ഇഹ്‌സാന്‍ ഇലാഹീ ദ്വഹീറിന്റെ രക്തസാക്ഷ്യം

യൂസുഫ് സാഹിബ് നദ്‌വി ഓച്ചിറ

2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08

ഖാദിയാനി, ശിയാ, ബറേല്‍വി, ത്വരീക്വത്ത് ഗ്രൂപ്പുകളുടെ പേടിസ്വപ്‌നമായിരുന്നു മൗലാനാ ഇഹ്‌സാന്‍ ഇലാഹീ ദ്വഹീര്‍ അവര്‍കള്‍. ഇവരുടെ ആദര്‍ശ പാപ്പരത്തം വെളിവാക്കിക്കൊണ്ട് നിരവധി ഗ്രന്ഥങ്ങള്‍ വിവിധ ഭാഷകളിലായി മൗലാനാ രചിച്ചു. അറബി, ഉര്‍ദു, ഫാര്‍സി ഭാഷകളില്‍ അപാരമായ നൈപുണ്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ പ്രഭാഷണ വേദികളില്‍ പതിനായിരങ്ങള്‍ തടിച്ചുകൂടി സത്യത്തിന്റെ തെളിനീര്‍ കണ്ടെത്തുമായിരുന്നു. സ്വൂഫി, ബറേല്‍വി, ശിയാ ചിന്തകളില്‍നിന്നും നൂറുകണക്കിന് ആളുകളെ കൈപിടിച്ച് കരകയറ്റാന്‍ അദ്ദേഹത്തിന്റെ രചനകള്‍ക്കും പ്രഭാഷണങ്ങള്‍ക്കും കഴിഞ്ഞിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണ്.

1941,മേയ് 30ന് പാക്കിസ്ഥാന്‍ പഞ്ചാബിലെ സ്യാലക്കോട്ട് അദ്ദേഹം ഭൂജാതനായി. പാക്കിസ്ഥാനിലെ വിവിധ കലാലയങ്ങളില്‍നിന്നും ഉന്നത ബിരുദം നേടിയ അദ്ദേഹം സുഉൗദി അറേബ്യയിലെ മദീന ഇസ്‌ലാമിക് സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തി. പ്രമുഖന്മാരായ സലഫി പണ്ഡിതന്മാര്‍, നേതാക്കള്‍ തുടങ്ങിയവരുമായി വളരെയടുത്ത് ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന് മക്കയിലും മദീനയിലും ഇരു ഹറമുകളില്‍ ഇസ്‌ലാമിക പ്രഭാഷണത്തിനുള്ള അവസരവും ലഭിച്ചിരുന്നു. സുഉൗദി അറേബ്യയുടെ ഗ്രാന്റ് മുഫ്തി ശൈഖ് ഇബ്‌നു ബാസു(റഹ്)മായും ഇഹ്‌സാന്‍ ഇലാഹി വളരെ അടുത്തബന്ധം പുലര്‍ത്തിവന്നു. അനുഗൃഹീത ശബ്ദത്തിന്റെയും ശൈലിയുടെയും ഉടമയായിരുന്ന ഇഹ്‌സാന്‍ ഇലാഹിയെ എങ്ങനെയും ഒതുക്കണമെന്ന ചിന്തയായിരുന്നു ശിയാ, ബറേല്‍വി, സ്വൂഫി ഗ്രൂപ്പുകള്‍ക്ക്. അദ്ദേഹത്തിന്റെ പരസ്യ പ്രബോധന പ്രവര്‍ത്തങ്ങളില്‍ വിറൡപൂണ്ടവര്‍ അദ്ദേഹത്തെ ഇല്ലാതാക്കുവാന്‍ തക്കം പാര്‍ത്തു നടന്നു. 

