പരിഹാസങ്ങളും ദുരാരോപണങ്ങളും

ഫദ്‌ലുല്‍ ഹഖ് ഉമരി

2019 ഫെബ്രുവരി 23 1440 ജുമാദല്‍ ആഖിര്‍ 18

(ലോകഗുരു: മുഹമ്മദ് നബിﷺ ഭാഗം: 11)

മുഹമ്മദ് നബിﷺ  തന്റെ പ്രബോധന പ്രവര്‍ത്തനത്തില്‍ മുന്നേറുകയാണെന്നും അല്ലാഹുവിലേക്കുള്ള ക്ഷണത്തില്‍ നിന്നും ഒരു കാര്യവും അദ്ദേഹത്തെ തടയുന്നില്ലെന്നും അബൂത്വാലിബിനോടുള്ള സംസാരത്തില്‍ ഒരു ഗുണവുമില്ലെന്നും മനസ്സിലാക്കിയ ക്വുറൈശികള്‍ മുഹമ്മദ് നബിﷺ യെ എതിരിടാന്‍ മറ്റു ചില മാര്‍ഗങ്ങള്‍ സ്വീകരിച്ചു; ജനങ്ങളെ 'മുഹമ്മദിന്റെ ദൈവത്തില്‍'നിന്നും അകറ്റുവാനും വെറുപ്പുണ്ടാക്കുവാനും ആവശ്യമായ മാര്‍ഗങ്ങള്‍. 

1) ക്വുര്‍ആനിനെ സംബന്ധിച്ച് കളവുകള്‍ പ്രചരിപ്പിക്കുക എന്നുള്ളതാണ് അവര്‍ സ്വീകരിച്ച ഒന്നാമത്തെ മാര്‍ഗം. മുഹമ്മദ് നബിﷺ യുടെ പ്രബോധനം ആളുകള്‍ ശ്രദ്ധിക്കാതിരിക്കാന്‍ വേണ്ടിയായിരുന്നു ഇത്. അവര്‍ പ്രചരിപ്പിച്ച ഒരു ദുരാരോപണം ഇപ്രകാരമായിരുന്നു: 

''ഒരു മനുഷ്യന്‍ തന്നെയാണ് അദ്ദേഹത്തിന് (നബിക്ക്) പഠിപ്പിച്ചുകൊടുക്കുന്നത് എന്ന് അവര്‍ പറയുന്നുണ്ടെന്ന് തീര്‍ച്ചയായും നമുക്കറിയാം. അവര്‍ ദുസ്സൂചന നടത്തിക്കൊണ്ടിരിക്കുന്നത് ഏതൊരാളെപ്പറ്റിയാണോ ആ ആളുടെ ഭാഷ അനറബിയാകുന്നു. ഇതാകട്ടെ സ്പഷ്ടമായ അറബി ഭാഷയാകുന്നു'' (അന്നഹ്ല്‍: 103).

ക്വുര്‍ആനിന്റെ ഉദ്ഭവത്തെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ സംശയം ഉണ്ടാക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ ആരോപണം ഉന്നയിച്ചത്. 

മുഹമ്മദ് നബിയെ സംബന്ധിച്ചും ചില ബാലിശമായ വാദങ്ങളുമായി അവര്‍ മുന്നോട്ടു വന്നു: ''അവര്‍ പറഞ്ഞു: ഈ ദൂതന്‍ എന്താണിങ്ങനെ? ഇയാള്‍ ഭക്ഷണം കഴിക്കുകയും അങ്ങാടികളിലൂടെ നടക്കുകയും ചെയ്യുന്നല്ലോ. ഇയാളുടെ കൂടെ ഒരു താക്കീതുകാരനായിരിക്കത്തക്കവണ്ണം ഇയാളുടെ അടുത്തേക്ക് എന്ത് കൊണ്ട് ഒരു മലക്ക് ഇറക്കപ്പെടുന്നില്ല?'' (അല്‍ഫുര്‍ക്വാന്‍: 7). 

