പ്രബോധനവുമായി ഗോത്രങ്ങളിലേക്ക്

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ഏപ്രില്‍ 13 1440 ശഅബാന്‍ 08

(ലോകഗുരു: മുഹമ്മദ് നബി ﷺ , ഭാഗം: 17)

ക്വുറൈശികളുടെ പീഡനങ്ങള്‍ മുഹമ്മദ് നബി ﷺ ക്ക് ശക്തമായപ്പോള്‍ അവിടുന്ന് ത്വാഇഫിലേക്ക് പുറപ്പെട്ടു. പക്ഷേ, അവിടെയും ഉദ്ദേശിച്ച ഗുണം കണ്ടില്ല. അവഗണനയും പരിഹാസവും സഹിച്ചുകൊണ്ട് വേദനിക്കുന്ന ഹൃദയവുമായി നബി ﷺ  തിരിച്ചുപോന്നു. കല്ലുകള്‍ കൊണ്ട് ഏറ് കിട്ടിയതിന്റെ ഭാഗമായി കാലുകള്‍ക്ക് മുറിവേറ്റു. ഈ സന്ദര്‍ഭത്തില്‍ അല്ലാഹു നല്‍കിയ ഒരു ആശ്വാസമായിരുന്നു ഇസ്‌റാഉം മിഅ്‌റാജും. ഇതിനുശേഷം നബി ﷺ  വ്യക്തികളെയും ഗോത്രങ്ങളെയും സന്ദര്‍ശിക്കുവാന്‍ തുടങ്ങി. മക്കയിലേക്ക് കടന്നുവരുന്ന ആളുകള്‍ക്കിടയില്‍ ഇസ്‌ലാമിക പ്രബോധനത്തിന് ഒരു പുതിയ വഴി കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. മാത്രവുമല്ല നിര്‍ഭയത്വത്തോടുകൂടി തന്റെ അനുയായികളോടൊപ്പം അല്ലാഹുവിനെ മാത്രം ആരാധിക്കുവാനുള്ള ഒരു സ്ഥലമായിരുന്നു അവിടുത്തെ ലക്ഷ്യം. ഹജ്ജിന്റെയും ഉംറയുടെയും സന്ദര്‍ഭങ്ങളിലും അറേബ്യയിലെ ചന്തകളിലും അറബികള്‍ ഒരുമിച്ചുകൂടുന്ന പ്രത്യേക സമയങ്ങളിലും അവരെ കണ്ടുമുട്ടുവാന്‍ നബി ﷺ  ശ്രമിച്ചു. തനിക്ക് സഹായവും സംരക്ഷണവും ലഭിക്കുന്നതിന് വേണ്ടിയായിരുന്നു അത്. അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിച്ചു കൊടുക്കുവാന്‍ ഇത് അനിവാര്യവുമായിരുന്നു. 

ഈ നിലയ്ക്ക് വ്യക്തികളെയും ഗോത്രങ്ങളെയും സമീപിച്ചപ്പോള്‍ വ്യത്യസ്ത സമീപനങ്ങളാണ് അവരില്‍ നിന്നും ഉണ്ടായത്. ചിലര്‍ നബി ﷺ യെ അംഗീകരിച്ചു. മറ്റുചിലര്‍ നിഷേധിച്ചു. മറ്റു ചിലര്‍ ഒന്നും മിണ്ടിയില്ല. പ്രവാചകത്വത്തിന്റെ പത്താം വര്‍ഷം ത്വാഇഫില്‍ നിന്നും മക്കയിലേക്ക് മടങ്ങിയ സന്ദര്‍ഭത്തില്‍ നബി ﷺ യുടെ നാട്ടുകാര്‍ അദ്ദേഹത്തിനെതിരെ ശക്തമായി രംഗത്തുണ്ടായിരുന്നു. ആ വര്‍ഷത്തെ ഹജ്ജിന്റെ സമയം അടുക്കുകയും ചെയ്തിരുന്നു. ഹജ്ജിനു വേണ്ടി വരുന്ന ഗോത്രങ്ങളെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തി. ജനങ്ങളെ അവരുടെ വീടുകളിലും അവര്‍ കൂടുന്ന സ്ഥലങ്ങളിലും നബി ﷺ  സന്ദര്‍ശിച്ചു. അല്ലാഹുവിലേക്ക് അവരെ ക്ഷണിച്ചു. 

