വിദ്യാവിഹീനരെ വിജ്ഞരാക്കിയ വിദ്യാഭ്യാസ വിശാരദന്‍

ഡോ. ചേക്കുമരക്കാരകത്ത് ഷാനവാസ്, പറവണ്ണ

2019 മാര്‍ച്ച് 30 1440 റജബ് 23

വിശുദ്ധ ക്വുര്‍ആന്‍ പരിഭാഷയും മലയാളികളും: 11

(ശൈഖ് മുഹമ്മദ് മാഹിന്‍ ഹമദാനി തങ്ങള്‍: 5)

1914 ഫെബ്രുവരി 28 ശനിയാഴ്ച 11.30ന് ചേര്‍ന്ന സഭയില്‍ ഭരണകൂടം മുസ്‌ലിം സമുദായത്തിന് നല്‍കിയ ആനുകൂല്യങ്ങള്‍ക്ക് ഹമദാനി തങ്ങള്‍ നന്ദി പ്രകാശിപ്പിച്ചു. വിവിധ തുറകളില്‍ മുസ്‌ലിം ഉദേ്യാഗാര്‍ഥികളെ നിയമിക്കണമെന്ന ആവശ്യം അദ്ദേഹം ആവര്‍ത്തിച്ചു. ഹൈക്കോടതിയില്‍ ഒരു മുസ്‌ലിം ജഡ്ജിയെ നിയമിക്കണം. തിരുവിതാംകൂറില്‍ അതിന് യോഗ്യനായ മുസ്‌ലിം ഉദേ്യാഗാര്‍ഥി ഇല്ലാത്തതുകൊണ്ട് പുറത്തുനിന്ന് യോഗ്യനായ ഒരാളെ കണ്ടെത്തി തിരുവനന്തപുരത്ത് നിയമിക്കണം. ഇതായിരുന്നു അദ്ദേഹത്തിന് സഭയില്‍ സമുദായത്തിന് വേണ്ടി ബോധിപ്പിക്കാനുണ്ടായിരുന്നത്.

പക്ഷേ, ഹമദാനി ശൈഖിന്റെ ആ ചിരകാലാഭിലാഷം സാക്ഷാത്കൃതമാകാന്‍ പിന്നെയും 32 വര്‍ഷം ഈ സമുദായത്തിന് കാത്തിരിക്കേണ്ടി വന്നു! വക്കം മൗലവിയുടെ സഹോദരിയുടെ മകനും മലയാള ലിപിയിലെ ആദ്യ സമ്പൂര്‍ണ ക്വുര്‍ആന്‍ പരിഭാഷയുടെ കര്‍ത്താവും പി.മുഹമ്മദ് മൈദീന്റെ സഹോദരനുമായ പൂന്ത്രാന്‍ വിളാകത്ത്(6) ഹബീബ് മുഹമ്മദ് 1946 ല്‍ തിരുവിതാംകൂര്‍ ഹൈക്കോടതി ജഡ്ജിയായി ചുമതലയേല്‍ക്കുന്നത് വരെ.(7)

1914 ഫെബ്രുവരി 28 ശനിയാഴ്ച തന്നെ, സഭയിലെ മുസ്‌ലിം അംഗങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച കെ.മൈദീന്‍ പിള്ള, ജി.എസ് ഉദുമല്‍ സാഹിബ്, കൊച്ചുകുഞ്ഞ് എന്നീ മുസ്‌ലിം അംഗങ്ങള്‍ക്ക് മറുപടിയായി, ഹൈക്കോടതിയുടെ ഉപദേശമാരാഞ്ഞ ശേഷം ഈ ആവശ്യം നടപ്പിലാക്കുന്ന കാര്യം പരിശോധിക്കാമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

 സമുദായത്തിനുവേണ്ടി ഹമദാനി ശൈഖ് സഭയില്‍ ഉന്നയിച്ച മറ്റൊരു പ്രധാന വിഷയമാണ് ഇനി പറയുന്നത്:

'മുസ്‌ലിംകള്‍ക്ക് മതവിദ്യാഭ്യാസം നിര്‍ബന്ധമാണ്. അതിനാല്‍ മതവിദ്യാഭ്യാസവും മതേതര വിദ്യാഭ്യാസവും സമുദായത്തിന് ഒരുമിച്ചു നല്‍കേണ്ടതാണ്. ആലപ്പുഴയില്‍ ഒഴികെ മറ്റെല്ലാ മുഹമ്മദന്‍ സ്‌കൂളുകളിലും അറബിയും ഹിന്ദുസ്ഥാനിയും പഠിപ്പിക്കാന്‍ വേണ്ടി നിയമിക്കപ്പെട്ട മുന്‍ഷിമാര്‍ എല്ലാവരും ആ രണ്ട് ഭാഷകള്‍ പഠിപ്പിക്കാന്‍ പ്രാപ്തിയില്ലാത്തവരാണ്. യോഗ്യരായ മുന്‍ഷിമാര്‍ക്ക് 15 രൂപ മുതല്‍ 50 രൂപ വരെയുള്ള ശമ്പള സ്‌കെയില്‍ നിശ്ചയിക്കാവുന്നതാണ്. മറ്റത്തില്‍ ഭാഗം സ്‌കൂളില്‍ പ്രധാനമന്ത്രിയുടെ പരിശോധനാസമയത്ത് വാഗ്ദാനം ചെയ്യുകയും സന്ദര്‍ശക പുസ്തകത്തില്‍ പ്രതിപാദിക്കുകയും ചെയ്ത പ്രകാരമുള്ള നിയമനം ഇതുവരെ നടക്കാത്തതിനാല്‍ ആണ്‍കുട്ടികള്‍ ഒന്നിനുപുറകെ ഒന്നായി പഠനം നിര്‍ത്തിപ്പോയിക്കൊണ്ടിരിക്കുന്നു. അതിനാല്‍ ആലപ്പുഴ സ്‌പെഷ്യല്‍ സ്‌കൂളിലേതുപോലെ പ്രാപ്തരായ മുന്‍ഷിമാരെ എല്ലാ മുഹമ്മദന്‍ സ്‌കൂളുകളിലും നിയമിക്കണം.'(8)

1913 ഡിസംബര്‍ 21 ന് മുഹമ്മദീയ വിദ്യാഭ്യാസം എന്ന പ്രമേയത്തില്‍ തിരുവനന്തപുരത്ത് ഗവണ്‍മെന്റ് വിളിച്ചു ചേര്‍ത്ത മുസ്‌ലിം കോണ്‍ഫറന്‍സിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിവരിച്ചുകൊണ്ട് ഇറങ്ങിയ ഗവണ്‍മെന്റ് വിജ്ഞാപനം വക്കം മൗലവിയുടെ മുസ്‌ലിം മാസികയില്‍ പുനഃപ്രസിദ്ധീകരിച്ചിരുന്നു. അത് ഇങ്ങനെ വായിക്കാം:

1914 ഡിസംബര്‍ 15ാം തീയതി ഗസറ്റില്‍ വന്ന പ്രൊസീഡിംഗ്‌സില്‍ പറയുന്നു: 'ആധുനിക വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളില്‍ പങ്കുകൊള്ളുന്നതിനും മററു വര്‍ഗങ്ങളില്‍ പെട്ട ബാലന്മാരെക്കാള്‍ അധികം ബലവത്തായ പ്രേരണ മുഹമ്മദീയ യുവാക്കളുടെ കാര്യത്തില്‍ വേണ്ടിയിരിക്കുന്നുവെന്നും ഗവണ്മെന്റ് നിയമിച്ച മി: കൊച്ചുഹസ്സന്‍ കുഞ്ഞ്, പ്രജാസഭയുടെ ദശമ യോഗത്തില്‍ ബോധിപ്പിക്കുകയും അതിനായി പ്രായോഗിക നിര്‍ദേശങ്ങള്‍ മുന്നോട്ടു വയ്ക്കുകയും ചെയ്തു.'

