നമസ്‌കാരവും സ്വഫ്ഫ് ശരിപ്പെടുത്തലും

മൂസ സ്വലാഹി, കാര

2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08

ഇസ്‌ലാം പഠിപ്പിക്കുന്ന ഒരു കാര്യം; അതെത്ര ചെറുതാകട്ടെ, വലുതാകട്ടെ, ഏത് സന്ദര്‍ഭത്തിലും സാഹചര്യത്തിലുമുള്ളതാകട്ടെ അതിനെ പരിപൂര്‍ണമായി ഉള്‍ക്കൊള്ളുക, അതിന് കീഴ്‌പെടുക എന്നതാണ് വിശ്വാസിയുടെ ബാധ്യത. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. അല്ലാഹു പറഞ്ഞു: 

''അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷന്നാകട്ടെ, സ്ത്രീക്കാകട്ടെ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവെയും അവന്റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു''(ക്വുര്‍ആന്‍ 33:36).

ഇബ്‌നുകഥീര്‍ ഈ വചനത്തിനു നല്‍കിയ വിശദീകരണത്തില്‍ ഇങ്ങനെ കാണാം: ''ഈ വചനം മുഴുവന്‍ കാര്യങ്ങെളയും െപാതുവായി ഉള്‍െക്കാള്ളുന്നതാണ്. എന്തെന്നാല്‍ അല്ലാഹുവും റസൂലും ഒരു കാര്യം വിധിച്ചാല്‍ അതിനെതിരാകലോ മറ്റൊന്ന് തെരഞ്ഞെടുക്കലോ അഭിപ്രായമോ വാക്കോ ഒരാള്‍ക്കും പാടില്ല'' (ഇബ്‌നുകഥീര്‍ 3/641).

കാര്യം വ്യക്തമാണ്. കര്‍മപരവും വിശ്വാസപരവും സ്വഭാവപരവും ചരിത്രപരവുമൊക്കെയായ ഒട്ടനവധി കാര്യങ്ങള്‍ ഇസ്‌ലാം പഠിപ്പിക്കുന്നുണ്ട്. പ്രമാണബദ്ധമായ അത്തരം കാര്യങ്ങളെ നിസ്സാരമായി കാണുന്നതും അവയെ പരിഹസിക്കുന്നതും അവയ്‌ക്കെതിരെ എഴുതുന്നതും സംസാരിക്കുന്നതുമെല്ലാം മഹാ അപരാധമാണ്. ശിക്ഷാര്‍ഹമായ പ്രവര്‍ത്തനമാണ്. അല്ലാഹു പറയുന്നു:

''...ആകയാല്‍ അദ്ദേഹത്തിന്റെ കല്‍പനയ്ക്ക് എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക് വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത് സൂക്ഷിച്ചു കൊള്ളട്ടെ'' (ക്വുര്‍ആന്‍ 24:63).

ഇബ്‌നുകഥീര്‍ പറയുന്നു: ''അതായത് റസൂല്‍ ﷺ യുടെ കല്‍പനയെ തൊട്ട്. അവന്റെ രീതിയും വഴിയും ചര്യയും നിയമവുമെല്ലാം അതാകുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് വാക്കുകളും പ്രവൃത്തികളും തൂക്കപ്പെടുക. അതിനോട് യോജിക്കുന്നത് സ്വീകരിക്കപ്പെടും. അതിനോട് എതിരാകുന്നത് ആരുടേതായാലും അത് പറഞ്ഞവനിലേക്കും പ്രവര്‍ത്തിച്ചവനിലേക്കും തള്ളപ്പെടും. അവരുടെ ഹൃദയത്തെ സത്യനിഷേധമോ കാപട്യമോ ബിദ്അത്തോ ബാധിക്കും'' (ഇബ്‌നുകഥീര്‍ 3/1326).