2) ക്വുര്‍ആനിനെ സംബന്ധിച്ച് ഇത് പഴമക്കാരുടെ കെട്ടുകഥകളാണെന്ന് പ്രചരിപ്പിക്കലായിരുന്നു അവര്‍ സ്വീകരിച്ച രണ്ടാമത്തെ മാര്‍ഗം. ഇതിന്റെ മുമ്പിലുണ്ടായിരുന്നത് നള്‌റുബ്‌നുല്‍ ഹാരിസ് എന്ന വ്യക്തിയായിരുന്നു. ഇയാള്‍ നബിﷺ യോടുള്ള ശത്രുത വെളിവാക്കുകയും അദ്ദേഹത്തെ വല്ലാതെ ദ്രോഹിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു. പഴയകാല പേര്‍ഷ്യന്‍ രാജാക്കന്മാരുടെ കഥകള്‍ അയാള്‍ക്കറിയാമായിരുന്നു. അതുകൊണ്ട് തന്നെ മുഹമ്മദ് നബിﷺ  ഒരു സദസ്സില്‍ ചെന്നുനിന്നാല്‍ അതിന് പിറകെ ഇയാള്‍ വന്നുകൊണ്ട് പറയും: 'മുഹമ്മദിനെക്കാള്‍ നന്നായി പറയുവാന്‍ കഴിവുള്ളവനാണ് ഞാന്‍. മുഹമ്മദ് പറയുന്നതെല്ലാം പുരാണങ്ങളാണ്.' ഇത് പറഞ്ഞശേഷം തന്റെ സംസാരം ആരംഭിക്കും. ഈ വ്യക്തിയെക്കുറിച്ചാണ് അല്ലാഹു ഇപ്രകാരം പറഞ്ഞത്:

''വ്യാജവാദിയും അധര്‍മകാരിയുമായ ഏതൊരാള്‍ക്കും നാശം. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തനിക്ക് ഓതിക്കേള്‍പിക്കപ്പെടുന്നത് അവന്‍ കേള്‍ക്കുകയും എന്നിട്ട് അത് കേട്ടിട്ടില്ലാത്തത് പോലെ അഹങ്കാരിയായിക്കൊണ്ട് ശഠിച്ചു നില്‍ക്കുകയും ചെയ്യുന്നു. ആകയാല്‍ അവന്ന് വേദനയേറിയ ശിക്ഷയെ പറ്റി സന്തോഷവാര്‍ത്ത അറിയിച്ചുകൊള്ളുക. നമ്മുടെ തെളിവുകളില്‍ നിന്ന് വല്ലതും അവന്‍ അറിഞ്ഞാലോ അവനത് ഒരു പരിഹാസവിഷയമാക്കിക്കളയുകയും ചെയ്യും. അത്തരക്കാര്‍ക്കാകുന്നു അപമാനകരമായ ശിക്ഷ'' (അല്‍ജാഥിയ: 7-9).

3) മുഹമ്മദ് നബിﷺ യെ പരിഹസിക്കുകയും അപമാനിക്കുകയും ചെയ്യുക എന്നതായിരുന്നു ക്വുറൈശികള്‍ സ്വീകരിച്ച മൂന്നാമത്തെ മാര്‍ഗം. അവര്‍ മുഹമ്മദ് നബിﷺ യെയും വിശുദ്ധ ക്വുര്‍ആനിനെയും പരിഹസിക്കാനായി ഇറങ്ങി. സത്യമാര്‍ഗത്തില്‍ നിന്ന് ജനങ്ങളെ തടയുകയും മുസ്ലിംകളെ നിന്ദിക്കലുമായിരുന്നു ലക്ഷ്യം. മുസ്‌ലിംകളുടെ മനശ്ശക്തി ക്ഷയിപ്പിക്കുക, ഇസ്‌ലാമിനെ സംബന്ധിച്ച് അവരുടെ മനസ്സില്‍ സംശയം ജനിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളും ഇതിന് പിന്നിലുണ്ടായിരുന്നു. ചിലര്‍ നബിﷺ യെ ഭ്രാന്തന്‍ എന്ന് ആക്ഷേപിച്ചു:

''അവര്‍ (അവിശ്വാസികള്‍) പറഞ്ഞു: ഹേ; ഉല്‍ബോധനം അവതരിപ്പിക്കപ്പെട്ടിട്ടുള്ള മനുഷ്യാ! തീര്‍ച്ചയായും നീ ഒരു ഭ്രാന്തന്‍ തന്നെ'' (അല്‍ഹിജ്ര്‍: 6)

മറ്റുചിലര്‍ മാരണക്കാരന്‍ എന്നും കളവ് പറയുന്നവനെന്നും വിശേഷിപ്പിച്ചു: 

''അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക് ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ളവാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു'' (അസ്സ്വാദ്: 4). 