 'മുഹമ്മദീയ വിദ്യാഭ്യാസം' എന്ന വിഷയത്തെപ്പറ്റി പ്രത്യേകിച്ചും മെമ്പര്‍ ബോധിപ്പിച്ച നിര്‍ദേശങ്ങളെ സംബന്ധിച്ച്  വിശദമായ റിപ്പോര്‍ട്ടയക്കാന്‍ ഡയരക്ടറോട് ആവശ്യപ്പെട്ടതനുസരിച്ച് വിദ്യാഭ്യാസ ഡയരക്ടര്‍ ഡോക്ടര്‍ ബിഷപ്പു നല്‍കിയ റിപ്പോര്‍ട്ടിന്മേല്‍ ഗവണ്‍മെന്റ് താഴെ കാണുന്ന അറിയിപ്പ് പുറപ്പെടുവിച്ചു:

'മുഹമ്മദീയ വിദ്യാഭ്യാസം ഇപ്പോഴും അതൃപ്തികരമായ സ്ഥിതിയില്‍ ഇരിക്കുന്നു എന്നും, വിദ്യാഭ്യാസത്തിന് ആ വര്‍ഗക്കാര്‍ക്ക് നല്‍കിയിട്ടുള്ള സൗകര്യങ്ങളെ അവര്‍ മതിയായേടത്തോളം ഉപയോഗപ്പെടുത്തിയിട്ടില്ലെന്നും ഡയരക്ടറുടെ റിപ്പോര്‍ട്ടില്‍ നിന്നും ഗവണ്‍മെന്റ് വ്യസന സമേതം അറിയുന്നു. ലോവര്‍ ഗ്രേഡ് ഗവണ്മെന്റ് പാഠശാലകളില്‍ ഫീസുകൂടാതെ നല്‍കപ്പെടുന്ന വിദ്യാഭ്യാസത്തെ ആ വര്‍ഗത്തില്‍ ചേര്‍ന്നവരായി കൂടുതല്‍ എണ്ണം ബാലന്മാര്‍ ഉപയോഗപ്പെടുത്താതിരിക്കുന്ന കാലത്തോളം, ഫീസില്‍ കൂടുതല്‍ ആനുകൂല്യങ്ങളാകട്ടെ, അന്യരാജ്യങ്ങളില്‍ ചെന്ന് സാങ്കതിക വിദ്യകള്‍ അഭ്യസിക്കുന്നതിന് വിദ്യാര്‍ഥി വേതനങ്ങള്‍ ആകട്ടെ, മുഹമ്മദീയരുടെയിടയില്‍ വിദ്യാഭ്യാസം അഭിവൃദ്ധി പ്രാപിക്കുന്നതിന് ഉപകരിക്കയില്ലെന്നും ഡയരക്ടര്‍ അഭിപ്രായപ്പെട്ടതിനോട് ഗവണ്‍മെന്റ് യോജിക്കുന്നു. ആ വര്‍ഗത്തിലെ പ്രമാണികള്‍ ഉത്സാഹിക്കുകയും പാഠശാലകളില്‍ കൂടുതല്‍ ഹാജരാകുന്നതിന് ചെയ്യേണ്ടത് അതിപ്രധാനമാണ്. അങ്ങനെ ചെയ്യുമ്പോള്‍ ആ വര്‍ഗക്കാര്‍ക്ക് കൂടുതലായി എന്ത് സൗകര്യങ്ങള്‍ നല്‍കണമെന്ന് ആലോചിക്കുന്നതിനുള്ള കാലം എത്തും.

മുഹമ്മദീയ വിദ്യാഭ്യാസത്തെപ്പറ്റി കൂടുതലായി അന്വേഷണം നടത്താന്‍ ഡയരക്ടര്‍ ആലോചിക്കുന്നുണ്ട്. കാര്യനടത്തിപ്പിന് ഉതകുന്ന പല നിര്‍ദേശങ്ങളും കിട്ടുന്ന പക്ഷം അദ്ദേഹം ഗവണ്‍മെന്റിന് എഴുതി ബോധിപ്പിക്കുന്നതും ആകുന്നു.

