ഇല്‍ഫത്തുല്‍ ഇസ്ലാമിന്റെ ഇതളുകളില്‍ വിരിയുന്ന ഇസ്ലാമിക സമാജം

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 മെയ് 25 1440 റമദാന്‍ 20

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും 17

(ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍: 11)

ഇസ്ലാമിക ഐക്യത്തിന്റെ സര്‍വ സൗരഭ്യങ്ങളും പ്രസരിപ്പിക്കുന്നതാകണം ആ സമാജം. ഇസ്ലാം വിഭാവനം ചെയ്യുന്ന പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും സമാധാനപരമായ സഹവര്‍ത്തിത്വത്തിന്റെയും സുരഭില സൗന്ദര്യം കൊണ്ട് ആരെയും ആകര്‍ഷിക്കാന്‍ അതിന് കഴിയണം. ഈ ഒരു നിലപാടുതറയില്‍ നിന്നുകൊണ്ടാണ്, ഒരു നൂറ്റാണ്ട് മുമ്പത്തെ കേരള മുസ്ലിം സമാജത്തിന്റെ കഴിവും കഴിവുകേടും വിശകലനം ചെയ്തുകൊണ്ട്, നിഖില മേഖലകളിലും എഴുന്നുനില്‍ക്കാന്‍ അതിനെ പ്രാപ്തമാക്കുന്ന എല്ലാ പ്രായോഗിക പദ്ധതികളും 'ഇല്‍ഫതുല്‍ ഇസ്ലാം' എന്ന തന്റെ സര്‍വതല സ്പര്‍ശിയായ രചനാ വിസ്മയത്തിലൂടെ ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ മുന്നോട്ടുവെക്കുന്നത്.

 

ഇസ്ലാമിക സമാജത്തിന്റെ പ്രാധാന്യം

'നന്‍മയിലേക്ക് ക്ഷണിക്കുകയും സദാചാരം കല്‍പിക്കുകയും ദുരാചാരത്തില്‍ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളില്‍ നിന്ന് ഉണ്ടായിരിക്കട്ടെ. അവരത്രെ വിജയികള്‍.'

വിശുദ്ധ ക്വുര്‍ആനിലെ മൂന്നാം അധ്യായം  ആലുഇംറാനിലെ നൂറ്റിനാലാമത്തെ ഈ വചനം  വിശദീകരിച്ചുകൊണ്ട് ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ ഇസ്ലാമിക സമാജത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നു:

'മുസ്‌ലിമീങ്ങള്‍ എല്ലാവരും ഏത് ദേശക്കാരായിരുന്നാലും ഏത് സഭക്കാരായിരുന്നാലും ഏതിനക്കാരായിരുന്നാലും ഒരേ സമാജക്കാര്‍ തന്നെയാണ് എന്ന നിലയില്‍ തന്നെയായിരിക്കണം എന്ന് പ്രത്യേകം വെളിപ്പെടുന്നു. നമ്മുടെ തല്‍ക്കാലമുള്ള ഉദ്ദേശ്യവും മുസ്‌ലിമീങ്ങള്‍ തമ്മിലുള്ള തര്‍ക്കം,വഴക്ക്, പിണക്കം മുതലായ ദുഷ്‌കര്‍മ്മങ്ങളെയെല്ലാം അവര്‍ വിട്ടൊഴിഞ്ഞ് സകലരും പരസ്പരം യോജിച്ച് ദീനുല്‍ ഇസ്ലാമിനെയും മുസ്‌ലിം ജനസമുദായത്തെയും ശക്തിപ്പെടുത്തി മികവാക്കി ഉന്നത സ്ഥിതിയിലുറപ്പിക്കുവാന്‍ ഉത്സാഹിക്കണം എന്നുള്ളതാകുന്നു.'(71)

ഇസ്‌ലാമില്‍ ആത്മാര്‍ഥതയും ഉദാത്തമായ ധാര്‍മിക വിശുദ്ധിയും ഉള്ളതോടൊപ്പം സമുദായത്തെ ഏറ്റവും മികച്ച രീതിയില്‍ ചലിപ്പിക്കാന്‍ ആവശ്യമായ എല്ലാതരം ഉപാധികളിലും ഉപകരണങ്ങളിലും യോഗ്യതയും കഴിവും ആര്‍ജിച്ച ഒരു വിശ്വാസിസംഘത്തെ വാര്‍ത്തെടുക്കണമെന്നു കൂടിയാണ് ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍ ആഹ്വാനം ചെയ്തത്.

'പ്രാപ്തനായ നേതാവിനെ സ്വീകരിക്കാതെ മരണപ്പെടുന്നവന്‍ അജ്ഞാന കാലത്തെ മരണമാണ് പുല്‍കുന്നത.്'(72)

'നിങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്യുക; ഉണക്ക മുന്തിരി പോലുള്ള തലയുള്ള ഒരു എത്യോപ്യന്‍ അടിമയാണ് നിങ്ങള്‍ക്ക് നിയുക്തനാകുന്നതെങ്കില്‍ പോലും.'(73)

'അനുസരണത്തില്‍ നിന്ന് വ്യതിചലിച്ച് സമാജത്തെ ഉപേക്ഷിക്കുന്നവന്‍ അജ്ഞാന കാലത്തെ മരണം വരിക്കേണ്ടി വരും.'(74)

'മൂന്ന് പേര്‍ വിജന പ്രദേശത്ത് കഴിയുകയാണെങ്കില്‍ പോലും അതിലൊരാളെ നേതാവാക്കണം.'(75)

ഒരു നൂറ്റാണ്ടുകാലം മുമ്പ് ദൗത്യം മറന്ന് അനൈക്യത്തിലാണ്ടു കിടന്നിരുന്ന ഈ സമുദായത്തിന്റെ നേതാക്കളെന്നവകാശപ്പെട്ടിരുന്ന അല്‍പജ്ഞരായ ആളുകളെ ഹമദാനി തങ്ങള്‍ വിമര്‍ശിക്കുന്നത് നോക്കുക:

 'നമ്മുടെ ഇടയിലുള്ള സമുദായ നേതാക്കന്മാരെന്ന് നടിക്കുന്ന ചില ആളുകള്‍ കുരുടന്മാരായ(76) വിദ്വാന്മാരുടെ സ്ഥിതിയെന്താണെന്ന് അല്‍പം ഓര്‍ത്തു നോക്കട്ടെ.'(77)

