. അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം കരസ്ഥമാക്കാനുള്ള തീവ്രമായ ശ്രമം നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് അനിവാര്യമാണ്. അവന്റെ സ്‌നേഹവും തൃപ്തിയും ലഭിച്ചാലേ നമുക്ക് പരലോകത്ത് രക്ഷ ലഭിക്കുകയുള്ളൂ.

റസൂല്‍ ﷺ  പറഞ്ഞു: ''അല്ലാഹു ഒരിക്കലും അവന്റെ സ്‌നേഹിതനെ നരകത്തില്‍ (ശാശ്വതനായി) പ്രവേശിപ്പിക്കുകയില്ല'' (അഹ്മദ്, ദഹബി സ്വഹീഹെന്ന് വിശേഷിപ്പിച്ചത്).

''നിശ്ചയം അല്ലാഹു, ദുന്‍യാവ് അവന്‍ ഇഷ്ടപ്പെടുന്നവനും അല്ലാത്തവനും നല്‍കും. എന്നാല്‍ ഈമാന്‍ അവന് ഇഷ്ടപ്പെടുന്നവന്ന് മാത്രമെ നല്‍കൂ'' (ഹാകിം, അഹ്മദ്).

അല്ലാഹുവിന്റെ സ്‌നേഹവും തൃപ്തിയും നേടുവാനുള്ള കാര്യങ്ങള്‍ ക്വുര്‍ആനും നബിചര്യയും നമുക്ക് പറഞ്ഞുതരുന്നുണ്ട്. അവയില്‍ പ്രധാനപ്പെട്ട മൂന്ന് കാര്യങ്ങള്‍ ചുരുക്കി വിവരിക്കാം.

ധര്‍മനിഷ്ഠ (തക്വ്‌വ)

എന്താണ് തക്വ്‌വ? ഇമാം ഇബ്‌നുല്‍ ക്വയ്യിം(റഹി) വിശദീകരിക്കുന്നു: ''പരലോകത്ത് ഒരു വ്യക്തിക്ക് ദോഷകരമായി ഭവിക്കുന്ന കാര്യങ്ങളെ സൂക്ഷിക്കുക.''

തക്വ്‌വയുള്ളവരെ അല്ലാഹു ഇഷ്ടപ്പെടും. അല്ലാഹു പറയുന്നു: ''അല്ല, വല്ലവനും കരാര്‍ പാലിക്കുകയും ധര്‍മനിഷ്ഠ പാലിക്കുകയും ചെയ്യുന്ന പക്ഷം തീര്‍ച്ചയായും അല്ലാഹു ധര്‍മനിഷ്ഠപാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (അലുഇംറാന്‍: 76).

അതിനാല്‍ എല്ലാ മേഖലകളിലും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ പാലിക്കുന്നതോടൊപ്പം തക്വ്‌വ വര്‍ധിപ്പിച്ചു തരുവാന്‍ അല്ലാഹുവോട് സദാ പ്രാര്‍ഥിക്കുകയും ചെയ്യുക. അല്ലാഹുവിന്റെ നിയമ നിര്‍ദേശങ്ങള്‍ ജീവിതത്തില്‍ പാലിക്കുക എന്നതാണ് തക്വ്‌വ വര്‍ധിക്കുവാനുള്ള വഴി. വീടുവിട്ടിറങ്ങിയതിനു ശേഷം തിരിച്ചു വരുന്നതുവരെ ഏതേതു മേഖലകളില്‍ ഇടപെടുന്നുവോ അവിടെയൊക്കെയും മതനിയമങ്ങള്‍ കൃത്യമായി പാലിക്കാന്‍ നാം ശ്രമിക്കുന്നുണ്ടോ എന്ന് ആത്മവിചാരണ നടത്തുക.

പരീക്ഷണങ്ങളില്‍ ക്ഷമിക്കുക

ഒരിക്കലും പരിക്ഷണം അല്ലാഹുവിന്റെ കോപത്തിന്റെ ഫലമല്ല. മറിച്ച് അല്ലാഹു നമ്മെ സ്‌നേഹിക്കുന്നുണ്ട് എന്നതിന്റെ അടയാളമാണത്. റസൂല്‍ ﷺ  പറഞ്ഞു:

''നിശ്ചയം അല്ലാഹു ഒരു സമൂഹത്തെ ഇഷ്ടപ്പെട്ടുകഴിഞ്ഞാല്‍ അവരെ അവന്‍ പരീക്ഷിക്കും. ആരെങ്കിലും അതില്‍ തൃപ്തിപ്പെടുകയാണെങ്കില്‍ അവന്ന് അല്ലാഹുവിന്റെ തൃപ്തി ലഭിക്കും'' (തിര്‍മിദി, ഇമാം അഹ്മദ് ഹസന്‍ എന്ന് വിശേഷിപ്പിച്ചത്).