കവി എന്നു പറഞ്ഞും ചിലര്‍ ആക്ഷേപിച്ചു: ''എന്നാല്‍ അവര്‍ പറഞ്ഞു: പാഴ്കിനാവുകള്‍ കണ്ട വിവരമാണ് (മുഹമ്മദ് പറയുന്നത്). (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല, അതവന്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ്. (മറ്റൊരിക്കല്‍ അവര്‍ പറഞ്ഞു:) അല്ല; അവനൊരു കവിയാണ്. എന്നാല്‍ (അവന്‍ പ്രവാചകനാണെങ്കില്‍) മുന്‍ പ്രവാചകന്‍മാര്‍ ഏതൊരു ദൃഷ്ടാന്തവുമായാണോ അയക്കപ്പെട്ടത് അതുപോലൊന്ന് അവന്‍ നമുക്ക് കൊണ്ടു വന്നു കാണിക്കട്ടെ'' (അല്‍ അമ്പിയാഅ്: 5) 

മുഹമ്മദ് നബിﷺ  അവര്‍ക്ക് ക്വുര്‍ആന്‍ ഓതിക്കൊടുക്കുമ്പോഴെല്ലാം നബിയെ അവര്‍ പരിഹസിക്കും: ''അവര്‍ പറഞ്ഞു: നീ ഞങ്ങളെ എന്തൊന്നിലേക്ക് വിളിക്കുന്നുവോ അത് മനസ്സിലാക്കാനാവാത്ത വിധം ഞങ്ങളുടെ ഹൃദയങ്ങള്‍ മൂടികള്‍ക്കുള്ളിലാകുന്നു. ഞങ്ങളുടെ കാതുകള്‍ക്ക് ബധിരതയുമാകുന്നു. ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുണ്ട്. അതിനാല്‍ നീ പ്രവര്‍ത്തിച്ച് കൊള്ളുക. തീര്‍ച്ചയായും ഞങ്ങളും പ്രവര്‍ത്തിക്കുന്നവരാകുന്നു.'' (അല്‍ഫുസ്സ്വിലത്: 5). 

മരണശേഷം മറ്റൊരു ജീവിതമുണ്ട് എന്ന് പറയുമ്പോഴും അവര്‍ പരിഹാസത്തില്‍ തന്നെയായിരുന്നു:

''നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്: ഞങ്ങള്‍ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ?...'' (അര്‍റഅ്ദ്: 5). 

മുഹമ്മദ് നബിﷺ യെ പരിഹസിക്കുന്നവരുടെ നേതാവായിരുന്നു അബൂജഹല്‍. എല്ലാ സദസ്സുകളിലും ആ വ്യക്തി കടന്നുവരും. എന്നിട്ട് ഇപ്രകാരം പറയും: ''മുഹമ്മദ് പറയുന്നത് സത്യമാണെങ്കില്‍ ആകാശലോകത്ത് നിന്നും ഞങ്ങള്‍ക്കു മേല്‍ ഒരു ചരല്‍മഴ വര്‍ഷിപ്പിച്ച് താ.'' 

ഇക്കാര്യം അല്ലാഹു പറഞ്ഞുതരുന്നത് കാണുക: ''അല്ലാഹുവേ, ഇതു നിന്റെ പക്കല്‍ നിന്നുള്ള സത്യമാണെങ്കില്‍ നീ ഞങ്ങളുടെ മേല്‍ ആകാശത്ത് നിന്ന് കല്ല് വര്‍ഷിപ്പിക്കുകയോ, അല്ലെങ്കില്‍ ഞങ്ങള്‍ക്ക് വേദനാജനകമായ ശിക്ഷ കൊണ്ടുവരികയോ ചെയ്യുക എന്ന് അവര്‍ (അവിശ്വാസികള്‍) പറഞ്ഞ സന്ദര്‍ഭവും (ഓര്‍ക്കുക). എന്നാല്‍ നീ അവര്‍ക്കിടയില്‍ ഉണ്ടായിരിക്കെ അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല. അവര്‍ പാപമോചനം തേടിക്കൊണ്ടിരിക്കുമ്പോഴും അല്ലാഹു അവരെ ശിക്ഷിക്കുന്നതല്ല'' (അല്‍അന്‍ഫാല്‍:32, 33). 

