ദുല്‍ഹജ്ജ് മാസത്തിലെ പത്ത് ദിവസങ്ങളുടെ ശ്രേഷ്ഠതകള്‍

ഹംസ ജമാലി

2019 ജൂലായ് 27 1440 ദുല്‍ക്വഅദ് 24

കൂടുതല്‍ ആദായം നേടിയെടുത്ത് വിജയം കൈവരിക്കുന്നതിനായി സുവര്‍ണാവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നവരാണ് ബുദ്ധിമാന്മാര്‍. പരീക്ഷാകാലങ്ങളെ പഠിതാക്കള്‍ എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് ചിന്തിച്ചുനോക്കൂ. എന്തുമാത്രം അധ്വാനവും സമയവുമാണ് അവര്‍ അതിന് വേണ്ടി വ്യയം ചെയ്യാറുള്ളത്! ശൈത്യകാലത്തെയും ഉഷ്ണകാലത്തെയും പെരുന്നാളുകളെയും ഒഴിവുകാലങ്ങളെയുമെല്ലാം വ്യാപാരികള്‍ എങ്ങനെയാണ് സ്വീകരിക്കുന്നതെന്ന് നിരീക്ഷിച്ചുനോക്കൂ. യാതൊന്നും നഷ്ടപ്പെടാതിരിക്കാനായി അവര്‍ പരിശ്രമിക്കുന്നു! വസ്ത്ര വ്യാപാരിയായ ഒരാള്‍ പെരുന്നാള്‍ സമാഗതമാകുമ്പോള്‍ തുണിക്കടയടച്ച് ഉല്ലാസയാത്രക്ക് തയ്യാറാകുമോ? പാഠപുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും വില്‍ക്കുന്ന ഒരാള്‍ വിദ്യാലയങ്ങള്‍ തുറക്കുന്നതിന്റെ തൊട്ടുമുമ്പ് അയാളുടെ കടയടക്കുകയും പിന്നീട് സ്‌കൂളുകള്‍ തുറന്ന് ആഴ്ചകള്‍ക്ക് ശേഷം കട തുറക്കുകയും ചെയ്യുമോ? ഇവര്‍ വിജയിക്കുന്ന കച്ചവടക്കാരാകുമോ?

ഇപ്പറഞ്ഞതെല്ലാം ഇഹലോകത്തെ നേട്ടകോട്ടങ്ങളുടെയും കച്ചവടത്തിന്റെയും കാര്യമാണ്. എന്നാല്‍  അല്ലാഹുവുമായുള്ള കച്ചവടത്തിലേര്‍പെടുന്നതിനെക്കുറിച്ച് എന്ത് പറയുന്നു?

വിശുദ്ധ ഹജ്ജ് കര്‍മത്തിന്റെ നാളുകള്‍ സമാഗതമായി. ഹജ്ജിന് പോകാത്തവര്‍ക്കും ഏറെ പ്രതിഫലം സമ്പാദിക്കുവാനുള്ള വഴികള്‍ കാരുണ്യവാനായ അല്ലാഹു തുറന്നു തന്നിട്ടുണ്ട് എന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. അല്ലാഹു ദുല്‍ഹജ്ജ് മാസത്തിലെ പത്ത് ദിനരാത്രങ്ങള്‍ക്ക് ഏറെ ശ്രേഷ്ഠതകള്‍ കല്‍പിച്ചിരിക്കുന്നു എന്നതാണത്. ആ പുണ്യദിനങ്ങളെ സ്വീകരിക്കുവാന്‍ നാം ഒരുങ്ങിയിട്ടുണ്ടോ? അല്ലാഹു തൃപ്തിപ്പെടുകയും അവനിലേക്ക് നമ്മെ അടുപ്പിക്കുകയും അവന്റെയടുക്കല്‍ നമ്മുടെ പദവികള്‍ ഉയര്‍ത്തപ്പെടുകയും ചെയ്യുന്ന സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കുവാന്‍ ഈ അവസരം നാം ഉപയോഗിക്കേണ്ടതുണ്ട്.