ജാബിര്‍(റ) പറയുന്നു: ''അറബികള്‍ ഒരുമിച്ച് കൂടുന്ന സ്ഥലങ്ങളായ ഉക്കാളയിലും മിജന്നയിലും ഹജ്ജ് സന്ദര്‍ഭത്തില്‍ മിനായിലും ജനങ്ങളുടെ പിറകെ ചെന്നു കൊണ്ട് പത്തുവര്‍ഷത്തോളം മുഹമ്മദ് നബി ﷺ  ഇപ്രകാരം ചോദിച്ചു: ''ആരുണ്ട് എനിക്ക് അഭയം നല്‍കാന്‍? ആരുണ്ട് എന്നെ സഹായിക്കാന്‍? അല്ലാഹുവിന്റെ സന്ദേശം ജനങ്ങളിലെത്തിക്കാന്‍ എന്റെ കൂടെ നില്‍ക്കാന്‍ ആരുണ്ട്? അവന് സ്വര്‍ഗം ഉണ്ട്.'' യമനില്‍ നിന്നും മിസ്വ്‌റില്‍ നിന്നും വരുന്ന ആളുകളോടായിരുന്നു ഇപ്രകാരം നബി സംസാരിച്ചിരുന്നത്. ഈ സന്ദര്‍ഭത്തില്‍ ക്വുറൈശികള്‍ നബി ﷺ യുടെ പിറകെ ചെന്നു കൊണ്ട് അവരോട് പറയും: ''ഈ ചെറുപ്പക്കാരനെ സൂക്ഷിക്കണം. അവന്‍ നിങ്ങളെ കുഴപ്പത്തില്‍ പെടുത്താതിരിക്കട്ടെ'' (അഹ്മദ്).

'അല്ലാഹുവിന്റെ വചനം ജനങ്ങള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ നിന്നും ക്വുറൈശികള്‍ എന്നെ തടയുന്നു. അതുകൊണ്ട് ആരുണ്ട് എന്നെ സഹായിക്കാന്‍' എന്ന് ചോദിച്ചുകൊണ്ട് നബി ﷺ  അവരുടെ പിറകെ കൂടിയിരുന്നു (അബൂദാവൂദ്: 4734). 

ഓരോ ഗോത്രത്തെയും കണ്ട് അവരോടെല്ലാം ഇസ്‌ലാമിനെ കുറിച്ച് സംസാരിക്കുമ്പോള്‍ പിതൃവ്യന്‍ അബൂലഹബ് വന്നുകൊണ്ട് നബി ﷺ യെ വ്യാജമാക്കി സംസാരിക്കാറുണ്ടായിരുന്നു. നബിയില്‍ നിന്നും ജനങ്ങളെ അകറ്റാറുണ്ടായിരുന്നു. 'ജനങ്ങളേ, നിങ്ങള്‍ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയൂ, നിങ്ങള്‍ക്ക് വിജയിക്കാം' എന്നായിരുന്നു ഓരോ ഗോത്രത്തോടും നബി ﷺ  പറഞ്ഞിരുന്നത്. അപ്പോള്‍ നബിയുടെ പിറകെ ക്വുറൈശികള്‍ വന്നുകൊണ്ട് ഇപ്രകാരം പറയും: ''അവന്‍ മതം മാറിയവനാണ്. അവന്‍ വ്യാജനാണ്.'' അപ്പോള്‍ ആളുകള്‍ ചോദിച്ചു: ''ആരാണ് ഈ വ്യക്തി?'' അവര്‍ പറഞ്ഞു: ''ഇതാണ് അബ്ദുല്ലയുടെ മകന്‍ മുഹമ്മദ്.''  ഉടനെ അവര്‍ ചോദിച്ചു: ''ഈ മുഹമ്മദിനെ വ്യാജമാക്കി പിറകെ നടക്കുന്നത് ആരാണ്?'' അപ്പോള്‍ ആളുകള്‍ പറഞ്ഞു: ''അത് അദ്ദേഹത്തിന്റെ പിതൃവ്യന്‍ അബൂലഹബാണ്.'' 

നബി ﷺ  ഇസ്‌ലാമിനെ പരിചയപ്പെടുത്തിയ പ്രധാന വ്യക്തികളുടെ പേരുകള്‍ നമുക്കൊന്ന് മനസ്സിലാക്കാം: 

1) സുവൈദ് ഇബ്‌നു സ്വാമിത്. തന്റെ ഗോത്രത്തിലെ മാന്യനായ വ്യക്തിയായിരുന്നു അദ്ദേഹം. നല്ല സമീപനം നബി ﷺ യോട് കാണിച്ചുവെങ്കിലും ഇസ്‌ലാം സ്വീകരിച്ചില്ല.

2) ളമാനുബ്‌നു സഅ്‌ലബതുല്‍ അസ്ദി. യമനില്‍ നിന്നും വന്ന വ്യക്തിയായിരുന്നു ഇദ്ദേഹം. ജാഹിലിയ്യ കാലഘട്ടത്തില്‍ നബി ﷺ യുടെ കൂട്ടുകാരനായിരുന്നു. നബിയുടെ പ്രബോധനം കേട്ട ഉടനെ അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു.