23.07.1407ന് (ഹി.വര്‍ഷം) പാക്കിസ്ഥാനിലെ ലാഹോറില്‍ സംഘടിപ്പിക്കപ്പെട്ട ഒരു സമ്മേളനത്തില്‍ അദ്ദേഹം പ്രഭാഷകനായിരുന്നു. ജംഇയ്യത്തു അഹ്‌ലുല്‍ഹദീഥ് ആയിരുന്നു സംഘാടകര്‍. അവരുടെ മുഖ്യപ്രസിദ്ധീകരണമായ 'തര്‍ജുമാനുല്‍ഹദീഥ്' മാസികയുടെ എഡിറ്റര്‍ കൂടിയായിരുന്നു ഇഹ്‌സാന്‍ ഇലാഹി. പാക്കിസ്ഥാനിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പണ്ഡിതന്മാരും പ്രഭാഷകരും പങ്കെടുത്ത പ്രസ്തുത സമ്മേളനത്തില്‍ വേദിക്ക് മുന്നിലായി ഒരുക്കിയിരുന്ന പൂക്കുട്ടയില്‍ സ്ഥാപിക്കപ്പെട്ട ടൈംബോംബ് മൗലാനാ അവര്‍കളുടെ പ്രഭാഷണം നടക്കുന്നതിനിടയില്‍ ഘോരശബ്ദത്തോടെ പൊട്ടിത്തെറിച്ചു. വേദിയിലുണ്ടായിരുന്ന പ്രമുഖ പണ്ഡിതന്മാരില്‍ 7 പേര്‍ തല്‍ക്ഷണം മരിച്ചു. 2 പേര്‍ അല്‍പശേഷം ആശുപത്രിയിലും മരണപ്പെട്ടു. ശ്രീലങ്കയിലെ തമിഴ്പുലികള്‍ ചെയ്യുന്ന മാതൃകയിലുള്ള ചാവേര്‍ ആക്രമണമാണ് ആദര്‍ശ ശത്രുവിനെ ആശയങ്ങള്‍ കൊണ്ട് എതിരിടുന്നതില്‍ പരാജയപ്പെട്ട ബറേല്‍വികള്‍ സ്വീകരിച്ചത്.  

നാലുദിവസം പാക്കിസ്ഥാനിലെ പ്രമുഖ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മൗലാനാ അവര്‍കളെ സൗദി ഭരണാധികാരി ഫഹദ് രാജാവിന്റെ നിര്‍ദേശമനുസരിച്ച് വിദഗ്ധ ചികിത്സക്കായി റിയാദിലെ സൈനിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. സുഉൗദിയുടെ ഗ്രാന്റ്മുഫ്തി ആയിരുന്ന ശൈഖ് ഇബ്‌നുബാസ്(റഹ്) ആണ് ഇതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചത്. സൈനിക ആശുപത്രിയില്‍ വിദഗ്ധ ചികിത്സക്കിടയില്‍ 01.08.1407ന് അദ്ദേഹം ഈ ഭൗതിക ലോകത്തോട് വിടവാങ്ങി. രാജകീയ നിര്‍ദേശമനുസരിച്ച് പ്രത്യേക വിമാനത്തില്‍ അദ്ദേഹത്തിന്റെ മയ്യിത്ത് മദീനയില്‍ എത്തിച്ചു. പതിനായിരങ്ങളുടെ പ്രാര്‍ഥനക്ക് ശേഷം മദീനയിലെ മസ്ജിദുന്നബവിയുടെ ചാരത്തുള്ള 'അല്‍ബക്വീഉല്‍ ഗര്‍ക്വദ്' എന്ന പ്രശസ്തമായ ക്വബ്ര്‍സ്ഥാനില്‍ അദ്ദേഹത്തെ മറമാടി.  

തന്റെ ജീവിതംകാലം മുഴുവനും ഏതൊരാദര്‍ശത്തിനായി മൗലാനാ അവര്‍കള്‍ പ്രവൃത്തിക്കുകയും ഉത്‌ബോധനം നടത്തുകയും ചെയ്തുവോ അതേആദര്‍ശം തന്നെ ജീവിതത്തിലുടനീളം സ്വീകരിച്ച ആദ്യകാലത്തെ ഉത്തമരില്‍ ഉത്തമരായ ഉന്നതസമൂഹത്തിനൊപ്പം, നബിലപ്രിയപ്പെട്ട സ്വഹാബത്തിന്റെ ഖബറുകളുടെ സമീപത്തായി മൗലാനാ അവര്‍കള്‍ക്കും അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അന്ത്യവിശ്രമമൊരുക്കി. ഇന്നാലില്ലാഹി...

ഇതാണ് പ്രതികാരമോഹികളും രക്തദാഹികളുമായ ശിയാ, ബറേല്‍വികളുടെ പാരമ്പര്യമെന്ന് വായനക്കാര്‍ മനസ്സിലാക്കിയിരിക്കുക. ഒട്ടനവധി ഗ്രന്ഥങ്ങളാണ് മൗലാനാ ഇഹ്‌സാന്‍ ഇലാഹി ചുരുങ്ങിയ ആയുഷ്‌ക്കാലത്തിനുള്ളില്‍ സമൂഹത്തിനുവേണ്ടി സമര്‍പ്പിച്ചത്. സുഉൗദി അറേബ്യയിലെ പഠനത്തിനു ശേഷം അവിടെതത്തന്നെ ഉന്നതമായ സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭ്യമാകുന്ന നിരവധി ജോലികള്‍ അദ്ദേഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും അതിനൊന്നും കാത്തുനില്‍ക്കാതെ സ്വന്തം സേവനം ഏറ്റവും അനിവാര്യമായ പാക്കിസ്ഥാനിലേക്ക് തന്നെ അദ്ദേഹം മടങ്ങുകയായിരുന്നു. 