 

കാവ്യസൗന്ദര്യത്തിന്റെ ആശയാനുവാദം

 വിശ്വാസ സ്‌നേഹത്തിന്റെ സൗന്ദര്യം അനാവരണം ചെയ്തുകൊണ്ട് ഗ്രന്ഥത്തിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ക്വുര്‍ആന്‍-ഹദീഥ് വചനങ്ങള്‍ക്ക് പുറമെ ഗ്രന്ഥത്തിന്റെ മുപ്പത്തിമൂന്നാം താളില്‍ നാലാം ഖലീഫ അലിയ്യുബ്ന്‍ അബീത്വാലിബ്(റ)വിന്റെ പേരിലറിയപ്പെടുന്ന(78) മൂന്നു വരി കവിതാശകലം പരിഭാഷ സഹിതം നല്‍കിയിരിക്കുന്നത് ഈ ഗ്രന്ഥത്തെ മനോഹരമാക്കിയിട്ടുണ്ട്. ആ വരികള്‍ ഹമദാനി  തങ്ങള്‍ ഇങ്ങനെ മൊഴിമാറ്റം ചെയ്തു:

(1) സര്‍വ വിലക്കപ്പെട്ട കാര്യങ്ങളെയും വിലക്കി വിരോധിക്കുന്നവരായ ഏതൊരു പുരുഷാത്മാക്കളുടെ സല്‍കര്‍മങ്ങളെ പിന്തുടരപ്പെടുന്നുവോ അവര്‍ കാലം കഴിഞ്ഞുപോയിരിക്കുന്നു.(79)

(2) സംശയ സ്ഥലത്തെ തൊട്ടു കഷ്ടത നീക്കാന്‍ വേണ്ടി ചിലര്‍ മറ്റു ചിലരെ ഭംഗിയാക്കി പറയുന്നവരുടെ പിന്‍വഴികളില്‍ ഞാന്‍ ജീവിച്ചിരിക്കുന്നു.(80)

(3) അവര്‍ രാജപാത വിട്ട് ഇടവഴികളില്‍ കടന്നതുമൂലം വഴിപിഴച്ചവരായി പോയിരിക്കുന്നു.(81)

 

സ്‌നേഹദൂതിന്റെ ദിവ്യദീപ്തി

ഇസ്ലാമിക സ്‌നേഹത്തിന്റെ പ്രഫുല്ലമായ ഇന്ദ്രിയാനുഭവങ്ങള്‍ പങ്കുവെക്കുന്ന പ്രവാചക വചനങ്ങള്‍ ഹമദാനി തങ്ങള്‍ സന്ദര്‍ഭോചിതമായി ചേര്‍ത്തുവെക്കുന്നത് വായനക്കാരുടെ മനസ്സുകളില്‍ അവാച്യമായ അനുഭൂതികളിലൂടെ പുതിയൊരു ജീവിതത്തിന്റെ ബീജാങ്കുരണം നിര്‍വഹിക്കുക തന്നെ ചെയ്യും. അവയ്ക്ക് മുന്‍കാല അറബി പണ്ഡിതന്മാര്‍ നല്‍കിയ പ്രസക്തമായ വിശദീകരണങ്ങളും അന്യത്ര ചേര്‍ത്തിട്ടുണ്ട്. സ്‌നേഹമസൃണമായി പരസ്പരം ആശ്ലേഷിക്കുകയും കാല്‍പാദങ്ങളും ചുമലുകളും പരസ്പരം ഒട്ടിനിന്നുകൊണ്ട് ഏകമനസ്സോടെ സര്‍വാധിനാഥന്റെ മുമ്പില്‍ നമസ്‌കാരം നിര്‍വഹിക്കുകയും ചെയ്യുന്ന സമത്വസുന്ദര സമൂഹത്തെ സര്‍വശക്തന്റെ സഹായത്തോടെ സമാധാനത്തിന്റെ തിരുദൂതര്‍ യാഥാര്‍ഥ്യമാക്കിയത് ദൈവിക സന്ദേശങ്ങള്‍ സമാജത്തിന് സ്‌നേഹത്തില്‍ ചാലിച്ചുനല്‍കിക്കൊണ്ടായിരുന്നുവല്ലോ. ഇവ്വിഷയകമായി ഹമദാനി ശൈഖിന്റെ ഗ്രന്ഥത്തില്‍ നല്‍കിയിട്ടുള്ള ചില ദൈവവാക്യങ്ങളുടെയും പ്രവാചക വചനങ്ങളുടെയും സാരാംശം ഇവിടെ സംഗ്രഹിക്കാം:

'തീര്‍ച്ചയായും അല്ലാഹുവിങ്കല്‍ മതം എന്നാല്‍ ഇസ്‌ലാമാകുന്നു. വേദഗ്രന്ഥം നല്‍കപ്പെട്ടവര്‍ തങ്ങള്‍ക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവര്‍ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിന്റെ തെളിവുകള്‍ നിഷേധിക്കുന്നുവെങ്കില്‍ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു.'(82)

'സത്യവിശ്വാസികള്‍ പരസ്പരം സഹോദരങ്ങള്‍ തന്നെയാകുന്നു'(83)

ഈ വിശുദ്ധ വേദവാക്യമാണ് ഇസ്‌ലാമിക ഐക്യത്തിന്റെയും വിശ്വാസ സാഹോദര്യത്തിന്റെയും കേന്ദ്ര സ്രോതസ്സ്. അതിനാല്‍ അദ്ദേഹം അതിന് പ്രാഥമ്യം നല്‍കി.