ദുല്‍ഹജ്ജിലെ പത്ത് ദിവസങ്ങളുടെ ശ്രേഷ്ഠതകള്‍

സജ്ജനങ്ങള്‍ക്ക് സല്‍കര്‍മങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്നായി വര്‍ഷത്തില്‍ ആവര്‍ത്തിച്ച് വരുന്ന ദിവസങ്ങള്‍ നിശ്ചയിച്ചിരിക്കുന്നുവെന്നത് അല്ലാഹുവിന്റെ ഔദാര്യത്തില്‍ പെട്ടതാകുന്നു. ഈ പുണ്യ ദിനങ്ങളില്‍ തങ്ങളുടെ ഉടമസ്ഥനും രക്ഷിതാവുമായ അല്ലാഹുവിലേക്കടുപ്പിക്കുന്നതായ കര്‍മങ്ങളില്‍ അവര്‍ മത്സരിക്കുകയും അല്ലാഹു അവന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് അവരുടെ പ്രതിഫലം മഹത്തരമാക്കിക്കൊടുക്കുകയും ചെയ്യുന്നു. മനുഷ്യര്‍ വന്നും പോയും കൊണ്ടിരിക്കുമ്പോള്‍ സല്‍കര്‍മങ്ങള്‍ അധികരിപ്പിക്കുന്നതിനായി നമ്മുടെ ആയുഷ്‌കാലം നീട്ടിത്തന്നിരിക്കുന്നുവെന്നതും അവന്‍ ചെയ്ത അനുഗ്രഹങ്ങളില്‍ പെട്ടതു തന്നെ. മറ്റു സമുദായങ്ങളുടെ ആയുസ്സിനെക്കാള്‍ വളരെ കുറവാണ് മുഹമ്മദ് നബി ﷺ യുടെ സമുദായത്തിന്റെ ആയുസ്സ്. നബി ﷺ  പറഞ്ഞു: ''എന്റെ സമുദായത്തിന്റെ ആയുഷ്‌കാലം അറുപതിനും എഴുപതിനും ഇടക്കാകുന്നു'' (ഇബ്‌നുമാജ:1073).

എന്നാല്‍ അല്ലാഹു അവന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ട് കുറഞ്ഞ കാലയളവില്‍ കൂടുതല്‍ കര്‍മങ്ങള്‍ ചെയ്യാനും അവ വര്‍ധിപ്പിക്കാനും ഉതകുംവിധം നമ്മുടെ ആയുസ്സിനെ അനുഗ്രഹിച്ചുകൊിരിക്കുന്നു. ഈ കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുന്നത് അവര്‍ കൂടുതല്‍ കാലം ജീവിച്ചതിന് തുല്യമാണ്. ഇത്തരം പുണ്യങ്ങളില്‍ പെട്ടതാണ് ഇഹലോകത്തെ ദിവസങ്ങളില്‍ ഏറ്റവും ഉത്തമമായ ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍. നബി ﷺ  അരുളി: ''ഇഹലോകത്തിലെ ദിവസങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളാകുന്നു'' (ഇബ്‌നുമാജ: 1144).

അതിലെ നിമിഷങ്ങളും മണിക്കൂറുകളും ദിനങ്ങളുമെല്ലാം അല്ലാഹുവിലേക്ക് ഏറ്റവും പ്രിയപ്പെട്ടതാകുന്നു. അല്ലാഹു ഒരു കാര്യം സത്യം ചെയ്തു പറയുന്നുവെങ്കില്‍ അത് അവന്റെയടുക്കലുള്ള അതിന്റെ പ്രാധാന്യവും മഹത്ത്വവും അറിയിക്കുന്നു. അല്ലാഹു പറയുന്നത് നോക്കൂ:

''പ്രഭാതം തന്നെയാണ സത്യം. പത്തു രാത്രികള്‍ തന്നെയാണ സത്യം'' (അല്‍ഫജ്ര്‍: 1,2).

ഈ ദിവസങ്ങളിലാണ് അറഫാദിനം. പ്രവാചകന്‍ ﷺ  അറഫാദിനത്തെക്കുറിച്ച് ഇങ്ങനെ അരുളി: ''അറഫാ ദിവസത്തെക്കാള്‍ അല്ലാഹു തന്റെ ദാസന്മാരെ നരകത്തില്‍നിന്ന് മോചിപ്പിക്കുന്ന മറ്റൊരു ദിവസവുമില്ല'' (മുസ്‌ലിം: 2402).

ഈ പുണ്യദിനങ്ങളുടെ അവസാന നാളാകട്ടെ ബലിദിനവും ശേഷമുള്ള മിനായില്‍ താമസിക്കുന്ന ദിവസവുമാകുന്നു. പ്രവാചകന്‍ ﷺ  അരുളി: ''അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും മഹത്തായ ദിവസങ്ങള്‍ ബലിദിനവും പിന്നെ അതിനു ശേഷമുള്ള മിനായില്‍ താമസിക്കുന്ന ദിവസവുമാകുന്നു'' (അബൂദാവൂദ് 1502).