3) തുഫൈല്‍ ഇബ്‌നു അംറുദ്ദൗസി. യമനിലെ ദൗസ് ഗോത്രത്തിന്റെ നേതാവായിരുന്നു അദ്ദേഹം. നബി ﷺ  അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ക്വുര്‍ആന്‍ ഓതിക്കൊടുത്തു. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പില്‍ക്കാലത്ത് ഇദ്ദേഹം ദൗസില്‍ നിന്നുള്ള എഴുപതോ എണ്‍പതോ കുടുംബങ്ങളില്‍നിന്നും ഇസ്‌ലാം സ്വീകരിച്ച ആളുകളുമായി മദീനയിലേക്ക് വരികയുണ്ടായി. നബി ﷺ  ഖൈബറില്‍ ആയിരിക്കെ അവരോടൊപ്പം ചേരുകയും ചെയ്തു.

4) ഇയാസ് ഇബ്‌നു മുആദ്. ബനൂ അബ്ദുല്‍ അശ്ഹല്‍ ഗോത്രത്തിലെ വ്യക്തിയായിരുന്നു ഇദ്ദേഹം. (ബുഖാരി 3777).

ഈ ഒറ്റപ്പെട്ട വ്യക്തികള്‍ക്ക് പുറമെ പല പ്രധാന ഗോത്രങ്ങള്‍ക്ക് മുമ്പിലും നബി ﷺ  ഇസ്‌ലാമിനെ സമര്‍പ്പിച്ചു. അവയില്‍ ചിലതിന്റെ പേരുകള്‍ കാണുക: ബനൂആമിര്‍, ബനൂഫുസാറ, ബനൂമുര്‍റത്ത്, ബനൂഹനീഫ, ബനൂസുലൈം, ബനൂനസ്വ്ര്‍, ബനൂല്‍ഹാരിസ്, ബനൂഉദ്‌റ, ബനുമഹാറിബ് ബനൂഗസ്സാന്‍, ബനൂഹമദാന്‍, ബനൂസക്വീഫ്, ബനൂകല്‍ബ്, ബനൂഅബസ്, ബകര്‍ ഇബ്‌നു വാഇല്‍, ബനൂശയ്ബാന്‍. 

ഓരോ ഗോത്രക്കാരുടെയും നബി ﷺ യോടുള്ള സമീപനങ്ങള്‍ വ്യത്യസ്ത രീതികളില്‍ ആയിരുന്നു. ബനൂഹനീഫ ഗോത്രക്കാര്‍ വളരെ മോശമായി പെരുമാറി. ബനുശയ്ബാന്‍ ഗോത്രക്കാര്‍ മോശമല്ലാത്ത രീതിയിലും പെരുമാറി. 

''ആ ദാസന്‍മാരുടെ കാര്യം എത്ര പരിതാപകരം! ഏതൊരു ദൂതന്‍ അവരുടെ അടുത്ത് ചെല്ലുമ്പോഴും അവര്‍ അദ്ദേഹത്തെ പരിഹാസിക്കാതിരുന്നിട്ടില്ല. അവര്‍ക്കു മുമ്പ് എത്രയെത്ര തലമുറകളെ നാം നശിപ്പിച്ചു! അവരാരും ഇവരുടെ അടുത്തേക്ക് തിരിച്ചുവരുന്നില്ല എന്ന് അവര്‍ കണ്ടില്ലേ? തീര്‍ച്ചയായും അവരെല്ലാവരും ഒന്നൊഴിയാതെ നമ്മുടെ മുമ്പില്‍ ഹാജരാക്കപ്പെടുന്നവരാകുന്നു'' (യാസീന്‍: 30-32). 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് മക്കയിലേക്ക് ഹജ്ജിനും ഉംറക്കും വരുന്ന ആളുകള്‍ക്ക് മുമ്പില്‍ ഇസ്‌ലാമിനെ നബി ﷺ  സമര്‍പ്പിച്ചത് ഇസ്‌ലാമിക പ്രബോധനം ലൗകികമാണ് എന്നതിന് തെളിവായിരുന്നു. അല്ലാഹു പറയുന്നു: 

''ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല'' (അല്‍അമ്പിയാഅ്: 107). 

ജനങ്ങള്‍ക്ക് മുമ്പില്‍ ഇസ്‌ലാമിനെ സമര്‍പ്പിക്കുമ്പോള്‍ പീഡനങ്ങള്‍ സ്വാഭാവികമാണ്. അത്‌കൊണ്ടു തന്നെ ഒരു പ്രബോധകന്‍ ക്ഷമ കൈക്കൊള്ളലും നിര്‍ബന്ധമാണ്. അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം അവന്‍ ആഗ്രഹിക്കേണ്ടതും ഉണ്ട്. ഇങ്ങോട്ട് മോശമായി പെരുമാറിയ ആളുകളോട് അതേരൂപത്തില്‍ പ്രതികരിക്കരുത്. 

''പരമകാരുണികന്റെ ദാസന്‍മാര്‍ ഭൂമിയില്‍ കൂടി വിനയത്തോടെ നടക്കുന്നവരും അവിവേകികള്‍ തങ്ങളോട് സംസാരിച്ചാല്‍ സമാധാനപരമായി മറുപടി നല്‍കുന്നവരുമാകുന്നു'' (അല്‍ഫുര്‍ക്വാന്‍: 63).