അതിന്റെ വിശദീകരണമെന്നോണം പിന്നീട് ചേര്‍ത്ത പ്രവാചക വചനങ്ങള്‍ ഇനി പറയുന്നവയാണ്:

'സത്യവിശ്വാസികള്‍ തമ്മിലുള്ള പരസ്പരസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും അനുകമ്പയുടെയും ഉദാഹരണം ഒരൊറ്റ ശരീരം പോലെയാണ്. അതില്‍ ഒരു അവയവത്തിന് രോഗം ബാധിച്ചാല്‍ ബാക്കി ശരീരവും ഉറക്കമൊഴിച്ചും പനിച്ചും ദുഃഖത്തില്‍ പങ്കുകൊള്ളും.'(84)

'ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് കെട്ടിടം പോലെയാണ്. അത് പരസ്പരം ബലപ്പെടുത്തുന്നു.'(85)

'അല്ലാഹുവിന്റെ ദാസന്‍മാരേ, നിങ്ങള്‍ സഹോദരങ്ങളാവുക. ഒരു മുസ്‌ലം മറ്റൊരു മുസ്ലിമിന്റെ സഹോദരനാണ്. അവനോട് അക്രമം കാണിക്കുകയില്ല; അവനെ കൈവെടിയുകയില്ല, അവനെ നിസ്സാരനായി കാണുകയില്ല.' എന്നിട്ട് മൂന്ന് തവണ നെഞ്ചിലേക്ക് ചൂണ്ടിക്കൊണ്ട് പ്രവാചകന്‍ ﷺ  പറഞ്ഞു: 'ഇവിടെയാണ് തഖ്‌വ. തന്റെ സഹോദരനായ മുസ്‌ലിമിനെ നിന്ദിക്കുന്നതുതന്നെ തിന്മയായി ഒരാള്‍ക്ക് മതി. തന്റെ സഹോദരന്റെ രക്തവും സമ്പത്തും അഭിമാനവുമെല്ലാം ഓരോ മുസ്‌ലിമിനും നിഷിദ്ധമാണ്.'(86)

'സമാജം ക്ഷേമൈശ്വര്യ സമ്പത്താകുന്നു.'(87)

'സമാജം അല്ലാഹുവിന്റെ കാരുണ്യവും കക്ഷിത്വം ശിക്ഷയുമാകുന്നു.'(88)

'രണ്ടു പേര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ പരസ്പരം സ്‌നേഹിക്കുമ്പോള്‍ തന്റെ സ്‌നേഹിതനോട് ഏറ്റവും കൂടുതല്‍ സ്‌നേഹം വെച്ചുപുലര്‍ത്തുന്നവനാരോ അവനെയാണ് അല്ലാഹു എറ്റവുമധികം സ്‌നേഹിക്കുക.'(89)

'തീര്‍ച്ചയായും അല്ലാഹുവിന്റെ സിംഹാസനത്തിന് ചുറ്റും ചില പ്രകാശഗോപുരങ്ങളുണ്ടായിരിക്കും. അവിടെയുള്ള ആളുകളുടെ വസ്ത്രം പ്രകാശമാണ്. അവരുടെ മുഖങ്ങളും പ്രകാശമാണ്. അവര്‍ പ്രവാചകന്മാരോ രക്തസാക്ഷികളോ അല്ല. എന്നാല്‍ പ്രവാചകന്മാരും രക്തസാക്ഷികളും ഇവരുടെ അവസ്ഥയില്‍ സന്തോഷിക്കും.' അനുചരന്മാര്‍ പ്രവാചകനോട് ചോദിച്ചു: 'അവരെപ്പറ്റി ഒന്ന് വിവരിക്കാമോ?' പ്രവാചകന്‍ പ്രതിവചിച്ചു: 'അവര്‍ അല്ലാഹുവിന്റെ കാര്യത്തില്‍ പരസ്പരം സ്‌നേഹിക്കുന്നവരും അവന്റെ കാര്യത്തില്‍ ഒരുമിച്ചിരിക്കുന്നവരും അല്ലാഹുവിന്റെ കാര്യത്തില്‍ പരസ്പരം സന്ദര്‍ശിക്കുന്നവരുമാണ്.'(90)

പ്രവാചകാനുചരന്മാരായ അബൂഇദ്‌രീസുല്‍ ഖൗലാനി(റ)യും മുആദ്ബ്ന്‍ ജബല്‍(റ)ഉം തമ്മിലുണ്ടായിരുന്ന ഊഷ്മളമായ വിശ്വാസസ്‌നേഹ ബന്ധത്തിന്റെ ചരിത്രം സമകാലിക മുസ്‌ലിംകള്‍ക്ക് മാതൃകയാകും വിധം ഹമദാനി ശൈഖ് ഉദ്ധരിക്കുന്നുണ്ട്:

''തീര്‍ച്ചയായും പ്രതാപിയും മഹാനുമായ അല്ലാഹു അരുള്‍ ചെയ്തിരിക്കുന്നു: 'എനിക്കു വേണ്ടി പരസ്പരം സ്‌നേഹിക്കുന്നവര്‍ എന്റെ സ്‌നേഹത്തിന് അര്‍ഹരായിരിക്കുന്നു. എനിക്കു വേണ്ടി ഒന്നിച്ച് അണിനിരക്കുന്നവര്‍ എന്റെ സ്‌നേഹത്തിന് അര്‍ഹരായിരിക്കുന്നു. എനിക്കു വേണ്ടി പരസ്പരം സന്ദര്‍ശിക്കുന്നവര്‍ എന്റെ സ്‌നേഹത്തിന് അര്‍ഹരായിരിക്കുന്നു. എനിക്കു വേണ്ടി പരസ്പരം വിനിമയം ചെയ്യുന്നവര്‍ എന്റെ സ്‌നേഹത്തിന് അര്‍ഹരായിരിക്കുന്നു. എനിക്കു വേണ്ടി പരസ്പരം സഹായിക്കുന്നവര്‍ എന്റെ സ്‌നേഹത്തിന് അര്‍ഹരായിരിക്കുന്നു.''(91)

'പ്രവാചകന്‍ ﷺ  അനുചരനായ അബൂദര്‍റുല്‍ ഗിഫാരി(റ)യോട് ചോദിച്ചു:

വിശ്വാസപാശങ്ങളില്‍ അതിബലിഷ്ഠമായതേതാണ്?'

അദ്ദേഹം പറഞ്ഞു: 'അല്ലാഹുവിനും തിരുദൂതര്‍ക്കും മാത്രമാണ് അതറിയുക.'