ഉത്തരവിന്‍ പ്രകാരം

എ.ജെ.വിയറാ,

ഗവ.ചീഫ് സെക്രട്ടറി.'(9)

'

ഈ പ്രൊസീഡിംഗ്‌സില്‍ കാണുന്ന പ്രകാരം തിരുവിതാംകൂറിന്റെ പലഭാഗങ്ങളില്‍നിന്നും മുഹമ്മദീയ പ്രമാണികളില്‍ ചിലരെ വിളിച്ചുവരുത്തി മുഹമ്മദീയ വിദ്യാഭ്യാസം പ്രചരിപ്പിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നതായി ഡയരക്ടര്‍ തീര്‍ച്ചപ്പെടുത്തുകയും ഇരുപതില്‍ പരം ആളുകളെ ഡയരക്ടര്‍ തന്നെ നേരിട്ട് ക്ഷണിക്കുകയും ചെയ്തു. അവരില്‍ സന്നിഹിതരായവരുടെ പേരുവിവരം താഴെ ചേര്‍ക്കുന്നു:

1. ശൈഖ് മാഹിന്‍ ഹമദാനി തങ്ങള്‍ അവര്‍കള്‍.

2. ജ്ഞാനിയാന്‍ സയ്യിദ് ത്വാഹാ സാഹിബ് കോട്ടാര്‍.

3. സി.മുഹമ്മദ് കുഞ്ഞ്, തിരുവനന്തപുരം.

4. സയ്യിദ് മുഹമ്മദ് പുലവര്‍, തിരുവനന്തപുരം.

5. സയ്യിദ് ഹസന്‍ ക്വാദിര്‍ സാഹിബ്, തിരുവനന്തപുരം.

6. ഹാജി നൂര്‍ മുഹമ്മദ് സേട്ട്, തിരുവനന്തപുരം.

7. ഡോക്ടര്‍ മുനവരി സാഹിബ,് തിരുവനന്തപുരം.

8. സന്താമിയാ സാഹിബ്, ജയില്‍ സൂപ്രണ്ട്, തിരുവനന്തപുരം.

9.എം.മുഹമ്മദ് അബ്ദുല്‍ ക്വാദിര്‍ മൗലവി, വക്കം.

10. എം. മുഹമ്മദ് ഇസ്മാഈല്‍ സാഹിബ്, വക്കം.

11. കെ.എ.അഹ്മദ് കുഞ്ഞ,് കായംകുളം.

12. ഹസന്‍ പിള്ള കണ്ണ്, തിരുവിതാംകോട്.

13. എം.എ.നാവൂര്‍ക്കനി റാവുത്തര്‍, ചങ്ങനാശ്ശേരി.

14. എ.ഹസന്‍ റാവുത്തര്‍, ചങ്ങനാശ്ശേരി.

15. കെ.എ.പി.ബാവ സാഹിബ് ആലപ്പുഴ.

16. മുഹമ്മദ് മുഹ്‌യിദ്ദീന്‍ സണ്‍സ് തക്കല.

17. എം.നാവൂര്‍ പിച്ച, ആലങ്കോട്.

18. സി.മുഹമ്മദ് കുഞ്ഞ്, കൊല്ലം.(10)

കോട്ടാര്‍, ആലുവ, കൊല്ലം, തിരുവനന്തപുരം, വക്കം, കായംകുളം, ചങ്ങനാശ്ശേരി, ആലപ്പുഴ, തക്കല, ആലങ്കോട് എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ഒരു ദിവസം നേരത്തെ തലസ്ഥാനനഗരിയില്‍ എത്തിച്ചേര്‍ന്നു. അവര്‍ ഡോക്ടര്‍ മുനവരി സാഹിബിന്റെ ഡിസ്പന്‍സറി സ്ഥാപിച്ചിരുന്ന കെട്ടിടത്തില്‍ സമ്മേളിച്ച് അടുത്തദിവസം ഗവണ്‍മെന്റിനു സമര്‍പ്പിക്കേണ്ട നിര്‍ദേശങ്ങള്‍ എന്തായിരിക്കണമെന്നു ചര്‍ച്ചചെയ്തു. ഏകകണ്ഠമായി ചില തീരുമാനങ്ങള്‍ അംഗീകരിച്ചു.

