ഗുരു ശിഷ്യ ബന്ധങ്ങളെ വിഷം തീണ്ടുമ്പോള്‍

മുസ്‌ലിം ബിന്‍ ഹൈദര്‍

2019 ഡിസംബര്‍ 07 1441 റബിഉല്‍ ആഖിര്‍ 10

തണുപ്പ് പുതച്ച വയനാടിന്റെ ശാന്തതയില്‍ അധ്യയനം നടത്തിക്കൊണ്ടിരുന്ന 'സര്‍വജന' സ്‌കൂള്‍ സര്‍വര്‍ക്കും ചൂടുള്ള വാര്‍ത്തയാണിന്ന്. മലയാളിക്ക് അത്രമേല്‍ ആഘാതം സമ്മാനിച്ചാണ് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ അഞ്ചാം ക്ലാസുകാരി ഷഹ്‌ല ഷെറിന്‍ ഈ ലോകത്തോട് വിട പറഞ്ഞത്. കാണാനോ കേള്‍ക്കാനോ ആവര്‍ത്തിക്കാനോ ആഗ്രഹിക്കാത്ത വാര്‍ത്തക്ക് പാത്രീഭൂതയായത് കൊച്ചുമകളായതുകൊണ്ട് ആ സംഭവവികാസങ്ങളുടെ ഓര്‍മക്കു പോലും കണ്ണുനീരിന്റെ അകമ്പടിയുണ്ട്.

അന്നേദിവസത്തില്‍ നടന്ന സംഭവം സമയക്രമം വെച്ച് വിവരിക്കുന്നുവെങ്കിലും അധ്യാപക-വിദ്യാര്‍ഥി ബന്ധങ്ങള്‍ക്കിടയിലെ സ്‌നേഹ കരുതലുകള്‍ക്കേറ്റ പരിക്ക് തന്നെയാണ് കുട്ടിയെ മരണത്തിലേക്കെത്തിച്ചതെന്ന് വ്യക്തമാവുകയാണ്. കുറ്റക്കാര്‍ ശിക്ഷിക്കപ്പെടുന്നതിലും അനന്തര നടപടിക്രമങ്ങളിലും ആശ്വാസം കണ്ടെത്താന്‍ ഷഹ്‌ല മോള്‍ ജീവനോടെ ഇല്ലാത്തതാണ് വേദന.

'പുഞ്ചിരി മാഞ്ഞു'വെന്ന മലയാള വാക്ക് ശരിക്കും ബോധ്യമാവണമെങ്കില്‍ അതിനു ശേഷം പത്രമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട അവളുടെ ചിത്രങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതി. കുട്ടികള്‍ക്ക് സംഭവിക്കുന്ന അപകടങ്ങളില്‍ ഷഹ്ല ഷെറിന്‍ മാത്രം ഇത്രയധികം മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമായത് ചികില്‍സയിലേക്കെത്തുന്നതിന് മുമ്പും പിമ്പുമുള്ള കുറ്റകരമായ അനാസ്ഥയാണ്. കേട്ടതെല്ലാം സത്യമാണെങ്കില്‍, അധ്യാപനത്തിന്റെ അന്തസ്സത്ത അടുത്തറിയാത്ത ഒരാള്‍ കാരണമായി ഉണ്ടായതാണ് ഇത്രയും ദയനീയരംഗങ്ങള്‍.

വീട,് സ്‌കൂള്‍, വാഹനം, കളിസ്ഥലം തുടങ്ങി കുട്ടികളുടെ ജീവിതപരിസരത്തേക്ക് ഗൗരവത്തോടെ ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ഇതുപോലെയുള്ള സംഭവങ്ങള്‍ ബുദ്ധിയുള്ളവരോട് വിളിച്ചുപറയുന്നത്.

അധ്യാപനത്തിന്റെ മഹത്ത്വത്തെ കുറിച്ചും ആ ജോലിയുടെ വിശാല മേഖലകളെ കുറിച്ചും അധ്യാപകര്‍ ആദ്യപഠനം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒരിക്കലും ജോലി എന്ന രണ്ടക്ഷരത്തിന്റെ അര്‍ഥ തലങ്ങളില്‍ അധ്യാപനം കെട്ടുപിണഞ്ഞു കിടക്കരുത്.