അദ്ദേഹത്തെപ്പറ്റി മദീന ഇസ്‌ലാമിക് സര്‍വകലാശാലയിലെ സുഹൃത്തും സഹപാഠിയുമായിരുന്ന ഡോ. ലുക്വ്മാന്‍ അസ്സലഫി പറയുന്നു:

''25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മദീന ഇസ്‌ലാമിക് സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജീവിതകാലത്താണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സ്വന്തം ജീവിതം വിലയ്ക്കു നല്‍കിയ ധീരമുജാഹിദായിട്ടാണ് ഞാന്‍ അദ്ദേഹത്തെ മനസ്സിലാക്കുന്നത്. നാലുവര്‍ഷക്കാലം ഞങ്ങള്‍ ഇരുവരും അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നത്. പഠനത്തില്‍ സഹപാഠികളെയെല്ലാം മികച്ചുനില്‍ക്കുന്ന അതീവബുദ്ധിശാലിയായിരുന്നു അദ്ദേഹം. ഗവേഷണത്തിലും സംവാദങ്ങളിലും ഏറെ മുന്നിലായിരുന്നു. ആയിരക്കണക്കിന് ഹദീഥുകളും ആയത്തുകളും അദ്ദേഹത്തിന് മനഃപ്പാഠമായിരുന്നു. ക്ലാസില്‍നിന്നും അദ്ദേഹം നേരെ പോയിരുന്നത് ശൈഖ് നാസ്വിറുദ്ദീന്‍ അല്‍ബാനിയുടെ അടുത്തേക്കായിരുന്നു. കോളേജിന്റെ ക്യാമ്പസില്‍ ചരല്‍ക്കല്ലുകള്‍ക്ക് മുകളില്‍ ഇരുന്നുകൊണ്ട് അദ്ദേഹം നാസ്വിറുദ്ദീന്‍ അല്‍ബാനിയോട് ഹദീഥുകള്‍, നിദാന ശാസ്ത്രം, ഹദീഥ് പരമ്പര തുടങ്ങിയ വിഷയങ്ങളില്‍ സംശയ നിവാരണവും ചര്‍ച്ചകളും നടത്തുമായിരുന്നു. വിശാല ഹൃദയനായ ശൈഖ് അല്‍ബാനി അദ്ദേഹത്തിന്റെ എല്ലാ സംശയങ്ങള്‍ക്കും മതിയാകുവോളം വീശദീകരണം നല്‍കി. തന്നോട് സംശയ നിവാരണം നടത്തുന്ന ഈ യുവാവ് പില്‍ക്കാലത്ത് തൂലികകൊണ്ടും നാവുകൊണ്ടും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദ് നടത്താനുള്ള ലക്ഷ്യത്തിലാണെന്ന് അല്‍ബാനി ഗ്രഹിച്ചതുപോലെയായിരുന്നു കാര്യങ്ങള്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും ഹജ്ജിനായി എത്തുന്ന വിവിധ സമൂഹങ്ങളുമായി വിവിധ വിഷയങ്ങളെപ്പറ്റിയും അവര്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റിയും മൗലാനാ അവര്‍കള്‍ ദീര്‍ഘമായ ചര്‍ച്ചകളില്‍ ഏര്‍പ്പെടുമായിരുന്നു.''

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദ്ദേഹം പ്രഭാഷണം നിര്‍വഹിച്ചു. അറബിയിലും ഉര്‍ദുവിലും ഫാരിസിയിലുമായി അമൂല്യമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു. ശിയാ, ബറേല്‍വി, സ്വൂഫി, ബഹായി തുടങ്ങിയ അവാന്തര വിഭാഗങ്ങളെപ്പറ്റി മുസ്‌ലിം സമൂഹത്തിന് കൃത്യമായ ഒരു നിലപാട് സ്വീകരിക്കാന്‍ സാധിക്കുന്ന തികച്ചും വൈജ്ഞാനികമായ രചനകളായിരുന്നു അദ്ദേഹത്തിന്റെത്. ഒട്ടുമിക്ക ഭാഷകളിലും ഇവയുടെ പരിഭാഷകള്‍ ലഭ്യമാണ്. ബറേല്‍വികളുടെ ചരിത്രവും വ്യതിയാനവും വ്യക്തമാക്കുന്ന 'അല്‍ബറേല്‍വിയ്യ: അക്വാഇദുന്‍ വതാരീഖുന്‍' എന്ന രചനക്ക് മലയാളത്തിലും പരിഭാഷ ലഭ്യമാണ്.