1. വിദ്യാഭ്യാസവിഷയത്തില്‍ മുസ്‌ലിംകള്‍ പിന്നാക്കം നില്‍ക്കുന്നതിന്റെ പ്രധാന കാരണം അലസത യാണ്. അവരെ സമീപിച്ച് ഉല്‍ബുദ്ധരാക്കാനും കുട്ടികളെ സ്‌കൂളുകളില്‍ ചേര്‍ക്കാനും താലൂക്കു കമ്മിറ്റികള്‍ രൂപീകരിക്കുക.

2. മുസ്‌ലിംകള്‍ മതവിഷയത്തില്‍ പ്രത്യേകം നിഷ്ഠയുള്ളവരാകയാല്‍, അറബി ഭാഷാഭ്യസനത്തില്‍ നിലവിലുള്ളതില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുക. ഇരുപത്തഞ്ചോ അതില്‍ കൂടുതലോ മുഹമ്മദീയ ബാലന്മാര്‍ പഠിക്കുന്ന സ്‌കൂളുകളില്‍ അറബി മുന്‍ഷിമാരെ നിയമിക്കുക. 

3. ഈ കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നതിനായി അറബി ഭാഷയില്‍ വ്യുല്‍പത്തിയുള്ള രണ്ടില്‍ കുറയാതെ ഇന്‍സ്‌പെക്ടറന്മാരെ നിയമിക്കുക.

4. മെട്രിക്ക് ക്ലാസ് മുതല്‍ പഠിക്കുന്ന കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുക. 

5. മുഹമ്മദീയ ഗ്രാന്റ് സ്‌കൂളുകള്‍ക്ക് മുഴുവന്‍ ശമ്പളവും നല്‍കുക.

അടുത്തദിവസം കൂടിയ ഔദേ്യാഗിക സമ്മേളനത്തില്‍ ഗവണ്‍െമന്റിന്റെ സത്വരശ്രദ്ധ പതിയത്തക്കവിധം പ്രതിനിധികള്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിച്ചു. കാലോചിതമായ വിദ്യാഭ്യാസം ആര്‍ജിക്കുന്നതിനു പക്വമായ ഒരു മനോനില ഉണ്ടാക്കുക എന്നതും അടിയന്തിരാവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലായിരുന്നു. അതിനേററവും പറ്റിയ മാര്‍ഗം അറബി ബോധനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതുതന്നെ ആയിരുന്നു. അതു സ്വീകരിച്ചുതുടങ്ങിയതോടെ നല്ല ഫലം കണ്ടുതുടങ്ങുകയും ചെയ്തു.

ഗവണ്‍മെന്റ് ചീഫ് സെക്രട്ടറിക്ക് ഇതുപ്രകാരം ലഭിച്ച നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ 'മുസ്‌ലിം വിദ്യാഭ്യാസം പ്രചരിപ്പിക്കുക' എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു. മതേതര ഭൗതിക വിഷയങ്ങള്‍ക്ക് പുറമെ മതപഠനം കൂടി സാധ്യമാക്കുകയാണ് മുസ്‌ലിംകളെ സ്‌കൂളുകളിലെത്തിക്കുന്നതിനുള്ള മാര്‍ഗമെന്ന് മനസ്സിലാക്കിയ പ്രസ്തുത യോഗത്തെ തുടര്‍ന്ന്, മുസ്‌ലിംകള്‍ക്കായി 75 പുതിയ സ്‌കൂളുകള്‍ തുടങ്ങുകയും അവിടങ്ങളിലെല്ലാം ആധുനിക പാഠ്യപദ്ധതികള്‍ക്ക് പുറമെ ക്വുര്‍ആനും അറബിയും പഠിപ്പിക്കാനും വ്യവസ്ഥ ചെയ്യുകയുണ്ടായി.(11) 

സഫലമായ ഈ രീതിയുടെ സദ്ഫലങ്ങള്‍ വില്യം ലോഗന്‍ മലബാര്‍ മാന്വലില്‍ വിവരിക്കുന്നത് ഇവിടെ വായിക്കാം:

'അറബി പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് ഗവണ്‍മെന്റ് ഗ്രാന്റ് നല്‍കിക്കൊണ്ട് മുസ്‌ലിം കുട്ടികള്‍ക്കിടയില്‍ സാക്ഷരത്വം പ്രചരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ഫലം കാണിക്കണമെന്ന വ്യവസ്ഥയില്‍ അധ്യാപകര്‍ക്ക് സഹായധനം നല്‍കുന്നതുകൊണ്ട് ഈ ശ്രമം സാമാന്യേന വിജയകരമാണെന്നു പറയാം. ക്വുര്‍ആന്‍ ചൊല്ലാനല്ലാതെ മറ്റൊന്നും പിടിയില്ലാത്ത അറബി അധ്യാപകര്‍ അവര്‍ പഠിപ്പിക്കുന്ന കുട്ടികളെപ്പോലെ തന്നെ സാക്ഷരതയുടെ കാര്യത്തില്‍ തികച്ചും അജ്ഞരാണ്. അതുകൊണ്ട് ഗവണ്‍മെണ്ട് ഗ്രാന്റ് കിട്ടണമെങ്കില്‍ ഫലം കാണിക്കണമെന്ന വ്യവസ്ഥ അവര്‍ നടപ്പാക്കുന്നത് ഹിന്ദുക്കളായ അധ്യാപകരുടെ സേവനം ഉപയോഗിച്ചുകൊണ്ടാണ്. ഇങ്ങനെ പഠിക്കാന്‍ കഴിഞ്ഞ അധ്യേതാക്കളില്‍ ചിലര്‍ മുസ്‌ലിംകള്‍ക്കുള്ള പ്രത്യേക പ്രാഥമിക സ്‌കൂളുകളില്‍ അധ്യാപനവൃത്തി സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ എഴുതാനും വായിക്കാനും കഴിയുന്ന, സ്‌കൂള്‍ വിദ്യാഭ്യാസം സിദ്ധിച്ച മാപ്പിളമാരുടെ എണ്ണം കൈവിലരുകളില്‍ എണ്ണിക്കാവുന്ന വിധം അത്രയും പരിമിതമത്രേ. മതപരമായ അവരുടെ അറിവ് ഇതുപോലെ, മക്കത്തേക്കു പുണ്യയാത്ര നടത്താനും നിത്യനിസ്‌കാരകര്‍മങ്ങള്‍ നിര്‍വഹിക്കാനും ആവശ്യമായ ചടങ്ങുകളില്‍ ഒതുങ്ങിനില്‍ക്കുന്നതാണ്. ഇതുതന്നെ വശത്താക്കിയവരുടെ എണ്ണം തുലോം വിരളമാണ്. 

പരമ്പരയാ കേട്ടറിവുള്ള വിജ്ഞാനമാണ് ഇവിടെയും നിദാനമെന്നതുകൊണ്ട്, ഉള്ളവര്‍ക്ക് എപ്പോഴും തിരക്കായിരിക്കും.'(12)

ആധാര സൂചിക:

മുന്‍ ലക്കം:

(1) മലബാര്‍ മാന്വല്‍, വില്യം ലോഗന്‍, മാതൃഭൂമി ബുക്‌സ്, 2017 ഫെബ്രുവരി. പതിനൊന്നാം പതിപ്പ്, പേജ് 153,154.

(2) തിരുവിതാംകൂര്‍ ശ്രീമൂലം പോപ്പുലര്‍ അസംബ്ലി പ്രജാസഭാ നടപടി രേഖകള്‍, 1911 ഫെബ്രുവരി 16.

(3) അതേ അവലംബം.

(4) തിരുവിതാംകൂര്‍ ശ്രീമൂലം പോപ്പുലര്‍ അസംബ്ലി പ്രജാസഭാ നടപടി രേഖകള്‍, 1913 ഫെബ്രുവരി 13.