തിരുദൂതര്‍ അരുളി: 'അല്ലാഹുവിന്റെ കാര്യത്തിലുള്ള മൈത്രീബന്ധം. അല്ലാഹുവിന്റെ വിഷയത്തിലുള്ള ശത്രുത. അല്ലാഹുവിന്റെ കാര്യത്തിലുള്ള സ്‌നേഹം. അല്ലാഹുവിന്റെ കാര്യത്തിലുള്ള കോപം.'(92)

 

മുസ്‌ലിം സംഘടനയുടെ ലക്ഷ്യങ്ങള്‍

സംഘടനയുടെ നിര്‍വചനം അദ്ദേഹം ആദ്യം തന്നെ വ്യക്തമാക്കുന്നു:

'പ്രജകളില്‍ യോഗ്യന്മാരായ ഏതാനും ചിലര്‍ കൂടി പൊതുജന ക്ഷേമത്തിനു വേണ്ടിയോ പ്രത്യേകം ഒരു സമുദായത്തിനു വേണ്ടിയോ പ്രതിപാദ്യ വിഷയങ്ങളോടുകൂടി ചെയ്യുന്ന ഏതു തരത്തിലുള്ള ജനക്കൂട്ടത്തിനും 'സംഘം' അഥവാ 'സമാജം' അല്ലെങ്കില്‍ 'സഭ' എന്ന് പറയാവുന്നതാണ്.'(93)

സംഘങ്ങള്‍ എന്ന പ്രയോഗം സഹകരണ മേഖലയിലും സഭകള്‍ എന്ന വാക്ക് ക്രൈസ്തവ സംഘടനകള്‍ക്കും സമാജങ്ങള്‍ എന്ന പദം ഹൈന്ദവ സംഘടനകള്‍ക്കും പിന്നീട് കൂടുതല്‍ വ്യാപകമായി  ഉപയോഗിക്കപ്പെട്ടതുകൊണ്ട് ഹമദാനിയുടെ ഈ നിര്‍വചനം ഇക്കാലത്ത് സ്വതന്ത്രമായ ചട്ടക്കൂട്ടില്‍ തന്നെ വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. ഇസ്‌ലാമിക സംഘടനയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ എത്ര കൃത്യമായിട്ടാണ് ഹമദാനി തങ്ങള്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചിട്ടുള്ളതെന്ന് നോക്കുക:

'ഇപ്രകാരമുള്ള സംഘത്തിന്റെ ഉദ്ദേശം സമുദായ അംഗങ്ങളുടെ ഇടയിലുള്ള അന്ധവിശ്വാസവും ദുര്‍ഗുണം, ദുഷ്‌കര്‍മ്മം മുതലായവകളെയും ദൂരീകരിക്കുന്നതിനും വിദ്യാഭ്യാസ പ്രചാരണത്തെയും  ഐകമത്യത്തെയും പരസ്പര സഹായത്തെയും ഉണ്ടാക്കുന്നതിനും ആകുന്നു. എന്ന് മാത്രമല്ല, മനുഷ്യന്‍ തന്റെ സ്വഭാവഗുണത്തെ പരിഷ്‌കരിച്ച് നന്നാക്കുന്നതിനും താന്‍ ഇഹപര ശിക്ഷയില്‍നിന്ന് രക്ഷ പ്രാപിക്കുന്നതിനും തന്റെ ബഹുമാനപ്പെട്ടവയെ ബഹുജന ഹൃദയങ്ങളില്‍ ബലമായി സ്ഥാപിക്കുന്നതിനും വേണ്ടുന്ന ഏര്‍പ്പാടുകള്‍ ചെയ്യുന്നതുമാകുന്നു. മറ്റു ജീവികള്‍ക്ക് പ്രസ്തുത വിഷയങ്ങളില്‍ ഒന്നിലും ഏതൊരു ചിന്തയും ഇല്ലാത്തവകളും ആകുന്നു.'(94)

പരിഷ്‌കരണവും പരിവര്‍ത്തനവും മനുഷ്യസമാജത്തിന്റെ മാത്രം സഹജ സവിശേഷതകളാണല്ലോ. ആയിരം വര്‍ഷം മുമ്പത്തെ പശുജീവിതം ഇന്നും അശേഷം വ്യത്യാസപ്പെട്ടുകാണാത്തതും അതുകൊണ്ട് തന്നെയാണല്ലോ. എന്നിരിക്കെ, പരിവര്‍ത്തന സജ്ജമല്ലാത്ത സമാജത്തെ മാനവികമെന്ന് വിശേഷിപ്പിക്കുന്നതെങ്ങനെ?!

 

ഈജിപ്തിലെ ഇസ്ലാമിക സമാജം

'ഇസ്‌ലാം സമാജം എന്നതിന്റെ ഉത്ഭവസ്ഥാനം ഈജിപ്ത് ആകുന്നു. ആരംഭത്തില്‍ കേവലം മതസംബന്ധമായിരുന്ന ഈ സമാജത്തിന്റെ ഉദ്ദേശ്യം ഇസ്‌ലാമിലെ പരസ്പര വൈരികളായ അവാന്തര മതക്കാരെ എല്ലാം ഒന്നായി കൂട്ടിയിണക്കിച്ചേര്‍ക്കല്‍, അല്ലെങ്കില്‍ ഏറെക്കാലമായി നഷ്ടപ്പെട്ടുപോയിരിക്കുന്ന ഇസ്‌ലാമിലെ പൂര്‍വൈശ്വര്യത്തെ പുനരുജ്ജീവിപ്പിക്കുക എന്നുള്ളതായിരുന്നു.'(95)

തുടര്‍ന്ന് ഇസ്ലാമിക സമാജം യാഥാര്‍ഥ്യമാകുന്നതിന് വേണ്ടി സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനിയും(96) ശൈഖ് മുഹമ്മദ് അബ്ദുവും(97) സയ്യിദ് റശീദ് റിദയും(98) അബ്ദുറഹ്മാന്‍ കവാകിബിയും(99) ചെയ്ത പരിശ്രമങ്ങള്‍  വിവരിക്കുന്നുണ്ട്. ആ അവസരം മുതലെടുക്കാന്‍ വേണ്ടി ഉസ്മാനി ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ അബ്ദുല്‍ ഹമീദ്(100) കാണിച്ച തന്ത്രജ്ഞതയും ഹമദാനി ഇല്‍ഫതുല്‍ ഇസ്‌ലാമില്‍ വിവരിക്കുന്നുണ്ട്.