നമസ്‌കാരത്തില്‍ സ്വഫ്ഫ് ശരിയാക്കുന്ന വിഷയത്തെ പരിഗണിക്കാതിരിക്കലും ഒരുവേള അതിനെ പരിഹസിക്കുന്നതുമായ ഒരു സ്വഭാവം ചിലരില്‍ അടുത്ത കാലത്തായി കണ്ടുവരുന്നുണ്ട്. അതില്‍ അത്ര കാര്യമില്ല എന്നാണ് ചില പണ്ഡിതന്മാര്‍ അണികളെ പഠിപ്പിക്കുന്നത്. അതിനാല്‍ സാധാരണക്കാര്‍ യാതൊരു തത്ത്വദീക്ഷയുമില്ലാതെ, വളരെ അകലം പാലിച്ച് സ്വഫ്ഫ് നില്‍ക്കുകയും ചെയ്യുന്നു. 

'സ്വഫ്ഫ്' എന്ന അറബി പദത്തിന്റെ അര്‍ഥം 'നേരെയുള്ള വരി' എന്നാണ്. സംഘമായുള്ള നമസ്‌കാരത്തിന് നില്‍ക്കുന്നവരുടെ വരി വളയാതെയും ആളുകള്‍ക്കിടയില്‍ വിടവില്ലാതെയുമാക്കുക എന്നതാണ് സാങ്കേതികമായി ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. 

നമസ്‌കാരം നിര്‍വഹിക്കുന്നതില്‍ സ്വഫ്ഫ് ശരിപ്പെടുത്തുന്ന വിഷയത്തെ നാം എത്രേത്താളം പരിഗണിക്കുന്നുവെന്ന് ചിന്തിക്കുക. അശ്രദ്ധയും അലസതയും സുന്നത്തിനോടുള്ള വെറുപ്പും നീരസവും ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതില്‍ വീഴ്ചവരുത്താന്‍ കാരണമാണ്. സ്വഫ്ഫ് ശരിപ്പെടുത്തി പാദങ്ങള്‍ ചേര്‍ത്തു നില്‍ക്കാന്‍ ഇമാം ഉണര്‍ത്തിയാല്‍ പോലും പലരും അത് പരിണഗണിക്കാറില്ല. ഇമാം ബുഖാരി, ഇബ്‌നു ഹസം, ഇബ്‌നുഖുസൈമ, ഹാഫിദ് ഇബ്‌നുമുന്‍ദിര്‍, ഇബ്‌നുഹജറുല്‍ അസ്‌ക്വലാനി, ഇബ്‌നുതീമിയ, ശൈഖ് ഇബ്‌നുബാസ്, ശൈഖ് അല്‍ബാനി, ശൈഖ് ഇബ്‌നു ഉഥൈമീന്‍ തുടങ്ങിയ പണ്ഡിതന്മാരെല്ലാം സ്വഫ്ഫ് ശരിപ്പെടുത്തല്‍ നിര്‍ബന്ധമാണെന്ന് പറഞ്ഞവരാണ്. ഇതുമായ ബന്ധപ്പെട്ട ചില ഹദീഥുകള്‍ കാണുക: 

1. നുഅ്മാനുബ്‌നു ബശീര്‍(റ)വില്‍ നിന്ന് നിവേദനം: ''റസൂല്‍ ﷺ  പറഞ്ഞതായി ഞാന്‍ കേട്ടു: 'നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫ് ശരിപ്പെടുത്തുക തന്നെ വേണം. അല്ലെങ്കില്‍ നിങ്ങളുടെ മുഖങ്ങള്‍ക്കിടയില്‍ അല്ലാഹു വേര്‍തിരിവുണ്ടാക്കും'' (ബുഖാരി, മുസ്‌ലിം).

2. അനസ്(റ)വില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ നേരെയാക്കുകയും പരസ്പരം ചേര്‍ന്നു നില്‍ക്കുകയും ചെയ്യുക'' (ബുഖാരി).

3. അനസ്(റ)വില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുക. നിശ്ചയം സ്വഫ്ഫുകള്‍ ശരിപ്പെടുത്തല്‍ നമസ്‌കാരത്തിന്റെ നിലനില്‍പില്‍ പെട്ടതാണ്'' (ബുഖാരി).

4. അനസ്(റ)വില്‍നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുക. നിശ്ചയം സ്വഫ്ഫുകള്‍ ശരിപ്പെടുത്തല്‍ നമസ്‌കാരത്തിന്റെ പൂര്‍ണതയില്‍ പെട്ടതാണ്'' (ബുഖാരി).

5. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''നമസ്‌കാരത്തില്‍ നിങ്ങള്‍ സ്വഫ്ഫ്ശരിയാക്കുക. നിശ്ചയം സ്വഫ്ഫ് ശരിപ്പെടുത്തുക എന്നത് നമസ്‌കാരത്തിന്റെ നന്മയില്‍ പെട്ടതാണ്'' (മുസ്‌ലിം).

6. നുഅ്മാനുബ്‌നു ബശീര്‍(റ)വില്‍നിന്ന് നിവേദനം: 'നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുക' എന്ന് ജനങ്ങളിലേക്ക് തിരിഞ്ഞുനിന്ന് നബി ﷺ  മൂന്ന് തവണ പറഞ്ഞു. 'അല്ലാഹു തന്നെ സത്യം. നിങ്ങളുടെ സ്വഫ്ഫുകള്‍ നിങ്ങള്‍ നേരെയാക്കണം. അല്ലെങ്കില്‍ നിങ്ങളുടെ ഹൃദയങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാകും.' നുഅ്മാന്‍(റ) പറഞ്ഞു: 'അന്നേരം ഒരാള്‍ തന്റെ മടമ്പും മുട്ടും ചുമലും തന്റെ കൂട്ടുകാരന്റെതിനോട് ഒട്ടിച്ചുവെക്കുന്നതായി ഞാന്‍ കണ്ടു'' (അബൂദാവൂദ്).

7. അബ്ദുല്ലാഹിബ്‌നു ഉമര്‍(റ)വില്‍നിന്ന്. നബി ﷺ  പറഞ്ഞു: ''നിങ്ങള്‍ നിങ്ങളുടെ സ്വഫ്ഫുകള്‍ ശരിയാക്കുക. നിങ്ങളുടെ ചുമലുകള്‍ നേരെയാക്കുക. സ്വഫ്ഫുകള്‍ക്കിടയിലെ വിടവുകള്‍ നിങ്ങള്‍ അകറ്റുക. നിങ്ങളുടെ സഹോദരങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ മൃദുലത കാണിക്കുക. പിശാചുക്കള്‍ക്കു വേണ്ടി വിടവുകള്‍ നിങ്ങള്‍ ഒഴിവാക്കരുത്. ആരെങ്കിലും സ്വഫ്ഫ് ചേര്‍ത്താല്‍ അല്ലാഹു അവനെയും ചേര്‍ത്തു. ആരെങ്കിലും സ്വഫ്ഫ് മുറിച്ചാല്‍ അല്ലാഹുവും അവനെ മുറിച്ചു'' (ബുഖാരി).

8. ജാബിറുബ്‌നു സംറത്ത്(റ)വില്‍നിന്ന്. നബി ﷺ  പറഞ്ഞു: ''മലക്കുകള്‍ അവരുടെ റബ്ബിന്റെ അടുക്കല്‍ അണിയണിയായി നില്‍ക്കുന്നതുപോലെ നിങ്ങള്‍ നില്‍ക്കുന്നില്ലേ?'' ഞങ്ങള്‍ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, എങ്ങനെയാണ് അല്ലാഹുവിന്റെ മലക്കുകള്‍ റബ്ബിന്റെയടുക്കല്‍ അണിയണിയായി നില്‍ക്കുന്ന്?'' അവിടുന്ന് പറഞ്ഞു: ''ആദ്യ അണികള്‍ അവര്‍ പൂര്‍ത്തിയാക്കുന്നു. അവര്‍ സ്വഫ്ഫ് പരസ്പരം ചേര്‍ന്ന് നില്‍ക്കുന്നു'' (മുസ്‌ലിം).

9. അബൂഹുറയ്‌റ(റ)യില്‍ നിന്ന് നിവേദനം. നബി ﷺ  പറഞ്ഞു: ''നമസ്‌കാരത്തില്‍ സ്വഫ്ഫ് നേരെയാക്കല്‍ നിങ്ങള്‍ നന്നാക്കുക'' (സ്വഹീഹുല്‍ ജാമിഅ്).