നാം ഏതു രീതിയിലാണോ പരീക്ഷണങ്ങളെ നേരിടുന്നത് അതിനനുസരിച്ചായിരിക്കും നമുക്ക് ലഭിക്കുന്ന പ്രതിഫലം. റസൂല്‍ ﷺ  പറയുന്നു:

''നിശ്ചയം, അല്ലാഹു തന്റെ ഒരു അടിമക്ക് വേണ്ടി ഒരു സ്ഥാനം നല്‍കുവാന്‍ ഉദ്ദേശിച്ചിരിക്കുന്നു. എന്നാല്‍ ആ സ്ഥാനത്തേക്ക് അവന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് അവന് എത്താന്‍ സാധിക്കുന്നില്ല. അങ്ങനെ അല്ലാഹു അവന്റെ സമ്പത്തിലും പ്രവര്‍ത്തനങ്ങളിലും ശരീരത്തിലുമെല്ലാമായി പരീക്ഷണങ്ങള്‍ നല്‍കുന്നു. എന്നാല്‍ അവന്‍ ക്ഷമിച്ചതുമൂലം അല്ലാഹു നല്‍കുവാന്‍ ഉദ്ദേശിച്ച ആ പദവിയിലേക്ക് അവന്‍ എത്തുന്നു'' (അബൂദാവൂദ്, അല്‍ബാനി സ്വഹീഹെന്ന് പറഞ്ഞത്).

അതിനാല്‍ പരീക്ഷണ ഘട്ടങ്ങളില്‍ അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ചുകൊണ്ട് നാം ക്ഷമിക്കാന്‍ തയ്യാറാവുക.

ഐച്ഛികമായ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുക

ഐച്ഛികമായ (സുന്നത്തായ) കര്‍മങ്ങള്‍ ധാരാളമായി ചെയ്യുക വഴി നമുക്ക് അല്ലാഹുവിന്റെ തൃപ്തി നേടുവാന്‍ സാധിക്കും. അല്ലാഹു പറയുന്നതായി റസൂല്‍ ﷺ  പറയുന്നു: ''എന്റെ ഒരടിമ എന്നിലേക്ക് ഐച്ഛികമായ കര്‍മങ്ങള്‍ മുഖേന ഞാന്‍ അവനെ ഇഷ്ടപ്പെടുന്നതുവരെ അടുത്തുകൊണ്ടിരിക്കും'' (ബുഖാരി).

സുന്നത്തായ എത്രയോ ആരാധനകള്‍ ദൈനംദിന ജീവിതത്തില്‍ നമുക്ക് ചെയ്യുവാനുണ്ട്. എന്നാല്‍ മിക്ക ആളുകളും അതില്‍ വിമുഖത കാണിക്കുന്നു. നിര്‍ബന്ധമായവ തന്നെ ചെയ്താല്‍ ധാരാളമായി എന്നവര്‍ ചിന്തിക്കുന്നു. ഈ നിലപാട് ശരിയല്ല. നിര്‍ബന്ധ കര്‍മങ്ങളിലെ അപാകതകള്‍ പരിഹരിക്കപ്പെടാന്‍ സുന്നത്തായ കര്‍മങ്ങള്‍ കാരണമാകുമെന്നറിയുക.

അല്ലാഹുവിന്റെയും റസൂലിന്റെയും സ്‌നേഹം ലഭിച്ചാല്‍ നമുക്കുണ്ടാകുന്ന മറ്റൊരു നേട്ടം റസൂല്‍  ﷺ  പറഞ്ഞു തരുന്നു: ''അല്ലാഹു ഒരു വ്യക്തിയെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ ജിബ്‌രീലിനെ വിളിച്ചു പറയും: 'നിശ്ചയം, ഞാന്‍ ഒരു അടിമയെ ഇഷ്ടപ്പെട്ടിട്ടുണ്ട്. അതിനാല്‍ നീയും അവനെ ഇഷ്ടപ്പെടുക.' അങ്ങനെ ജിബ്‌രീലും ആ വ്യക്തിയെ ഇഷ്ടപ്പെടും. അങ്ങനെ ജിബ്‌രീല്‍ ആകാശലോകത്തുള്ളവരോട് വിളിച്ചു പറയും: 'അല്ലാഹു ഇന്ന വ്യക്തിയെ ഇഷ്ടപ്പെട്ടിട്ടുണ്ട്. നിങ്ങളും അവനെ ഇഷ്ടപ്പെടുക.' അങ്ങനെ അവരും ഇഷ്ടപ്പെടും. പിന്നീട് അവന്ന് ഭൂമിയില്‍ അല്ലാഹു സ്വീകാര്യത നല്‍കും.''