അബൂലഹബിന്റെ ഭാര്യ ഉമ്മുജമീല്‍ നബിﷺ യെ പരിഹസിച്ചുകൊണ്ട് പറഞ്ഞു: ''നിന്റെ കൂടെയുള്ള പിശാച് നിന്നില്‍ നിന്നും വിട്ടുപോയിരിക്കും എന്നാണ് ഞാന്‍ കരുതുന്നത്. രണ്ടു മൂന്ന് ദിവസമായി പിശാച് അടുക്കുന്നതായി കണ്ടിട്ടില്ല.'' അപ്പോള്‍ അല്ലാഹു ഇപ്രകാരം അവതരിപ്പിച്ചു: 

''പൂര്‍വാഹ്‌നം തന്നെയാണ് സത്യം. രാത്രി തന്നെയാണ് സത്യം; അത് ശാന്തമാവുമ്പോള്‍. (നബിയേ,) നിന്റെ രക്ഷിതാവ് നിന്നെ കൈവിട്ടിട്ടില്ല. വെറുത്തിട്ടുമില്ല'' (അദ്ദ്വുഹാ:1-3).

ആയുധംകൊണ്ട് കുത്തിയാല്‍ ഉണ്ടാകുന്ന മുറിവിനെക്കാള്‍ പ്രയാസമുണ്ടാക്കുന്നതാണ് നാവുകൊണ്ടുള്ള പരിഹാസത്തിന്റെ മുറിവുകള്‍. പ്രത്യേകിച്ചും മാന്യരും നല്ലവരുമായ ആളുകളെക്കുറിച്ച് പരിഹസിച്ച് പറയുമ്പോള്‍ അത് അവരെ ഏറെ വേദനിപ്പിക്കും. ദിവസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് നബിﷺ യെ പുകഴ്ത്തുകയും വിശ്വസ്തനായി കാണുകയും ചെയ്തിരുന്ന അതേ ആളുകള്‍ അവരുടെ നാവുകൊണ്ടുതന്നെ കളവ് പറയുന്നവനെന്നും ഭ്രാന്തനെന്നും മാരണക്കാരനയന്നും പറഞ്ഞു പരിഹസിക്കുമ്പോള്‍ അത് നിസ്സാരമായ ഒരു കാര്യമല്ല. പക്ഷേ, അല്ലാഹുവിന്റെ മാര്‍ഗത്തില്‍; അവന്റെ തൃപ്തിക്കുവേണ്ടിയാണ് ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത് എന്നുള്ള കാരണത്താല്‍ മുഹമ്മദ് നബിﷺ യെ സംബന്ധിച്ചിടത്തോളം ഇതെല്ലാം വളരെ നിസ്സാരമായിരുന്നു. ജനങ്ങള്‍ക്കറിയാത്ത പലതും ദിവ്യബോധനം വഴി നബിﷺ  അറിയുന്നു എന്നുള്ളതാണ് പരിഹാസങ്ങളെയും ഉപദ്രവങ്ങളെയും ക്ഷമയോടെയും സഹനത്തോടെയും അഭിമുഖീകരിക്കുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. അല്ലാഹു നബിﷺ യെ ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയും ക്ഷമിക്കുവാനുള്ള മാനസികാവസ്ഥ നബിക്ക് നല്‍കിക്കൊണ്ടിരിക്കുകയും ചെയ്തു:

''അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക. ഉറപ്പായ കാര്യം (മരണം) നിനക്ക് വന്നെത്തുന്നത് വരെ നീ നിന്റെ രക്ഷിതാവിനെ ആരാധിക്കുകയും ചെയ്യുക'' (അല്‍ഹിജ്ര്‍: 97-99). 

പരീക്ഷണങ്ങളും പ്രയാസങ്ങളും ശക്തമാകുമ്പോള്‍ എല്ലാം ക്ഷമിക്കുവാനുള്ള കല്‍പന അല്ലാഹു തആലാ നല്‍കിക്കൊണ്ടായിരുന്നു: ''ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ'' (അര്‍റൂം: 60). 