 

ആധാര സൂചിക

(71) 'അല്‍ ഇല്‍ഫതുല്‍ ഇസ്ലാമിയ്യ ഫീ തഅ്‌ലീഫില്‍ ഉഖുവ്വത്തില്‍ ഈമാനിയ്യ,' ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍. സി.സൈദാലിക്കുട്ടി മാസ്റ്ററുടെ തിരൂര്‍ കാവുങ്ങല്‍ പറമ്പ് മത്വ്ബഅതുസ്സ്വലാഹിയ്യ ലിത്തോ പ്രസ്സ്. ഒന്നാം പതിപ്പ്, ഹി.1334 റബീഉല്‍ ആഖര്‍/1916 ഫെബ്രുവരി, താള്‍ 26,27.

(72) പ്രവാചകാനുചരനായ  മുആവിയത്ത്ബ്‌നു അബീസുഫ്‌യാന്‍(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം. പ്രഗത്ഭ ഹദീഥ് പണ്ഡിതനായ ഇമാം അഹ്മദുബ്ന്‍ ഹന്‍ബല്‍ 'മുസ്‌നദുല്‍ ഇമാം അഹ്മദ്' എന്ന തന്റെ ഹദീഥ് സമാഹാര ഗ്രന്ഥത്തില്‍ നമ്പര്‍ 16434 ആയി ഉദ്ധരിച്ചത്.

ഇതേ ആശയത്തില്‍ വ്യത്യസ്ത പദങ്ങളോടുകൂടിയ ഹദീഥുകള്‍ പ്രവാചകാനുചരന്മാരായ അബൂ ഹുറയ്‌റ(റ), അബ്ദുല്ലാഹിബ്‌നു ഉമറുബ്‌നുല്‍ ഖത്വാബ്(റ) എന്നിവരില്‍ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.

(73) പ്രവാചകാനുചരനായ അനസുബ്‌നു മാലിക്(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം. പ്രസിദ്ധ ഹദീഥ് പണ്ഡിതനായ ഇമാം ബുഖാരി 'സ്വഹീഹുല്‍ ബുഖാരി' എന്ന പേരില്‍ അറിയപ്പെട്ട 'അല്‍ ജാമിഉല്‍ മുസ്‌നദുസ്സ്വഹീഹുല്‍ മുഖ്ത്വസ്വറു മിന്‍ ഉമൂരി റസൂലില്ലാഹി ﷺ  വ സുനനിഹി വ അയ്യാമിഹി' എന്ന തന്റെ ഹദീഥ് സമാഹാര ഗ്രന്ഥത്തില്‍ നമ്പര്‍ 6723 ആയി ഉദ്ധരിച്ചിട്ടുണ്ട്.

(74) പ്രവാചകാനുചരന്മാരില്‍ വെച്ച്  ഏറ്റവും കൂടുതല്‍ ഹദീഥുകള്‍ നിവേദനം ചെയ്ത അബൂഹുറൈറ(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം പ്രഗല്‍ഭ ഹദീഥ് പണ്ഡിതനായ ഇമാം മുസ്‌ലിം 'സ്വഹീഹു മുസ്ലിം' എന്ന പേരില്‍ പ്രസിദ്ധമായ 'അല്‍ മുസ്‌നദു സ്സ്വഹീഹുല്‍ മുഖ്ത്വസ്വറു മിനസ്സുനനി ബി നക്വ് ലില്‍ അദ്‌ലി മിനല്‍ അദ്‌ലി ഇലാ റസൂലില്ലാഹി ﷺ ' എന്ന തന്റെ ഹദീഥ് സമാഹാര ഗ്രന്ഥത്തില്‍ നമ്പര്‍ 1248 ആയി ഉദ്ധരിച്ചത്.

(75) പ്രവാചകാനുചരനായ  അബ്ദുല്ലാഹി ബ്‌നു അംറ്(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം പ്രഗല്‍ഭ ഹദീഥ് പണ്ഡിതനായ ഇമാം അഹ് മദ് ബ്ന്‍ ഹന്‍ബല്‍ 'മുസ്‌നദുല്‍ ഇമാം അഹ്മദ്' എന്ന തന്റെ ഹദീഥ് സമാഹാര ഗ്രന്ഥത്തില്‍ സ്വീകാര്യമായ പരമ്പരയോടെ നമ്പര്‍ 13145 ആയി ഉദ്ധരിച്ചത്.

(76) അന്ധന്മാരായ. ലോകത്ത് നടക്കുന്ന മാറ്റങ്ങള്‍ നോക്കിക്കാണാന്‍ കൂട്ടാക്കാത്ത പണ്ഡിതവേഷധാരികളെയാണ് ഹമദാനി തങ്ങള്‍ ഈ പ്രയോഗത്തിലൂടെ ലക്ഷ്യം വെക്കുന്നത്.

(77) അല്‍ ഇല്‍ഫത്തുല്‍ ഇസ്ലാമിയ്യ ഫീ തഅ്ലീഫില്‍ ഉഖുവ്വത്തില്‍ ഈമാനിയ്യ, ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍, സി.സൈദാലിക്കുട്ടി മാസ്റ്ററുടെ തിരൂര്‍ കാവുങ്ങല്‍ പറമ്പ് മത്വ്ബഅത്തുസ്വലാഹിയ്യ ലിത്തോ പ്രസ്സ്, ഒന്നാം പതിപ്പ്, ഹി.1334 റബീഉല്‍ ആഖര്‍/1916 ഫെബ്രുവരി, താള്‍ 32.