ഈ ദിവസങ്ങളില്‍ ചെയ്യുന്ന സല്‍കര്‍മങ്ങള്‍ വളരെ മഹത്തായ കാര്യം തന്നെയാകുന്നു. ഇബ്‌നുഅബ്ബാസ്(റ) നിവേദനം; റസൂല്‍ ﷺ  അരുളി: ''ഈ (ദുല്‍ഹജ്ജ്) പത്തു ദിവസങ്ങളില്‍ പുണ്യകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നതിനെക്കാള്‍ അല്ലാഹുവിന് ഇഷ്ടപ്പെടുന്ന മറ്റൊരു ദിവസത്തെ സല്‍കര്‍മവുമില്ല.'' അവര്‍ ചോദിച്ചു: ''പ്രവാചകരേ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തെക്കാളുമോ?'' അവിടുന്ന് പറഞ്ഞു: ''അതെ, അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള യുദ്ധത്തെക്കാളും! എന്നാല്‍ ഒരാള്‍ സ്വശരീരവും സമ്പത്തുമായി പുറപ്പെടുകയും അവയില്‍നിന്ന് ഒന്നും അദ്ദേഹം തിരിച്ചുകൊണ്ടുവരാതെ രക്തസാക്ഷിയാവുകയും ചെയ്താലല്ലാതെ'' (ബുഖാരി: 969).

കര്‍മങ്ങളില്‍ വെച്ച് ഏറ്റവും ശ്രേഷ്ഠമായത് അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരമാകുന്നു എന്നത് അറിയപ്പെട്ട കാര്യമാണ്. അബൂഹുറയ്‌റ(റ)വില്‍ നിന്ന് നിവേദനം: ''നിശ്ചയം, ഒരാള്‍ നബി ﷺ യോട് ചോദിച്ചു: 'കര്‍മങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഏതാകുന്നു?' നബി ﷺ  അരുളി: 'അല്ലാഹുവിലും അല്ലാഹുവിന്റെ പ്രവാചകനിലുമുള്ള വിശ്വാസമാകുന്നു.' അദ്ദേഹം വീണ്ടും ചോദിച്ചു: 'പിന്നീട് ഏതാകുന്നു?' പ്രവാചകന്‍ ﷺ  അരുളി: 'അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരം.' അയാള്‍ വീണ്ടും ചോദിച്ചു: 'പിന്നീട് ഏതാകുന്നു?' നബി ﷺ  അരുളി: 'സ്വീകാര്യമായ ഹജ്ജ്'' (ബുഖാരി: 1447).

ഈ പ്രമാണങ്ങളില്‍ നിന്നും ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലെ കര്‍മങ്ങള്‍ മറ്റു ദിവസങ്ങളിലെ കര്‍മങ്ങളെക്കാള്‍ അല്ലാഹുവിന്റെയടുക്കല്‍ ഏറ്റവും പ്രിയമുള്ളതും ശ്രേഷ്ഠമായതു മാകുന്നു എന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നു. പുണ്യങ്ങള്‍ വാരിക്കൂട്ടാന്‍ എത്ര നല്ല അവസരം! നന്മകളെ സമന്വയിപ്പിക്കാന്‍ പറ്റിയ എത്ര നല്ല വാതായനം! അല്ലാഹുവിലുള്ള വിശ്വാസവും കൃത്യസമയത്തുള്ള നമസ്‌കാരവും കഴിഞ്ഞാല്‍ പിന്നെ അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള ധര്‍മസമരമാണ് ഏറ്റവും പുണ്യമായ കര്‍മം. എന്നാല്‍ ദുല്‍ഹജ്ജിലെ ആദ്യത്തെ പത്ത് ദിവസങ്ങളിലാണെങ്കില്‍ ആ ധര്‍മസമരത്തെക്കാള്‍ പുണ്യമായതാണ് അതിലെ സല്‍കര്‍മങ്ങള്‍. നന്മകളില്‍ മത്സരിക്കുന്നവര്‍ക്കായി തുറക്കപ്പെടുന്ന എത്രയോ മഹത്തായ പുണ്യദിനങ്ങള്‍. ഇതിനെ അവഗണിക്കുന്നവനെക്കാള്‍ വലിയ നഷ്ടക്കാര്‍ ആരുണ്ട്? ആകയാല്‍ ഇതില്‍ അലസത കാണിക്കുന്നതും പുണ്യകര്‍മങ്ങള്‍ പിന്തിപ്പിക്കുന്നതും സൂക്ഷിക്കേണ്ടതാകുന്നു.