പരിഹാസങ്ങള്‍ക്കും ദ്രോഹങ്ങള്‍ക്ക് മുമ്പില്‍ അങ്ങേയറ്റത്തെ ക്ഷമ അനിവാര്യമാണ്. അല്ലാഹുവിന്റെ മാര്‍ഗത്തിലുള്ള പ്രവര്‍ത്തനങ്ങളില്‍ കാലുകള്‍ ചലിപ്പിക്കേണ്ടി വരും. ശരീരത്തെ വേദനിപ്പിക്കേണ്ടി വരും. ഹൃദയങ്ങള്‍ക്ക് വേദനയുണ്ടാക്കുന്ന കാര്യങ്ങള്‍ കേള്‍ക്കേണ്ടിവരും. എങ്കില്‍ മാത്രമെ അല്ലാഹുവിന്റെ ദീനിനെ പ്രകടമാക്കുവാന്‍ സാധിക്കുകയുള്ളൂ. 

ഉര്‍വ്വത്ബ്‌നു സുബൈറി(റ)ല്‍ നിന്നും നിവേദനം: ആഇശ(റ) അദ്ദേഹത്തോട് പറഞ്ഞു: ആഇശ(റ) നബിﷺ യോട് ചോദിച്ചു: ''അല്ലാഹുവിന്റെ പ്രവാചകരേ, ഉഹ്ദ്‌യുദ്ധ ദിവസത്തില്‍ താങ്കള്‍ക്കുണ്ടായ പ്രയാസം പോലെ മറ്റൊരു പ്രയാസമുള്ള ദിവസം താങ്കള്‍ക്ക് ഉണ്ടായിട്ടുണ്ടോ?'' അപ്പോള്‍ നബിﷺ  പറഞ്ഞു: ''നിന്റെ ജനതയില്‍നിന്ന് എനിക്ക് പലതും അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. അക്വബയുടെ ദിവസം ഞാന്‍ അനുഭവിച്ചതാണ് ഏറ്റവും പ്രയാസമായിട്ടുള്ളത്. ഇബ്‌നു അബ്ദില്ലാഹിബ്‌നു അബ്ദികുലൈലിന്റെ അടുത്തേക്ക് ചെന്നു. പക്ഷേ, എന്റെ പ്രബോധനം അയാള്‍ സ്വീകരിച്ചില്ല. ദുഃഖിതനായിക്കൊണ്ട് ഞാന്‍ അവിടെ നിന്നും തിരിച്ചുപോന്നു. ക്വര്‍നുസ്സആലിബില്‍ വെച്ചാണ് എനിക്ക് ശരിക്കും ബോധം തെളിഞ്ഞത്. അപ്പോള്‍ ഞാന്‍ തല ഉയര്‍ത്തി നോക്കി. ആ സന്ദര്‍ഭത്തില്‍ അതാ ഒരു മേഘം എനിക്ക് തണലായി നില്‍ക്കുന്നു. ഞാന്‍ നോക്കിയപ്പോള്‍ ആ മേഘത്തില്‍ ജിബ്‌രീലിനെ കണ്ടു. ജിബ്രീല്‍ എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു: 'നിന്റെ ജനത നിന്നോട് പറഞ്ഞത് അല്ലാഹു കേട്ടിരിക്കുന്നു. അവര്‍ നിനക്ക് നല്‍കിയ മറുപടിയും അല്ലാഹു കേട്ടിരിക്കുന്നു. മലകളുടെ മലക്കിനെ നിങ്ങളിലേക്ക് നിയോഗിച്ചിരിക്കുകയാണ് അല്ലാഹു. താങ്കള്‍ ഉദ്ദേശിക്കുന്ന കാര്യം അവരോട് കല്‍പിച്ചു കൊള്ളുക. താങ്കള്‍ ഉദ്ദേശിക്കുന്ന പക്ഷം അഖ്ശബൈനിനെ(രണ്ടു മലകള്‍) അവര്‍ക്ക് മുകളിലേക്ക് ഞാന്‍ മറിച്ചിടുന്നതാണ്.' അപ്പോള്‍ നബിﷺ  അവരോട് പറഞ്ഞു: 'വേണ്ട! ഞാന്‍ ആഗ്രഹിക്കുന്നത്, അവരുടെ സന്താനങ്ങളില്‍ നിന്നെങ്കിലും അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന, അവനില്‍ ഒന്നിനെയും പങ്ക് ചേര്‍ക്കാത്ത സന്താനങ്ങളെ അല്ലാഹു പുറത്തു കൊണ്ടുവരാനാണ്'' (ബുഖാരി: 3231, മുസ്‌ലിം: 1795). 