(5) തിരുവിതാംകൂര്‍ ശ്രീമൂലം പോപ്പുലര്‍  പ്രജാസഭാ നടപടി രേഖകള്‍ 1913 ഫെബ്രുവരി 22.

ഈ ലക്കം:

(6) പഴയ തിരുവിതാംകൂറിന്റെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്തിരുന്നതും 1956 മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലേക്ക് ചേര്‍ക്കപ്പെട്ടതുമായ കുളച്ചല്‍ നഗരത്തില്‍ നിന്ന് വന്ന് ഇപ്പോഴത്തെ തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയില്‍ താമസമാക്കിയ തോപ്പില്‍ തമ്പി എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന അഹ്മദ് കുഞ്ഞ് എന്ന വ്യാപാരിയായ ഭൂവുടമയില്‍ നിന്നാണ് പൂന്ത്രാന്‍ വംശാവലി തുടങ്ങുന്നത്. നവോത്ഥാന നേതാക്കള്‍, സാമൂഹിക പരിഷ്‌കര്‍ത്താക്കള്‍, സ്വാതന്ത്ര്യസമര സേനാനികള്‍, രാഷ്ട്രീയക്കാര്‍, ജഡ്ജിമാര്‍, എഴുത്തുകാര്‍, പണ്ഡിതര്‍, പത്രപ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ തുടങ്ങിയവരെ ഈ കുടുംബം സംഭാവന ചെയ്തിട്ടുണ്ട്.

 (7) കേരള നിയമസഭയുടെ സ്പീക്കറായി നിയമിതനായ കെ.എം.സീതി സാഹിബിന്റെ തിരുവനന്തപുരം ലോ കോളേജിലെ സമകാലികനായിരുന്നു ഹബീബ്. ആദ്യം തിരുവനന്തപുരത്ത് അഭിഭാഷകനായി ചേര്‍ന്നു. ആറു മാസക്കാലം അദ്ദേഹം തിരുവനന്തപുരത്ത്  മുന്‍സിഫ് ആയും തുടര്‍ന്ന് തിരുവനന്തപുരം ഡിസ്ട്രിക്റ്റ് ജഡ്ജിയായി സേവനമനുഷ്ഠിച്ചു. കോട്ടയം, കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ജില്ലാ ജഡ്ജിയായിരുന്നു ജസ്റ്റിസ് ഹബീബ്. 1946ല്‍ അദ്ദേഹം ഹൈക്കോടതി ജഡ്ജിയായി.1949 ജൂലൈ 7 ന് എറണാകുളത്ത് തിരുവിതാംകൂര്‍ കൊച്ചിന്‍ ഹൈക്കോടതി സ്ഥാപിതമായപ്പോള്‍ അവിടെ ജഡ്ജിയായ അദ്ദേഹം 1951ല്‍  അവിടെ നിന്ന് വിരമിച്ചു. പിന്നീട് കുറച്ചു കാലം മുസ്‌ലിം ലീഗില്‍ സജീവമായി.

 (8) തിരുവിതാംകൂര്‍ ശ്രീമൂലം പോപ്പുലര്‍ അസംബ്ലി പ്രജാസഭാ നടപടി രേഖകള്‍ 1914 ഫെബ്രുവരി 28.

 (9) വക്കം മൗലവി (ലേഖന പരമ്പര), ഹാജി. എം. മുഹമ്മദ് കണ്ണ്, ചന്ദ്രിക ആഴ്ചപ്പതിപ്പ്,1978 ഒക്ടോബര്‍ 14, പേജ് 11.

 (10) അതേ അവലംബം.

 (11) വക്കം മൗലവി (ജീവചരിത്ര ഗ്രന്ഥം), ഹാജി.എം.മുഹമ്മദ് കണ്ണ്.

 (12) മലബാര്‍ മാന്വല്‍, വില്യം ലോഗന്‍, മലയാള വിവര്‍ത്തനം ടി.വി. കൃഷ്ണന്‍, മാതൃഭൂമി ബുക്‌സ്, പതിനൊന്നാം പതിപ്പ്, ഫെബ്രുവരി 2017, പേജ് 154.