ചോദ്യം ചെയ്യപ്പെടുന്ന ഏറ്റവും വലിയ ഉത്തരവാദിത്തം നിര്‍വഹിക്കാന്‍ ഭാഗ്യം ലഭിച്ചവനാണ് താനെന്ന ബോധത്തോടെ കര്‍മരംഗത്ത് ജാഗരൂകരാവുകയാണ് അധ്യാപകര്‍ ചെയ്യേണ്ടത്. അത്തരത്തിലുള്ള ഒരു അധ്യാപകനില്‍ നിന്നും മൂല്യങ്ങള്‍ക്ക് നിരക്കാത്ത ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. തലമുറകളുടെ നല്ലനടപ്പിന് വഴിമരുന്നിട്ട് സ്വയം മുന്നിടുന്നതും മൂല്യബോധമുള്ള ഒരു സമൂഹത്തെ കെട്ടിപ്പടുക്കുന്നതും ഒരു അധ്യാപകന്‍ തന്നെ.

വര്‍ത്തമാനകാലത്തെ പത്രമാധ്യമങ്ങള്‍ ദിവസവും മുന്നില്‍ എത്തിക്കുന്ന ചില അധ്യാപകരുടെ ചില വാര്‍ത്തകള്‍ ഒട്ടും ആശാവഹമല്ല. സമൂഹത്തിലെ പല ക്രിമിനല്‍ കുറ്റങ്ങളിലും ഏതെങ്കിലുമൊരു അധ്യാപകനെ നമ്മള്‍ കാണുന്നുണ്ട്!

ഒരു കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ അതില്‍ ഒരു അധ്യാപകന്‍ ഉണ്ടാവരുതെന്ന് ലോകം ആഗ്രഹിക്കുന്നുണ്ട്. അതിനു കാരണം പൊതുസമൂഹ ഹൃദയത്തില്‍ അധ്യാപകനുള്ള സ്‌നേഹവും ബഹുമാനവും തന്നെയാണ്. അവരില്‍ നിന്ന് നന്മയുടെ നാമ്പുകല്ലാതെ തിന്മയുടെ വഴിയടയാളങ്ങള്‍ ആരും ഒരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ!

സമൂഹം ഇത്രമേല്‍ മക്കളെ വിശ്വസിച്ചേല്‍പിച്ച മറ്റൊരു വിഭാഗം ഭൂമിക്കു മുകളില്‍ ഉണ്ടോ എന്ന് സംശയമാണ്. 'ആശാനക്ഷരമൊന്നു പിഴച്ചാല്‍ അമ്പത്തെട്ട് പിഴക്കും ശിഷ്യന്' എന്ന പഴമൊഴി കേവലം വായനക്ക് മാത്രമുള്ളതല്ല.

നിരീക്ഷണത്തെയും ഉള്‍ക്കാഴ്ചയെയും സ്‌നേഹത്തില്‍ ചാലിച്ചും ഭംഗിയോടെ സമന്വയിപ്പിച്ചും വ്യക്തമായ മുന്നൊരുക്കത്തോടെ മക്കള്‍ക്ക് മുന്നിലെത്തുന്ന അധ്യാപകനില്‍ നിന്ന് വിജ്ഞാന വാതിലുകള്‍ തുറക്കപ്പെടുന്നത് മക്കള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതെ! അതിരാവിലെ ശുദ്ധപ്രകൃതിയില്‍ മുന്നിലിരിക്കുന്ന ഒഴിഞ്ഞ മനസ്സ്.

അധ്യാപക വചസ്സുകള്‍ മുഴുവന്‍ കുട്ടികള്‍ പെറുക്കിയെടുക്കുമെന്നതിനാല്‍ നാക്കിനും നോക്കിനും കടുത്ത നിയന്ത്രണവും പരിശീലനവും അനിവാര്യമാണ്.

കുട്ടികളുടെ ഹൃദയത്തില്‍ സ്‌നേഹത്തോടെ വസിക്കുന്ന അധ്യാപകനാണോ താനെന്ന ചോദ്യം ഒരധ്യാപകനെ എപ്പോഴും പിന്തുടരേണ്ടതുണ്ട്. കുട്ടി പഠിക്കുന്നില്ല, അച്ചടക്കം പാലിക്കുന്നില്ല... എന്നിങ്ങനെയുള്ള കുറ്റപ്പെടുത്തലുകള്‍ക്കുള്ള അടിസ്ഥാന കാരണമന്വേഷിച്ചുള്ള അധ്യാപകന്റെ സത്യസന്ധമായ യാത്ര ഒരുപക്ഷേ, സ്വഭാവ പുനഃക്രമീകരണത്തിന് വഴിവെച്ചേക്കും!