ശത്രുക്കളില്‍നിന്നും ഒരുപാട് പ്രയാസങ്ങളും ആക്ഷേപങ്ങളും പരിഹാസങ്ങളും നബിﷺ ക്ക് നേരിടേണ്ടിവന്നു എന്ന് പറഞ്ഞല്ലോ. ഇതെല്ലാംതന്നെ ഉഹ്ദ് യുദ്ധത്തില്‍ പിതൃവ്യനായ ഹംസﷺ  വധിക്കപ്പെട്ടതിന്റെ വേദനയെക്കാളും 70 ഓളം വരുന്ന അനുചരന്മാരുടെ മരണത്തിലൂടെ താന്‍ അനുഭവിച്ച വേദനയെക്കാളും ഉഹ്ദില്‍ തനിക്ക് സംഭവിച്ച മുറിവിന്റെ വേദനയെക്കാളും നബിﷺ യെ സംബന്ധിച്ചിടത്തോളം പ്രയാസകരമായിരുന്നു. 

ക്വുര്‍ആനിനെക്കുറിച്ചും നബിﷺ യെക്കുറിച്ചും മുശ്‌രിക്കുകള്‍ എന്തെല്ലാം കളവുകള്‍ പറഞ്ഞുവോ അതിനെല്ലാം അല്ലാഹു വഹ്‌യിലൂടെ മറുപടിയും കൊടുത്തു: 

''എന്നാല്‍ നിങ്ങള്‍ കാണുന്നവയെക്കൊണ്ട് ഞാന്‍ സത്യം ചെയ്ത് പറയുന്നു; നിങ്ങള്‍ കാണാത്തവയെക്കൊണ്ടും. തീര്‍ച്ചയായും ഇത് മാന്യനായ ഒരു ദൂതന്റെ വാക്കു തന്നെയാകുന്നു.  ഇതൊരു കവിയുടെ വാക്കല്ല. വളരെ കുറച്ചേ നിങ്ങള്‍ വിശ്വസിക്കുന്നുള്ളൂ. ഒരു ജ്യോത്‌സ്യന്റെ വാക്കുമല്ല. വളരെക്കുറച്ചേ നിങ്ങള്‍ ആലോചിച്ചു മനസ്സിലാക്കുന്നുള്ളൂ. ഇത് ലോകരക്ഷിതാവിങ്കല്‍ നിന്ന് അവതരിപ്പിക്കപ്പെട്ടതാകുന്നു'' (അല്‍ ഹാക്ക്വ: 38-43). 

തെളിവുകള്‍ കൊണ്ടും പ്രമാണങ്ങള്‍ കൊണ്ടും ക്വുറൈശികള്‍ക്ക് നബിﷺ യെ നേരിടാന്‍ കഴിയാതെയായപ്പോള്‍ വാളിന്റെയും ശക്തിയുടെയും പിന്‍ബലം അവര്‍ക്ക് തേടേണ്ടിവന്നു. മൂസാ നബി(അ)യോട് ഫിര്‍ഔന്‍ സ്വീകരിച്ച രീതിയായിരുന്നു ഇത്. 

''അവന്‍ (ഫിര്‍ഔന്‍) പറഞ്ഞു: ഞാനല്ലാത്ത വല്ല ദൈവത്തേയും നീ സ്വീകരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിന്നെ ഞാന്‍ തടവുകാരുടെ കൂട്ടത്തിലാക്കുന്നതാണ്'' (അശ്ശുഅറാഅ്: 29). 

പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കുമിടയിലൂടെ നബിﷺ  മുന്നോട്ടുപോകുമ്പോള്‍ അല്ലാഹു അദ്ദേഹത്തെ ചില കാര്യങ്ങള്‍ ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു:

1) എല്ലാ നബിമാരും സത്യനിഷേധികളില്‍ നിന്ന് ഇത്തരം പരിഹാസങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും വിധേയമായിട്ടുണ്ട്. അമ്പിയാക്കളെയും ഔലിയാക്കളെയും വളര്‍ത്തിക്കൊണ്ടു വരുമ്പോള്‍ അല്ലാഹുവിന്റെ ഒരു നടപടിക്രമം ആകുന്നു ഇത്: 

''പൂര്‍വസമുദായങ്ങളില്‍ എത്രയോ പ്രവാചകന്‍മാരെ നാം നിയോഗിച്ചിട്ടുണ്ട്. ഏതൊരു പ്രവാചകന്‍ അവരുടെ അടുത്ത് ചെല്ലുകയാണെങ്കിലും അവര്‍ അദ്ദേഹത്തെ പരിഹസിക്കുന്നവരാകാതിരുന്നിട്ടില്ല''(അസ്സുഖ്‌റുഫ്:6,7).