(78) ആധികാരിക സാഹിത്യ പഠന ഗ്രന്ഥങ്ങളില്‍ അബുല്‍ അസ്‌വദുദ്ദുഅലിയാണ് ഈ കവിതയുടെ കര്‍ത്താവ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഹിജ്‌റക്ക് 16 വര്‍ഷം മുമ്പ് ഇറാഖിലെ ബസ്വറയില്‍ ജനിച്ച് ഹിജ്‌റ 69ല്‍ മരണപ്പെട്ട (എ.ഡി 603-688) ഉമവീ കാലഘട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ അറബിഭാഷാ പണ്ഡിതനായിരുന്നു ദുഅലി. ബസ്വറയിലെ പ്രഭുവും വിധികര്‍ത്താവും ആയിരുന്നു. പ്രവാചകന്റെ ജീവിതകാലത്ത് തന്നെ അദ്ദേഹത്തില്‍ വിശ്വസിച്ചിരുന്നുവെങ്കിലും പ്രവാചക സഹവാസമില്ലാത്തതിനാല്‍ പ്രവാചകനുചരന്മാരായ സ്വഹാബികളുടെ അനുഗാമികളായ താബിഉകളില്‍ പ്രമുഖനായിട്ടാണ് അദ്ദേഹം പരിഗണിക്കപ്പടുന്നത്. സാരസമ്പൂര്‍ണമായ നിരവധി കാവ്യങ്ങളുടെ സമാഹാരം തന്നെ രചിച്ചിട്ടുണ്ട്. അറബി വ്യാകരണത്തിന്റെ പിതാവായ അദ്ദേഹമാണ് അലി(റ)വിന്റെ നിര്‍ദേശ പ്രകാരം വിശുദ്ധ ക്വുര്‍ആനിന്റെ ലിഖിത രൂപമായ മുസ്വ്ഹഫിലെ അക്ഷരങ്ങള്‍ തയ്യാറാക്കുകയും നാം ഇന്ന് കാണുന്നത് പോലെ, അറബി അക്ഷരങ്ങളുടെ മുകളില്‍ ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പുളളികളും താഴെ ഒന്നോ രണ്ടോ പുള്ളികളും കൂട്ടിച്ചേര്‍ത്തത്. അദ്ദേഹത്തിന്റെ വ്യാകരണ രചനകളെ പ്രശംസിച്ചുകൊണ്ട് അലി(റ) നടത്തിയ പ്രസ്താവനയിലെ ഒരു പദപ്രയോഗത്തില്‍ നിന്നാണ് അറബി വ്യാകരണത്തിന് 'നഹ്‌വ്' എന്ന പേര് വന്നത്.

(79) കവിതയിലെ ഒന്നാമത്തെ വരിയുടെ ആശയം ഇങ്ങനെ മനസ്സിലാക്കാം: അനുകരണീയമായ പ്രവൃത്തികള്‍ നിര്‍വഹിക്കുകയും അതോടൊപ്പം സകല തിന്മകളെയും എതിര്‍ക്കുകയും ചെയ്തിരുന്നവരൊക്കെ മണ്‍മറഞ്ഞുപോയി.

(80) കവിതയിലെ രണ്ടാമത്തെ വരിയുടെ ആശയം ഇതാണ്: അന്ത്യകാലമാകുമ്പോള്‍ സല്‍സ്വഭാവികള്‍ക്ക് പകരം ദുഃസ്വഭാവികള്‍ നേതൃരംഗത്ത് വരുകയും നിലനില്‍പിനു വേണ്ടി അവര്‍ പരസ്പരം പ്രശംസിക്കുകയും ചെയ്യും.

(81) കവിതയിലെ മൂന്നാമത്തെ വരിയുടെ സാരം ഇതാണ്: സത്യത്തിന്റെ ഋജുവായ ഏകവഴി വിട്ട് ആകര്‍ഷണീയമായ വിവിധ അസത്യമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നവര്‍ക്ക് ദൈവിക മാര്‍ഗദര്‍ശനം എന്ന മനുഷ്യജീവിതത്തിലെ ഏറ്റവും മഹത്തായ സൗഭാഗ്യം ലഭിക്കുകയില്ല തന്നെ.

(82) വിശുദ്ധ ക്വുര്‍ആന്‍, അധ്യായം 3 ആലുഇംറാന്‍, വചനം 19.

(83) വിശുദ്ധ ക്വുര്‍ആന്‍, അധ്യായം 49 അല്‍ഹുജുറാത്ത്, വചനം 10.

(84) പ്രവാചകാനുചരനായ  നുഅ്മാനുബ്‌നു ബശീര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം പ്രഗത്ഭ ഹദീഥ് പണ്ഡിതനായ ഇമാം മുസ്‌ലിം 'സ്വഹീഹു മുസ്ലിം' എന്ന പേരില്‍ പ്രസിദ്ധമായ 'അല്‍ മുസ്‌നദുസ്സ്വഹീഹുല്‍ മുഖ്ത്വസ്വറു മിനസ്സുനനി ബി നക്വ്‌ലില്‍ അദ്‌ലി മിനല്‍ അദ്‌ലി ഇലാ റസൂലില്ലാഹി ﷺ ' എന്ന തന്റെ ഹദീഥ് സമാഹാര ഗ്രന്ഥത്തില്‍ നമ്പര്‍ 2586 ആയി ഉദ്ധരിച്ചത്.

ഇതേ ഹദീഥ് പ്രസിദ്ധ ഹദീഥ് പണ്ഡിതനായ ഇമാം ബുഖാരി 'സ്വഹീഹുല്‍ ബുഖാരി' എന്ന തന്റെ ഹദീഥ് സമാഹാര ഗ്രന്ഥത്തില്‍ നമ്പര്‍ 6011 ആയും ഉദ്ധരിച്ചിട്ടുണ്ട്.

(85) പ്രവാചകാനുചരനായ  അബൂ മൂസല്‍അശ്അരി(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം. 'സ്വഹീഹു മുസ്ലിം' നമ്പര്‍ 2585 ആയി ഉദ്ധരിച്ചത്. ഇതേ ഹദീഥ് 'സ്വഹീഹുല്‍ ബുഖാരി'യില്‍ നമ്പര്‍ 2466 ആയും ഉദ്ധരിച്ചിട്ടുണ്ട്.

(86) പ്രവാചകാനുചരന്മാരില്‍ പ്രസിദ്ധനായ  അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം, 'സ്വഹീഹു മുസ്ലിം' നമ്പര്‍ 2564 ആയി ഉദ്ധരിച്ചത്.