പ്രായപൂര്‍ത്തിയായ വലിയ മനുഷ്യന്റെ ചെറിയ രൂപമല്ല കുട്ടി. കുട്ടി കുട്ടി തന്നെയാണ്. അവരുടെ ചിന്തയും ഇഷ്ടാനിഷ്ടങ്ങളും വലിയവരില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്

40-45 മിനിറ്റ് ദൈര്‍ഘ്യമുള്ള പിരീഡില്‍ നിര്‍ണിത പാഠഭാഗം ഒരു കടമയെന്നോണം കവര്‍ ചെയ്യാന്‍ വെമ്പല്‍കൊള്ളുന്ന അധ്യാപക സമൂഹത്തെ ഈ ജൈത്രയാത്രക്കിടയില്‍ കാണാതിരുന്നിട്ടില്ല. പിന്‍ ബെഞ്ചിലെ മയക്കത്തിനും ടെക്സ്റ്റ് പുസ്തകത്തിനുള്ളിലെ കഥാപുസ്തകത്തിനും കാരണക്കാര്‍ ഈ യാന്ത്രിക അധ്യാപകര്‍ തന്നെയാണ്. സ്വയം വിമര്‍ശനത്തിനും വിലയിരുത്തലിനും അവസരം നല്‍കാനും തനിക്ക് അറിവില്ലാത്തവ മറ്റുള്ളവരോട് ചോദിച്ചു പഠിക്കാനുള്ള വലിയ മനസ്സ് നമുക്ക് ആവശ്യമാണ്. തന്നെ തിരുത്താന്‍ ഈ വിദ്യാലയത്തില്‍ മറ്റാരുമില്ലെന്നും താന്‍ മാത്രമാണ് ശരിയായ ദിശയില്‍ സഞ്ചരിക്കുന്നതെന്നുമുള്ള മിഥ്യാബോധം നമ്മെ ഗ്രസിച്ചു കൂടാ. അങ്ങനെയെങ്കില്‍ അധ്യാപന ജോലി നമുക്ക് ഭൂഷണമല്ല.

നിയമവും നിയമ സംവിധാനങ്ങളും അധ്യാപക സമൂഹവും വയനാട്ടിലേക്കും അതുവഴി കേരളത്തിലെ മറ്റു വിദ്യാലയങ്ങളുടെ അകത്തളങ്ങളിലേക്കും എത്തിനോക്കാന്‍ ഒരു കുരുന്നിന്റെ ജീവന്‍ പൊലിയേണ്ടിവന്നു എന്നത് സങ്കടകരമാണ്. ആ കുഞ്ഞിന്റെ സ്വര്‍ഗപ്രവേശനത്തിന് വേണ്ടി ആത്മാര്‍ഥമായി നമുക്ക് പ്രാര്‍ഥിക്കാം.

ഫസ്റ്റ് ബെല്ലടിക്കുന്നതിന്റെ അഞ്ചു മിനിറ്റ് മുമ്പെങ്കിലും അധ്യാപകന്‍ ക്ലാസിലെത്തുക എന്നത് അധ്യാപനത്തോടൊപ്പം വിദ്യാലയത്തോടും അതിലുപരി പ്രതീക്ഷയോടെ കാത്തിരിക്കുന്ന മക്കളോടുമുള്ള ആദ്യ കടമ പൂര്‍ത്തീകരണമാണ്.

ആകെ ലഭിക്കുന്ന സമയത്തിനുള്ളില്‍ നിന്ന് അന്നേക്ക് ആവശ്യമായ വിഭവങ്ങള്‍ നല്‍കാനും നല്‍കിയ വിഭവങ്ങള്‍ ഹൃദ്യതയോടെ സ്വീകരിച്ചുവെന്ന് ഉറപ്പാക്കാനും അധ്യാപകന്‍ ശ്രദ്ധിക്കണം. അടുത്ത ദിവസത്തെ വരവിനെ പ്രതീക്ഷിച്ചുകൊണ്ടായിരിക്കണം ഓരോ ക്ലാസില്‍ നിന്നും പടിയിറങ്ങേണ്ടത്.