2) വീണ്ടും വീണ്ടും ക്ഷമിക്കുവാനുള്ള പ്രേരണ നല്‍കല്‍. പ്രബോധന മേഖലയില്‍ പ്രയാസങ്ങള്‍ ശക്തമായി വന്നപ്പോള്‍ ക്ഷമിക്കുവാനുള്ള കല്‍പനയാണ് അല്ലാഹു പ്രവാചകന് നല്‍കിയത്. ക്വുര്‍ആനില്‍ എണ്‍പതില്‍ അധികം സ്ഥലങ്ങളില്‍ ഇത് കാണുവാന്‍ സാധിക്കും. 

''ആകയാല്‍ നീ ക്ഷമിക്കുക. തീര്‍ച്ചയായും അല്ലാഹുവിന്റെ വാഗ്ദാനം സത്യമാകുന്നു. ദൃഢവിശ്വാസമില്ലാത്ത ആളുകള്‍ നിനക്ക് ചാഞ്ചല്യം വരുത്താതിരിക്കുകയും ചെയ്യട്ടെ'' (അര്‍റൂം: 60).

''അതിനാല്‍ അവര്‍ പറയുന്നതിന്റെ പേരില്‍ നീ ക്ഷമിച്ചു കൊള്ളുക...'' (ക്വാഫ്: 39).

3). പ്രബോധന മേഖലയില്‍ ആരാധനകള്‍ കൊണ്ട് സഹായം തേടണം: 

''അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത് നിമിത്തം നിനക്ക് മനഃപ്രയാസം അനുഭവപ്പെടുന്നുണ്ട് എന്ന് തീര്‍ച്ചയായും നാം അറിയുന്നുണ്ട്. ആകയാല്‍ നിന്റെ രക്ഷിതാവിനെ സ്തുതിച്ച് കൊണ്ട് നീ സ്‌തോത്രകീര്‍ത്തനം നടത്തുകയും, നീ സുജൂദ് ചെയ്യുന്നവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക'' (അല്‍ഹിജ്ര്‍: 97-99).

''ആയതിനാല്‍ ഇവര്‍ പറയുന്നതിനെ പറ്റി ക്ഷമിക്കുക. സൂര്യോദയത്തിനു മുമ്പും സൂര്യാസ്തമയത്തിന് മുമ്പും നിന്റെ രക്ഷിതാവിനെ സ്തുതിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ നീ പ്രകീര്‍ത്തിക്കുകയും ചെയ്യുക. രാത്രിയില്‍ ചില നാഴികകളിലും പകലിന്റെ ചില ഭാഗങ്ങളിലും നീ അവന്റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുക. നിനക്ക് സംതൃപ്തി കൈവന്നേക്കാം'' (ത്വാഹാ: 130)

4) അല്ലാഹു കൂടെയുണ്ട് എന്ന് നബിﷺ യെ ബോധ്യപ്പെടുത്തല്‍. 

5) പരിഹസിക്കുന്ന ആളുകള്‍ പരാജിതരാവുക തന്നെ ചെയ്യും, അവര്‍ പരിഹസിക്കപ്പെടുന്നവരെക്കാള്‍ സ്ഥാനം കുറഞ്ഞവരാണ് എന്നൊക്കെയുള്ള ഓര്‍മപ്പെടുത്തല്‍. 

''അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക. ബഹുദൈവവാദികളില്‍ നിന്ന് തിരിഞ്ഞുകളയുകയും ചെയ്യുക. പരിഹാസക്കാരില്‍ നിന്ന് നിന്നെ സംരക്ഷിക്കാന്‍ തീര്‍ച്ചയായും നാം മതിയായിരിക്കുന്നു. അതായത് അല്ലാഹുവോടൊപ്പം മറ്റുദൈവത്തെ സ്ഥാപിക്കുന്നവര്‍ (പിന്നീട്) അവര്‍ അറിഞ്ഞ്‌കൊള്ളും'' (അല്‍ഹിജ്ര്‍: 94-96).