(87) പ്രവാചകാനുചരനായ നുഅ്മാനുബ്‌നു ബശീര്‍(റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം. ഇമാം അഹ്മദ്ബ്ന്‍ ഹന്‍ബല്‍ തന്റെ 'മുസ്‌നദുല്‍ ഇമാം അഹ്മദ്' എന്ന ഹദീഥ് സമാഹാര ഗ്രന്ഥത്തില്‍ നമ്പര്‍ 18449 ആയി ഉദ്ധരിച്ചത്. ശൈഖ് അല്‍ബാനിയുടെ പ്രബല ഹദീഥുകളുടെ പരമ്പരയില്‍ (സില്‍സിലതുല്‍ അഹാദീഥിസ്സ്വഹീഹഃ എന്ന ഗ്രന്ഥ പരമ്പര) നമ്പര്‍ 3014 ആയി ചേര്‍ത്തത്.

(88) പ്രവാചകാനുചരനായ  നുഅ്മാനുബ്‌നു ബശീറില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം. മുസ്‌നദുല്‍ ഇമാം അഹ്മദ്, ഹദീഥ് നമ്പര്‍ 18472. ശൈഖ് അല്‍ബാനിയുടെ 'സ്വഹീഹുത്തര്‍ഗീബ്' ല്‍ നമ്പര്‍ 976 ആയി ചേര്‍ത്തത്.

(89) പ്രവാചകാനുചരനായ അനസ്ബ്‌നു മാലിക് (റ)ല്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം. ഇമാം ബുഖാരി 'അല്‍ അദബുല്‍ മുഫ്‌റദ്' എന്ന തന്റെ ഹദീഥ് സമാഹാര ഗ്രന്ഥത്തില്‍ നമ്പര്‍ 544 ആയി ഉദ്ധരിച്ചത്. ശൈഖ് അല്‍ബാനിയുടെ പ്രബല ഹദീഥുകളുടെ പരമ്പരയില്‍ നമ്പര്‍ 450 ആയി ചേര്‍ത്തത്.

(90) പ്രസിദ്ധനായ  പ്രവാചകനുചരന്‍ അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം. ഇമാം ഇറാക്വീ 'തഖ്‌രീജുല്‍ ഇഹ്‌യാ' യില്‍ നമ്പര്‍ 2/198 ആയി ഉദ്ധരിച്ചത്. പരമ്പര പ്രബലമാണ്.

(91) പ്രവാചകാനുചരന്‍ അംറ്ബ്‌നു അബസ(റ)യില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം. ഇമാം ശുഐബുല്‍ അര്‍നാഊത്വ് 'തഖ്‌രീജുല്‍ മുസ്‌നദ്'ല്‍ നമ്പര്‍ 19438 ആയി ഉദ്ധരിച്ചത്.പരമ്പര പ്രബലമാണ്.

(92) പ്രവാചകാനുചരനായ അബ്ദുല്ലാഹിബ്‌നു അബ്ബാസ്(റ)വില്‍ നിന്ന് നിവേദനം ചെയ്യപ്പെട്ട പ്രവാചക വചനം. മുസ്‌നദുല്‍ ഇമാം അഹ്മദ് 2/480. ഇമാം ത്വബ്‌റാനി 'അല്‍ മുഅ്ജമുല്‍ കബീറി'ല്‍ നമ്പര്‍  11/215 ആയും ഉദ്ധരിച്ചത്. ശൈഖ് അല്‍ബാനിയുടെ പ്രബല ഹദീഥുകളുടെ പരമ്പരയില്‍ 998,1728 എന്നീ നമ്പറുകളില്‍ ചേര്‍ത്തത്.

(93) 'അല്‍ ഇല്‍ഫതുല്‍ ഇസ്ലാമിയ്യ...' ഒന്നാം പതിപ്പ്, ഹി.1334 റബീഉല്‍ ആഖര്‍/1916 ഫെബ്രുവരി, താള്‍ 46.

(94) അതേ അവലംബം, താള്‍ 46.

(95) അതേ അവലംബം, താള്‍ 47.

(96) 19ാം നൂറ്റാണ്ടിലെ മുസ്‌ലിം നവോത്ഥാന നായകനായിരുന്നു സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി. തത്ത്വചിന്തകന്‍, എഴുത്തുകാരന്‍, വാഗ്മി, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രശസ്തനാണ്. ഒരു നൂറ്റാണ്ടു കാലത്തിനിടക്ക് മുസ്‌ലിം രാജ്യങ്ങളില്‍ ഉയിര്‍ത്തെഴുന്നേറ്റ സ്വാതന്ത്ര്യ സമരങ്ങളിലും ഭരണഘടനാ പ്രസ്ഥാനങ്ങളിലും അഫ്ഗാനി വലിയ പങ്കുവഹിച്ചു. ഇരുപതാം നൂറ്റാണ്ടില്‍ ഉയര്‍ന്നു വന്ന ഇസ്‌ലാമിക നവോത്ഥാന ശ്രമങ്ങളുടെ പ്രോല്‍ഘാടകനായും അദ്ദേഹം അറിയപ്പെടുന്നു. പാന്‍ ഇസ്‌ലാമിസത്തിന്റെ ശക്തനായ വക്താവും അറബ്-ഇസ്‌ലാമിക രാജ്യങ്ങളില്‍ ഉയര്‍ന്നു വന്ന അപകോളനീകരണ പ്രസ്ഥാനങ്ങളുടെ സൈദ്ധാന്തിക പ്രായോഗിക ആചാര്യനുമായിരുന്നു അദ്ദേഹം.

(97) ശൈഖ് മുഹമ്മദ് അബ്ദു (1845-1905). മത വിദ്യാഭ്യാസ മേഖലയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട ഈജിപ്ഷ്യന്‍ പണ്ഡിതന്‍. ജമാലുദ്ദീന്‍ അഫ്ഗാനിയുടെ ശിഷ്യന്‍. റശീദ് റിദയുടെ ഗുരുനാഥന്‍.