മനുഷ്യനെന്ന നിലയില്‍ സ്വാഭാവികമായുമുണ്ടാകുന്ന ജീവിതപ്രയാസങ്ങളുടെ നീറുന്ന ബാണ്ഡങ്ങള്‍ സ്റ്റാഫ് റൂമില്‍ വെക്കുന്ന ബാഗിനൊപ്പം വെച്ചിട്ടു വേണം ഹാജര്‍ പട്ടികയുമെടുത്ത് ക്ലാസിലേക്കു നീങ്ങാന്‍. സര്‍ക്കാര്‍ വകയായി പരിശീലനങ്ങളുടെ പെരുമഴയാണ് ഓരോ വര്‍ഷവും അധ്യാപകര്‍ക്ക് കിട്ടി ക്കൊണ്ടിരിക്കുന്നത്. മോണിറ്ററിംഗിന്റെ അഭാവം കൊണ്ട് തന്റെ തനതായ ശൈലിയില്‍ സായൂജ്യം കണ്ടെത്തി കാലത്തോടൊപ്പം സഞ്ചരിക്കാത്തതും വലിയ കുറ്റമാണ്.

വരുംനാളുകളില്‍ സര്‍വജന സ്‌കൂളില്‍ നിന്നുള്ള കൂടുതല്‍ വാര്‍ത്തകള്‍ വന്നേക്കാം. അതാവട്ടെ കാര്യങ്ങളെ കൂടുതല്‍ അടുത്തറിയാന്‍ നമ്മെ സഹായിക്കും, തീര്‍ച്ച. പക്ഷേ, ഇത്തരം സംഭവങ്ങള്‍ക്ക് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയിലെ സൈബര്‍ പോരാളികളും നല്‍കുന്ന അമിത പ്രാധാന്യം അക്ഷരലോകത്ത് കഠിന പ്രയത്‌നം നടത്തുന്ന ആത്മാര്‍ഥതയുള്ള അധ്യാപകരെ കൂടി ഭയപ്പെടുത്തുന്നതാണെന്ന് പറയാതെ വയ്യ. പുലര്‍ച്ചെ സ്‌കൂളിലെത്തി, കുഞ്ഞുങ്ങളുടെ കാര്യങ്ങളിലിടപെട്ട്, അവരുടെയും രക്ഷിതാക്കളുടെയും സ്‌നേഹവായ്പുകള്‍ ഏറ്റുവാങ്ങി സമൂഹത്തിന്റെ വഴിവിളക്കുകളാകുന്ന അധ്യാപകരും ഉള്‍വലിയലിന്റെ മൂടുപടം സ്വയമണിയാന്‍ ഇത്തരം പ്രചാരണങ്ങള്‍ കാരണമായേക്കാം. അതാകട്ടെ ഒരു വയനാടിനെ മാത്രമല്ല ബാധിക്കുക.

വയനാട് സംഭവം നടന്ന ദിവസം ആരും അറിയാതെ പോയതും പിറ്റേദിവസം ലോകം മുഴുവന്‍ അറിഞ്ഞതും നന്നായി പഠന വിധേയമാക്കേണ്ടതുണ്ട്.

പാമ്പ് കടിക്കുന്നതിന്ന് മുമ്പും സര്‍വജന സ്‌കൂളും ആ ക്ലാസും മാളവും നിലവിലുണ്ടായിരുന്നു. ഈ സൈബര്‍ യുദ്ധം അത്തരം ശോചനീയാവസ്ഥകള്‍ ഇല്ലാതാക്കാനും അസൗകര്യങ്ങള്‍ക്ക് അറുതി വരുത്താനുമായിരുന്നെങ്കില്‍ ഇനിയെങ്കിലും ദാരുണ സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ അത് സഹായകമായേനെ.

വിധിയിലുള്ള വിശ്വാസത്തെ പൂര്‍ണമായി ഉള്‍ക്കൊള്ളുമ്പോഴും 'ഒട്ടകത്തെ കെട്ടിയിട്ടതിന് ശേഷം അല്ലാഹുവില്‍ ഭരമേല്‍പിക്കുവാന്‍' പഠിപ്പിക്കുന്ന പ്രവാചകമാതൃക ഏവര്‍ക്കും വെളിച്ചമാകേണ്ടതുണ്ട്.