നബി ﷺ  അരുളി: ''പരലോകത്തിനുള്ള കര്‍മങ്ങളൊഴിച്ച് എല്ലാകാര്യങ്ങളിലും താമസിപ്പിക്കല്‍ നന്മയാണ്'' (അബൂദാവൂദ്: 4810).

പരലോകവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മത്സരിക്കുകയും അവ പെട്ടെന്ന് ചെയ്തു തീര്‍ക്കുകയും ചെയ്യേണ്ടതാകുന്നു. അല്ലാഹു പറയുന്നത് നോക്കൂ: ''കിടമത്സരം നടത്തുന്നവര്‍ അതില്‍ കിടമത്സരം നടത്തട്ടെ'' (അല്‍മുത്വഫ്ഫിഫീന്‍: 26).

''...എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ടു വരികയാണ്...'' (അല്‍ബക്വറ: 148).

എന്തുകൊണ്ട് ഇത്രയും മഹത്ത്വങ്ങള്‍?

ബുഖാരിയുടെ വ്യാഖ്യാതാവായ ഹാഫിദ് ഇബ്‌നുഹജര്‍(റഹി) പറയുന്നു: ''ദുല്‍ഹജ്ജ് മാസത്തിലെ ആദ്യത്തെ പത്തു ദിവസങ്ങള്‍ പ്രത്യേകമാകാനുള്ള കാരണമായി പ്രകടമാകുന്നത് നമസ്‌കാരം, നോമ്പ്, ധര്‍മം, ഹജ്ജ് തുടങ്ങിയ ഇസ്‌ലാമിലെ എല്ലാ അടിസ്ഥാന ആരാധനകളും ഇതില്‍ ഒരുമിച്ച് കൂടുന്നുവെന്നതാകുന്നു. മറ്റു സമയങ്ങളിലൊന്നും അവ ഇപ്രകാരം ഒരുമിച്ചുകൂടുന്നില്ല'' (ഫത്ഹുല്‍ബാരി 2/460).

ഇബ്‌നു ഖുദാമ പറയുകയുണ്ടായി: ''ദുല്‍ഹജ്ജിലെ പത്തു ദിവസങ്ങള്‍ എന്തുകൊണ്ടും ശ്രേഷ്ഠവും ഉല്‍കൃഷ്ടവുമാകുന്നു. അതില്‍ ചെയ്യുന്ന സല്‍കമങ്ങളുടെ പ്രതിഫലം ഇരട്ടിപ്പിക്കുന്നതും അന്ന് ഇബാദത്തുകളില്‍ കൂടുതല്‍ പ്രയത്‌നിക്കല്‍ സുന്നത്തുമാകുന്നു'' (മുഗ്‌നി: 4/443).

 ഈ അനുഗൃഹീത നാളുകളില്‍ സല്‍കര്‍മങ്ങള്‍ ചെയ്യുന്നതില്‍ താല്‍പര്യം കാണിക്കുന്നത് യഥാര്‍ഥത്തില്‍ നന്മയില്‍ ധൃതികാണിക്കലും ഭക്തിയുടെ അടയാളവുമാകുന്നു. അല്ലാഹു പറയുന്നത് കാണുക: ''വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ധര്‍മനിഷ്ഠയില്‍ നിന്നുണ്ടാകുന്നതത്രെ'' (അല്‍ഹജ്ജ്: 32).

''അവയുടെ മാംസങ്ങളോ രക്തങ്ങളോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മനിഷ്ഠയാണ് അവങ്കല്‍ എത്തുന്നത്'' (അല്‍ഹജ്ജ്:37).

ആയതിനാല്‍ കൂടുതല്‍ സല്‍കര്‍മങ്ങള്‍ ചെയ്തുകാണ്ട് ഈ പുണ്യദിനങ്ങളെ ഉപയോഗപ്പെടുത്തുവാന്‍ തീരുമാനിക്കുക. ഈ ദിനങ്ങളില്‍ നാം പുണ്യകര്‍മങ്ങള്‍കൊണ്ടും സദ്‌വാക്കുകള്‍ കൊണ്ടും സ ജീവമാക്കുന്നതില്‍ അതീവ താല്‍പര്യം കാണിക്കേണ്ടതുണ്ട്. അങ്ങനെ വല്ല കാര്യത്തിലും ഒരാള്‍ തീരുമാനമെടുക്കുന്നുവെങ്കില്‍ ആ പ്രവൃത്തി പൂര്‍ത്തിയാക്കുന്നതിന് അല്ലാഹു അവനെ സഹായിക്കുന്നതുമാകുന്നു.