(98) പ്രഗത്ഭനായ മുസ്‌ലിം പണ്ഡിതനായിരുന്ന മുഹമ്മദ് റശീദ് രിദ സിറിയയിലാണ് ജനിച്ചത്. പാരമ്പര്യ ഇസ്‌ലാമിക വിഷയങ്ങളില്‍ വിദ്യാഭ്യാസം നേടിയ അദ്ദേഹം 1884-85 കാലത്ത് മുഹമ്മദ് അബ്ദുവും ജമാലുദ്ദീന്‍ അഫ്ഗാനിയും നടത്തിയിരുന്ന 'അല്‍ഉര്‍വതുല്‍വുഥ്ക്വാ' എന്ന പ്രസിദ്ധീകരണവുമായി ആദ്യമായി പരിചയപ്പെട്ടു. 1897ല്‍ സിറിയയില്‍ നിന്ന് കൈറൊയിലേക്ക് പോയി. അവിടെ മുഹമ്മദ് അബ്ദുവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. അടുത്ത വര്‍ഷം തന്നെ 'അല്‍മനാര്‍' എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം ആരംഭിക്കുകയും ചെയ്തു. ക്വുര്‍ആന്‍ വ്യാഖ്യാനങ്ങള്‍ ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക വിഷയങ്ങള്‍ കൈകാര്യം ചെയ്ത ഈ പ്രസിദ്ധീകരണം ആദ്യം ആഴ്ചപ്പതിപ്പായും ശേഷം മാസികയായും പ്രസിദ്ധീകരിച്ചുവന്നു. 1935 ല്‍ തന്റെ മരണം വരെ റശീദ് രിദ അല്‍മനാറില്‍ തുടര്‍ന്നു. തന്റെ മുന്‍ഗാമികളെ പോലെ തന്നെ റശീദ് രിദയും മുസ്‌ലിം സമൂഹത്തിലെ ദൗര്‍ബല്യങ്ങളായ പാശ്ചാത്യ കോളനിവത്കരണം, സ്വൂഫിസത്തിന്റെ അമിത കടന്നുകയറ്റം, അന്ധമായ അനുകരണം, പണ്ഡിതന്മാരുടെ നിര്‍ജീവത, ശാസ്ത്ര-സാങ്കേതിക രംഗത്ത് മുസ്‌ലിംകളുടെ പുരോഗതിയുടെ അഭാവംമൂലം ഉണ്ടായ പരാജയം തുടങ്ങിയ പ്രശ്‌നങ്ങളില്‍ നിന്നുള്ള മോചനത്തിലായിരുന്നു ശ്രദ്ധകേന്ദ്രീകരിച്ചത്.

(99) അബ്ദുറഹ്മാന്‍ കവാകിബി (1849-1903), അറബ് ദേശീയതയുടെ വാക്താവ്. സിറിയന്‍ എഴുത്തുകാരന്‍. മരണം കൈറോവില്‍. സ്ത്രീകളുടെ പൊതുപങ്കാളിത്തത്തിന്റെ കുറവിനെ മുസ്‌ലിം പിന്നാക്കാവസ്ഥയുടെ പ്രധാന കാരണമായി ദര്‍ശിച്ചു.

(100) തുര്‍ക്കിയിലെ 36ാമത്തെ ഉഥ്മാനിയാ സുല്‍ത്താനായിരുന്നു അബ്ദുല്‍ ഹമീദ് രണ്ടാമന്‍. ഉഥ്മാനിയാ സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഒന്നാമന്റെ (182-361) അഞ്ചാമത്തെ പുത്രനായി 1842 സെപ്റ്റംബര്‍ 21ന് ഇസ്താംബൂളില്‍ ജനിച്ചു. മിദ്ഹത്ത് പാഷയുടെ നേതൃത്വത്തില്‍ യുവതുര്‍ക്കികള്‍ സുല്‍ത്താനായ മുറാദ് അഞ്ചാമനെ പുറത്താക്കിയതിനെത്തുടര്‍ന്ന് 1876 സെപ്റ്റംബര്‍ 1ന് അബ്ദുല്‍ ഹമീദ് രണ്ടാമന്‍ സുല്‍ത്താനായി അഭിഷിക്തനായി. ഉടനെതന്നെ ആദ്യത്തെ ഉഥ്മാനിയാ ഭരണഘടന 1876 ഡിസംബര്‍ 23ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ദ്വിമണ്ഡല നിയമസഭ തുര്‍ക്കിക്കുണ്ടായി. ആദ്യത്തെ നിയമസഭ 1877 മാര്‍ച്ച് 17ന് അഹമ്മദ് തൗഫീക്ക് പാഷായുടെ അധ്യക്ഷതയില്‍ വിളിച്ചുകൂട്ടി.

രാഷ്ട്രീയത്തിലും ഭരണ നിര്‍വഹണത്തിലും നിപുണനായിരുന്നു അബ്ദുല്‍ ഹമീദ് രണ്ടാമന്‍. അദ്ദേഹത്തിന്റെ രാഷ്ട്രീയ വൈഭവത്തെ കുറിച്ച് ജമാലുദ്ദീന്‍ അഫ്ഗാനി വിവരിക്കുന്നത് കാണുക: 'ഒരു തട്ടില്‍ സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിനെയും മറുതട്ടില്‍ അക്കാലത്തെ നാല് പ്രമുഖവ്യക്തിത്വങ്ങളെയും നിര്‍ത്തി താരതമ്യം ചെയ്താല്‍ ബുദ്ധിയിലും തന്ത്രത്തിലും രാഷ്ട്രീയത്തിലും അവരെക്കാള്‍ മികച്ചു നിന്നിരുന്നത് അദ്ദേഹമായിരുന്നു. തന്നോടൊപ്പം ഇരിക്കുന്നവരെ കീഴ്‌പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിന് പ്രത്യേക കഴിവായിരുന്നു. എതിരാളികള്‍ പോലും അദ്ദേഹത്തിന്റെ സദസ്സില്‍ നിന്ന് ഇറങ്ങിപ്പോയിരുന്നത് അദ്ദേഹത്തിന്റെ പെരുമാറ്റത്തിലും ചര്യയിലും ന്യായങ്ങളിലും തൃപ്തരായിക്കൊണ്ടായിരുന്നു. രാഷ്ട്രീയത്തിന്റെ സൂക്ഷ്മമായ കാര്യങ്ങളെയും പാശ്ചാത്യ രാഷ്ട്രങ്ങളുടെ ലക്ഷ്യങ്ങളെയും കുറിച്ച് നന്നായി അറിയുന്ന ഒരാളായിട്ടാണ് ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടുള്ളത്. തന്റെ ഭരണത്തിന് മുന്നിലുള്ള ഏത് ഗര്‍ത്തത്തില്‍ നിന്നും മോചനം നേടാനും മറികടക്കാനും സജ്ജനായിരുന്നു അദ്ദേഹം.'