അല്ലാഹു പറയുന്നു: ''നമ്മുടെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പെട്ടവരാരോ, അവരെ നമ്മുടെ വഴികളിലേക്ക് നാം നയിക്കുകതന്നെ ചെയ്യുന്നതാണ്'' (അല്‍അന്‍കബൂത്ത്: 69).

വിശ്വാസികള്‍ റമദാനിന്റെ പകലില്‍ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി നോമ്പെടുക്കുകയും കുര്‍ആന്‍ പാരായണം ചെയ്യുകയും കഴിയുന്നത്ര ദാനധര്‍മങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. എന്നാല്‍ ദുല്‍ഹജ്ജിലെ ആദ്യത്തെ പത്തു ദിനങ്ങളില്‍ ചെയ്യുന്ന കര്‍മങ്ങള്‍ വര്‍ഷത്തിലെ മറ്റു ദിവസങ്ങളില്‍ ചെയ്യുന്ന കര്‍മ ങ്ങളെക്കാള്‍ അല്ലാഹുവിന്ന് ഏറ്റവും പ്രിയമുള്ളതായിട്ടും അധികമാളുകളും എന്തുകൊണ്ട് ഇത് ചെയ്യുന്നില്ല? ഈ ദിവസങ്ങളുടെ ശ്രേഷ്ഠതയെക്കുറിച്ചുള്ള അറിവില്ലായ്മയായിരിക്കാം ഇതിനൊരു കാരണം.

മനസ്സുകളില്‍ കറപിടിക്കുമ്പോള്‍ അതിനെ സ്ഫുടം ചെയ്യേണ്ടതും അത് ബലഹീനമാകുമ്പോള്‍ അതിന് ശക്തി പകരേണ്ടതും ആവശ്യമാണ്. ന്യൂനതകളും പിഴവുകളും സംഭവിക്കുമ്പോള്‍ അവ നികത്തേണ്ടതിനായി ശ്രമിക്കേണ്ടതുണ്ട്.

അബ്ദുല്ലാഹിബ്‌നു അംറുബ്‌നുല്‍ ആസ്വ്(റ) നിവേദനം; നബ ﷺ  പറഞ്ഞു: ''വസ്ത്രം ദ്രവിക്കുന്നത് പോലെ നിങ്ങളുടെ ഓരോരുത്തരുടുടെയും ഹൃദയങ്ങളില്‍ ഈമാന്‍ (വിശ്വാസം) ദ്രവിക്കുന്നതാണ്. അതിനാല്‍ നിങ്ങളുടെ ഹൃദയങ്ങളില്‍ ഈമാന്‍ പുതുക്കിക്കിട്ടാന്‍ നിങ്ങള്‍ അല്ലാഹുവിനോട് ചോദിക്കുക'' (ഇബ്‌നുമാജ: 1590).

 വിശ്വാസ ദൗര്‍ബല്യത്തില്‍ നിന്നും ഹൃദയത്തെ സംസ്‌കരിക്കുന്നതിന് ഈ ദിനങ്ങളെ ഫലപ്രദമായി ഉപയോഗിക്കേണ്ടതാണ്. ദേഹേച്ഛകളാണ് പലപ്പോഴും നമ്മെ അപഥ സഞ്ചാരത്തിലേക്ക് നയിക്കുന്നത്. ദേഹേച്ഛകള്‍ക്ക് കടിഞ്ഞാണിടാന്‍ ഒരു വിശ്വാസിക്ക് സാധിക്കണം.

 അല്ലാഹു പറയുന്നു: ''ഏതൊരുവന്‍ തന്റെ രക്ഷിതാവിന്റെ സ്ഥാനത്തെ ഭയപ്പെടുകയും മനസ്സിനെ തന്നിഷ്ടത്തില്‍ നിന്ന് വിലക്കി നിര്‍ത്തുകയും ചെയ്തുവോ സ്വര്‍ഗം തന്നെയാണ് അവന്റെ സങ്കേതം'' (അന്നാസിആത്: 40,41).